ഭാഷാശാസ്ത്രത്തില്‍ ഡോ. ഗണേഷ് നാരായണ്‍ദാസ് ഡേവി എന്ന ജി.എന്‍. ഡേവിക്കു തുല്യരായി ഇന്ന് ലോകത്തുതന്നെ അധികം പേരില്ല. ഭാഷകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങള്‍ ആ മേഖലയിലേക്ക് ആശങ്കയോടെ നമ്മുടെ കണ്ണുകള്‍ തുറപ്പിക്കുന്നതാണ്. ഒരു ഭാഷ എങ്ങനെ ഉരുവംകൊള്ളുന്നു എന്നും എങ്ങനെയത് മറഞ്ഞുപോവുന്നു എന്നും ഡേവി പറയുന്നത് ആധികാരികമായി അന്വേഷിച്ചറിഞ്ഞാണ്. ഓഗസ്റ്റ് ഒന്നിന് 71 വയസ്സു തികയുന്ന ഡേവിയുമായുള്ള ഈ അഭിമുഖം അദ്ദേഹം ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു മഹത്തായ എഴുത്തുപദ്ധതിയെക്കുറിച്ചുകൂടി പ്രതിപാദിക്കുന്നു...

ന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന ഭാഷാശാസ്ത്രജ്ഞനാണ് ഡോ. ഗണേഷ് നാരായണ്‍ദാസ് ഡേവി. ബറോഡയിലെ എം.എസ്. യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്ന ഡേവി മനുഷ്യാവകാശ പ്രവര്‍ത്തനരംഗത്തും സജീവമാണ്. ഗുജറാത്തിലെ ആദിവാസി ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതില്‍ പ്രശസ്ത എഴുത്തുകാരി മഹാശ്വേതാ ദേവിയോടൊപ്പം പൊതുരംഗത്തുണ്ടായിരുന്ന അദ്ദേഹം ബറോഡയില്‍ പ്രവര്‍ത്തിക്കുന്ന ആദിവാസി അക്കാദമിയുടെ സ്ഥാപകനാണ്. ഗോത്രസംസ്‌കൃതികളുടെ സംരക്ഷണോപാധി എന്ന നിലയില്‍ ഒരു മ്യൂസിയവും ഗുജറാത്തില്‍ അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. സൂക്ഷിപ്പുകാരും പരിപാലകരുമൊക്കെ ആദിവാസികളായ ഈ 'തുറന്ന മ്യൂസിയം' (open museum) ഗുജറാത്തിലെ ഗോത്രസംസ്‌കൃതികളുടെ ഏറ്റവും ശാസ്ത്രീയമായ പ്രതിപാദനമായാണ് കരുതപ്പെടുന്നത്. ബ്രിട്ടീഷ് ഭരണകൂടം കുറ്റവാളികള്‍ എന്നു മുദ്രകുത്തിയ ഗോത്രവിഭാഗക്കാര്‍ക്കിടയില്‍ (criminal tribes) നടത്തിയ സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി 2014-ല്‍ രാഷ്ട്രം അദ്ദേഹത്തിന് പദ്മശ്രീ നല്‍കി ആദരിക്കുകയുണ്ടായി.

ഇന്ത്യന്‍ സാഹിത്യ വിമര്‍ശനരീതിയെ അപഗ്രഥിച്ച് അദ്ദേഹം രചിച്ച ആഫ്റ്റര്‍ എംനീഷ്യ (After Amnesia) എന്ന പുസ്തകത്തിന് 2008-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ആവിഷ്‌കാരസ്വാതന്ത്ര്യ വിഷയത്തില്‍ ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളില്‍ വിയോജിപ്പ് രേഖപ്പെടുത്തി പിന്നീട് ഈ അവാര്‍ഡ് ഡേവി തിരിച്ചുനല്‍കുകയുണ്ടായി. സുഹൃത്തുക്കളും മനുഷ്യാവകാശപ്രവര്‍ത്തനരംഗത്തെ സഹപ്രവര്‍ത്തകരുമായിരുന്ന ഡോ. എം.എം. കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങളെത്തുടര്‍ന്ന് അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിനെതിരേ ദേശീയതലത്തില്‍ ജനാഭിപ്രായം രൂപപ്പെടുത്താനായുള്ള ശ്രമങ്ങളില്‍ സജീവമാണ്. ജന്മനാടായ ഗുജറാത്തില്‍നിന്നു കര്‍ണാടകയിലെ ധാര്‍വാഡിലേക്ക് താമസം മാറ്റിയിരിക്കുകയാണ് ഈ പണ്ഡിതന്‍.

അങ്ങയുടെ ആദ്യകാല പഠനങ്ങളും രചനകളും പ്രധാനമായും സാഹിത്യസംബന്ധിയായ വിഷയങ്ങളെക്കുറിച്ചായിരുന്നു. എന്നാല്‍, പിന്നീട് വിഭിന്നമായ ഒരു മേഖലയിലേക്ക്-ഭാഷാ ശാസ്ത്രത്തിലേക്ക്-ശ്രദ്ധതിരിക്കാന്‍ താങ്കളെ പ്രേരിപ്പിച്ച ഘടകങ്ങളെന്തായിരുന്നു

നമ്മുടെ ചിന്തകളെയും നമുക്കു ചുറ്റും നടക്കുന്ന വസ്തുതകളെയും ഒക്കെ ഗ്രഹിച്ചു ശബ്ദരൂപേണ പുനഃസൃഷ്ടിക്കാനുള്ള നമ്മുടെ സിദ്ധി -ഭാഷ- എന്നെ എന്നും അദ്ഭുതപ്പെടുത്തിയിരുന്നു. നമ്മുടെയൊക്കെ തലച്ചോറില്‍ നടക്കുന്ന അതിസങ്കീര്‍ണമായ പ്രക്രിയയിലൂടെയാണ് ശബ്ദം ഭാഷയായി മാറുന്നത്. നമ്മുടെ തലച്ചോറില്‍ റെക്കോഡ് ചെയ്യപ്പെടുന്ന ശബ്ദത്തിനെ, അതായത് ഭാഷയെ, വര്‍ഷങ്ങള്‍ക്കുശേഷവും നമുക്ക് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നതിനെ അദ്ഭുതസിദ്ധി എന്നല്ലാതെ മറ്റെന്താണ് നാം പറയുക! മനുഷ്യ മസ്തിഷ്‌കത്തിലെ 85 ബില്യണ്‍ (8,500 കോടി) ന്യൂറോണുകളാണ് ഇതിനുവേണ്ടി പ്രവൃത്തിക്കുന്നത് എന്നാണ് ശാസ്തജ്ഞര്‍ അനുമാനിക്കുന്നത്!

തീര്‍ത്തും യാദൃച്ഛികമായാണ് ഭാഷ എനിക്കേറ്റവും പ്രിയപ്പെട്ട വിഷയമായിത്തീരുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കേ എനിക്ക് ഒട്ടും വഴങ്ങാത്ത വിഷയമായിരുന്നു ഭാഷ. ഗുജറാത്തില്‍നിന്നു മഹാരാഷ്ട്രയിലേക്ക് കുടിയേറിയവരായിരുന്നു എന്റെ കുടുംബം. മാതൃഭാഷയായ ഗുജറാത്തിയും അധ്യയന ഭാഷയായിരുന്ന മറാത്തിയും ഇംഗ്ലീഷും ഒന്നുംതന്നെ എനിക്ക് വഴങ്ങുന്നതായിരുന്നില്ല. ആ ഒറ്റക്കാരണത്താല്‍ ബിരുദപഠനം വഴിക്കുവെച്ചുപേക്ഷിച്ച് ഗോവയില്‍ ഖനിത്തൊഴിലാളിയായി വളരെ ചറുപ്പത്തില്‍ത്തന്നെ ജീവിതമാരംഭിക്കേണ്ടിവന്നു എനിക്ക്. ഗോവയിലെ ഡെംപോ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഖനിയില്‍ ജോലിചെയ്യവേയാണ് അവിടത്തെ ഒരു ഗ്രാമീണ വായനശാലയില്‍വെച്ച് അമേരിക്കന്‍ എഴുത്തുകാരി പേള്‍ എസ് ബെക്ക്ന്റെ 'ഗുഡ് എര്‍ത്ത്' (good earth) എന്ന വിഖ്യാത നോവല്‍ എന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഒഴിവുസമയത്തു മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് ആ നോവല്‍ വായിക്കാനൊരു ശ്രമം നടത്തുകയുണ്ടായി ഞാന്‍. പരിമിതമായ ഇംഗ്ലീഷ് പരിജ്ഞാനം വെച്ചുകൊണ്ടായിരുന്നു അങ്ങനെയൊരു ശ്രമത്തിനു ഞാന്‍ മുതിര്‍ന്നത്. അദ്ഭുതമെന്നുപറയട്ടെ, ഒട്ടും പ്രയാസമില്ലാതെത്തന്നെ ആ പുസ്തകം പൂര്‍ണമായി ആസ്വദിക്കാനും ഉള്‍ക്കൊള്ളാനും എനിക്ക് സാധിച്ചു. പുസ്തകങ്ങളുടെയും വായനയുടെയും ലോകത്തിലേക്കു കടക്കാന്‍ അതെനിക്ക് പ്രേരകമായി. ഖനിയിലെ തൊഴിലുപേക്ഷിച്ച് ഇംഗ്ലീഷ് സാഹിത്യത്തില്‍ പഠനം തുടര്‍ന്ന ഞാന്‍ ഒരിക്കല്‍ എനിക്ക് വഴങ്ങാതിരുന്ന ഭാഷകളിലെല്ലാംതന്നെ പ്രാവീണ്യംനേടാന്‍ ശ്രമം നടത്തുകയും ചെയ്തു. ഗുജറാത്തിയിലും മറാത്തിയിലും ഇംഗ്ലീഷിലും ഒക്കെ എഴുതാനും തുടങ്ങി ഞാന്‍. അങ്ങനെ ഭാഷകളോടും സാഹിത്യത്തോടും തുടങ്ങിയ ആഭിമുഖ്യം ഭാഷാശാസ്ത്ര (linguistics)ത്തോടുള്ള താത്പര്യമായി മാറുകയായിരുന്നു. അന്യംനിന്നുപോകാനിടയുള്ള ഭാഷകളെക്കുറിച്ചു മനസ്സിലാക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് ഭാഷകളെക്കുറിച്ചു കൂടുതല്‍ അറിയാന്‍ പ്രേരണയായത്.

അങ്ങ് നേതൃത്വം നല്‍കിയ ജനകീയ ഭാഷാശാസ്ത്ര സര്‍വേയുടെ നിരീക്ഷണങ്ങള്‍ വിശദീകരിക്കാമോ

1961ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ 1,652 ഭാഷകളായിരുന്നു 'മാതൃഭാഷ' എന്ന ഗണത്തില്‍പ്പെടുത്തിയിരുന്നത്. ഭാഷാഭേദങ്ങള്‍ (dialects) ഉള്‍പ്പെടാതെയുള്ള കണക്കായിരുന്നു ഇത്. സ്വന്തമായ വ്യാകരണവും ഘടനയുമൊക്കെയുള്ള ഭാഷകളായിരുന്നു അവയെല്ലാംതന്നെ. എന്നാല്‍, 2011-ലെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ മാതൃഭാഷയുടെ എണ്ണം 234 ആണ്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഇന്ത്യയില്‍ 1,418 മാതൃഭാഷകള്‍ അന്യംനിന്നുപോയി എന്നു നാം ധരിക്കരുത്. 1961 സെന്‍സസില്‍നിന്നു വിഭിന്നമായി ഇപ്പോഴത്തെ സെന്‍സസ് നിര്‍വചനപ്രകാരം പതിനായിരത്തില്‍ താഴെ മാത്രം ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയ്ക്ക് മാതൃഭാഷാ പദവി നല്‍കുന്നില്ല. 2010-'13 കാലയളവില്‍ ഞങ്ങള്‍ നടത്തിയ ജനകീയ ഭാഷാസര്‍വേ വെളിപ്പെടുത്തുന്നത്, 780 ഭാഷകള്‍ ഇന്ന് നമ്മുടെ രാജ്യത്തു മാതൃഭാഷകളായി നിലനില്‍ക്കുന്നുണ്ട് എന്നാണ്. സെന്‍സസ് റിപ്പോര്‍ട്ടുകളിനിന്നു വ്യത്യസ്തമായി ഉപയോഗിക്കുന്ന ആള്‍ക്കാരുടെ എണ്ണം പരിഗണിക്കാതെയുള്ള കണക്കാണിത്. 1961 സെന്‍സസിലെ മാനദണ്ഡമായിരുന്നു ഞങ്ങള്‍ കണക്കിലെടുത്തത്. അത് വ്യക്തമാക്കുന്നത് കഴിഞ്ഞ അമ്പതുവര്‍ഷത്തിനിടെ ഏകദേശം 800-ലധികം മാതൃഭാഷകള്‍ അന്യംനിന്നുപോയി എന്നാണ്. കൃത്യമായ കണക്കുകളില്ല. എങ്കിലും ഞങ്ങള്‍ അനുമാനിക്കുന്നത് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഏകദേശം മുന്നൂറു മാതൃഭാഷകളെങ്കിലും ഇന്ത്യയില്‍ നാമാവശേഷമായെന്നാണ്. പാര്‍ശ്വവത്കൃത ജനവിഭാഗങ്ങളുടെ, പ്രത്യേകിച്ച് നാടോടികളുടെയും ഗോത്ര വിഭാഗക്കാരുടെയുമൊക്കെ സവിശേഷമായ ഭാഷകളെ ഡോക്യുമെന്റ് ചെയ്യാനായിരുന്നു സര്‍വേ ലക്ഷ്യംവെച്ചത്. കൗതുകകരമായ പല വസ്തുതകളും ജനകീയഭാഷാ സര്‍വേ നിരീക്ഷിക്കുകയുണ്ടായി. അതില്‍ ഞങ്ങളെ ഏറ്റവും വിസ്മയിപ്പിച്ചത് മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമായി കിടക്കുന്ന പതിനഞ്ചോളം ഗ്രാമങ്ങളില്‍ പതിനയ്യായിരത്തിലധികംപേര്‍ ഇന്നും മാതൃഭാഷയായി പരിഗണിക്കുന്ന നിഹാലി എന്ന ഭാഷയാണ്. ഘടനാപരമായി ലോകത്തിലെ മറ്റേതെങ്കിലും ഭാഷകളുമായി നിഹാലി ഭാഷയ്ക്ക് ഒരുവിധ ബന്ധവുമില്ല എന്നത് ഭാഷാശാസ്ത്രജ്ഞരെ അദ്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. ഒരുപക്ഷേ, മറ്റു സംസ്‌കൃതികളില്‍നിന്ന് പൂര്‍ണമായും ഒറ്റപ്പെട്ടു കഴിഞ്ഞവരായിരിക്കണം ഇവര്‍. സര്‍വേയുടെ ശ്രദ്ധയില്‍പ്പെട്ട ഭാഷാസംബന്ധിയായ മറ്റൊരു കൗതുകമാണ് മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ആയിരത്തോളം പേര്‍ ഉണ്ടെന്നുള്ളത്. അക്ഷരാഭ്യാസമില്ലാത്തവരാണ് അവരില്‍ പലരും. 'നോലിങ്' (Noling) എന്ന ഈ പോര്‍ച്ചുഗീസ് ഭാഷാഭേദത്തിന് ലിപിയായുപയോഗിക്കുന്നതു ദേവനാഗരിയാണ് എന്നത് ശ്രദ്ധേയമാണ്. ജനസംഖ്യ വളരെകുറഞ്ഞ അരുണാചല്‍പ്രദേശിലാണ് ഭാഷാവൈവിധ്യം ഏറ്റവും കൂടുതലായുള്ളത് എന്നതും സര്‍വേ കണ്ടെത്തുകയുണ്ടായി.

ഭാഷകള്‍ നാമാവശേഷമാകുന്നത്, പ്രത്യേകിച്ച് കുറച്ചുപേര്‍ മാത്രം സംസാരിക്കുന്ന ഭാഷകള്‍ മണ്മറയുന്നത്, ഒരു സ്വാഭാവിക പ്രക്രിയയായി വിലയിരുത്താമോ

തീര്‍ച്ചയായും ഭാഷകള്‍ക്ക് മരണം സംഭവിക്കാം. അതിനെ സ്വാഭാവികം എന്ന് പറയുന്നതിനെക്കാള്‍ ശരി സാമൂഹികശാസ്ത്രപരമായ കാരണങ്ങളാല്‍ എന്നു പറയുന്നതായിരിക്കും. ജീവജാലങ്ങള്‍ക്ക് വംശനാശം സംഭവിക്കുന്നുവെന്നപോലെയല്ല ഭാഷകള്‍ക്ക് മരണം സംഭവിക്കുന്നത്. ജീവജാലങ്ങളുടെ വംശനാശം പ്രകൃത്യനുസരണമായ കാരണങ്ങളാല്‍ സംഭവിക്കുന്നതാണ്. ഭാഷയുടെ കാര്യം അങ്ങനെയല്ല. അത് സാംസ്‌കാരികവും സാമൂഹികവും ആയ ഘടകങ്ങളുടെ സമ്മര്‍ദങ്ങളാല്‍ സംഭവിക്കുന്നതാണ്. അതുകൊണ്ടുതന്നെ വേരറ്റുപോവുന്ന അവസ്ഥയില്‍പ്പോലും സംസ്‌കാരവുമായി ബന്ധപ്പെട്ട ചില മണ്ഡലങ്ങളില്‍ (domains) അതിനു പിടിച്ചുനില്‍ക്കാനാകും. ഉദാഹരണത്തിന് അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട, അല്ലെങ്കില്‍ ഈശ്വരനുമായി സംവദിക്കാനുപയോഗിക്കുന്ന ഭാഷ. വിശ്വാസത്തിന്റെയോ, ആചാരങ്ങളുടെയോ മണ്ഡലത്തില്‍ അവ നിലനിന്നേക്കും. പക്ഷേ, അത്തരം മണ്ഡലങ്ങളില്‍ മാത്രമേ അവയ്ക്ക് പ്രസക്തിയുണ്ടാകൂ. ദൈനംദിന ജീവിതത്തില്‍ ആശയവിനിമയത്തിന് തികച്ചും വ്യത്യസ്തമായ, പുതുതായി ആര്‍ജിച്ച ഭാഷയാണ് ഉപയോഗിച്ചുവരുക. ചില ഗോത്രജനവിഭാഗങ്ങളില്‍ ഈ പ്രക്രിയ വളരെ സ്പഷ്ടമായി കാണാനൊക്കും. ഇന്ന് പല ഗോത്രസമൂഹങ്ങളിലും തനതു ഭാഷകളെ ശക്തിപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അവര്‍ക്കിടയിലെ വിദ്യാസമ്പന്നരാണ് ഇതിനായി മുന്നിട്ടിറങ്ങുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭാഷകള്‍ വേരറ്റുപോവുന്നതു തീരദേശ ജനസമൂഹങ്ങള്‍ക്കിടയിലാണ്. ഇതര സംസ്‌കൃതികളുടെയും വ്യവസായവത്കരണത്തിന്റെയും ഒക്കെ കടന്നുകയറ്റം അവരെ അവരുടെ വാസസ്ഥാലങ്ങളില്‍നിന്നു മാറിത്താമസിക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ്. പിഴുതെറിയപ്പെട്ട സമൂഹങ്ങളിലായിരിക്കും ഭാഷയുടെ മരണം ഏറ്റവും വേഗം സംഭവിക്കുക.

സ്വന്തമായ ലിപി വികസിച്ചില്ല എന്നതാണോ ഭാഷകള്‍ വേരറ്റുപോകാന്‍ കാരണമായിത്തീരുന്നത്

അങ്ങനെ അനുമാനിക്കുന്നത് പൂര്‍ണമായും ശരിയാണെന്നു തോന്നിയില്ല. സ്വന്തമായ ലിപി വികസിപ്പിച്ചിട്ടില്ലാത്തവയാണ് ഇന്ന് ലോകത്തു നിലനില്‍ക്കുന്ന പ്രബലമായ ഭാഷകളില്‍ പലതും. ഇംഗ്ലീഷും സ്പാനിഷും ഫ്രഞ്ചും ഒക്കെ സ്വന്തമായി ലിപി വികസിപ്പിച്ചിട്ടില്ലാത്ത ഭാഷകളാണ്. ലാറ്റിന്‍ ലിപിയാണ് ഈ ഭാഷകള്‍ എഴുത്തുകുത്തുകള്‍ക്കായി കടമെടുത്തത്. ഇപ്പോഴും ലാറ്റിന്‍ ലിപിയാണ് ഈ ഭാഷകള്‍ ഉപയോഗിക്കുന്നത്. സ്വന്തമായ ലിപിയില്ലാത്ത ഭാഷയാണ് ഹിന്ദിയും. ദേവനാഗരിയാണ് ഹിന്ദി ഇന്നുപയോഗിക്കുന്ന ലിപി. ദേവനാഗരിയില്‍നിന്നു തീര്‍ത്തും വിഭിന്നമായ 'മോഡി' എന്ന ലിപിയായിരുന്നു മറാഠികള്‍ ഉപയോഗിച്ചിരുന്നത്. അതറിയുന്ന ചുരുക്കംപേരെങ്കിലും ഇന്നും മഹാരാഷ്ട്രയിലുണ്ട്. രാജസ്ഥാനില്‍ ഹിന്ദിയില്‍നിന്നു വിഭിന്നമായ ഒരു ഭാഷയുണ്ട്, മേവാറി ഭാഷ. മുമ്പ് അതിനു സ്വന്തമായ ലിപി ഉണ്ടായിരുന്നു. ഇന്ന് ദേവനാഗരിയാണ് ഉപയോഗിക്കുന്നത്. ഭാഷയും ലിപിയും തമ്മിലുള്ള ബന്ധം സാംസ്‌കാരികം മാത്രമാണ് എന്നു പറയേണ്ടിവരും. ഭാഷകള്‍ക്ക് ഏതു ലിപിയും സ്വീകരിക്കാവുന്നതേയുള്ളൂ. നല്ലൊരു ഉദാഹരണമാണ് തുളു ഭാഷയുടേത്. ഒരുകാലത്തു സ്വന്തമായ ലിപിയുള്ള ഭാഷയായിരുന്നു അത്. കന്നഡ ഭാഷപോലും തുളു ലിപിയായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഇന്ന് കന്നഡ ലിപിയാണ് തുളുഭാഷ ഉപയോഗിക്കുന്നത്. ഇന്ന് തുളു ലിപി പ്രയോഗത്തിലേയില്ല. ഭാഷയും ലിപിയും തമ്മില്‍ കലഹിച്ച ചരിത്രവും നമുക്കുണ്ട്. സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ഇന്ത്യയിലെ സിന്ധ് വംശജര്‍ അവരുടെ ഭാഷയ്ക്ക് പേര്‍ഷ്യന്‍ ലിപിയായിരുന്നു ഉപയോഗിച്ചിരുന്നത്. സ്വാതന്ത്ര്യാനന്തരം ദേവനാഗരിയിലേക്കു മാറുകയായിരുന്നു അവരുടെ ലിപി. വ്യവഹാരങ്ങള്‍ ശക്തമായ സമൂഹങ്ങളിലെ ഭാഷകള്‍ക്കായിരുന്നു മുമ്പ് ലിപി ആവശ്യമായി വന്നിരുന്നത്. ക്രയവിക്രയവുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കാന്‍ എഴുത്തു നിര്‍ബന്ധമായിരുന്നതുകൊണ്ടാണ് പുരാതനജനത ലിപികളെ ആശ്രയിച്ചത്. ലിപികളെക്കുറിച്ചു പറയുമ്പോള്‍ ഇതുകൂടി പറയേണ്ടതായിട്ടുണ്ട്. എഴുത്ത് എന്ന ഏര്‍പ്പാടിന് അന്‍പതുകൊല്ലത്തിനപ്പുറത്തേക്കു ആയുസ്സുണ്ടാവുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. ശബ്ദത്തെ ടെക്സ്റ്റ് ആക്കി മാറ്റാനുള്ള സാങ്കേതികവിദ്യ ഇപ്പോള്‍ത്തന്നെ പ്രചാരത്തിലുണ്ട്. അന്‍പതുകൊല്ലത്തിനുശേഷം ഇത് സര്‍വ സാധാരണമാവും എന്നുതന്നെയാണ് എനിക്കു തോന്നുന്നത്. ഹസ്താക്ഷരങ്ങളുടെ കാലം അതിന്റെ അവസാനഘട്ടത്തിലാണ് .

ഏഷ്യയിലെയും ആഫ്രിക്കയിലെയുമൊക്കെ ചില സമൂഹങ്ങള്‍ക്കിടയില്‍ സ്ത്രീകള്‍ മാത്രം സംസാരിക്കുന്ന ഭാഷകള്‍ ഉണ്ടെന്ന് ഭാഷാശാസ്ത്രജ്ഞര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ അത്തരത്തില്‍ സ്ത്രീകള്‍ മാത്രം സംസാരിക്കുന്ന ഭാഷകള്‍ നിലനില്‍ക്കുന്നതായി അങ്ങയുടെ പഠനങ്ങളില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോ

ഇന്ത്യയിലും സ്ത്രീകള്‍ മാത്രം സംസാരിക്കുന്ന ഭാഷകള്‍ നിലനില്‍ക്കുന്നുണ്ട്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലും മഹാരാഷ്ട്രയിലെ ഷോലാപ്പുരിലും ഒക്കെ ഇപ്പോഴും പ്രചാരത്തിലുള്ള ദക്കിനി ഭാഷ (Dakhini) ഏതാണ്ട് അത്തരത്തിലുള്ളതാണ്. പരസ്പരം മനസ്സിലാകുമെങ്കിലും സ്ത്രീയുടെയും പുരുഷന്മാരുടെയും ഭാഷാപ്രയോഗങ്ങളിലെ പദസമ്പത്തു വ്യത്യസ്തമാണ്. തമിഴ്നാട്ടില്‍ മറാഠി സംസാരിക്കുന്ന ഒരു ചെറു സമുദായമുണ്ട്. അവര്‍ക്കിടയില്‍ സ്ത്രീകള്‍ പരസ്പരം സംസാരിക്കുന്നത് മറാഠിയിലും പുരുഷന്മാര്‍ തമിഴിലുമാണ്. ഇതൊരു സൗകര്യത്തിന്റെ പ്രശ്‌നംകൂടിയാണ്. പുറംലോകവുമായി കൂടുതല്‍ ബന്ധപ്പെടുന്നത് പുരുഷന്മാരാണ് എന്നതുകൊണ്ടുതന്നെ തമിഴ് ഉപയോഗിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുകയാണ്. ഭാഷാപ്രയോഗങ്ങളിലെ ഇത്തരം സങ്കീര്‍ണതയെക്കുറിച്ച് പ്രൊഫ. യു.ആര്‍. അനന്തമൂര്‍ത്തി എഴുതിയിട്ടുണ്ട്. സ്ത്രീകള്‍ മുഖ്യമായി ഉപയോഗിക്കുന്ന ഭാഷാശൈലിയെ 'backyard language' (അടുക്കളവശത്തെ ഭാഷ) എന്നാണ് അദ്ദേഹം വിളിക്കാറുണ്ടായിരുന്നത്.

ഭാഷകളെക്കുറിച്ചുള്ള ഒരു ആഗോള പഠനപദ്ധതിക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുകയാണ് അങ്ങിപ്പോള്‍. വിശദീകരിക്കാമോ

ലോകത്തിന്ന് ഉപയോഗത്തിലുള്ള ആറായിരം ഭാഷകളില്‍ നാലായിരമെങ്കിലും നാമാവശേഷമായിക്കാനിടയുള്ളതാണ്. അതുകൊണ്ടാണ് ആഗോളതലത്തില്‍ ഒരു ബൃഹത്തായ പഠനത്തെക്കുറിച്ചു ശ്രമമാരംഭിച്ചത്. നാമാവശേഷമാകാനിടയുള്ള ഭാഷകളില്‍ 10 ശതമാനമെങ്കിലും ഇന്ത്യന്‍ ഭാഷകളാണ്. എന്നുവെച്ചാല്‍, ഇന്ന് ഇന്ത്യയില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന 750 ഭാഷകളില്‍ 400 എണ്ണമെങ്കിലും വൈകാതെ മണ്മറഞ്ഞുപോകാനിടയുള്ളതാണ്. ഇന്ന് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഭാഷകളുടെ ആയുസ്സിനെക്കുറിച്ചാണ്. ഒരര്‍ഥത്തില്‍ ഭാഷകളുടെ ജാതകം കുറിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍... മനുഷ്യനിര്‍മിതമായ ഒന്നാണ് ഭാഷയെന്നത്. ഒരു സമൂഹത്തിന്റെ നൂറ്റാണ്ടുകളുടെ ശ്രമഫലമായാണ് ഭാഷകള്‍ സൃഷ്ടിക്കപ്പെടുന്നത്. ഒരു ഭാഷ ഇല്ലാതാവുന്നുവെന്നുവെച്ചാല്‍ ഒരു സംസ്‌കൃതി തന്നെ ഇല്ലാതാകുന്നു എന്നാണ് നാം മനസ്സിലാക്കേണ്ടത്. ഭാഷകളെ മരിക്കാനനുവദിക്കുന്നതു പൂര്‍വികരോടും വരുംതലമുറയോടും നാം കാണിക്കുന്ന കൊടുംപാതകമാണ്.

അങ്ങയുടെ 'India Before History' (ചരിത്രത്തിന് മുമ്പുള്ള ഇന്ത്യ) വൈവിധ്യമാര്‍ന്ന ശാസ്ത്രശാഖകള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള പഠനമാണെന്ന് മനസ്സിലാക്കുന്നു. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് ഗവേഷകര്‍ ആരൊക്കെയാണ്

= രണ്ടു സഹസ്രാബ്ദം മുമ്പുള്ള ഇന്ത്യയുടെ ചരിത്രാതീതകാലത്തെ മനസ്സിലാക്കുക എന്നത് സങ്കീര്‍ണമായ ഒരു ശ്രമമാണ്. ആര്‍ക്കിയോളജി, ജനിതകശാസ്ത്രം, കാര്‍ഷിക ചരിത്രം, സാമൂഹികശാസ്ത്രം, ഭാഷാശാസ്ത്രം, സമുദ്ര ചരിത്രം, മനുഷ്യ മസ്തിഷ്‌കത്തിന്റെ പരിണാമത്തെ സ്പര്‍ശിക്കുന്ന ന്യൂറോളജി, പുരാതന കുടിയേറ്റം, ആഗോള കാലാവസ്ഥാ പഠനം എന്നിവയുടെ സാധ്യതകളെല്ലാം ഇത്തരമൊരു അന്വേഷണത്തില്‍ ഉള്‍പ്പെടേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ വ്യത്യസ്തങ്ങളായ ശാസ്ത്രശാഖകളിലെ വിദഗ്ധരുടെ നിരീക്ഷണങ്ങള്‍ ഈ പഠനത്തില്‍ സമന്വയിപ്പിക്കേണ്ടതുണ്ട്. പൂര്‍ണമായും ശാസ്ത്രത്തിന്റെ പരിധിക്കുള്ളില്‍ത്തന്നെ നിലനിര്‍ത്തി മിഥ്യാധാരണകള്‍ ഒഴിവാക്കുക എന്നതിലാണ് എന്റെ ശ്രമം. ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ മാത്രമേ നമ്മള്‍ ആരാണ്, എവിടെനിന്ന് വന്നു, മനുഷ്യവംശമായി എങ്ങനെ പരിണമിച്ചു, വേട്ടയാടലിലും ഭക്ഷ്യശേഖരണത്തിലും മാത്രം ഒതുങ്ങിനിന്നിരുന്ന മനുഷ്യവംശം കാര്‍ഷികമേഖലകളിലേക്ക് എങ്ങനെ നീങ്ങി, എങ്ങനെ നഗരങ്ങള്‍ കെട്ടിപ്പടുത്തു, പാരമ്പര്യവും ആനുകാലികതയും സമുന്വയിപ്പിക്കുന്ന, തത്ത്വചിന്തകരും കലാകാരന്മാരും കവികളും ഒക്കെ ഉള്‍പ്പെടുന്ന ഒരു സമൂഹം എങ്ങനെ സൃഷ്ടിക്കപ്പെട്ടു തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് വിശ്വസനീയമായ ഉത്തരം നല്‍കാനാവൂ.

ഇന്ത്യയെ ഇത്തരത്തില്‍ സമഗ്രമായി മനസ്സിലാക്കാനുള്ള അന്വേഷണം മുമ്പ് നടന്നിട്ടുണ്ടോ

ഇന്ത്യയുടെ പ്രീ-ഹിസ്റ്ററി, പ്രോട്ടോഹിസ്റ്ററി എന്നിവയൊക്കെ സംബന്ധിച്ച അന്വേഷണങ്ങള്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെതന്നെ ആരംഭിച്ചിരുന്നു. പുരാവസ്തുശാസ്ത്രത്തിലെയും നരവംശശാസ്ത്രത്തിലെയും പുതിയ കണ്ടെത്തലുകള്‍ ഈ പഠനമേഖല പലഘട്ടങ്ങളായി വികാസം പ്രാപിക്കാന്‍ സഹായകമായിത്തീരുകയും ചെയ്തു. ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നുമുള്ള ഗവേഷകര്‍ ഈ രംഗത്ത് താത്പര്യം പ്രകടിപ്പിക്കുകയും നമ്മുടെ ചരിത്രവുമായി ബന്ധപ്പെട്ട വിവിധ പഠനശാഖകളില്‍ ഗണ്യമായ സംഭാവന നല്‍കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിലും ബ്രിട്ടനിലും ഒക്കെ ഈ വിഷയവുമായി ബന്ധപ്പെട്ട പഠനങ്ങളുടെ സമാഹാരങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, പ്രധാനമായും കഴിഞ്ഞ ദശകത്തില്‍ ജനിതകശാസ്ത്രത്തിലെ വികസനമാണ് ഈ പഠനശാഖയ്ക്ക് വളരെയധികം ഉത്തേജനം നല്‍കിയിട്ടുള്ളത്. ഇന്ത്യന്‍ ഗവേഷകനായ ടോണി ജോസഫും അമേരിക്കക്കാരനായ ഡേവിഡ് റീച്ചും എഴുതിയ സമീപകാലത്തെ പുസ്തകങ്ങള്‍ വിവിധ ആഖ്യാനങ്ങളെ സമന്വയിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതേസമയം, അപൂര്‍വം ചില പ്രസിദ്ധീകരണങ്ങള്‍ ഒഴികെ, ലഭ്യമായ പഠനങ്ങള്‍ ഒട്ടുമിക്കവാറും എല്ലാംതന്നെ ശാസ്ത്രജ്ഞര്‍ മറ്റുശാസ്ത്രജ്ഞര്‍ക്കായി തയ്യാറാക്കുന്നവയാണ്. സങ്കീര്‍ണമായ ഇത്തരം വിഷയങ്ങളെക്കുറിച്ച് അവഗാഹമില്ലാത്തവരെ സംബന്ധിച്ചിടത്തോളം, എളുപ്പത്തില്‍ ഗ്രാഹ്യമല്ല ഇന്നത്തെ ഇന്ത്യക്ക് പ്രസക്തമാവുന്ന ഈ വിഷയം. യുക്തിയോ വീക്ഷണത്തിലെ ദൃഡതയോ മയപ്പെടുത്താതെതന്നെ ശാസ്ത്രസാഹിത്യവും വിദ്യാസമ്പന്നരായ വായനക്കാരും തമ്മില്‍ ഒരു പാലം പണിയുക എന്നതാണ് ഈ ഉദ്യമത്തിലൂടെ ഞാന്‍ ശ്രമിക്കുന്നത്.

നമ്മുടെ ചരിത്രവുമായി ബന്ധപ്പെട്ട് 'ചരിത്രത്തില്‍ ഒരു സമയത്തും ആര്യന്മാര്‍ എന്നു വിളിക്കപ്പെടുന്ന ഒരു വിഭാഗം ഉണ്ടായിരുന്നില്ല' എന്ന് അങ്ങ് പറയാറുണ്ട്. എന്തുകൊണ്ട്, എപ്പോഴാണ് 'ആര്യന്‍' എന്ന നിര്‍മിതി പ്രചാരത്തില്‍വന്നത്‌

'ആര്യന്‍ അധിനിവേശം' എന്ന സിദ്ധാന്തം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനങ്ങളിലാണ് പ്രയോഗത്തില്‍ വരുന്നത്. അക്കാലത്തെ ഫ്രഞ്ച്, ജര്‍മന്‍ ഭാഷാശാസ്ത്രജ്ഞരുടെ കൃതികളില്‍നിന്നാണ് അവ ഉയര്‍ന്നുവന്നത്. ഈ സിദ്ധാന്തം ഹിറ്റ്ലര്‍ ജര്‍മന്‍ ദേശീയതയെന്ന ആശയത്തിന്റെ അടിസ്ഥാനമാക്കി മാറ്റുകയായിരുന്നു. 'ആര്യന്‍ അധിനിവേശം' എന്ന ഈ സിദ്ധാന്തത്തെ ചരിത്രകാരന്മാരും ഭാഷാപണ്ഡിതരും പൂര്‍ണമായും നിരാകരിച്ചതാണ്. ഇന്തോ-യൂറോപ്യന്‍, ഇന്തോ-ഇറാനിയന്‍ തുടങ്ങിയ ഗണത്തില്‍പ്പെടുന്ന ഭാഷകളില്‍നിന്ന് സംസ്‌കൃതഭാഷ എങ്ങനെ വികസിച്ചുവെന്ന് കാണിക്കുന്ന രസകരമായ ചില പുതിയ പഠനങ്ങള്‍ ഇന്ന് ലഭ്യമാണ്. അത്തരം ശാസ്ത്രീയപഠനങ്ങളുടെ വീക്ഷണത്തില്‍ ആര്യന്മാര്‍ എന്നതു പടിഞ്ഞാറന്‍ ഏഷ്യയിലേക്കും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലേക്കും കടന്നുകയറി വന്ന ഒരു ജനവിഭാഗമല്ല, മറിച്ച് സാവധാനത്തില്‍ കാലക്രമേണ ഈ ഭൂഭാഗത്ത് സ്വാധീനം ചെലുത്തിയ ഒരു പ്രത്യേക സംസ്‌കൃതിയാണ് എന്നതാണ്. ഇന്ത്യയില്‍ ഈ സംസ്‌കൃതിയുടെ വ്യാപനത്തിന് 1000 വര്‍ഷത്തിലധികം സമയമെടുത്തിട്ടുണ്ട്.

ധാര്‍വാഡിലെ താമസത്തെക്കുറിച്ച് അങ്ങയുടെ അനുഭവങ്ങള്‍ പങ്കുവെക്കാമോ

ഡോ. കല്‍ബുര്‍ഗി ക്രൂരമായി കൊലചെയ്യപ്പെട്ടതിന് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് 2016-ല്‍ ഞാന്‍ ധാര്‍വാഡിലേക്ക് താമസം മാറ്റുന്നത്. അതിനാല്‍, ഞാന്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് യുക്തിയുടെ ശബ്ദത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വിദ്വേഷ രാഷ്ട്രീയത്തിനെതിരായ പ്രവര്‍ത്തനങ്ങളിലുമാണ്. സംഗീതജ്ഞര്‍, ഗായകര്‍, എഴുത്തുകാര്‍, ചിന്തകര്‍, വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ധിഷണാശാലികള്‍ എന്നിവരുടെയൊക്കെ അസാധാരണമാംവിധം ഉയര്‍ന്ന സാന്നിധ്യംകൊണ്ട് സമ്പന്നമാണ് ധാര്‍വാഡ് എന്ന് ഞാന്‍ കൂട്ടിച്ചേര്‍ക്കട്ടെ. ഒരു ചെറിയ പട്ടണമായിരുന്നിട്ടുപോലും ധാര്‍വാഡിനോട് എനിക്ക് കടുത്ത ആരാധനയാണ്.

Content Highlights: Indian literary critic GN Devy Malayalam interview