വിഷമഴ പെയ്ത് തോര്‍ന്നിട്ടും മഴയേറ്റ് പൊള്ളിയ ജീവിതങ്ങള്‍ ഇന്നും സമരപാതയിലാണ്. കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ നീതിയ്ക്കുവേണ്ടി നടത്തുന്ന സമരത്തിനിടെയാണ് അരുണി ചന്ദ്രന്‍ എന്ന കഥാകൃത്തിനെ കണ്ടുമുട്ടുന്നത്. 1978-ല്‍ പെയ്ത വിഷമഴയേറ്റ് പേറ്റുനോവൊഴിയാതെ വര്‍ഷങ്ങള്‍ തള്ളിനീക്കുന്ന അമ്മമാരുടെ നേര്‍സാക്ഷ്യമാണ് അരുണിചന്ദ്രന്‍. മകന്‍ ദേവ്‌നാഥിന്റെ പിറവിയാണ് അരുണിചന്ദ്രന്‍ കാടകം എന്ന കഥാകൃത്തിനെ വാര്‍ത്തെടുത്തത്. കാസര്‍കോട് മുളിയാറില്‍ നിന്ന് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പം സെക്രട്ടേറിയേറ്റ് നടയിലെത്തിയതാണ് അരുണി. 

നിച്ചുവീണപ്പോള്‍ മുതല്‍ കിടപ്പിലായതാണ് മകന്‍ ദേവ്‌നാഥ് എന്ന കുഞ്ഞുണ്ണി. എന്‍ഡോസള്‍ഫാന്‍ വിഷബാധയുടെ 5000-ല്‍ അധികം വരുന്ന ഇരകളില്‍ ഒരാള്‍. അവനെ നോക്കിയാണ് അരുണിയെന്ന അമ്മ നെഞ്ചകം പൊള്ളി ജീവിതം നുറുങ്ങിയ യാഥാര്‍ഥ്യമെഴുതി തുടങ്ങിയത്. കീഴടങ്ങാതെ പ്രതിരോധത്തിന്റെ ശക്തി പകരുകയെന്ന ജീവിതത്തിന്റെ അര്‍ഥപൂര്‍ണിമയെ കണ്ടെത്തിയ അരുണിയായിരുന്നു സമരത്തിലെ ശ്രദ്ധാകേന്ദ്രം. 

'പത്താംക്ലാസില്‍ പഠിപ്പ് നിര്‍ത്തിയ ഞാനൊരു എഴുത്തുകാരിയൊന്നുമല്ല. കുട്ടിക്കാലത്തെ എഴുതുമായിരുന്നു. പക്ഷേ, അതൊക്കെ കീറിക്കളഞ്ഞിട്ടുണ്ട്. ഇവന്‍ പിറന്നതിന് ശേഷമാണ് ഞാന്‍ അതൊക്കെ എഴുതിത്തുടങ്ങിയത്. കുഞ്ഞൂന്റെ ( മകന്‍ ദേവ്നാഥിന്റ) അമ്മ ആയതുകൊണ്ട് മാത്രമാണ് അവനിലൂടെയുള്ള അനുഭവങ്ങളാണ് ഈ പുസ്തകത്തിന് ആധാരം.' കുഞ്ഞുവിനെ ചേര്‍ത്തണച്ച് അരുണി വിശേഷങ്ങള്‍ പറഞ്ഞുതുടങ്ങി.

അവനാണ് എന്റെ അക്ഷരങ്ങളില്‍ അച്ചടി മഷിപുരളാന്‍ കാരണക്കാരനായത്. ഇതെഴുതിയിട്ട് രണ്ടുവര്‍ഷമായി. കൊറോണ വരുന്നതിന് മുമ്പുള്ള ഒക്ടോബറിലാണ് പുസ്തകം പ്രകാശനം ചെയ്തത്. അംബികാസുതന്‍ മാഷാണ് അവതാരിക എഴുതിയത്. കുഞ്ഞുണ്ണി ഉറങ്ങാതെ കിടക്കുന്ന സമയത്തെ അനുഭവങ്ങളാണ് എഴുതിത്തുടങ്ങിയത്. പുസ്തകത്തിന്റെ ആദ്യപതിപ്പ് വിറ്റുതീര്‍ന്നു. ഇതിപ്പോ രണ്ടാം പതിപ്പാണ്. സമരപ്പന്തലില്‍ പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുകയാണ്.

ഒമ്പത് വയസുണ്ട് ഇവന്. ജനിച്ചപ്പോള്‍ മുതല്‍ തന്നെ ആശുപത്രിയില്‍ നിന്നിറങ്ങാന്‍ നേരമുണ്ടായിട്ടില്ല. അടുത്തടുത്ത പഞ്ചായത്തുകളിലൊക്കെ ഇതേപോലത്തെ കുട്ടികളൊക്കെ തന്നെയാണ് ഉള്ളത്.  തനിയെ ഇവനൊന്നും ചെയ്യാന്‍ സാധിക്കില്ല. സെറിബ്രല്‍ പാള്‍സിയെന്ന രോഗമാണ്. എല്ലാ കാര്യത്തിനും ആരുടെയെങ്കിലും സഹായം വേണ്ടിവരും. ഫിസിയോതെറാപ്പി കൊണ്ട് കുറച്ചൊക്കെ ആശ്വാസം കിട്ടിയേക്കുമെന്നല്ലാതെ പൂര്‍ണമായും മാറില്ലെന്ന് ഡോക്ടര്‍മാരും പറയുന്നു. 

കുഞ്ഞൂനേപ്പോലെ നിരവധി കുട്ടികളുണ്ട് ഞങ്ങടെ നാട്ടില്. അവിടെ സ്‌നേഹവീടെന്ന് പറഞ്ഞൊരു കേന്ദ്രമുണ്ട്. അവിടെവെച്ചാണ് ഈയിരിക്കുന്ന അമ്മമാരെയൊക്കെ പരിചയപ്പെടുന്നത്. സമരത്തിനിരിക്കുന്ന മറ്റുള്ളവരെ നോക്കി അരുണി പറഞ്ഞു. പിന്നെ തെറാപ്പി സെന്ററില്‍ എത്തിയാലും കുറെ കുട്ടികളുണ്ടാകും. 

ഇവന്‍ ഒരാളെയുള്ളൂ ഞങ്ങള്‍ക്ക്. ഇങ്ങനെയൊരു പ്രശ്‌നങ്ങള്‍ ഉള്ളതോണ്ട് ഇനിയൊരു കുട്ടിയേപ്പറ്റി ചിന്തിക്കാനേ ആകാത്തവരാണ് ഇവിടെയുള്ള അമ്മമാര്‍. മാനസികമായി ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അനുഭവിക്കുന്നവര്‍ക്കേ അതൊക്കെ മനസിലാകൂ- അരുണി പറഞ്ഞുനിര്‍ത്തി.

'പേറ്റുനോവൊഴിയാതെ' എന്നാണ് അരുണിയെഴുതിയ പുസ്തകത്തിന്റെ പേര്. അതെ, ഇവരിലെല്ലാവരിലും ഇപ്പോഴും ഒഴിയാതെ ആ പേറ്റുനോവുണ്ട്. തങ്ങളുടേതല്ലാത്ത തെറ്റിന് ജീവിതകാലം ബലികൊടുക്കേണ്ടി വന്ന നിഷ്‌കളങ്കരായ കുട്ടികള്‍, അവരെ മാറോടണച്ച് ആവുന്നകാലം വരെ പോറ്റാന്‍ വ്യഗ്രതപ്പെടുന്ന അമ്മ മനസും. 

ഇനിയും എന്തിനാണിവരെ തെരുവില്‍ നിര്‍ത്തുന്നത്. സുപ്രീം കോടതി ഉത്തരവിട്ടിട്ടും മുഴുവന്‍ ആളുകള്‍ക്കും അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാനം തയ്യാറായാട്ടില്ല. മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് മുമ്പില്‍ അവര്‍ പൊരുതിയിട്ടും മാറ്റമൊന്നുമില്ല. പലര്‍ക്കും മുഴുവന്‍ തുക കിട്ടിയിട്ടില്ല. പാതി കിട്ടിയവരും ധാരാളം. അതിനിടെ അനര്‍ഹരെന്ന് പറഞ്ഞ് എന്‍ഡോസള്‍ഫാന്‍ ബാധിതരെ നഷ്ടപരിഹാര പട്ടികയില്‍ നിന്ന് വെട്ടിമാറ്റാനും ശ്രമം നടക്കുന്നു. ഇതിനൊക്കെ എതിരെയാണ് സെക്രട്ടേറിയേറ്റിന് മുന്നില്‍ അവര്‍ സമരത്തിനെത്തിയത്. 

കണ്ണുതുറക്കാത്ത ദൈവങ്ങളോടല്ല, പകരം മനസലിവുള്ള ഹൃദയമുള്ള മനുഷ്യരോടാണ് അവര്‍ ചോദിക്കുന്നത്. എന്ത് തെറ്റാണ് ഞങ്ങള്‍ ചെയ്തത്?

Content Highlights : Endosulfan Victims of Kasargod AruniChandran Kadakam Writer