കരയാത്ത ഗൗരി, തളരാത്ത ഗൗരി/ കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളി.../ 
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം, പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു...

കെ.ആര്‍.ഗൗരിയെ അഭിവാദ്യം ചെയ്തുകൊണ്ട് ബാലചന്ദ്രന്‍ ചുള്ളിക്കാടെഴുതിയ കവിതയിലെ ഈ ആദ്യവരികള്‍ കെ.ആര്‍.ഗൗരിയമ്മക്ക് മലയാളി നല്‍കിയ നിര്‍വചനമാണ്. നെറിവറ്റ ലോകവും കനിവറ്റ കാലവും ചേര്‍ന്ന് പലപ്പോഴും കരയിപ്പിച്ചു കേരളത്തിന്റെ ഈ മഹാബിംബത്തെ.കെ.ആര്‍.ഗൗരി എന്ന കമ്മ്യൂണിസ്റ്റില്‍ നിന്ന് മുഴുവന്‍ മലയാളിയുടെയും ഗൗരിയമ്മയിലേക്കുള്ള നൂറ്റാണ്ട് പിന്നിട്ട ജിവിതത്തെ ചിതറിയ വാക്കുകളില്‍ ഓര്‍ത്തെടുക്കുകയാണ് മാതൃഭൂമി ഓണപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍. അഭിമുഖത്തില്‍ നിന്ന് ഒരു ഭാഗം വായിക്കാം 

ടി.വി. തോമസിനെ എങ്ങനെ ഇഷ്ടപ്പെട്ടു  ?

താന്‍ എങ്ങനാ തന്റെ ഭാര്യയെ ഇഷ്ടപ്പെട്ടത് ? ( ചോദ്യത്തോടൊപ്പം ഒരു തുറിച്ചു നോട്ടവും). ടി.വി. എന്റെ പിന്നാലെ നടന്ന് വീഴ്ത്തുകയായിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില് തടവില്‍ ഞങ്ങള്‍ ഇരുവരും കഴിഞ്ഞിരുന്ന കാലത്താണ് പ്രണയം മുറുകുന്നത്. Mathrubhumi-Weeklyഅന്ന് ജയിലിന്റെ മതിലിന് മുകളിലൂടെ കല്ലില്‍ ചുരിട്ടിയാണ് പ്രേമലേഖനങ്ങള്‍ കൈമാറിയിരുന്നത്. പിന്നീട് ചിലകാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ അവസാനം ഞാന്‍ കല്യാണം വേണ്ടെന്ന് പറഞ്ഞതാ. അന്ന് പാര്‍ട്ടി ഇടപെട്ട് നിര്‍ബന്ധിച്ചാണ് കല്യാണം നടത്തിയത്. ഒത്തിരി വേദനയും ഇത്തിരി സന്തോഷവും തന്ന ബന്ധമായിരുന്നു അത്. 

എങ്ങനെയാണ് ദാമ്പത്യം തകര്‍ന്നത്? 

അതില്‍ ടി.വി.യുടെ സുഹൃത്തുക്കള്‍ക്ക് പങ്കുണ്ട്. ആലപ്പുഴയില്‍ നിന്ന് സി.പി.എം. മന്ത്രിമാരാകാനായിട്ടാണ് ഞാനും ടി.വി.യും ഒരേ വണ്ടിയില്‍ തിരുവനന്തപുരത്തേക്ക് പോകുന്നത്. അവിടെ ചെന്നപ്പോള്‍ എം.എന്‍. ടി.വി.യെ വിളിച്ചുകൊണ്ടുപോയി. തിരികെ വന്നപ്പോള്‍ അയാള്‍ മറുപക്ഷം ചാടി. ഒരിക്കല്‍ എം.എല്‍.എ ക്വാര്‍ട്ടേഴ്‌സില്‍ ആലപ്പുഴയിലെ ഒരു സ്ത്രീയുമായി ടി.വി. വന്നു. ഇതേച്ചൊല്ലിയുള്ള വഴക്കില്‍ നിന്നായിരുന്നു അകല്‍ച്ചയുടെ തുടക്കം. 

പിരിയേണ്ടിയിരുന്നില്ലെന്ന് പിന്നീട് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ? 

ഇപ്പോള്‍ അങ്ങനെ തോന്നുന്നു. ഞാന്‍ അല്പം വിധേയയാകേണ്ടതായിരുന്നുവോ എന്നൊരു തോന്നല്‍. 


മാതൃഭൂമി ഓണപ്പതിപ്പ് ഓണ്‍ലൈനില്‍ വാങ്ങാം