ചേതന്‍ ഭഗത്. പുതിയ ഇന്ത്യയുടെ ഭാഷയും വഴക്കവും വികാരങ്ങളും പരിചയിപ്പിച്ച എഴുത്തുകാരന്‍. തന്റെ നോവലുകളില്‍ ഇന്ത്യന്‍ യുവത്വത്തെ അദ്ദേഹം നായകസ്ഥാനത്ത് നിര്‍ത്തി. അവരുടെ ചിരിയും ചിന്തയും ചിരപുരാതനമെങ്കിലും ഏറ്റവും പുതിയതെന്ന് തോന്നിക്കുന്ന വൈകാരികജീവിതവും വരച്ചിട്ടു. ഓരോ നായികയും നായകനും പുതിയ ഭാഷകളില്‍ തങ്ങളുടെ പ്രണയം പറഞ്ഞു. എല്ലാ ഭാഷകളിലും പുതുതലമുറ ചേതന്റെ പുസ്തകങ്ങള്‍ക്ക് കാത്തിരുന്നു. 'ടു സ്റ്റേറ്റ്സ്, 'ഹാഫ് ഗേള്‍ ഫ്രണ്ട്',' 'റെവലൂഷന്‍ 2020' 'ഫൈവ് പോയിന്റ് സംവണ്‍'... എല്ലാം ബെസ്റ്റ് സെല്ലറുകള്‍. പുതിയ പുസ്തകം 'നൂറ്റഞ്ചാം മുറിയിലെ പെണ്‍കുട്ടി' മലയാളത്തിലേക്ക് വരുമ്പോള്‍ ചേതന്‍ പറയുന്നു, ''എനിക്ക് പ്രേമകഥകള്‍ മടുത്തു. ഇനി ഞാന്‍ 'അണ്‍ലവി'നെ പറ്റി പറയാം.''
നഗരങ്ങളിലെ മധ്യവര്‍ഗ ചെറുപ്പക്കാരാണ് ചേതന്റെ കഥാപാത്രങ്ങള്‍. വികാരങ്ങളിലും വിചാരങ്ങളിലും വിമോചിക്കപ്പെട്ടവര്‍. എന്താണ് അവരുടെ മറ്റ് പ്രത്യേകതകള്‍?
എല്ലാ തലമുറയും അവരുടേതായ രീതികളിലാണ് ജീവിക്കുന്നത്. അവര്‍ തൊട്ടുമുമ്പത്തെ തലമുറയില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ആ മാറ്റം അവര്‍ അവരുടേതായ രീതിയില്‍ പ്രകടിപ്പിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. എല്ലാ തലമുറയും അനന്യമാകാന്‍ ആഗ്രഹിക്കുന്നു എന്നാണെനിക്ക് തോന്നിയിട്ടുള്ളത്.
എത്ര വ്യത്യസ്തരായാലും ഇന്ത്യന്‍ കുടുംബങ്ങളിലെ വൈകാരിക നാടകങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ പുതിയ തലമുറയ്ക്കും പറ്റുന്നുണ്ടെന്ന് തോന്നുന്നില്ല...
ഇന്ത്യയില്‍ കുടുംബബന്ധങ്ങള്‍ വളരെ ദൃഢമാണ്. ഇന്ത്യയില്‍ മാത്രമല്ല, മുഴുവന്‍ ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലും. അതേ സമയംതന്നെ ചെറുപ്പക്കാര്‍ കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്യാന്‍ ആഗ്രഹിക്കുന്നു. അവര്‍ക്ക് മാതാപിതാക്കളോട് പരിഗണനയുണ്ട്. എന്നാലോ പലപ്പോഴും അവരുടെ താല്‍പര്യങ്ങള്‍ മാതാപിതാക്കളുടേതുമായി ചേരുന്നുമില്ല. അതുകൊണ്ടുതന്നെ വൈകാരികനാടകങ്ങള്‍ ഇന്ത്യന്‍ ജീവിതത്തില്‍ പതിവാണ്. നൂതനമായ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നവരാണ് ഇന്ത്യന്‍ ചെറുപ്പക്കാര്‍. നല്ല പുരോഗമനവാദികളും. എന്നാലും മാതാപിതാക്കളുടെ സമ്മതം അവരെ സംബന്ധിച്ചിടത്തോളം പ്രധാനം തന്നെ! ഞാന്‍ അതിനെ എന്റെ നോവലുകളില്‍ ഉപയോഗിച്ചിട്ടുമുണ്ട്. 'ടു സ്റ്റേറ്റ്സ്' എന്ന നോവല്‍ അതിനെക്കുറിച്ചു മാത്രമാണ്. എന്റെ പുസ്തകങ്ങള്‍ ചെറുപ്പക്കാരെയാണ് ലക്ഷ്യം വെയ്ക്കുന്നത്. ഞാന്‍ അവരുടെ കാഴ്ചപ്പാടില്‍ നിന്നും എഴുതുന്നു; അവര്‍ക്ക് വേണ്ടി.
ചേതന്റെ പല കഥാപാത്രങ്ങളും അരാഷ്ട്രീയവാദികളാണ്. ഒന്നുകില്‍ അവര്‍ക്ക് രാഷ്ട്രീയത്തില്‍ താല്പര്യമില്ല. അല്ലെങ്കില്‍ രാഷ്ട്രീയത്തെ കുറിച്ച് ഒന്നുമറിയില്ല...
ചെറുപ്പക്കാര്‍ കൂടുതലായി രാഷ്ട്രീയത്തില്‍ പങ്കെടുക്കണമെന്നു തന്നെയാണ് എന്റെ ആഗ്രഹം. അതിന് അവര്‍ കൂടുതല്‍ വായിക്കേണ്ടതുണ്ട്. ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവയില്‍ മാത്രമല്ല, രാജ്യത്തിന്റെ കാര്യത്തിലും അവര്‍ താല്പര്യം കാണിക്കേണ്ടതുമുണ്ട്. അവര്‍ക്കതിനു കഴിയുമെന്നുതന്നെ ഞാന്‍ കരുതുന്നു. പക്ഷേ, ഒരു കഥാപാത്രത്തെയുണ്ടാക്കുമ്പോള്‍ എനിക്കതിനെ ലക്ഷണമൊത്ത ഇന്ത്യന്‍ ചെറുപ്പക്കാരനായി അവതരിപ്പിക്കേണ്ടതുണ്ട്. ഞാന്‍ ഒരു എഴുത്തുകാരനാണല്ലോ. അതുകൊണ്ടു തന്നെ എനിക്ക് അല്പസ്വല്പം രാഷ്ട്രീയം അറിയാം. പക്ഷേ എന്തുചെയ്യാം, ഒരു ഇന്ത്യന്‍ ചെറുപ്പക്കാരന്‍ രാഷ്ട്രീയത്തെക്കുറിച്ച് അജ്ഞനാണ്!
സാങ്കേതികവിദ്യയുടെ ആധിക്യമാണോ അവരെ രാഷ്ട്രീയത്തില്‍ നിന്നകറ്റുന്നത്?
അതങ്ങിനെയല്ല. അടിസ്ഥാനപരമായി നാമെല്ലാവരും സ്വാര്‍ത്ഥരാണ്. നമുക്കെന്തു കിട്ടും എന്നതാണ് നമ്മുടെ ഉത്കണ്ഠ. അതിനുമപ്പുറം നമ്മുടെ ചെറുപ്പക്കാര്‍ ഉയരേണ്ടതുണ്ട്.
കേരളത്തിലെ ചെറുപ്പക്കാരെപ്പറ്റിയും ഇതേ അഭിപ്രായമാണോ?
കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് ഏറെ അഭിലാഷങ്ങളും ആശകളുമുണ്ട്. കൂടുതല്‍ മികച്ച രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ അവരെ പ്രചോദിപ്പിക്കുന്ന കഥകള്‍ എഴുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് കേരളം ഇഷ്ടമാണ്; ഇവിടുത്തെ ആഹാരവും. ഞാന്‍ പലപ്പോഴും ഫോര്‍ട്ടു കൊച്ചിയില്‍ വന്നു താമസിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്.
ഒരു 'ഇന്ത്യന്‍ യൂത്ത്' ആയിരിക്കുമ്പോഴുള്ള ചേതന്റെ ജീവിതം എങ്ങനെയായിരുന്നു?
ഞാന്‍ ജനിച്ചത് ഒരു മധ്യവര്‍ഗകുടുംബത്തിലാണ്. തനി ഇന്ത്യന്‍ മധ്യവര്‍ഗ കുടുംബം! അതു കൊണ്ടു തന്നെ സ്‌ക്കൂളില്‍ എനിക്ക് കഠിനമായി അധ്വാനിക്കേണ്ടി വന്നു. നല്ല കോളേജിലെത്താനായി പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കേണ്ടി വന്നു. ഒരു ശരാശരി ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ സ്ഥിരം കഥ തന്നെ!
പ്രേമം?
ഞാന്‍ പഠിക്കുന്ന കാലത്ത് മൊബൈല്‍ ഫോണോ ഇന്റര്‍നെറ്റോ ഇല്ല. മനസ്സ് വ്യതിചലിപ്പിക്കുന്ന കാര്യങ്ങള്‍ അധികമില്ലെന്നര്‍ത്ഥം. കോളേജിലെത്തുന്നതു വരെ പ്രണയിക്കാനും നേരമുണ്ടായിരുന്നില്ല
'നൂറ്റഞ്ചാം മുറിയിലെ പെണ്‍കുട്ടി' മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയാണ്. പക്ഷേ താങ്കള്‍ ഉപയോഗിച്ച 'അണ്‍ലവ് സ്റ്റോറി' പോലുള്ള ചില വാക്കുകള്‍ക്കൊന്നും മലയാളമില്ല!
അണ്‍ലവിനെ 'അണ്‍ലവ്' എന്നു തന്നെ വിവര്‍ത്തനം ചെയ്താല്‍ മതി. സ്റ്റോറി എന്നാല്‍ എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. ലവ് എന്താണെന്നുമറിയാം. അപ്പോള്‍ അതിനെ അങ്ങനെതന്നെ നിലനിര്‍ത്തിയാല്‍ മതി. പ്രാദേശികഭാഷകള്‍ ഇംഗ്ലീഷില്‍ നിന്നുള്ള കൃതികളെ സ്വീകരിക്കാന്‍ പ്രാപ്തമാകണം. മലയാളം ഏറെക്കുറെ ഒരു സാഹിത്യഭാഷയാണ്. അതുകൊണ്ട് ആ മാറ്റം വെല്ലുവിളി നിറഞ്ഞതായിരിക്കും.
ചേതന്‍ ഭഗത് പ്രണയത്തിന്റെ എഴുത്തുകാരനാണ് എന്ന ലേബല്‍ മാറ്റാനാണോ 'അണ്‍ലവ് സ്റ്റോറി' എന്ന് കൃത്യമായി എഴുതിയത്?
സൗഹൃദവും പ്രണയവും എപ്പോഴും പ്രധാനമാണ്. എന്നിരുന്നാലും ചിലപ്പോള്‍ പ്രണയം വളരെയധികം മുന്നോട്ട് പോകും. അമിതമായ പ്രണയം, അത് ഉണ്ടാക്കുന്ന ഹൃദയത്തകര്‍ച്ചകള്‍... 'അണ്‍ലവ് ' ചെയ്യാന്‍ കൂടി നമ്മള്‍ ശീലിക്കണം! ഞാന്‍ ഇതുവരെ എഴുതിയതിലെല്ലാം പ്രേമമുണ്ട്. അപ്പോള്‍ പ്രേമത്തിന്റെ മറുവശം കൂടി പരിശോധിക്കണമെന്ന് തോന്നി. എന്നെ സംബന്ധിച്ചിടത്തോളം അതൊരു പുത്തന്‍ അനുഭവമാണ്. എട്ടു നോവലുകളെഴുതിയതില്‍ ഏഴും പ്രേമകഥകള്‍. എന്തെങ്കിലും പുതിയത് പരീക്ഷിക്കണ്ടേ!
അപ്പോള്‍ താങ്കള്‍ക്ക് പ്രേമകഥകള്‍ മടുത്തോ?
തീര്‍ച്ചയായും!
ഇന്ത്യ പ്രണയത്തെ ആഘോഷിക്കുന്ന രാജ്യമാണ്. പ്രണയിക്കാന്‍ അതു നമ്മെ പഠിപ്പിക്കുന്നു. എന്നാല്‍ താങ്കള്‍ പറയുന്നു പ്രണയത്തെ അഴിച്ചു കളയാന്‍, അണ്‍ലവ് ചെയ്യാന്‍...
പ്രണയഭംഗങ്ങള്‍ ചെറുപ്പക്കാരെ ഏറെ തകര്‍ത്തുകളയാറുണ്ട്. അവര്‍ക്ക് പ്രധാനപ്പെട്ട യാതൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതാകുന്നു. പ്രണയപരാജയം ജീവിതപ്രേരണകളെത്തന്നെ കുറച്ചുകളയും. അതിനെ ലാഘവത്തോടെ കാണരുത്. ചിലപ്പോള്‍ സാരമായ പ്രണയഭംഗം നിങ്ങളുടെ ആത്മാഭിമാനത്തെ കുത്തനെ താഴേക്കു കൊണ്ടു വരും. പുറകിലേക്ക് ഒരു ചുവടു വെക്കുന്നതും നിങ്ങളാരാണെന്നും നിങ്ങള്‍ക്കെന്താണു വേണ്ടതെന്നും കണ്ടെത്തുന്നതും ഇത്തരം സന്ദര്‍ഭങ്ങളില്‍ വലിയ അനുഭവമാണ്. നിങ്ങളിലുള്ള ഊന്നല്‍, പുതിയതും പ്രധാനപ്പെട്ടതുമായ ലക്ഷ്യങ്ങള്‍ ഉറപ്പിക്കല്‍

എന്നിവയും ഗുണം ചെയ്യും. മുറിവുണങ്ങാന്‍ സമയമെടുക്കുമെങ്കിലും, എന്തിനേക്കാളുമധികം നിങ്ങള്‍ പ്രണയത്തെ അഴിച്ചു കളയാനും പഠിക്കേണ്ടതുണ്ട്. അതുകൊണ്ടു കൂടിയാണ് ഞാന്‍ ഈ പുസ്തകം എഴുതിയത്.
ചേതന്‍ ഭഗത്തിന്റെ സ്ത്രീകഥാപാത്രങ്ങളുടെ വികാരങ്ങള്‍ നേരുള്ളതാണ്...
ഞാന്‍ എല്ലായ്പ്പോഴും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കാറുണ്ട്. നമ്മുടെ സിനിമകളിലെല്ലാം ഒരേ രീതിയിലുള്ള സ്ത്രീകളെയാണ് കാണിക്കുന്നത്. ഇപ്പോഴത് കുറെയെല്ലാം മാറുന്നുണ്ട്. എങ്കിലും നേരായ സ്ത്രീകഥാപാത്രങ്ങള്‍ കുറവാണ്. വികാരങ്ങളില്‍ നേരുള്ള ഇന്ത്യന്‍ ചെറുപ്പക്കാരികളെ അവതരിപ്പിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.
മോട്ടിവേഷണല്‍ സ്പീക്കറാണ്, കോളമെഴുത്തുകാരനാണ്, തിരക്കഥാകൃത്താണ്, എഴുത്തുകാരനാണ്. ഇവയില്‍ ഏതു വേഷത്തിലാണ് ഏറ്റവും സന്തോഷിക്കുന്നത്?
പുസ്തകങ്ങളോടൊത്ത്! എഴുത്താണ് എന്റെ അഭിനിവേശം. ശേഷിച്ചവയെല്ലാം എഴുത്തിന്റെ ഉപോല്‍പ്പന്നങ്ങള്‍ മാത്രമാണ്.
(ചേതന്‍ ഭഗത്തിന്റെ 'നൂറ്റഞ്ചാം മുറിയിലെ പെണ്‍കുട്ടി' എന്ന പുസ്തകത്തിന്റെ വിവര്‍ത്തകയാണ് ലേഖിക. ഇതുള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്)
(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത് )
ഗൃഹലക്ഷ്മി ഓണ്‍ലൈനില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക
Content Highlights: I'm Fed Up With Love stories says Chetan Bhagat