*''കാസര്‍കോട് എന്താ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സ്ത്രീധനം കിട്ടിയതാണോ * ഇരകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യേണ്ട 'സെല്‍' നിലച്ചിട്ട് വര്‍ഷം രണ്ടായി. * പാവങ്ങളുടെ നെഞ്ചത്ത് കേറി, നിലവിളിക്കുന്ന കുഞ്ഞുങ്ങളുടെ നേര്‍ക്ക് തുപ്പുകയാണ്, വിളയാടുകയാണ് കരുണയില്ലാത്ത ബ്യൂറോക്രസി * വിഷം തളിച്ച കേരള പ്ലാന്റേന്‍ കോര്‍പ്പറേഷന്‍ കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ളതാണ്. വിഷം ഉദ്പാദിപ്പിച്ചത് കേന്ദ്ര സര്‍ക്കാറിന്റെ പൊതുമേഖലാ സ്ഥാപനം''- കാസര്‍കോട്ട് നടക്കുന്നതെന്താണ്? അംബികാസുതന്‍ മാങ്ങാടുമായി നടത്തിയ അഭിമുഖം വായിക്കാം. 

അക്ഷരാഭ്യാസമുള്ള ഒരു കാസര്‍കോടുകാരനും തങ്ങളുടെ നാട്ടിനുമേല്‍ വന്നുപെട്ട ദുര്‍ഗതിയെക്കുറിച്ച് വിലപിക്കാതിരിക്കാനാവില്ല, പ്രതിഷേധിക്കാതിരിക്കാനാവില്ല. താങ്കള്‍ കൂടി ഉള്‍പ്പെട്ട എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരങ്ങളുടെ ചരിത്രമെന്താണ്? ഇന്നത് എവിടെ എത്തിനില്‍ക്കുന്നു?

കാസര്‍കോടിനുണ്ടായ ദുര്‍ഗതി യാദൃച്ഛികമല്ല. ഭരണകൂട ഭീകരതയാണ് കാസര്‍കോട് അരങ്ങേറിയത്. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്ക് ഒരേപോലെ ഉത്തരവാദിത്വമുണ്ട്. കാളകൂടം പോലൊരു രാസവിഷം കാല്‍നൂറ്റാണ്ടുകാലം ജനവാസമുള്ള, വെള്ളക്കെട്ടുള്ള, ഒരിക്കലും തളിക്കാന്‍ പാടില്ലാത്ത സ്ഥലത്ത് നിയമങ്ങളെല്ലാം ലംഘിച്ച് ആകാശമാര്‍ഗ്ഗേണ തളിച്ച ഭരണകൂട കൂട്ടക്കൊലയില്‍ കോടാനുകോടി ജീവജാലങ്ങളും ആയിരക്കണക്കിന് മനുഷ്യരും ഹതാശരായി. എന്നാല്‍ ഈ ഭരണകൂട ഭീകരതയ്‌ക്കെതിരായ സമരചരിത്രം ആരംഭിക്കുന്നത് യാദൃച്ഛികമായിട്ടാണ്. എന്‍മകജെയിലെ തേനീച്ച കര്‍ഷകരാണ് ആദ്യം സംഘടിച്ച് സമരം തുടങ്ങുന്നത്. അല്ലാതെ പരിസ്ഥിതി പ്രവര്‍ത്തകരല്ല. വിഷം സ്‌പ്രേ ചെയ്യുമ്പോള്‍ അവരുടെ തേനീച്ചകള്‍ കൂട്ടമായി ചത്തൊടുങ്ങുന്ന അവസ്ഥ തുടര്‍ച്ചയായുണ്ടായപ്പോഴാണ് സമരം തുടങ്ങുന്നത്. അതിന് മുമ്പ് തന്നെ ശ്രീപെദ്രെയുടെ ലേഖനങ്ങള്‍ ഈ വിഷയത്തില്‍ വരുന്നുണ്ട്. 98-ല്‍ ലീലാകുമാരിയമ്മ നേടിയ കോടതി വിധി ഒരു നാഴികക്കല്ലായിരുന്നു.

  2004-ല്‍ കാഞ്ഞങ്ങാട് രൂപീകരിച്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമിതിയുടെ ചെയര്‍മാന്‍ ഞാനായിരുന്നു. പി.വി. സുധീര്‍കുമാര്‍ കണ്‍വീനര്‍. കാഞ്ഞങ്ങാട് വെച്ച് എം.ടി, അഴീക്കോട് തുടങ്ങിയവരെ പങ്കെടുപ്പിച്ച് ഒരു സമ്മേളനം നടന്നു. ഇത് ഈ വിഷയത്തില്‍ നടന്ന ആദ്യപൊതുസമ്മേളനമാണ്. നേരിട്ട് ചെന്ന് കണ്ട് എംടിയേയും അഴീക്കോടിനെയും ഇവിടത്തെ ദുരന്തവ്യാപ്തി ബോധ്യപ്പെടുത്തി ക്ഷണിച്ചുകൊണ്ട് വന്നത് ഞാനായിരുന്നു. നാലുമാസം കഴിഞ്ഞിട്ടാണ് പ്രസിദ്ധമായ 'ക്വിറ്റ് എന്‍ഡോസള്‍ഫാന്‍' എന്ന  പേരില്‍ കാസര്‍കോട് റാലി നടക്കുന്നത്. ആയിരങ്ങള്‍ പങ്കെടുത്ത റാലി ഉദ്ഘാടനം ചെയ്തത് വി.എസ്. ആയിരുന്നു. ഞാനും അതിന്റെ പ്രധാന സംഘാടകരില്‍ ഒരാളായിരുന്നു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിലാണ് ഈ മാര്‍ച്ച് നടന്നത്.

 'എസ്പാക്ക്' തുടങ്ങി പല സംഘടനകള്‍ തുടക്കം മുതലേ ഉണ്ട്. അത് ദോഷമല്ല. 2011-ല്‍ 'എന്‍വിസാജും', 'എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി'യും രൂപം കൊണ്ടു. പീഡിതമുന്നണിയുടെ നേതൃത്വത്തില്‍ ഐതിഹാസികമായ നിരവധി സമരങ്ങള്‍ നടന്നു. ആയിരത്തോളം അമ്മമാര്‍ പങ്കെടുത്ത അടുക്കള സമരവും നിരാഹാര സമരവുമൊക്കെ വലിയ ശ്രദ്ധനേടിയെടുത്തു. സര്‍ക്കാരിന് ഈ സമരങ്ങള്‍ക്ക് മുന്നില്‍ പലതവണ മുട്ട് മടക്കേണ്ടി വന്നു. എന്നാല്‍ തന്ന ഉറപ്പുകള്‍ സര്‍ക്കാര്‍ തന്നെ പാലിക്കാതെ ലംഘിച്ചുകൊണ്ടിരുന്നു. പത്തിരുപത്തഞ്ച് കൊല്ലം വ്യാപിച്ച ഒരു സമരത്തിന്റെ ചരിത്രം ഒരു പേജില്‍ ഒതുക്കാനാവില്ലല്ലോ.

photo madhuraj
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍/ ഫോട്ടോ മധുരാജ്‌

ഇപ്പോഴും നിരവധി സമരങ്ങള്‍ നടക്കുന്നു. ദുരിതബാധിതര്‍ക്കുള്ള പ്രയാസങ്ങള്‍ക്ക് അറുതിയുണ്ടാവുന്നില്ല. പെന്‍ഷന്‍ പലപ്പോഴും മുടങ്ങിപ്പോകുന്നു. ചികിത്സ വേണ്ടവിധത്തില്‍ ലഭിക്കുന്നില്ല. സൗകര്യങ്ങളില്ല. ഭരണകൂടം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ നിര്‍ദ്ദയം അവഗണിക്കുന്ന കാഴ്ചയാണ് എന്നും കണ്ടുകൊണ്ടിരിക്കുന്നത്. നേടിയ അവകാശങ്ങളൊക്കെ സമരം ചെയ്ത് പിടിച്ചു വാങ്ങിച്ചതാണ്. ഔദാര്യങ്ങളല്ല ഒന്നും, അവകാശങ്ങളാണ്.
  
നീരാളിയന്‍, മരക്കാപ്പിലെ തെയ്യങ്ങള്‍, എന്‍മകജെ, കുന്നുകള്‍ പുഴകള്‍, കാരക്കുളിയന്‍, തീച്ചാമുണ്ടി തുടങ്ങി അംബികാസുതന്‍ മാങ്ങാടിന്റെ ഏതു സൃഷ്ടികളും വിരല്‍ ചൂണ്ടുന്നത് പ്രകൃതി എന്ന സത്യത്തിലേക്കാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിലേക്കാണ്. ഇക്കോ ലിറ്ററേച്ചര്‍ എന്ന സാഹിത്യശാഖയുമായി കെട്ടുപിണഞ്ഞിരിക്കുന്നതിനെക്കുറിച്ച്?

 ആദ്യകാലത്തൊക്കെ പ്രകൃതി ചിന്തകളായിരുന്നെങ്കില്‍ പിന്നെപ്പിന്നെ അത് രചനകളില്‍ പരിസ്ഥിതിബോധമായി വളരുന്നുണ്ട്. അത് ജനിതക ഘടനയുടെ സവിശേഷത കൊണ്ട് കൂടിയാവണം. ബൗദ്ധമതത്തേക്കാള്‍ പരിസ്ഥിതി വിവേകമുള്ള ജൈനമതത്തിന്റെ ഒരു വേര് എന്റെ കുടുംബപാരമ്പര്യത്തിലുണ്ട് എന്ന് ഒരു ചെറിയ ഗവേഷണത്തിലൂടെ എനിക്ക് കണ്ടെത്താനായിട്ടുണ്ട്. അതുകൊണ്ട് കൂടിയാവാം ബഷീറിനെപ്പോലുള്ള, പി. കുഞ്ഞിരാമന്‍നായരെപ്പോലുള്ള എഴുത്തുകാര്‍ എനിക്ക് പ്രിയപ്പെട്ടവരായത്. കുട്ടിക്കാലം മുതലേ പ്രകൃതിയോടും ജീവജാലങ്ങളോടും ഒരു ആത്മൈക്യം എനിക്ക് ജീവിതത്തില്‍ അനുഭവിക്കാനായിട്ടുണ്ട്. അതിന്റെ ചെറിയ ചെറിയ ഓര്‍മ്മകള്‍ എനിക്ക് ഇപ്പോഴും ഉണ്ട്. 
 
പക്ഷേ അത് സാഹിത്യരചനകളില്‍ ആദ്യഘട്ടത്തില്‍ പ്രതിഫലിച്ചില്ല എന്നേയുള്ളൂ. പിന്നീട് പരിസ്ഥിതി വിഷയത്തില്‍ ഉത്സുകനായപ്പോള്‍, ഭയാനകമായ പ്രതിസന്ധി മുന്നിലുണ്ടെന്ന് കൂടുതല്‍ ബോധ്യമായതിന്റെ ഫലമാണ് 'നീരാളിയന്‍', 'ചിന്നമുണ്ടി', 'പ്രാണവായു' പോലുള്ള കഥകള്‍. 'കണ്ണുരോഗം' എന്ന കഥ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ഞാനെഴുതുന്നത് 1986-ല്‍ ആണ്. അക്കേഷ്യ നട്ടുതുടങ്ങിയ കാലത്ത്. അക്കേഷ്യ പാടില്ല ഫലവൃക്ഷങ്ങളാണ് നടേണ്ടത് എന്ന് ആഖ്യാനിക്കുന്ന കഥ. അന്നു നട്ട അക്കേഷ്യ ഇന്ന് ചുടുകാട് പോലെ കേരളത്തെ മുഴുവന്‍ ഗ്രസിച്ചിരിക്കുന്നു! ആ കഥ എഴുതുമ്പോള്‍ കാര്യവട്ടം കാമ്പസില്‍ വിദ്യാര്‍ഥിയായിരുന്നു ഞാന്‍.

കാസര്‍കോടിന്റെ വേദനപേറുന്ന ഗ്രാമങ്ങളിലൊന്നായ എന്‍മകജെ താങ്കളുടെ നോവലിന്റെ കൂടി പേരാണ്. ഈയിടെ നടന്ന നിയമസഭാസമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് 'എന്‍മകജെ' ഉദ്ധരിച്ചുകൊണ്ടാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയത്. ദശാബ്ദങ്ങളായി താങ്കളും ഈ സമരമാര്‍ഗത്തിലുണ്ട്. എവിടെയാണ് നമ്മുടെ സിസ്റ്റത്തിന് പിഴവ് പറ്റിയിരിക്കുന്നത്? അത് എങ്ങനെ പരിഹരിക്കാമെന്നാണ് താങ്കള്‍ കരുതുന്നത്?

 ''വായനക്കാരെ മുഴുവന്‍ കരയിപ്പിച്ച നോവലാണ് എന്‍മകജെ'' എന്നും ''എല്ലാവരും വായിച്ചിരിക്കേണ്ട നോവലാണ്''എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി. നിയമസഭയിലിരിക്കുന്ന ഭൂരിപക്ഷം പേരും ആ നോവല്‍ വായിച്ചിട്ടുണ്ടാവാന്‍ സാധ്യതയില്ലെങ്കിലും. 'എന്‍മകജെ' എഴുതിയത് കാസര്‍കോട്ടെ സമരങ്ങള്‍ക്ക് ശക്തിപകരാന്‍ വേണ്ടിയാണ്. രണ്ട് ദശകമായി സമരങ്ങള്‍ക്ക് പിന്നാലെ നടക്കുന്ന ഒരാള്‍ എന്ന നിലയില്‍ അത് എന്റെ ഉത്തരവാദിത്വം കൂടിയായിരുന്നു. നിര്‍ഭാഗ്യവശാല്‍ കേരളം മാറിമാറി ഭരിച്ച ഭരണകൂടങ്ങള്‍ (വി.എസ്. സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ ദുരിതബാധിതര്‍ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്) ദുരിതബാധിതരോട് മനുഷ്യപ്പറ്റോടെയല്ല പെരുമാറിയത്. ആ ദുരവസ്ഥ ഇപ്പോഴും തുടരുന്നു. ഇതേക്കുറിച്ചൊക്കെ അറുപതിലധികം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. എന്തുകാര്യം!
  
 ഈ കൂട്ടക്കൊലയുടെയും പരിസ്ഥിതി വിനാശത്തിന്റെയും ഉത്തരവാദികള്‍ ഭരണകൂടം തന്നെ. അപ്പോള്‍ പിന്നെ നീതികിട്ടുമോ? വിഷം ഉല്പാദിപ്പിച്ചവരും തളിച്ചവരും തളിക്കാന്‍ ശുപാര്‍ശ ചെയ്തവരും അക്ഷന്തവ്യമായ അപരാധമാണ് പ്രവര്‍ത്തിച്ചത്. കുറ്റവാളികളെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതല്ലേ? വിഷംതളി നിര്‍ത്തിയിട്ട് രണ്ട് പതിറ്റാണ്ടായി. പക്ഷേ ഇന്നുവരെ ഒരാളെപ്പോലും നിയമത്തിന് മുന്നില്‍ ഹാജരാക്കിയിട്ടില്ല. പിന്നെയല്ലേ ശിക്ഷിക്കുന്ന കാര്യം! ദേശീയ മനുഷ്യാവകാശ കമ്മീഷനും സുപ്രീം കോടതിയുമൊക്കെ പറഞ്ഞ കാര്യങ്ങള്‍ പോലും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ താല്പര്യം കാണിക്കുന്നില്ല. നല്ല ചികിത്സാലയങ്ങള്‍ ഒരുക്കുന്നില്ല. നല്ല ഡോക്ടര്‍മാരില്ല. നല്‍കുന്ന തുച്ഛമായ പെന്‍ഷന്‍ തന്നെ കൂടെക്കൂടെ മുടങ്ങുന്നുണ്ട്. ഇരകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യേണ്ട 'സെല്‍' നിലച്ചിട്ട് വര്‍ഷം രണ്ടായി. എന്‍ഡോസള്‍ഫാന്‍ പച്ചവെള്ളം പോലെ നിരുപദ്രവകരമാണെന്ന് പറയുന്ന ഒരു കലക്ടറെ ഇടതുപക്ഷം എന്തിനാണ് മൂന്നുവര്‍ഷം കാസര്‍കോട്ട് ഇരുത്തിയത്? ഇരകളോട് വലിയ അനീതി കാണിച്ചിട്ടാണ് അദ്ദേഹം  തിരിച്ചുപോയത്. പ്രതിപക്ഷത്തിനുപോലും ഈ നിയമത്തിനെതിരെ ശബ്ദിക്കാനായില്ല. 'സെല്ലി'ലെ ചില ഉദ്യോഗസ്ഥന്മാര്‍ അമ്മമാരോട് വളരെ നികൃഷ്ടമായിട്ടാണ് പെരുമാറിയിരുന്നത്. മനുഷ്യപ്പറ്റുള്ളവരെ വേണം സെല്ലില്‍ നിയോഗിക്കാന്‍. പിന്നെ ചികിത്സയും യഥാര്‍ഥ നഷ്ടപരിഹാരവും പുനരധിവാസവും എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാക്കണം, ഒന്നും വേണ്ടവിധം നടക്കുന്നില്ല.

endosulfan godowm
പെരിയയിലെ എന്‍ഡോസള്‍ഫാന്‍ ഗോഡൗണ്‍

എന്‍ഡോസള്‍ഫാന്‍ പീഡിതര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ രണ്ടായി പിരിഞ്ഞുവെന്നും രണ്ട് വ്യത്യസ്ത സംഘടനകളായി പ്രവര്‍ത്തിക്കുന്നു എന്നും കേള്‍ക്കുന്നത് ശരിയാണോ?

 എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് നിരവധി സംഘടനകള്‍ ആദ്യകാലം മുതലേ രംഗത്തുണ്ടായിരുന്നു. ഏത് വലിയ വിഷയത്തിലും ഇങ്ങനെ നമ്മള്‍ കണ്ടിട്ടുണ്ട്. ഒരു ആവശ്യത്തിനു വേണ്ടി നിരവധി സംഘടനകള്‍ ഉണ്ടാകുന്നത് ദോഷമല്ല, നല്ലതാണ്. രണ്ടായി പിരിഞ്ഞുവെന്നതൊക്കെ ഊഹാപോഹങ്ങളാണ്. ഒരു ദശകക്കാലമായി പീഡിതമുന്നണി കാസര്‍കോട്ടും തിരുവനന്തപുരത്തുമായി ഐതിഹാസികമായ, സമാനതകളില്ലാത്ത നൂറ് കണക്കിന് സമരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അമ്മമാരുടെ വലിയ ഒരു നിരയാണ് പീഡിതമുന്നണിയുടെ ശക്തി. അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളവര്‍ ഉണ്ടാകാം. അത് എവിടെയും അങ്ങനെയാണല്ലോ. എല്ലാ കാലത്തും അങ്ങനെയാണല്ലോ.
 
 കഴിഞ്ഞദിവസം ആരോഗ്യമന്ത്രി കോഴിക്കോട് കിനാലൂര്‍ വ്യവസായഭൂമി സന്ദര്‍ശിച്ചുകൊണ്ട് പറഞ്ഞത് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ എയിംസിനുള്ള സ്ഥലസൗകര്യം ഇവിടെ ഒരുക്കും എന്നാണ്. താങ്കള്‍ പലതവണ ആവശ്യമുന്നയിച്ചത് എയിംസ് കാസര്‍കോട് വേണമെന്നാണ്. കാസര്‍കോടുകാരുടെ ശബ്ദത്തിന് ദൃഢത പോരാ എന്നാണോ മനസ്സിലാക്കേണ്ടത്? 

എയിംസിന് അര്‍ഹത ഇന്നത്തെ സാഹചര്യത്തില്‍ കാസര്‍കോടിന് മാത്രമാണ്. സൂപ്പര്‍സ്‌പെഷ്യാലിറ്റികളും മെഡിക്കല്‍കോളേജുകളും നിരവധിയുള്ള കോഴിക്കോട്ട് അത് സ്ഥാപിക്കുന്നത്, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഏറെയുള്ള കാസര്‍കോടിനെ ഒഴിവാക്കുന്നത് വലിയ അപരാധമാണ്. വരാനിരിക്കുന്ന തലമുറകളും കാലവും ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാരിനെ ചോദ്യം ചെയ്യും.

 ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ഇവിടെ വന്ന് കാര്യങ്ങളൊക്കെ ബോധ്യപ്പെട്ടതാണ്. അവരുടെ കൂടെയുണ്ടായ ഭര്‍ത്താവിന് പെട്ടെന്ന് അസ്വാസ്ഥ്യം ഉണ്ടായപ്പോള്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. വൈകാതെ  കണ്ണൂര്‍ ജില്ലയിലെ മെഡിക്കല്‍ കോളേജിലേക്കും. ഇത് തന്നെ കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കാസര്‍കോട്ടെ ആരോഗ്യരംഗത്തെ അപര്യാപ്തതകളെക്കുറിച്ചും കുഞ്ഞുങ്ങള്‍ ചികിത്സ കിട്ടാതെ അനുഭവിക്കുന്ന വൈഷമ്യങ്ങളെക്കുറിച്ചും ഞാന്‍ എത്രയോ ലേഖനങ്ങളില്‍ എഴുതിയിട്ടുണ്ട്. ഇപ്പോള്‍ മന്ത്രി വന്നിട്ട് 2013-ല്‍ തറക്കല്ലിട്ട മെഡിക്കല്‍ കോളേജ് ഉടന്‍ പ്രവര്‍ത്തിച്ചുതുടങ്ങും എന്ന് പറഞ്ഞിരിക്കുന്നു. ഞങ്ങള്‍ക്ക് വിശ്വാസം വരുന്നില്ല. രണ്ട് കൊല്ലം മുമ്പ് ശൈലജ ടീച്ചര്‍ ഉടനെ ഒ.പി പ്രവര്‍ത്തിച്ചുതുടങ്ങും എന്ന് പ്രഖ്യാപിച്ചതാണ്! ഇങ്ങനെയാണെങ്കില്‍ കാസര്‍കോടിനെ കര്‍ണാടകയോട് ചേര്‍ക്കുന്നതാണ് നല്ലത്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ജാഥ തുടങ്ങാനുള്ള സ്ഥലമാണോ കാസര്‍കോട്? ക്രിമിനലുകളെ സ്ഥലം മാറ്റാനുള്ള സ്ഥലമാണോ? കാസര്‍കോട് എന്താ സ്ത്രീധനം കിട്ടിയതാണോ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക്?

 കാസര്‍കോട്ടെ രാഷ്രീയ നേതാക്കളുടെ കഴിവില്ലായ്മ തന്നെയാണ് എയിംസിന് പരിഗണിക്കപ്പെടാത്തതിന്റെ കാരണം. ഒരു ലേഖനത്തില്‍ ഞാന്‍ എഴുതിയത് പോലെ, കാസര്‍കോട്ടെ അഞ്ച് എം.എല്‍.എ.മാരും എംപിയും പ്രമുഖ രാഷ്ട്രീയ നേതാക്കളും നിയമസഭാ കവാടത്തില്‍ നിരാഹാരമിരിക്കട്ടെ, അവര്‍ക്ക് ഈ നാടിനോട് അല്പമെങ്കിലും സ്‌നേഹമുണ്ടെങ്കില്‍.
 ജനങ്ങള്‍ ഉണര്‍ന്നിട്ടുണ്ട്. 17ന് കാസര്‍കോട് നടന്ന ബഹുജന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ജില്ലയിലെ ഓരോ മനുഷ്യനും പറയും എയിംസ് ഇവിടെത്തന്നെ വേണം എന്ന്. രാഷ്ട്രീയ നേതാക്കള്‍ മൗനം വെടിയണം.

മാറിവരുന്ന ഭരണകൂടവും കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷനും കേരളകാര്‍ഷിക സര്‍വകലാശാലയും തോട്ടവിളഗവേഷണകേന്ദ്രവും ഉത്തരവാദികളായ കൂട്ടക്കുരുതിയായി കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ താങ്കള്‍ കാണുന്നു. ഉദ്യോഗസ്ഥഭരണത്തിന് ഈ കളിയില്‍ എന്തുപങ്കാണ് ഉള്ളത്?

ഭരണകൂടഭീകരതയാണ് കാസര്‍കോട്ട് അരങ്ങേറിയത് എന്ന് വെറുതെ പറയുന്നതല്ല. പാലിക്കേണ്ടതായ എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് കാല്‍നൂറ്റാണ്ട് കാലം പതിനൊന്ന് പഞ്ചായത്തിനുമേല്‍ ഈ വിഷം തളിച്ച കേരള പ്ലാന്റേന്‍ കോര്‍പ്പറേഷന്‍ കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ളതാണ്. വിഷം ഉദ്പാദിപ്പിച്ചത് കേന്ദ്ര സര്‍ക്കാറിന്റെ പൊതുമേഖലാ സ്ഥാപനം! ഒരിക്കലും പാടില്ലാത്ത വിധം വെള്ളക്കെട്ടുകളുള്ള, നിരവധി ചാലുകളും നദികളുമുള്ള ഒരു പ്രദേശത്ത് നീണ്ടകാലം വിഷം തളിക്കാന്‍ ശുപാര്‍ശ ചെയ്തത് കേരള കാര്‍ഷിക സര്‍വകലാശാലയും കാസര്‍കോട്ടെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും ചേര്‍ന്നിട്ടാണ്. ആ ശുപാര്‍ശ നല്‍കിയവര്‍ തീര്‍ച്ചയായും കാസര്‍കോട്ടെ കൂട്ടക്കൊലയിലെ പ്രതികളാണ്. 

നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, തോട്ടവിള ഗവേഷണ കേന്ദ്രത്തിലിരുന്ന് അത് ശുപാര്‍ശ ചെയ്ത ഒ.പി ദുബെ ആണ് പില്‍ക്കാലത്ത് കമ്മീഷന്‍ ചെയര്‍മാനായി വന്ന് എന്‍ഡോസള്‍ഫാനെ വിമുക്തമാക്കിയത്. കമ്മിറ്റിയിലെ അംഗങ്ങള്‍ അനുകൂലിക്കാതിരുന്ന, ഒപ്പിടാതിരുന്ന ആ റിപ്പോര്‍ട്ടാണ് കേന്ദ്രസര്‍ക്കാര്‍ വിലമതിച്ചത്! എതിരായി റിപ്പോര്‍ട്ട് നല്‍കിയ വിദഗ്ധരടങ്ങിയ നിരവധി കമ്മറ്റി റിപ്പോര്‍ട്ടുകളെ അവഗണിക്കുകയും ചെയ്തു. അതുപോലെതന്നെയാണ് കേരള കാര്‍ഷിക സര്‍വകലാശാലകളിലെ അബ്ദുള്‍സലാം കമ്മറ്റിയും വന്ന് പഠിച്ച് എന്‍ഡോസള്‍ഫാനെ പാലുംവെള്ളമാക്കിയത്.  അത് കൊണ്ടാണ് കൃഷി അധ്യാപകരായ ചിലരും കൃഷി അധ്യാപകനായിരുന്ന മുന്‍ കലക്ടര്‍ സജിത് ബാബുവും എന്‍ഡോസള്‍ഫാന്‍ അമൃതാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്. പാവങ്ങളുടെ നെഞ്ചത്ത് കേറി, നിലവിളിക്കുന്ന കുഞ്ഞുങ്ങളുടെ നേര്‍ക്ക് തുപ്പുകയാണ്, വിളയാടുകയാണ് കരുണയില്ലാത്ത ബ്യൂറോക്രസി. 

mother of an endosulfan victim
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തില്‍ മരിച്ച ശരണ്യയുടെ അമ്മ

ഓരോ വീട്ടിലും ഒരു എന്‍ഡോസള്‍ഫാന്‍ ഇര എന്ന തോതില്‍ ഗ്രാമങ്ങള്‍ വലയുന്ന കാഴ്ചയാണുള്ളത്. എങ്ങനെയാണ് ഇവരുടെ ജീവിതമാര്‍ഗങ്ങള്‍ നിവര്‍ത്തിച്ചുപോരുന്നത്? കുടുംബങ്ങളിലെ ആത്മഹത്യാനിരക്കുകള്‍ എവ്വിധമാണ്. പ്രധാനമായും ഏതുവിഭാഗത്തെയാണ് ദുരന്തം വിടാതെ പിന്‍തുടര്‍ന്നിരിക്കുന്നത്?

 സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളെയാണ് ദുരന്തം ഏറ്റവും ബാധിച്ചിട്ടുള്ളത്. അതിര്‍ത്തി ഗ്രാമങ്ങളിലുള്ള പട്ടികജാതി-പട്ടികവര്‍ഗ്ഗ-ആദിവാസി വിഭാഗങ്ങളിലെ നിരവധി ആളുകള്‍ ദുരന്തത്തിനിരയായിട്ടുണ്ട്. പല മരണങ്ങളും ആരും അറിയാതെ പോകുന്നുണ്ട്. അഞ്ജലി എന്ന പെണ്‍കുട്ടിയെ എട്ട് വര്‍ഷമായി ഇരുമ്പ് അഴികള്‍ക്കുള്ളിലാണ് പൂട്ടി വളര്‍ത്തുന്നത് എന്ന ഞെട്ടിപ്പിക്കുന്ന വസ്തുത 'മാതൃഭൂമി' ഈയടുത്ത ദിവസമാണ് പുറത്തുകൊണ്ടുവന്നത്. അതിനു പിന്നാലെ കാലില്‍ ചങ്ങലയിട്ട് കെട്ടിയ ആണ്‍കുട്ടിയുടെ ദുരന്തജീവിതവും പുറത്ത് വരികയുണ്ടായി. മെഡിക്കല്‍ ക്യാമ്പുകള്‍  നടക്കാത്തതുകൊണ്ട് ചെറിയ കുഞ്ഞുങ്ങള്‍ ലിസ്റ്റില്‍ പെടുന്നില്ല. പെന്‍ഷനും നഷ്ടപരിഹാരവും ചികിത്സയും കിട്ടാതെ പോകുന്നു. ഉദാഹരണം എത്രവേണമെങ്കിലും നിരത്താം.

ബാര ഗ്രാമത്തിന്റെ സന്തതിയായ താങ്കളുടെ കുടുംബപശ്ചാത്തലത്തെക്കുറിച്ച്

 കാസര്‍കോട് ജില്ലയിലെ ബാര എന്ന കുഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. ആ കുഗ്രാമപ്രകൃതിയും അവിടത്തെ മനുഷ്യജീവിതവും എന്റെ രചനകള്‍ക്ക് വേരും വളവുമായിത്തീര്‍ന്നിട്ടുണ്ട്. എന്റേത് ഒരു കര്‍ഷക കുടുംബമാണ്. കുട്ടിക്കാലം മുതല്‍ മണ്ണിലും ചളിയിലും 'പെരങ്ങി' നടന്നിട്ടുണ്ട്. എന്റെ അച്ഛനെപ്പോലെ 'കൃഷിപ്രാന്ത'നായ മറ്റൊരു മനുഷ്യനെ കണ്ടിട്ടില്ല. നഷ്ടമായാലും ലാഭമായാലും ഓരോ കൃഷികള്‍ ഇറക്കിക്കൊണ്ടിരിക്കും. നിരവധി ജോലിക്കാര്‍ക്കിടയില്‍ കുട്ടിക്കാലത്തും കൗമാര-യൗവ്വനകാലത്തുമൊക്കെ വയലുകളില്‍ നടന്നതും ചെറിയ ചെറിയ ജോലികളില്‍ ഭാഗവാക്കായതുമൊക്കെ മറക്കാന്‍ പറ്റാത്ത അനുഭവങ്ങളാണ്. പല കഥകളിലും ഈ പ്രകൃതി പശ്ചാത്തലം നന്നായി വന്നിട്ടുണ്ട്. പക്ഷേ പരിസ്ഥിതിബോധം എം.എ.യ്ക്ക് പഠിക്കുന്ന കാലം തൊട്ടാണ് പതുക്കെപ്പതുക്കെ കടന്നുവരുന്നത്.

 തെയ്യങ്ങളുടെ നാടാണ് ഞങ്ങളുടേത്. എങ്ങോട്ട് തിരിഞ്ഞാലും നടന്നാലും തെയ്യങ്ങളുടെ കാവുകളും പള്ളിയറകളും തറവാടുകളുമാണ്. എണ്ണിയാല്‍ തീരാത്ത അത്രയും തെയ്യങ്ങള്‍ കളിയാട്ടനാളുകളില്‍ ഞങ്ങളെ അനുഗ്രഹിക്കാനെത്തി. കുടുംബത്തെക്കുറിച്ച് പറയുമ്പോള്‍ ഈ തെയ്യങ്ങള്‍ കൂടി ഉള്‍പ്പെടുന്ന ഒരു വലിയ കുടുംബമാണ് എന്റേത് എന്ന് പറയാം.

 ഞങ്ങള്‍ പന്ത്രണ്ട് മക്കളാണ്. മൂത്ത സഹോദരന്‍ ബാലകൃഷ്ണന്‍ മാങ്ങാട് കുറെ കഥകളും നോവലുകളും എഴുതിയിട്ടുണ്ട്. പ്രശസ്തനായ പത്രപ്രവര്‍ത്തകനായിരുന്നു. എന്റെ ഭാര്യ രഞ്ജിനി ചെന്നൈയില്‍ എല്‍.ഐ.സി.യില്‍ ഓഫീസറായി ജോലി ചെയ്യുന്നു. എന്റെ രചനകളുടെയെല്ലാം ആദ്യ വായനക്കാരി അവളാണ്. മകള്‍ മാളവിക ഭര്‍ത്താവിനൊപ്പം അബുദാബിയില്‍ ജോലിചെയ്യുന്നു. മകന്‍ ശിവന്‍ ജപ്പാനിലാണ് ജോലി ചെയ്യുന്നത്.

 താങ്കളിപ്പോള്‍ ചെന്നൈയിലാണ് താമസമാക്കിയിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ സമരങ്ങളുടെ നേതൃനിരയിലുള്ളപ്പോള്‍ ഈ താമസമാറ്റം അനിവാര്യമായിരുന്നോ? താങ്കളെ ആശ്രയിക്കുന്നവര്‍ക്ക് ഓടിയെത്താനുള്ള ദൂരത്തല്ല ഉള്ളത്

 സ്ഥിരവാസമല്ല. ഏതാനും മാസത്തേക്കുള്ള താമസം മാത്രമാണ്. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, മുനീസ അമ്പലത്തറ തുടങ്ങിയ പ്രമുഖ സമരനേതാക്കള്‍ അവിടെ തന്നെ ഉണ്ടല്ലോ. അവരെപ്പോലെയൊന്നും ഞാന്‍ ഒരിക്കലും ഗ്രാമങ്ങളില്‍ സഞ്ചരിച്ചിട്ടില്ല. കൂടുതലും എഴുത്തിലൂടെയാണ് ഞാന്‍ സമരപ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തിയത്. പിന്നെ കൊറോണക്കാലത്ത് ഭൗതികമായി അധികം പങ്കെടുക്കേണ്ട സാഹചര്യവും ഇല്ലല്ലോ. ധാരാളം ഗൂഗിള്‍ മീറ്റുകള്‍ ഈ വിഷയത്തില്‍ നടക്കുന്നുണ്ട്. അതില്‍ പറ്റുന്നതിലൊക്കെ ചെന്നൈയിലിരുന്നുകൊണ്ട് തന്നെ പങ്കെടുക്കുന്നുണ്ട്. ഇടക്കിടെ നാട്ടിലെത്തി 'സ്‌നേഹവീട്ടി'ല്‍ പോകുന്നുണ്ട്. കഴിഞ്ഞമാസം എന്‍ഡോസള്‍ഫാന്‍ അശാസ്ത്രീയമായി നിര്‍വ്വീര്യമാക്കാന്‍ ശ്രമിച്ച ഗോഡൗണിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചില്‍ ഞാനും പങ്കെടുക്കുകയുണ്ടായി. ചികിത്സയ്ക്ക് വേണ്ടി പലരേയും ഇവിടെ ഇരുന്ന് കൊണ്ട് തന്നെ സഹായിക്കുന്നുണ്ട്. ഫോണിലൂടെ അപ്പപ്പോള്‍ വൈഷമ്യമനുഭവിക്കുന്നവരുമായും മാധ്യമപ്രവര്‍ത്തകരുമായും ബന്ധപ്പെടുന്നുണ്ട്.

Content Highlights : endosulfan kasargod issue interview with ambikasuthan mangad