രാമായണവും മഹാഭാരതവും വേറിട്ട വിധത്തില്‍ വ്യാഖ്യാനിച്ചുകൊണ്ടാണല്ലോ താങ്കള്‍ ആദ്യനോവലുകള്‍ രചിച്ചത്. നേരത്തേ, എം.ടി.യുടെയും വി.എസ്. ഖാണ്ഡേക്കറുടെയും ശിവാജി സാവന്തിന്റെയും മറ്റും കൃതികളൊക്കെ വ്യാപകമായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ഭാഷകളില്‍ ഇതിഹാസപുനരാഖ്യാനങ്ങളായി നേരത്തേവന്ന ഈ കൃതികളുമായി താങ്കളുടെ നോവലുകളെ താരതമ്യംചെയ്യുമ്പോള്‍ എന്താണ് തോന്നുന്നത് ?

എല്ലാ എഴുത്തുകാരും അവരവരുടെ കാലത്തിനും ശൈലിക്കുമനുസരിച്ചാണ് ഇതിഹാസങ്ങള്‍ പുനരാഖ്യാനം ചെയ്തിട്ടുള്ളത്. ഇന്ത്യയിലെ  വലിയ എഴുത്തുകാരെന്ന് സര്‍വരാലും അംഗീകരിക്കപ്പെട്ടവരാണ് അവരൊക്കെ. ഞാന്‍ ആകെ നാലുപുസ്തകമേ എഴുതിയിട്ടുള്ളൂ. അത് സിനിമയില്‍ നാലുപാട്ട് പാടിയെന്നുപറയുന്നതുപോലെയേ ഉള്ളൂ. എം.ടി.യുടെ രചനകളുമായൊക്കെ അവയെ താരതമ്യംചെയ്യുന്നത് അക്രമമായിരിക്കും. നാലുപാട്ടുകൊണ്ട് യേശുദാസാവാന്‍ പറ്റില്ലല്ലോ. പാടിപ്പാടി ഒടുവില്‍ അവിടെയെത്തുമായിരിക്കാം.

ഇതിഹാസത്തെ ആധാരമാക്കിയുള്ള കൃതികള്‍ പുതിയ കാലത്തെഴുതുമ്പോള്‍ അതെങ്ങനെ സ്വീകരിക്കപ്പെടുമെന്ന് ആലോചിച്ചിട്ടുണ്ടാവുമല്ലോ ?

തീര്‍ച്ചയായും. നേരത്തേ വന്ന കൃതികളെയൊക്കെ വിശകലനം ചെയ്തശേഷമാണ് എന്റെ എഴുത്ത് എങ്ങനെയാവണമെന്ന് തീരുമാനിച്ചത്. പരിഭാഷയ്ക്ക് വഴങ്ങുന്നതിനുള്ള പ്രയാസമാണ് ഈ കൃതികളുടെ ഒരു പ്രശ്‌നം. അതുകൊണ്ടുതന്നെ, അര്‍ഹിക്കുന്നയത്രയും വായനക്കാരിലേക്ക് അവയെത്തിയിട്ടില്ല. എഴുതുന്നതിനുമുമ്പേ ഈ പ്രശ്‌നം ശ്രദ്ധയിലുണ്ടായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും എഴുതാം. ആലോചിച്ചാണ് ഇംഗ്ലീഷിലെഴുതാന്‍ തീരുമാനിച്ചത്. വിവര്‍ത്തനത്തിന് വഴങ്ങുന്നതാവണം ഭാഷയും പ്രയോഗങ്ങളുമെന്നും ആദ്യമേ തീരുമാനിച്ചു. അതിന്റെ ഫലമായാണ് ഇംഗ്ലീഷിലും വിവര്‍ത്തനംചെയ്യപ്പെട്ട ഭാഷകളിലും അവ നന്നായി സ്വീകരിക്കപ്പെട്ടത്. 

കഥാഖ്യാനശൈലിയിലെ വ്യത്യാസങ്ങളെപ്പറ്റി ?

ravanan parajitharude gadhaവലിയ പുസ്തകങ്ങള്‍ വായിച്ചുശീലമുള്ളവര്‍ക്കുമുന്നിലാണ് നേരത്തേയുള്ള നോവലുകളെത്തിയത്. ഇന്ന് ആ രീതിയില്‍ എഴുതിയാല്‍ സ്വീകരിക്കപ്പെടില്ല. വാട്സ് ആപ്പില്‍ രണ്ടോ മൂന്നോ മിനിറ്റിനപ്പുറം ഒരു കാര്യവും ആരും ശ്രദ്ധിക്കില്ല. മൂന്നുമിനിട്ട് കഴിയുമ്പോള്‍ ശ്രദ്ധ മാറുന്ന തലമുറയ്ക്കുവേണ്ടി എഴുതുമ്പോള്‍ ശൈലി അതിനനുസരിച്ച് മാറ്റിയേ പറ്റൂ. ചെറിയ ചെറിയ വാക്യങ്ങളും ഖണ്ഡികകളുമാണ് ഉപയോഗിച്ചത്. അവസാനത്തോടടുക്കുന്തോറും അധ്യായങ്ങളുടെ വലിപ്പം കുറച്ചുകൊണ്ടുവന്നു.

വായനക്കാരെ ഒറ്റയിരിപ്പിന് പുസ്തകം വായിപ്പിക്കാന്‍ ഇതൊക്കെ അത്യാവശ്യമാണ്. സാഹിത്യത്തിനുള്ള ഔപചാരികഭാഷ മുഴുവനായും ഒഴിവാക്കിയായിരുന്നു എഴുത്ത്. ഭാഷയൊന്നുമല്ല പ്രധാനം, പറയാനുള്ളത് വായനക്കാരുടെ മനസ്സിലേക്കെത്തിക്കുകയെന്നതാണ്. ആസൂത്രിതമായ ലാളിത്യത്തിലൂടെയാണ് ഇത് സാധിക്കുന്നത്. കഥാപാത്രങ്ങള്‍ ഇതിഹാസങ്ങളിലേതാണെങ്കിലും കഥ പറയാന്‍ ഇന്നത്തെ ഇംഗ്ലീഷ് ഭാഷയാണ് ഞാന്‍ സ്വീകരിച്ചത്. 

ഇതിഹാസകൃതികള്‍ ടെലിവിഷനിലൂടെയാണ് പുതിയ തലമുറ ഏറെ പരിചയിക്കുന്നത്. താങ്കളും അത്തരം പരമ്പരകള്‍ എഴുതിയിട്ടുണ്ട്. അവയും നോവലുകളും നല്‍കുന്ന ആസ്വാദനാനുഭവത്തില്‍ വലിയ വ്യത്യാസമുണ്ടല്ലോ ?

ടെലിവിഷനുവേണ്ടി എഴുതുമ്പോഴാണ് പണം കൂടുതല്‍ എന്നത് സത്യമാണെങ്കിലും അത് ഇതിഹാസങ്ങളുടെ വൈവിധ്യത്തെ ഇല്ലാതാക്കുന്നുവെന്ന പ്രശ്‌നമുണ്ട്. രാമാനന്ദ് സാഗറിന്റെ രാമായണം വലിയ ദ്രോഹമാണ് ചെയ്തത്. അതാണ് ഇതിന് തുടക്കംകുറിച്ചത്. കഥനപാരമ്പര്യത്തിന്റെ വൈവിധ്യത്തെ ടെലിവിഷന്‍ റദ്ദാക്കിക്കളയുന്നു. കാണുന്ന എല്ലാവര്‍ക്കുംവേണ്ടി ഒറ്റപ്പാഠമാക്കുന്നു ഏത് ഇതിഹാസത്തെയും. റേറ്റിങ് കൂട്ടാന്‍വേണ്ടിയുള്ള കൃത്രിമത്വങ്ങള്‍ വേറെയും. ഇതൊക്കെക്കണ്ട് അതാണ് യഥാര്‍ഥപാഠമെന്ന ധാരണയാണ് കാഴ്ചക്കാര്‍ക്കുണ്ടാവുന്നത്. ഇത്തരത്തിലുള്ള ഒറ്റപ്പാഠങ്ങള്‍ കണ്ട് അതാണ് ശരി, മറ്റെല്ലാം തെറ്റ് എന്നുധരിക്കുന്നവരാണ് തെരുവില്‍ പശുവിന്റെ പിന്നാലെ ഓടുന്നത്. പുസ്തകം വായിക്കുന്നത് മറ്റൊരുതരം ആളുകളാണ്. അവിടെ വൈവിധ്യത്തിനും ചോദ്യങ്ങള്‍ക്കും ചിന്തയ്ക്കും സ്ഥാനമുണ്ട്. 

അപ്പോള്‍ ടെലിവിഷന്‍ നമ്മുടെ സാംസ്‌കാരികവൈവിധ്യത്തെ ഏകശിലാരൂപത്തിലാക്കിക്കളയുന്നുവെന്നര്‍ഥം. അതിനെ എങ്ങനെയാണ് മറികടക്കാനാവുക?

സാങ്കേതികവിദ്യതന്നെയാണ് പരിഹാരം. കുറച്ചുകഴിയുമ്പോള്‍ ടെലിവിഷന്‍ അപ്രസക്തമാവും. മൊബൈല്‍ഫോണിന്റെ സാധ്യതകള്‍ വര്‍ധിച്ചതോടെ വായന കൂടുതല്‍ ശക്തമായി തിരിച്ചുവരികയാണ്. ടെലിവിഷന്റെ പരിമിതിക്കുപകരം പുസ്തകത്തിന്റെ സാധ്യതകളിലേക്കാണ് മൊബൈല്‍ഫോണ്‍ വീണ്ടും നമ്മെയെത്തിച്ചിരിക്കുന്നത്. ഈ സാങ്കേതികതയ്‌ക്കൊപ്പം മാറുമ്പോള്‍ എഴുത്തുകാര്‍ക്ക് വിജയിക്കാനാവും.

ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാര്‍ പൊതുവേ വിപണിവിജയം ലക്ഷ്യമിട്ട് എഴുതുന്നവരാണെന്നൊരു കുറ്റപ്പെടുത്തല്‍ പലപ്പോഴും കേള്‍ക്കാറുണ്ട്. അതേക്കുറിച്ച് എന്തുതോന്നുന്നു ?

ഏതെഴുത്തുകാരനാണ് വായിക്കപ്പെടണമെന്ന് ആഗ്രഹിക്കാത്തത്? വിപണിയില്‍ വില്‍ക്കപ്പെടുന്നത് നല്ലകാര്യമല്ലേ? ആരും വായിക്കേണ്ടെങ്കില്‍ എഴുതി വീട്ടില്‍വെച്ചാല്‍ മതിയല്ലോ. മലയാളത്തിലാണ് Duryodhananഎഴുതിയിരുന്നതെങ്കില്‍ പരിഭാഷയ്ക്കുതന്നെ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നേനെ. എന്റെ പുതിയ നോവലായ 'ബാഹുബലി: ദി റൈസ് ഓഫ് ശിവകാമി' നാലുമാസത്തിനിടയില്‍ നാലുഭാഷകളിലേക്കെത്തി. അടുത്തുതന്നെ മലയാളത്തിലുമെത്തും. 'അസുര' 12 ഭാഷകളിലും 'അജയ' ഒന്‍പതു ഭാഷകളിലും 'റൈസ് ഓഫ് കലി' ഏഴുഭാഷകളിലും ഇതിനകം പ്രസിദ്ധീകരിച്ചു. ഇവയെല്ലാം 12 ഭാഷകളില്‍ പ്രസിദ്ധീകരിക്കും.

ഇത്രയും ഭാഷകളില്‍ വായനക്കാരുണ്ടാകുന്നത് വിപണിവിജയത്തിന് ആവശ്യമായ രീതിയില്‍ പുസ്തകം ഇറക്കുന്നതുകൊണ്ടുതന്നെയാണ്. നന്നായി വായിക്കപ്പെടുന്നുവെന്നുള്ളതിനാല്‍ ഒരു പുസ്തകം മോശമാണെന്ന് പറയാനാവില്ല. ലോകത്തില്‍ ഏറ്റവും മികച്ചതെന്ന് വിലയിരുത്തപ്പെട്ട പുസ്തകങ്ങളെല്ലാം വായനക്കാര്‍ നന്നായി സ്വീകരിച്ചിട്ടുള്ളവയാണ്. ടോള്‍സ്റ്റോയി, ഡിക്കന്‍സ്, ടാഗോര്‍ എന്നിവരുടെയൊക്കെ കാര്യമെടുക്കുക. എം.ടി. എത്രമാത്രം ജനപ്രിയനാണ്. അതുകൊണ്ട് ആ സാഹിത്യം രണ്ടാംതരമാണെന്ന് പറയാനാവുമോ?

'ബാഹുബലിയെ കട്ടപ്പ കൊന്നതെന്തിന് എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം നല്‍കുന്ന കുട്ടികള്‍ക്കൊന്നും 'സഹ്യന്റെ മകന്‍' എഴുതിയതാരെന്ന് അറിയില്ല' എന്നൊരു സങ്കടം പുരോഗമന കലാസാഹിത്യസംഘം പ്രസിഡന്റ് വൈശാഖന്‍ ഈയിടെ ഉന്നയിക്കുകയുണ്ടായി. ഈ താരതമ്യത്തെക്കുറിച്ച് എന്തുതോന്നുന്നു ?

ചങ്ങമ്പുഴയുടെയും വൈലോപ്പിള്ളിയുടെയുമൊക്കെ കവിതകള്‍ ജനപ്രിയമായിരുന്നില്ലെന്ന് എങ്ങനെ പറയാനാവും? വി. മധുസൂദനന്‍നായരും മുരുകന്‍ കാട്ടാക്കടയുമൊക്കെ കേരളത്തിലെ പ്രിയകവികളായി സ്വീകരിക്കപ്പെടുന്നത് ആലാപനത്തിലൂടെ അവരുടെ കവിതകള്‍ ജനകീയമായതിനാലാണ്. 'സഹ്യന്റെ മകന്‍' ഇന്നത്തെ കുട്ടികള്‍ക്ക് പരിചിതമല്ലാത്തത് ആ കവിത പുസ്തകത്തില്‍നിന്ന് വായിക്കണമെന്ന് പറയുന്നതുകൊണ്ടാണ്. കവിതകള്‍ കേട്ട് ആസ്വദിക്കാനുള്ള സാങ്കേതികവിദ്യ ഇന്ന് പഴയതിനെക്കാള്‍ എളുപ്പത്തില്‍ എല്ലാവര്‍ക്കും ലഭ്യമാണ്. അതുപയോഗിക്കുകയാണ് വേണ്ടത്. 

എഴുത്തുകാരന്‍ പ്രൊഫഷണലാവണം, വിപണിയുടെ രീതികള്‍ പഠിക്കണം എന്നൊക്കെ പറയുമ്പോള്‍ കേരളത്തില്‍ വലിയ വിമര്‍ശനമുയരാന്‍ സാധ്യതയുണ്ട് ?

സാങ്കേതികവിദ്യയും വിപണിയുടെ ആവശ്യവും അനുസരിച്ച് എഴുതുന്നവര്‍മാത്രമേ നിലനില്‍ക്കൂ. അല്ലാത്തവര്‍ പുറത്താവും. എഴുത്തുകാരനെന്നനിലയില്‍ നമുക്ക് ഇഷ്ടമുള്ളതെഴുതാം. എന്നാല്‍, വായനക്കാര്‍ക്ക് സ്വീകാര്യമായ വിധത്തിലായാലേ വിജയിക്കൂ.  ഇതിഹാസങ്ങളെ ആധാരമാക്കി എഴുതുന്നതിനെക്കാള്‍ സ്വീകരിക്കപ്പെടുക സമകാലിക ഇതിവൃത്തങ്ങളാണെന്ന് പലരും ഉപദേശിച്ചിരുന്നെങ്കിലും എനിക്ക് നന്നായി ചെയ്യാന്‍ കഴിയുമെന്നുറപ്പുള്ള കഥ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

15 വര്‍ഷമെടുത്ത് എഴുതുന്നുവെന്നതുകൊണ്ട് നോവല്‍ മഹത്വമുള്ളതാവുന്നില്ല. നല്ല പുസ്തകമാണെങ്കില്‍മാത്രമേ വായനക്കാര്‍ സ്വീകരിക്കുകയുള്ളൂ.  എന്‍ജിനീയറിങ്ങിന്റെയും എം.ബി.എ.യുടെയും സാധ്യതകളെല്ലാം എഴുത്തിന്റെ ആസൂത്രണത്തിനും വില്പനയ്ക്കും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതിനൊക്കെ പ്രൊഫഷണലായേ പറ്റൂ. എഴുത്തുകാരന്‍ താടിനീട്ടി ബീഡിവലിച്ച് പട്ടിണികിടന്ന് ചാവണം എന്ന നിലപാട് കാപട്യമാണ്.?