രു ലോകം അവിടെ ജീവിക്കുന്ന മനുഷ്യരുടെ ഓര്‍മകള്‍ക്ക് ആയുസ് ഒരു ദിവസം മാത്രം. ഇന്നലെ സംഭവിച്ചകാര്യം മാത്രമേ അവര്‍ക്ക് ഓര്‍ക്കാനാവൂ. അതിനുമുന്‍പുള്ള ദിവസങ്ങളെല്ലാം മറവിയിലാണ്ടുപോകും. അവരുടെ ലോകത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ട് പോയ നോവലാണ് മലേഷ്യന്‍ എഴുത്തുകാരിയും മോഡലുമായ ഫെലീഷ്യ യാപിന്റെ യെസ്റ്റര്‍ഡേ. അവിടെ നടന്ന ഒരു കൊലപാതകവും പ്രതികാരവും പറയുകയാണ് നോവല്‍. നോവലിനെക്കുറിച്ചും തന്റെ കഥാപാത്രങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് എഴുത്തുകാരി ഫെലീഷ്യ യാപ്.

എവിടെ നിന്നോ വരുന്ന കഥാപാത്രങ്ങള്‍ 

ഈ കഥാപാത്രങ്ങള്‍ എവിടെ നിന്നാണ് വന്നു ചേര്‍ന്നതെന്ന് യഥാര്‍ത്ഥത്തില്‍ എനിക്കറിയില്ല. നമ്മുടെ കഥാപാത്രങ്ങളെ നമ്മള്‍ സ്വയം ഇഷ്ടപ്പെട്ട് തുടങ്ങുമ്പോള്‍ മാത്രമാണ് നമുക്കവയെ കണ്ടെത്താന്‍ സാധിക്കുക. അത്തരത്തില്‍ എഴുത്തിന്റെ വിവിധ ഘട്ടങ്ങളിലായാണ് ഞാന്‍ എന്റെ കഥാപാത്രങ്ങളെ കണ്ടെത്തിയത്.

മനസില്‍ കൊത്തിയെടുക്കുന്നവ..

ഓരോ കഥാപാത്രത്തെയും മനസില്‍ രേഖപ്പെടുത്തുകയാണ് ഞാന്‍ തുടക്കത്തില്‍ ചെയ്യുക. പിന്നീടവ ഓരോന്നിനും ത്രിമാന സ്വഭാവം നല്‍കും. പാഴ്ത്തടിയില്‍ നിന്ന് ഒരു മനോഹര ശില്പം കൊത്തിയെടുക്കുന്നത് പോലെയായിരുന്നു എന്റെ എഴുത്ത്. പരുക്കനായ തടിയിയില്‍ ആദ്യം മുഖം കൊത്തിയെടുക്കും പിന്നെ കൈകള്‍, കാലുകള്‍, ശരീരം ഇങ്ങനെ വളരെ പതുക്കെ മാത്രം നടക്കുന്ന ഒന്നാണ് കഥാപാത്രസൃഷ്ടിയും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 

മനസില്‍ രൂപം കൊള്ളുന്ന കഥാപാത്രങ്ങളെ നമുക്ക് കണ്ടെത്താനും അവയ്ക്ക് രൂപം നല്‍കാനും സാധിക്കണം. അതിനെ കടഞ്ഞെടുക്കണം, അവയ്ക്ക് മുഖവും വ്യക്തിത്വവും നല്‍കണം. എങ്കില്‍ മാത്രമേ ഓരോ കഥാപാത്രത്തിനും ത്രിമാന സ്വഭാവം കൈവരികയുള്ളു.

കെട്ടുപിണഞ്ഞു കിടക്കുന്ന കഥയും കഥാപാത്രങ്ങളും

കഥയ്ക്ക് അനുസരിച്ച് കഥാപാത്രങ്ങളെ സൃഷിച്ചെടുക്കുന്നുവെന്നോ കഥാപാത്രത്തിനനുസരിച്ച് കഥ രൂപപ്പെടുത്തുന്നുവെന്നോ പറയാന്‍ സാധിക്കില്ല. എന്തെന്നാല്‍ ഇവ രണ്ടും പരസ്പര പൂരകങ്ങളാണ്. അവ രണ്ടും അന്യോന്യം കെട്ടുപിണഞ്ഞു കിടക്കുന്നു. 

ഓര്‍മ നഷ്ടപ്പെട്ടുപോകുന്ന കഥാപാത്രങ്ങളെ കൂട്ടിയിണക്കി ഒരു കഥ മെനയ്‌ഞ്ഞെടുക്കുക എന്നത് ഒട്ടും എളുപ്പമല്ലായിരുന്നു. ആളുകള്‍ ആസ്വദിക്കുന്ന ഒരു നോവല്‍ എഴുതണം എന്നതായിരുന്നു എന്റെ മനസില്‍. നോവലിലേയ്ക്കുള്ള എല്ലാ കഥാപാത്രങ്ങളും ഞാന്‍ മനസില്‍ രൂപപ്പെടുത്തിയിരുന്നു.

Felicia Yap
ഫോട്ടോ: ഷഹീര്‍ സി.എച്ച്. 

ഒരു ദിവസം മാത്രം ഓര്‍മ അവശേഷിക്കുന്നവരുടെ ലോകം 

ഒരു ദിവസം മാത്രം ഓര്‍മ അവശേഷിക്കുന്നവരുടെ ലോകത്ത് നടക്കുന്ന കൊലപാതത്തെക്കുറിച്ചാണ് യെസ്റ്റര്‍ഡേ പറയുന്നത്. എന്റെ കഥയിലെ വില്ലന്‍ എന്ന് പറയാവുന്നത് സോഫിയ എന്ന കഥാപാത്രമാണ്. തനിക്ക് എന്തോ ഒന്ന് സംഭവിച്ചതായി അവള്‍ക്കറിയാം. അതിന് പ്രതികാരം ചെയ്യണം എന്നത് മാത്രമാണ് അവളുടെ മനസില്‍ ഉള്ളത്. 

നോവലിലെ ഓരോ കഥാപാത്രങ്ങളേയും വായനക്കാരോട് നീതി പുലര്‍ത്തുന്ന രീതിയിലാണ് മെനഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ അത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. അതുപോലെ തന്നെ വളരെ സമയമെടുത്ത് ചെയ്യേണ്ടതാണ്. എങ്കില്‍ മാത്രമെ നമ്മള്‍ വായനക്കാരന് മുന്നിലേക്ക് വയ്ക്കുന്ന കഥാപാത്രങ്ങള്‍ക്ക് ശക്തിയുണ്ടാകുകയുള്ളു.

വെല്ലുവിളി ഉയര്‍ത്തി പ്രസാധനം...

ഒരു പുതുമുഖ എഴുത്തുകാരിയെ സംബന്ധിച്ച് ആദ്യ നോവല്‍ പ്രസിദ്ധീകരിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ഭാവിയില്‍ വിശ്വസിക്കുക. ജീവിതത്തില്‍ ജയങ്ങളും പരാജയങ്ങളുമുണ്ടാകാം. എന്നാല്‍ വിജയിക്കും എന്ന വിശ്വാസം ഉണ്ടായിരിക്കുക.

പ്രണയവും ഓര്‍മയും ഏറ്റുമുട്ടുന്ന ടുഡേ

യെസ്റ്റര്‍ഡേയ്ക്ക് ശേഷം ടുഡേ എന്ന നോവലിന്റെ പണിപ്പുരയിലാണ് ഞാന്‍. ടുഡേയിലും ഓര്‍മ തന്നെയാണ് വിഷയമായി വരുന്നത്. എന്നാല്‍ അത് ക്രൈം ത്രില്ലറല്ല. പ്രണയകഥയാണ് നോവല്‍ പറയുന്നത്. പ്രണയവും ഓര്‍മയും കൂട്ടിയിണക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.

ഇതിന് ടുമാറോ എന്ന രീതിയില്‍ നോവലിന് തുടര്‍ച്ചയുണ്ടാക്കാന്‍ ഞാന്‍ ആഗ്രിഹിക്കുന്നുണ്ട്. അതിന്റെ സാധ്യതകളെക്കുറിച്ചും ചിന്തിക്കുന്നുണ്ട്. 

സന്തോഷം നല്‍കുന്ന എഴുത്ത്

മോഡലിങ് എന്നത് ഒരു ഗ്ലാമര്‍ ലോകമാണ്. അത് പോലെ രസകരവും. എന്നാല്‍ ഇപ്പോള്‍ എഴുത്തും യാത്രകളും മറ്റുമായി അതിന് സമയം ലഭിക്കാറില്ല. എന്നാല്‍ ജീവിതത്തില്‍ എഴുത്തിനോളം ഒന്നും എനിക്ക് സന്തോഷം നല്‍കിയിട്ടില്ല. എനിക്ക് സന്തോഷം ലഭിക്കുന്നതിനായി ഞാന്‍ എഴുതുന്നു. ഇപ്പോള്‍ എന്റെ പ്രഥമ പരിഗണന എഴുത്തിനാണ്.

Content Highlights : Felisha Yap, Felicia Yap, yesterday, yesterday book