ർത്തകി നടരാജ്. പത്മശ്രീ, കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പുരസ്കാരം തുടങ്ങിയവ നേടിയ ആദ്യത്തെ ട്രാൻസ് വുമൺ. ''രാഷ്ട്രപതിയുടെ കൈകളിൽ നിന്നും പത്മ പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ, പ്രധാനമന്ത്രി അഭിനന്ദിച്ചപ്പോൾ, മനസ്സ് അഭിമാനപൂരിതമായി ഞാൻ നെഞ്ച് വിരിച്ച് അത് ഏറ്റുവാങ്ങി'' എന്ന് പറയുന്ന നർത്തകിയുടെ കണ്ണുകളിൽ ഞാൻ കണ്ടത് അഭൗമമായ ഒരു ശാന്തതയാണ്. ഇന്നത്തെ നർത്തകിയിലേക്കുള്ള യാത്രയെക്കുറിച്ച്, അല്പം മടിച്ചിട്ടാണെങ്കിലും അവർ സംസാരിക്കാൻ തയ്യാറായി. ആമുഖമായി നർത്തകി പറയുന്നു:''ഇവിടെ ആഘോഷിക്കപ്പെടേണ്ടത് ഞാനല്ല, എന്നിലെ പെൺമയാണ്, എന്നിലെ കലയാണ്.''നാട്യകലയുടെ സാമൂഹിക ശാസ്ത്രം അഭിമുഖ പരമ്പരയിലെ ഇത്തവണത്തെ അതിഥി പത്മശ്രീ നർത്തകി നടരാജ് തന്റെ കലയും ജീവിതവും വിശദമാക്കുന്നു.

Dr Narthaki Natarajനർത്തകിയുടെ ജീവിതം പറയുമ്പോൾ മധുരയിൽ നിന്നുതുടങ്ങണം. ബാല്യം എങ്ങനെയായിരുന്നു?

ഏതൊരു കുഞ്ഞിനെയും പോലെ എനിക്കും മാതാപിതാക്കളിൽ നിന്നും സ്നേഹവും ലാളനയും ഒക്കെ കിട്ടിയിരുന്നു. ഞങ്ങൾ പത്ത് മക്കളാണ്. ഏഴെട്ട് വയസ്സായപ്പോഴേക്കും എന്റെ ശരീരം എന്റേതല്ല എന്ന തോന്നൽ ഉണ്ടായിത്തുടങ്ങിയിരുന്നു. ഒരു പെൺകുട്ടിയുടെ വർണാഭമായ ലോകമായിരുന്നു എന്റെ മനസ്സ് നിറയെ. അമ്മൂമ്മയും അച്ഛമ്മയും അമ്മാവൻമാരും സഹോദരങ്ങളും എല്ലാവരുമുണ്ടെങ്കിലും ഞാൻ ഒറ്റപ്പെട്ടു തുടങ്ങി. അന്നത്തെ സമൂഹം അതായിരുന്നു. പെണ്ണാവാൻ ആഗ്രഹിക്കുന്ന ഒരാൺകുട്ടിയെ മധുരയിലെ ഒരു ഗ്രാമീണ കുടുംബം എങ്ങനെ അംഗീകരിക്കും? എനിക്ക് കൂട്ട് എന്റെ പെൺമയുടെ നിറമാർന്ന സ്വപ്നങ്ങളും നൃത്തവും മാത്രമായി. നൃത്തം പഠിക്കാൻ കുടുംബം അനുവദിച്ചില്ല. മധുര മീനാക്ഷി ക്ഷേത്രത്തിലെ ശില്പങ്ങളെയും പരമശിവന്റെ സ്വരൂപമായ, വലതുകാൽ തൂക്കി നൃത്തം ചെയ്യുന്ന സുന്ദരേശ്വര സ്വാമിയേയും ഒക്കെ നോക്കി ഞാൻ നൃത്തം ചെയ്യുമായിരുന്നു. എന്തിനും ഏതിനും അടിയും മറ്റു ശിക്ഷകളും മാത്രമായിരുന്നു പതിവായി കിട്ടിയിരുന്നത്.

വേദന എന്റെ കൂടപ്പിറപ്പായി. കുട്ടികൾക്ക് കളിക്കാൻ ഗ്രാമത്തിൽ ഒരു മൈതാനമുണ്ടായിരുന്നു. കളിക്കാൻ കൂട്ടില്ലാതെ ഞാനവിടെ ഒറ്റയ്ക്ക് അലഞ്ഞു നടക്കുമ്പോൾ, എന്നെപ്പോലെ ഒറ്റയ്ക്കിരിക്കുന്ന ഒരു കുട്ടിയെ ഞാൻ പരിചയപ്പെട്ടു. എന്റെ തോഴിയായ ശക്തി ഭാസ്കർ, അന്നുമുതൽ ഇന്നുവരെ, ഈ നിമിഷം വരെ എന്റെ അമ്മയായി, തോഴിയായി, സുഹൃത്തായി, അധ്യാപികയായി, വഴികാട്ടിയായി എന്റെ കൂടെ ജീവിച്ച്, സ്വന്തം സ്വപ്നങ്ങൾ ഒന്നുമില്ലാതെ എല്ലാം എനിക്കായി സമർപ്പിച്ച ശക്തി. ശക്തിയെ പരിചയപ്പെട്ട ദിവസം മുതൽ എന്റെ ജീവിതം മാറി എന്നു വേണം പറയാൻ.

ഗുരു കിട്ടപ്പാ പിള്ളൈയുടെ ശിഷ്യയാണ് നർത്തകി. എങ്ങനെ സാധിച്ചു ആ ഗുരുത്വം?

ഞാൻ പറഞ്ഞല്ലോ, വീട്ടുകാർക്ക് ഞാൻ നൃത്തം ചെയ്യുന്നത് ഒട്ടും ഇഷ്ടമല്ലായിരുന്നു. പക്ഷേ എനിക്ക് നൃത്തം ജീവവായു പോലെയായിരുന്നു. അന്നൊക്കെ സഞ്ചരിക്കുന്ന നാടകങ്ങൾ ഉണ്ടായിരുന്നു. അതിലെ നർത്തകിമാരെ നോക്കിയാണ് ആദ്യമൊക്കെ പഠിച്ചിരുന്നത്. പിന്നെ തമിഴ് സിനിമയിൽ വൈജയന്തിമാല, പത്മിനി, കമലാ ലക്ഷ്മണൻ ഇവരുടെയൊക്കെ നൃത്തം ആർത്തിയോടെ കാണുമായിരുന്നു. സ്കൂളിൽ ഒരു കലാമത്സരത്തിൽ സമ്മാനം കിട്ടി. അന്നത്തെ വിധികർത്താവ് ഗുരു ആരാണെന്ന് ചോദിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത് നൃത്തം ചിട്ടയോടെ പഠിക്കേണ്ട ഒന്നാണ് എന്ന്. അന്ന് വായിൽ വന്നപോലെ തട്ടിവിട്ടു - വൈജയന്തിമാലയുടെ ഗുരുവാണ് എന്റെയും ഗുരു എന്ന്. സത്യത്തിൽ കിട്ടപ്പാ പിള്ളൈ എന്നൊരാളെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. കുറെ മാസങ്ങൾക്ക് ശേഷം അദ്ദേഹത്തിന് എന്തോ വലിയ പുരസ്കാരം കിട്ടിയതായി പത്രത്തിൽ വായിച്ചു. ഉടനെ അദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമമായി. തഞ്ചാവൂരിൽ അദ്ദേഹത്തിന്റെ അടുത്ത് പഠിക്കാൻ പോകാൻ സഹായിച്ചത് ശക്തിയാണ്. ഒരു വർഷം ക്ഷമയോടെ കാത്തിരുന്നു. ഒരു വർഷത്തിന് ശേഷമാണ് ഗുരു കിട്ടപ്പാ പിള്ളൈ ഞങ്ങളെ പഠിപ്പിക്കാൻ സമ്മതിച്ചത്. അതിന് ശേഷമാണ് ഞങ്ങൾ പരസ്യമായി, ധൈര്യമായി ഞങ്ങളുടെ തനിമയെ, ട്രാൻസ്ജെൻഡറാണ് എന്ന കാര്യം വെളിപ്പെടുത്താൻ തുടങ്ങിയത്.

Dr Narthaki Nataraj 2നടരാജ് നർത്തകിയായി മാറുന്നത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്. അന്നൊന്നും ലിംഗമാറ്റ ശസ്ത്രക്രിയ പ്രാബല്യത്തിൽ വന്നിട്ടില്ല. സുരക്ഷിതമായ രീതികൾ ഒന്നും ഉണ്ടായിരുന്നില്ല. ആ അനുഭവം ഒന്ന് വിശദീകരിക്കാമോ?

ലിംഗമാറ്റം എന്നത് ഒരു പുനർജന്മത്തിന് തുല്യമാണ്. ജന്മംകൊണ്ട ശരീരവുമായി ഇനി ജീവിക്കാൻ വയ്യ എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ മാനസികമായി ഞാൻ അതിന് തയ്യാറെടുത്തുകൊണ്ടിരുന്നു എന്നു വേണം പറയാൻ. ആശുപത്രിയോ ഡോക്ടറോ ആരും ഒന്നുമില്ല. വളരെ പ്രാകൃതമായ രീതിയിൽ എന്നാൽ അത്യന്തം ദൈവഭക്തിയോടെയാണ് ആ കർമ്മം ചെയ്യുന്നത്. ആ പ്രക്രിയയുടെ വേദനയെക്കാളേറെ ഒരു സ്ത്രീയായി മാറുന്ന, പൂർണത കൈവരിക്കുന്ന ആ നിമിഷത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ് മനസ്സിലുണ്ടാവുക. ആ കർമ്മം കഴിഞ്ഞ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അടുത്ത പകൽ കാണുമെന്ന ഒരു നിശ്ചയവുമില്ല. ഭാഗ്യമുണ്ടെങ്കിൽ ജീവിക്കും. അങ്ങനെ അതിജീവിക്കുന്നവർ അടുത്ത നാൽപ്പത് ദിവസം പുറംലോകം കാണാതെ സ്വയം കണ്ണാടിയിൽ നോക്കാതെ, കഠിനമായ പഥ്യം നോക്കി, ജലപാനം മാത്രം- കടും കാപ്പിയും കഞ്ഞിവെള്ളവും മാത്രം കഴിച്ച് - ജീവിക്കണം. നാൽപ്പതാം ദിവസം, പച്ച നിറത്തിലുള്ള വസ്ത്രവും ആഭരണങ്ങളും പൊട്ടും എല്ലാം ധരിച്ച്, ദേവിയുടെ മുമ്പിലെത്തുമ്പോഴെ ഞങ്ങൾ പുറംലോകം കാണൂ. ബഹുചരാ ദേവിയുടെ പാദത്തിൽ നമസ്കരിച്ചശേഷമേ വ്രതം മുറിക്കൂ. എന്നെ സംബന്ധിച്ചിടത്തോളം ഈ പരമ്പരാഗത രീതിയിൽ ലിംഗമാറ്റം ചെയ്തവരൊക്കെയും സ്വന്തം ജീവൻ ബലികൊടുത്താണ് പെൺമയെ, സ്ത്രീത്വത്തെ ഏറ്റുവാങ്ങുന്നത്. ആദിപരാശക്തിയുടെ മറ്റൊരു രൂപമാണ് ബഹുചരാദേവി എന്ന ഞങ്ങളുടെ ഇഷ്ടദൈവം. ആ അമ്മ ഞങ്ങളെയൊക്കെ സംരക്ഷിക്കുന്നു.

ലിംഗമാറ്റം നടത്തിയപ്പോൾ കുടുംബം എങ്ങനെയാണ് പ്രതികരിച്ചത്?

ബാല്യവും കൗമാരവും അപമാനവും വേദനയും ദുഃഖവും നിറഞ്ഞതായിരുന്നു. ഒരു ട്രാൻസ്ജെൻഡർ പോലും വീടും കുടുംബവും വിട്ട് പുറത്തുപോകാൻ ആഗ്രഹിക്കില്ല. സാഹചര്യങ്ങളാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്. ഞാൻ നൃത്തം പഠിച്ച്, വളരെ കഷ്ടപ്പെട്ടാണ് ഇന്നത്തെ നിലയിൽ എത്തിയത്. ഇന്ന് എന്റെ സഹോദരങ്ങളും സുഹൃത്തുക്കളും എല്ലാവരും എന്റെ ഉയർച്ചയിൽ സന്തോഷിക്കുന്നു. എനിക്ക് നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടില്ല, പക്ഷേ ഞാൻ അവരെ കുറ്റപ്പെടുത്തുന്നില്ല. 80- കളിലെ സമൂഹം അതായിരുന്നു. അവരുടെ ചുറ്റുപാടുകൾക്കനുസരിച്ചാണ് അവർ പ്രതികരിച്ചത്.

സൗഹൃദം, പ്രണയം, സ്നേഹം, കാമം, വിവാഹം...നർത്തകി ഇവയെ നിർവചിക്കുന്നത് എങ്ങനെയാണ്?

Dr Narthaki Nataraj 3എനിക്ക് ഇവയെക്കുറിച്ചൊക്കെ പറയാൻ ഒറ്റ വാചകമേ ഉള്ളൂ- തോൾ ചായ്ക്കാൻ, തോളോടു തോൾ നിൽക്കാൻ ഒരാൾ. സ്നേഹത്തിനടിമകളാണ് ഞങ്ങളോരോരുത്തരും. പക്ഷേ ആ സ്നേഹം, ട്രാൻസ്ജെൻഡറുകളുടെ ജീവിതത്തിൽ എന്നും ഒരു മരീചികയായി അവശേഷിക്കുന്നു എന്നതാണ് സത്യം. സ്നേഹിക്കാനുള്ള മനസ്സുണ്ടെങ്കിലേ ഒരു നല്ല കലാകാരിയാവാൻ സാധിക്കൂ. നമുക്ക് ചുറ്റുമുള്ള എല്ലാത്തിനെയും എല്ലാവരെയും സ്നേഹിക്കാൻ ശ്രമിക്കുമ്പോൾ, ആ സ്നേഹം നമ്മുടെ ഉള്ളിൽ ഒരു സൗന്ദര്യമായി നിലകൊള്ളുന്നു. അതാണ് എന്റെ സൗന്ദര്യത്തിന്റെ രഹസ്യം.

'തിരുനങ്കൈ'നർത്തകി നടരാജിന് ട്രാൻസ്ജെൻഡറുകളോട് എന്താണ് പറയാനുള്ളത്?

നഷ്ടങ്ങളുടെയും നേട്ടങ്ങളുടെയും കണക്കെടുത്താൽ, ഞാൻ പറയും നഷ്ടങ്ങളാണ് ഏറെ എന്ന്. വേദനയിലൂടെ മാത്രമെ നേട്ടങ്ങളുണ്ടാവൂ. ഞാനും ശക്തിയും നിങ്ങൾക്ക് വഴി തെളിച്ചുവെച്ചിട്ടുണ്ട്. കല്ലും മുള്ളും നിറഞ്ഞ വഴിയിൽ ഞങ്ങൾ നടന്നു തുടങ്ങിയപ്പോൾ, അറിഞ്ഞോ അറിയാതെയോ അത് ഞങ്ങൾക്ക് ശേഷം വരുന്നവർക്ക് നടക്കാൻ എളുപ്പമുള്ളതായി. 1980 കളുടെ അവസാനം ഞാൻ പാസ്പോർട്ടിന് അപേക്ഷിച്ചപ്പോൾ, അതിൽ 'Eununch' എന്നെഴുതിയാണ് തന്നത്. ഞാൻ എന്റെ മുറി ഇംഗ്ലീഷിൽ കേന്ദ്രമന്ത്രിക്ക് കത്തെഴുതി. 'ഈ പാസ്പോർട്ട് കൊണ്ട് എനിക്ക് പ്രയോജനമില്ല. നിങ്ങൾ തന്നെ വെച്ചോളൂ. ഒരു സ്ത്രീയായി, നർത്തകിയായി മുന്നേറാനാണ് ഞാൻ ആഗ്രഹിക്കുന്നത്'- ഇത്രയുമായിരുന്നു കത്തിന്റെ ഉള്ളടക്കം. ഏറെ വൈകാതെ എനിക്കും ശക്തിക്കും 'Female' എന്ന് എഴുതിയ പാസ്പോർട്ട് അനുവദിച്ചു. കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പിന്റെ ബലത്തിലാണ് ഞാൻ നൃത്തം പഠിച്ചത്. സാംസ്കാരിക വകുപ്പിന്റെ ജൂനിയർ, സീനിയർ ഫെല്ലോഷിപ്പ്, ദൂരദർശൻ, ഐ.സി.സി.ആർ തുടങ്ങിയവയിൽ ടോപ് ഗ്രേഡ്, തമിഴ്നാട് സർക്കാരിന്റെ കലൈമാമണി, അങ്ങനെ ഓരോന്നും നേടുമ്പോൾ ഞാൻ എന്റെ സഹോദരങ്ങൾക്ക് വഴിതെളിക്കുകയായിരുന്നു.

Dr Narthaki Nataraj 4ലോകത്തിലെ ഒരു ഭാഷയിലും കിട്ടാത്ത അംഗീകാരമാണ് ട്രാൻസ്ജെൻഡറുകൾക്ക് തമിഴിലൂടെ ഞാൻ നൽകിയത്. ഞങ്ങളുടെ സമൂഹത്തിലെ സ്ത്രീകൾക്ക് 'തിരുനങ്കൈ' എന്നും പുരുഷന്മാർക്ക് 'തിരുനമ്പി' എന്നും പേര് കണ്ടുപിടിച്ചത് ഞാനാണ്. 'തിരു' എന്നാൽ ശ്രീത്വമുള്ള, ദൈവീകമായ എന്നൊക്കെയാണ് അർത്ഥം. നങ്കൈ എന്നാൽ സ്ത്രീ. ഈ പേരുകൾ തമിഴ്നാട് സർക്കാർ തമിഴ് നിഘണ്ടുവിൽ ചേർത്ത് ട്രാൻസ്ജെൻഡറുകളുടെ ഔദ്യോഗിക നാമമായി അംഗീകരിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് 11-ാം ക്ലാസിലെ തമിഴ് പാഠഭാഗത്തിൽ എന്റെ ജീവിതകഥ ഉൾപ്പെടുത്തി. ഭാവി തലമുറയ്ക്ക് ഞങ്ങളെപ്പോലുള്ളവരെ അറിയാനും സ്നേഹിക്കാനും അംഗീകരിക്കാനും അത് പ്രയോജനപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ നൃത്തത്തെ മാത്രം ഉപാസിച്ച് ജീവിക്കുന്നവളാണ്. എല്ലാവരും ശരീരം കൊണ്ട് നൃത്തം ചെയ്യുന്നു. എന്നാൽ എന്റെ ശരീരത്തേക്കാൾ എന്റെ ആത്മാവാണ് നൃത്തം ചെയ്യുന്നത്. ഏതു പ്രതിസന്ധിയിലും നമ്മുടെ കഴിവുകളെ, ഇഷ്ടങ്ങളെ, താൽപര്യങ്ങളെ പരിപോഷിപ്പിക്കാൻ ശ്രമിക്കുക. അപ്പോൾ വിജയം നിങ്ങളെ തേടി എത്തും.

Content Highlights: Aswathi V Nair Interview series, Natyakalayude Samoohyasasthram, Padmasree Narthaki Natraj