ർത്തകി, ഗായിക, സംഗീതജ്ഞ, കൊറിയോഗ്രാഫർ ഉപരിയായി ഭിന്നശേഷിക്കാർക്കായി ജീവിതം മാറ്റിവെച്ച കലാകാരി. ഇതാണ് ഡോ. അംബിക കാമേശ്വർ. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി, സ്ത്രീരത്ന, ആചാര്യ ചൂഢാമണി തുടങ്ങി നിരവധി പുരസ്കാരങ്ങൾ...'നാട്യകലയുടെ സാമൂഹ്യശാസ്ത്രം' സംഭാഷണ പരമ്പരയിൽ വളരെ സന്തോഷത്തോടെ അവർ പങ്കെടുത്തു. കലാകാരിയായി മാത്രം നിലനിൽക്കാതെ കലയിലൂടെ ഭിന്നശേഷിക്കാരായ കുട്ടികൾക്കും മുതിർന്നവർക്കും ആത്മവിശ്വാസവും ഇച്ഛാശക്തിയും പകർന്നു നൽകുന്ന രമണ സുനൃത്യ ആലയയുടെ(RASA)സ്ഥാപകയും സാരഥിയുമായ ജീവിതകഥ അംബിക കാമേശ്വർ പങ്കുവെക്കുന്നു.

ഡി.കെ പട്ടമ്മാളിന്റെ കീഴിൽ സംഗീതപഠനം, കലൈറാണിയുടെ കീഴിൽ നൃത്തം. വളരെ ചെറുപ്പത്തിലേ കലയോടൊപ്പം നടക്കാൻ പറ്റി താങ്കൾക്ക്

കുട്ടിക്കാലം ഏറെക്കുറെയും ഡൽഹിയിലായിരുന്നു. എന്റെ കുടുംബം രമണ മഹർഷിയുടെ വിശ്വാസികളാണ്. കലയ്ക്ക് ഒരുപാട് പ്രാധാന്യം നൽകുന്ന കുടുംബാന്തരീക്ഷമായിരുന്നു. അതൊരു മഹാഭാഗ്യമായി ഞാൻ കരുതുന്നു. സംഗീതത്തിൽ അമ്മയാണ് ആദ്യ ഗുരു. നൃത്തത്തിൽ ഡൽഹിയിലെ കലൈറാണി ടീച്ചറും. പിന്നെ ഡൽഹിയിലെ നല്ല കച്ചേരികൾ കാണാനും കേൾക്കാനും അവസരമുണ്ടായി. വർഷങ്ങൾക്ക് ശേഷം ഡി.കെ. പട്ടമ്മാളിന്റെ കീഴിൽ സംഗീതം അഭ്യസിക്കാൻ അവസരമുണ്ടായി. അത് എന്റെ സംഗീത ശൈലിയെ രൂപപ്പെടുത്തിയെടുക്കാൻ ഏറെ സഹായിച്ചു. കലയും ആത്മീയതയും ഇഴുകിച്ചേർന്ന അന്തരീക്ഷം, അതാണ് എന്റെ കരുത്ത്, എന്റെ പ്രചോദനം; അന്നും ഇന്നും എന്നും.

ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്നവരെ നൃത്തമഭ്യസിപ്പിക്കുക എന്ന വെല്ലുവിളിയാണ് അംബിക ഏറ്റെടുത്തത്. കാഴ്ചയില്ലാത്തവരെയും കൂടി ഉൾപ്പെടുത്തിയിട്ടാണ് അഭ്യസനം. ഇങ്ങനെയൊരു വഴി തിരഞ്ഞെടുക്കാനുണ്ടായ പ്രചോദനമെന്തായിരുന്നു?

രമണ മഹർഷിയുടെ പാതയിൽ സമ്പൂർണ്ണമായും അർപ്പിക്കപ്പെട്ട കുടുംബമാണ് എന്റേതെന്ന് പറഞ്ഞല്ലോ. ഇളംപ്രായത്തിൽ തന്നെ നൃത്തം അവതരിപ്പിച്ചും പാട്ടുപാടിയും കയ്യടി നേടുമ്പോഴും എന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു ശബ്ദം എപ്പോഴും മന്ത്രിച്ചുകൊണ്ടിരുന്നു. ഈ ആനന്ദത്തിലുമപ്പുറത്ത് ഇതിലും വലുതായ, ആഴത്തി ലുള്ള ഒരാനന്ദം ഉണ്ട്. എനിക്കത് എങ്ങനെയാണ് പറയേണ്ടതെന്നറിയില്ല. വാക്കുകൾക്കതീതമാണ് ആ അനുഭവം. ആ ആനന്ദം എവിടെയാണ്, എപ്പോഴാണ്, എങ്ങനെയാണ് മറനീക്കി പ്രത്യക്ഷമാവുക എന്നായിരുന്നു എന്റെ ചിന്ത. അങ്ങനെ ഞങ്ങൾ ബാംഗ്ലൂരിലേക്ക് താമസം മാറി. അച്ഛൻ അവിടെ രമണ മഹർഷി സെന്റർ ഫോർ ലേണിംഗ് സ്ഥാപിച്ചു. തൊട്ടടുത്ത് വേറൊരു ഭക്തൻ രമണ സ്കൂൾ ഫോർ ദ ബ്ലെൻഡും ആരംഭിച്ചു. (ഇപ്പോൾ ആ വാക്ക് ഉപയോഗിക്കാൻ പാടില്ല, വിഷ്വലി ചാലഞ്ച് എന്നേ പറയാവൂ). അവിടത്തെ വാർഷികത്തിന് എന്നോട് അവിടത്തെ കുട്ടികൾക്ക് ഒരു നൃത്തം പഠിപ്പിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. ഞാൻ ഉത്സാഹത്തോടെ ചെന്നു. കാഴ്ചയില്ലാത്തവരെ പഠിപ്പിച്ച് ശീലമൊന്നുമില്ല. എന്നാലും അവരുടെ ഉത്സാഹവും സന്തോഷവും കൊണ്ട് ഒരുവിധത്തിൽ പഠിപ്പിച്ചെടുത്തു. അവർ സ്പർശനത്തിലൂടെയാണ് മുദ്രകൾ പഠിച്ചത്. പരിപാടി ദിവസം അന്നൊക്കെ കാസറ്റിലാണ് പാട്ട് പാടിച്ചിരുന്നത്. ഞാൻ അവരെ സ്റ്റേജിന്റെ പിൻവശത്തെ മൂലയിൽ,അവരുടെ സ്ഥാനത്ത് നിർത്തിയിട്ട് മുന്നിൽ വന്ന് കാസറ്റ് ഓൺ ചെയ്തു. പെട്ടെന്നാണ് ഞാൻ ആലോചിച്ചത്. ആ മൂലയിൽ നിന്ന് ഈ മൂലയിലേക്ക് ഓടിവരുന്നതാണ് തുടക്കം. ആ കുട്ടി എങ്ങാനും സ്റ്റേജിന്റെ മുൻവശത്തേക്ക് ഓടി വന്ന് പുറ
ത്തേക്ക് വീണാലോ? അവൾക്ക് കാണില്ലല്ലോ! ഞാൻ എന്ത് മണ്ടത്തരമാണ് കാണിച്ചത്. ചിന്ത മുറുകുന്തോറും പാട്ട് ആരംഭിച്ചിരുന്നു. ഒരു നിമിഷം ഞാൻ കണ്ണടച്ചു. ഒരൽപം കഴിഞ്ഞ് തുറന്നപ്പോൾ അതാ അവൾ പറഞ്ഞപോലെ ക്യത്യമായി സ്റ്റേജിന്റെ മുൻവശത്തെ കോണിൽ ഓടിയെത്തിയിരിക്കുന്നു. വീണിട്ടില്ല. ആശ്വാ സം. അന്നെനിക്കുണ്ടായ സന്തോഷം ഓർക്കുമ്പോൾ ഇന്നും കോരിത്തരിക്കും. അതായിരുന്നു തുടക്കം. പിന്നെ ആ സ്കൂളിൽ സ്ഥിരം നൃത്താധ്യാപികയായി. അതോടൊപ്പം, ഈ കഥ കേട്ടറിഞ്ഞ് മറ്റൊരു സ്കൂളിലേക്ക് ക്ഷണം കിട്ടി. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾ. നൃത്തത്തിലൂടെയും സംഗീതത്തിലൂടെയും അവർക്ക് സന്തോഷം നൽകാൻ സാധിക്കുമെന്ന അറിവ്, അത് എന്റെ ജീവിതത്തെ മാറ്റിമറിച്ചു. എന്റെ ഉപബോധമനസ്സിൽ കേട്ടിരുന്ന ആ ശബ്ദം, അതിന്റെ പൊരുൾ എന്താണെന്ന് വെളിപ്പെട്ടു. അതിന് ഈശ്വരനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.

RASA- രമണ സുന്യത്യ ആലയത്തെക്കുറിച്ച് കൂടുതൽ അറിയാനാഗ്രഹമുണ്ട്

വിവാഹശേഷം ഞാൻ ചെന്നെയിൽ താമസമായി. ആളുകൾ പറഞ്ഞറിഞ്ഞ് അവിടത്തെ മാതൃമന്ദിർ പോലെയുള്ള സ്ഥാപനങ്ങൾ അവരുമായി സഹകരിക്കാൻ എന്നെ ക്ഷണിച്ചു. പല വിഭാഗത്തിൽപ്പെട്ട കുട്ടികളായിരുന്നു. ഓട്ടിസ്റ്റിക്, ഓട്ടിസ്റ്റിക് ശാരീരിക വൈകല്യം...പക്ഷേ ഓരോ കുട്ടിക്കും നൈസർഗ്ഗികമായ ചില കഴിവുകളും ശക്തിയും ഉണ്ടാവും. അത് കണ്ടെത്തി അവരെ പ്രോത്സാഹിപ്പി ക്കുക മാത്രമാണ് നമ്മൾ ചെയ്യേണ്ടത്. ക്രമേണ എന്റെ ഉള്ളിൽ ഇതൊരു പ്രസ്ഥാനമായി മാറുകയായിരുന്നു. 1989ലാണ് ഞാൻ രമണ സുഹൃത്യ ആലയ ആരംഭിച്ചത്. സാധാരണ കുട്ടികൾക്ക് നൃത്തസംഗീത ക്ലാസ്സുകളും ഭിന്നശേഷി ക്കാർക്ക് പ്രത്യേക പഠന രീതിയുമാണ്. ഞാൻ അവിടെ വികസിപ്പിച്ചെടുത്ത പഠന രീതിയെ Thetare for Holtsiic Development of People with Special Needs (ഭിന്നശേഷിക്കാരുടെ സമഗ്രമായ വികസനത്തിന് നാടകകല) എന്ന എന്റെ പി.എച്ച്. ഡി. വിഷയത്തെ ആസ്പദമാക്കിയിട്ടുള്ളതാണ്. നാടകം സമ്പൂർണ്ണകലയാണ്. ഭിന്ന ശേഷിക്കാരായ കുട്ടികൾക്കും മുതിർന്നവർക്കും അഭിനയം, നൃത്തം, സംഗീതം, കരകൗശല വസ്തു നിർമ്മാണം തുടങ്ങിയവയിലാണ് പരിശീലനം. അംഗങ്ങളുടെ മുഴുവൻ ശരീരത്തിന്റെയും ചലനശേഷിയെ ശക്തിപ്പെടുത്താൻ, സംസാരശേഷി, ഉച്ചാരണം ഇവ മെച്ചപ്പെടുത്താൻ, സഹകരണ മനോഭാവം വളർത്തിയെടുക്കാൻ, ക്ഷമാശീലമുണ്ടാകുവാനൊക്കെ ഈ രീതി പ്രയോജനമാകുന്നു. 'രസ'യിലെ കുട്ടികൾ നിർമ്മിക്കുന്ന കരകൗശല വസ്തുക്കൾക്ക് ഇന്ന് നഗരത്തിൽ പ്രത്യേക മൂല്യമുണ്ട്. ആവശ്യക്കാരുണ്ട്. ഈ പരിശീലന രീതിയിലൂടെ അവരോരുത്തരും ആത്മവിശ്വാസം നേടും. ഞങ്ങൾക്കും ചിലതൊക്കെ ചെയ്യാൻ സാധിക്കും എന്ന ധൈര്യം അവരിലുണ്ടാവുന്നു. ഭിന്നശേഷിക്കാരായ കുറച്ച് കുട്ടികളുടെ നൃത്ത അരങ്ങേറ്റവും 'രസ'യിൽ നടത്താൻ സാധിച്ചു. ഇതെല്ലാം വലിയ ഭാഗ്യമായി ഞാൻ കണക്കാക്കുന്നു. 'രസ' മുപ്പത് വർഷം പിന്നിടുമ്പോൾ എന്റെ
സഹപ്രവർത്തകരോടുള്ള കടപ്പാട് പറഞ്ഞാൽ തീരാത്തതാണ്.

തളർന്ന് പോകുന്നു എന്ന് തോന്നിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടോ?

ഒരിക്കലുമില്ല. ഞാൻ ചെയ്യുന്ന പ്രവർത്തിയെ ഒരു ജോലിയായിട്ടല്ല ഞാൻ കാണുന്നത്. അത് എനിക്ക് ഒരുപാട് ആനന്ദം തരുന്നു. അത് എനിക്ക് മാനസിക സമ്മർദ്ദങ്ങളൊന്നും ഉണ്ടാക്കുന്നില്ല. അതുകൊണ്ട് ഒരു 'ബ്രേക്ക്' വേണമെന്ന് ഇതുവരെ തോന്നിയിട്ടില്ല.

ചെറുപ്പക്കാരിൽ ചിലർക്കെങ്കിലും ഇതുപോലൊരു മേഖലയിൽ പ്രവർത്തിക്കാൻ
ആഗ്രഹം ഉണ്ടായാൽ, അവരോട് താങ്കൾക്ക് എന്താണ് പറയാനുള്ളത്?

ആദ്യമേ അവരുടെ നല്ല മനസ്സിനെ ഞാൻ അഭിനന്ദിക്കുന്നു. RASA ആരംഭിക്കുമ്പോൾ എനിക്ക് പ്രത്യേകമായ പരിശീലനമൊന്നും നേടാനായില്ല. ഇന്നങ്ങനെയല്ല, ഒരുപാട് സർവ്വകലാശാലകളിൽ ഇതിനായുള്ള പ്രത്യേക കോഴ്സുകൾ ഉണ്ട്. 'രസ'യിലും തമിഴ്നാട് സർവ്വകലാശാലയുടെ ഡിപ്ലോമ കോഴ്സ് നടത്തുന്നു. പരിശീലനം നേടിയ അധ്യാപകർക്ക് നല്ല വരവേൽപ്പാണ് ലഭിക്കുന്നത്.

സമൂഹത്തിൽ ഭിന്നശേഷിക്കാരോടുള്ള സമീപനത്തിൽ വന്ന മാറ്റത്തെ എങ്ങനെ നോക്കിക്കാണുന്നു?
കുറച്ചു വർഷങ്ങളായി ആ ഗ്രാഫ് നല്ല ഉയരത്തിലേക്ക് വളർന്നിട്ടുണ്ട്. സർക്കാരുകളും അവർക്ക് വേണ്ടി നിരവധി പദ്ധതികളും ആനുകൂല്യങ്ങളും നടപ്പാക്കുന്നു. പക്ഷെ ഇപ്പോഴും കുറച്ച് പേരെങ്കിലും ഉണ്ട്, അതൊരു കളങ്കമായി കാണുന്നവർ. ആ മനോഭാവം മാറണം. മാറ്റം വീടുകളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നുമാണ് തുടങ്ങേണ്ടത്, പൊതുവിദ്യാലയങ്ങളിൽ ഇപ്പോൾ ഇതുപോലുള്ള കുഞ്ഞുങ്ങൾക്കും പ്രവേശനം നൽകുന്നു. ഇത് വളരെ നല്ല പ്രവണതയാണ്. മറ്റുള്ള കുട്ടികൾ ആ കുട്ടിയെ പഠനത്തിലും കലാകായികാഭ്യാസങ്ങളിലും സഹായിക്കണം. ഭിന്നശേഷിക്കാരോടുള്ള സമൂഹത്തിന്റെ സമീപനം ശരിയായ രീതിയിലാക്കാൻ ഇത് സഹായിക്കും. പ്രായവും ചിലപ്പോൾ ഒരു പ്രശ്നമായി കാണുന്നുണ്ട്. ചില മാതാപിതാക്കൾ ഭിന്നശേഷിക്കാരായ തങ്ങളുടെ കുഞ്ഞുങ്ങളെ മുതിർന്നതിന് ശേഷമേ സ്പെഷ്യൽ സ്കൂളിൽ അയയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കൂ. അറിവില്ലായ്മ കൊണ്ടാണത്. എത്ര ചെറുപ്പത്തിൽ ആരംഭിക്കുന്നുവോ അത്രയും നല്ലത്. 'രസ'യിലെ കുഞ്ഞുങ്ങളിൽ ഏറ്റവും ചെറിയ പ്രായക്കാർക്ക് നാല് വയസ്സും ഏറ്റവും മുതിർന്ന വിദ്യാർത്ഥി 68 വയസ്സുള്ള അരുൺ പത്മനാഭനുമാണ്.

Content Highlights: Dr Ambika kameswar participates in the Interview series Natyakalayude Samoohyasastram by Aswathi V Nair