സ്വാദനകല എന്ന നിർവചനത്തിൽ നിന്നും എന്നോ മാറിനടത്തം തുടങ്ങിയിതാണ് നൃത്തം.ഓരോ കാലഘട്ടവും നൃത്തത്തെ മാറ്റങ്ങൾക്കു വിധേയമാക്കുന്നു. മനശ്ശാന്തിയ്ക്കും ശരീരവ്യായാമത്തിനും നൃത്തം തെറാപ്യൂട്ടിക് ട്രീറ്റ്മെന്റായി മാറി. നാട്യകലയുടെ സാമൂഹികശാസ്ത്രമെന്താണ് എന്നുള്ള അന്വേഷണത്തിലാണ് പ്രശസ്ത നർത്തകി അശ്വതി വി നായർ. നർത്തകരുടെ സാമൂഹ്യപ്രതിബദ്ധതയെക്കുറിച്ചും അവർ ഇടപെടുന്ന ഇതര മേഖലകൾ എങ്ങനെയാണ് നാട്യകലയുമായി ബന്ധിപ്പിച്ചിരിക്കുന്നതെന്നും അശ്വതി അന്വേഷിക്കുന്നു. ലോകപ്രശസ്ത നർത്തകരുമായുള്ള അഭിമുഖ പരമ്പര 'നാട്യകലയുടെ സാമൂഹ്യശാസ്ത്രം'ആരംഭിക്കുന്നു.

രീരത്തിന്റെ കലയാണ് നൃത്തം. കേരളം അറിയാതെ പോകുന്ന, ആഗോളതലത്തിൽ അറിയപ്പെടുന്ന ഒരുപാട് നർത്തകിമാരുണ്ട്. നൃത്തശരീരത്തെ ഭൗതിക ശരീരവുമായി രഞ്ജിപ്പിച്ച് സാമൂഹ്യപ്രവർത്തനം നടത്തുന്ന നർത്തകിമാർ. പൊതുപ്രവർത്തകരും ആധുനിക വിദ്യാഭ്യാസ വിചക്ഷണരും ഉയർന്ന ബിരുദധാരികളും ഗവേഷകരുമായ നർത്തകിമാർ. അവർ നൃത്തം ചെയ്യാൻ മാത്രമായിട്ടല്ല ജീവിക്കുന്നത്. കലയെ സമൂഹത്തിന് പ്രയോജനപ്പെടുത്തുകയാണ്. കലതന്നെ ജീവിതം; ജീവിതം തന്നെ കല. യഥാർഥ സമർപ്പണത്തോടെ പൊതുവ്യവഹാര ഇടങ്ങളിൽ കലയെ പ്രയോജനപ്പെടുത്തുന്നു. പുതിയ മേൽവിലാസത്തിനായല്ല, കലയുടെ സാധ്യതകൾ സമൂഹത്തിന് എപ്രകാരമെല്ലാം പ്രായോഗികമായി പകർന്നു നൽകാം എന്ന് ശരീരം കൊണ്ടും മനസ്സ് കൊണ്ടും ചിന്തിക്കുന്നവർ; യത്നിക്കുന്നവർ. നർത്തകിയുടെ വേഷഭൂഷാദികൾ അഴിച്ചുവെച്ച് പച്ചമനുഷ്യരായി, സമൂഹത്തിലൊരാളായി മാറുന്നവർ. ഉയർന്ന പാരമ്പര്യവും ജീവിത പശ്ചാത്തലവും ത്യജിച്ച്, അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്ന' വിവേകശാലികൾ; സദസ്സ് മാത്രം സമൂഹമായി കാണുന്ന, 'സാമൂഹ്യ അകലം' പാലിക്കുന്ന നർത്തകിമാർക്ക്, തങ്ങളുടെ മേഖലയിൽ ഇങ്ങനെയും ഒരു വിഭാഗം ജീവിക്കുന്നു എന്ന ഒരു പാഠം പകരാനും ഈ അഭിമുഖങ്ങൾ സഹായമാകുന്നു.

കലാനിരൂപക, ഗാന്ധിയൻ തത്വങ്ങളിൽ അധിഷ്ഠിതമായി പുലരുന്ന അധ്യാപിക തുടങ്ങി പല വിശേഷണങ്ങളുണ്ട് ഡോ. വി.ആർ ദേവികയ്ക്ക്. 'ദി ഹിന്ദു' വിൽ ഒരിക്കൽ അവരെക്കുറിച്ചെഴുതിയത് 'Chennai's Own StoryTeller' എന്നാണ് (ചെന്നൈയുടെ സ്വന്തം കഥാകാരി). തമിഴ് സമ്പൂർണ നാടകമായ തെരുക്കൂത്ത്, പരമ്പരാഗത കലകളായ ദേവരാട്ടം, ഒയിലാട്ടം, തോൽപ്പാവക്കൂത്ത് ഇവയ്ക്കെല്ലാം സ്വീകാര്യത നേടിക്കൊടുക്കുന്നതിൽ വലിയ പങ്കാണ് ഡോ. ദേവിക വഹിച്ചിട്ടുള്ളത്. ദേവികയുടെ പ്രവർത്തനങ്ങൾക്ക് കർണാടക രാജ്യോത്സവ പുരസ്കാരമുൾപ്പെടെ ധാരാളം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. നൃത്തകലയിലെ സാമൂഹികപ്രതിബദ്ധതയെക്കുറിച്ച് ദേവികയോട്:

സാർവത്രിക വിദ്യാഭ്യാസവും പാരമ്പര്യ കലാരൂപങ്ങളും ഗാന്ധിയൻ പ്രത്യയശാസ്ത്രവും കൂടിച്ചേരുന്ന ഒരധ്യയന രീതിയാണല്ലോ താങ്കൾ അവലംബിക്കുന്നത്. എന്താണ് ഈ ചിന്താധാരയ്ക്ക് പ്രചോദനമായ പശ്ചാത്തലം?

ഇക്കാര്യം വിശദീകരിക്കാൻ എനിക്ക് കുറച്ച് പുറകോട്ട് പോകേണ്ടിവരും. ഞാൻ
മൈസൂരിലാണ് ജനിച്ചതും വളർന്നതും. അച്ഛൻ ഗാന്ധിയനായിരുന്നു. അമ്മയും അമ്മൂമ്മയും വീട്ടിൽ ചർക്കയിൽ നൂൽനൂൽക്കുന്നത് കണ്ട ഓർമ്മയുണ്ട്. കുടുംബത്തിൽ കലയ്ക്കല്ല, മറിച്ച് വിദ്യാഭ്യാസത്തിനായിരുന്നു മുൻതൂക്കം. പക്ഷെ എന്തു കൊണ്ടോ സംഗീതം, ന്യത്തം തുടങ്ങിയവയോട് എനിക്ക് വല്ലാത്ത പ്രതിപത്തി ഉണ്ടായിരുന്നു. ഇരുപത്തിയൊന്നാം വയസ്സിൽ ജ്യേഷ്ഠനോടൊപ്പം ഉപരിപഠ നത്തിനായി മദ്രാസിലെത്തി. ആ മഹാനഗരത്തിൽ എന്നെ കാത്തിരുന്നത് നൃത്തവും സംഗീതവും നാടകവും നിറഞ്ഞൊഴുകുന്ന സഭകളായിരുന്നു. കച്ചേരികളുടെ ടിക്കറ്റിന് പണമുണ്ടാവാറില്ല. അപ്പോൾ ബസ്സിന്റെ കാശ് മിച്ചം വെക്കാനായി ഞാൻ മൈലുകളോളം നടന്നിട്ടുണ്ട്. എന്നിട്ട് ആ പണം കൊണ്ട് ടിക്കറ്റ് വാങ്ങി പരിപാടി കാണും.

പഠനം കഴിഞ്ഞപ്പോൾ ഒരു പ്രൈമറി സ്കൂളിൽ അധ്യാപികയായി നിയമനം കിട്ടി. അവിടെ പഠിക്കുന്ന സഞ്ജയ് എന്ന കുട്ടിക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു. നാട്യാചാര്യന്മാരായ ധനജ്ഞയൻ മാസ്റ്ററുടെയും ശാന്ത ടീച്ചറുടെയും മകനായിരുന്നു സഞ്ജയ്. അങ്ങനെ ഒരിക്കൽ അവരുടെ നൃത്തക്കളരി കാണാനിടയായി. ജീവിതം മാറ്റിമറിച്ച ഒരനുഭവമായിരുന്നു അത്. മുദ്രകളുടെ വശ്യതയേക്കാൾ എന്നെ ആകർഷിച്ചത് അവയുടെ ആശയവിനിമയ സാധ്യതയായിരുന്നു. അങ്ങനെ ഇരുപത്തിമൂന്നാം വയസ്സിൽ നൃത്തപഠനം ആരംഭിച്ചു.പതിയെ പതിയെ മുദ്രകൾ ഉപയോഗിച്ച് ഞാൻ എന്റെ സ്കൂളിലെ കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുക്കാൻ തുടങ്ങി. അറിഞ്ഞോ അറിയാതെയോ ഞാൻ എന്റേതായ ഒരു അധ്യാപനരീതി കണ്ടെത്തുകയായിരുന്നു. ഏതാണ്ട് ആ സമയത്ത് തന്നെയാണ് ഞാൻ വീണ്ടും ഗാന്ധിജിയെ വായിക്കാൻ ശ്രമിക്കുന്നത്. ഗാന്ധി ഫൗണ്ടേഷനിൽ പോയി ചർക്കയിൽ നൂൽനൂൽക്കാൻ പഠിച്ചു. യൂണിവേഴ്സിറ്റിയിൽ നിന്നും ഗാന്ധിയിൻ സ്റ്റഡീസിൽ പിഎച്ച്.ഡിയും നേടി.

aswathi v nair
അശ്വതിയും ഡോ. വി.ആർ ദേവികയും. ഫോട്ടോ: മധുരാജ്

പാരമ്പര്യ കലാരൂപങ്ങൾക്ക്, പ്രത്യേകിച്ച് തെരുക്കൂത്ത്, തോൽപ്പാവക്കൂത്ത്, ഒയിലാട്ടം, ദേവരാട്ടം ഇവയ്ക്കൊക്കെ വലിയ നഗരങ്ങളിലും വിദേശത്തും ആസ്വാദക വൃന്ദത്തെ സൃഷ്ടിക്കുന്നതിൽ താങ്കൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഈ കലകളുമായി അഭേദ്യമായ ബന്ധം സ്ഥാപിക്കാനിടയായതിനെക്കുറിച്ച്?

പന്ത്രണ്ട് വർഷം മദ്രാസ് നഗരത്തിലെ സ്കൂളിൽ അധ്യയനം. പിന്നെ ഞാനത് അവസാനിപ്പിച്ചു. എന്നിട്ട് പ്രാന്തപ്രദേശങ്ങളിലെ കൊച്ചു ഗ്രാമങ്ങളിലെ കുട്ടികൾക്ക് ഗാന്ധിജിയെക്കുറിച്ചും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംഗീതന്യത്താദികലകളെക്കുറിച്ചും ബോധവൽക്കരണം നടത്താൻ ഇറങ്ങിപ്പുറപ്പെട്ടു. പലപ്പോഴും ഗ്രാമങ്ങളിൽ ചെല്ലുമ്പോൾ അവിടുത്തെ പരമ്പരാഗത കലാരൂപങ്ങൾ കാണാനവസരം ലഭിച്ചിരുന്നു. അത് അവതരിപ്പിക്കുന്ന കലാകാരന്മാരുമായി അടുത്തിടപഴകുകയും ചെയ്തു. ഈ കലകൾ അന്യംനിന്ന് പോവാതിരിക്കാനായി കുട്ടികളെ ഇതെല്ലാം പരിശീലിപ്പിക്കാൻ അവരെ പ്രേരിപ്പിച്ചു.

ഉൾനാടൻ പ്രദേശങ്ങളിലെ ദ്രൗപദി അമ്മൻ ക്ഷേത്രങ്ങളുടെ പരിസരത്ത് ഉത്സവസമയത്ത് അവതരിപ്പിക്കുന്ന സമ്പൂർണ്ണ തമിഴ് നാടകമാണ് തെരുക്കൂത്ത്. ഇതിൽ മിക്കവാറും മഹാഭാരത കഥകളാണ് അവതരിപ്പിക്കുന്നത്. ക്രമേണ ഇതിന്റെ പേര് മാറി കട്ടെക്കൂത്ത് എന്നായി. ഈ സംഘങ്ങളിൽ കുട്ടികൾക്ക് പരിശീലനം ഉറപ്പാക്കി. അതിലൂടെ കുട്ടികളുടെ ആത്മവിശ്വാസവും വളർന്നു. ക്രമേണ ഈ കലാകാരന്മാരുമായുള്ള ബന്ധം ദൃഢമായി. പല നഗരങ്ങളിലും അവരുടെ കലാപ്രദർശനങ്ങൾ ഒരുക്കാൻ സുമനസ്സുകളുടെ സഹായത്താൽ സാധിച്ചു. കുട്ടികളുടെ തോൽപ്പാവക്കൂത്തുമായി വിദേശരാജ്യങ്ങളിലടക്കം പരിപാടികൾ അവതരിപ്പിച്ചു. അങ്ങനെ ഓരോ അനുഭവത്തിൽ നിന്നും ഞാനും ഒരുപാട് പഠിച്ചു.

സ്വന്തം ആശയങ്ങൾ പ്രാവർത്തികമാക്കാൻ ആരംഭിച്ചതാണല്ലോ 'അസീമ' എന്ന സംഘടന. അസീമയുടെ പ്രവർത്തനങ്ങളെക്കുറിച്ച്?

അധ്യാപനം അവസാനിപ്പിച്ചെങ്കിലും ഒരുപാട് ഇതര സംഘടനകളിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. മദ്രാസ് ക്രാഫ്റ്റ് ഫൗണ്ടേഷന്റെ സാംസ്കാരികവിദ്യാഭ്യാസ ഡയറക്ടറായിരുന്നു ഒരു ദശാബ്ദക്കാലം. അവരുടെ പ്രൊജക്ടായ 'ദക്ഷിണചിത്ര' സ്ഥാപിക്കുന്നതു മുതൽ അതിന്റെ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകാൻ സാധിച്ചു. പക്ഷെ ദീർഘകാലം ഒരു സ്ഥാപനത്തിൽ നിൽക്കാൻ എനിക്ക് താൽപര്യമില്ലാതായി. കുട്ടികൾക്കായി ഒരുപാട് ചെയ്യാനുണ്ട്. അതിനെനിക്ക് സ്വതന്ത്രമായ ഒരു തട്ടകം വേണമെന്ന് തോന്നി. അങ്ങനെയാണ് 1998ൽ അസീമ ട്രസ്റ്റിന് രൂപം നൽകിയത്. അസീമയ്ക്ക് ഓഫീസോ കെട്ടിടമോ സ്വന്തമായി സ്റ്റാഫോ ഒന്നുമില്ല. എല്ലാം ഞാൻ തന്നെയാണ്. വിദ്യാഭ്യാസകലാ സംഘടനകളും സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടാണ് അസീമ പ്രവർത്തിക്കുന്നത്.

നമ്മുടെ സംസ്കാരം ഉയർത്തിപ്പിടിക്കുന്നതിൽ ഭാവിതലമുറയ്ക്ക് അഭിമാനമുണ്ടാകണം. വിദ്യാഭ്യാസത്തിലൂടെയും കലാപോഷണത്തിലൂടെയും ഗ്രാമീണ മേഖലയിലെ കുട്ടികളുടെ, പ്രത്യേകിച്ചും പെൺകുട്ടികളുടെ, ശാക്തീകരണമാണ് അസീമയുടെ ലക്ഷ്യം. പെൺകുട്ടികൾ മാത്രം അഭിനയിക്കുന്ന കട്ടെക്കൂത്ത് സംഘം ഞങ്ങളുടെ പ്രയത്നഫലമാണ്. അതിൽ ഒരുപാട് അഭിമാനിക്കുന്നു.

കുട്ടികളിൽ നിന്നും ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവുമല്ലോ. രസകരമായ ഒരനുഭവം പങ്കുവെക്കാമോ?

ധാരാളം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മനസ്സിലേക്ക് പെട്ടെന്ന് വന്നത് പറയാം. ചെന്നൈയിൽ നിന്നും കുറച്ചകലെ ഒരു ഗ്രാമത്തിൽ ഞാൻ കർണാടക സംഗീതത്തെക്കുറിച്ച് പ്രശസ്തനായ ഒരു വീണാവാദകനെ ഉൾപ്പെടുത്തി ഒരു സോദ്ധാഹരണ പ്രഭാഷണം സംഘടിപ്പിച്ചു. കേൾവിക്കാരായ കുട്ടികളിൽ നിന്ന് മികച്ച പ്രതികരണമായിരുന്നു. അത് കഴിഞ്ഞ് ഏകദേശം ഒരാഴ്ചയായിട്ടുണ്ടാവും. ആ സംഗീതജ്ഞൻ എന്നെ വിളിച്ചിട്ട് അന്ന് അദ്ദേഹത്തിനുണ്ടായ ഒരനുഭവം പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രഭാഷണത്തിനുപോയ ഗ്രാമത്തിനടുത്തുകൂടെ അദ്ദേഹം വണ്ടിയോടിച്ചുപോകുമ്പോൾ, ഇന്ധനം നിറയ്ക്കാൻ ഒരു പമ്പിൽ നിറുത്തി. പണം കൊടുത്ത് പോകാൻ തയ്യാറെടുക്കുമ്പോൾ പെട്ടെന്ന് മഴ പൊടിയാൻ തുടങ്ങി. പമ്പിൽ സഹായിയായി നിന്നിരുന്ന പത്ത് പന്ത്രണ്ട് വയസ്സ് തോന്നുന്ന ഒരു ബാലൻ, അവൻ അദ്ദേഹത്തിന്റെ അടുത്തുവന്ന് ഇങ്ങനെ പറഞ്ഞുവത്രേ. 'ആരെങ്കിലും അമൃതവർഷിണി വായിക്കുന്നുണ്ടാവും, അല്ലേ സാർ?' അദ്ദേഹം ഞെട്ടി. പിന്നെയാണ് അവൻ പറഞ്ഞത് അന്നത്തെ പരിപാടിയിൽ കാണികൾക്കിടയിൽ അവനുമുണ്ടായിരുന്നു എന്ന്. എനിക്ക് ഒരുപാട് സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്.

അഹിംസയുടെ പ്രസക്തിയേറിയ ചുറ്റുപാടിലാണ് നാം ഇപ്പോൾ. ഹിംസ പലപ്പോഴും ന്യായീകരിക്കപ്പെടുന്നു. ആക്രമണങ്ങൾ ഗൗരവത്തോടെ കാണപ്പെടുന്നില്ല. പാഠപുസ്തകത്തിനപ്പുറത്തേക്ക് ഗാന്ധിജിയേയും അഹിംസയേയും നമ്മൾ ഉൾക്കൊള്ളുന്നില്ല. ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു? ഗാന്ധിജിയുടെ രാജ്യത്ത് ഹിംസ അധികരിക്കുന്നത് എന്തുകൊണ്ടാണ്?

ശരിയാണ്. അക്രമസംഭവങ്ങൾ ന്യായീകരിക്കുന്നത് ഒരു പതിവായിട്ടുണ്ട്. ഭാവി തലമുറയ്ക്ക് അഹിംസയുടെ പാഠങ്ങൾ പകർന്നുകൊടുക്കേണ്ടത് അനിവാര്യമാണ്. കുട്ടികളെ പഠിപ്പിക്കാൻ ഏറ്റവും നല്ല മാർഗ്ഗം കഥകളാണ്. കഥകൾ എന്നും എപ്പോഴും മനസ്സിലുണ്ടാവും. അഹിംസയെക്കുറിച്ച് ഞാൻ പലപ്പോഴും ഉദ്ധരിക്കാറുള്ള ഒരു കഥ ഇവിടെ പറയാം. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന ഒരു പ്രക്ഷോഭത്തിൽ ഇരുപത്തിരണ്ട് യുവാക്കൾ കൊല്ലപ്പെട്ടു. ഈ വാർത്ത കേട്ടയുടൻ ഗാന്ധിജി പ്രക്ഷോഭം നിർത്താൻ ആഹ്വാനം ചെയ്തു. അപ്പോൾ മഹാത്മജിയുടെ അടുത്തിരുന്ന ഒരാൾ ഇപ്രകാരം ചോദിച്ചു. 'എന്തിനാണ് പ്രക്ഷോഭം നിർത്തുന്നത്? ആകെ ഇരുപത്തിരണ്ട് പേരല്ലേ മരിച്ചുള്ളൂ?' ഇതിന് ഗാന്ധിജിയുടെ മറുപടി ഇതായിരുന്നു'' നിങ്ങൾ ഇപ്പോൾ പറഞ്ഞത് ആ ഇരുപത്തിരണ്ട് യുവാക്കളുടെ ഭാര്യമാരോട് ചെന്ന് പറയൂ.'

പ്രളയം പോലെയല്ല കോവിഡ്. ഈ വൈറസ് എപ്പോൾ നമ്മളെ വിട്ടുപോകുമെന്നും അറിയില്ല. പഴയതിലേക്ക് ഒരു തിരിച്ചുപോക്കില്ല. പുതിയ രീതികളോട് നാം പൊരുത്തപ്പെടാൻ ശ്രമിയ്ക്കുന്നു. എല്ലാ മേഖലകളും ബാധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഏറ്റവും വലിയ പ്രഹരമേൽക്കുക സാംസ്കാരിക മേഖലയ്ക്കാണ്. ഈ അവസരത്തിൽ  ഉപദേശമെന്താണ്?

ധൈര്യം കൈവിടാതിരിക്കുക. മാറ്റം ജീവിതത്തിൽ അനിവാര്യമാണ്. സംസ്കാരവും മാറിക്കൊണ്ടേയിരിക്കും. പലായനം ചെയ്യുന്ന തൊഴിലാളി ലക്ഷങ്ങൾക്കിടയിലും കലാകാരൻമാരുണ്ട്. ജീവിതം വഴിമുട്ടുമ്പോഴാണ് അവർ മറ്റു തൊഴിൽ തേടിപ്പോകുന്നത്. പക്ഷേ,  അവർ ഒരിക്കലും അവരുടെ കലയെ ഉപേക്ഷിക്കില്ല. ചിലരുമായെങ്കിലും അവരത് പങ്കുവെയ്ക്കും. ഈ കൊടുക്കൽ വാങ്ങലുകളാണ് കലയെ, സംസ്കാരത്തെ നിലനിർത്തുന്നത്. നമ്മുടെ ജീവിത ശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തി അവരെ നമുക്ക് സഹായിക്കാൻ കഴിയും.

ഉദാഹരണത്തിന് കൈത്തറി വസ്ത്രങ്ങൾ ശീലമാക്കുക, ജൈവകർഷകരുടെ ഉത്‌പന്നങ്ങൾ വാങ്ങുക. അങ്ങനെ പലതും. എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്. വെള്ളം അതിനൊഴുകാനുള്ള വഴി കണ്ടെത്തുന്നത് പോലെ നമ്മൾ മനുഷ്യരും അതിജീവനത്തിന്റെ വഴികൾ കണ്ടെത്തും.

(തുടരും)

Content Highlights:Dance Interview Series Natyakalayude Samoohyasasthram first part between Aswathi V Nair and Dr VR Devika