• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Books
More
Hero Hero
  • Buy Books
  • Book Reviews
  • News
  • Features
  • Excerpts
  • Interview
  • Memories
  • Fiction
  • Podcast
  • Kid's World
  • Bookman Show
  • Azhchapathippu
  • MBIFL

''ഇപ്പോഴത്തെ ദലൈലാമയ്ക്കുശേഷം ടിബറ്റ് കലാപഭൂമിയാവും''

Feb 1, 2021, 11:12 AM IST
A A A

ഇപ്പോഴത്തെ ദലൈലാമ സ്വന്തം ജനങ്ങള്‍ക്കിടയില്‍ അഹിംസ പ്രചരിപ്പിക്കുന്നതില്‍ വലിയ വിജയമായിരുന്നു. എന്നാല്‍, അദ്ദേഹത്തിനുശേഷം പ്രതിഷേധങ്ങള്‍ സമാധാനപരമാവും എന്നെനിക്ക് പ്രതീക്ഷയില്ല. ഓര്‍ക്കുക, ആഹുതികളുടെ ആ തരംഗത്തില്‍ നശിക്കുക തീര്‍ച്ചയായും പാവം ടിബറ്റന്‍ വംശജരായിരിക്കും.

Barbara Demick
X

Barbara Demick

ചൈനയുടെ ചാരക്കണ്ണുകളില്‍പെടാതെ ടിബറ്റിലൂടെ അതിസാഹസികമായി സഞ്ചരിക്കുകയും വര്‍ത്തമാന ടിബറ്റന്‍ ജീവിതത്തെക്കുറിച്ച് ഏറെ വായിക്കപ്പെട്ട പുസ്തകമെഴുതുകയുംചെയ്ത അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക ബാര്‍ബറ ഡെമിക് സംസാരിക്കുന്നു. മാതൃഭൂമി പ്രതിനിധി ശ്രീകാന്ത് കോട്ടയ്ക്കലിന് അനുവദിച്ച അഭിമുഖത്തില്‍നിന്ന്

രാജ്യങ്ങളുടെ അധിനിവേശങ്ങളെക്കുറിച്ച് ഘോരഘോരം എഴുതുകയും വാചാലരാവുകയും ചെയ്യുന്ന ബുദ്ധിജീവികളാരുംതന്നെ ചൈന ടിബറ്റിനുമേല്‍ നടത്തിവരുന്ന അതിക്രമങ്ങളെക്കുറിച്ചും മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചും പൊതുവേ മിണ്ടാറില്ല. 1966-ല്‍ മാവോ സേതുങ്ങിന്റെ സാംസ്‌കാരികവിപ്ലവത്തെത്തുടര്‍ന്നാണ് ചൈന, ഏറെ സവിശേഷതകളുള്ള ടിബറ്റിനുമേല്‍ അധികാരത്തിന്റെയും അധിനിവേശത്തിന്റെയും ഉരുക്കുകരങ്ങള്‍ പ്രയോഗിക്കാന്‍ തുടങ്ങിയത്. പ്രതിഷേധിച്ചും പ്രതിരോധിച്ചും എത്രയോ ടിബറ്റുകാര്‍ മരിച്ചു; പലരും ആയുഷ്‌കാലം മുഴുവന്‍ ജയിലിലടയ്ക്കപ്പെട്ടു; കുടുംബങ്ങള്‍ ഛിദ്രമായി; ദാരിദ്ര്യം വര്‍ധിച്ചു. ടിബറ്റിന്റെ ആത്മീയാചാര്യന്‍ ദലൈലാമയ്ക്ക് ലാസയിലെ തന്റെ പ്രസിദ്ധമായ പൊട്ടാല പാലസ് ഉപേക്ഷിച്ച് രാത്രി ഒളിച്ചോടി ഇന്ത്യയില്‍ അഭയം തേടേണ്ടിവന്നു.

അദ്ദേഹം ഇപ്പോഴും ഇന്ത്യയില്‍ ധര്‍മശാലയില്‍ തുടരുന്നു. പൗരാണികമായ ടിബറ്റന്‍ സംസ്‌കാരത്തെയും വിശിഷ്ടമായ ഭാഷയെയും പവിത്രമായ ബുദ്ധവിഹാരങ്ങളെയും ചൈന തകര്‍ത്തു. സ്വന്തം രാജ്യത്ത് അന്യരായി ജീവിക്കേണ്ട പരിതാപകരമായ അവസ്ഥയിലേക്ക് ടിബറ്റന്‍ ജനതയെ ചൈന എത്തിച്ചു. ലോകം കണ്ടുനില്‍ക്കെ അതിപ്പോഴും തുടരുന്നു. സ്വന്തമായി പാസ്‌പോര്‍ട്ട്‌ലഭിക്കാനുള്ള അവകാശംപോലും ടിബറ്റന്‍ ജനതയ്ക്കില്ല!

മാധ്യമപ്രവര്‍ത്തകര്‍ക്ക് സഞ്ചരിക്കാന്‍ ഏറെ വിഷമമുള്ള ടിബറ്റിലൂടെ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയായ ബാര്‍ബറ ഡെമിക് അടുത്തിടെ സാഹസികമായ ഒരുയാത്ര നടത്തുകയുണ്ടായി. ടിബറ്റിലെ എന്‍ഗബ എന്ന നഗരത്തിലാണ് ബാര്‍ബറ ഏറെ സമയവും ചെലവഴിച്ചത്. അവിടത്തെ പുരാതനമായ കിര്‍തി ബുദ്ധവിഹാരത്തിലാണ് ഏറ്റവുമധികം ബുദ്ധഭിക്ഷുക്കള്‍ ചൈനയുടെ അധിനിവേശത്തില്‍ പ്രതിഷേധിച്ച് സ്വയം തീകൊളുത്തി ആഹുതി ചെയ്തത്.

എന്‍ഗബ നഗരത്തിലെ ജനങ്ങളുടെ ജീവിതത്തിലൂടെയും അനുഭവങ്ങളിലൂടെയും കടന്നുപോയി ബാര്‍ബറ എഴുതിയ 'EAT THE BUDHA: The story of Modern Tibet Through The People Of One Town' എന്ന ഗ്രന്ഥം ഇപ്പോള്‍ ഏറെ വായിക്കപ്പെടുന്നു. പുസ്തകത്തിന്റെയും തന്റെ ടിബറ്റന്‍ യാത്രയുടെയും പശ്ചാത്തലത്തില്‍ ബാര്‍ബറാ ഡെമിക്കുമായി നടത്തിയ ഇ-മെയില്‍ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളാണിത്

ഏഴുവര്‍ഷം ചൈനയില്‍ പത്രപ്രവര്‍ത്തകയായിരുന്നു താങ്കള്‍. എപ്പോഴാണ് ടിബറ്റ് ഒരു താത്പര്യവിഷയമായി തോന്നിത്തുടങ്ങിയത്

2007-ല്‍ ചൈനയിലേക്ക് പത്രപ്രവര്‍ത്തകയായിപ്പോവുന്ന സമയംമുതല്‍ ടിബറ്റ് എന്റെ താത്പര്യവിഷയമായിരുന്നു എന്നുപറയാം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ദലൈലാമയും തമ്മിലുള്ള സംഘര്‍ഷങ്ങളെക്കുറിച്ച് ധാരാളം വായിച്ചിരുന്നെങ്കിലും 21-ാം നൂറ്റാണ്ടിലെ ടിബറ്റിലെ സാധാരണ ജീവിതത്തെക്കുറിച്ച് എനിക്ക് ഒന്നുംതന്നെ അറിയില്ലായിരുന്നു. ഈ അജ്ഞതയ്ക്ക് പ്രധാനമായും രണ്ട് കാരണങ്ങളുണ്ടായിരുന്നു:

പത്രപ്രവര്‍ത്തകര്‍ക്ക് ടിബറ്റിലേക്ക് സ്വതന്ത്രമായി എത്തിച്ചേരാന്‍ പറ്റാത്ത അവസ്ഥയാണ് ആദ്യത്തേത്. ടിബറ്റന്‍ ജനതയ്ക്ക് അവരുടെ ജീവിതത്തെക്കുറിച്ച് സ്വതന്ത്രമായും സത്യസന്ധമായും എഴുതുക അസാധ്യമാണ് എന്നതാണ് രണ്ടാമത്തേത്. നല്ല റിപ്പോര്‍ട്ടിങ്ങിന്റെ ക്ഷാമവുമുണ്ടായിരുന്നു. മാത്രവുമല്ല, ഏകദേശം ഒരേതരത്തില്‍ ചിത്രീകരിക്കപ്പെട്ട ജനതയായിരുന്നു ടിബറ്റുകാര്‍-നാടോടികളായും പരുക്കരായ തപസ്വികളായുമൊക്കെ. ആധുനികകാലത്തെ ടിബറ്റന്‍ ജനതയെക്കുറിച്ചും വര്‍ത്തമാനകാല ചൈനയിലെ അവരുടെ അവസ്ഥയെക്കുറിച്ചും എനിക്കറിയണമായിരുന്നു.

ചൈനയിലെ സാധാരണ മനുഷ്യര്‍ ടിബറ്റന്‍ പ്രശ്‌നങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നത്. രാഷ്ട്രീയമൊന്നുമില്ലാത്ത സാധാരണക്കാരുടെ കാര്യമാണ് ഉദ്ദേശിച്ചത്

മിക്ക ഹാന്‍ ചൈനീസ് വംശജരും സര്‍ക്കാരിന്റെ പ്രചാരണങ്ങളെ അപ്പാടേ വിഴുങ്ങുന്നവരാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ടിബറ്റന്‍ ജനതയെ പട്ടിണിയില്‍നിന്നും അടിമത്തത്തില്‍നിന്നും രക്ഷിച്ചു എന്നവര്‍ വിശ്വസിച്ചു. ഇതുകാരണം ടിബറ്റന്‍ ജനത ചൈനയോട് നന്ദിയുള്ളവരാണ് എന്നും അവര്‍ വിശ്വസിക്കുന്നു. അവര്‍ക്ക് ചരിത്രം വളരെക്കുറച്ച് മാത്രമേ അറിയൂ.

ചൈനയുടെ ചാരക്കണ്ണുകള്‍ നിരന്തരം റോന്തുചുറ്റുന്ന ടിബറ്റിലൂടെയുള്ള യാത്രയ്ക്ക് താങ്കളുടെ തയ്യാറെടുപ്പുകള്‍ എന്തൊക്കെയായിരുന്നു

കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കി ഏറെ ഔചിത്യത്തോടെയാണ് ഞാന്‍ ടിബറ്റില്‍ യാത്രചെയ്തത്. വലിയ ക്യാമറ കൈയില്‍ കരുതിയിരുന്നില്ല. ക്യാമറാസംഘവും എനിക്കൊപ്പമുണ്ടായിരുന്നില്ല. വേഷം മാറിയിരുന്നില്ല. മിക്ക ടിബറ്റന്‍ സ്ത്രീകളും ധരിക്കുന്നത് മാതിരിയുള്ള വലിയ തൊപ്പി ഞാന്‍ ധരിച്ചിരുന്നു. മഴക്കോട്ടും സാധാരണ ഷൂസും പതിവാക്കി. സ്വകാര്യ കാറുകളിലോ ടാക്‌സിയിലോ പിന്‍സീറ്റിലിരുന്നായിരുന്നു യാത്രകള്‍.

പകല്‍സമയങ്ങളില്‍ വെറുതേ കറങ്ങിനടന്നിരുന്നില്ല. ഉദ്യോഗസ്ഥരുമായോ സര്‍ക്കാര്‍ അധികൃതരുമായോ ഒരിക്കലും അഭിമുഖം നടത്തിയിരുന്നില്ല. കാരണം, ഞാന്‍ ടിബറ്റിലുണ്ട് എന്ന കാര്യം ആരെയെങ്കിലും അറിയിക്കാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു.

യാത്രയുടെ ഏതെങ്കിലും ഘട്ടത്തില്‍ ചൈന താങ്കളുടെ ചലനങ്ങളെ നിരീക്ഷിക്കുന്നതായി തോന്നിയിരുന്നോ? എങ്ങനെയാണതിനെ മറികടന്നത്

ടിബറ്റില്‍ അവ്യക്തമായ ഒരു സാന്നിധ്യമായി തുടരാന്‍ ശ്രദ്ധിച്ചിരുന്നതുകൊണ്ട് അത്തരമൊരു പിന്തുടരല്‍ എനിക്ക് അനുഭവപ്പെട്ടിരുന്നില്ല. പ്രത്യേക പെര്‍മിറ്റ് ആവശ്യമില്ലാത്ത ടിബറ്റന്‍ ഭൂപ്രദേശങ്ങളിലൂടെയായിരുന്നു എന്റെ സഞ്ചാരങ്ങള്‍ ഏറെയും. ചൈനീസ് വിസ ഉള്ളതുകാരണം ഞാന്‍ പൂര്‍ണമായും ചൈനീസ് നിയമത്തിന് അധീനയായിരുന്നു. അഥവാ പിടിക്കപ്പെട്ടാല്‍ത്തന്നെ അവര്‍ എന്നെ ബെയ്ജിങ്ങിലേക്ക് തിരിച്ചയക്കുകയായിരുന്നു ചെയ്യുക.

Nothing to envy: Real Lives In North Korea' എന്ന പേരില്‍ വടക്കന്‍ കൊറിയയിലെ ജീവിതത്തെപ്പറ്റി താങ്കളുടെ പുസ്തകമുണ്ട്. വര്‍ത്തമാനകാല ടിബറ്റന്‍ ജീവിതവും വടക്കന്‍ കൊറിയയിലെ ജീവിതവും തമ്മില്‍ സാമ്യങ്ങളുണ്ടോ

ഭയത്തിന്റെ ആധിക്യമാണ് രണ്ടിടത്തും ഞാന്‍ കണ്ട സമാനവികാരം. നിരന്തരമായി തങ്ങള്‍ നിരീക്ഷിക്കപ്പെടുന്നു എന്ന ഭയം കലര്‍ന്ന ബോധം. രണ്ട് രാജ്യങ്ങളിലെയും ജനങ്ങളെ ഒരേപോലെ വേട്ടയാടുന്നുണ്ട്. ഒന്നുകില്‍ ക്ലോസ് സര്‍ക്യൂട്ട് ക്യാമറ വഴി, അല്ലെങ്കില്‍ സ്വന്തം ഫോണിലെ ആപ്പുകള്‍ വഴി. സര്‍ക്കാരിലോ അക്കാദമിക മേഖലയിലോ ജോലിചെയ്യുന്ന ടിബറ്റന്‍ പൗരന്മാരില്‍ ഈ ഭയം കൂടുതലായിക്കാണാം. ടിബറ്റുകാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ഞാന്‍ സംസാരിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം അവര്‍ ഭയചകിതരായത് ഓര്‍ക്കുന്നു. കൃഷിക്കാരും നാടോടികളും സാധാരണ ജനങ്ങളുമാണ് ടിബറ്റില്‍ ഏറ്റവും സൗഹൃദപരതയുള്ളവര്‍. രഹസ്യാത്മക ഭരണകൂടങ്ങള്‍ ഉള്ളയിടങ്ങള്‍ എന്ന നിലയിലും പുറംലോകങ്ങള്‍ക്ക് പ്രവേശിക്കാന്‍ ബുദ്ധിമുട്ടുള്ളയിടങ്ങള്‍ എന്ന നിലയിലും ഈ രണ്ട് രാജ്യങ്ങളും ഒരേപോലെയാണ്. ഈ രഹസ്യാത്മകതയും അവ മറികടക്കുന്നതിലെ വെല്ലുവിളിയുമാണ് എന്നെ അങ്ങോട്ടേക്ക് ആകര്‍ഷിച്ചത്. വായനക്കാരില്‍ സഹാനുഭൂതിയുളവാക്കുന്ന സാധാരണക്കാരുടെ കണ്ണിലൂടെ കഥപറയുക എന്ന രീതിയാണ് രണ്ടിടത്തും ഞാന്‍ പിന്‍തുടര്‍ന്നത്. അങ്ങനെയാവുമ്പോള്‍ അതില്‍ കലര്‍പ്പുകളുണ്ടാവില്ല.

ടിബറ്റിലെ പുതിയ തലമുറ ചൈനയെ എങ്ങനെയാണ് കാണുന്നത്. സ്വന്തം രാജ്യത്ത് ചൈന നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ അവരെ ആകര്‍ഷിക്കുന്നുണ്ടോ

ടിബറ്റില്‍ ചൈന നടത്തുന്ന വികസനപ്രവര്‍ത്തനങ്ങളെല്ലാം ഹാന്‍ ചൈന വിഭാഗത്തിലുള്ളവരുടെ സുഖത്തിനുള്ളതാണ്. വിമാനത്താവളങ്ങളിലൂടെ പുറംലോകത്തേക്ക് പറക്കുന്നവരില്‍ മുഖ്യവും ചൈനക്കാരാണ്; പുതിയ പുതിയ അപ്പാര്‍ട്ട്മെന്റുകളില്‍ താമസിക്കുന്നവരും അവര്‍തന്നെ. ചൈനയുടെ ഭരണത്തിനുകീഴില്‍ ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നടന്നിട്ടുണ്ട് എന്ന് വിശ്വസിക്കുന്ന ടിബറ്റന്‍ വംശജര്‍പോലും ഹാന്‍ ചൈനക്കാരെപ്പോലെ അവയൊന്നും എത്തിപ്പിടിക്കാനുള്ള സാമ്പത്തികാവസ്ഥയിലുള്ളവരല്ല. ടിബറ്റന്‍ പൗരന്മാര്‍ക്ക് പാസ്‌പോര്‍ട്ട് കിട്ടുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്റെ പുസ്തകത്തിന്റെ അവസാന അധ്യായത്തില്‍ ഒരു ടിബറ്റന്‍ പൗരന്‍ ഇതേക്കുറിച്ച് പറയുന്നുണ്ട്.

ടിബറ്റന്‍ പൗരനും വിജയിയായ വ്യാപാരിയും ഒട്ടേറെ വീടുകളും കാറുകളുമുള്ളയാളുമായ അയാള്‍ എന്നോട് പറഞ്ഞു: ''ഈ ജീവിതത്തില്‍ സ്വാതന്ത്ര്യമൊഴിച്ച് എല്ലാം എനിക്കുണ്ട്.''

ചൈന ടിബറ്റിലെ പഴകിയ ഫ്യൂഡല്‍ വ്യവസ്ഥിതിയും പൗരോഹിത്യവും മാറ്റി രാജ്യത്തെയും സമൂഹത്തെയും പരിഷ്‌കരിച്ചു എന്ന് വിശ്വസിക്കുന്ന ഇടതുബുദ്ധിജീവികളുണ്ട്. താങ്കളുടെ നേരനുഭവത്തില്‍ അത് ശരിയാണോ

ടിബറ്റിലെ ഫ്യൂഡല്‍ വ്യവസ്ഥിതിയിലെ നവീകരണങ്ങളെ പിന്തുണയ്ക്കുന്ന എത്രയോ ടിബറ്റന്‍ ബുദ്ധിജീവികള്‍തന്നെയുണ്ട്. ഇപ്പോഴത്തെ ദലൈലാമ എന്നോട് പറഞ്ഞിട്ടുണ്ട് (ഇതദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ള കാര്യമാണ്) താനൊരു സോഷ്യലിസ്റ്റാണ് എന്ന്. ടിബറ്റന്‍ ബുദ്ധമതക്കാരുടെയും സോഷ്യലിസ്റ്റുകളുടെയും ചിന്തകള്‍ക്കിടയില്‍ സമത്വത്തെക്കുറിച്ചുള്ള വീക്ഷണത്തിന്റെ കാര്യത്തില്‍ ഒരു പരസ്പര കവിഞ്ഞുകിടക്കലുണ്ട്. ഇതിനര്‍ഥം തങ്ങളുടെ വിശ്വാസങ്ങളെയെല്ലാം തച്ചുടയ്ക്കുന്ന അപ്രായോഗികമായ ഒരു കമ്യൂണിസ്റ്റ് ഭരണത്തെ അവര്‍ പിന്തുണയ്ക്കുന്നു എന്നല്ല.

സാധാരണ ചൈനക്കാരന്‍ എന്താണ് ദലൈലാമയെക്കുറിച്ച് പറയുന്നത്

ചൈനയുടെ പ്രചാരണങ്ങള്‍ ദലൈലാമയുടെ പ്രസക്തിയുടെയും പ്രാധാന്യത്തിന്റെയുംമേല്‍ കരിതേച്ചു എന്ന് വിശ്വസിക്കുന്ന ഒട്ടേറെ ചൈനക്കാരുണ്ട്. അതേസമയം, എത്രയോ ചൈനക്കാര്‍ ദലൈലാമയെ ആദരിക്കുകയും ടിബറ്റന്‍ ബുദ്ധമതത്തെ പിന്തുടരുകയും ചെയ്യുന്നു. ധര്‍മശാലയില്‍ പോയപ്പോഴെല്ലാം ദലൈലാമയെ കാണാനും കേള്‍ക്കാനും വരുന്ന ഒട്ടേറെ ചൈനക്കാരെ അദ്ഭുതത്തോടെ ഞാന്‍ നോക്കിനിന്നിട്ടുണ്ട്.

ടിബറ്റിന്റെ ഭാവി എന്തായിരിക്കും എന്നാണ് താങ്കള്‍ കരുതുന്നത്

ടിബറ്റിനെ തങ്ങളുടെ സ്വത്വത്തിലേക്ക് ലയിപ്പിക്കാം എന്ന് ചൈന കരുതുന്നുണ്ടാവാം. എന്നാല്‍, അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. കാരണം, ടിബറ്റിന്റെ സംസ്‌കാരവും ചരിത്രവും അത്രമേല്‍ ശക്തമാണ്. ഉദാഹരണത്തിന് ടിബറ്റന്‍ ഭാഷ. അത് വെറുമൊരു ന്യൂനപക്ഷഭാഷയല്ല; വിശാലമായ സാഹിത്യമാണ്. വെറും ബുദ്ധമതപ്രമാണങ്ങള്‍മാത്രമല്ല അത് ഉള്‍ക്കൊള്ളുന്നത്. മറിച്ച് ശാസ്ത്രം, ജ്യോതിശാസ്ത്രം, വൈദ്യം, കവിത, ചരിത്രം എന്നിവയെല്ലാം ഈ ഭാഷയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.

ടിബറ്റുകാരുടെ ഇന്ത്യയോടുള്ള സ്‌നേഹം ഏതുതരത്തിലാണ് താങ്കള്‍ക്ക് അനുഭവപ്പെട്ടത്

ബുദ്ധമതത്തിന്റെ വേരുകള്‍ ഇന്ത്യയിലായതിനാല്‍ ടിബറ്റന്‍ ജനത ഇന്ത്യയെ ഏറെ സ്‌നേഹിക്കുന്നു; ബഹുമാനിക്കുന്നു. ഈ രാജ്യത്തിലേക്ക്, പ്രത്യേകിച്ച് ദലൈലാമയുടെ സന്നിധിയിലേക്ക് തീര്‍ഥയാത്ര നടത്താന്‍ അവര്‍ അതിയായി ആഗ്രഹിക്കുന്നു, അതിനായി പ്രാര്‍ഥിക്കുന്നു. പക്ഷേ, പാസ്‌പോര്‍ട്ട് ലഭിക്കാത്തതിനാല്‍ മിക്കവര്‍ക്കും അതിന് സാധിക്കുന്നില്ല.

ഇപ്പോഴത്തെ ദലൈലാമയ്ക്കുശേഷം എന്തായിരിക്കും ടിബറ്റിന്റെ അവസ്ഥ

തീര്‍ച്ചയായും 15-ാം ദലൈലാമയായി സ്വന്തം ആളെ നിര്‍ത്താന്‍ ചൈന ശ്രമിക്കും. ടിബറ്റന്‍ ജനതയോ ഇന്ത്യയിലെ ടിബറ്റന്‍ സര്‍ക്കാരോ അത് അംഗീകരിക്കില്ല. ഇത് പ്രതിഷേധങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാരണമായേക്കാം. ഇപ്പോഴത്തെ ദലൈലാമ സ്വന്തം ജനങ്ങള്‍ക്കിടയില്‍ അഹിംസ പ്രചരിപ്പിക്കുന്നതില്‍ വലിയ വിജയമായിരുന്നു. എന്നാല്‍, അദ്ദേഹത്തിനുശേഷം പ്രതിഷേധങ്ങള്‍ സമാധാനപരമാവും എന്നെനിക്ക് പ്രതീക്ഷയില്ല. ഓര്‍ക്കുക, ആഹുതികളുടെ ആ തരംഗത്തില്‍ നശിക്കുക തീര്‍ച്ചയായും പാവം ടിബറ്റന്‍ വംശജരായിരിക്കും.

Content Highlights: American journalist Barbara Demick Malayalam Interview

PRINT
EMAIL
COMMENT
Next Story

മരണത്തെ സ്വീകരിക്കാന്‍ പരിശ്രമിക്കുകയാണ് ഞാന്‍

ഇന്ത്യകണ്ട മൂര്‍ച്ചേറിയ അന്വേഷണാത്മക പത്രപ്രവര്‍ത്തകരില്‍ ഒരാളാണ് അരുണ്‍ .. 

Read More
 

Related Articles

ഇന്ത്യയുടെ ഏറ്റവുംവലിയ വാണിജ്യ പങ്കാളിയായി വീണ്ടും ചൈന
Money |
News |
ഗാല്‍വാന്‍ സംഘര്‍ഷത്തിന്റെ വീഡിയോ പുറത്തുവിട്ട് ചൈന
Crime Beat |
ഉപ്പു ലായനിയും വെള്ളവും; ചൈനയില്‍ കോടികളുടെ കോവിഡ് വാക്‌സിൻ തട്ടിപ്പ്
World |
ബി.ബി.സി. വേൾഡ് ന്യൂസിന് ചൈനയിൽ വിലക്ക്
 
  • Tags :
    • Barbara Demick
    • tibat
    • China
More from this section
arun shourie
മരണത്തെ സ്വീകരിക്കാന്‍ പരിശ്രമിക്കുകയാണ് ഞാന്‍
ചന്ദ്രശേഖര കമ്പാര്‍
എന്റെ നിലപാടുകള്‍ എന്നും പ്രശ്നാധിഷ്ഠിതമായിരുന്നു-ചന്ദ്രശേഖര കമ്പാര്‍
Kuttiadi Venu
'കഥകളിനടന് മെയ് വഴങ്ങണം, ജാലവിദ്യക്കാരന് കൈ വഴങ്ങണം'
kambar
എന്റെ ഗ്രാമത്തിലേക്ക് വരൂ, കവിതയില്‍ സംസാരിക്കുന്നത് കേള്‍പ്പിച്ചുതരാം
Santhosh Echikkanam
മോര്‍ച്ചറിയെക്കാള്‍ മഹത്തായ ഒരു പുസ്തകം ലോകത്തിലാരും ഇതുവരെ എഴുതിയിട്ടില്ല
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.