ഇന്ത്യകണ്ട മൂര്‍ച്ചേറിയ അന്വേഷണാത്മക പത്രപ്രവര്‍ത്തകരില്‍ ഒരാളാണ് അരുണ്‍ ഷൂറി. ഷൂറിയുടെ അന്വേഷണങ്ങള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കും മുന്നില്‍ അധികാരമേടകള്‍ പലതും അടര്‍ന്നുവീണു. പൂജിക്കപ്പെട്ട വിഗ്രഹങ്ങള്‍ പലതും പൊതുമധ്യത്തില്‍ ഉടഞ്ഞു. ഷൂറിയുടെ പുസ്തകങ്ങള്‍ വസ്തുതകള്‍ കൊണ്ടുള്ള വാള്‍ വീശലുകളായിരുന്നു. അവസാനമായി ഷൂറി എഴുതിയ രണ്ട് പുസ്തകങ്ങളും ഏറെ വ്യത്യസ്തമായ തലത്തിലുള്ളതാണ്. Preparing For Death എന്ന പുതിയ പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ മാതൃഭൂമി പ്രതിനിധി ശ്രീകാന്ത് കോട്ടക്കലിന് അനുവദിച്ച അഭിമുഖം


1981 ഒക്ടോബര്‍ 15-ന്റെ ഇന്ത്യാ ടുഡേ മാസികയുടെ കവര്‍ചിത്രം താങ്കളായിരുന്നു എന്നോര്‍ക്കുന്നു. 'ദ ആംഗ്രി ക്രുസേഡര്‍ എന്നാണ് അവര്‍ അന്ന് താങ്കളെ വിളിച്ചത്. താങ്കളുടെ അന്വേഷണാത്മക റിപ്പോര്‍ട്ടുകളും അവയുടെ വിപുലീകരിച്ച രൂപമായ ഒട്ടേറെ പുസ്തകങ്ങളും നമുക്കിടയിലെ ഒരുപാട് വിഗ്രഹങ്ങളെ തകര്‍ത്തു. എന്നാല്‍, ഏറ്റവും അവസാനമായി താങ്കള്‍ എഴുതിയ രണ്ട് പുസ്തകങ്ങള്‍-ടൂ സെയിന്റ്സ്, പ്രിപ്പയറിങ് ഫോര്‍ ഡെത്ത്-ഇതില്‍നിന്നെല്ലാം വ്യത്യസ്തമാണ്. ആംഗ്രി ക്രുസേഡറുടെ മാനസാന്തരമാണോ ഇത്

മനുഷ്യന്റെ താത്പര്യങ്ങള്‍ മാറുന്നു, അത്രമാത്രം. മതത്തില്‍ ക്ലാവ് പിടിക്കുന്നതുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ ഞാന്‍ മുമ്പും എഴുതിയിട്ടുണ്ട്. 'മിഷണറീസ് ഓഫ് ഇന്ത്യ', 'ഹാര്‍വസ്റ്റിങ് അവര്‍ സോള്‍സ്', 'ദ വേള്‍ഡ് ഓഫ് ഫത്വാസ്' എന്നിവ അവയില്‍ ചിലതാണ്. പിന്നീട് ഞാന്‍
മതത്തിന്റെ മറ്റ് ഭാവങ്ങളിലേക്ക് ശ്രദ്ധയൂന്നുകയായിരുന്നു. 'Does he know a mother's heart' ജീവിതത്തിലെ സഹനങ്ങള്‍ക്ക് മതങ്ങള്‍ നല്‍കുന്ന വിശദീകരണങ്ങളെ ചോദ്യംചെയ്യുന്നതായിരുന്നു. അത് എന്നെ ബുദ്ധമതത്തില്‍ എത്തിച്ചു. ആ പുസ്തകത്തിന്റെയും ആലോചനകളുടെയും
സ്വാഭാവിക തുടര്‍ച്ചയാണ് 'ടൂ സെയിന്റ്സ്', 'പ്രിപ്പയറിങ് ഫോര്‍ ഡെത്ത്' എന്നീ പുസ്തകങ്ങള്‍. ഇതിനിടെ നമ്മുടെ കോടതികളെയും ജഡ്ജിമാരെയും കുറിച്ച് 'അനിത് ഗെറ്റ്സ് ബെയില്‍' പോലുള്ള പുസ്തകങ്ങളില്‍ ഞാന്‍ എഴുതിയിട്ടുണ്ട്.

മരിക്കാനുള്ള തയ്യാറെടുപ്പ്-അത്തരത്തിലുള്ള ഒരു ആശയത്തിലേക്ക് താങ്കള്‍ എത്തിയത് എങ്ങനെയാണ് ഇതില്‍ താങ്കളുടെ ആത്മാന്വേഷണത്തിന്റെ പ്രചോദനമുണ്ടോ

മരണം നമുക്ക് ചുറ്റുമുണ്ട്. അതുകൊണ്ട് അതിനെക്കുറിച്ച് ചിന്തിക്കാന്‍ ഒരു പ്രത്യേക ഉത്തേജനം ആവശ്യമില്ല. എന്റെ അവസാന മൂന്ന് പുസ്തകങ്ങളില്‍ ഇതായിരിക്കും നമ്മുടെ ആത്മീയ പാരമ്പര്യത്തിന് എറെ ഗുണംചെയ്യുക. 

ശ്രീരാമകൃഷ്ണപരമഹംസര്‍, ബുദ്ധന്‍, രമണമഹര്‍ഷി, മഹാത്മാഗാന്ധി, വിനോബ ഭാവെ എന്നിവരുടെ അവസാനനിമിഷങ്ങള്‍ താങ്കളുടെ പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നു. എന്തുകൊണ്ടാണ് ഈ അഞ്ചുപേരെ തിരഞ്ഞെടുത്തത്

ഇതില്‍ ആദ്യം പറഞ്ഞ നാലുപേര്‍ എന്നെ ഏറെ ആകര്‍ഷിച്ചവരാണ്. ഇവരെ ഞാന്‍ ഏറെ ബഹുമാനിക്കുകയും ചെയ്യുന്നു. ആചാര്യ വിനോബ ഭാവെയെ ഉള്‍പ്പെടുത്താന്‍ കാരണം മരണത്തെക്കുറിച്ച് അദ്ദേഹം ഏറെ എഴുതിയതുകൊണ്ടും മരണത്തിനായി നമ്മുടെ പാരമ്പര്യത്തിലുള്ള ഒരു പ്രത്യേകരീതി തിരഞ്ഞെടുത്തതുകൊണ്ടുമാണ്.

മരണത്തെക്കുറിച്ചുള്ള ഏറ്റവും ആഴത്തിലുള്ള ചിന്തകള്‍ ബുദ്ധതത്ത്വജ്ഞാനത്തിലാണ് എന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ

ഒരര്‍ഥത്തില്‍പ്പറഞ്ഞാല്‍ അതെ. ബുദ്ധ തത്ത്വജ്ഞാനത്തിലെന്നതിലുപരി ബുദ്ധമതാചരണത്തിലും ആത്മീയ പ്രഘോഷണങ്ങളിലുമാണ് അവയുള്ളത്. ബുദ്ധനെ സംബന്ധിച്ച് മനുഷ്യര്‍ എപ്പോഴും ചിന്തിക്കേണ്ടതും തയ്യാറായിരിക്കേണ്ടതുമായ കാര്യമാണ് മരണം. അതിനായിട്ടാണ് ബുദ്ധമതവിശ്വാസികള്‍ മനസ്സുകൊണ്ട് എപ്പോഴും യത്‌നപ്പെടുന്നത്. മരിക്കാന്‍ തയ്യാറെടുക്കുക എന്നാല്‍, മനസ്സിനെ നിയന്ത്രിക്കുക എന്നാണര്‍ഥം.

ദലൈലാമയുമായി ഏറെ അടുപ്പമുള്ളയാളാണ് താങ്കള്‍. ചൈനയെക്കുറിച്ച് ഗംഭീരമായ ഒരു പുസ്തകവും(SELF DECEPTION-INDIA'S CHAINA POLICIES)താങ്കള്‍ എഴുതിയിട്ടുണ്ട്. ഇപ്പോഴത്തെ ദലൈലാമയ്ക്കുശേഷം എന്തായിരിക്കും ടിബറ്റിന്റെ ഭാവി

ഏറെ അടുപ്പം എന്ന് പറയാമോ എന്നറിയില്ല. ഞാന്‍ ഏറെ ആദരിക്കുന്ന വ്യക്തിയാണ് ദലൈലാമ. കാണുമ്പോഴൊക്കെ എന്നോടും രോഗിയായ ഭാര്യ അനിതയോടും ഭിന്നശേഷിക്കാരനായ മകന്‍ അദിതിനോടും അദ്ദേഹം ഏറെ കാരുണ്യത്തോടെയാണ് പെരുമാറാറുള്ളത്. ദലൈലാമയ്ക്കുശേഷമുള്ള ടിബറ്റിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ രണ്ട് കാര്യങ്ങള്‍ കണക്കിലെടുക്കണം. ഒന്ന്, ചൈനയോട് വ്യാപാരബന്ധത്തിലേര്‍പ്പെടാനുള്ള ലോകത്തിന്റെ ആസക്തി. രണ്ട്, ചൈന ആ പ്രദേശത്ത് ചെയ്തുകൂട്ടുന്നതിനെ നമ്മള്‍ എങ്ങനെ കാണുന്നു എന്നത്.

രാമകൃഷണപരമഹംസരെപ്പോലുള്ള മനുഷ്യര്‍ ദൈവീകരാണ് എന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? പരിശീലനത്തിലൂടെ സൃഷ്ടിച്ചെടുക്കാവുന്നതാണോ ദൈവീകത

ദൈവീകത എന്നാല്‍, മനുഷ്യന്‍ ദൈവത്തിന്റെ അവതാരമായി മാറുക എന്നാണെങ്കില്‍ ഞാന്‍ ദൈവത്തിലോ അവതാരങ്ങളിലോ വിശ്വസിക്കുന്നില്ല. എന്നാല്‍, ദൈവികത എന്നാല്‍, നാം പഠിച്ച ദൈവഗുണങ്ങള്‍ ഏതെങ്കിലും വ്യക്തിയില്‍ ദര്‍ശിക്കുന്നതാണെങ്കില്‍ തീര്‍ച്ചയായും ശ്രീരാമകൃഷ്ണപരമഹംസരും രമണമഹര്‍ഷിയും ദൈവഗുണങ്ങളുള്ളവരാണ്. പുസ്തകത്തിലെത്തന്നെ ഒരു വാചകം പറയാം: ശ്രീരാമകൃഷ്ണന്റെയും രമണമഹര്‍ഷിയുടെയും മൂല്യം ഒരു രൂപയാണെന്ന് കരുതുക, അതിന്റെ പത്ത് പൈസയാവാനോ അഞ്ച് പൈസയാവാനോ നമുക്ക് സാധിച്ചാല്‍ വലിയ ഭാഗ്യം.

കഠിനമായ രോഗം ബാധിച്ച ഭാര്യയുടെയും സെറിബ്രല്‍ പാള്‍സി ബാധിച്ച മകന്റെയും നടുവിലിരുന്നാണ് താങ്കള്‍ ഇത്തരം പുസ്തകങ്ങള്‍ എഴുതുന്നത്. എങ്ങനെയാണ് ഇത് സാധിക്കുന്നത്

ഭാഗ്യത്തിന് ഞങ്ങള്‍ക്ക് സഹായികളുണ്ട്. പുസ്തകങ്ങള്‍ എഴുതുന്നതിലൂടെയാണ് പകലിന്റെ ആകുലതകളെയും ദുഃഖങ്ങളെയും ഞാന്‍ മറികടക്കുന്നത്.

ജീവിതത്തിന്റെ വലിയൊരു കാലം താങ്കള്‍ചെയ്ത ജോലിയാണ് അന്വേഷണാത്മക പത്രപ്രവര്‍ത്തനം. ആ ശാഖയുടെ ഇന്നത്തെ അവസ്ഥ എന്താണ്

നല്ല അന്വേഷണങ്ങളും വിശകലനങ്ങളും ഉണ്ടാവുന്നുണ്ട്. പക്ഷേ, മുഖ്യധാരാമാധ്യമങ്ങളില്‍ ഗവേഷണവും അന്വേഷണവും എപ്പോഴേ പാര്‍ശ്വവത്കരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. പരിതാപകരമാണ് ഈ അവസ്ഥ. ഭരണകര്‍ത്താക്കളുടെ പൊങ്ങച്ചങ്ങളെ കുത്തിപ്പൊട്ടിക്കാന്‍ ഏറ്റവും നല്ലവഴി അവര്‍ വസ്തുതകളോട് കൂറുപുലര്‍ത്തുന്നുവോ എന്ന് തുറന്നുകാട്ടലാണ്. ഇത്തരം കാര്യങ്ങളെ ഉത്ഖനനം ചെയ്ത് വിശകലനം ചെയ്യുകയാണ് മാധ്യമപ്രവര്‍ത്തകരുടെ കടമ.

deathഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇന്ത്യയിലെ പ്രതിപക്ഷത്തെ താങ്കള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്

ഇന്നത്തെ യഥാര്‍ഥപ്രശ്‌നം ഈ സര്‍ക്കാരിന്റെ സ്വഭാവമല്ല, പ്രതിപക്ഷത്തിന്റെ അവസ്ഥയാണ്. ആസന്നമരണരായിട്ടും അവര്‍ എന്താണ് സ്വയം നവീകരിക്കാത്തത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. മോദി അവരെ അടിച്ച് നേരെയാക്കാന്‍ ശ്രമിക്കുന്നുണ്ട്, എന്നാല്‍, അവരത് തിരിച്ചറിയുന്നുണ്ടോ എന്ന കാര്യം സംശയമാണ്.

മരണത്തെ താങ്കള്‍ വ്യക്തിപരമായി എങ്ങനെയാണ് നിരീക്ഷിക്കുന്നത്

തീര്‍ച്ചയായും കടന്നുവരുന്ന ഒന്നുതന്നെയാണ് മരണം. അതിനെ സ്വീകരിക്കാന്‍ തയ്യാറായിരിക്കുക എന്നത് ഏറേ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് കഴിയുന്നതും നേരത്തേ തുടങ്ങുക, പരിശ്രമിച്ചുകൊണ്ടേയിരിക്കുക. അത്രയേ ഉള്ളൂ. ഞാനും അതിനാണ് ശ്രമിക്കുന്നത്.

അരുൺ ഷൂറിയുടെ പുസ്തകം വാങ്ങാം

Content Highlights: Arun Shourie Malayalam interview