"പിതാവിന്റെ  ഉത്തരവാദിത്തമില്ലായ്മയില്‍ മനംനൊന്ത് എനിക്ക് നാല് വയസ്സുള്ളപ്പോള്‍ അമ്മ വീടുവിട്ട് ഇറങ്ങിപ്പോയില്ലായിരുന്നെങ്കില്‍, പിതാവ് മറ്റൊരു കല്യാണം കഴിച്ചില്ലായിരുന്നെങ്കില്‍, ആറാം ക്ലാസില്‍ പഠനം നിര്‍ത്താന്‍ നിര്‍ബന്ധിതയായി ഇരട്ടിപ്രായമുള്ള  ഒരാളുടെ ഭാര്യയും പതിന്നാലാം വയസ്സുമുതല്‍ അയാളുടെ മൂന്ന് കുട്ടികളുടെ മാതാവുമായില്ലായിരുന്നെങ്കില്‍, ആ ഭര്‍ത്താവിന്റെ പീഡനങ്ങളാല്‍  പൊറുതിമുട്ടി കുട്ടികളെയുംകൊണ്ട് ഓടിപ്പോയില്ലായിരുന്നെങ്കില്‍, ഡല്‍ഹിയിലെത്തി പലരുടെയും ക്രൂരമായ പെരുമാറ്റങ്ങളും അവഹേളനകളും സഹിച്ച് അവരുടെ വീട്ടുപണികളെടുത്തില്ലായിരുന്നെങ്കില്‍,  ഏറ്റവുമൊടുവില്‍ 'താത്തൂസി'ന്റെ വീട്ടിലെത്തിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ എന്നെയിന്ന് ഒരെഴുത്തുകാരിയായി ലോകം അറിയുമായിരുന്നില്ല. എന്നുവെച്ച്  മറക്കാന്‍ കഴിയാത്ത ആ ജീവിത സാഹചര്യങ്ങളോടും സംഭവങ്ങളോടും ഞാന്‍ ഒത്തുതീര്‍പ്പാവുകയല്ല."

കശ്മീരില്‍ ജനിച്ച്, പശ്ചിമബംഗാളില്‍ വളര്‍ന്ന്, ഡല്‍ഹിയിലേയും പിന്നീട് ഗുര്‍ഗാവിലേയും മധ്യവര്‍ഗക്കാരുടെ വീട്ടുവേലകള്‍ ചെയ്തുകൊണ്ടുള്ള ജീവിതയാത്രയ്ക്കിടയില്‍ സ്വന്തം ആത്മകഥയെഴുതാന്‍ സമയം കണ്ടെത്തുകയും അതുവഴി ലോകത്തെ വിസ്മയിപ്പിക്കുകയും ചെയ്ത ബേബി ഹല്‍ദര്‍ എന്ന ബംഗാളി എഴുത്തുകാരിയുടെ വാക്കുകളാണിത്. 

2004-ലാണ് അവരുടെ 'ആലോ അന്ധാരി' എന്ന ആത്മകഥ ബംഗാളി  ഭാഷയില്‍ പുറത്തിറങ്ങിയത്. അതിനുശേഷം ഇംഗ്ലീഷ്, ഫ്രഞ്ച്, ജാപ്പനീസ്, കൊറിയന്‍, ജര്‍മന്‍ എന്നിവയടക്കം പതിമ്മൂന്ന് വിദേശ ഭാഷകളിലേക്കും മലയാളത്തിലടക്കം ('നിഴലും വെളിച്ചവും') എട്ട് ഇന്ത്യന്‍ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയ ആ പുസ്തകം  ബേബി ഹല്‍ദറിന്റെ ജീവിതം മാറ്റി  മറിച്ചുവെന്ന് പറയാം. 

സ്വന്തം അനുഭവങ്ങള്‍ വെളിപ്പെടുത്തുന്നതോടൊപ്പം ഇന്ത്യയിലെ മൊത്തം വീട്ടുവേലക്കാരികളുടെയും ജീവിതാവസ്ഥകളിലേക്ക് വെളിച്ചം വീശുന്നതുമായ ആലോ അന്ധാരി എന്ന പുസ്തകത്തിന്റെ  രചയിതാവെന്നനിലയില്‍ പല വിദേശരാജ്യങ്ങളും സന്ദര്‍ശിക്കാന്‍ അവസരംലഭിച്ച ബേബി ഹല്‍ദറിന് പേരും പ്രശസ്തിയും പുരസ്‌കാരങ്ങളും മാത്രമല്ല അതുവരെ അവമതിപ്പും ശകാരങ്ങളും മാത്രം നല്‍കിയിരുന്ന സമൂഹത്തിന്റെ ബഹുമാനാദരങ്ങള്‍ പിടിച്ചുപറ്റാനും കഴിഞ്ഞു.

'ഇന്ത്യന്‍ സാഹിത്യത്തിലെ സ്ത്രീശക്തി' കേന്ദ്ര പ്രമേയമാക്കി ഫെബ്രുവരി 22 മുതല്‍ 24 വരെ മുംബൈയിലെ എന്‍.സി.പി.എ.യില്‍ കാക്ക മാഗസിനും പാഷന്‍ ഫോര്‍ കമ്യൂണിക്കേഷനും ചേര്‍ന്നൊരുക്കുന്ന നാലാമത് എല്‍.ഐ.സി. ഗേറ്റ് വേ ലിറ്റ് ഫെസ്റ്റിലെ വുമണ്‍റൈറ്റര്‍ ഓഫ് ദ ഈയര്‍ അവാര്‍ഡിനര്‍ഹയായ ബേബി ഹല്‍ദര്‍ മാതൃഭൂമിയോട് മനസ്സു തുറക്കുന്നു.   
   
ആലോ അന്ധാരി എന്ന പുസ്തകത്തെയും അതെഴുതാനുണ്ടായ സാഹചര്യത്തെയും കുറിച്ച് ? 

മൂന്ന് കുട്ടികളെ പോറ്റാനായി പലയിടങ്ങളില്‍ വീട്ടുവേലചെയ്ത ഞാന്‍  പുസ്തകമെഴുതുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്തിരുന്നില്ല. ഏറ്റവുമൊടുവില്‍ ഗുര്‍ഗാവില്‍ താത്തൂസ് എന്ന് ഞാന്‍ വിളിക്കുന്ന ആളുടെ വീട്ടില്‍ പണിയെടുക്കുമ്പോള്‍ അവിടെ അദ്ദേഹത്തിന്റെ   പുസ്തകശേഖരം പൊടി തട്ടുന്നതിനിടയയില്‍ വെറുതെ ചില പുസ്തകങ്ങള്‍ ഞാന്‍ മറിച്ചുനോക്കുമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട അദ്ദേഹം ഒരുദിവസം ഒരു പുസ്തകമെടുത്ത് എന്റെ കയ്യില്‍ത്തന്ന് അത് വായിച്ചുനോക്കാന്‍ പറഞ്ഞു. വാസ്തവത്തില്‍ അതിനൊന്നും നേരം കിട്ടിയിരുന്നില്ല. എങ്കിലും ഞാന്‍ ശ്രമിച്ചു. 

പുസ്തകം കുറേശ്ശെയായി ഒരുവിധം വായിച്ചുതീര്‍ത്തു. പിന്നീടൊരുദിവസം താത്തൂസ് ഒരു പേനയും നോട്ടുപുസ്തകവും തന്നശേഷം മനസ്സിലുള്ളതെന്തെങ്കിലുമൊക്കെ എഴുതാന്‍ ആവശ്യപ്പെട്ടു. ആദ്യം ഞാനതത്ര കാര്യമാക്കിയില്ല. എങ്കിലും  ശ്രമിച്ചുനോക്കി. അങ്ങനെ എന്റെ മനസ്സില്‍ ഞാന്‍ കാത്തുസൂക്ഷിച്ചിരുന്ന പലതും ഞാനറിയാതെ അക്ഷരങ്ങളായി പുറത്തുവരാന്‍ തുടങ്ങിയപ്പോള്‍ അതൊരു വ്യത്യസ്ത അനുഭവമായിമാറുകയായിരുന്നു. അതാണ് ആലോ അന്ധാരി. 

ആലോ അന്ധാരി എന്നാല്‍ ? 

ആലോ എന്നാല്‍ വെളിച്ചവും അന്ധാരി എന്നാല്‍ ഇരുട്ടും എന്നാണര്‍ഥം. എന്റെ ജീവിതത്തിലെ ഇരുളും വെളിച്ചവുമാണതില്‍ ഞാന്‍ സത്യസന്ധമായി വെളിപ്പെടുത്തിയത്. അതില്‍ ഞാന്‍ നൂറുശതമാനം നീതി പുലര്‍ത്തുകയും ചെയ്തു. 

ഈ പുസ്തകം ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയിരുന്നോ ? 

എന്നെപ്പോലെ അല്ലെങ്കില്‍ എന്നേക്കാള്‍ കൂടുതല്‍ കഷ്ടതകളനുഭവിച്ചവര്‍ ഈ ഭൂമിയിലുണ്ടെന്നുള്ള ബോധം ഞാന്‍ കാത്തുസൂക്ഷിച്ചിരുന്നു. അതിനാല്‍ ഞാനെഴുതുന്നത് ശ്രദ്ധിക്കപ്പെടുമെന്നൊന്നും എനിക്ക് വിശ്വാസമില്ലായിരുന്നു. സംഭവിച്ചത് മറിച്ചും. 

ബേബി ഹല്‍ദര്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ താളംതെറ്റാന്‍ നിമിത്തക്കാരായ ആ പിതാവിനോടും ഭര്‍ത്താവിനോടും ഇപ്പോള്‍ എന്ത് തോന്നുന്നു ? 

അവരെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. കാരണം അവര്‍ നിസ്സഹായരായിരുന്നുവെന്നും വിദ്യാഭ്യാസത്തിന്റെ കുറവായിരുന്നു അവരുടെ നിസ്സഹായതയെന്നും ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. 

വായിക്കാനും എഴുതാനും പ്രേരണ നല്‍കിയ താത്തൂസ് എന്ന ആ നല്ല മനുഷ്യന്‍ ആരായിരുന്നു ? 

പ്രശസ്ത ഹിന്ദിഉര്‍ദു സാഹിത്യകാരന്‍ മുന്‍ഷി പ്രേംചന്ദിന്റെ പൗത്രനും എഴുത്തുകാരനുമായ പ്രൊ. പ്രബോധ് കുമാര്‍. എന്നെ സ്വന്തം മകളെപ്പോലെ കരുതുന്നതിനാലാണ് അദ്ദേഹത്തെ ഞാന്‍ താത്തൂസ് എന്ന് വിളിക്കുന്നത്. താത്തൂസ് എന്നാല്‍ പോളീഷ് ഭാഷയില്‍ പിതാവ് എന്നാണര്‍ഥം. അദ്ദേഹത്തിന്റെ മക്കള്‍ അദ്ദേഹത്തെ അങ്ങനെ വിളിക്കുന്നതിനാല്‍ ഞാനും അങ്ങനെതന്നെ വിളിച്ചാല്‍ മതിയെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. 

അദ്ദേഹം ആദ്യമായി വായിക്കാന്‍തന്ന പുസ്തകം ? 

ബംഗ്ലാദേശി എഴുത്തുകാരിയായ തസ്ലീമ നസ്റീനിന്റെ അമാര്‍ മെയേബേല.

ആ പുസ്തകം വായിച്ചപ്പോള്‍ എന്ത് തോന്നി ? 

സമാന അനുഭവങ്ങള്‍ പലര്‍ക്കുമുണ്ടായേക്കാമെങ്കിലും അവസരം കിട്ടാത്തതിനാല്‍ പലതും ലോകം അറിയാതെ പോവുകയാണല്ലോ എന്നോര്‍ത്ത് വിഷമംതോന്നി. അതുകൊണ്ടാണ് ഞാനും എഴുതാന്‍ ശ്രമിച്ചത്. 

ആലോ അന്ധാരി എഴുതുമ്പോള്‍ ഭാഷയുടെ വഴക്കം എങ്ങനെയായിരുന്നു ? 

ആറാം ക്ലാസ് വരെ പഠിച്ച ഞാന്‍ എനിക്കറിയാവുന്ന ലളിതമായ ബംഗാളി ഭാഷയിലാണ് എഴുതിയത്. സരസ്വതീ കടാക്ഷംകൊണ്ടാണ് അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് വായിച്ച താത്തൂസിന് ഏറെ ഇഷ്ടപ്പെട്ടു. അദ്ദേഹം തന്റെ സുഹൃത്തുക്കളെയും അത് കാണിച്ചു. അവരും അഭിനന്ദിച്ചു. താത്തൂസ് തന്നെ അത് എഡിറ്റ് ചെയ്തു.

പുസ്തകം പ്രസിദ്ധീകരിച്ചശേഷമുള്ള അനുഭവങ്ങള്‍ ? 

സന്തോഷത്തിന് പല വഴികളുണ്ടെന്ന് അപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്. വെറുമൊരു വീട്ടുവേലക്കാരിയില്‍നിന്ന് എഴുത്തുകാരിയിലേക്കുള്ള എന്റെ കൂടുമാറ്റം പലരെയും വിസ്മയിപ്പിച്ചു. എന്റെ നേര്‍ക്കുണ്ടായിരുന്ന സമൂഹത്തിന്റെ വീക്ഷണംതന്നെ മാറി. ജര്‍മനി, പാരീസ്, ഹോങ്കോങ് തുടങ്ങിയ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ സ്വീകരണം ഏറ്റുവാങ്ങാനും ഞാനറിയാത്ത പല പ്രശസ്ത എഴുത്തുകാരുമായി പരിചയപ്പെടാനും കഴിഞ്ഞു. അങ്ങനെ തുടര്‍ന്നെഴുതാനുള്ള ആത്മവിശ്വാസവും കൈവന്നു. 'ഇഷത് രൂപാന്തര്‍'  (കുറച്ച് മാറ്റം), 'ഘരെ ഫെരാര്‍ പഥ്'(വീട്ടിലേക്കുള്ള വഴി) എന്നീ പുസ്തകങ്ങള്‍ അങ്ങനെ എഴുതിയതാണ്.

ആ പുസ്തകങ്ങളിലെ പ്രതിപാദ്യം ? 

രണ്ടാമത്തേതും എന്നെക്കുറിച്ചുതന്നെ. ആലോ അന്ധാരിയുടെ തുടര്‍ച്ചപോലെ. എന്നാല്‍ മൂന്നാമത്തേത് എന്റെ ജീവിതത്തിലെ അപ്രതീക്ഷിതമായ പുതിയ മാറ്റങ്ങളെക്കുറിച്ചാണ്. അതായത് എഴുത്തുകാരിയാകുന്നതിനു മുമ്പ് ആള്‍ക്കാരെന്നോടെങ്ങനെ പെരുമാറിയിരുന്നുവെന്നതിനെക്കുറിച്ചും എന്നെപ്പോലുള്ള ഒരു പെണ്ണിനോടുള്ള സമൂഹത്തിന്റെ ധാരണകളും സമീപനങ്ങളും മാറ്റിയെടുക്കാന്‍ കഴിഞ്ഞതിനെക്കുറിച്ചും.

പരിചയപ്പെടാന്‍ കഴിഞ്ഞ പ്രമുഖ എഴുത്തുകാര്‍ ? 

ജ്ഞാനപീഠം അവാര്‍ഡും അക്കാദമി പുരസ്‌കാരവും ഫെല്ലോഷിപ്പും നേടിയ ഹിന്ദി എഴുത്തുകാരി കൃഷ്ണ  സോബ്തി, ബംഗാളി കവി നരേന്ദ്രനാഥ് ചക്രവര്‍ത്തി, തസ്ലീമ നസ്റീന്‍, സല്‍മാന്‍ റുഷ്ദി തുടങ്ങി നിരവധി പേരുണ്ട്.

ബേബി ഹല്‍ദര്‍ എന്ന  പുതിയ എഴുത്തുകാരിയോട് അവരുടെ സമീപനം എങ്ങനെയായിരുന്നു ? 

എനിക്ക് വിശ്വസിക്കാനായില്ല. അത്രയും സ്‌നേഹവാത്സല്യങ്ങളും പ്രശംസയും പ്രോത്സാഹനങ്ങളുമാണ് അവരില്‍നിന്ന് ലഭിച്ചത്. 

പിതാവ്, ഭര്‍ത്താവ് എന്നിവരില്‍നിന്ന് ലഭിച്ച അനുഭവങ്ങളുടെ കയ്ക്കുന്ന ഓര്‍മകള്‍ കാത്തുസൂക്ഷിക്കുമ്പോള്‍ മൊത്തത്തിലുള്ള പുരുഷവര്‍ഗത്തോട് ഏതെങ്കിലും തരത്തിലുള്ള പകയോ വെറുപ്പോ മനസ്സിലുണ്ടോ ? 
  
എല്ലാ പുരുഷന്മാരും അങ്ങനെയാകണമെന്നില്ല. എന്നെ ഇന്നത്തെ ഞാനാക്കിയതും ഒരു പുരുഷനാണ്. അതായത്, എന്റെ താത്തൂസ്. അതിനാല്‍ പുരുഷവര്‍ഗത്തോട് പ്രത്യേകിച്ച് ഒരു പകയോ വിദ്വേഷമോ എനിക്കില്ല. അതേസമയം സ്ത്രീയെക്കുറിച്ചുള്ള പുരുഷ വര്‍ഗത്തിന്റെ മൊത്തത്തിലുള്ള വീക്ഷണവും വിചാരഗതിയും മാറ്റേണ്ടതുണ്ട്. 

സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനം ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്. പുരുഷന്‍ ചെയ്യുന്നതെല്ലാം സ്ത്രീക്കും ചെയ്യാനാകും. എന്നാല്‍ സ്ത്രീ ചെയ്യുന്നതെല്ലാം പുരുഷനാവുകയില്ല. മാനസികമായി സ്ത്രീക്ക് പുരുഷനേക്കാള്‍ ശക്തി കൂടുതലുണ്ട്. അതുകൊണ്ടാണ് ദൈവം ജന്മം നല്‍കുന്ന പണി അല്ലെങ്കില്‍ പ്രസവം സ്ത്രീയെ ഏല്പിച്ചത്. 

ഇപ്പോള്‍ എന്ത് ചെയ്യുന്നു ? 

ഒന്നര വര്‍ഷമായി കൊല്‍ക്കത്തയിലെ  ചുവന്ന തെരുവിലെ ലൈംഗിക തൊഴിലാളികള്‍ക്കുവേണ്ടി  പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ.യില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണ്. അങ്ങനെ ചുവന്നതെരുവില്‍ കുടുങ്ങിപ്പോയ പലരെയും പഠിപ്പിക്കാനും രക്ഷപ്പെടുത്താനും സഹായിക്കാനും കഴിയുന്നത് പുണ്യവും ഭാഗ്യവുമായി ഞാന്‍കരുതുന്നു. അവരില്‍ ഓരോരുത്തര്‍ക്കും ഓരോ പുസ്തകമെഴുതാനുള്ള കഥകളുണ്ട് പറയാന്‍. അത്രകണ്ട് കഷ്ടവും കഠിനവുമാണ് അവരുടെ ജീവിതം. എന്റെ അടുത്തപുസ്തകം  അവരെക്കുറിച്ചാണ്. എഴുത്ത് തുടര്‍ന്നുകൊണ്ടിരിക്കുന്നു.

Content highlights : Baby Halder, Aalo Aandhari, A Life Less Ordinary