എട്ടാം വയസ്സില്‍ കച്ചേരി ചെയ്തുതുടങ്ങിയ ഡോ: ബാലമുരളീകൃഷ്ണ പാട്ടിന്റെ വഴിയില്‍ ഏഴു പതിറ്റാണ്ടിലധികം പിന്നിട്ടുകഴിഞ്ഞു. എണ്‍പത്തിരണ്ടാം വയസ്സിലേക്ക് നീളുന്ന ആ ജീവിതത്തെ വിലയിരുത്തിയാല്‍ പറയാന്‍ കഴിയുന്നത് ഒന്നുമാത്രം - സംഗീതമയം...

പാദം മധ്യസ്ഥായി ഗാന്ധാരം. നാഭി പ്രതിമധ്യമം. വക്ഷസ്സ് തൊട്ട് നെറ്റിത്തടം വരെ മധ്യ-താരസ്ഥായി പഞ്ചമങ്ങളുടെ അതിശയ വിന്യാസങ്ങള്‍. മൂര്‍ധാവ് ദ്രുതഗതിയിലുള്ള ത്രിസ്ഥായി സഞ്ചാരങ്ങളുടെ ഉച്ചാവസ്ഥ. ഇങ്ങനെ 'കല്യാണി' രാഗത്തെ അംഗോപാംഗം വര്‍ണിച്ച് ആനന്ദാവസ്ഥയില്‍ കച്ചേരിമേടയിലിരുന്ന ബാലമുരളീകൃഷ്ണയുടെ അടുത്തേക്ക് അതിമനോഹരിയായ ഒരു ബാലിക നടന്നുവന്നു. അവള്‍ അരികത്തു വന്നിരുന്നപ്പോള്‍ ലക്ഷണത്തികവുള്ള ആ മുഖത്തേക്ക് സാകൂതം നോക്കി രാഗങ്ങളുടെ ചക്രവര്‍ത്തി നിമിഷാര്‍ധംകൊണ്ട് ഒരു കൃതിക്ക് ജീവന്‍ നല്‍കി. രാഗം തന്നെ സമീപത്ത് ആവിര്‍ഭവിച്ച അപൂര്‍വാനുഭവത്തിന്റെ ലഹരിയില്‍ ബാലമുരളീകൃഷ്ണ ആലാപനംപൂര്‍ത്തിയാക്കുമ്പോള്‍ അവള്‍, 'കല്യാണി' മേടയില്‍ നിന്ന് എഴുന്നേറ്റ് ഒരു മേഘശകലം അലിഞ്ഞുപോകുംപോലെ സദസ്യരുടെ ഇടയില്‍ മാഞ്ഞുപോയി. അവള്‍ വന്നതും പോയതും ഒരു സ്വപ്നം കണക്കെ ഇപ്പോഴും മനസ്സിന് സുഖംപകരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അത് സംഭവിച്ചത് വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തിലെ തന്നെ ഒരു വേദിയിലായിരുന്നു. കേരളം ഡോ. ബാലമുരളീകൃഷ്ണയ്ക്ക് സ്‌നേഹത്തിന്റെയും സുഖസ്മരണകളുടെയും സ്ഥലമാണ്. 1942-ല്‍ തൃപ്പൂണിത്തുറയിലെ സംഗീത കോളേജിലായിരുന്നു ഇവിടത്തെ ആദ്യ കച്ചേരി. കഴിഞ്ഞമാസം തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സ്വാതി പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍ മനസ്സ് നിറഞ്ഞു. ''സ്വാതിതിരുനാള്‍ സാധാരണക്കാരനായിരുന്നില്ല. ത്യാഗരാജസ്വാമികളുടെയും ദീക്ഷിതരുടെയും ശ്യാമശാസ്ത്രികളുടെയും ഒപ്പം നില്‍ക്കാന്‍ അര്‍ഹതയുള്ള ദൈവീക സംഗീതത്തിന് ഉടമയായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ കൃതികളുടെ അസ്സല്‍ രൂപം ലഭിക്കാനില്ലെന്നത് നമ്മുടെ നിര്‍ഭാഗ്യമാണ്. മറ്റുള്ളവര്‍ ചിട്ടപ്പെടുത്തിയ അദ്ദേഹത്തിന്റെ രചനകളിലൂടെയാണ് മഹാനായ ആ വാഗ്ഗേയകാരനെ നാമറിയുന്നത്. ആ കൃതികള്‍ സംഗീതലോകത്തിലെ വിലമതിക്കാനാവാത്ത രത്‌നങ്ങളാണ്.'' പാലക്കാട് പുത്തൂര്‍ തിരുപുരായ്ക്കല്‍ നൃത്തസംഗീതോത്സവത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഡോ. ബാലമുരളീകൃഷ്ണ. 82-ാം വയസ്സിലേക്ക് നീളുന്ന ജീവിതത്തെ ആകമാനം വിലയിരുത്തിയാല്‍ 'സംഗീതമയം' എന്നേ പറയാന്‍ കഴിയുന്നുള്ളൂ. പിന്നിട്ടത് പാട്ടിന്റെ എഴുപതിലധികം വര്‍ഷങ്ങളാണ്. എട്ടാം വയസ്സില്‍ കച്ചേരി ചെയ്തുതുടങ്ങി. 14-ാം വയസ്സില്‍ 72 മേളകര്‍ത്താ രാഗങ്ങളും ആസ്​പദമാക്കി 'രാഗാംഗരവളി' രചിച്ച് അത്ഭുതബാലനായി. പുല്ലാങ്കുഴലും വീണയും വയലിനും ഒരുപോലെ കൈകാര്യം ചെയ്ത സംഗീതവിദ്വാന്‍ പട്ടാഭിരാമയ്യയുടെയും വീണവിദുഷി സൂര്യകാന്തമ്മയുടെയും മകനായി ആന്ധ്രയിലെ ശങ്കരഗുപ്തം ഗ്രാമത്തിലാണ് മുരളീകൃഷ്ണ ജനിച്ചത്. ത്യാഗരാജസ്വാമികളുടെ ശിഷ്യപരമ്പരയില്‍ അഞ്ചാമൂഴമാണ് തന്റേതെന്ന് ചെറുപ്പത്തിലേ ഈ ബാലന്‍ കേട്ടറിഞ്ഞിരുന്നു. മുരളീകൃഷ്ണയുടെ കച്ചേരി കേള്‍ക്കാനിടയായ ഹരികഥാകാരന്‍ മുസുനുരി സത്യനാരായണനാണ് കുട്ടിയെ പ്രശംസിച്ചുകൊണ്ട് 'ബാല'മുരളീകൃഷ്ണയെന്നു വിളിച്ചത്. സംഗീതവിദ്യാരംഭം കുറിച്ചതുതൊട്ടിന്നുവരെ താന്‍ സാധകം ചെയ്തിട്ടില്ലെന്ന് ബാലമുരളീകൃഷ്ണ പറയുന്നു. മകന്റെ സിദ്ധി കണ്ടറിഞ്ഞ് അച്ഛന്‍ അവനെ പാരുപ്പള്ളി രാമകൃഷ്ണ പന്തലുവിന്റെ ശിഷ്യനാക്കി. വായ്പാട്ട് മാത്രമല്ല, മൃദംഗത്തിലും ഗഞ്ചിറയിലും വയലിനിലും മുരളീകൃഷ്ണ പ്രാവീണ്യം കാട്ടി. ഗുരുനാഥന് കുട്ടി പേരും പെരുമയുമേകി. ''എന്റെ ഗുരുനാഥന്‍ മറ്റു പലരോടും പറയുമായിരുന്നു, മുരളീകൃഷ്ണ ജനിച്ചത് തനിക്കുകൂടി ഖ്യാതിയുണ്ടാക്കാനാണെന്ന്. അദ്ദേഹം ഒരിക്കലും എന്നെ സാധകം ചെയ്യാന്‍ നിര്‍ബന്ധിച്ചില്ല. പാടിത്തരും. പിറ്റേന്ന് അതുപോലെ പാടിക്കേള്‍പ്പിക്കണം. തെറ്റുവന്നാല്‍ അപ്പോള്‍ തിരുത്തും. സംഗീതം ദൈവദത്തമാണ്. അതില്‍ നമ്മുടെ പ്രയത്‌നമല്ല, ഈശ്വരാനുഗ്രഹമാണ് പ്രധാനം. എന്റെ ശിഷ്യരോടും ഞാന്‍ സാധകം ചെയ്യാന്‍ പറയാറില്ല. പക്ഷേ, പഠിപ്പിച്ചത് തെറ്റാതെ വന്നുപാടണം.'' മനുഷ്യന് സ്വന്തം കാര്യങ്ങളില്‍ ഒരു പങ്കുമില്ലേ എന്ന് ചോദിച്ചാല്‍, ''നിസ്സാരനായ മനുഷ്യനെക്കൊണ്ട് എന്താവും'' എന്ന് മറുചോദ്യം. ''എല്ലാം ദൈവം ചെയ്യിക്കുന്നത്. ദൈവത്തിന്റെ ചിറകിലേറിക്കൊണ്ട് ദൈവത്തിന് പറ്റാത്തതൊക്കെ മനുഷ്യന്‍ ചെയ്യുന്നു.''ദൈവത്തിന് പറ്റാത്തതെന്താണെന്ന് അത്ഭുതപ്പെട്ടപ്പോള്‍ ബാലമുരളീകൃഷ്ണ സമര്‍ഥിച്ചു, ''രാമന് സിലോണില്‍ പോകാന്‍ കഴിഞ്ഞോ? നമ്മളെത്ര തവണ പോയിവരുന്നു. രാമന് സീതയെ കണ്ടെത്താന്‍ എത്ര പാടുപെടേണ്ടിവന്നു. നമുക്ക് സെല്‍ഫോണ്‍ ഉള്ളതുകൊണ്ട് ആരെയും എവിടെയും പിടികൂടാം.'' അങ്ങനെയങ്ങനെ... ഫലിതപ്രിയനാണ്, പാടുമ്പോള്‍ കാറ്റും കടലും ഹൃദയങ്ങളും ഇളക്കിമറിക്കുന്ന ഈ സംഗീതജ്ഞന്‍. എവിടെയാണ് തളരാത്ത ഈ പ്രസരിപ്പിന്റെയും സാരസ്യത്തിന്റെയും ഉറവിടമെന്ന് നമ്മള്‍ അത്ഭുതപ്പെടുന്നു. അദ്ദേഹം ആ രഹസ്യത്തിന്റെയും ചെപ്പു തുറന്നു.''ഞാനൊരു സംഗീതജ്ഞനാണെന്ന് ചിന്തിക്കാറേയില്ല. എനിക്ക് പാട്ടറിയാമെന്ന് ധരിച്ചിരിക്കുന്നുമില്ല. ആരെങ്കിലും പാടാന്‍ പറഞ്ഞാല്‍ മാത്രം പാടും. അപ്പോള്‍ പാട്ട് വരും, പോകും. ശബ്ദം സൂക്ഷിക്കണമെന്ന വേവലാതിയില്ല. കച്ചേരിക്കു മുമ്പായാലും ഐസ്‌ക്രീം തന്നാല്‍ തിന്നും. തണുപ്പത്ത് ഉറങ്ങും. അങ്ങനെയുള്ള ഒരാള്‍ക്ക് ദുഃഖിച്ചിരിക്കാന്‍ കാരണമെവിടെ? കഴിഞ്ഞതും വരാനിരിക്കുന്നതും ഓര്‍ത്ത് വിഷമിക്കാറില്ല. അതുകൊണ്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞാല്‍ മതി.'' ജനിച്ചതിന്റെ പതിനഞ്ചാം ദിവസം അമ്മ മരിച്ച കുട്ടി. അച്ഛന്‍ മകനെ നോക്കാന്‍ അമ്മയുടെ വിധവയായ സഹോദരിയെ വിവാഹം ചെയ്തു. അവര്‍ മുരളീകൃഷ്ണയ്ക്ക് അമ്മ തന്നെയായിരുന്നു. അച്ഛനാവട്ടെ സ്‌നേഹവാത്സല്യം മുഴുവന്‍ അവന് കൊടുത്തു.''എനിക്ക് സ്‌കൂള്‍ പഠിപ്പ് വേണ്ട, പാട്ട് മതിയെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ എതിര്‍ത്തില്ല. പക്ഷേ, ബന്ധുക്കള്‍ അച്ഛനെ നിര്‍ബന്ധിച്ചു. കുട്ടിയെ സ്‌കൂളില്‍ വിടണം. പാട്ടുകൊണ്ടുമാത്രം ജീവിക്കാന്‍പറ്റുന്ന കാലമാണോ ഇത്? എങ്കില്‍ അങ്ങനെയാവട്ടെ എന്നച്ഛനും കരുതി. പതിനൊന്നാം വയസ്സില്‍ വിജയവാഡ സ്‌കൂളില്‍ ചേര്‍ത്തു. നേരിട്ട് ആറാം ക്ലാസിലായിരുന്നു പ്രവേശനം. ക്ലാസ് മുറിയില്‍ ദൈവത്തിന്റെ ചിത്രമുണ്ട്. അതിന് മുന്നില്‍ നിന്ന് എല്ലാവരും പ്രാര്‍ഥിക്കണം. ഞാന്‍ പാട്ടുകാരനായതുകൊണ്ട് പ്രാര്‍ഥന എന്റെ അവകാശമായിരുന്നു. അത് സഹപാഠികള്‍ക്ക് നന്നേ രസിച്ചു. പ്രാര്‍ഥനാഗീതം ഒരു മണിക്കൂറൊക്കെ നീണ്ടപ്പോള്‍ ടീച്ചര്‍ക്ക് ശുണ്ഠിപിടിച്ചു. കഷ്ടകാലത്തിന് കാല്‍ക്കൊല്ല പരീക്ഷയില്‍ ഞാന്‍ തോല്‍ക്കുകയും ചെയ്തു. അതിനെക്കാള്‍ വലിയ പ്രശ്‌നം എന്റെ ആരാധകരായ കുട്ടികളും തോറ്റുവെന്നതാണ്. ഹെഡ്മാസ്റ്റര്‍ മയത്തില്‍ അച്ഛനെ വിളിച്ചുപറഞ്ഞു. ബാലമുരളീകൃഷ്ണയെ സ്‌കൂളില്‍ നിര്‍ബന്ധിച്ചയയ്‌ക്കേണ്ട. അവന് പാട്ടിലാണ് താത്പര്യമെങ്കില്‍ ആ വഴിക്കു പോട്ടെ. ഇല്ലെങ്കില്‍ അവനെന്റെ മറ്റു വിദ്യാര്‍ഥികളെക്കൂടി പാഴാക്കും.'' അച്ഛന്‍ അതിനും എതിര് പറഞ്ഞില്ല. അങ്ങനെ മൂന്നുമാസം കൊണ്ട് ബാലമുരളീകൃഷ്ണയുടെ വിദ്യാഭ്യാസം അവസാനിച്ചു. പിന്നെ സംഗീതം മാത്രം. സ്‌കൂളില്‍ പഠിക്കാന്‍ കഴിയാത്തതില്‍ ഒരു നഷ്ടബോധവുമില്ലെന്ന് അദ്ദേഹം പറയുന്നു. ''എന്തിന് ദുഃഖിക്കണം? സ്‌കൂളില്‍ പോകാത്ത ഞാന്‍ പിന്നീട് ഒരു യൂണിവേഴ്‌സിറ്റിയുടെ പ്രോ ചാന്‍സലറായി. വിവിധ സര്‍വകലാശാലകളില്‍ നിന്ന് ഒമ്പത് ഡോക്ടറേറ്റ് തേടിവന്നു. സ്‌കൂള്‍ പഠിപ്പ് തുടര്‍ന്നിരുന്നെങ്കില്‍ ബി.എ.യും എം.എ.യുമൊക്കെ എടുക്കാന്‍ വെറുതെ ആറേഴുവര്‍ഷം കളഞ്ഞേനെ...'' ഒരാവലാതിയുമില്ലാത്ത കുട്ടിയെപ്പോലെ അദ്ദേഹം കുലുങ്ങിച്ചിരിച്ചു. ഈ ചിരിയും ആരോഗ്യവും കാണുമ്പോള്‍ അറിയാതെ ചോദിച്ചുപോകും, മ്യൂസിക് തെറാപ്പിയുടെ അറിയപ്പെടുന്ന പ്രയോക്താവല്ലേ... അതും ആരോഗ്യത്തിന്റെ രഹസ്യങ്ങളില്‍പ്പെടുമോ? വിഷയം കേട്ടപ്പോള്‍ മുഖം ഗൗരവമാര്‍ന്നു. നമ്മള്‍ ഇനിയും വേണ്ടത്ര ഗൗരവത്തോടെ മ്യൂസിക് തെറാപ്പി പരിഗണിച്ചിട്ടില്ലെന്ന് മുഖവുര. ''പാശ്ചാത്യര്‍ ഇതിനിടെ കുറേയേറെ ആ വഴിയില്‍ പുരോഗമിച്ചുകഴിഞ്ഞു. വളരെ പ്രാധാന്യമര്‍ഹിക്കുന്ന ചികിത്സാ ഉപാധിയാണ് സംഗീതം. പക്ഷേ, രാഗമല്ല രോഗം ഭേദപ്പെടുത്തുന്നത്. പാടുന്ന വ്യക്തിയുടെ ഉദ്ദേശ്യവും രാഗത്തെ പ്രയോഗിക്കുന്ന രീതിയുമാണ്.''

കേട്ടിരിക്കുന്നു... തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി.ആര്‍. മരണാസന്നനായി കിടന്ന സമയം. അദ്ദേഹവും ബാലമുരളീകൃഷ്ണയുമായി അടുത്ത മാനസികബന്ധമുണ്ടായിരുന്നു. മരണത്തെ തടുക്കാനാവില്ല. എന്നാല്‍ തന്റെ സംഗീതത്തെ സ്‌നേഹിക്കുന്ന എം.ജി.ആറിനെ അതുകേട്ടുകൊണ്ട് സ്വസ്ഥമായി മരണത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നായിരുന്നു ആസ്​പത്രിയിലെത്തിയ ബാലമുരളീകൃഷ്ണയുടെ അഭ്യര്‍ഥന. എം.ജി.ആറിന്റെ ഭാര്യയും ഡോക്ടറും അതിന് സമ്മതിച്ചു. അബോധാവസ്ഥയിലായിരുന്ന എം.ജി.ആറിന്റെ സമീപത്തിരുന്ന് ബാലമുരളീകൃഷ്ണ പാടി. വിടപറയുമ്പോള്‍ അദ്ദേഹത്തെ നിരന്തരം കേള്‍പ്പിക്കാന്‍ വേണ്ടി പാട്ട് റെക്കോഡ് ചെയ്ത് ശ്രീമതിക്ക് നല്‍കുകയും ചെയ്തു. പിറ്റേന്ന് കേരളത്തിലായിരുന്നു കച്ചേരി. ട്രെയിന്‍ ഇറങ്ങിയപ്പോള്‍ ആവേശത്തോടെ ജനങ്ങള്‍ ഇരമ്പിവന്നു. അമ്പരന്നുനില്‍ക്കുമ്പോള്‍ കേട്ടറിഞ്ഞു, എം.ജി.ആര്‍. കോമയുടെ അവസ്ഥയില്‍നിന്ന് കരകയറിയിരിക്കുന്നു.''എന്റെ പാട്ടാണ് അദ്ദേഹത്തെ ഉണര്‍ത്തിയതെന്ന് ഞാന്‍ വിശ്വസിക്കുന്നു. പിന്നീടും അദ്ദേഹത്തിന് സംഗീതചികിത്സ നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയായി ഓടി നടക്കുന്നതും അമേരിക്കന്‍ യാത്ര നടത്തുന്നതും കണ്ടു സന്തോഷിച്ചിട്ടുണ്ട്. അത് സംഗീതത്തിന്റെ ശക്തിയാണ്.''

എന്നാല്‍ എം.ജി.ആറിന് മൃതസഞ്ജീവനിയായ രാഗമേതാണെന്ന് ചോദിച്ചപ്പോള്‍ സംഗീതചികിത്സകന്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചു. ''അതു ചോദിക്കരുത്. അറിഞ്ഞിട്ട് നിങ്ങള്‍ക്ക് പ്രയോജനവുമില്ല. അദ്ദേഹത്തിനുവേണ്ടി ഞാന്‍ പാടിയ രാഗം മറ്റൊരാള്‍ക്കുവേണ്ടി മറ്റൊരു സംഗീതജ്ഞന്‍ പാടിയാലും ഫലമുണ്ടാവില്ല.'' രാഗങ്ങളുടെ സമയം സംബന്ധിച്ച ധാരണകളെയും ഡോ.ബാലമുരളീകൃഷ്ണ ഖണ്ഡിച്ചു. ''ഒരു രാഗത്തിനും സമയം നിശ്ചയിക്കാനാവില്ല. പ്രഭാതരാഗം, മധ്യാഹ്നരാഗം, സന്ധ്യാരാഗം എന്നൊക്കെ ആളുകള്‍ പറയുന്നു. രാഗത്തിന് ഋതുക്കളും ഉദയാസ്തമയങ്ങളുമില്ല. നിശാരാഗമെന്ന് കരുതപ്പെടുന്ന രാഗം പാടിക്കൊണ്ട് എനിക്ക് നിങ്ങളില്‍ പുലരിയുടെ പ്രതീതിയുണ്ടാക്കാന്‍ കഴിയും. മധ്യാഹ്നരാഗം വിസ്തരിച്ചു സന്ധ്യയെ അനുഭവിപ്പിക്കാന്‍ കഴിയും. അത് പാടുന്ന ആളിന്റെ കഴിവാണ്. സിനിമാപ്പാട്ട് ജനങ്ങള്‍ ആസ്വദിക്കുന്നത് രാഗമറിഞ്ഞല്ല. വികാരമുള്‍ക്കൊണ്ടാണ്. 'കൊലവെറി' ഇഷ്ടപ്പെട്ടുവോ? എല്ലാവരും എന്നോട് ഇതുതന്നെ ചോദിക്കുന്നു. ഞാന്‍ ഈ പാട്ട് കേട്ടിട്ടില്ല. ജനങ്ങള്‍ ആസ്വദിക്കുന്നുണ്ടെങ്കില്‍, പാടി നടക്കുന്നുണ്ടെങ്കില്‍ അത് നല്ല പാട്ടാണ് എന്നാണെന്റെ അഭിപ്രായം. അതുകൊണ്ടല്ലേ പാട്ട് ഇത്ര ഹിറ്റായത്. കര്‍ണാടകസംഗീതമാണ് ഏറ്റവും നല്ല സംഗീതം എന്ന് അങ്ങ് എപ്പോഴും പറയാറുണ്ട്... ഏറ്റവും നല്ല സംഗീതം എന്ന് ഒന്നിനെയും പറയാനാവില്ല. പക്ഷേ, ഞാന്‍ ഉറപ്പിച്ചു പറയുന്നു, ലോകത്തിലെ എല്ലാ സംഗീതവും കര്‍ണാടകസംഗീതമാണ്. സംസാരിക്കുമ്പോള്‍ മുഖത്ത് ഭാവങ്ങളുടെ രസമുകുളങ്ങള്‍ ഇതളിടുന്നു. കണ്ണുകള്‍ നൃത്തം ചെയ്യുന്നു. ചുണ്ടില്‍ ചിരിയലകള്‍ പരന്നൊഴുകുന്നു. അംഗവിക്ഷേപങ്ങള്‍ അതീവ രസകരം. പണ്ട് 'ഭക്തപ്രഹ്ലാദ' എന്ന സിനിമയില്‍ നാരദനായി അഭിനയിച്ച് കൈയടിവാങ്ങിയ കഥ ഓര്‍മിപ്പിച്ചു. ഇപ്പോഴും ഹരമാണോ സിനിമ? (മുഖത്ത് ഉത്സാഹത്തിന്റെ വേലിയേറ്റം) ഒരു സിനിമയില്‍ നാരദവേഷം ചെയ്തപ്പോള്‍ പിന്നെ നാരദനാവാന്‍ ഓഫറുകളുടെ ബഹളമായിരുന്നു. ഞാന്‍ കണ്ണുംപൂട്ടി നിരസിച്ചു. കാരണം നാരദന് നായികയില്ല. നായികയില്ലാതെ എന്തിനഭിനയിക്കണം...? ശ്രീകൃഷ്ണനാവാന്‍ താത്പര്യമുണ്ടോ? അങ്ങനെ ഒരു ക്ഷണം കിട്ടിയാല്‍ സംശയം വേണ്ട, ഇനിയും അഭിനയിക്കും. പക്ഷേ, ഈ 82-ാം വയസ്സില്‍ എന്നെ ഏത് ഗോപികമാര്‍ക്ക് വേണം... എങ്കിലും പറയട്ടെ, എന്റെ മനസ്സില്‍ യുവത്വമുണ്ട്, കാണാനും കൊള്ളാമല്ലേ...? മക്കള്‍ പാട്ടുകാരായില്ലല്ലോ എന്നു ചോദിച്ചപ്പോള്‍, ''ഞാനത് ആഗ്രഹിച്ചിട്ടില്ല'' എന്നായിരുന്നു മറുപടി. പാലക്കാട്ടെത്തിയപ്പോള്‍ ചെമ്പൈ ഭാഗവതരെ ഓര്‍ത്തുവോ? ബാലമുരളീകൃഷ്ണയുടെ മുഖം വിടര്‍ന്നു. ആന്ധ്രയിലെ രാജമണ്ഡ്രിയില്‍ പ്രസിദ്ധമായൊരു സംഗീതസഭ ഓര്‍മയില്‍ തെളിഞ്ഞുവന്നു. അവരുടെ ചടങ്ങില്‍ രാജസിംഹാസനത്തില്‍ ഇരുത്തി ഡോ: ബാലമുരളീകൃഷ്ണയെ ആദരിക്കുന്ന അവസരമായിരുന്നു അത്.

''എന്നെ തങ്കത്തിന്റെ കാല്‍ത്തള അണിയിക്കാന്‍ ദേവതുല്യനായ ഒരു വ്യക്തിവേണമെന്ന് സംഘാടകര്‍ ആഗ്രഹിച്ചിരുന്നു. അതിനാല്‍ കണ്ടെത്തിയത് ചെമ്പൈ സ്വാമിയെയാണ്. മഹാനായ ചെമ്പൈ ഒരു മടിയുംകൂടാതെ അവരുടെ അപേക്ഷ സ്വീകരിച്ചു. സിംഹാസനത്തിലിരുന്ന എന്റെ കാലുകള്‍ സ്വന്തം മടിയിലെടുത്തുവെച്ച് സംഗീതസാനമ്രാട്ട് തന്റെ കൈകൊണ്ട് എന്നെ തങ്കക്കാല്‍ത്തളയണിയിച്ചു. ആ വലിയ മനസ്സിന് മുന്നില്‍ ഞാനിപ്പോഴും പ്രണമിക്കുന്നു. ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായിരുന്നു ചെമ്പൈയുടെ ആ സ്​പര്‍ശം.''

മണിക്കൂറുകള്‍ കടന്നുപോയി. വേദിയില്‍ ബാലമുരളീകൃഷ്ണ മറ്റൊരു രാഗമായി പരിണമിച്ചിരുന്നു. അതിന് ദേശകാലങ്ങള്‍ ബാധകമല്ല. ഇരവും പകലും ഭേദമില്ല. അപ്പോള്‍ സ്വയം മറന്ന, സര്‍വവ്യാപിയായ സംഗീതം മാത്രമാണ് ബാലമുരളീകൃഷ്ണ. മനുഷ്യനും ദൈവവും കേള്‍ക്കാന്‍ കൊതിക്കുന്ന സംഗീതം.