ടലോരഗ്രാമത്തിന്റെ ശാന്തതയില്‍ വളര്‍ന്ന കുട്ടി എഴുത്തുകാരനാവാന്‍ മോഹിച്ചു. പാഠപുസ്തകങ്ങള്‍ ഉപേക്ഷിച്ച് വായനയുടെയും എഴുത്തിന്റെയും വിശാലലോകം തേടിപ്പോയി. 'പത്താം ക്ലാസ് മാത്രം പഠിച്ച നിനക്ക് എന്താവാന്‍ കഴിയും', ബന്ധുക്കള്‍ പരിഹസിച്ചു. മുറിവുകള്‍ തളര്‍ത്തിയില്ല. അത്ര ശക്തമായിരുന്നു ലക്ഷ്യബോധം. 22-ാം വയസ്സില്‍ വീട് വിട്ടിറങ്ങി ഇന്ത്യ മുഴുവന്‍ അലഞ്ഞു. ആ യാത്രകള്‍ക്കിടയില്‍, 26-ാം വയസ്സില്‍ ആദ്യ നോവല്‍ 'വിക്സ് മാംഗോ ട്രീ'എഴുതി. 

തിരസ്‌കാരങ്ങളുടെ കയ്പ്പുനീര് കുടിച്ച കാലമായിരുന്നു പിന്നീട്. 'ഇനി ഒരിക്കലും എഴുതില്ല', പലവട്ടം തീരുമാനിച്ചു. ഓരോ തവണയും 'സാഹസികനായ സിന്‍ബാദിനെപ്പോലെ' അനീസ് എഴുത്തിലേക്ക് തിരികെവന്നു. ആദ്യ നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനീസ് സലിമിന് 12 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. അനീസിന്റെ നോവല്‍ 'വാനിറ്റി ബാഗ്' ഷോലാപൂര്‍ യൂണിവേഴ്സിറ്റിയില്‍ എംഎയ്ക്കുള്ള പാഠപുസ്തകമാണിന്ന്. അഞ്ച് നോവലുകളും അന്താരാഷ്ട്ര പ്രസാധകര്‍ പ്രസിദ്ധീകരിച്ചു. അഞ്ചിനും പുരസ്‌കാരങ്ങള്‍ കിട്ടി.

നോവലിസ്റ്റ് എന്ന പ്രശസ്തിയുടെ കൂടെ, പ്രകൃതത്തിലുള്ള അന്തര്‍മുഖത്വം നിങ്ങളുടെ എഴുത്തിന് ഒരു നിഗൂഢസൗന്ദര്യം പകരുന്നുണ്ട്. അത് ഒരു മറ പോലെ മനഃപൂര്‍വം സൃഷ്ടിച്ചതോ?

എനിക്ക് തോന്നുന്നത്, എന്റേതായ നിരീക്ഷണങ്ങളും എന്റേതായ ഭാഷയുമൊക്കെ ഉണ്ടാകുന്നത് ഈ അന്തര്‍മുഖത്വം കൊണ്ടായിരിക്കുമെന്നാണ്. എന്റെ നാട് വര്‍ക്കല അന്ന് ആരുമറിയാത്ത ഒരു ചെറിയ ടൗണാണ്. ഒരു റെയില്‍വേ സ്റ്റേഷനുണ്ട്. ഒരു ബീച്ചുണ്ട്. പിന്നെ ശിവഗിരി മഠം. ഒരു മുപ്പത് കൊല്ലം മുന്‍പത്തെ കാര്യമാണ്. പഠിക്കാനൊന്നും വലിയ മിടുക്കില്ല. പത്താം ക്ലാസ് വിദ്യാഭ്യാസമേയുള്ളു. വീട്ടില്‍ നാലുമക്കളില്‍ ഏറ്റവും ഇളയ ആളാണ് ഞാന്‍. എനിക്ക് ഫ്രണ്ട്സിനെ ഉണ്ടാക്കാനുള്ള കഴിവൊന്നുമില്ല. അങ്ങനെ വായനയിലോട്ട് വരുകയായിരുന്നു. 

അന്ന് വര്‍ക്കലയില്‍ എനിക്ക് അറിയാവുന്ന സ്ഥലം വീട് കഴിഞ്ഞാല്‍ റെയില്‍വേസ്റ്റേഷനാണ്. വര്‍ക്കലയുടെ ഹാര്‍ട്ട് പോലെ ഒരു ചെറിയ മൈതാനമുണ്ട്. രാത്രി ഞാനവിടെപോയിരിക്കും. പകല്‍ പോവില്ല. ഞാനെന്നൊരു വ്യക്തി അന്നാട്ടിലുെണ്ടന്ന് ആര്‍ക്കുമറിയില്ല. ചിലപ്പോള്‍ ഇരുട്ടുള്ള വഴികളിലൂടെ നടക്കും; അങ്ങനെയായിരുന്നു. 

രണ്ട് ചേച്ചിമാരും ഒരു ചേട്ടനുമാണ് എനിക്ക്. വീട്ടിലെ പെണ്‍കുട്ടികള്‍ നല്ലവണ്ണം പഠിക്കുന്നവരായിരുന്നു. എനിക്ക് ചില വിഷയത്തില്‍ മാര്‍ക്കുണ്ടാവും ചിലതില്‍ കുറവും. മാത്സ് ഒന്നും ഡബിള്‍ ഡിജിറ്റ് ഒരിക്കലും തൊട്ടിട്ടില്ല! എട്ട്...ഒന്‍പത്...മലയാളം മീഡിയം സ്‌കൂളിലാണ് ഞാന്‍ പോയിരുന്നത്. അതൊരദ്ഭുതമായിരുന്നു. കാരണം, പിതാവ് നല്ലോണം ഇംഗ്ലീഷ് സംസാരിക്കുകയും കുറേയൊക്കെ എഴുതാനും ശ്രമിച്ചിട്ടുള്ള ആളായിരുന്നു. 

പിതാവിനോട്​ അടുപ്പമില്ലായിരുന്നു എന്ന് പറഞ്ഞുകേട്ടു...

ഏറ്റവും ഇളയ കുട്ടിയായതിനാലാണോ, എന്താണെന്നറിയില്ല, ഞാനും പിതാവ് സലീമും തമ്മില്‍ ചെറിയൊരു അകല്‍ച്ചയുണ്ടായിരുന്നു. എന്റെ സ്വഭാവംകൊണ്ടുമാവാം. ഞങ്ങള്‍ സംസാരിക്കാറേ ഉണ്ടായിരുന്നില്ല. പുള്ളി പതിനാറാമത്തെ വയസ്സില്‍ പട്ടാളത്തില്‍ ചേരാന്‍ പോയി. അവിടന്ന് സിംഗപ്പൂരും മലേഷ്യയിലും ജോലി ചെയ്തു. വര്‍ഷത്തില്‍ ഒരുമാസമാണ് നാട്ടിലുണ്ടാവുക. എന്നേപ്പോലെത്തന്നെ ഡിഗ്രിയൊന്നും ഇല്ലായിരുന്നെങ്കിലും പിതാവും വായനയിലൂടെ വിദ്യ നേടി. പക്ഷേ, ഞാനൊരു എഴുത്തുകാരനാവുമെന്നൊന്നും പുള്ളി ഒരിക്കലും ചിന്തിച്ചിരിക്കില്ല. പുള്ളിയുടെ മരണശേഷമാണ് എന്റെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത്. എഴുതുമെന്ന് ചെറുതായിട്ട് അറിയാമായിരുന്നു.

പിതാവിന്റെ മേശവലിപ്പിലെ കത്തുകളിലൂടെയാണ് അദ്ദേഹത്തെക്കുറിച്ച് കൂടുതലറിയുന്നത്. പുള്ളിക്ക് വൈക്കം മുഹമ്മദ് ബഷീറുമായിട്ടൊക്കെ നല്ല ബന്ധമായിരുന്നു. തമ്മില്‍ കത്തെഴുത്തുണ്ടായിരുന്നു. എഴുത്തുകാരന്‍ ഹമീദ് വലപ്പാടിന്റെ ചെറുകഥ പിതാവ് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു. ബഷീറിന്റെ കഥയും വിവര്‍ത്തനം ചെയ്തെന്ന് കേട്ടിട്ടുണ്ട്. ട്യൂട്ടോറിയലിലൊക്കെ പോയി ഇംഗ്ലീഷ് പഠിപ്പിക്കുമായിരുന്നു. 

എന്തുകൊണ്ടാണ് ഔപചാരികവിദ്യാഭ്യാസം തുടരാഞ്ഞത്? 

എനിക്ക് പരീക്ഷയെ ഭയങ്കര പേടിയായിരുന്നു. അത് പഠിക്കാത്തതുകൊണ്ടായിരിക്കാം. എസ്.എസ്.എല്‍.സി. പരീക്ഷയുടെ തലേന്ന്. മലയാളം പരീക്ഷയാണ് പിറ്റേന്ന്. എനിക്ക് പാഠപുസ്തകത്തിലേക്ക് നോക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. രാത്രി ഞാന്‍ എം.ടി.യുടെ തിരക്കഥാസമാഹാരം, നിര്‍മാല്യമൊക്കെയുള്ളത്, വായിച്ചുകൊണ്ടിരുന്നത് നല്ല ഓര്‍മയുണ്ട്. ആരും കാണാതിരിക്കാന്‍വേണ്ടി പാഠപുസ്തകത്തിന്റെയകത്ത് വെച്ചാണ് വായിച്ചത്. 

രണ്ട് എക്സാം കഴിഞ്ഞപ്പോള്‍ ഇനി പരീക്ഷ എഴുതുന്നില്ല എന്നൊരു തീരുമാനമെടുത്തു. വീട്ടില്‍ ഭയങ്കര പ്രശ്നമായി. അങ്ങനെ പരീക്ഷ എഴുതി കഷ്ടിച്ച് പാസായി. പ്രീഡിഗ്രിക്ക് കോളേജില്‍ ചേര്‍ന്ന് ഏതാണ്ട് ഒരുവര്‍ഷത്തോളമേ പോയുള്ളു. കോളേജില്‍ ആകെ എനിക്കുണ്ടായ സുഹൃത്താണ് സന്ദീപ്. സന്ദീപ് ഇന്നും എന്റെ സുഹൃത്താണ്. 'ബ്ലൈന്‍ഡ് ലേഡീസ് ഡിസന്റന്‍സ്' എന്ന എന്റെ നോവലില്‍ അവനെ ഞാനൊരു കഥാപാത്രമാക്കി ഉപയോഗിച്ചിട്ടുണ്ട്. 

അന്നെനിക്കൊരു ആഗ്രഹമുണ്ടായിരുന്നു. ഇംഗ്ലീഷില്‍ എങ്ങനെയെങ്കിലും ഒരു ബുക്ക് വായിച്ചെടുക്കുക എന്ന്. വീട്ടില്‍ വലിയൊരു ലൈബ്രറിയുണ്ട്. ജോര്‍ജ് ഓര്‍വെലും ഗുന്തര്‍ ഗ്രാസും ഡി.എച്ച്. ലോറന്‍സുമൊക്കെയാണ് അന്ന് വായിച്ചത്. സംശയമുള്ള വാക്കുകളുടെ അര്‍ഥം ഡിക്ഷ്ണറിയില്‍ നോക്കി വായിക്കും. എന്തുകൊണ്ട് എനിക്ക് എഴുതിക്കൂടാ എന്നായി അടുത്ത ചിന്ത. എഴുത്തുകാരനാവുക എന്നതായി ലക്ഷ്യം. 

വീട്ടുകാര്‍ക്ക് അതെല്ലാം ഉള്‍ക്കൊള്ളാനായോ? 

വീട്ടുകാര്‍ ഭയങ്കര വറീഡായിരുന്നു. പഠിത്തം നിര്‍ത്തി. മുറിയടച്ചിരുന്ന് വായിക്കുന്നു. പിതാവുമായിട്ട് കമ്യൂണിക്കേഷന്‍ ഗ്യാപ്പ്. ഞാനൊരു റിബലായിപ്പോയി എന്ന് പിതാവ് ചിന്തിച്ചു. എനിക്ക് ബന്ധുക്കളോടൊന്നും അടുപ്പമില്ലായിരുന്നു. പലരും എന്നെ ഭയങ്കരമായി കളിയാക്കുമായിരുന്നു. വീട്ടില്‍ വെറുതേയിരുന്ന് നീ പിന്നെ എന്ത് ചെയ്യുന്നു എന്നൊക്കെ. അപ്പോഴും ഉമ്മയും സഹോദരിമാരും എന്നെ കെയര്‍ ചെയ്തു. ഒരു ഫ്യൂച്ചര്‍ ഉണ്ടാവണമല്ലോ. എഴുതി എന്തെങ്കിലും ആവും എന്നൊരു തോന്നലുണ്ടായിരുന്നു ഉള്ളില്‍. 

ഞാനിരുന്നെഴുതും. പക്ഷേ, എഴുതിയതൊന്നും വായിച്ച് ഷെയിപ്പ് ചെയ്യാനാരുമില്ല. എഴുത്ത് ആരെയും കാണിക്കില്ല. ഒരിക്കല്‍ ഒരു ചെറുകഥ എഴുതി ഇല്ലസ്ട്രേറ്റഡ് വീക്ലിക്കയച്ചു. ഭയങ്കര കോണ്‍ഫിഡന്‍സാണ് അന്ന്! 'എഡിറ്റര്‍ പ്രതീഷ് നന്ദി എന്റെ ചെറുകഥ വായിക്കും. ഇങ്ങനെയൊക്കെ എഴുതുന്ന ആള്‍ക്കാരുണ്ടോ എന്ന് അദ്ഭുതപ്പെടും. ഉടനെ അത് പബ്ലിഷ് ചെയ്യും.' അതാണ് ചിന്ത. എന്നും ഷോപ്പില്‍ പോയി ഇല്ലസ്ട്രേറ്റഡ് വീക്ലി വാങ്ങില്ല; മറിച്ചുനോക്കും. കുറേ ദിവസം കഴിഞ്ഞപ്പോള്‍ ഒരു പ്രിന്റഡ് കത്ത് വന്നു. അയച്ചുകൊടുത്ത കൈയെഴുത്ത് പ്രതിയും ഒപ്പമുണ്ട്. ആ സംഭവം എന്നെ തകര്‍ത്തു. എനിക്ക് ചെറുകഥ എഴുതാന്‍ സാധിക്കില്ല എന്ന് ഉറപ്പിച്ചു. 

പുസ്തകം എഴുതാനായിരുന്നു അടുത്ത ശ്രമം. ലൈബ്രറിയില്‍നിന്ന് പുസ്തകമെടുക്കുമ്പോള്‍ ഇന്ത്യന്‍ റൈറ്റേഴ്സ് ഇന്‍ ഇംഗ്ലീഷ് കാണാറുണ്ട്. പക്ഷേ, അതൊന്നും പോര എന്നാണ് അക്കാലത്ത് എന്റെ ചിന്ത. വി.എസ്. നയ്പാളിന്റെ ബുക്കൊക്കെ കാണും. അതിലെ കഥാപാത്രത്തിന്റെ പേര് കമല എന്നാണ്. അപ്പോള്‍ത്തന്നെ മതിപ്പ് ഇല്ലാതായി. പിന്നെ എപ്പോഴോ നയ്പാളിന്റെ 'മിഗ്വല്‍ സ്ട്രീറ്റ്' വായിച്ചു. ദിസ് ഈസ് ദ പേഴ്സണ്‍, ഞാനുറപ്പിച്ചു. ഞാന്‍ ലൈബ്രറികളുടെ ഒരു ഫാനാണ്. കൊല്ലത്തുള്ള ലൈബ്രറിയിലും പോവും. അക്കാലത്ത് വര്‍ക്കലയില്‍നിന്നും കൊല്ലത്തേക്കും തിരുവനന്തപുരത്തേക്കും ട്രെയിനില്‍ പോയിക്കൊണ്ടിരുന്നു ഞാന്‍; പുസ്തകങ്ങള്‍ തേടി. ചെലവിനുള്ള കാശ് ഉമ്മ തന്നു. 

griha
പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

ഹൈദരാബാദില്‍ എങ്ങനെ ജീവിച്ചു? 

യാത്ര ചെയ്യണമെന്ന് തോന്നി. എന്റെ പേരില്‍ കുറച്ച് ഓഹരികളുണ്ടായിരുന്നു. അത് വിറ്റ് ആ കാശുമായി ഹൈദരാബാദിലേക്ക് പോയി. കള്ളുകുടിയില്ല. പക്ഷേ, സിഗരറ്റ് വലി പത്താം ക്ലാസ് തൊട്ടേയുണ്ട്. എന്റെ കസിനാണ് സിഗരറ്റ് വലിക്കാന്‍ പഠിപ്പിച്ചത്. പുള്ളി പിറ്റേന്ന് നിര്‍ത്തി. ഞാന്‍ തുടര്‍ന്നു. എന്റെ ഒരു ഫ്രണ്ട് ഹൈദരാബാദില്‍ ന്യൂസ്പേപ്പറില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. പക്ഷേ, പിന്നെ  ഞാനൊറ്റയ്ക്കായിരുന്നു. കാശിന് പല ജോലികളും ചെയ്തു. പല നാടുകളിലേക്കും യാത്ര ചെയ്തു. അങ്ങനെയാണ് ദാരിദ്ര്യമെന്തെന്ന് അറിയുന്നത്. ആദ്യ പുസ്തകം വിക്സ് മാങ്ഗോട്രീയുടെ കുറേ ഭാഗങ്ങള്‍ അവിടെയിരുന്ന് എഴുതി. 

അന്ന് മൊബൈല്‍ ഫോണൊന്നുമില്ല. ബൂത്തില്‍ ധാരാളം മലയാളികള്‍ ഫോണ്‍ ചെയ്യാന്‍ വരും. എന്നെ കണ്ടാല്‍ അന്നൊരു മലയാളി ലുക്കില്ല. അവര്‍ എന്റെ മുന്നിലിരുന്ന് വീട്ടിലേക്ക് ഓപ്പണായി വിളിച്ച് സംസാരിക്കും. ഒരിക്കല്‍ ഈ ബൂത്തില്‍നിന്നും വീട്ടിലേക്ക് വിളിച്ചപ്പോഴാണ് ഉമ്മ പറയുന്നത്,'വൈക്കം മുഹമ്മദ് ബഷീര്‍ മരിച്ചുപോയി' എന്ന്! ഉമ്മാക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. മകന്‍ നാട് തെണ്ടി നടക്കുന്നു; ഒരു വിവരവുമില്ല. എന്തെങ്കിലും പൈസ വേണമെങ്കില്‍ വീട്ട്ന്ന് തന്നെ തരാം. നീ വന്ന് വീട്ടിത്തന്നെ നിക്ക്; ഉമ്മ പറയും. അഞ്ചാറ് മാസങ്ങള്‍ കഴിഞ്ഞ് ഞാന്‍ തിരികെ വീട്ടിലെത്തി. ഭക്ഷണമൊന്നും കഴിക്കാതിരിന്നതുകൊണ്ട് നന്നേ മെലിഞ്ഞ് ഒരു കോലമായിരുന്നു. കോപ്പിറൈറ്റേഴ്സിനെ ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യം കണ്ടു. ആ ജോലി കിട്ടി. രണ്ടുമാസം കഴിഞ്ഞപ്പോള്‍ ബഹുരാഷ്ട്ര പരസ്യ ഏജന്‍സിയായ 'ഉല്‍ക്ക' യിലേക്ക് വന്നു. 

എങ്ങനെയാണ് നോവല്‍ പ്രസിദ്ധീകരിക്കുന്നത്? 

നോര്‍ത്ത് റെയില്‍വെസ്റ്റേഷന് മുന്നില്‍ മാസ് ഹോട്ടല്‍ ഉണ്ട്. ഇപ്പോഴത് ഇടിച്ചുകളഞ്ഞു. ഹോട്ടലിന്റെ ഏറ്റവും മുകളില്‍ ആരും എടുക്കാത്ത ഒരു മുറിയുണ്ട്. പായലൊക്കെ പിടിച്ചത്. വിക്സ് മാംഗോ ട്രീ അവിടെവെച്ച് പൂര്‍ത്തിയാക്കി. മാനുസ്‌ക്രിപ്റ്റ് ആര്‍ക്കൊക്കെയോ അയച്ചു. എല്ലാവരും തിരിച്ചയച്ചുകൊേണ്ടയിരുന്നു. എന്റെ പശ്ചാത്തലം കേട്ടാല്‍ത്തന്നെ ആര്‍ക്കും വായിക്കാന്‍ തോന്നില്ല! ഓക്സ്ഫഡില്‍ പഠിച്ചവരോ ദേശീയ തലത്തിലുള്ള പത്രപ്രവര്‍ത്തകരോ ആണ് അന്ന് ഇന്ത്യന്‍ ഇംഗ്ലീഷ് റൈറ്റേഴ്സ്. 

ഞാന്‍ രണ്ടാമത്തെ ബുക്ക്, 'ദി ബ്ലൈന്‍ഡ് ലേഡീസ് ഡിസന്റന്‍സ്' എഴുതി. ഗൂഗിളില്‍ അഡ്രസ്സ് അന്വേഷിച്ച് കണ്ടെത്തി ലോകത്തുള്ള എല്ലാ പ്രസിദ്ധീകരണക്കാര്‍ക്കും ഞാന്‍ കോപ്പി അയയ്ക്കും. പലരും റെസ്പോണ്ട് ചെയ്യില്ല. രാവിലെ അയച്ചാല്‍ ഓരോ പതിനഞ്ച് മിനിറ്റ് കൂടുമ്പോഴും ഞാന്‍ മെയില്‍ ചെക്ക് ചെയ്യും. 'ദി ബ്ലൈന്‍ഡ് ലേഡീസ് ഡിസന്റന്‍സ്' റിജക്റ്റ് ചെയ്തപ്പോള്‍ ഞാന്‍ വിചാരിച്ചു ഇനി എഴുതുന്നില്ല എന്ന്. കുറച്ച് ദിവസം കഴിഞ്ഞപ്പോഴേക്കും എഴുതാന്‍ തുടങ്ങി. ഞാനിനി സാഹസത്തിനില്ല എന്ന് ഓരോ പ്രാവശ്യവും പ്രഖ്യാപിക്കുന്ന സിന്‍ബാദിന്റെ കഥ പോലെ. 

മൂന്നാമത്തെ നോവല്‍, 'ടെയില്‍സ് ഫ്രം എ വെന്‍ഡിങ് മെഷീന്‍' പെണ്‍കുട്ടിയുടെ പേരില്‍ മെയില്‍ ഐഡി ഉണ്ടാക്കി ആ ബുക്ക് ലിറ്റററി ഏജന്റ് കനിഷ്‌ക ഗുപ്തയ്ക്ക് അയച്ചുകൊടുത്തു. പുള്ളി അരമണിക്കൂറിനകം പ്രതികരിച്ചു. 'ഞാനീ ബുക്ക് വിറ്റുതരാം'. ഹാര്‍പ്പര്‍ കോളിന്‍സ് ഡീല്‍ ഓഫര്‍ ചെയ്തു. വേറെ എഴുതിയിട്ടുേണ്ടാ?, കനിഷ്‌ക ഗുപ്ത ചോദിച്ചു. മൂന്ന് ബുക്ക് റെഡിയായിട്ടുണ്ട്. പ്രസിദ്ധീകരണം സംബന്ധിച്ചുള്ള വര്‍ക്കുകള്‍ നീണ്ടു. പ്രിന്റ് ചെയ്ത് കാണാനുള്ള ആ കാത്തിരിപ്പിന്റെ വേദന വലുതാണ്. അത് മറികടക്കാന്‍ എഴുതിത്തുടങ്ങിയിരുന്ന 'വാനിറ്റി ബാഗ്' പൂര്‍ത്തിയാക്കി. 

അറിയപ്പെട്ടപ്പോള്‍ അനുഭവങ്ങള്‍ എങ്ങനെയായിരുന്നു?  

ഹിന്ദു ലിറ്റററി പ്രൈസ് കിട്ടിയപ്പോള്‍ പെട്ടെന്ന് ആള്‍ക്കാര്‍ എന്നെ ശ്രദ്ധിച്ചു. കാരണം അത് കിട്ടിയവരെല്ലാം മനു ജോസഫിനെപ്പോലെയുള്ള പ്രമുഖരായിരുന്നു. ബ്ലൈന്‍ഡ് ലേഡിക്ക് ക്രോസ് വേര്‍ഡ് അവാര്‍ഡ് ആദ്യം കിട്ടി. എല്ലാവരും ചോദിച്ചത് ബുക് ലോഞ്ച് എങ്ങനെ വേണം എന്ന്. എഴുത്തുകാര്‍ ആദ്യം ചോദിക്കുന്നത്, ലോഞ്ചിങ് എവിടെവെച്ചായിരിക്കും; മീഡിയ ആരൊക്കെ ഉണ്ടാവും എന്നീ കാര്യങ്ങളാണെന്ന് പ്രസാധകര്‍ പറഞ്ഞു. ബുക്ക് ലോഞ്ചില്‍ ഒന്നും വിശ്വസിക്കാത്തതുകൊണ്ട് ബുക്ക് ലോഞ്ച് വേണ്ടന്ന് ഞാന്‍ പറഞ്ഞു. ബുക്ക് സൈന്‍ ചെയ്ത് കൊടുക്കാനാവുമോ എന്ന് ചോദിച്ചു. ഞാനതും വേണ്ടന്ന് വെച്ചു.

പ്രശസ്തി നിങ്ങളെ തീരെ മാറ്റിയില്ലെന്നാണോ? 

ഇപ്പോഴുള്ളത്, ഓഫീസ്, ഫാമിലി. ഇടയ്ക്ക് കുടുംബമൊത്ത് യാത്ര പോവും. അതല്ലാതെയുള്ള സോഷ്യല്‍ ലൈഫില്ല. ഫാമിലി വന്നപ്പോള്‍ ഉത്തരവാദിത്വങ്ങള്‍ മാറി. അങ്ങനെ ചില മാറ്റങ്ങളുണ്ടായി. ഉള്ളില്‍ ഞാന്‍ ഞാന്‍ തന്നെ. വൈഫിന്റെ പേര് ഷെമീന. ഞങ്ങള്‍ക്ക് രണ്ട് മക്കളാണ്. മൂത്ത മകന്‍ അമര്‍ ഡിഗ്രി ഒന്നാം വര്‍ഷത്തിന് പഠിക്കുന്നു. ഇളയ മോള്‍ അദ കുറച്ച് വൈകിയാണ് ജനിച്ചത്. യു.കെ.ജി ആയിട്ടേ ഉള്ളു. മകന്‍ സാഹിത്യത്തില്‍ താത്പര്യമുള്ളയാളാണ്. നമ്മുടെ വാപ്പ എങ്ങനെയായിരുന്നുവോ, സ്വന്തം മക്കള്‍ക്ക് അങ്ങനെയുള്ള ഒരു വാപ്പയാകാനാണ് എല്ലാവരും ശ്രമിക്കുക. ഞാന്‍ വാപ്പയെപ്പോലെ ആവാതിരിക്കാനാണ് ശ്രമിച്ചത്. ഐ കീപ്പ് മൈ സണ്‍ വെരി ക്ലോസ്. ഉമ്മ ആരിഫയാണ് എനിക്കേറ്റവും അടുത്തയാള്‍. ഉമ്മയ്ക്ക് ഇപ്പോള്‍ വയസ്സ് എഴുപത്തഞ്ചായി. ഓര്‍മക്കുറവുണ്ട്. 

എഴുതാന്‍ പ്രത്യേക മൂഡ് വേണമെന്നുണ്ടോ?

ഇപ്പോള്‍ ചരിത്ര പശ്ചാത്തലത്തിലുള്ള പുതിയൊരു നോവലിന്റെ എഴുത്ത് തുടങ്ങി. എഴുത്ത് നടക്കില്ല പലപ്പോഴും; എന്തുകൊണ്ടോ... റൈറ്റേഴ്സ് ബ്ലോക്ക് ഒന്നുമല്ല. എഴുതാനുള്ള മൂഡ് എപ്പോഴുമുണ്ട്. എഴുതുന്നത് ഞാനാരേയും കാണിക്കാറില്ല. ഏജന്റിനെപ്പോലും ഞാന്‍ അവസാനമേ കാണിക്കാറുള്ളു. ലാസ്റ്റ് ബുക്ക് സ്മോള്‍ ടൗണ്‍ സീ, അസുഖബാധിതനായ ഒരു എഴുത്തുകാരന്‍ സിറ്റിയില്‍നിന്ന് സ്വന്തം കടലോരഗ്രാമത്തിലേക്ക് മടങ്ങി വരുന്നതാണ്. അയാളില്‍ എന്നെത്തന്നെ കാണുന്നവരുണ്ട്. ബ്ലൈന്‍ഡ് ലേഡീസ് ഡിസന്റന്‍സില്‍ ഉമ്മയുടെ ഉമ്മയാണത്. കണ്ണുകാണാന്‍ വയ്യാത്ത ഉമ്മാമ. ബന്ധുക്കള്‍ ആരൊക്കെ ഞാനെഴുതുന്നത് വായിക്കുന്നുെണ്ടന്നറിയില്ല. അവരാരും ബുക്കിനെക്കുറിച്ച് നല്ലതൊന്നും ഇതുവരെ പറഞ്ഞിട്ടില്ല. 

മില്‍മയ്ക്ക് വേണ്ടി നിങ്ങള്‍ എഴുതിയ ആ പരസ്യവാചകം; 'മില്‍മ കേരളം കണികണ്ടുണരുന്ന നന്‍മ' പ്രശസ്തമായി. ജോലി സമ്മര്‍ദമുള്ളതാണോ?

രണ്ടും എഴുത്താണെങ്കിലും വലിയ വ്യത്യാസമുണ്ട്. അഡ്വര്‍ടൈസിങ് സ്മാര്‍ട്ടാണ്. പരസ്യത്തിനെഴുതുന്നത് കണ്‍സ്യൂമേഴ്സിന്റെ മനസ്സറിഞ്ഞുള്ള എഴുത്താണ്. നോവലില്‍ ഞാന്‍ എന്നെത്തന്നെ പ്രകാശിപ്പിക്കുന്നു. എനിക്ക് രാവിലെ എഴുതാനാണ് ഇഷ്ടം. നാല് മണിക്കൊക്കെ ഇരുന്ന് എഴുതാറുണ്ട്. 

''ഇമ്രാന്റെ വാഹനം അവരില്‍നിന്ന് അകന്നുപോകുകയാണ്. പൊട്ടിച്ചിരിയില്‍നിന്ന് നിശ്ശബ്ദതയിലേക്ക്. ബഹളത്തില്‍നിന്ന് മൗനത്തിലേക്ക്. ആള്‍ക്കൂട്ടത്തില്‍നിന്ന് ഏകാന്തതയിലേക്ക്. അകലേയ്ക്ക്. കൂടുതല്‍ കൂടുതല്‍ അകലേയ്ക്ക്... 'വാനിറ്റി ബാഗ് ' എന്ന നോവല്‍ അവസാനിക്കുന്നതങ്ങനെയാണ്. ഏകാകിത്വം ജീവിതത്തിലും കഥയിലും പടര്‍ന്നുകിടക്കുന്നത് കാണുന്നു. 

ആള്‍ക്കൂട്ടത്തിന്നിടയിലേക്ക് പോവാന്‍ ഇഷ്ടമില്ലാത്ത ആളാണ് ഞാന്‍. ഇല്ല, എനിക്കാരേയും അറിയില്ല. പരിചയങ്ങള്‍ മെയിലിലൂടെ മാത്രം. ജോലി. വീട്. എഴുത്ത്... എനിക്ക് ഞാനല്ലാതാവാന്‍ കഴിയില്ല. പെട്ടെന്ന് മറ്റൊരാളായി മാറിപ്പോവാനും ഇഷ്ടമല്ല. 

എഴുതിത്തീരാറാവുമ്പോള്‍ യാത്ര പോകാറുണ്ടോ?

ബുക്കിന്റെ ഡ്രാഫ്റ്റ് ആയി കഴിഞ്ഞിട്ട് ആദ്യം തൊട്ട് അവസാനം വരെ ഒറ്റയടിക്കൊന്ന് വായിക്കും. ദീര്‍ഘനേരം ലാപ്പില്‍ ഇരിക്കണം. ഫോണോ ഇടപെടലുകളോ ഇല്ലാതെ പണിയെടുക്കാനാണ് വിദേശങ്ങളില്‍ പോവുന്നത്. സ്ഥലം കാണാനല്ല. ഹോട്ടല്‍ റൂമില്‍ത്തന്നെയിരിക്കും. സ്മോള്‍ ടൗണ്‍ സീ യുടെ മിനുക്കുപണികള്‍ക്കായി ഗ്രീസിലേക്കാണ് പോയത്. ഏതന്‍സില്‍ താമസിച്ചു. അടുത്തുള്ള പാര്‍ക്കില്‍ കുറച്ചുനേരം പോയിരിക്കും. വലിയ പാര്‍ക്കാണത്. കാട്. ചെറുവഴികള്‍. കുറേ നടന്നാല്‍ വഴി തെറ്റും. 

'സ്മോള്‍ ടൗണ്‍ സീ' സിനിമയാക്കുന്നു...

'സ്മോള്‍ടൗണ്‍സീ' വായിച്ചിട്ട് ഒരിക്കല്‍ ശ്യാമപ്രസാദ് വിളിച്ചു. അവിടുന്നും കുറച്ച് കഴിഞ്ഞാണ് ശ്യാമപ്രസാദ് സിനിമയാക്കണമെന്ന് പറഞ്ഞ് വിളിച്ചത്. പുള്ളിതന്നെയാണ് തിരക്കഥ എഴുതുന്നത്. 

ഓര്‍മകള്‍ ശക്തമായി സൂക്ഷിക്കുന്ന ആളാണോ

ഞാന്‍ സ്‌കൂളില്‍ പോയ വഴികള്‍ പെട്ടെന്നൊരു ദിവസം ഓര്‍മ വന്നു. മൂന്ന് കിലോമീറ്റര്‍ കാണും. ഉച്ചയ്ക്ക് ഊണിന് ബെല്ലടിച്ചാല്‍, ഊണുകഴിക്കാനെന്ന പേരില്‍ ഞാനുമ്മയെ കാണാന്‍ വീട്ടിലേക്കോടും. അത്രയും നേരം സ്‌കൂളില്‍ നിന്ന് മാറിനില്‍ക്കാമല്ലോ എന്നോര്‍ക്കും. വീട്ടില്‍ വന്ന് ഊണ് കഴിക്കുമ്പോഴേക്കും തിരിച്ചോടാന്‍ സമയമാകും. എന്നും ഒരേ വഴിയിലൂടെ നാല് പ്രാവശ്യം ഓടും. വാസ്തവത്തില്‍ സ്‌കൂളിലേക്ക് രണ്ട് വഴികളുണ്ട്. മെയിന്‍ റോഡിലൂടെയും പോവാം; ഇടവഴിയിലൂടെയും പോവാം. എനിക്ക് ഇടവഴിയാണിഷ്ടം. ബ്ലൈന്‍ഡ് ലേഡിയില്‍ എഴുതിയിട്ടുണ്ട്. ആ വഴിയുടെ ഇരുവശത്തും വീടുകളാണ്. ആള്‍ക്കാര്‍ പുറത്തുണ്ടാവും. അവര്‍ എന്റെ മനസ്സില്‍ പതിഞ്ഞവരാണ്. പിന്നെ എന്നോടത് മറന്നുപോയി. അടുത്തിടെ ഒരിക്കല്‍ ഞാനാ വഴിയിലൂടെ നടക്കാന്‍ പോയി. അവരെല്ലാം വൃദ്ധരായിരിക്കുന്നു. ആ ഫാസ്റ്റ് ഫോര്‍വേഡിങ് വിസ്മയിപ്പിക്കുന്നതാണ്. എല്ലാ കഥാപാത്രങ്ങളിലും നമ്മളറിയുന്ന ആരുടെയെങ്കിലുമൊരു അംശം കാണും. 

( ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത് ) 

Content Highlights: An interview with Anees Salim, the author of five best selling novels and winner of the 2018 Sahitya Akademi Award for English, about writing, libraries and solitude.