സംഘര്‍ഷഭരിതമായ യൗവനകാലത്തെ ആത്മഹത്യ ശ്രമങ്ങളും അതില്‍നിന്നുള്ള അതിജീവനവും അഷിത ഓര്‍മിച്ചെടുക്കുകയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ. ഒപ്പം എഴുത്തിനെയും മനസ്സിനെയും പിടിച്ചുനിര്‍ത്താന്‍ സഹായിച്ച ഗുരുവിന്റെ കടന്നുവരവിനെക്കുറിച്ചും പറയുന്നു. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനോട് അഷിത പങ്കുവയ്ക്കുന്ന ജീവിതാനുഭവങ്ങളില്‍ നിന്നൊരു ഭാഗം വായിക്കാം.

ഗുരുവിനെ കാണുംമുന്‍പ് ജീവിതം അവസാനിപ്പിക്കാന്‍ പലതവണ ശ്രമിച്ചിരുന്നില്ലേ? 

പതിനേഴാമത്തെ വയസ്സില്‍ ഞാന്‍ സൂയിസൈഡ് അറ്റെംപ്റ്റ് ചെയ്തു. വളരെ അതിശയകരമായി തോല്‍വി പിണഞ്ഞ ഒരു അറ്റെംപ്റ്റ്. കോളേജില്‍ ഞാനൊരു എസ്.എഫ്.ഐ. അനുഭാവി ആയിരുന്നു. ദൈവത്തിലൊന്നും ഒരു താല്പര്യവുമില്ല, വിശ്വാസവുമില്ല. അങ്ങേര്‍ക്ക് എന്നെക്കൊണ്ടോ എനി ക്കങ്ങേരെക്കൊണ്ടോ ഒരു കാര്യവുമില്ല എന്നമട്ട്. അപ്പോഴും ഇതിനോടൊപ്പംതന്നെ അതിശയിപ്പിക്കുന്ന ചില അനുഭവങ്ങളും ഉണ്ടാവുന്നുണ്ട്. അതിലൊരു ഉദാഹരണമാണ് എന്റെ ആത്മഹത്യാശ്രമം. 

ഷോക്ക് ട്രീറ്റ്‌മെന്റിനൊക്കെ ശേഷം ഞാന്‍ പഠിത്തം നിര്‍ത്തി തറവാട്ടില്‍ ഇരിക്കുകയാണ്. തറവാടെന്ന് പറഞ്ഞാല്‍ ഒരു പതിനാല് ഏക്കര്‍ പ്ലോട്ടിന്റെ നടുവിലാണ്. ഒരു വശത്ത് കുറ്റിക്കാടും മറ്റുള്ള വശങ്ങളില്‍ കണ്ണത്താദൂരം വരെ പാടങ്ങളും. അന്ന് വിളിച്ചാല്‍ വിളി കേക്കാന്‍ അണ്ണാറക്കണ്ണനും പക്ഷികളും കോഴികളും മാത്രമേ ഉള്ളൂ. അപ്പൊ സൂയിസൈഡ് ചെയ്യാന്‍ ഞാന്‍ ഒരു ദിവസം തിരഞെഞ്ഞെടുക്കുകയാണ്. Mandrax എന്ന ഗുളിക പതിമൂന്നെണ്ണം സംഘടിപ്പിച്ചു. അന്ന് പഴയന്നൂരില്‍ രാവിലെ ഏഴരയ്ക്ക് ഒരു ബസ്സ് വന്നാല്‍ പിന്നെ വൈകുന്നേരമാണ് ബസ്സുള്ളത്. അതിന്റ ഇടയ്ക്ക് ബസ്സ് ഒന്നുമില്ല. 

ഒരു പത്തുമണിക്ക് ശേഷം വീട്ടില്‍ ആരും വരികയില്ല. പിള്ളേരൊക്കെ സ്‌കൂളില്‍ പോകും. ഞാന്‍ ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് ഇതെടുത്തു കഴിച്ചു. വീട്ടില്‍ എഴുപതു വയസ്സ് കടന്ന അമ്മൂമ്മയും അമ്മൂമ്മയുടെ ആങ്ങളയും മാത്രമേ ഉള്ളൂ. അമ്മൂമ്മ അതിലെ പോകുമ്പോള്‍ ''എന്താ ഇങ്ങനെ കിടക്കുന്നത് ചങ്ങാതി?'' എന്ന് ചോദിച്ചു. ''ഞാന്‍ മരിക്കാന്‍ കിടക്കുകയാണ് അമ്മുമ്മേ. ഞാന്‍ ഇത്ര ഗുളിക കഴിച്ചു, ഞാന്‍ പോവ്വാണ് ട്ടോ'' എന്നും പറഞ്ഞു. അമ്മൂമ്മ ഒന്നും പറഞ്ഞില്ല. നേരേ പോയി കുളിച്ച് അമ്മുമ്മ പൂജാമുറിയില്‍ കയറി പ്രാര്‍ഥിക്കാന്‍ തുടങ്ങി. 

അന്ന് ഫോണ്‍ ഒന്നുമില്ല. ആരും വരാനുമില്ല. അങ്ങനെ എല്ലാ പ്രിക്കോഷനും എടുത്ത് ആത്മഹത്യാശ്രമമായിരുന്നു. നല്ല വെയില്‍. കണ്ണങ്ങനെ അടഞ്ഞു. പോകുന്നു. അപ്പോള്‍, കുറച്ചു കഴിഞ്ഞപ്പോള്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന എന്റെ കസിന്‍ വീട്ടിലേക്ക് വരുന്നു. ''എന്താ ഈ നേരത്ത് വരുന്നു?'' എന്ന് ചോ ദിച്ചപ്പോള്‍ അവന്‍ പറയുകയാണ്, ''സ്‌കൂള്‍ പെട്ടെന്ന് വിട്ടു. ഞാന്‍ രണ്ടു വട വാങ്ങിച്ചു. വാങ്ങിച്ചപ്പോള്‍ അഷിച്ചേച്ചിക്കൊന്ന് കൊണ്ടുത്തരണമെന്നു തോന്നിയിട്ട് ഒന്നര കിലോമീറ്റര്‍ വെയിലത്ത് നടന്നുവന്നതാണ്'' എന്ന്. അവന്‍ വട നീട്ടി. എനിക്കത് മേടിക്കാന്‍ കെ പൊങ്ങുന്നില്ല. അമ്മൂമ്മ ഓടിവന്ന് പറഞ്ഞു ഇങ്ങനെയാണ് സംഗതിയെന്ന്. അവന്‍ പേടിച്ചു കരഞ്ഞ് ബഹളാക്കി. വടയെല്ലാം അവിടെയിട്ടിട്ട് അവന്‍ തിരിച്ചോടി. ഞാന്‍ ചിരിച്ചു. തിരിച്ചത്രയും ദൂരം ഓടണം. അപ്പഴേക്കും ഞാന്‍ പോയിട്ടുണ്ടാകും. കണ്ണ് ഇങ്ങനെ അടഞ്ഞു പോവുകയാണ്. 

അവന്‍ ഓടിയോടി ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോള്‍ ഒരാള്‍ എതിരേ സൈക്കിളില്‍ വന്ന് സൈക്കിള്‍ നിര്‍ത്തി, ''എന്താ ഇങ്ങനെ കരഞ്ഞോണ്ട് ഓടുന്നതെ''ന്ന് അന്വേഷിച്ചു. ''എനിക്ക് അത്യാവശ്യമായി മെഡിക്കല്‍ സ്റ്റോര്‍ വരെ പോകണം...'' അവന്‍ കരഞ്ഞോണ്ട് പറഞ്ഞു. അവന്‍ ഇയാളെ അറിയുകയില്ല. ഇയാള്‍ അവനെയും. അയാള്‍ സൈക്കിള്‍ കൊടുത്തിട്ട് പറഞ്ഞു: ''പോയിട്ട് വരൂ.. ഞാന്‍ ഇവിടെ കാത്ത് നില്ക്കാം.'' അവന്‍ സൈക്കിള്‍ ചവുട്ടി പോയി കമ്പൗണ്ടറെ വിളിച്ചു കൊണ്ടുവന്ന് വയറു വാഷ് ചെയ്യുകയോ എന്തൊക്കെയോ ചെയ്തു. അവന്‍ തിരിച്ചു വരുമ്പോഴും ആ മനുഷ്യന്‍ അവിടെ നില്ക്കുന്നുണ്ടാര്‍ന്നുവത്രേ. സൈക്കിള്‍ അയാളെ ഏല്പിച്ചു. അയാള്‍ അയാളുടെ വഴിക്ക് പോവുകയും ചെയ്തു. ആരായിരുന്നു അയാള്‍? അതൊരു കുഴയ്ക്കുന്ന ചോദ്യമാണ്. നിങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിട്ട് മരിച്ചില്ലെങ്കില്‍ ഫാമിലിയില്‍ അത് ഭയങ്കര ഇഷ്യൂ ആണ്. അതാ ഞാന്‍ പറഞ്ഞത്, ഞാന്‍ തോറ്റു പോയ ഒരു സ്ത്രീയാണ്.  

അത്ഭുതകരമായ ഒരനുഭവമാണല്ലോ? 

അണ്‍എക്‌സ്‌പെക്ടഡ് ആയിട്ടാണ് എന്റെ കസിന് അങ്ങനെ തോന്നിയത്. സൈക്കിള്‍ കൊടുത്ത് കാത്തുനിന്ന ആള്‍ ആരായിരുന്നു? അറിഞ്ഞുകൂട. എന്തായാലും മരിച്ചില്ല. പിന്നെ കുറേ കാലം ഒരു പത്തൊന്‍പത് - ഇരുപതു വയസ്സിലൊക്കെ ഭയങ്കര ബ്ലീഡിങ് weekly.ആയിരുന്നു. മാസത്തില്‍ ഇരുപത് ഇരുപ ത്തിമൂന്നു ദിവസം. വീട്ടുജോലിയും ചെയ്യണം. അനീമിക്ക് ആയി. ഇടയ്ക്കിടയ്ക്ക് തല ചുറ്റും. പക്ഷേ, അച്ഛനും അമ്മയും ഡോക്ടറുടെ അടുത്തൊന്നും കാണ്ടുപോയില്ല. ആത്മഹത്യാ ഭീഷണി നടത്തിയാലേ എന്റെ എന്തെങ്കിലും കാര്യം നടക്കുമായി രുന്നുള്ളൂ. ഞാനൊരിക്കല്‍ ഈ ബ്ലീഡിങ് കാരണം കഴുത്തില്‍ കുരുക്കൊക്കെ ഇട്ട് റെഡി ആയി. അമ്മ ഒരിക്കലും ഒന്നിനും കൂടെ വരില്ല. അച്ഛന്‍ കൊണ്ടുപോണം. 

എത്രാമത്തെ വയസ്സില്‍ ?

ഇരുപത് - ഇരുപത്തൊന്നു വയസ്സ്. അമ്മ ഓടിവന്നപ്പോള്‍ ഞാനീ കുരുക്ക് കഴുത്തില്‍ ഇട്ട് നില്ക്കുകയാണ്. സാധാരണ ഒരമ്മ അത് കണ്ടാല്‍ പേടിക്കേണ്ട താണ്. പക്ഷേ, എന്റെ അമ്മ വെയിറ്റ് ചെയ്യുകയാണ്, ഞാന്‍ ചാടീട്ട് ആ കുരുക്ക് മുറുകാന്‍. ''എന്താണീ കാണിക്കുന്നത്'' ന്ന് ചോദിക്കുകയോ ഉമ്മറത്തിരിക്കുന്ന അച്ഛനെ വിളിക്കുകയോ ഒന്നുമില്ല. എനിക്കപ്പോള്‍ മനസ്സില്‍ പെട്ടെന്ന് കത്തി. അതില്‍ പിന്നെ ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ല. എനിക്ക് ഭ്രാന്താണെന്ന് ശിഹാബിനു തോന്നുന്നുണ്ടല്ലേ? 

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാനും ആഴ്ചപ്പതിപ്പ് ഓണ്‍ലൈനില്‍ വാങ്ങാം

അഷിതയുടെ പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Ashitha, Shihabuddin Poythumkadavu,Interview