'ഖസാക്കിന്റെ ഇതിഹാസം ഉള്‍പ്പെടെ ഒ.വി. വിജയന്‍ ഒട്ടുമിക്ക കൃതികളും പ്രസിദ്ധീകരണത്തിനയയ്ക്കുംമുമ്പ് എനിക്ക് വായിക്കാന്‍ തന്നിരുന്നു' -പറയുന്നത് ഡല്‍ഹി സര്‍വകലാശാലയില്‍ മലയാളം അധ്യാപകനായിരുന്ന ഡോ. ഒ.എം. അനുജന്‍. ഡല്‍ഹിയില്‍ ജോലിയിലിരുന്ന 30 കൊല്ലം അവിടത്തെ മലയാള സാഹിത്യകാരന്മാരുള്‍പ്പെട്ട സാഹിതീസഖ്യത്തില്‍ വെള്ളിയാഴ്ചതോറും നടന്ന സാഹിത്യചര്‍ച്ചകള്‍ ഇപ്പോഴും അദ്ദേഹത്തിന്റെ ഓര്‍മകളെ സമ്പന്നമാക്കുന്നു. ഒ.വി. വിജയനുപുറമേ വി.കെ.എന്‍., എം.പി. നാരായണപിള്ള, എം. മുകുന്ദന്‍ എന്നിങ്ങനെ ഡല്‍ഹിയിലുണ്ടായിരുന്ന സാഹിത്യകാരന്മാരെല്ലാം കുടുംബസുഹൃത്തുക്കളായിരുന്നു. മലയാളത്തിലും കഥകളിയിലും ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ഉപദേഷ്ടാവായവര്‍ അധികം കാണില്ല.
വേദ-സാഹിത്യ പൈതൃകത്തിനും കലകളെ പ്രോത്സാഹിപ്പിക്കുന്നതിനും പേരുകേട്ട ഒളപ്പമണ്ണ മനയില്‍ 1928 ജൂലായ് ഇരുപതിനാണ് ഒ.എം.അനുജന്റെ ജനനം. ഉപനയനം, സമാവര്‍ത്തനം എന്നിവയ്ക്കുശേഷം പത്താംവയസ്സിലാണ് ആദ്യമായി സ്‌കൂളില്‍ ചേരുന്നത്, ഒറ്റപ്പാലത്ത്; മൂന്നാംഫോറത്തില്‍ ഇന്നത്തെ ഏഴാം ക്ലാസില്‍. ചിത്രഭാനു എന്നാണ് ഇട്ടപേര്. അത് ഇന്നാര്‍ക്കും അധികം അറിയില്ല. അച്ഛനമ്മമാരുടെ എട്ടുമക്കളില്‍ ഏറ്റവും ഇളയവന്‍. ആറ് സഹോദരന്‍മാര്‍ക്കും ഒരു സഹോദരിക്കും അനുജന്‍. സ്‌കൂളിലും മറ്റൊരുപേര് വേണ്ടെന്ന് കുട്ടി പറഞ്ഞു. അങ്ങനെ ഒ.എം. അനുജന്‍ എന്ന പേരില്‍ സ്‌കൂളില്‍ചേര്‍ന്നു.
കഥകളിചരിത്രമുള്ള ഒളപ്പമണ്ണ മനയുടെയും കലാരംഗത്ത് സവിശേഷസ്ഥാനമുണ്ടായിരുന്ന മാതൃഗൃഹമായ വടക്കാഞ്ചേരി മനയുടെയും പാരമ്പര്യവും ഇതിനെല്ലാം ഒ.എം. അനുജന് തുണയായി. ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് വിരമിച്ചശേഷം പത്‌നി സാവിത്രിക്കൊപ്പം എറണാകുളത്ത് വൈറ്റിലയ്ക്കടുത്ത് ഫേണ്‍ ഐക്കണ്‍ അപ്പാര്‍ട്ട്മെന്റില്‍ വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം. വത്സല, സുജ, ശ്രീലത എന്നിവര്‍ മക്കളാണ്.
മലയാളം അധ്യാപകനായുള്ള ഡല്‍ഹിവാസം ജീവിതത്തെ എങ്ങനെ സ്വാധീനിച്ചു ?
മലയാളത്തിലെ മുന്‍നിരസാഹിത്യകാരന്മാര്‍ പലരും അന്ന് ഡല്‍ഹിയിലുണ്ട്. ഒ.വി. വിജയന്‍, വി.കെ.എന്‍., എം.പി. നാരായണപിള്ള, എം. മുകുന്ദന്‍ എന്നിങ്ങനെ ഒട്ടേറെപ്പേര്‍. അവരുമായും മറ്റുഭാഷകളിലെ സാഹിത്യകാരന്മാരുമായുള്ള ആശയസംവാദം ജീവിതവീക്ഷണത്തെ ഏറെ വിശാലമാക്കി. കേരളാക്ലബ്ബില്‍ സാഹിതീസഖ്യമെന്ന പേരില്‍ ഞങ്ങള്‍ കുറേപ്പേര്‍ എല്ലാ വെള്ളിയാഴ്ചയും ഒത്തുകൂടും. ഓരോരുത്തരും കവിതയോ കഥയോ നോവലോ അവിടെ അവതരിപ്പിക്കും. മറ്റുള്ളവര്‍ അഭിപ്രായം പറയും. ഖസാക്കിന്റെ ഇതിഹാസം പൂര്‍ണമായി വിജയന്‍ അവിടെ വായിച്ച് ചര്‍ച്ചചെയ്തതാണ്.
എം.പി. എന്ന നിലയില്‍ ജി. ശങ്കരക്കുറുപ്പും എസ്.കെ. പൊറ്റെക്കാട്ടുമൊക്കെ ഡല്‍ഹിയിലെത്തുമ്പോള്‍ ഈ കൂട്ടായ്മയുടെ ഭാഗമായിരുന്നു. കേരളത്തിന്റെ സാംസ്‌കാരികപാരമ്പര്യം രാഷ്ട്രത്തിനുമാത്രമല്ല, ലോകത്തിനുമുന്നില്‍ത്തന്നെ ഉയര്‍ത്തിപ്പിടിക്കാന്‍ സാധിച്ചെന്ന സന്തോഷമുണ്ട്. ഡല്‍ഹിയില്‍ ഇന്റര്‍നാഷണല്‍ കഥകളി സെന്റര്‍ തുടങ്ങുന്നതിന്റെ തുടക്കക്കാരിലൊരാളാവാന്‍ സാധിച്ചു. സര്‍ദാര്‍ കെ.എം. പണിക്കരായിരുന്നു അതിന്റെ ആദ്യപ്രസിഡന്റ്. ഉദ്ഘാടനം അന്ന് രാഷ്ട്രപതിയായിരുന്ന ബാബു രാജേന്ദ്രപ്രസാദ്. കളിവിളക്കിന് ആദ്യതിരി കൊളുത്താന്‍, കഥകളിയെ എന്നും പരിപോഷിച്ച പാരമ്പര്യമുള്ള വെള്ളിനേഴി ഒളപ്പമണ്ണ മനയിലെ അംഗം എന്ന നിലയില്‍ എനിക്ക് അവസരംകിട്ടി. ഒട്ടേറെ പേര്‍ ഇപ്പോഴും അവിടെ കഥകളി അഭ്യസിക്കുന്നുണ്ട്; അവിടത്തെ കളിയരങ്ങുകളിലൂടെ ഇതരസംസ്ഥാനക്കാര്‍ മാത്രമല്ല വിദേശികളും അദ്ഭുതാദരങ്ങളോടെ കഥകളിയെ അറിയുന്നു.
കഥകളി സെന്ററിനുവേണ്ടി മേഘസന്ദേശം, ഉര്‍വശി പുരൂരവസ്, യയാതി, ഭാരതസ്ത്രീകള്‍തന്‍ ഭാവശുദ്ധി തുടങ്ങിയ ആട്ടക്കഥകളെഴുതി. മേഘസന്ദേശം കാളിദാസന്റെ ജന്മസ്ഥലമായ ഉജ്ജൈനിയില്‍വരെ അവതരിപ്പിക്കാന്‍ അവസരം കിട്ടി. ഔദ്യോഗികതലത്തില്‍ ഉന്നതരായ പലരുമായും പരിചയപ്പെടാനും സൗഹൃദം സ്ഥാപിക്കാനുമായി. റഷ്യ, ചെക്കോസ്ലോവാക്യ, പോളണ്ട് എന്നീ രാജ്യങ്ങളില്‍ മറ്റുസംസ്ഥാനങ്ങളില്‍നിന്നുള്ള സാഹിത്യകാരന്മാര്‍ക്കൊപ്പം സാംസ്‌കാരികപര്യടനത്തിനും അവസരം കിട്ടി.
ജി. ശങ്കരക്കുറുപ്പിന് ആദ്യ ജ്ഞാനപീഠം പുരസ്‌കാരം ലഭിക്കുന്നത് അക്കാലത്താണ്. അദ്ദേഹത്തിന് ഡല്‍ഹി സര്‍വകലാശാലയില്‍ സ്വീകരണം നല്‍കണമെന്നായി അന്ന് വൈസ് ചാന്‍സലറായിരുന്ന സി.ഡി.ദേശ്മുഖ്. നല്ലൊരു ചടങ്ങായിരുന്നു അത്. മലയാള സാഹിത്യ രംഗത്ത് ഏതുകാലഘട്ടത്തില്‍ വരുന്നയാളാണ് ജി. ശങ്കരക്കുറുപ്പ് എന്നതുള്‍പ്പെടെ അടയാളപ്പെടുത്തി അദ്ദേഹത്തെ പരിചയപ്പെടുത്തുന്ന വിവരണം തയ്യാറാക്കിയത് ഞാനാണ്. 20 പേജുവരുന്ന ആ പുസ്തകം സര്‍വകലാശാല ബൈന്‍ഡ് ചെയ്ത് ചടങ്ങിനെത്തിയവര്‍ക്കെല്ലാം നല്‍കിയിരുന്നു.
ഗവേഷണത്തിന് ഗൈഡായത് സര്‍ദാര്‍ കെ.എം. പണിക്കരാണെന്ന് കേട്ടിട്ടുണ്ട്. അതെങ്ങനെയായിരുന്നു ?
ഡല്‍ഹി സര്‍വകലാശാലയില്‍ പഠിക്കുമ്പോഴാണ് ഗവേഷണബിരുദത്തിന് വഴിയൊരുങ്ങിയത്. മലയാള വൃത്തശാസ്ത്രത്തിലെ ഗവേഷണത്തിനായിരുന്നു താത്പര്യം. അക്കാലത്ത് ഡോ. കെ.എം.ജോര്‍ജ് ഡല്‍ഹിയില്‍ സാഹിത്യ അക്കാദമിയിലെത്തി. ഗവേഷണത്തിന് വഴികാട്ടിയായി അദ്ദേഹത്തിന്റെ പേരുവെക്കാന്‍ സമ്മതം ലഭിച്ചു.
എന്നാല്‍, വൈകാതെ അദ്ദേഹം ചെന്നൈക്കുപോയി. അതോടെ ഗൈഡായി മറ്റൊരാള്‍ വേണമെന്നായി. ഫ്രാന്‍സില്‍ അംബാസഡറായിരുന്ന സര്‍ദാര്‍ കെ.എം. പണിക്കര്‍ അക്കാലത്ത് ഡല്‍ഹിയില്‍ തിരിച്ചെത്തി. പാരീസില്‍വെച്ച് ഹൃദയാഘാതം വന്നതോടെയായിരുന്നു അത്. മുമ്പ് ബിക്കാനീറിലെ ദിവാനായപ്പോഴാണ് അദ്ദേഹത്തിന് സര്‍ദാര്‍ എന്ന പട്ടം കിട്ടിയത്. വള്ളത്തോളിന്റെ ശൈലിയില്‍ കവിതയെഴുതുന്ന അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. ഗൈഡാകാന്‍ അദ്ദേഹം തയ്യാറായി. പിന്നീട് രാജ്യസഭാംഗമായപ്പോഴും ശ്രീനഗറിലും മൈസൂരിലുമുള്ള സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലറായി പോയപ്പോഴും അദ്ദേഹം ഗവേഷണഉപദേഷ്ടാവായി തുടര്‍ന്നു.
മൈസൂരിലായിരിക്കേയാണ് അദ്ദേഹത്തിന്റെ ആകസ്മികമരണം. അപ്പോഴേക്കും ഗവേഷണപ്രബന്ധം തയ്യാറായിരുന്നു. അന്ന് ഡല്‍ഹി സര്‍വകലാശാലയിലെ ഭാഷാവിഭാഗം തലവന്‍ ഡോ. ആര്‍.കെ. ദാസ് ഗുപ്ത സഹായിക്കാന്‍ തയ്യാറായി. ഗവേഷണം ഒപ്പിട്ടുനല്‍കാം. പക്ഷേ, എല്ലാം ഇംഗ്ലീഷിലാക്കി എനിക്ക് വായിക്കാന്‍ തരണം. പ്രബന്ധവിവര്‍ത്തനം ഒരു വിഷമമേ ആയില്ല. അങ്ങനെ പിഎച്ച്.ഡി. ബിരുദമായി.
പുരാണങ്ങളെ ആസ്പദമാക്കിയുള്ള ആട്ടക്കഥകളുടെ കാലത്ത് വള്ളത്തോളിന്റെ കവിതയെ ആസ്പദമാക്കിയൊരു ആട്ടക്കഥ 'ഭവദേവചരിതം'. അങ്ങനെയൊരു ശ്രമത്തിന് കാരണമെന്തായിരുന്നു ?
ഒളപ്പമണ്ണയിലെ കുട്ടിക്കാലത്ത് ചുറ്റും കഥകളിയും കവിതയുമാണ്. ഋഗ്വേദഭാഷാഭാഷ്യം രചിച്ച ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാട് അന്ന് കവിതയെഴുതുമായിരുന്നു. ജ്യേഷ്ഠസഹോദരന്‍ മഹാകവി ഒളപ്പമണ്ണയും ഒപ്പം ഞാനും കവിതയെഴുതിത്തുടങ്ങി. കഥകളിയെക്കുറിച്ചും കലാണ്ഡലം ആരംഭിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചയ്ക്കായി വള്ളത്തോള്‍ ഇടയ്ക്കിടെ ഒളപ്പമണ്ണയില്‍ വരും. അദ്ദേഹത്തിന്റെ ഒരു കവിതയില്‍ കഥകളിക്ക് പറ്റിയ നാടകീയരംഗങ്ങളുണ്ടെന്നുതോന്നി. കഥകളിയുടെ ഘടനയോട് ചേര്‍ന്നുനില്‍ക്കുന്നതാണ് പൊതുവേ വള്ളത്തോളിന്റെ കവിതകള്‍ എന്നുപറയാം. എന്നാല്‍, ആട്ടക്കഥയില്‍ കവിതയിലെ വരികളൊന്നും ഉപയോഗിച്ചിട്ടില്ല. ചെമ്പൈയുടെ ശിഷ്യനായ ജ്യേഷ്ഠന്‍ ഒ.എം.വി. നമ്പൂതിരിപ്പാടും കലാമണ്ഡലം നമ്പീശനും രാഗവും താളവും ശരിയാക്കാന്‍ സഹായിച്ചു.
വാഴേങ്കട കുഞ്ചുനായര്‍, ബാലകൃഷ്ണന്‍, രാമന്‍കുട്ടിനായര്‍ തുടങ്ങിയവരാണ് അതില്‍ വേഷമിട്ടത്. പാടാന്‍ നമ്പീശന്‍, ചെണ്ടയും മദ്ദളവും കൃഷ്ണന്‍കുട്ടിപ്പൊതുവാളും അപ്പുക്കുട്ടിപ്പൊതുവാളും. ഒളപ്പമണ്ണയില്‍ത്തന്നെയായിരുന്നു ആദ്യ അരങ്ങ്. പിന്നെ ഒറ്റപ്പാലം സ്‌കൂളിന്റെ അമ്പതാം വാര്‍ഷികത്തിനും തൃശ്ശൂരിലുമൊക്കെയായി പത്തോളം അരങ്ങുകള്‍. അക്കാലത്തിറങ്ങിയ ആട്ടക്കഥകളുടെ സമാഹാരത്തില്‍ ഭവദേവചരിതവും സ്ഥാനംപിടിച്ചിട്ടുണ്ട്.

ആട്ടക്കഥ എഴുതി അരങ്ങിലെത്തിക്കല്‍ വൈദഗ്ധ്യംവേണ്ട ജോലിയല്ലേ ?
മൂത്തസഹോദരന്‍ ഒ.എം.വി. നമ്പൂതിരിപ്പാടിനെ സംഗീതംപഠിപ്പിക്കാന്‍ അന്ന് ചെമ്പൈ വൈദ്യനാഥഭാഗവതര്‍ വന്നിരുന്നു. എല്ലാ ക്ലാസും അടുത്തിരുന്നുകേട്ട് സംഗീതം ആസ്വദിക്കാനുള്ള ഗ്രാഹ്യം നേടി. പിന്നീട് ജ്യേഷ്ഠന്‍ എന്നെ സംഗീതം അഭ്യസിപ്പിക്കുകയുംചെയ്തു. സംഗീതവിദ്യാര്‍ഥിയായി കൂടെയുണ്ടായിരുന്നത് പിന്നീട് കഥകളിക്കുള്ള ചെണ്ടവായനയില്‍ അഗ്രഗണ്യനായ കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍. സപ്തസ്വരവും വര്‍ണവുമായതോടെ പഠനം നിലച്ചെങ്കിലും മനസ്സില്‍ സംഗീതത്തിനുള്ള ഉറച്ച അടിത്തറയായിരുന്നു അത്.
ജ്യേഷ്ഠന്മാരില്‍ രണ്ടാമത്തെയാളായ കുഞ്ഞന്‍ നമ്പൂതിരിപ്പാട് അന്ന് സ്വാമിനാഥയ്യരുടെ കീഴില്‍ മൃദംഗം പഠിച്ചിരുന്നത് താളബോധം ഉറപ്പിക്കാന്‍ സഹായിച്ചു. ചെമ്പൈയ്‌ക്കൊപ്പം അരങ്ങുകളില്‍ ഒ.എം.വി.നമ്പൂതിരിപ്പാട് പിന്‍പാട്ടുകാരനായപ്പോള്‍ കൂടെ കുഞ്ഞന്‍ നമ്പൂതിരിപ്പാട് മൃദംഗം വായിച്ചിരുന്നു. എന്നാല്‍, അവരാരും കലാരംഗത്ത് തുടരാന്‍ മനസ്സുവെച്ചില്ല.
അക്കാലത്ത് കഥകളിയുടെ വഴികളും മനസ്സിലാക്കി. തേക്കിന്‍കാട്ടില്‍ രാവുണ്ണിനായര്‍ കഥകളിയിലെ 714 മുദ്രകളും തന്റേടാട്ടവും (മനോധര്‍മം) പഠിപ്പിച്ചു.വനവര്‍ണന, ശൃംഗാരം, രാവണതപസ്സ് എന്നിങ്ങനെ ഓരോ സമയത്തെയും മനോധര്‍മത്തിന് അതിന്റേതായ ചിട്ടകളുണ്ട്. നാം കരുതുന്നപോലെ ഒരുകലാകാരന് സ്വന്തം മനോധര്‍മമനുസരിച്ച് ചെയ്യാവുന്നതല്ല അത്. ചില ചെറിയ സംഗതികള്‍ ആട്ടത്തിനിടെ കൂട്ടിച്ചേര്‍ക്കാമെന്നുമാത്രം.
സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും ആട്ടത്തിന്റെയും അടിസ്ഥാനം അറിയാനായത് പിന്നീട് ആട്ടക്കഥയെഴുതാനും രാഗം നിശ്ചയിച്ച് ചിട്ടപ്പെടുത്താനും സഹായിച്ചു.
കവിതയെഴുതിത്തുടങ്ങിയത് ജ്യേഷ്ഠന്‍ മഹാകവി ഒളപ്പമണ്ണയോടൊപ്പമാണല്ലോ. ജ്യേഷ്ഠന്‍ മാര്‍ഗദര്‍ശിയായിരുന്നോ ?
ഏകദേശം ഒരേകാലത്താണ് ഞങ്ങള്‍ കവിതയെഴുതിത്തുടങ്ങിയത്. എഴുതിയ കവിതകള്‍ പരസ്പരം കാണിക്കും. ഏട്ടന്‍ അതേപ്പറ്റി അഭിപ്രായങ്ങള്‍ പറയാറുണ്ട്. പ്രേംജിയാണ് ഞങ്ങള്‍ക്ക് കവിതയെഴുത്തിന്റെ വഴി മനസ്സിലാക്കിത്തന്നത്. കവിതയെ കെട്ടുറപ്പുള്ള ശില്പമാക്കുന്നതെങ്ങനെയെന്ന് വരികളുടെയും വാക്കുകളുടെയും ഘടനയിലെ ചെറിയ മാറ്റങ്ങളിലൂടെ കാട്ടിത്തന്നു.
17-ാം വയസ്സില്‍ ആദ്യമെഴുതിയ 'സന്ധ്യ' എന്ന കവിത മാതൃഭൂമി ആഴ്ചപ്പതിപ്പിന് അയച്ചുകൊടുത്തു. അത് പ്രസിദ്ധീകരിക്കപ്പെട്ടു. അതിന് അന്ന് ലഭിച്ചത് 14 രൂപ. മണിയോര്‍ഡര്‍ കമ്മിഷന്‍ കുറച്ച് ബാക്കി തുകയാണ് കിട്ടിയത്. സാഹിത്യത്തില്‍നിന്നുള്ള ആദ്യപ്രതിഫലം. ദിവസവും ഓരോ കവിതവീതം നോട്ടുപുസ്തകത്തില്‍ കുറിച്ചിട്ട് രചനാപരിചയത്തിന്റെ നാളുകളായിരുന്നു അത്. മഹാകവി വള്ളത്തോള്‍, ജി.ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി, കേശവദേവ് തുടങ്ങി ഒട്ടുമിക്ക സാഹിത്യകാരന്മാരെയും സ്‌കൂള്‍പഠനകാലത്തിനിടെ പരിചയപ്പെട്ടിരുന്നു.
ധനതത്ത്വശാസ്ത്രത്തില്‍ ബിരുദത്തിനുശേഷം തുടര്‍പഠനത്തിന് മലയാളം തിരഞ്ഞെടുത്തതെങ്ങനെ ?
സാഹിത്യലോകവുമായി കുട്ടിക്കാലത്തേയുള്ള പരിചയമാണ് എം.എ.യ്ക്ക് മലയാളമെടുക്കാന്‍ പ്രേരകമായത്. പാലക്കാട് വിക്ടോറിയ കോളേജില്‍ ഇന്റര്‍മീഡിയറ്റ് കഴിഞ്ഞപ്പോള്‍ തുടര്‍പഠനം കേരളത്തിനുപുറത്തുവേണമെന്ന് തോന്നി. അങ്ങനെ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ ബിരുദത്തിനുചേര്‍ന്നു.ധനതത്ത്വശാസ്ത്രമായിരുന്നു ഐച്ഛികവിഷയമെങ്കിലും മുന്നിട്ടുനിന്നത് ഇംഗ്ലീഷിനായിരുന്നു. ബിരുദത്തിന് പഠിക്കുമ്പോഴും പിന്നീട് അധ്യാപകനായി പ്രസിഡന്‍സി കോളേജില്‍ ചേരുമ്പോഴും മദ്രാസില്‍ കേരളസമാജത്തിനുകീഴില്‍ സാഹിത്യകാരന്മാരുടെ കൂട്ടായ്മയുണ്ടായിരുന്നു.
എം. ഗോവിന്ദന്‍, വി.കെ. ഗോവിന്ദന്‍ നായര്‍, കെ. കുഞ്ചുണ്ണിരാജ എന്നിങ്ങനെ പ്രമുഖര്‍. ചങ്ങമ്പുഴയും ജയകേരളം എഡിറ്ററായി പി. ഭാസ്‌കരനും അക്കാലത്ത് അവിടെയുണ്ടായിരുന്നു. അതും പിന്നീട് മലയാളത്തില്‍ ഉപരിപഠനത്തിന് കാരണമായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലാണ് എം.എ.യ്ക്ക് ചേര്‍ന്നത്. ഡോ. ഗോദവര്‍മ, എസ്. ഗുപ്തന്‍നായര്‍, എന്‍. കൃഷ്ണപിള്ള തുടങ്ങിയവര്‍ അധ്യാപകരായി. അവിടെ ആകാശവാണിയില്‍ കവിത വായിക്കുമായിരുന്നു. ടി.എന്‍. ഗോപിനാഥന്‍ നായര്‍, അടൂര്‍ ഭാസി, മാലി മാധവന്‍ നായര്‍ തുടങ്ങി പല പ്രമുഖരും അന്ന് തിരുവനന്തപുരത്ത് പരിചയക്കാരായി.
ഡോ. ഒ.എം. അനുജന്റെ രചനകള്‍
11 കവിതാസമാഹാരങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. ജീവിതം കാവ്യം, സൃഷ്ടി, വൈശാഖം, നഗരശില്പികള്‍, ചില്ലുവാതില്‍, അഗാധനീലിമകള്‍, മുകുളം, മേഘം, അക്തേയന്‍, മലയാളിച്ചി, മധുവും രമയും രാജാവും എന്നിവ. അതില്‍ 'ജീവിതം കാവ്യം' എന്നത് സ്വന്തം ജീവിതത്തോടുള്ള കവിയുടെ പ്രതികരണമാണ്. കവിയുടെ കഥകള്‍ എന്ന ചെറുകഥാസമാഹാരവും 'പൂര്‍വയൂറോപ്പില്‍ ഒരു സാംസ്‌കാരികപര്യടനം' എന്ന യാത്രാവിവരണവും അദ്ദേഹത്തിന്റേതായുണ്ട്.