ശ്രീപാര്‍വ്വതിയെന്നാല്‍ പ്രണയമാണ്. എഴുതുന്നതും ചിന്തിക്കുന്നതും പറയുന്നതുമെല്ലാം പ്രണയത്തെക്കുറിച്ചാണ്. ശ്രീപാര്‍വ്വതിയുടെ അടുത്തു പുറത്തിറങ്ങുന്ന നോവലാണ് 'മീനുകള്‍ ചുംബിക്കുന്നു'. പെണ്‍പ്രണയങ്ങളുടെ കടലാഴങ്ങളിലേക്കൊരുയാത്ര എന്നാണ് പുസ്തകത്തിന്റെ ടാഗ് ലൈന്‍. ടാഗ് ലൈന്‍ സൂചിപ്പിക്കുന്നതുപോലെ ലെസ്ബിയന്‍ പ്രണയം ആണ് നോവലിന്റെ പ്രമേയം.

പുറത്തിറങ്ങുന്നതിനുമുമ്പേ നോവല്‍ വിവാദമായിക്കഴിഞ്ഞു. വിവാദങ്ങളെക്കുറിച്ച്, നോവലിനെക്കുറിച്ച്, എഴുത്തിനെക്കുറിച്ച് ശ്രീപാര്‍വ്വതി പ്രതികരിക്കുന്നു.  

പുസ്തകത്തിന്റെ പ്രകാശനവേദി നിഷേധിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നുണ്ടല്ലോ?

സെന്റ് തേരെസാസ് കോളേജ് ആണ് പുസ്തക പ്രകാശനത്തിനുള്ള വേദിയായി നിശ്ചയിച്ചിരുന്നത്. എന്റെ സുഹൃത്ത് മുഖേനയാണ് വേദി ബുക്ക് ചെയ്തത്. അതുപ്രകാരം നമ്മള്‍ ബ്രോഷര്‍ വരെ അച്ചടിച്ചു. ചൊവ്വാഴ്ച പണമടച്ച രശീതി വാങ്ങിക്കാന്‍ സുഹൃത്ത് പോയപ്പോഴാണ്. പുസ്തകം കോളേജില്‍ വച്ച് റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും പുസ്തകത്തിന്റെ ഉള്ളടക്കവുമായി വിയോജിപ്പുണ്ടെന്നും കോളേജ് പ്രിന്‍സിപ്പല്‍ പറയുന്നത്.

ബ്രോഷറില്‍ പറയുന്നത് ലെസ്ബിയന്‍ പ്രണയമാണ്. അതൊന്നും കോളേജില്‍ അനുവദിനീയമല്ലെന്നായിരുന്നു പ്രിന്‍സിപ്പളിന്റെ നിലപാട്. വരുന്ന പതിനാലിനാണ് വേദി നിശ്ചയിച്ചിരുന്നത്. സ്വഭാവികമായും വേദി മാറ്റുമ്പോള്‍ ക്ഷണിച്ചവരെ അറിയിക്കണമല്ലോ. അങ്ങനെ ഞാന്‍ വാട്‌സാപ്പില്‍ സുഹൃത്തുക്കള്‍ക്ക് അയച്ച മെസേജിലൂടെയാണ് സംഭവം പുറത്തറിയുന്നത്. 

പെണ്‍പ്രണയം എന്നൊരു പശ്ചാത്തലം നോവലിന് പ്രമേയമാക്കാന്‍ എന്താണ് കാരണം. 

നമ്മള്‍ക്ക് അടുപ്പമുള്ളവര്‍, നമ്മുടെ പരിചയക്കാര്‍ ഇവരില്‍ ബൈസെക്ഷ്വല്‍ ആയിട്ടോ, ലെസ്ബിയന്‍ പ്രണയങ്ങള്‍ ഉള്ളവരൊ ഒക്കെ നമ്മുടെ കൂടെയുണ്ട്. അവരുടെ മാനസിക വികാരങ്ങളോടൊപ്പം ഒരു സുഹൃത്തെന്ന നിലയില്‍ എനിക്ക് അത്രയും ചേര്‍ന്നു നില്‍ക്കാനും കഴിഞ്ഞിട്ടുണ്ട്. അവരുടെ ഏകാന്തതകള്‍, അവരുടെ വികാരങ്ങള്‍, സങ്കടങ്ങള്‍ എല്ലാമായും ഒരുപാട് ചേര്‍ന്നു നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. പിന്നെ എന്തുകൊണ്ട് ഈ പ്രമേയം തിരഞ്ഞെടുത്തുകൂടാ എന്ന ചിന്തയാണ് മീനുകള്‍ ചുംബിക്കുന്നു എന്ന നോവലിന്റെ പിറവിയ്ക്ക് പിന്നില്‍.

പലര്‍ പറഞ്ഞ കഥകള്‍ വഴി, എനിക്ക് നേരിട്ടുള്ള അനുഭവങ്ങളും ഈ നോവലിന്റെ രചനയ്ക്ക് സഹായിച്ചിട്ടുണ്ട്. തുടങ്ങപ്പോള്‍ പെണ്‍ പ്രണയം എന്നൊരു പ്രമേയം മാത്രമെ എന്റെ മുന്നിലുണ്ടായിരുന്നുള്ളു പിന്നീട് പലയിടത്തുനിന്നായി പെണ്‍പ്രണയത്തെക്കുറിച്ചുള്ള  പല കഥകളും എന്റെ മുന്നിലേക്ക് എത്തി. എന്റെയും, എന്നോട് ചേര്‍ന്നിരിക്കുന്ന പലരുടെയും സ്വഭാവങ്ങളും ഈ നോവലിലെ കഥാപാത്രങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. 

ശ്രീപാര്‍വ്വതിയുടെ ആദ്യനോവലാണല്ലോ മീനുകള്‍ ചുംബിക്കുന്നു എന്നത്. നോവല്‍ എഴുതുമ്പോഴുള്ള അനുഭവങ്ങള്‍ എന്തൊക്കെയായിരുന്നു.

നോവല്‍ ആദ്യമായാണ് എഴുതുന്നത്. എന്റെ ഒരു സ്വഭാവം അനുസരിച്ച് എന്തെങ്കിലും എഴുതാന്‍ തുടങ്ങിയാല്‍ അത് അപ്പോഴെ തീര്‍ത്തിരിക്കണം. എന്തെങ്കിലും എഴുതാന്‍ തുടങ്ങുമ്പോള്‍ സ്റ്റാര്‍ട്ടിങ്ങ് ട്രബിള്‍ ഭയങ്കരമാണ്. അതൊരു നോവലാണെങ്കില്‍ പോലും. എഴുതാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ അത് തീരുന്നത് വരെ യാതൊരു സമാധാനവും ഉണ്ടായിരിക്കില്ല.  

നോവല്‍ ഒറ്റയിരിപ്പിന് തീര്‍ക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയായിരുന്നു. അതുകൊണ്ട് തന്നെ  എഴുതുന്നതുമായി ബന്ധപ്പെട്ട് മാനസിക  വിഷമങ്ങള്‍ ധാരാളം ഉണ്ടായിരുന്നു.  സുഹൃത്തുക്കളുടെയും കൂടെ നില്‍ക്കുന്നവരുടെയും പിന്തുണയുള്ളത് കൊണ്ട് മാത്രമാണ് നോവല്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്. 

അനുഭവങ്ങളാണ് പലരും അക്ഷരങ്ങളാക്കാറുള്ളത് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ശ്രീപാര്‍വ്വതിയ്ക്ക് പെണ്‍പ്രണയം ഉണ്ടായിട്ടുണ്ടോ? 
എനിക്ക് ഒരു പുരുഷനെ മാത്രമെ പ്രണയിക്കാനാകു. അത് നൂറുശതമാനം ഉറപ്പാണ് പക്ഷേ നമ്മളിലേക്ക് വരുന്ന ചില പ്രണയങ്ങളുണ്ട്. പല പെണ്‍കുട്ടികളും എന്റെ അടുത്ത് വന്നിട്ട് എന്നോട് പ്രണയമാണെന്ന് പറഞ്ഞിട്ടുണ്ട്.  ഇതില്‍ സെക്‌സിന് താല്‍പര്യമുണ്ട് എന്നു പറഞ്ഞുവന്ന ആള്‍ക്കാരുണ്ട്. അതല്ല നൂറുശതമാനം പ്രണയം മാത്രം മതിയെന്ന് പറഞ്ഞുവന്നവരുമുണ്ട്. സെക്‌സിന് താല്‍പര്യമുണ്ടെന്ന് പറഞ്ഞവരോട് അതിന് എനിക്ക് താല്‍പര്യമില്ലെന്ന് തുറന്ന് പറഞ്ഞിട്ടുമുണ്ട്.  

അതല്ല പ്രണയം എന്നു പറഞ്ഞവരെ ചേര്‍ത്തുപിടിച്ചിട്ടുണ്ട്. അത് വെറും സ്‌നേഹം മാത്രമാണല്ലോ അതിന് അപ്പുറത്തേക്കുള്ള ഓഫറിങ്ങ് അല്ലാത്ത പക്ഷം അവരെ തിരിച്ചു സ്‌നേഹിക്കുന്നതില്‍  എന്താണ് തെറ്റ്. അവരുടെ സങ്കടങ്ങളില്‍, അവര്‍ തളര്‍ന്നുവീഴുമ്പോഴൊക്കെ ഞാന്‍ കൂടെ നില്‍ക്കാറുണ്ട്. ഇതൊരു പ്രണയം എന്നു പറയാന്‍ പറ്റുമോയെന്നറിയില്ല. ഇങ്ങോട്ട് പ്രണയമാണ്, എനിക്ക് തിരിച്ചങ്ങോട്ടും സ്‌നേഹമുണ്ട്. എന്നെ സംബന്ധിച്ച് നൂറുശതമാനം പ്രണയം എന്നു പറയുമ്പോള്‍ അതൊരു പുരുഷനോട് മാത്രമെ തോന്നു..

 ലെസ്ബിയന്‍ പ്രണയം പ്രമേയമായി എഴുതപ്പെട്ട ഒരു നോവലിനെ സ്വീകരിക്കാന്‍ മാത്രം പക്വതയുണ്ടോ കേരളത്തിനും മലയാളിക്കും? 

കഴിയുന്നില്ല എന്നതിന്റെ നേര്‍ചിത്രമാണല്ലോ ഇപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍. സെന്റ് തെരേസാസ് കോളേജ് കേരളത്തില്‍ പുരോഗമനപരമായി ചിന്തിക്കുന്ന പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ പഠിച്ചിറങ്ങുന്ന ഇടമാണ്. മഹാരാജാസിനെക്കാളും പുരോഗമനപരമായി ചിന്തിക്കുന്ന ഇടമാണ് സെന്റ് തെരേസാസ് എന്നാണ് എന്റെ വിലയിരുത്തല്‍. ഇങ്ങനെയുള്ള കുട്ടികള്‍ക്ക് പോലും ഇത്തരം സ്വാതന്ത്ര്യം നിക്ഷേധിക്കപ്പെടുമ്പോള്‍ കേരളത്തില്‍ എവിടെയാണ് പെണ്‍പ്രണയങ്ങള്‍ക്ക് ഇടമുണ്ടാകുക എന്ന ചോദ്യം വളരെ പ്രസക്തമാണ്.

വിദ്യാഭ്യാസമുള്ള പുരോഗമനപരമായി ചിന്തിക്കുന്നുവെന്ന് നമ്മള്‍ കരുതുന്നവര്‍ക്ക് ഈ  പ്രമേയം ബുദ്ധിമുട്ടുണ്ടാക്കുമ്പോള്‍ സാധാരണക്കാരനായ വിദ്യാഭ്യാസമില്ലാത്ത ഒരാള്‍ക്ക് പെണ്‍പ്രണയം എന്ന പ്രമേയം എത്രമാത്രം ബുദ്ധിമുട്ടുണ്ടാക്കും എന്നതും പ്രസക്തമാണ്. 

പെണ്‍പ്രണയങ്ങളില്‍ എവിടെയാണ് പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും അതിര്‍ത്തിയെ നമ്മള്‍ നിര്‍വ്വചിക്കുന്നത്?

പ്രണയം പെണ്‍കുട്ടികള്‍ തമ്മിലാകുമ്പോള്‍ നമ്മള്‍ക്ക് ഭയങ്കര സുരക്ഷിതത്വബോധം വരും. ഇത്തരം ബന്ധങ്ങളില്‍ തീര്‍ച്ചയായും പരിമിതികള്‍ ധാരാളമുണ്ടാകാം. പക്ഷേ ഇതൊന്നുമല്ല പെണ്‍പ്രണയങ്ങളുടെ അന്ത:സത്ത. കാരണം ഒരു ആണും പെണ്ണും തമ്മില്‍ പ്രണയിക്കുമ്പോള്‍ അവിടെ യാതൊരു പരിമിധിയും ഇല്ല ശാരീരികമായിപ്പോലും. അവര്‍ക്ക് തങ്ങളുടെ പ്രണയം നൂറ് ശതമാനം വിജയിപ്പിക്കാനാകും. ഇവിടെയാകുമ്പോള്‍ ശാരീരിക ബന്ധങ്ങളുടെ അപ്പുറത്താണ് മാനസികഐക്യം.

പുറത്തുനിന്നു നോക്കുന്നവര്‍ക്ക് ലെസ്ബിയന്‍ പ്രണയങ്ങളെ  വ്യാഖ്യാനിക്കുന്നത് ശരീരം കൊണ്ടായിരിക്കും. പ്രിയപ്പെട്ടവരെ അണച്ചുപിടിക്കുക എന്നത് സ്ത്രീകളുടെ പൊതുവെയുള്ള സ്വഭാവമാണല്ലോ ആ പ്രത്യേകത പെണ്‍പ്രണയങ്ങളിലും തീര്‍ച്ചയായും ഉണ്ടാകും. ശരീരിക താല്‍പര്യങ്ങളെക്കാള്‍ ഒരുപാട് വിലപ്പെട്ടതാണ് ഇത്തരം ചേര്‍ത്തുപിടിക്കലുകള്‍. സ്ത്രീകളുടെ മനസിന്റെ ആഴം അത് തീര്‍ച്ചയായും പെണ്‍പ്രണയങ്ങളില്‍ കൂടുതല്‍ പ്രതിഫലിക്കും.

മീനുകള്‍ ചുംബിക്കുന്നു എന്ന പേരിലേക്ക് എത്തിയത് എങ്ങനെയാണ്?

ആദ്യം രണ്ട് എന്നായിരുന്നു നോവലിന് പേര് നല്‍കിയത്. പിന്നീട് ഈ പേരിനോട് എനിക്ക് തന്നെ ബുദ്ധിമുട്ട് തോന്നി. നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ എന്റെ സുഹൃത്ത് ജയറാം സ്വാമിയാണ്‌ ഈ പേര് നിര്‍ദ്ദേശിക്കുന്നത്. മീനുകള്‍ ചുംബിക്കുന്നു എന്ന വാക്കിന്റെ അര്‍ത്ഥം ലൈസ്ബിയന്‍  പ്രണയം എന്നു തന്നെയാണ്. 

പ്രമേയം പെണ്‍പ്രണയമാണെന്ന് അറിഞ്ഞപ്പോള്‍ സുഹൃത്തുക്കളുടെയും മറ്റും പ്രതികരണം എന്തായിരുന്നു.?

സെന്റ് തേരേസാസിലെ സംഭവം ഒഴിച്ചാല്‍ എല്ലാവരും നല്ല പിന്തുണ നല്‍കിയിരുന്നു. എനിക്ക് പുസ്തകത്തിന് നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാകുമോ എന്ന ഭയം ആദ്യ ഘട്ടത്തിലെ ഉണ്ടായിരുന്നു. അവതാരിക എഴുതിയ ജോയ്മാത്യു അടക്കമുള്ളവരോട് ഈ വിഷയം ചര്‍ച്ചചെയ്തതാണ്.  

വിവാദം ഉണ്ടായപ്പോള്‍ അതെന്റെ വ്യക്തിപരമായ വിഷയമായിട്ടാണ് ആദ്യഘട്ടത്തില്‍ ഞാന്‍ എടുത്തത്. പക്ഷേ പിന്നീട് സമൂഹത്തിന്റെ മുഴുവന്‍ പ്രശനമാണ് ഇതെന്നു മനസിലായി. അതുകൊണ്ടാണ് ഞാന്‍ പ്രതികരിക്കാന്‍ തയാറായതും. 

അവതാരിക എഴുതാന്‍ ജോയ്മാത്യുവിനെ തിരഞ്ഞെടുക്കാന്‍ കാരണം?

ഇതേ ചോദ്യം ജോയ്മാത്യു എന്നോടും ചോദിച്ചു. ആദ്യ ഘട്ടത്തില്‍ എനിക്കൊരു മറുപടി ഉണ്ടായിരുന്നില്ല.  പക്ഷേ വാക്കിലും പ്രവര്‍ത്തിയിലും ഇന്നും വിപ്ലവ മനോഭാവം ഉള്ള, അതിലുപരി വിഷയങ്ങളോട് ആത്മാര്‍ത്ഥമായി, സത്യസന്ധമായി പ്രതികരിക്കുന്ന ആളാണ് ജോയ്മാത്യു എന്ന് എല്ലാവര്‍ക്കും അറിയാം.

പിന്നെ പെണ്‍പ്രണയത്തെക്കുറിച്ച് കുറച്ചുകൂടി ഒരു പുരുഷന് പറയാന്‍ പറ്റും. ഇതുവരെയുള്ള ലെസ്ബിയന്‍ കഥകളൊക്കെ എടുത്ത് വെച്ച് വായിച്ച് ഒരു പഠനം പോലെയാണ് ജോയ്മാത്യു അവതാരിക എഴുതിയത്. 

പണിപ്പുരയിലുള്ള അടുത്ത രചനകള്‍ ? 

മൂന്ന് പുസ്തകങ്ങള്‍ എഴുതികൊണ്ടിരിക്കുകയാണ്. ഒന്ന് എന്റെ  രാത്രികള്‍ എന്ന പേരില്‍ എന്റെ രാത്രി അനുഭവങ്ങളെക്കുറിച്ചുള്ള പുസ്തകമാണ്. എന്റെ രാത്രി യാത്രകളെക്കുറിച്ചാണ് പ്രമേയം. മറ്റൊരു പുസ്തകം മോഹന്‍ലാല്‍ കഥാപാത്രങ്ങളെ പുറത്ത് നിന്ന് പ്രണയിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കാഴ്ച്ചപ്പാടില്‍ നിന്നാണ് പുസ്തകം എഴുതുന്നത്.

മോഹന്‍ലാലിന്റെ ഏറ്റവും മികച്ച പതിനഞ്ച് കഥാപാത്രങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. പിന്നെ മറ്റൊരു നോവല്‍ എഴുതി പകുതിയായി. അതില്‍ കാളിയെന്ന മിത്താണ് പ്രമേയം. പ്രതികാരത്തിന്റെയും ശക്തിയുടെയും ഒക്കെ പ്രമേയമായിട്ടാണ് നമ്മള്‍ കാളിയെ കാണുന്നത്.  കാളിയെന്ന മിത്തിനെ സമകാലിക സ്ത്രീകളിലേക്ക് കൊണ്ടുവന്നാണ് എഴുതുന്നത്.