സദാ ചിരിക്കുന്ന മുഖമാണ് ജോയ് എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന സി.എ. ജോയിയ്ക്ക്. നൃത്തവേദിയിൽ മാത്രമല്ല വസ്ത്രങ്ങളുടെ വർണ്ണശബളമായ ലോകത്തും ജോയ് വിസ്മയം തീർക്കുന്നതിൽ വിദഗ്ധനാണ്. ഇന്ത്യയിലെ പ്രമുഖ വേദികൾക്ക് പുറമെ അമേരിക്ക, കാനഡ, ഇറ്റലി, ജപ്പാൻ, ചൈന, കൊറിയ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും വത്തിക്കാനിൽ ജോൺ പോൾ മാർപ്പാപ്പ രണ്ടാമന്റെ മുമ്പാകെയും ജോയ്ക്ക് ഭരതനാട്യം അവതരിപ്പിക്കാൻ അവസരമുണ്ടായി. വൈദിക വിദ്യാർത്ഥി, ഭരതനാട്യ നർത്തകൻ, ഫാഷൻ ഡിസൈനർ, സിനിമാ നടൻ, നൃത്ത സംവിധായകൻ അങ്ങനെ ജോയ് സഞ്ചരിച്ച വഴികൾ പലതാണ്. ജീവിതത്തെ തലകീഴ് മറിച്ച ഒരു അപകടം അതും തരണം ചെയ്ത് മുന്നേറുകയാണ് ജോയ്. ആ വിശേഷങ്ങളാണ് നാട്യകലയുടെ സാമൂഹ്യശാസ്ത്രത്തിൽ ജോയ് പങ്കുവെക്കുന്നത്.

വൈദിക വിദ്യാർത്ഥിയിൽ നിന്നും കലാക്ഷേത്രത്തിലെ നൃത്ത വിദ്യാർത്ഥി. ഇതെങ്ങനെയാണ് സംഭവിച്ചത്?

നൃത്തമായിട്ടോ കലയുമായിട്ടോ യാതൊരു ബന്ധവുമില്ലാത്ത ഒരു യഥാസ്ഥിതിക മലയാളി കത്തോലിക്കാ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. പതിനാല് വയസ്സായപ്പോൾ തീരുമാനിച്ചു, എനിക്ക് വൈദികനാവണം . മനസ്സില്ലാമനസ്സോടെ വീട്ടുകാർ സമ്മതിച്ചു. തിരുപ്പത്തൂരിലെ ഡോൺ ബോസ്കോ സ്കൂളിലെ സെമിനാരിയിൽ ചേർത്തു. അവിടെ ഇന്ത്യൻ സംസ്കാരത്തിലും കലാരൂപങ്ങളിലും ഏറെ താൽപര്യമുള്ള മുതിർന്ന ഒരു വൈദികനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഉത്സാഹത്തിൽ, ആ സെമിനാരിയുടെ ചരിത്രത്തിലാദ്യമായി ഭരതനാട്യക്ലാസ് ആരംഭിച്ചു. അതിനായി ഒരു ട്യൂട്ടറെ നിയമിച്ചു. പഠനത്തിൽ നിന്നും ഒഴിവാകാനായി ഞങ്ങളിൽ ചിലർ ആ 'ഭരതനാട്യ' ക്ലാസിൽ ചേർന്നു. ശരാശരിയിൽ ഏറെ താഴെ നിലവാരമുള്ള നൃത്തപഠനമായിരുന്നു അതെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. കുറച്ച് മാസം കഴിഞ്ഞപ്പോൾ ഞാൻ അവിടത്തെ മികച്ച നൃത്ത വിദ്യാർത്ഥിയായി. സെമിനാരിയെ പ്രതിനിധീകരിച്ച് പലയിടത്തും ഞാൻ ക്രിസ്തീയ ഗീതികൾക്ക് ഭരതനാട്യം അവതരിപ്പിച്ചു. ഇത് പന്ത്രണ്ടാം ക്ലാസ് വരെ തുടർന്നു. പഠനത്തേക്കാൾ ഞാൻ പാഠ്യേതര വിഷയങ്ങളിലാണ് ശോഭിച്ചത്.

പന്ത്രണ്ടാം ക്ലാസിന് ശേഷം വൈദിക പഠനത്തിന്റെ അടുത്ത പടി ആരംഭിച്ചു. ആദ്യം ഒരു വർഷം നോവീഷിയേറ്റ് ആയി കോയമ്പത്തൂരിൽ. അവിടെ നൃത്തമൊന്നും ഉണ്ടായിരുന്നില്ല. പ്രാർത്ഥനയും വൈദിക കർമ്മങ്ങളുടെ പരിശീലനവും പിന്നെ രണ്ട് വർഷം ഫിലോസഫി പഠനവും. ആ രണ്ട് വർഷം പല വേദികളിൽ നൃത്തം അവതരിപ്പിച്ചു. അത് കഴിഞ്ഞ് മൂന്നാം ഘട്ടം. ഒന്നുകിൽ ഏതെങ്കിലും കോളേജിൽ ചേർന്ന് പഠനം തുടരാം അല്ലെങ്കിൽ ഏതെങ്കിലും സ്കൂളിൽ പഠിപ്പിക്കണം. പക്ഷേ എന്റെ കാര്യത്തിൽ സഭയിലെ മുതിർന്നവർ വിചിത്രമായ ഒരു തീരുമാനമെടുത്തു. ബ്രദർ ജോയ് ഭരതനാട്യം പ്രൊഫഷനലായി പഠിക്കണം. നൃത്തം നേരമ്പോക്കായ എനിക്ക് ഈ തീരുമാനം വല്ലാത്ത വിഷമമുണ്ടാക്കി. കോളേജിൽ ചേർന്ന് വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിക്കാനായിരുന്നു ആഗ്രഹം. പക്ഷേ സഭാ തീരുമാനം അനുസരിക്കാതെ വയ്യ. എവിടെ പോകണമെന്നോ, ഭരതനാട്യം എങ്ങനെ പ്രൊഫഷണലായി പഠിക്കണമെന്നോ ഒരു പിടിയുമില്ല. ഞാൻ കുറെ അന്വേഷിച്ചു. അപ്പോഴാണ് ഒരു സുഹൃത്ത് കലാക്ഷേത്രത്തെക്കുറിച്ച് പറയുന്നത്. വിലാസം തപ്പിയെടുത്ത് അവിടെ ചെന്ന് ചോദിച്ചപ്പോൾ പ്രായം പ്രശ്നമാണെന്ന് പറഞ്ഞ് എന്നെ തിരിച്ചയച്ചു. മനസ്സിൽ നേരിയ സന്തോഷത്തോടെ ഞാൻ തിരിച്ച് പോയി മഠത്തിൽ വിവരം പറഞ്ഞു. പക്ഷേ മുതിർന്ന വൈദികൻ സമ്മതിച്ചില്ല. ഞാൻ ഏതുവിധേനയും ഭരതനാട്യം പഠിക്കണം. ഞാൻ തിരിച്ച് കലാക്ഷേത്രത്തിൽ പോയി ചോദിച്ചപ്പോൾ അവർ ധനഞ്ജയൻ മാഷിന്റെയും അടയാർ ലക്ഷ്മൺ സാറിന്റെയും വിലാസം തന്നു. ധനഞ്ജയൻ മാഷിന്റെ അടുത്ത് ചെന്നപ്പോൾ അദ്ദേഹം വീണ്ടും കലാക്ഷേത്രത്തിൽ ചോദിച്ചിട്ട്, അവർ നിരസിച്ചാൽ മാത്രം തിരിച്ച് വന്നോളാൻ പറഞ്ഞു. അങ്ങനെ കലാക്ഷേത്രത്തിലെ മുതിർന്ന അധ്യാപകനായ ബാലഗോപാലൻ സാറിനെ കണ്ട് വിവരം പറഞ്ഞു. അദ്ദേഹം ശ്രമിക്കാം, നോക്കാം എന്നൊക്കെ പറഞ്ഞു. കിട്ടില്ലെന്ന് ഉറച്ചിരിക്കുമ്പോൾ മൂന്നാം നാൾ വിളി വന്നു-കലാക്ഷേത്രത്തിൽ ഇന്റർവ്യൂ.

ജീവിതത്തിൽ മറക്കാത്ത ദിവസമായിരുന്നു ആ കൂടിക്കാഴ്ച. മൂന്ന് മുതിർന്ന അധ്യാപകരുടെ മുന്നിൽ ഞാൻ. ശരിയായ വേഷം പോലുമില്ല. 'തൈയ്യാ തൈ' തട്ടിയപ്പോൾ ഞാൻ മിഴിച്ചുനിന്നു. ഞാൻ വൺ, ടു, ത്രീ എന്നായിരുന്നു അതുവരെ കേട്ടതും പഠിച്ചതും. പഠിച്ച ചുവടുകൾ കാണിച്ചു. പാട്ടു പാടാൻ പറഞ്ഞപ്പോൾ ക്രിസ്തീയ ഭക്തിഗാനമാണ് പാടിയത്. ആ ഇന്റർവ്യൂ പത്ത് മിനിറ്റേ നീണ്ടുള്ളൂ. ഒരു ടീച്ചർ എന്റെ വൈദിക പഠനത്തെ കുറിച്ച് ചോദിച്ചു, മനസ്സിലാക്കി. എന്നിട്ട് പൊയ്ക്കോളാൻ പറഞ്ഞു. കൃത്യം അഞ്ചാം നാൾ അറിയിപ്പു കിട്ടി. ബ്രദർ ജോയ്ക്ക് കലാക്ഷേത്രയിൽ പ്രവേശനം ലഭിച്ചു.

അവിടത്തെ പഠന രീതിയുമായി പൊരുത്തപ്പെടാൻ എങ്ങനെ സാധിച്ചു? വീട്ടുകാരുടെ സമീപനം എന്തായിരുന്നു?

ആദ്യത്തെ ഒരു വർഷം ശരിക്കും ബുദ്ധിമുട്ടി. അവിടത്തെ ഭാഷ, സംസ്കാരം, വസ്ത്രധാരണ രീതി, ചിട്ടകൾ ഇതെല്ലാം വഴങ്ങണ്ടേ? പോരാത്തതിന് കുട്ടികളൊക്കെ ഈ 'ബ്രദറി'നെ ഒരു വിചിത്ര ജീവിയെപ്പോലെയാണ് നോക്കിയിരുന്നത്. ക്രമേണ നൃത്തത്തിൽ ഒരു ശുദ്ധി വന്നു. അധ്യാപകരുടെ ശ്രദ്ധ പിടിച്ചുപറ്റി. മൂന്നാം വർഷം കലാക്ഷേത്രയുടെ നൃത്ത നാടകത്തിൽ ബ്രദർ ജോയ് അരങ്ങേറി, ശ്രീകൃഷ്ണനായി! ഞാന്‍ ഭരതനാട്യത്തെ സ്‌നേഹിച്ചു തുടങ്ങിയിരുന്നു. വീട്ടുകാർക്ക് ഞാൻ നൃത്തം പഠിക്കുന്നതിൽ ഒട്ടും താൽപര്യമില്ലായിരുന്നു. പക്ഷേ മഠത്തിന്റെ തീരുമാനം അനുസരിക്കണം എന്നതും അവർക്കറിയാമായിരുന്നു. അവർ എല്ലാം നിശ്ശബ്ദം സഹിച്ചു എന്നു വേണമെങ്കിൽ പറയാം.

കുറെ വർഷങ്ങൾക്കുശേഷം ഞാൻ സെമിനാരിയിലെ പഠനം വേണ്ടെന്ന് വെച്ച് വീട്ടിലേക്ക് വന്നു. അത് ഒരു അസാധാരണമായ സാഹചര്യമായിരുന്നു. ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്ന് ഒരു പിടിയുമില്ലായിരുന്നു. നൃത്തം മാത്രമായിരുന്നു മുന്നിലുള്ള വഴി. വീട്ടുകാരെ ബോധിപ്പിക്കാൻ കമ്പ്യൂട്ടർ പഠിച്ചു. എന്തോ ചില്ലറ ജോലികൾ ചെയ്തു. അപ്പോഴാണ് 'The Banyan Tree' എന്ന വലിയ ഒരു നൃത്തശില്പത്തിലേക്ക് ക്ഷണം കിട്ടുന്നത്. അതിന്റെ ഭാഗമായി ഇന്ത്യയിലും വിദേശത്തും നിരവധി വേദികൾ. അത് കഴിഞ്ഞയുടൻ ധനഞ്ജയൻ സാറിന്റെ 'Jungle Book' ൽ മൗഗ്ലിയുടെ വേഷം. വീട്ടുകാർക്ക് മനസ്സിലായി ഞാൻ നൃത്തമാണ് ജീവിതവഴിയായി കാണുന്നതെന്ന്. അവർ എന്നെ മനസ്സിലാക്കാൻ തുടങ്ങി. ഞാനവരോട് പ്രത്യേകിച്ചും മാതാപിതാക്കളോട് ഏറെ കടപ്പെട്ടിരിക്കുന്നു.

ജോയ് എങ്ങനെയാണ് ഫാഷൻ ലോകത്തെത്തുന്നത്?

ചെറുപ്പത്തിലെ ഞാൻ നന്നായി വരയ്ക്കുമായിരുന്നു. സ്വയം പഠിച്ചതാണ്. നിറങ്ങൾ ഭയങ്കര ഇഷ്ടമാണ്. സെമിനാരിയിലെ പഠനം ഉപേക്ഷിച്ച്, മുഴുവൻ സമയ നൃത്തത്തിലേക്ക് തിരിയുന്നതിനിടയിൽ ആറേഴ് മാസത്തെ ഇടവേളയുണ്ടായിരുന്നു. അപ്പോൾ ഒരു ക്രാഷ് കോഴ്സ് ചെയ്തു. ഫാഷൻ ഡിസൈനിങ്ങിൽ. അത് എനിക്ക് ഈ മേഖലയിൽ പ്രവർത്തിക്കാൻ സാധ്യമാണ് എന്ന ധൈര്യം നേടിത്തന്നു. ചെറിയ തോതിൽ സുഹൃത്തുക്കൾക്ക് ഡിസൈനുകൾ വരച്ചുകൊടുത്തു. ആയിടയ്ക്കാണ് 'മിൻസാരക്കനവ്' എന്ന സിനിമയിൽ അഭിനയിക്കാനും നൃത്തം ചെയ്യാനും അവസരം ലഭിക്കുന്നത്. അവിടത്തെ കോസ്റ്റ്യൂം ഡിസൈനർക്ക് ഒരു അസിസ്റ്റന്റിനെ ആവശ്യമായിരുന്നു. ഷൂട്ടിനിടയിൽ ഞാൻ അതും ചെയ്തു. പിന്നീട് മൂന്നാല് ചിത്രങ്ങൾക്ക് വസ്ത്രാലങ്കാരം ഒരുക്കി, മണിരത്നത്തിന്റെ 'നേർക്കുനേർ' എന്ന ചിത്രമടക്കം. പക്ഷേ നൃത്തവും ഡിസൈനിങ്ങും ഒരുമിച്ച് കൊണ്ടുപോവുക പ്രയാസമായി. നൃത്തരംഗത്ത് തിരക്ക് കൂടിയപ്പോഴും ഞാൻ ഡിസൈനിങ്ങ് ഉപേക്ഷിക്കാൻ തയ്യാറായില്ല. അങ്ങനെ 2000-ൽ ഞാൻ 'ജോയ് ബൂട്ടീക്ക്' ആരംഭിച്ചു. ഇരുപത് വർഷമായി അത് വിജയകരമായി നടത്തുന്നു.

സിനിമയിലേക്ക് എങ്ങനെയാണ് അവസരം കിട്ടുന്നത്?

ഒരു സുഹൃത്ത് വഴിയാണ് ആ അവസരം വന്നത്. താൽപര്യമുണ്ടെങ്കിൽ സ്ക്രീൻ ടെസ്റ്റിന് വരാൻ പറഞ്ഞു. അന്ന് അവർ തന്ന സംഭാഷണ ശകലം എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. അടുത്തത് 'ഡാൻസ് ടെസ്റ്റ്' ആയിരുന്നു. പ്രഭുദേവയുടെ കൂടെ. സന്തോഷത്തേക്കാളേറെ ഭയമായിരുന്നു. അദ്ദേഹം ലൊക്കേഷനിൽ തിരക്കിലായിരുന്നു. ഒരിടവേളയിൽ അദ്ദേഹം വന്നു. നൃത്തമറിയാമോ എന്ന് ചോദിച്ചു. ഞാൻ കലാക്ഷേത്രത്തിൽ പഠിച്ചിട്ടുണ്ടെന്ന് പറയേണ്ട നിമിഷം അദ്ദേഹം കുനിഞ്ഞ് എന്റെ മുമ്പിൽ നമസ്കരിച്ചു. ആ മഹാവിദ്യാലയത്തോട്, കലയുടെ പുണ്യഭൂമിയോട് അത്രയും ബഹുമാനമായിരുന്നു അദ്ദേഹത്തിന്. താങ്കൾ സിനിമാ നൃത്തം ചെയ്യുമോ എന്നായിരുന്നു അടുത്ത ചോദ്യം. പഠിക്കാൻ തയ്യാർ എന്ന് എന്റെ മറുപടി. ശരി, അറിയിക്കാം എന്ന് പറഞ്ഞ് അദ്ദേഹം പോയി. കുറച്ച് ദിവസങ്ങൾക്ക് ശേഷം ലൊക്കേഷനിലെത്താൻ വിളി വന്നു. അങ്ങനെയാണ് 'മിൻസാരക്കനവ്' സംഭവിക്കുന്നത്.

പ്രഭുദേവയോടൊപ്പം പ്രവർത്തിച്ചതിനെക്കുറിച്ച്?

അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. പക്ഷേ ജോലിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. തികഞ്ഞ പെർഫക്ഷനിസ്റ്റ്. ഞാൻ നൃത്തത്തിലെ തിരക്കുകൾ കാരണം സിനിമ വിട്ടു. പക്ഷേ പത്ത് വർഷങ്ങൾക്ക് ശേഷം ഒരു ദിവസം അദ്ദേഹം എന്നെ വിളിച്ചു. തന്റെ ആദ്യ സംവിധാന സംരംഭമായ തെലുങ്ക് ചിത്രത്തിന്റെ പ്രിവ്യൂ കാണാൻ ക്ഷണിക്കുകയായിരുന്നു. രണ്ടാമത്തെ ചിത്രം 'പൗർണ്ണമി'ക്ക് നൃത്തം സംവിധാനം ചെയ്യാമോ എന്ന് ചോദിച്ചു. സന്തോഷത്തോടെ ഞാനാ ദൗത്യം ഏറ്റെടുത്തു. മാസങ്ങളോളം ഹൈദരാബാദിൽ ചെന്ന് തൃഷയ്ക്കും ചാർമിയ്ക്കും ചുവടുകൾ പരിശീലിപ്പിച്ചു. പിന്നെയും ഒരിടവേള. അടുത്ത തവണ പ്രൊഫഷണലായ ഭരതനാട്യ നർത്തകരെ വെച്ച് ഒരു നൃത്തം ചിട്ടപ്പെടുത്താൻ ക്ഷണിച്ചു. ഞാൻ പരിക്കേറ്റ് വീട്ടിൽ കിടപ്പിലായപ്പോഴും അദ്ദേഹം എന്നെ കാണാൻ വന്നു. ആശ്വസിപ്പിച്ചു. ഞാൻ ആ സൗഹൃദത്തിന് ഒരുപാട് വില കല്പിക്കുന്നു.

ജോയിക്ക് അപകടം ഉണ്ടായത് ട്രാംപൊലീനിൽ നിന്നാണ് അത് ഇന്ത്യയിലും വിദേശത്തും പ്രചാരം നേടി വരുന്ന ഒരു കായിക വിനോദമാണ്. ഉല്ലാസദായകമാണെങ്കിലും അതിൽ അപകടത്തിന്റെ അംശവുമുണ്ട്. അതിൽ ഏർപ്പെടുന്നവരോട് എന്താണ് പറയാനുള്ളത്?

ട്രാംപൊലീനിൽ കളിക്കുന്നതിന് മുമ്പ് അതിനാവശ്യമായ വിദഗ്ധർ നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക. പക്ഷേ അതൊക്കെ ഉണ്ടെങ്കിലും ചിലപ്പോൾ അപകടങ്ങൾ സംഭവിക്കാം. എനിക്കുണ്ടായത് പോലെ. സാമാന്യം നല്ല ആരോഗ്യവും ശാരീരിക ക്ഷമതയും ഉണ്ടായിട്ടുകൂടി അത് സംഭവിച്ചു.

ആരോഗ്യം വീണ്ടെടുക്കുക മാത്രമല്ല, ചലനശേഷി തന്നെ പടിപടിയായി ജോയ് വീണ്ടെടുത്തു. ഇന്നും പരിശ്രമം തുടരുന്നു. ഈ അത്ഭുതകരമായ മാറ്റത്തിന് സഹായകമായ ഘടകങ്ങൾ എന്തൊക്കെയായിരുന്നു?

ഒന്നല്ല. പല ഘടകങ്ങൾ, പല മനുഷ്യർ, ഒരുപാട് പേരുടെ പ്രാർത്ഥന, ദൈവകൃപ. ഞാൻ വീണപ്പോൾ അത് നിസ്സാരമായി കാണാതെ, ആ പാതിരയ്ക്ക് കൊളംബോയിലെ ഏറ്റവും നല്ല ആശുപത്രിയിലേക്ക് എന്നെ വാരിക്കൊണ്ടുപോയ എന്റെ മൂന്ന് സുഹൃത്തുക്കൾ, അവരെ സഹായിച്ച തികച്ചും അപരിചിതരായ മറ്റു ചിലർ. എത്രയും വേഗത്തിൽ സർജറി നടത്തിയ ഡോക്ടർമാർ, ഇവരൊക്കെ എനിക്ക് കാണപ്പെട്ട ദൈവങ്ങളാണ്. ബോധം തെളിഞ്ഞപ്പോൾ, ന്യൂറോ സർജൻ എന്നെ കാര്യങ്ങളുടെ ഗൗരവം അറിയിച്ചു. C3, C4 എന്ന സെർവിക്കൽ ഭാഗം സ്ഥാനം തെറ്റി, നട്ടെല്ലിൽ പിണഞ്ഞു പോയി. അത് കൊണ്ട് രണ്ട് കൈൾക്കും കാലുകൾക്കും ചലനശേഷി നഷ്ടപ്പെട്ടു. 'ക്വോഡ്രിപാരേസിസ്'. പരാലിസിനേക്കാൾ മോശം അവസ്ഥ. കഴുത്തിന് താഴെ ഒന്നുമില്ല. സ്പർശിച്ചാൽ കൂടി അറിയാത്ത അവസ്ഥ. തന്റെ പരമാവധി താൻ ചെയ്തിട്ടുണ്ടെന്നും ഇനിയുള്ള ജീവിതം ഈ അവസ്ഥയോട് പൊരുത്തപ്പെട്ടുകൊണ്ട് വേണമെന്നും സർജൻ പറഞ്ഞു. എനിക്ക് അത് വിശ്വസിക്കാനായില്ല. പക്ഷേ സത്യം അതായിരുന്നു. നവംബർ 2009 മുതൽ രണ്ടര വർഷം ഞാൻ കിടപ്പിലായിരുന്നു. സാമ്പത്തിക സ്ഥിതിയും മോശം.

കുടുംബവും കൂട്ടുകാരും എന്റെ കൂടെ നിന്നു. ധൈര്യം തന്നു. ഫിസിയോതെറാപ്പി ആരംഭിച്ചു. ഞാൻ കൈയിൽ ഒരു മുദ്ര പിടിക്കാൻ ശ്രമിക്കും. തെറാപ്പിസ്റ്റിനോട് ചോദിക്കും ഞാൻ മുദ്ര കൃത്യം പിടിച്ചോ എന്ന്, അയാൾ പാവം. ഇല്ലെന്ന് പതുക്കെ തലയാട്ടും. പക്ഷേ എനിക്ക് ഉറപ്പുണ്ടായിരുന്നു. എന്റെ മനസ്സിന്റെ കാര്യത്തിൽ എനിക്ക് ചലനശേഷി വീണ്ടെടുക്കാനാവുമെന്ന്. തലപൊക്കി എഴുന്നേറ്റിരിക്കുന്നതും നടക്കുന്നതും ഓടുന്നതും ചാടുന്നതും നൃത്തം ചെയ്യുന്നതും മാത്രമായി എന്റെ ചിന്തയും സ്വപ്നവും. ചെറുവിരൽ അനങ്ങിയപ്പോൾ ഈശ്വരനോട് കരഞ്ഞുകൊണ്ട് നന്ദി പറഞ്ഞു. ഇന്ന് 80 ശതമാനം ചലനശേഷി വീണ്ടെടുത്തു കഴിഞ്ഞു. പരസഹായം കൂടാതെ എന്റെ കാര്യങ്ങളൊക്കെ ചെയ്യാൻ പറ്റുന്നു. ഡിസൈനിങ്ങിൽ സജീവമായി. പക്ഷേ നൃത്തം, ചെയ്യാറായിട്ടില്ല. ആ ദിവസം ദൂരത്തല്ല എന്നൊരു വിശ്വാസം എനിക്കുണ്ട്. ഈശ്വരനോടും എന്റെ കുടുംബത്തോടും ചില സുഹൃത്തുക്കളോടും തീർത്താൽ തീരാത്ത കടപ്പാടുണ്ട്.

Content Highlights: Aswathi V Nair interview series Natyakalayude Samoohyasastram  with C A Joy