ക്സൽബാരി കാർഷികസമരത്തിന്റെ അമ്പതാം വാർഷികമാണിപ്പോൾ. 1967 മേയ്‌ 25-നാണ്‌ സ്ത്രീകളും കുട്ടികളുമടക്കം പതിനൊന്നുപേർ പോലീസ്‌ വെടിവെപ്പിൽ കൊല്ലപ്പെട്ടത്‌. ഈ സമരത്തിന്റെ അമ്പതാം വാർഷികം ആചരിക്കുന്ന വേളയിൽ കോഴിക്കോട്ട്‌ സംഘടിപ്പിക്കപ്പെട്ട പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിച്ചത്‌ മനുഷ്യാവകാശപ്രവർത്തകനും ദളിത്‌ വിഷയങ്ങളെക്കുറിച്ച്‌ വിശേഷിച്ചും പ്രതിപാദിക്കുന്ന ഗ്രന്ഥകാരനും എഴുത്തുകാരനുമായ ഡോ. ആനന്ദ്‌ തെൽതുംഡെ ആയിരുന്നു. ഡോ. ബി.ആർ. അംബേദ്‌കറിന്റെ പൗത്രനും റിപ്പബ്ളിക്കൻ പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ നേതാവുമായ പ്രകാശ്‌ അംബേദ്‌കറുടെ ബന്ധുവും കൂടിയാണ്‌ അദ്ദേഹം.
ആനന്ദ്‌ തെൽതുംഡെയുമായി കെ. ഹരിദാസ്‌ നടത്തിയ സംഭാഷണത്തിൽനിന്ന്‌:

ഇന്ന്‌ ഇന്ത്യയിലോ അല്ലെങ്കിൽ ലോകത്തിൽ പൊതുവായോ വിപ്ളവത്തിന്‌ അനുയോജ്യമായ സാഹചര്യം നിലവിലുണ്ടെന്ന്‌ താങ്കൾ കരുതുന്നുണ്ടോ

മാർക്സിയൻ സിദ്ധാന്തമനുസരിച്ച്‌ വിപ്ളവത്തിനനുകൂലമായ വസ്തുനിഷ്ഠസാഹചര്യം ലോകത്തിൽ നിലനിന്നിരുന്നു, എന്നും നിലനിൽക്കുകയും ചെയ്യുന്നു. ഭൂരിപക്ഷം വരുന്ന ജനതയുടെ ദുരിതപൂർണമായ ജീവിതസാഹചര്യങ്ങൾ, ചൂഷണത്തിനും മർദനത്തിനും വിധേയരായി ജീവിക്കേണ്ടിവരുന്ന വ്യത്യസ്ത ജനവിഭാഗങ്ങൾ എന്നിവയെല്ലാം ഇന്നും യാഥാർഥ്യമാണ്‌. അവയെല്ലാം വിപ്ളവത്തിനനുകൂലമായ സാഹചര്യമാണ്‌.

എന്നാൽ, ആത്മനിഷ്ഠസാഹചര്യങ്ങൾ ഒരു പ്രശ്നം തന്നെയാണ്‌. വിപ്ളവമാവശ്യമുള്ള ജനത വിവിധങ്ങളായ ആശയഗതികൾക്ക്‌ വിധേയരാണ്‌. ഉദാഹരണത്തിന്‌ ഇന്ത്യയിലെ ജാതിസമ്പ്രദായം. അതു സൃഷ്ടിച്ചെടുത്ത ആശയങ്ങളാണ്‌ ജനതയുടെ ജീവിതലോകത്തെതന്നെ രൂപപ്പെടുത്തുന്നത്‌. എല്ലാവരും ജാതീയചിന്തകളെ ആന്തരവത്‌കരിച്ചിരിക്കുന്നു (Internalised). ഉദാഹരണത്തിന്‌ അവരുടെ ബോധമണ്ഡലത്തിൽ പുണ്യപാപസങ്കല്പങ്ങൾ നിലനിൽക്കുന്നു.

അതുകൊണ്ടുതന്നെ ഏതുതരത്തിലുള്ള കലാപചിന്തയും പാപമാകുമോ എന്ന ഭയം നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ എല്ലാത്തരം വിപ്ളവചിന്തകൾക്കും പകരം വിധേയരായും അടിച്ചമർത്തപ്പെട്ടുംതന്നെ കഴിയുക എന്ന മാർഗം സ്വീകരിക്കപ്പെടുന്നു. ചൂഷണത്തെ ചെറുക്കുക എന്ന ചിന്താഗതി അധികമാരും സ്വായത്തമാക്കാതാവുന്നു.
എന്നാൽ, ഒരുവിഭാഗം ജനതയിലെങ്കിലും ബോധമണ്ഡലത്തിൽ വളർച്ചയുണ്ടായപ്പോഴാണ്‌ ഉയിർത്തെഴുന്നേൽപ്പുകൾ ചരിത്രത്തിൽ സംഭവിച്ചത്‌.

കമ്യൂണിസ്റ്റ്‌ പാർട്ടി രൂപവത്‌കരിക്കപ്പെട്ടത്‌ ഇതിന്‌ ഉദാഹരണമാണ്‌. ചൂഷണത്തിനെതിരായി ബഹുമുഖമായ സമരങ്ങൾ ഉയർന്നുവന്നിട്ടുണ്ട്‌. ജാതീയമായ അടിച്ചമർത്തലിനും വിവേചനത്തിനുമെതിരായ സമരങ്ങളും അവയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ, നിർഭാഗ്യമെന്നു പറയട്ടെ കമ്യൂണിസ്റ്റ്‌ പാർട്ടി രൂപവത്‌കൃതമായപ്പോൾ ഇന്ത്യൻ യാഥാർഥ്യമായ ജാതിയെ തങ്ങളുടെ വിശകലനവിഷയങ്ങളിൽ ഉൾച്ചേർക്കാൻ അവർക്ക്‌ സാധിച്ചില്ല.

അവർ റഷ്യൻ വിപ്ളവത്തിന്റെ മാതൃക തങ്ങളുടെ മനസ്സിൽവെച്ചുകൊണ്ടാണ്‌ നീങ്ങിയത്‌. വർഗം എന്നാലെന്ത്‌ എന്നതിന്‌ ഒരു നിർവചനം നടത്തിയത്‌ മാർക്സോ ഏംഗൽസോ അല്ല, ലെനിനായിരുന്നു. ലെനിന്റെ നിർവചനത്തെ ആഴത്തിൽ മനസ്സിലാക്കിയിരുന്നുവെങ്കിൽ കമ്യൂണിസ്റ്റ്‌ നേതൃത്വത്തിന്‌ ഈ തെറ്റ്‌ സംഭവിക്കില്ലായിരുന്നു എന്ന്‌ തോന്നുന്നു. അവർ ജാതിയെ ഉപരിഘടനയിലെ ഒരു പ്രശ്നമായി മാത്രം പരിഗണിക്കുകയാണുണ്ടായത്‌. 

വർഗത്തിനുപകരം ജാതിയുടെ അടിസ്ഥാനത്തിലാകണം ജനങ്ങളെ സംഘടിപ്പിക്കേണ്ടത്‌ എന്നാണോ താങ്കൾ കരുതുന്നത്‌

എല്ലാ കീഴ്‌ജാതികളും  സ്വാഭാവികമായും തൊഴിലാളിവർഗമാണ്‌. വളരെ ചെറിയ ന്യൂനപക്ഷം അങ്ങനെയല്ലാത്തതായി ചില ജാതികളിൽ കണ്ടേക്കും. അതേപോലെ ഉന്നതജാതികളിൽനിന്നുള്ള ദരിദ്രവിഭാഗങ്ങളും തൊഴിലാളി വർഗത്തിൽപ്പെടുന്നു. അപ്പോൾ ആവശ്യം സമഗ്രമായൊരു വീക്ഷണവും സമരപദ്ധതിയുമാണ്‌. സാമ്പത്തികസമരങ്ങൾ മാത്രമല്ല മുഖ്യം. ജാതീയമായ പ്രശ്നങ്ങളെ ആധാരമാക്കുന്ന സമരങ്ങളും അതിപ്രധാനമാണ്‌.

ഇത്തരമൊരു നിലപാട്‌ കമ്യൂണിസ്റ്റ്‌ പാർട്ടി തുടക്കംമുതൽ സ്വീകരിച്ചുവന്നിരുന്നെങ്കിൽ സ്ഥിതിഗതികൾ ഏറെ വ്യത്യസ്തമാകുമായിരുന്നു. വ്യത്യസ്ത മേഖലകളിലെ സമരങ്ങൾ ഒരുമിച്ച്‌ നീങ്ങുമായിരുന്നു. അംബേദ്‌കർ പോലും ഇത്തരം നിലപാടുകളോട്‌ പൂർണമായി സഹകരിക്കുമായിരുന്നു.

പ്രാന്തവത്കരിക്കപ്പെടുന്ന ജനതകളുടെ പ്രശ്നങ്ങൾ ലോകമാസകലമുണ്ടല്ലോ... എങ്ങനെയാണ്‌ താങ്കൾ അവയെ നോക്കിക്കാണുന്നത്‌

നിയോലിബറൽ ലോകത്തിൽ, അതായത്‌, കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനദശകങ്ങളോടെ തുടങ്ങിയ ആഗോളീകരണ ലോകസാമ്പത്തിക ക്രമത്തിനായുള്ള ശ്രമങ്ങളോടെ മുമ്പുണ്ടായിരുന്നതിൽനിന്നെല്ലാം വ്യത്യസ്തമായ മാതൃകകളാണ്‌ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്‌ എന്ന്‌ തോന്നുന്നു. മൂലധനം എല്ലാറ്റിനെയും ഭരിക്കുന്നെന്നു മാത്രമല്ല, മനുഷ്യരെ മുഴുവൻ മനഃശാസ്ത്രപരമായും സാംസ്കാരികമായും പുതിയ കാലം വ്യക്തിയിലേക്ക്‌ ചുരുക്കുന്നു.

മനുഷ്യൻ പിറന്നുവീണത്‌ വ്യക്തികളായിട്ടായിരുന്നു; ചരിത്രം പുരോഗമിച്ചത്‌ വ്യക്തികളുെട പരിശ്രമഫലമായിട്ടാണ്‌. അങ്ങനെയല്ലെന്നും മനുഷ്യരുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെയും സമരങ്ങളിലൂടെയും മറ്റുമാണ്‌ എന്ന്‌ കമ്യൂണിസ്റ്റുകാർ പടച്ചുവിട്ടിട്ടുള്ള വങ്കത്തങ്ങളാണ്‌ എന്നുംകൂടി വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. സമൂഹം എന്നൊന്ന്‌ തനിക്ക്‌ കാണാൻപോലും കഴിയുന്നില്ലെന്നായിരുന്നു ഈ കാലത്ത്‌ മാർഗററ്റ്‌ താച്ചർ പറഞ്ഞത്‌.

ഇങ്ങനെ ഉപരിതലസ്പർശികൾ മാത്രമായ വളരെയേറെ ആശയഗതികൾ പ്രചാരത്തിലാവുന്നു എന്നതുകൂടിയാണ്‌ പുതിയ സാമ്പത്തികനയഘട്ടത്തിലെ പ്രത്യേകത. അങ്ങനെ പുതിയ സാമ്പത്തികനയങ്ങൾകൊണ്ട്‌ നേട്ടമുണ്ടാവുകയും മധ്യവർഗവത്‌കരിക്കപ്പെടുകയും ചെയ്യുന്ന വിഭാഗങ്ങൾ ഒരുവശത്ത്‌ ശക്തിപ്പെടുമ്പോൾത്തന്നെ മറുവശത്ത്‌ പ്രാന്തീകരിക്കപ്പെടുന്നവർ, പുതിയ സമൃദ്ധിയുടെ വൃത്തങ്ങൾക്കുപുറത്ത്‌ കഴിയുന്നവർ, വ്യക്തികളായി ചിതറുന്നു.

അവർക്ക്‌ ഒരു സാമൂഹികകൂട്ടായ്മയും രൂപവത്‌കരിക്കാൻ കഴിയാതെ വരുന്നു. ചില പടിഞ്ഞാറൻ രാജ്യങ്ങളിൽ ഞാൻ നേരിൽകണ്ട ചില കാര്യങ്ങളുണ്ട്‌. വികസിത മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുള്ള അത്തരം നാടുകളിൽ പ്രാന്തവത്‌കൃതരായവർക്ക്‌ തൊഴിലില്ലായ്മാ വേതനംപോലെ ചില ചില്ലറ സാമ്പത്തികസഹായം നൽകുന്നുണ്ട്‌. അവ ഉപയോഗിച്ച്‌ വിശപ്പടക്കി അവർ തെരുവുകളിൽ കിടന്നുറങ്ങുന്നു. മദ്യവും മയക്കുമരുന്നും മുപ്പതോ മുപ്പത്തിയഞ്ചോ വയസ്സാകുമ്പോഴേക്കും അവരുടെ ആയുസ്സൊടുക്കുന്നു. വ്യഭിചാരവും അധോലോക വാസനകളും പെരുകുന്നു. അങ്ങനെ സമ്പന്നതയുടെ കേളീരംഗങ്ങളിൽനിന്ന്‌ ബഹിഷ്‌കൃതരാവുന്നവർ പ്രാന്തവത്‌കരിക്കപ്പെട്ട സ്ത്രീപുരുഷന്മാരായി അകാലത്തിൽ അസ്തമിച്ചുപോകുന്നു.

സമകാലീന ലോകത്തിൽ സായുധസമരം ഒരു പരിഹാരമാണെന്നു കരുതുന്നുണ്ടോ

ഇക്കാര്യത്തിൽ എനിക്ക് സംശയമുണ്ട്. ഞാൻ ഇന്നു കാലത്ത് പ്രഭാഷണത്തിൽ പറഞ്ഞതുപോലെ ചൈനീസ് വിപ്ലവകാലത്ത് അവിടെയുണ്ടായിരുന്ന ഭരണകൂടത്തിനു സമാനമല്ല ഇപ്പോഴത്തെ ഭരണകൂടങ്ങൾ. എവിടെയും അത് എല്ലാ അർഥത്തിലും സുസജ്ജമാണ്.

രഹസ്യസർവീസ് മുതൽ പൗരന്മാരുടെ ചലനങ്ങളും ഗതിവിഗതികളും നിരീക്ഷിക്കുന്ന കാര്യംവരേ അതിവിദഗ്ധമായി കൈകാര്യംചെയ്യുന്ന സംവിധാനങ്ങളുണ്ട്. കരിനിയമങ്ങളുടെയും  ആയുധക്കരുത്തിന്റെയും കാര്യം പ്രത്യേകമായി പറയേണ്ടതുമില്ല. പ്രതിരോധിക്കുന്നതിനുവേണ്ടി മാത്രമല്ലാതെ അടിച്ചമർത്തപ്പെടുന്നവരുടെ പ്രസ്ഥാനങ്ങൾ ഹിംസ പ്രയോഗിക്കുന്നത് ആശാസ്യമാണെന്നു തോന്നുന്നില്ല. ശരിയായ ബാഹ്യജന ലൈൻ പ്രയോഗത്തിൽ വരുത്തുന്നതിലൂടെ ആയുധങ്ങളില്ലാതെതന്നെ വിജയപ്രാപ്തി സാധ്യമാണെന്നാണ്‌ ഞാൻ കരുതുന്നത്. 

സമീപകാലത്ത് ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നടന്നിട്ടുള്ള വ്യത്യസ്ത സാമ്പത്തിക ക്രമത്തിനായുള്ള പരീക്ഷണങ്ങളെക്കുറിച്ച് എന്തു തോന്നുന്നു

ആ പരീക്ഷണങ്ങൾ ബഹുജനോന്മുഖമായിരുന്നവയായിരുന്നുവെന്ന് തോന്നുന്നു. അവയിൽ പ്രത്യയശാസ്ത്രം തീരെ ഇല്ലായിരുന്നു. ആവേശത്തോടെ ഏറ്റെടുക്കപ്പെട്ട ആ പരിപാടികൾ ഒരർഥത്തിൽ പ്രയോഗമാത്ര വാദത്തെയാണ് സൂചിപ്പിച്ചത്. ഇപ്പോൾ ഫലം കാണുന്നുണ്ട്. അവ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു കാര്യം ചെയ്തുകൊണ്ടിരിക്കുന്ന വേളയിൽ അതിന്റെ ശരി തെറ്റുകൾ പരിശോധിക്കപ്പെടാൻ  ആധാരമായ ഒരു സിദ്ധാന്തം അനിവാര്യമാണ്.

ഒരു പദ്ധതി മുന്നോട്ടുനീങ്ങുമ്പോൾ പുതിയ സംഭവവികാസങ്ങൾ ചുരുളഴിയും. അവയുടെ ശരി തെറ്റുകൾ എന്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധിക്കുക? അതിന് പ്രത്യയശാസ്ത്രം വേണം. അത്തരത്തിൽ പ്രത്യയശാസ്ത്രത്തെ ആധാരമാക്കാതെ  പോയതുകൊണ്ടാണ് പരാജയമുണ്ടായതെന്നാണ് എന്റെ പക്ഷം. 

ആഗോളീകരണ സാമ്പത്തിക നയങ്ങളുടെ കാലത്ത് ഒരു ബദൽ സാമൂഹികക്രമത്തിനായുള്ള സമൂർത്ത പദ്ധതികൾ മുന്നോട്ടുവയ്ക്കാൻ കഴിയാത്തതല്ലേ പരാജയം? അവ എങ്ങനെയാണ് രൂപപ്പെടുക?

കഴിഞ്ഞ നൂറ്റാണ്ടിലെ എൺപതുകളിലും തൊണ്ണൂറുകളിലും ഉണ്ടായിരുന്ന മുഖമല്ല ഇപ്പോഴത്തെ ഉദാരനയങ്ങൾക്കുള്ളത്. ദേശീയരാഷ്ട്രം അപ്രസക്തമാണ് എന്നുതുടങ്ങി തുടക്കത്തിൽ കേട്ടിരുന്ന പലപ്രബോധനങ്ങളും തെറ്റായിരുന്നുവെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. തത്‌ഫലമായി ചിലയിടങ്ങളിൽ ജനകീയസമരങ്ങൾ ഉയർന്നുവരുന്നു. അതുകൊണ്ട് അല്ലറചില്ലറ മിനുക്കുപണികൾ നടക്കുന്നുണ്ട്.

എനിക്കു തോന്നുന്നത് സാങ്കേതിക പുരോഗതി സോഷ്യലിസത്തിലേക്ക് നയിക്കുമെന്നാണ്. ഉദാഹരണത്തിന് ഐ.ടി. മേഖല എടുക്കുക. ഐ.ടി. ഉത്‌പന്നങ്ങൾ ഉത്‌പാദിപ്പിക്കുകയും സ്വകാര്യമായി ആ ഉത്‌പന്നങ്ങളെ നിയന്ത്രണത്തിൽ വെയ്ക്കുകുയം ചെയ്യുമ്പോൾ, സ്വകാര്യ ഉടമസ്ഥതയിൽ അവയുടെ നിയന്ത്രണം സൂക്ഷിക്കുക എന്നത് ചെലവ് ഏറെയുണ്ടാക്കുന്ന കാര്യമാണ്. അതിനെക്കാൾ നല്ലത് ആ ഉത്‌പന്നങ്ങൾ സാമൂഹവത്‌കരിക്കുക എന്നതാണ്.

അതേപോലെ തന്നെയാണ് ഗൂഗിളിന്റെ കാര്യവും. സമൂഹവത്‌കരിക്കപ്പെടാത്ത അവസ്ഥയിൽ അവയ്ക്കെത്താവുന്ന പരിധികളും ചെറിയവയായിരിക്കും. ബദൽ സാമൂഹിക ക്രമത്തിനായുള്ള പദ്ധതി ബഹുമുഖ സ്പർശിയായിരിക്കണമെന്നാണെന്റെ പക്ഷം. അതിനായി ജനങ്ങൾ സന്നദ്ധരാക്കപ്പെടേണ്ടതുണ്ട്. ആ പദ്ധതിയിൽ ലിംഗനീതി, പരിസ്ഥിതി പ്രശ്നങ്ങൾ, സ്ത്രീകളുടെ സവിശേഷ പ്രശ്നങ്ങൾ എന്നിവയെല്ലാം ഉൾപ്പെട്ടിരിക്കണം.

ഉദാരകാലഘട്ടം ഉദ്ദേശിക്കുന്നതുപോലെ എല്ലാം മത്സരിക്കുന്നതിനായി തുറന്നിടുകയും മത്സരം തുടർന്നുകൊണ്ടേയിരിക്കുകയും ചെയ്താൽ അത് കുത്തകയിലേക്ക് നയിക്കും. കാരണം ലളിതമാണ്. മറ്റുള്ളവരിൽ ഓരോരുത്തരെയായി തോൽപ്പിച്ച് ഓരോ രംഗത്തും ഒരാളാണ് ജേതാവായിത്തീരുക. അത്തരത്തിൽ കോടീശ്വരരെ സൃഷ്ടിക്കുന്ന ക്രമമല്ല, സോഷ്യലിസ്റ്റ് ക്രമമാണ് ബദൽ നയരൂപവത്‌കരണത്തിന്റെ പരിപ്രേക്ഷ്യമായിത്തീരേണ്ടത്.