നുഷ്യസാധ്യമായ എഴുത്തുകളായിരുന്നില്ല ജയമോഹന്റേത്. മഹാഭാരതം പുനരാഖ്യാനം ചെയ്യുന്ന 'വെണ്‍മുരശ്' ഇപ്പോള്‍ കുരുക്ഷേത്രത്തില്‍ എത്തിനില്‍ക്കുന്നു. 'മുതര്‍കനലി'ല്‍ തുടങ്ങി 'ഇമൈകണം' വരെ പതിനേഴ് പുസ്തകങ്ങള്‍. വെണ്‍മുരശ് സീരീസ് പുറത്തിറങ്ങി. ലോകത്തെ ഏറ്റവും വലിയ നോവലായി വെണ്‍മുരശ് മാറിക്കഴിഞ്ഞു. തമിഴും മലയാളവും ഇഴുകിച്ചേര്‍ന്ന നാഞ്ചിനാടിന്റെ ഉള്ളുരുക്കങ്ങളെക്കുറിച്ച് ജയമോഹന്‍ എഴുതിയപ്പോള്‍ വായനക്കാരെ ആഴത്തില്‍ സ്പര്‍ശിച്ചു. നൂറുസിംഹാസനങ്ങള്‍ ഒരുനോവായി മനസ്സില്‍ അവശേഷിച്ചപ്പോള്‍ ഒരിക്കല്‍ എഴുത്തുകാരനെ തേടിയിറങ്ങി. പിന്നീടത് പതിവായി. അത് ചെന്നെത്തിനിന്നത് പാര്‍വതീപുരത്തായിരുന്നു. നാഗര്‍കോവിലിന് സമീപം പാര്‍വതീപുരത്തെ ശാരദനഗറിലുള്ള ചെറിയ വീട്ടില്‍ തമിഴിലെ വലിയ എഴുത്തുകാരന്‍ താമസിക്കുന്നു. 

ഒരേസമയം, തിരക്കഥയും ഫിക്ഷനും അത് തമിഴിലും മലയാളത്തിലും. പിന്നെ വെണ്‍മുരശിന് വേണ്ടി എല്ലാദിവസവും ഒരധ്യായം വീതം. രണ്ട് കൈകൊണ്ടും എഴുതുന്നുവെന്ന് ചിലപ്പോള്‍ ഘോഷിക്കപ്പെട്ടേക്കാം. എഴുത്തില്‍ മാത്രമായിരുന്നില്ല ജയമോഹന്റെ ജീവിതത്തിലും അനുഭവച്ചൂടുകള്‍ നിറഞ്ഞുനിന്നു. അച്ഛനും അമ്മയും ആത്മഹത്യ ചെയ്ത ജീവിത സാഹചര്യം. ഒടുവില്‍ ജീവിതം ഹോമിക്കാനായി താനും പുറപ്പെട്ടുപോയ നിമിഷങ്ങള്‍. പിന്നീട് നാടോടിയും ഏകാകിയുമായ അലച്ചിലുകള്‍. ജീവിതത്തില്‍  കണ്ടുമുട്ടിയ മഹാരഥന്മാര്‍ നിത്യചൈതന്യയതി, സുന്ദരരാമസ്വാമി, ആറ്റൂര്‍ രവിവര്‍മ്മ, പികെ ബാലകൃഷ്ണന്‍... ഇക്കുറി പാര്‍വതീപുരത്ത് എത്തുമ്പോള്‍ ലക്ഷ്യം മറ്റൊന്നായിരുന്നു. അത് അരുണ്‍മൊഴി നംഗൈയിലേക്കായിരുന്നു. ജയമോഹന്‍ എന്ന എഴുത്തുകാരന്റെ തിരശ്ശീലയ്ക്ക് പിന്നില്‍ എന്നും ഭാര്യ അരുണ്‍മൊഴിയുണ്ടായിരുന്നു, ഒരു നിഴല്‍പോലെ...

പ്രണയം മൊട്ടിട്ട നിരൂപണം

'തലച്ചോറിന്റെ സഹായമില്ലാത്ത എഴുത്തുകളായിരുന്നുവത്. പക്ഷേ, എനിക്കുറപ്പുണ്ട് എന്റെ ഏറ്റവും നല്ല പ്രയോഗങ്ങള്‍ അധികമാരും വായിച്ചിട്ടില്ലാത്ത ആ കത്തുകളിലെ അക്ഷരങ്ങളായിരുന്നു' (ഉറവിടങ്ങള്‍ മാതൃഭൂമി ബുക്സ്). 27 വര്‍ഷങ്ങള്‍ പഴക്കമുള്ള നിധിപോലെ സൂക്ഷിച്ച എഴുത്തുകള്‍ പുറത്തെടുക്കുമ്പോള്‍ അരുണ്‍മൊഴി നംഗൈയുടെ മുഖത്ത് നുണക്കുഴികള്‍ വിരിയുന്നത് കാണാമായിരുന്നു.

'മഴയീരം കൊണ്ടുവന്ത് എന്‍വീട്ടില്‍ കുടിവെയ്പേന്‍
തളിരില്ലാ എന്‍വീട്ടില്‍ വിതയെല്ലാം മുളയാതും'

(മഴയുടെ ഈര്‍പ്പം കൊണ്ടുവന്ന് എന്റെ വീട്ടില്‍ കുടിയിരുത്തണം,
തളിരില്ലാത്ത എന്റെ വീട്ടില്‍ വിത്തുകള്‍ എല്ലാം മുളച്ചുപൊന്തും).

രണ്ടര പതിറ്റാണ്ടിന് മുന്‍പ് ജയമോഹന്‍ അരുണ്‍മൊഴിക്കെഴുതിയ കത്തിലെ വരികള്‍. അതില്‍ ജീവിതവും പ്രതീക്ഷകളും പ്രണയവും വിഹ്വലതകളുമെല്ലാം ഇഴുകിച്ചേര്‍ന്നിരുന്നു. 1991-ല്‍ മധുര കാര്‍ഷിക കോളേജിലെ വിദ്യാര്‍ഥിനിയായിരുന്നു 21-കാരിയായ അരുണ്‍മൊഴി നംഗൈ. സാഹിത്യതത്പരതയും വിമര്‍ശന ബുദ്ധിയും ഇഴുകിച്ചേര്‍ന്ന പെണ്‍കുട്ടി. അരുണ്‍മൊഴിയും കൂട്ടുകാരിയായ കലൈ ചെല്‍വിയും അക്കാലത്ത് തമിഴില്‍ പ്രസിദ്ധീകൃതമായ കണിയാണി എന്ന ലിറ്റില്‍ മാഗസിനില്‍ ഒരുവാര്‍ത്ത കണ്ടു. റബ്ബര്‍ എന്ന കൃതിക്ക് യുവ എഴുത്തുകാരന്‍ ജയമോഹന് അഖിമൂന്‍ അവാര്‍ഡ് കിട്ടിയ വാര്‍ത്ത. അക്കാലത്ത് ലിറ്റില്‍ മാഗസിന്റെ വരിക്കാരാകുവാന്‍ പ്രയാസമായിരുന്നു. കുറെ കാത്തിരുന്ന ശേഷമാണ് റബ്ബര്‍ അരുണ്‍മൊഴിയുടെ കൈകളിലെത്തുന്നത്. റബ്ബര്‍ വായിച്ചുകഴിഞ്ഞപ്പോള്‍ അതിലെ ജീവിതങ്ങള്‍ തന്നെ വന്ന് തൊടുന്നതായി അരുണ്‍മൊഴിക്ക് തോന്നി. അവള്‍ നീണ്ടൊരു കത്ത് എഴുതി ജയമോഹന്‍ എന്ന നവാഗത എഴുത്തുകാരന്.

'ആധുനികസാഹിത്യമെന്ന് ഘോഷിക്കപ്പെട്ട റബ്ബര്‍ നിങ്ങള്‍ക്ക് വേണ്ടി മാത്രം വായിക്കാനുള്ളതാണോ, ലിറ്റില്‍ മാഗസിനില്‍ എഴുതിയാല്‍ വായനക്കാര്‍ക്ക് അത് കിട്ടാനുള്ള പ്രയാസം നിങ്ങള്‍ക്കറിയില്ലേ..' വിമര്‍ശനം അങ്ങനെ നീണ്ടു...
കത്ത് വായിച്ച എഴുത്തുകാരന് ആ പേര് മറക്കാന്‍ സാധിച്ചില്ല. ജാനകീരാമന്റെയും കാവേരിയുടെയും നാട്ടുകാരിയായ ഒരുവള്‍; പേര് അരുണ്‍മൊഴി നംഗൈ. എട്ടുദിവസങ്ങള്‍ക്കപ്പുറം എഴുത്തുകാരന്‍ അതിന് മറുപടി നല്‍കി. ഇതുപോലെ ഒരുനാള്‍ താന്‍ സുന്ദരരാമസ്വാമിക്ക് എഴുതിയിരുന്നുവത്രെ. സുന്ദരരാമസ്വാമിയെന്ന വലിയ എഴുത്തുകാരനെ അറിഞ്ഞിരുന്നത് ലിറ്റിന്‍ മാഗസിനിലൂടെയായിരുന്നുവല്ലോ. മറുപടി അയച്ച ശേഷവും ജയമോഹന് ആ അക്ഷരങ്ങള്‍ മറക്കാന്‍ സാധിച്ചില്ല. മനസ്സിനെ നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ കത്തിലെ വാചകങ്ങള്‍ കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവരുന്നതായി തോന്നി.
'അന്ന് അരുണ്‍മൊഴിയുടെ മനസ്സിലെന്തായിരുന്നുവെന്ന് ഇന്നും എനിക്കറിയില്ല. എഴുത്തുകാരനോടുള്ള ആരാധനയോ പ്രണയമോ?...'ജയമോഹന്‍ പറയുന്നു.

**********

letters
ജയമോഹനും ഭാര്യ അരുണ്‍മൊഴിയും പ്രണയലാകത്ത് എഴുതിയ കത്തുകള്‍. ഫോട്ടോ: എസ്. ശ്രീകേഷ്. 

1991 മാര്‍ച്ചിലെ ഒരു സായാഹ്നത്തില്‍ ദേവതാരുക്കള്‍ തണല്‍വിരിച്ച മധുര കാര്‍ഷിക കോളജിലെ ഇടവഴികളിലൂടെ ഇരുവരും നടന്നു. തിരികേ ധര്‍മപുരിയിലെത്തിയ ജയമോഹന്‍ അവള്‍ക്ക് പത്തു പേജ് നീണ്ട കത്തെഴുതി.....
'ഒരു പെണ്‍കുട്ടിക്കും ഇത് താങ്ങാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല... 54-ാം വയസ്സിലായിരുന്നു അമ്മയുടെ ആത്മഹത്യ. വാര്‍ധക്യത്തിലെ ആത്മഹത്യകള്‍ക്ക് പിന്നിലുള്ളത് ഒരുതരം ദര്‍ശനമായിരുന്നിരിക്കണം. 'ജയ ജയ' എന്ന അമ്മയുടെ വിളികള്‍ എന്നെ ഭ്രാന്തുപിടിപ്പിച്ചിരുന്നു. ആശ്വാസത്തിനായി ചാരായ ഷാപ്പിലെത്തിയപ്പോള്‍ കുടിക്കരുതെന്ന് അച്ഛന്റെ ഓര്‍മപ്പെടുത്തല്‍...
കുമ്പളയിലെ റെയില്‍വേ ട്രാക്കില്‍ ജീവിതം ഹോമിക്കാനായി കാത്തുനിന്നു. ഒടുക്കം അതുപേക്ഷിച്ച് ഏകാകിയായി യാത്ര തുടര്‍ന്നു. ഇന്ത്യ കണ്ടു. ഇപ്പോള്‍ എഴുത്തുകാരനായി, എന്റെ ജീവിതം എഴുത്താണ്, ഇതില്‍നിന്നും പണമോ പ്രശസ്തിയോ കിട്ടില്ല. ഞാന്‍ ഒരു ജീവിത പരാജയത്തിനാണ് ആക്കംകൂട്ടുന്നത്. ഇഷ്ടമുണ്ടെങ്കില്‍ ഒപ്പം കൂടുക.' കത്ത് വായിച്ച അരുണ്‍മൊഴി നംഗൈ തേങ്ങുകയായിരുന്നു. 

'ഞങ്ങളുടെ ഹണിമൂണ്‍ എവിടെയായിരുന്നെന്ന് അറിയമോ! ആറ്റൂരിന്റെയും സുന്ദരരാമസ്വാമിയുടെയും തറവാടുകളില്‍. ജെയുടെ സാഹിത്യവലയങ്ങള്‍ വലുതായിരുന്നല്ലോ.. വലിയ എഴുത്താകാരെയൊക്കെ കാണാനും അവരുടെ വീടുകളില്‍ താമസിക്കാനും എനിക്ക് അങ്ങനെ അവസരം വന്നു. ഞങ്ങള്‍ ധര്‍മപുരിയില്‍ താമസിക്കുമ്പോഴാണ് ജെയ് വിഷ്ണുപുരം എന്ന നോവലിന്റെ തീമിനെക്കുറിച്ച് പറയുന്നത്. അതോടെ എനിക്കും ഭ്രാന്തുപിടിച്ചു, എനിക്ക് ആ നോവല്‍ വായിക്കണം, അന്നൊക്കെ ഞങ്ങള്‍ സായാഹ്നത്തില്‍ നടക്കാനിറങ്ങും ധര്‍മപുരിയിലെ കോവിലുകളിലും റെയില്‍വേ സ്റ്റേഷനിലും കോളനികളിലൂടെയും ഞങ്ങള്‍ യാത്രചെയ്യും. പലരും ചോദിക്കുന്നുണ്ടായിരുന്നു ഇവര്‍ക്ക് ഭ്രാന്താണോയെന്ന്. കാരണം ഞങ്ങള്‍വര്‍ത്തമാനത്തിലായിരുന്നില്ല ജീവിച്ചിരുന്നത്. മറിച്ച് വിഷ്ണുപുരമെന്ന ഫാന്റസിയിലായിരുന്നു. കൗസ്തുഭം, പാദം, മണിമുടി എന്നീ മൂന്ന് പുസ്തകങ്ങള്‍ ചേരുന്നതാണ് വിഷ്ണുപുരം എന്ന നോവല്‍'. അന്ന് ജെയ് പറഞ്ഞു രണ്ടാമത്തെ ഭാഗമായ പാദം എഴുതാം. 'എഴുതിത്തുടങ്ങിയപ്പോള്‍ എനിക്ക് ജിജ്ഞാസയായിരുന്നു. ഓരോ പേജ് എഴുതിക്കഴിയുമ്പോഴേക്കും ഞാനോടിവന്ന് അത് എടുത്തുവായിക്കും അടുത്ത പേജ് എഴുതുമ്പോള്‍ ഞാന്‍ അടുക്കളയിലായിരിക്കും വീണ്ടും ഓടിവന്ന് വായിക്കും. ഇടയ്ക്ക് ജെയ് ദേഷ്യപ്പെടും 'ഒരധ്യായം എഴുതിക്കഴിഞ്ഞ് വായിച്ചാല്‍ പോരെ അരുണ്‍മൊഴി.' പക്ഷേ, അത്രയും കാത്തുനില്‍ക്കാനുള്ള ക്ഷമ എനിക്കില്ലായിരുന്നു.' 

പിന്‍തുടരും നിഴലിന്‍ കുരല്‍, കന്യാകുമാരി, കാട്, ഏഴാം ഉലകം, അനല്‍ കാട്ര് തുടങ്ങി ജയമോഹന്‍ എഴുതിയതെല്ലാം ആദ്യം വായിച്ചത് അരുണ്‍മൊഴിയായിരുന്നു.
'പ്രസാധകര്‍ക്കും വായനക്കാര്‍ക്കും മുന്‍പേ എന്റെ കൃതികളുടെ എഡിറ്ററായി അവള്‍ മാറി.'
വെണ്‍മുരശ് വായിച്ചു തീര്‍ത്തത് ഇന്ന് അരുണ്‍മൊഴി മാത്രമായിരിക്കാം. ഓരോ ദിവസം ഓരോ അധ്യായം വെച്ച് എഴുതുന്നു. നെറ്റില്‍ പ്രസിദ്ധം ചെയ്യുന്നതിന് മുമ്പ്  അരുണ്‍മൊഴി മാത്രം വായിക്കും.

നിങ്ങളുടെ ജീവിതത്തെക്കുറിച്ച് പലരും അസൂയയോടെ സംസാരിക്കുന്നു...

(ചിരിക്കുന്നു) അത് അവരോടുതന്നെ ചോദിക്കേണ്ടിയിരിക്കുന്നു. ഒരെഴുത്തുകാരനെ സംബന്ധിച്ച് അയാള്‍ പോപ്പുലറായി വരുമ്പോഴേക്കും കല്യാണം കഴിഞ്ഞിട്ടുണ്ടാകും. അവരുടെ ഭാര്യമാര്‍ക്കാകട്ടെ എഴുത്തിനോട് ഒരു ബന്ധവും ഉണ്ടാകണമെന്നില്ല. ഞാന്‍ മുന്‍കൈയെടുത്ത് ചില എഴുത്തുകാര്‍ക്ക് അംഗീകാരം നല്‍കാറുണ്ട്. ചില സാഹിത്യക്യാമ്പുകള്‍ സംഘടിപ്പിക്കാറുണ്ട്. എഴുത്തുകാരുടെ ഒരു ഫോറംതന്നെ ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ ഓരോവര്‍ഷവും ഓരോ എഴുത്തുകാരന് അവാര്‍ഡ് സമ്മാനിക്കും. ആ അവാര്‍ഡ് സമ്മാനിക്കുമ്പോള്‍, 'ഓ, ഇദ്ദേഹം ഇത്രവലിയ എഴുത്തുകാരനായിരുന്നോ' എന്ന അതിശയം അവരിലുണ്ടാകുന്നത് ഞാന്‍ കാണാറുണ്ട്. ഇവിടെ എന്റെ ജീവിതത്തില്‍ സംഭവിച്ചത് എന്റെ വായനക്കാരിയെത്തന്നെ കല്യാണം കഴിച്ചുവെന്നതാണ്. എന്റെ എല്ലാ കൃതികളുടെയും ആദ്യവായനക്കാരില്‍ ഒരാള്‍ അരുണ്‍മൊഴി നംഗൈയാണ്. അങ്ങനെ ഒരു ബന്ധം ഉണ്ടായതുതന്നെ ഭാഗ്യമാണ്.

താങ്കള്‍ ഒരേ സമയം വെണ്‍മുരശ് എഴുതുന്നു, തിരക്കഥ എഴുതുന്നു ഇതെങ്ങനെ സാധ്യമാകുന്നു?.. 

'എനിക്ക് ഒരു ചെറിയ ഇടവേള മതി. ഞാന്‍ പടികളിറങ്ങി വീടിന്റെ താഴത്തെ നിലയില്‍ വരും. ഭാര്യ ഒരു ചായയിട്ടു തരും. അതുകുടിച്ച് തിരക്കഥാ രചനയിലേക്ക് കടക്കും.' 

aana doctor

യന്തിരന്‍-2 പോലുള്ള കൊമേഴ്സ്യല്‍ സിനിമയെഴുതിയ അതേ ജയമോഹന്‍തന്നെ ഒഴിമുറി, നാന്‍ കടവുള്‍, അങ്ങാടിത്തെരു തുടങ്ങിയ സിനിമകള്‍ എഴുതി. താങ്കള്‍ക്ക് തിരക്കഥാരചന അനായാസമാണെന്ന് കേള്‍ക്കുന്നു, സിനിമയില്‍ കൂടുതല്‍ സജീവമാകാന്‍ സാധ്യതയുണ്ടോ...

ഞാനിപ്പോഴും സിനിമയില്‍ സജീവമാണ് രണ്ട് തമിഴ്‌സിനിമകളുടെ സ്‌ക്രിപ്റ്റിന്റെ പണിപ്പുരയിലാണിപ്പോള്‍. കമല്‍ഹാസന്റെ ഇന്ത്യന്റെ രണ്ടാംഭാഗമായ ഇന്ത്യന്‍ -2വിന്റെ തിരക്കഥയെഴുതുകയാണ്. ഒപ്പം ആര്‍.എസ്. വിമല്‍ സംവിധാനംചെയ്യുന്ന കര്‍ണന്റെ തിരക്കഥയാണ്.

നൂറു സിംഹാസനങ്ങള്‍ പോലുള്ള കൃതികള്‍ ഇനിയും മലയാളത്തിന് പ്രതീക്ഷിക്കാമോ...

'മലയാളത്തിന്റെ ഒരുദോഷം പറയട്ടെ! എഴുത്തില്‍ നിങ്ങള്‍ ഒരു ആശയം വ്യക്തമായങ്ങ് പറയും. അതു മാത്രം മനസ്സിലാക്കും. അതല്ല സാഹിത്യം.  ഒരുദാഹരണം പറയാം, ഞാന്‍ കേരളത്തില്‍ വരുമ്പോള്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുമ്പോള്‍ ഡ്രൈവര്‍ പറയും: 'സര്‍, ആനഡോക്ടര്‍ ഗംഭീരം. ഇനി എപ്പോഴാണ് അതുപോലെ ഒരു നോവല്‍ എഴുതുക?' അതാണ് അപകടം. അതുപോലെ ഒരു നോവലാണ് വേണ്ടത്. ആ സമ്മര്‍ദത്തിന് അടിപ്പെട്ട് എഴുതുന്നവരാണ് മലയാളത്തിലെ മുന്‍നിര എഴുത്തുകാരെല്ലാം. ഞാന്‍ മലയാളത്തില്‍ അവസാനമെഴുതിയ 'മിണ്ടാച്ചെന്നായ്' എന്ന നോവല്‍... അതൊരു വേട്ടക്കഥമാത്രമായി വായിക്കാം. എന്നാല്‍ അതില്‍ കൊളോണിയല്‍ കാലവും അനന്തരകാലവുമെല്ലാം ഉള്ളടങ്ങിയിരിക്കുന്നു. മിണ്ടാച്ചെന്നായയിലെ ആന ഇന്ത്യ തന്നെ. പക്ഷെ അത് വായിച്ചെടുക്കണം. പ്രത്യക്ഷമായ ഒരു ആശയമായിട്ടല്ല അത് വരിക. മനസ്സിലാകുന്നവര്‍ മനസിലാക്കിയാല്‍ മതി.'
പുറത്ത് കാറ്റുവീശുന്നുണ്ടായിരുന്നു. ജീവിതത്തിന്റെ ഭാരം ഓര്‍മിപ്പിച്ച് ഒരു തീവണ്ടി കടന്നുപോയി.

nooru simhasanangal

'കാടിനെപ്പറ്റി നല്ല അറിവാണല്ലേ'...?

'എല്ലാ ഒന്നരമാസത്തിനിടയിലും കാട്ടിലേക്ക് പോകും. ഗഹനമായ സഞ്ചാരപഥം, ഒരുപാട് കാടുകള്‍ കണ്ടു. ഇനിയും കാണാനുണ്ട്, ട്രക്കിങ് ഹരവും ആത്മീയതയുമാണ്. പുതിയ നോവല്‍ മിണ്ടാച്ചെന്നായ് ജനിച്ചത് അത്തരമൊരു ട്രക്കിങ്ങില്‍നിന്നായിരുന്നു വഴികാട്ടാന്‍ വന്ന ആദിവാസി യുവാവില്‍നിന്ന്..'

'യാത്ര എഴുത്ത് മുടക്കുമെന്ന ഭയം തോന്നാറില്ലേ,? എഴുത്തില്‍ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തില്‍... 

'ഇല്ല. യാത്ര മുന്നില്‍ക്കണ്ട് അത്രയും നാളത്തേയ്ക്കുള്ളതു കൂടി എഴുതിവയ്ക്കും. ദിവസം അഞ്ചുമണിക്കൂറില്‍ കൂടുതല്‍ എഴുതാറുണ്ട്, മൂന്നുമണിക്കൂറില്‍ കൂടുതല്‍ വായനയ്ക്ക് സമയം കണ്ടെത്തും. ഈ വലിയ (ചെറിയ) വീട്ടില്‍ അരുണ്‍മൊഴിയും ഞാനും മാത്രമാണ്. അവള്‍ അധ്യാപനത്തില്‍നിന്നും വോളന്ററി റിട്ടയര്‍മെന്റ് എടുത്തു.' പാതി കളിയും സത്യവുമായി ജയമോഹന്‍ പറഞ്ഞു. സമയം അപഹരിക്കുമെന്ന ഭയത്താല്‍ യാത്ര പറഞ്ഞു. പുറത്തിറങ്ങുമ്പോള്‍ കൂടെവന്ന അരുണ്‍മൊഴിയോട് ചോദിച്ചു: 'ജയമോഹന്‍ എന്ന വ്യക്തിയെയായിരുന്നോ അതോ ആ എഴുത്തുകളെ ആയിരുന്നോ ഇഷ്ടപ്പെട്ടത്?'
എഴുത്തുകളെ മാത്രമായിരുന്നു ഞാന്‍ ഇഷ്ടപ്പെട്ടത്. കാരണം അതില്‍ നിറയെ ജീവിതം മാത്രമായിരുന്നുവല്ലോ! - അരുണ്‍മൊഴി പറഞ്ഞു, അതീവ സ്‌നേഹത്തോടെ...

ജയമോഹന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlights : B Jeyamohan, Arunmozhi Nangai, Venmurasu, Nooru Simhasanangal