കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിന് എന്ന് ഇന്നറിയാം. ലോകം കാത്തിരിക്കുന്ന ബാഹുബലിയുടെ രണ്ടാംഭാഗം ഇന്ന് തിയേറ്ററുകളിലെത്തുകയാണ്. ഈ ചരിത്ര സിനിമയ്ക്കൊപ്പം ഒരു തൃപ്പൂണിത്തുറക്കാരനുമുണ്ട്. ഇന്ത്യയിലെ ഇംഗ്ലീഷ് എഴുത്തുകാരിൽ ശ്രദ്ധേയനായ ആനന്ദ് നീലകണ്ഠൻ. സിനിമയ്ക്ക് മുമ്പുള്ള ബാഹുബലിയുടെ കഥ പറയുന്ന ‘ബാഹുബലി: ബിഫോർ ദി ബിഗിനിങ്’ പരമ്പരയിലെ നോവലുകൾ എഴുതുന്നത് ഇദ്ദേഹമാണ്. ആദ്യഭാഗമായ ‘ദി റൈസ് ഓഫ് ശിവഗാമി’ വായനക്കാർക്കിടയിൽ ഹിറ്റായിക്കഴിഞ്ഞു. ബാഹുബലി റിലീസ് ദിവസം ആനന്ദ് നീലകണ്ഠന്‍ മാതൃഭൂമിയോട് മനസ്സു തുറക്കുന്നു.

anand neelakantanവെള്ളിയാഴ്ച ബാഹുബലി 2 എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രഹസ്യങ്ങളുടെ ചുരുളഴിയുകയാണ്. എന്നാൽ മാഹിഷ്മതിയുടെ രഹസ്യങ്ങൾ ഉള്ള നിലവറയുടെ താക്കോൽ ഇപ്പോഴും ആനന്ദ് നീലകണ്ഠന്റെ തൂലികയിൽ ഭദ്രം.

‘ബാഹുബലി: ബിഫോർ ദി ബിഗിനിങ്’ പരമ്പരയിലെ ആദ്യ നോവൽ, ‘ദി റൈസ് ഓഫ് ശിവഗാമി’യിലൂടെ ഈ ചരിത്ര സിനിമയുടെ ഭാഗമായി മാറിയ ആനന്ദ് സിനിമയ്ക്ക് മുമ്പുള്ള മാഹിഷ്മതിയുടെ സ്രഷ്ടാവായി വായനക്കാർക്കിടയിൽ ഹിറ്റ് മേക്കറായിക്കഴിഞ്ഞു.  മുംബൈയിൽ ഭാര്യ അപർണയ്ക്കും മകൾ അനന്യയ്ക്കും മകൻ അഭിനവിനും ഒപ്പം താമസിക്കുന്ന Qഈ തൃപ്പൂണിത്തുറക്കാരൻ തിരക്കിട്ട എഴുത്തിന്റെ ഇടയിൽ തന്റെ ബാഹുബലി അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

വെറും 109 ദിവസം കൊണ്ട് നോവൽ എഴുതി പൂർത്തിയാക്കുക. എന്തായിരുന്നു അനുഭവം?

ഭ്രാന്തുപിടിപ്പിക്കുന്ന ദിവസങ്ങളായിരുന്നു അവ. സാധിക്കുമോ ഇല്ലയോ എന്നൊന്നും ആലോചിക്കാൻ നിൽക്കാതെ എഴുതിത്തുടങ്ങിയത് ഭാഗ്യമായി. എഴുതിയ അദ്ധ്യായങ്ങൾ അപ്പാടെ, എഡിറ്റ് പോലും ചെയ്യാതെ, രാജമൗലിക്ക് അയയ്ക്കുന്ന പതിവുണ്ടായിരുന്നു. ഓരോന്നും വായിച്ച്‌ ‘വാട്ട് നെക്‌സ്റ്റ്‌?’ എന്ന അദ്ദേഹത്തിന്റെ ആവേശപൂർണമായ പ്രതികരണം ഒരു നല്ല പ്രചോദനമായിരുന്നു.

പക്ഷേ എന്നെ ഏറ്റവും സന്തോഷിപ്പിച്ച അംഗീകാരം പിന്നീട് ലൊക്കേഷനിൽ പോയപ്പോഴാണ് കിട്ടിയത്. അവിടെ പ്രൊഡ്യൂസർ പറഞ്ഞാണ് രാജമൗലി രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്ന് എന്റെ കഥ വായിച്ചതുമൂലം മൂന്നു ദിവസത്തെ ഷൂട്ടിങ്‌ മുടങ്ങിയ വിവരം അറിയുന്നത്. ഞാൻ മൂലം പ്രൊഡ്യൂസറിന്‌ നഷ്ടം ഉണ്ടായെങ്കിലും അത് എന്റെ കഥയ്ക്ക് കിട്ടിയ വലിയൊരു അംഗീകാരമാണ്.

ദി റൈസ് ഓഫ് ശിവഗാമി എന്ന നോവലിന്റെ കഥയിൽ സംവിധായകൻ എസ്.എസ്. രാജമൗലിയുടെ പങ്ക് എത്രത്തോളമുണ്ട്?

കഥ എഴുതിത്തുടങ്ങുന്നതിനു മുൻപ് ഞങ്ങൾ ആകെ ഒരു തവണയാണ് കണ്ടുമുട്ടിയത്. അന്ന് അദ്ദേഹം കട്ടപ്പാ ശിവഗാമി എന്ന രണ്ടു കഥാപാത്രങ്ങളുടെ മാത്രം പ്രവർത്തന പരിധി വിശദീകരിച്ചു തന്നു. ഇവ നിലനിർത്തിക്കൊണ്ട് ഇതിനു ചുറ്റും ഉള്ള കഥ എനിക്കു വേണ്ട വിധം എഴുതാനുള്ള പൂർണ സ്വാതന്ത്ര്യവും തന്നു. കഥയിൽ ഇവർ ഒഴികെയുള്ള എല്ലാ കഥാപാത്രങ്ങളും സന്ദർഭങ്ങളും എന്റെ മാത്രം കല്പനയാണ്.

ദി റൈസ് ഓഫ് ശിവഗാമി എഴുതുമ്പോൾ നേരിട്ട വെല്ലുവിളികൾ?

എഴുത്തു തന്നെ ഒരു വെല്ലുവിളിയായിരുന്നു. 109 ദിവസങ്ങൾക്കുള്ളിൽ കഥയും കഥാപാത്രങ്ങളും കഥാഗതിയും ഒക്കെ ഒരുക്കുക എന്നത് വളരെ ശ്രമകരം ആയിരുന്നു എന്ന് തന്നെ പറയണം. ബാഹുബലിയുടെ മുൻകഥ എന്ന് പറയുമ്പോഴുള്ള ജനങ്ങളുടെ പ്രതീക്ഷ ഉണ്ടാക്കിയ ആശങ്കയും എന്നാൽ ആവേശവും ഒട്ടും ചെറുതല്ല. ഇനി മുന്നോട്ടും അതെ ആവേശം വായനക്കാരിൽ നിലനിർത്തുക എന്നതും ഒരു പ്രധാന വെല്ലുവിളി തന്നെയാണ്.

കഥപറയുന്ന ശൈലിയെ സ്വയം എങ്ങനെ വിലയിരുത്തുന്നു?

എന്നെ സംബന്ധിച്ചിടത്തോളം കഥപറച്ചിൽ ഒരു കണ്ണാടി പോലെയായിരിക്കണം. സമൂഹത്തിലെ നന്മകളെയും തിന്മകളെയും അത് തുറന്നു കാട്ടണം. അത് ഒരു പഴയ സത്യൻ അന്തിക്കാട് ചിത്രം പോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും വേണം. ഞാൻ എഴുതിയ എല്ലാ നോവലുകളും പുരാണവും ഐതിഹ്യവും ഇതിവൃത്തം ആയിരുന്നെങ്കിലും ഇന്നത്തെ സമൂഹത്തിൽ കാണുന്ന പല രാഷ്ട്രീയവും അരാഷ്ട്രീയവുമായ ആചാരങ്ങളുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചിട്ടുമുണ്ട്. അത് എന്നിലെ എഴുത്തുകാരന്റെ കൈയൊപ്പാണ്.

duryodhana'അസുര'യിൽ രാവണൻ എങ്കിൽ 'അജയ'യിൽ ദുര്യോധനൻ. താങ്കൾക്ക് പ്രതിനായകനോടാണോ പ്രിയം?

എന്റെ കണ്ണിൽ അവരാണ് നായകന്മാർ. നോക്കൂ, കൃഷ്ണനെയോ രാമനെയോ കുറിച്ച് എന്നേക്കാൾ പ്രതിഭയുള്ള എത്രയോ പേർ എഴുതിയിരിക്കുന്നു. പിന്നെ അവരൊക്കെ ദൈവങ്ങൾ അല്ലേ! ദൈവത്തിനു എന്തുമാവാം. പിന്നെ അവിടെ കഥയില്ലല്ലോ!

നോവലുകൾ അല്ലാതെ ടെലിവിഷൻ പരമ്പരയ്ക്ക് തിരക്കഥയും എഴുതാറുണ്ടല്ലോ. എന്തൊക്കെയാണ് ഇപ്പോഴത്തെ തിരക്കഥകൾ?

ഉവ്വ്. എനിക്ക് വേഗം മടുപ്പ് തോന്നുന്ന പ്രകൃതം ആണ്. അതുകൊണ്ട് തന്നെ ഒരേ സമയം പല പ്രോജക്ടുകൾ ഏറ്റെടുക്കാറുണ്ട്. അങ്ങനെയാണ് ഞാൻ റൈറ്റേഴ്സ് ബ്ലോക്ക് വരാതെ രക്ഷപ്പെടുന്നത്. ഇപ്പോൾ തന്നെ ബാഹുബലി: ബിഫോർ ദി ബിഗിനിങ് പരമ്പരയിലെ രണ്ടാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഞാൻ. അത് ഡിസംബറിൽ പുറത്തിറക്കണം എന്ന് വിചാരിക്കുന്നു.

ഇതിന്റെ ഇടയിൽ ആമസോൺ പ്രൈമിന് വേണ്ടിയും ഡിസ്കവറി ചാനലിനു വേണ്ടിയും പരിപാടികൾ എഴുതുന്നു. ഈ രണ്ടു പരിപാടികളും ഇന്ത്യയുടെ ചരിത്രത്തെ ആസ്പദമാക്കിയുള്ളവയാണ്. ബാഹുബലിയെ ആസ്പദമാക്കി ആമസോണിൽ രാജമൗലി ഒരുക്കുന്ന പരമ്പരയുടെ തിരക്കഥയിൽ എന്റെ സഹകരണം ഉണ്ടാവും. കൂടാതെ വേറെയും നോവലുകളും ചെറുകഥകളും മനസ്സിൽ ഉണ്ട്. ഈ നോവലുകളുടെ ഓഡിയോ-ബുക്കും പണിപ്പുരയിലാണ്.

ഈ തിരക്കിനോട് കുടുംബം എങ്ങനെയാണ്‌ പ്രതികരിക്കുന്നത്?

എന്റെ ഭാര്യ അപർണ ഒരു അമാനുഷികയാണ്. അവർ വീടും വയനാട്ടിൽ അവരുടെ റിസോർട്ട്‌ ബിസിനസ്സും ഭംഗിയായി നോക്കി നടത്തുന്നു. മകൾ അനന്യ ഒമ്പതാംക്ലാസിലും മകൻ അഭിനവ് ആറിലും പഠിക്കുന്നു. ഇടയ്ക്കിടെ അവരും ജാക്കി ദി ബ്ലാക്കി എന്ന ഞങ്ങളുടെ വളർത്തുനായയും എന്റെ കഥകൾക്ക് ഇരയാകാറുണ്ട്‌. 

ഇത്രയും തിരക്കിനിടയിൽ വായിക്കാൻ സമയം കിട്ടാറുണ്ടോ?

തീർച്ചയായും! ഫിക്‌ഷൻ എഴുതുമ്പോൾ നോൺ -ഫിക്‌ഷൻ വായിക്കാൻ ആണ് എനിക്ക് ഇഷ്ടം. അല്ലെങ്കിൽ ഞാൻ വായിക്കുന്ന പുസ്തകത്തിന്റെ ശൈലി എന്റെ എഴുത്തിനെ സ്വാധീനിച്ചേക്കാം. 

ravanan parajitharude gadhaഇംഗ്ലീഷ് പുസ്തകങ്ങൾ വളരെ ജനകീയമാവുന്നത് നാം കാണുന്നു. ഡൽഹി സർവകലാശാല പോലും ചേതൻ ഭഗത്തിന്റെ നോവൽ സിലബസ്സിൽ ചേർത്തിരിക്കുന്നു?

നല്ല സാഹിത്യം എപ്പോഴും ജനകീയമാകണം എന്നോ ജനകീയമായത് നല്ലതാവണം എന്നോ ഇല്ലെന്നാണ് എന്റെ അഭിപ്രായം. മറിച്ചഭിപ്രായം ഉള്ളവർക്ക് കലാമണ്ഡലത്തിൽ നങ്ങ്യാർകൂത്ത് മാറ്റി പ്രഭുദേവയുടെ ഡാൻസ് സിലബസ്സിൽ ചേർക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കാവുന്നതാണ്.

താങ്കൾ മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന ഒരാൾ എന്ന നിലയിൽ കേരളത്തിൽ എന്ത് മാറ്റമാണ് പ്രതീക്ഷിക്കുന്നത് ?

ഏതു മേഖലയിൽ ആണെങ്കിലും സാങ്കേതികവിദ്യയുമായി ചേർന്ന് പോയാലേ ഇന്നത്തെ കാലത്ത്‌ നമുക്ക് മുന്നേറാൻ കഴിയൂ. എല്ലാ ഭാഷകളിലെ പുസ്തകങ്ങളും ഇന്ന് ഇ-ബുക്കുകളായി വിപണിയിൽ എത്തിക്കഴിഞ്ഞു. മലയാളം പുസ്തകങ്ങൾ ഇല്ലെന്നല്ല; പക്ഷേ താരതമ്യേന വളരെ കുറവാണ്. കേരളത്തിലെ പല പ്രസാധകരും ഓൺലൈൻ വിപണിയുടെ സാധ്യതകളെ വേണ്ടും വിധം പ്രയോജനപ്പെടുത്തുന്നില്ല എന്നാണ് എന്റെ വിലയിരുത്തൽ. അത് മാറിയേ മതിയാവൂ.