ഷിതയുടേത് പറഞ്ഞവസാനിപ്പിക്കലോ പാതിനിര്‍ത്തലോ അല്ല. പുതിയ തലമുറയ്‌ക്കൊരു അനുഭവലോകം തുറന്നിടലാണ്. പുതുകാലത്തും ഇങ്ങനെയൊക്കെ സ്ത്രീകള്‍ അതിജീവിച്ചിരുന്നു എന്ന ഓര്‍മപ്പെടുത്തുകയാണ് അഷിത മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ. അതിനുമപ്പുറം സര്‍ഗാത്മക രംഗങ്ങളില്‍ ഇപ്പോഴും വഴിയടയ്ക്കപ്പെട്ട അനേകം എഴുത്തുകാരികള്‍ക്ക് അതിജീവന സമരത്തിനുള്ള വഴികാട്ടലാണ്. വ്യക്തി, സാമൂഹികജീവി, എഴുത്തുകാരി എന്നീ നിലകളില്‍ സ്വയം അടയാളപ്പെടുത്തുകയാണ് ഹൃദയസ്പര്‍ശിയായ ദീര്‍ഘസംഭാഷണത്തിന്റ അവസാന ലക്കത്തില്‍ അഷിത. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനോട് അവര്‍ പങ്കുവെയ്ക്കുന്ന ജീവിതാനുഭവങ്ങളില്‍ നിന്നൊരുഭാഗം വായിക്കാം. 

'അമ്മ എന്നോടു പറഞ്ഞ നുണകള്‍' എന്ന കഥയില്‍ വ്യക്തിപരമായ ചില ട്രാജിക് മെമ്മറീസ് ഒളിഞ്ഞിരിപ്പില്ലേ? 

ആറു വയസ്സൊക്കെയുള്ളപ്പോള്‍ എനിക്ക് ഷോര്‍ട്ട് ഹെയര്‍ ആയിരുന്നു. എല്ലാ മാസവും ഞങ്ങളുടെ മുടി വെട്ടിക്കാന്‍ അച്ഛന്‍ കൊണ്ടു പോകും. ചേട്ടന്റെയും അനിയത്തിയുടെയും മാത്രമേ കൈ പിടിക്കു. ഞാന്‍ പിന്നില്‍ നടക്കും. പോണവഴിക്ക് വലിയൊരു തോടുണ്ട്. അതില്‍ നിറയെ പന്നികളുണ്ടാകും. വേസ്റ്റ് മുഴുവന്‍ എല്ലാവരും ആ തോട്ടിലാണ് എറിയുക. മലമൂത്രവിസര്‍ജ്യങ്ങളും ഒഴുകിവരും. അവിടെയെത്തിയാല്‍ അച്ഛന്‍ പറയും: ''ആ പന്നികളെ നോക്കിന്‍... അതാണ് ഇവളുടെ അച്ഛന്‍. പന്നി തിന്നുന്നതുപോലെയാണ് അയാള്‍ തിന്നുന്നത്. ''ഇത് ഞങ്ങള്‍ക്ക് മൂന്നാൾക്കും മനസ്സിലാവുകയില്ല. ഞാന്‍ ഒന്നും റിയാക്റ്റ് ചെയ്യുകയില്ല. മനസ്സിലാവാഞ്ഞിട്ടാണ്. 

കുറച്ചുകഴിഞ്ഞാല്‍ അച്ഛന്‍ വീണ്ടും തുടരും : ''നീ എന്താ ഈ പിന്നില്‍ നടക്കുന്നത്? മുന്‍പില്‍ കയറി നടക്കെടീ...'' ഞാന്‍ പേടിച്ച് മുന്‍പില്‍ കയറി നടക്കുമ്പോള്‍ അച്ഛന്‍ പിരടിക്ക് ഊക്കില്‍ അടിക്കും. അപ്പൊ ഞാന്‍ ശബ്ദമില്ലാതെ കരയാന്‍ തുടങ്ങും. ആറു വയസ്സല്ലേയുള്ളൂ. ഇനി അഥവാ അതിലും കരഞ്ഞില്ലെങ്കില്‍, നടക്കുന്നതിനിടയില്‍ കാലുവെച്ച് വീഴ്ത്തും. അപ്പൊ കരയാന്‍ തുടങ്ങിയാല്‍ കരയുന്നതെന്തിനാ എന്ന് ചോദിച്ച് വീണ്ടും അടിക്കും. വഴിയിലെ ആള്‍ക്കാര്‍ മുഴുവന്‍ എന്നെ നോക്കും. പിന്നെ വീട്ടില്‍ ചെന്നിട്ട് ഇതെന്തെങ്കിലും ഒരു വാക്ക് അമ്മയോട് പറഞ്ഞുപോയാല്‍ അടിച്ചു തോലുരിക്കും എന്ന് ഭീഷണിപ്പെടുത്തും. ഈ തോലുരിക്കുന്നത് ഞാന്‍ വിഷ്വലൈസ് ചെയ്ത് പേടിച്ച് വീണ്ടും കരയാന്‍ തുടങ്ങും. ഇത് എല്ലാ മാസവും ആവര്‍ത്തിച്ചിരുന്ന തമാശയായിരുന്നു. 

ഒരു സ്റ്റേജ് കഴിഞ്ഞപ്പോള്‍ ഇത് സഹിക്കാവുന്നതിലും അപ്പുറമായി. അന്ന് മനോരമയിലും മാതൃഭൂമിയിലുമൊക്കെ ജീവന്‍ടോണിന്റെ പരസ്യം വരും. അപ്പോള്‍ ഞാന്‍ വീട്ടില്‍ച്ചെന്ന് അമ്മയോട് ജീവന്‍ടോണ്‍ വാങ്ങിത്തരാന്‍ ആവശ്യപ്പെടുമായിരുന്നു. ഞാന്‍ എന്റെ അമ്മയോട് ജീവിതത്തില്‍ ആവശ്യപ്പെട്ട ഒരേയൊരു കാര്യം ജീവന്‍ടോണ്‍ ആണ്. എനിക്ക് ജീവന്‍ ടോണ്‍ കഴിച്ച് തടിയും തൂക്കവും വെച്ച് ഈ അച്ഛനെ ഒന്ന് തട്ടിക്കളയണം. അതാണ് ഉള്ളില്‍. ഒറ്റയിടിക്ക് തീരണം. കാരണം, അച്ഛന്‍ ഈശ്വരനെപ്പോലെ പവര്‍ഫുള്‍ ആയിട്ട് ഞങ്ങളെയൊക്കെ ഭരിക്കുകയാണ്. അതാണ് പിന്നെ 'അമ്മ എന്നോട് പറഞ്ഞ നുണകളി'ല്‍ വശം കോടി പാടത്തു നിന്ന് എടുത്താണ്ടുപോന്ന ഈശ്വരനെപ്പോലെ എന്ന ഉപമയില്‍ അച്ഛനെ ഒതുക്കിയത്. എന്റെ അച്ഛന്‍ വയസ്സുകാലത്ത് കിടപ്പായപ്പോള്‍ എനിക്കാകെ ഫീലിങ്ങായിരുന്നു 

സഹോദരങ്ങള്‍ കാണുന്നുണ്ടായിരുന്നില്ലേ ഇങ്ങനെ ഉപദ്രവിച്ചിരുന്നത്?

അത് ഞാന്‍ കൊള്ളാഞ്ഞിട്ടാണെന്നല്ലേ പറഞ്ഞിരുന്നത്. ഞാനും അങ്ങനെതന്നെയാണ് വിശ്വസിച്ചിരുന്നത്. പുറത്തുവരാത്ത ഒരു നിലവിളിയായിരുന്നു ഞാന്‍. ഞാന്‍ ആരോടും പറയാന്‍ ശ്രമിച്ചിട്ടില്ല. 

ഇന്നത്തെ കാലത്തായിരുന്നെങ്കില്‍ ജയിലിലാകുന്ന കേസാണ്. 

അതെ. എന്റെ മകള്‍ പറയും, വല്ല അമേരിക്കയിലൊക്കെയാണെങ്കില്‍ അമ്മയ്ക്ക് ഒരു സീരിയല്‍ കില്ലര്‍ ആവാന്‍ സ്‌കോപ്പ് ഉണ്ടായേനെ എന്ന്. ഞാന്‍ ചെറിയമ്മമാരോടൊക്കെ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, എനിക്ക് കിറുക്കാണന്നാണ് അമ്മയും മറ്റും പറയുക. ഇങ്ങനെയൊരാള്‍ അമ്മയുടെ അകത്തുണ്ടെന്ന് അറിയുകയേയില്ല. ഒരുപക്ഷേ, അവരുടെ കുട്ടിക്കാലത്തെ വല്ല പ്രശ്‌നവുമായിരിക്കാം. എന്റെ അനിയത്തിക്ക് സത്യമറിയാം. അത് പറയാനുള്ള തന്റേടവുമുണ്ട്.

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാനും ആഴ്ചപ്പതിപ്പ് ഓണ്‍ലൈനില്‍ വാങ്ങാനും ഇവിടെ ക്ലിക്ക് ചെയ്യുക 

അഷിതയുടെ പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Ashitha, Shihabuddin Poythumkadavu,Interview