വരവരറാവുവിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടായിട്ടില്ല ഇതുവരെ. ഒരുപാട് ശാരീരികാസ്വസ്ഥതകൾ അലട്ടുന്ന അദ്ദേഹത്തെ കോവിഡ് ബാധിച്ചതും വളരെ ആശങ്കയോടെയാണ് സാംസ്കാരികലോകം കാണുന്നത്. വരവരറാവുവിന്റെ അറസ്റ്റിലും അസുഖത്തിലും ആശങ്കപ്രകടിപ്പിക്കുകയാണ് കവി കെ.ജി.എസ്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

രവര റാവുവിനെ അറസ്റ്റ് ചെയ്തതുമുതൽ ഗവൺമെന്റ് ചെയ്ത ഒരു കാര്യത്തെയും ന്യായീകരിക്കാൻ പറ്റുന്നതല്ല. അദ്ദേഹത്തെ സ്വതന്ത്രമാക്കി വിടാനും കുടുംബത്തോടൊപ്പം സമാധാനപരമായി ജീവിക്കാനും അനുവദിക്കുകയാണ് വേണ്ടത്. രണ്ടാഴ്ച മുമ്പേ സുപ്രീംകോടതി വ്യക്തമാക്കിയതാണ് ഇന്ത്യയിലെ ഏത് പൗരനും അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യമുണ്ടെന്ന്. വരവര റാവു ആ പൗരാവകാശം വിനിയോഗിച്ചതൊഴിച്ചാൽ ഒരു രാജ്യദ്രോഹ പ്രവർത്തനവും ഭീകരപ്രവർത്തനവും ഇന്നോളം ചെയ്തിട്ടില്ല. തെലുങ്ക് കവിതയിലും ആധുനിക ഇന്ത്യൻ കവിതയിലും തന്റേതായ ഗാഢമുദ്ര പതിപ്പിച്ചിട്ടുള്ള കവിയാണ് വരവരറാവു. ആധുനികതയെ രാഷ്ട്രീയവല്ക്കരിക്കുകയും രാഷ്ട്രീയതയെ മാനുഷികവല്ക്കരിക്കുകയും ചെയ്ത കവി കൂടിയാണദ്ദേഹം. സ്വതന്ത്രമായ അഭിപ്രായ-ആവിഷ്കാര വിനിയോഗത്തിനപ്പുറം ഒരു തെറ്റും ചെയ്തിട്ടില്ല. നിയമപരമായ പരിധികൾക്കുള്ളിൽ നിന്നുകൊണ്ടാണ് അദ്ദേഹം പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്. അങ്ങനെ ഒരാളെ ജാമ്യമനുവദിക്കാതെ തടവിൽ വച്ചിരിക്കുന്നതും കോവിഡ് ബാധിച്ചിട്ടും അർഹിക്കുന്ന ചികിത്സ നല്കാതിരിക്കുന്നതും മനുഷ്യത്വരഹിതമാണ്. വളരെ വൈകിയാണ് അദ്ദേഹത്തെ മികച്ച ആശുപത്രി സംവിധാനത്തിലേക്ക് മാറ്റിയത്. ഇതല്ല ജനാധിപത്യസർക്കാർ ചെയ്യേണ്ടിയിരുന്നത്. തീർച്ചയായും അദ്ദേഹത്തെ ജാമ്യത്തിൽ വിടുകയും യുഎപിഎ അടക്കം അദ്ദേഹത്തിനുമേൽ ചുമത്തിയിട്ടുള്ള കേസുകൾ പിൻവലിക്കുകയുമാണ് വേണ്ടത്.

സർക്കാരിനെ വിമർശിക്കുന്നത് ആക്രമണമാണോ? ഏത് വിമർശനത്തെയും എതിർമൊഴിയായി കണ്ടുകൊണ്ട് അതിന് മറുപടി പറയുക എന്നതാണ് ജനാധിപത്യ രീതി. അവിടെ ഭരണാധികാരികൾ പരാജയപ്പെടുമ്പോളാണ് തങ്ങൾക്കെതിരെ സംസാരിക്കുന്നവരെ തീവ്രവാദം ചുമത്തി ജയിലിലടയ്ക്കുന്നത്. മാവോയിസ്റ്റായിരിക്കുക എന്നത് കുറ്റകരമാവുന്നത് മാവോയിസ്റ്റ് തീവ്രവാദ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് പോകുന്നവരുടെ പേരിൽ മാത്രമാണ്. ഹിംസാത്മക പ്രവർത്തനങ്ങളിൽ വളരെ രഹസ്യമായി ഏർപ്പെടുന്നവർ ഇന്ത്യയുടെ പലഭാഗത്തും കാടുകളിലൊക്കെ ഇന്നും ജീവിക്കുന്നുണ്ട്. അങ്ങനെയുള്ളവരെ യഥാർഥ ഭീകരപ്രവർത്തനത്തിന്റെ പേരിൽതന്നെയാണ് പോലീസ് വെടിവെച്ചു വീഴ്ത്തിക്കൊണ്ടിരിക്കുന്നത്.

ആ ഭീകരപ്രവർത്തനം വേറെയാണ്. അതിനെ നിയമപരമായിട്ടല്ല നേരിടുന്നത്. പക്ഷേ അതിൽപെടുന്നയാളല്ല വരവരറാവു. ഒരു പ്രത്യയശാസ്ത്രം എന്ന നിലയിൽ മോവോയിസം ഇന്ത്യയിൽ നിരോധിക്കപ്പെട്ടിട്ടില്ല; ലോകത്തെവിടെയും നിരോധിക്കപ്പെട്ടിട്ടില്ല. അത് കാലഹരണപ്പെട്ട ആശയമാണ്. അതിൽനിന്നും വളരേണ്ടതും വികസിക്കേണ്ടതുമായതൊക്കെ വന്നുകഴിഞ്ഞു. മാവോയിസത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ ഇപ്പോൾ കമ്യൂണിസം പോലുമില്ലാതായിരിക്കുന്നു. മാവോയിസം ഒരു നൊസ്റ്റാൾജിക് പദം മാത്രമാണ്. ആശയപ്രചരണത്തിനായി തടിയൻ പുസ്തകങ്ങൾ ഇടതടവില്ലാതെ ഇറങ്ങിക്കൊണ്ടേയിരിക്കുന്നുണ്ടാകും. പക്ഷേ അതിനർഥം മാവോയിസം ഇന്നും ലോകപ്രസക്തമാണ് എന്നല്ല. സാർത്രിനെപ്പോലെയുള്ള വലിയ പ്രതിഭകളെ പ്രചോദിപ്പിച്ചിരുന്നു എന്നുള്ള വലിയൊരു ചരിത്രം മാവോയിസത്തിനുണ്ട്. ലോകത്തെ കവികളും കലാകാരന്മാരുമാെക്കെ അതിൽ ആകൃഷ്ടരായിട്ടുണ്ട്.

പക്ഷേ ഒരാൾ ഇന്ത്യയിൽ മാവോയിസ്റ്റായിരിക്കുക എന്നത് എന്റെ കാഴ്ചപ്പാടിൽ അബദ്ധപരമായ ഒരു പിന്നോക്കധാരണാനിലയാണ്. അതിൽ നിന്നും മുന്നോട്ട് ലോകം വളർന്നിട്ടുണ്ട്, സാമൂഹ്യശാസ്ത്രം വളർന്നിട്ടുണ്ട് തീർച്ചയായും അത് പറയേണ്ട സന്ദർഭം ഇതല്ലെങ്കിലും വരവരറാവുവിനെ ഇതിന്റെ പേരിൽ തടവിലിടാൻ യാതൊരു തരത്തിലുള്ള നിയമസാധ്യതയും ജനാധിപത്യ ഇന്ത്യയിൽ നിലനിൽക്കുന്നില്ല. റൊമീലാ ഥാപ്പർ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവർ വരരറാവുവിന്റെ ഇന്നത്തെ അവസ്ഥയ്ക്കെതിരെ പ്രസ്താവനകളിറക്കിയിട്ടുണ്ട്. ജയിൽമോചിതനാക്കണം എന്നാണ് ഏകകണ്ഠമായ ആവശ്യം. ഇന്ത്യൻ റൈറ്റേഴ്സ് ഫോറവും പ്രസ്താവനയിറക്കിയിട്ടുണ്ട്.

ഒരാളെ തീവ്രവാദിയായി മുദ്രകുത്തുക, അയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുക, അയാൾ ഒരിക്കലും കണ്ടിട്ടില്ലാത്തതും സ്വപ്നത്തിൽപോലും വിചാരിക്കാത്തതുമായ പ്രവർത്തനങ്ങൾ അയാളുടെ തലയിൽ കെട്ടിവക്കുക...ഇങ്ങനെയൊക്കെ ആളുകളെ ഉന്മൂലനം ചെയ്യുന്ന നയമായിട്ട് ഇന്ത്യയിൽ നിയമവ്യവസ്ഥമാറാൻ പാടില്ല എന്നതാണ് സുപ്രീംകോടതിയുടെ അഭിപ്രായം.

വരവരറാവു വർഗീയ ഫാസിസത്തെ നേരിട്ടെതിർത്തിട്ടില്ല. വർഗപരമായാണ് (ക്ലാസ്) അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചത്. പ്രത്യക്ഷമായി ആർ എസ് എസ്സിനെയോ ജമാ അത്തെ ഇസ്ലാമിനെയോ വരവരറാവു എതിർത്തിട്ടില്ല. ആർ എസ് എസ്സിന് നൊന്തിരുന്നെങ്കിൽ ഗൗരിലങ്കേഷിനും കൽബുർഗിക്കും ഥബോൽക്കറിനും സംഭവിച്ചതുതന്നെ വരവരറാവുവിനും സംഭവിക്കുമായിരുന്നു. അദ്ദേഹം വർഗീയ ഫാസിസത്തെ നൂറ് ശതമാനം എതിർക്കുന്നയാളാണെങ്കിലും കൂടുതൽ പൊളിറ്റിക്കലായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇവിടെ തീവ്രവാദം എന്നുവിളിക്കപ്പെടുന്ന ചില മാവോയിസ്റ്റ് ഗ്രൂപ്പുകളോട് അദ്ദേഹത്തിന് അനുഭാവമുണ്ട്. നേരത്തേ അദ്ദേഹം മാവോയിസ്റ്റ് സാംസ്കാരിക പ്രവർത്തകനായിരുന്നു. ജോലിയിൽ നിന്നും സസ്പെൻഷനായി, ജയിൽവാസമനുഭവിച്ചയാളാണ്. വരവരറാവുവിന് വലിയൊരു ചരിത്രവുമുണ്ട്.

ഒരുപാട് ആരോഗ്യപ്രശ്നങ്ങളുള്ളയാളാണ് വരവരറാവു. കോവിഡ് ബാധിതനാണ് എന്നത് അദ്ദേഹത്തിന്റെ ജീവനുതന്നെ അപകടകരമായ ഒരു വാർത്തയായാണ് ഞാൻ കാണുന്നത്. എത്രയും പെട്ടെന്നുള്ള മോചനവും ഏറ്റവും നല്ല ചികിത്സയും അദ്ദേഹം അർഹിക്കുന്നു. ബുദ്ധിപരമായ കാര്യങ്ങളെ ബുദ്ധിപരമായാണ് നേരിടേണ്ടത്. ആശയത്തെ ആയുധം കൊണ്ടല്ല നേരിടേണ്ടത്.

Indian Poet KGS Speaks,  the present condition of poet activist Varavaravu