ശ്രീനാരായണഗുരുവിന്റെ വചനം തെറ്റായി അച്ചടിച്ചതിനെത്തുടര്‍ന്നുണ്ടായ വിവാദത്തില്‍ പുസ്തകം പ്രസിദ്ധീകരിച്ച ഡല്‍ഹി മീഡിയ ഹൗസിന്റെ ഡയറക്ടര്‍ പ്രതികരിക്കുന്നു. 

ഡോ.ഓം ചേരി എന്‍.എന്‍ പിള്ള എഴുതിയ നന്ദി; ഒരു വെറും വാക്കല്ല എന്ന പുസ്തകത്തിന്റെ ആമുഖക്കുറിപ്പില്‍- 'അയലു തഴപ്പതിനായതിപ്രയത്‌നം നയമറിയും നരനാചരിച്ചിടേണം' എന്ന നാരായണഗുരുദേവന്റെ വചനത്തില്‍ തഴപ്പതിനായി എന്നതിനുപകരം 'തകര്‍പ്പതിനായി' എന്ന് തെറ്റായി അച്ചടിച്ചുവന്നതില്‍ പ്രസാധകര്‍ എന്ന നിലയില്‍ ഡല്‍ഹി മീഡിയ ഹൗസ് നിരുപാധികം പൊതുജനങ്ങളോട് ക്ഷമാപണം നടത്തിയതാണ്. കേരളത്തില്‍ എസ്.പി.സി.എസ് ആണ് വിതരണമേറ്റെടുത്തത്. അവരുടെ കണക്കുകള്‍ പ്രകാരം ഇതുവരെ 113 കോപ്പികളാണ് വിറ്റുപോയിരിക്കുന്നത്. ഗുരുവചനം തെറ്റായി അച്ചടിച്ചു എന്ന പരാതി ശ്രദ്ധയില്‍ പെടുത്തിയ നിമിഷങ്ങള്‍ക്കകം തന്നെ എസ്.പി.സി.എസ് തങ്ങളുടെ എല്ലാ ശാഖകളില്‍ നിന്നും പുസ്തകം പിന്‍വലിച്ചിട്ടുണ്ട്. പുസ്തകങ്ങള്‍ വാങ്ങിയവരെ ഫോണ്‍നമ്പര്‍ വെച്ച് ബന്ധപ്പെടാനുള്ള ശ്രമവും നടത്തിവരികയാണ്. പുസ്തകം തിരികെയെത്തിക്കാനും തിരുത്തിയ കോപ്പി നല്‍കാനുമാണ് ഈ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത്രയും പ്രയത്‌നങ്ങള്‍ ചെയ്യുന്നത് ഗുരുദേവനോടുള്ള ഭക്തിയാലും അദ്ദേഹത്തിന്റെ വചനങ്ങളെ തെറ്റായി അച്ചടിച്ചുപോയതിലുള്ള വിഷമത്താലുമാണ്. 

വെറുമൊരു അച്ചടിപ്പിശകല്ല എന്ന് വാദിക്കുന്നവരോട് പറയാനുള്ളത് ഇത്രമാത്രം; ഈ പുസ്തകം എഴുതിയ ഡോ. ഓം ചേരി എന്‍.എന്‍ പിള്ള മനപ്പൂര്‍വം ഇങ്ങനെ എഴുതി എന്നു തെറ്റിദ്ധരിക്കരുത്. അദ്ദേഹം മുതിര്‍ന്ന എഴുത്തുകാരനാണ്. അദ്ദേഹം എഴുതിത്തന്ന കോപ്പികള്‍ പരിശോധിക്കുമ്പോള്‍ കൃത്യമായ ഗുരുവചനമാണ് തന്നിരിക്കുന്നത് എന്നു കണ്ടെത്തി. അതേ ഉത്തരവാദിത്തപൂര്‍ണമായ മേല്‍നോട്ടം എഡിറ്റിങ് ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ശേഷം വന്ന ഡിടിപി പിശകാണ് ഇവിടെ സാങ്കേതികമായി സംഭവിച്ചത്. അച്ചടിപ്പിശക് വന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം പ്രസാധകര്‍ ഏറ്റെടുക്കുകയും വിതരണക്കാര്‍ കൂടി പങ്കുചേര്‍ന്നുകൊണ്ട്  സംയുക്തമായി പൊതുജനത്തോട് ഈ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.  ഇനി വിറ്റഴിഞ്ഞ 113 കോപ്പികളുടെ ഉടമസ്ഥര്‍ക്ക് ആര്‍ക്ക് വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും വന്ന് വിതരണക്കാരായ എസി.പി.സി.എസ്സിനെ സമീപിച്ചാല്‍ പ്രസാധകരുടെ അറിവോടെയും സമ്മതത്തോടെയും തിരുത്തിയ കോപ്പി കൊടുക്കുന്നതാണ്. 

പുതിയ കോപ്പികള്‍ ഇറക്കുമ്പോള്‍ ആമുഖക്കുറിപ്പില്‍, മുന്‍ കോപ്പികളില്‍ സംഭവിച്ച തെറ്റിനെക്കുറിച്ച് പരാമര്‍ശിക്കുകയും തിരുത്തലോടെ പ്രസിദ്ധീകരിക്കുകയുമാണ് ചെയ്യുക. ശ്രീനാരായണ ഗുരുവിനെ തെറ്റായി ഉദ്ധരിച്ചതിനുള്ള പരിഹാരം തിരുത്തിക്കൊണ്ടുതന്നെ ചെയ്യും. തെറ്റുകള്‍ ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ തിരുത്തേണ്ട ബാധ്യതയെ പൂര്‍ണമനസ്സോടെ സ്വീകരിക്കുന്നവരാണ് ഞങ്ങള്‍. ഇത്തരത്തില്‍ ആരോപണം ഉയര്‍ന്നുവന്നിട്ട് മൂന്നുമാസമായി എന്നു അപലപിക്കുന്നവരോട് പറയട്ടെ, ഈ പ്രശ്‌നം ശ്രദ്ധയില്‍ പെട്ടതിന് കാലതാമസമെടുത്തിരിക്കാം. പക്ഷേ ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഉടന്‍ തന്നെ പുസ്തകം മാര്‍ക്കറ്റില്‍ നിന്നും വിതരണക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്.

എഴുത്തുകാരന്‍ നേരിട്ട് ക്ഷമാപണം നടത്തണം എന്ന ആവശ്യത്തോട് ആവര്‍ത്തിക്കുന്നു, ഇത് എഴുത്തുകാരന്റെ തെറ്റല്ല. അതുകൊണ്ടുതന്നെ ക്ഷമ പറയണം എന്ന ആവശ്യം ബാലിശമാണ്. പുസ്തകം എഡിറ്റ് ചെയ്ത ഡോ. വി.പി ജോയ് ഐ.എ.എസ് ഖേദം പ്രകടിപ്പിച്ചു. ഗുരുവചനങ്ങള്‍ ആമുഖക്കുറിപ്പില്‍ ചേര്‍ത്ത ഓംചേരി, വചനത്തെ വിശദമാക്കുന്നതും സോദുദ്ദേശ്യത്തോടുകൂടിയാണ്. അയല്‍പക്കം തകര്‍ക്കാന്‍ ഗുരു ആഹ്വാനം ചെയ്തു എന്നല്ല എഴുത്തുകാരന്‍ വിശദമാക്കുന്നത്, മറിച്ച് അച്ചടിപ്പിശകാണെന്ന് ആ വിശദീകരണം വായിച്ചാല്‍ മനസ്സിലാകും. 

ആമുഖക്കുറിപ്പ് ഇങ്ങനെയാണ് അച്ചടിച്ചുവന്നിരിക്കുന്നത്;

അയലു തകര്‍പ്പതിനായതി പ്രയത്‌നം 
നയമറിയും നരനാചരിച്ചിടേണം 

ശ്രീനാരായണഗുരുദേവന്റെ ഈ ഉപദേശം ഒരു ചോദ്യവും അതോടൊപ്പം ഉത്തരവുമാണ്. എല്ലാ ഉപകാരങ്ങളിലും പ്രത്യുപകാരത്തിന്റെ ഉള്‍വിളികള്‍ അടങ്ങിയിട്ടുണ്ട്. പ്രത്യുപകാരം ആഗ്രഹിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യാത്തവരാണ് ഉത്തമരായ ഉപകര്‍ത്താക്കള്‍. അതുകൊണ്ടുതന്നെ കൃതജ്ഞതാപൂര്‍ണമായ ഓര്‍മകള്‍ അര്‍ച്ചിച്ച് ആദരിക്കപ്പെടേണ്ടവര്‍. അത് ഒരു കടമ നിര്‍വഹിക്കലാണ്. ആ അര്‍ച്ചനാ മഞ്ജരി സമര്‍പ്പിക്കലാണ് നന്ദി; ഒരു വെറും വാക്കല്ല എന്ന ഈ പുസ്തകം. 

ആവര്‍ത്തിക്കട്ടെ, ഇവിടെ സംഭവിച്ചിരിക്കുന്നത് അച്ചടിപ്പിശകാണ്. അക്ഷന്തവ്യമായ അച്ചടിപ്പിശക് തന്നെയെന്നു ഏറ്റുപറയുന്നു. അതിനാല്‍ത്തന്നെ അത് മുന്‍കോപ്പികളില്‍ വന്ന തെറ്റിനെ ചൂണ്ടിക്കാണിച്ചുകൊണ്ടുതന്നെ മതിയായ തിരുത്തലുകള്‍ വരുത്തി പ്രസിദ്ധീകരിക്കുന്നതാണ്. ജാതിമതവിദ്വേഷങ്ങള്‍ ഈ വിഷയത്തില്‍ കൂട്ടിക്കുഴയ്ക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു.

Content Highlights:Delhi Media House reacts on the controversy sreenarayana guru sooktham taken by omchery nn pillai