
എംടിയുടെ തൂലികയില്‍ മമ്മൂട്ടിയുടെ അതുല്യമായ അഭിനയമികവില്‍ ഹരിഹരന്റെ അസാധാരണമായ സംവിധാനത്തില്‍ ചന്തുവിന്റെ കഥ തിരശ്ശീലയിലെത്തിയിട്ട് 25 വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. നൂറ്റാണ്ടുകളായി ചതിയനെന്ന മുദ്ര പേറി നടക്കേണ്ടിവരിക, അതായിരുന്നു ചന്തുവിന്റെ നിയോഗം. ചന്തുവിന്റെ ഭാഗത്തുനിന്ന് കഥ പറയാന്‍ എം.ടി. വാസുദേവന്‍ നായര്‍ തീരുമാനിച്ചപ്പോള്‍ ഈ സിനിമയുടെ സ്രഷ്ടാക്കള്‍ക്ക് ചന്തുവിനെ വെള്ളിത്തിരയില്‍ പുനഃസൃഷ്ടിക്കാന്‍ മലയാളസിനിമയില്‍ കൂടുതല്‍ പേരെ അന്വേഷിക്കേണ്ടിവന്നില്ല. ആദ്യമായും അവസാനമായും പരിഗണിച്ച പേര് മമ്മൂട്ടിയുടേതാണ്. ആ നടന്റെ അഭിനയത്തികവും ആകാരവും ശബ്ദവുമെല്ലാം ചേര്‍ന്നപ്പോള്‍ മലയാളസിനിമ അതുവരെ കാണാത്ത ഒരു പാത്രസൃഷ്ടി വടക്കന്‍ വീരഗാഥയിലൂടെ കണ്ടു. ചന്തുവായുള്ള മമ്മൂട്ടിയുടെ പകര്‍ന്നാട്ടത്തിനു ലഭിച്ച പുരസ്‌കാരങ്ങളെക്കാള്‍ മീതേയാണ് പൊതുസംവാദഭൂമികയില്‍ ഇരുപത്തഞ്ചാണ്ടിനിപ്പുറവും ചന്തുവിന്റെ സംഭാഷണങ്ങളുടെ തുടര്‍ച്ചയായ പ്രതിധ്വനി.
വീരഗാഥയുടെ ജൂബിലിയോടനുബന്ധിച്ച് അനുഭവം പങ്കുവെക്കണമെന്ന ആശയം അദ്ദേഹം പൂര്‍ണമനസ്സോടെയാണ് സ്വീകരിച്ചത്. കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള കാര്‍യാത്രയിലായിരുന്നു അഭിമുഖം.
രാത്രി മഴ പെയ്തു തോര്‍ന്ന നിരത്തിന് തെരുവുവിളക്കുകള്‍ കൂടുതല്‍ പ്രകാശമേകിയിരുന്നു. മലയാളത്തിന്റെ പ്രിയനടന്റെ വീടിനു മുന്നിലെത്തുമ്പോള്‍ സമയം പുലര്‍ച്ചെ 4.50. മുറ്റത്ത് ജാഗ്വര്‍ അടക്കമുള്ള ആഡംബരവാഹനങ്ങള്‍. ഇരുപത്തഞ്ചു വര്‍ഷം മലയാളിജീവിതത്തിന്റെ ഭാഷാപ്രയോഗങ്ങളുടെ നിറഞ്ഞുനില്ക്കുന്ന ഡയലോഗുകളുടെ ഉടമയായ ചന്തു നേരെ മുന്നില്‍. കളരിവിളക്ക് തെളിഞ്ഞപോലൊന്നുമല്ല, തികച്ചും ലളിതമായ വേഷം. സൂപ്പര്‍താരത്തിന്റെ പറഞ്ഞുകേട്ട ജാഡകളൊന്നുമില്ല. ഇടത്തോട്ടുടുത്ത മുണ്ട്, കാഷ്വല്‍ ഷേര്‍ട്ട്, തുകല്‍ച്ചെരുപ്പ്.
മിനി കൂപ്പറിന്റെ ഏറ്റവും പുതിയ മോഡല്‍ കാറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് വര്‍ഷങ്ങളായി മലയാളിയെ മോഹിപ്പിച്ചുകൊണ്ടിരിക്കുന്ന മഹാനടന്‍ ഇരിക്കുമ്പോള്‍ സമയം കൃത്യം അഞ്ചു മണി. ആള്‍ത്തിരക്കില്ലാത്ത കൊച്ചിയിലെ പുലര്‍കാലറോഡിലൂടെ ചന്തുവിന്റെ ഓര്‍മയിലേക്ക് സ്റ്റിയറിങ് വീല്‍ തിരിച്ച് കാര്‍ നീങ്ങിത്തുടങ്ങി.
'ഒരു വടക്കന്‍ വീരഗാഥ' - തിരക്കഥ വാങ്ങാം
'ഒരു വടക്കന്‍ വീരഗാഥ: 25 വര്‍ഷങ്ങള്‍' വാങ്ങാം
ഒരു വടക്കന്‍ വീരഗാഥയ്ക്ക് പിന്നിലെ അനുഭവം
ചതിയന്‍ചന്തു വീരന്‍ചന്തുവായിട്ട് 25 വര്‍ഷം കഴിഞ്ഞു. എന്തു തോന്നുന്നു?
25 വര്‍ഷം കഴിഞ്ഞുവെന്നു തോന്നുന്നില്ല. ഒരു പേടിയോടെയാണ് അതാലോചിക്കുന്നത്. ആ വര്‍ഷം ജനിച്ച കുട്ടിക്ക് 25 വയസ്സായി. ഒരു സിനിമയുടെ വളര്‍ച്ച ഒരു കുട്ടിയുടെ പ്രായത്തോടും ജീവിതത്തോടും എഴുതിച്ചേര്‍ക്കാം. കാലം ഓരോ സമയത്തും അതിന്റെ അനിവാര്യമായ മാറ്റങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ട് മുന്നോട്ടു പോകുന്നു.
കഥകളിലെ ധര്‍മാധര്‍മങ്ങള്‍ ആപേക്ഷികമായി മാറിക്കഴിഞ്ഞു. ആശാന്‍ പറഞ്ഞതുപോലെ ഇന്നത്തെ തെറ്റുകള്‍ നാളത്തെ ശരികളായി മാറാം. പറഞ്ഞ് അല്ലെങ്കില്‍ കേട്ട കഥകളല്ലേ നമുക്കറിയൂ. സത്യമറിയാതെ എത്രയോ ആളുകളെ വെറുതേ പഴിക്കാറില്ലേ. അത്തരക്കാര്‍ക്കും തങ്ങളുടെ വാദം വിശദീകരിക്കാനുണ്ടാവും എന്നാണ് ചന്തു പറയുന്നത്. പക്ഷേ, അത്തരമൊരു കഥാപാത്രത്തിന്റെ ഉള്ളിലേക്കിറങ്ങിച്ചെന്ന് അതൊരു സിനിമയാക്കുക എന്നത് വലിയ സാഹസമാണ്. കഥകളിലും നോവലുകളിലുമെല്ലാം കഥാപാത്രത്തിന്റെ വേദനകളും നൊമ്പരങ്ങളും എഴുതി വായിച്ചാല്‍ മതി. സിനിമയിലേക്കെത്തുമ്പോള്‍ കഥാപാത്രത്തിന്റെ വേഷപ്പകര്‍ച്ചയിലൂടെയാവണം അത് പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കേണ്ടത്. അതത്ര എളുപ്പമല്ല. ആ സാഹസത്തിന്റെ വിജയമാണ് വടക്കന്‍ വീരഗാഥയെ ചരിത്രം രേഖപ്പെടുത്താന്‍ കാരണമായത്.
താരമൂല്യത്തില്‍ നില്ക്കുമ്പോള്‍ ഇത്തരമൊരു പഴങ്കഥയിലെ വില്ലന്‍കഥാപാത്രത്തെ സ്വീകരിക്കാന്‍ മടിയുണ്ടായിരുന്നോ?
വടക്കന്‍പാട്ടുകള്‍ ചരിത്രസത്യമൊന്നുമല്ല, അത് കാലാകാലങ്ങളില്‍ പാടിപ്പാടി മാറിവന്നതാണ്. എം.ടി. ഈ സിനിമയില്‍ ശ്രമിച്ചതും ആ മാറ്റങ്ങളില്‍നിന്നുള്ള മോചനമാണ്. അതാണ് അന്നുവരെയുണ്ടായിരുന്ന വില്ലന്‍പരിവേഷത്തില്‍നിന്ന് ചന്തുവിനു മോചനമായിത്തീര്‍ന്നത്. സിനിമയോടുകൂടി അക്കാലമത്രയും ഉണ്ടായിരുന്ന ചതിയന്‍ചന്തു എന്ന പ്രയോഗം മാറുകയും ചെയ്തു. ആദ്യം ഇത്തരമൊരു സിനിമ എടുക്കുന്നു എന്നു പറഞ്ഞപ്പോള്‍ എനിക്ക് അദ്ഭുതവും മടിയും ഉണ്ടായിരുന്നു. പിന്നെ എം.ടി. ഇത്തരമൊരു സിനിമ ചെയ്യണമെന്നു പറഞ്ഞാല്‍ എനിക്ക് മറ്റ് ഉപാധികളോ വ്യവസ്ഥകളോ ഒന്നുംതന്നെയില്ല. നിരുപാധികം അത് അംഗീകരിക്കുക മാത്രം. അദ്ദേഹം എനിക്കു ഗുരുതുല്യനും ഞാന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനുമാണ്. എന്റെ സിനിമാപ്രവേശത്തിനു മുന്‍പ് കണ്ണാടിക്കു മുന്നില്‍ അഭിനയിച്ചു പഠിച്ചതത്രയും അദ്ദേഹത്തിന്റെ നോവലുകളിലെയും കഥകളിലെയും കഥാപാത്രങ്ങളെയായിരുന്നു. വളരെക്കാലം എന്റെ സംസാരശൈലിയില്‍പ്പോലും ഇത്തരം കഥാപാത്രങ്ങളുടെ ഭാഷാശൈലിയുടെ സ്വാധീനമുണ്ടായിരുന്നു. ഒരു സിനിമയില്‍ വില്ലനായതുകൊണ്ടൊന്നും സിനിമയില്‍നിന്ന് നമ്മുടെ സ്ഥാനം പോകില്ല, മറിച്ച് അത് നമ്മുടെ അഭിനയത്തിനു കരുത്തുപകരുകയേ ഉള്ളൂ. അങ്ങനെത്തന്നെയാണല്ലോ ചന്തുവിന്റെ കാര്യത്തിലും സംഭവിച്ചത്.
അഭിനയത്തിനപ്പുറം വലിയ ഉത്തരവാദിത്വവും ഒരു തപസ്സും പോലെയായിരുന്നു ഈ കഥാപാത്രത്തെ ഉള്‍ക്കൊണ്ടത്. ഒരുപാടു മാനസികസംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന അനാഥനായ, ധനികരായ ബന്ധുക്കള്‍ക്കിടയിലെ സാധാരണക്കാരന്‍. ജീവിതത്തോടുള്ള സമരമാണ് അയാളെ മികച്ച യോദ്ധാവാക്കിത്തീര്‍ക്കുന്നത്. കിട്ടാത്തതെല്ലാം മോഹിച്ച പരാക്രമിയായ യോദ്ധാവ്. സ്ത്രീകളുടെ സ്‌നേഹം പിടിച്ചുപറ്റുന്നുണ്ടെങ്കിലും നിലനിര്‍ത്താന്‍ അയാള്‍ക്കാവുന്നില്ല. ഉണ്ണിയാര്‍ച്ചയോടുള്ള സ്‌നേഹമായിരുന്നു അയാളുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടത്. എനിക്കു തോന്നുന്നു ഒരു വടക്കന്‍ വീരഗാഥയെന്ന പേരിനെക്കാള്‍ ഇത്തരം സ്വഭാവംകൊണ്ട് ആ സിനിമയ്ക്കു ചേരുക ഒരു വടക്കന്‍ പ്രണയഗാഥ എന്നായിരിക്കും. അക്കാലമത്രയും സ്ത്രീകളെ പ്രണയിച്ചു വഞ്ചിക്കുന്ന പുരുഷന്മാരുടെ ഇടയിലേക്കാണ് എല്ലാ സ്ത്രീകളാലും വഞ്ചിതനാവുന്ന ഒരു പുരുഷന്റെ കഥ അഥവാ പലവട്ടം വഞ്ചിക്കപ്പെട്ട കാമുകന്റെ കഥയായി ചന്തുവിന്റെ കഥ മാറുന്നത്. അയാളുടെ പരാക്രമമോ ധൈര്യമോ ഒന്നുംതന്നെ പ്രണയസാഫല്യത്തിനു കൂട്ടാകുന്നില്ല. ഒടുവിലാണ് ചന്തു പറയുന്നത്, 'നീയടക്കമുള്ള പെണ്‍വര്‍ഗം മറ്റാരും കാണാത്തത് കാണും. നിങ്ങള്‍ ശപിച്ചുകൊണ്ട് കൊഞ്ചും, ചിരിച്ചുകൊണ്ട് കരയും, മോഹിച്ചുകൊണ്ട് വെറുക്കും' എന്ന്.
കളരിയഭ്യാസമുറകളുടെ പ്രകടനങ്ങള്‍ ഈ സിനിമയുടെ പ്രത്യേകതയായിരുന്നല്ലോ. കളരി പഠിക്കാനുള്ള തയ്യാറെടുപ്പുകള്‍ എന്തെല്ലാമായിരുന്നു?
ആയോധനകലയുടെ വലിയ പ്രയോഗങ്ങളാണ് ഈ ചിത്രത്തിലുടനീളം. ജീവിതത്തില്‍ ഞാന്‍ കളരി പഠിച്ചിട്ടില്ല. സിനിമയ്ക്കുവേണ്ടിയും ശ്രമിച്ചിട്ടില്ല. വേണമെങ്കില്‍ ആറു മാസം കളരി പഠിച്ചുവെന്നൊക്കെ വീമ്പു പറയാം. ആത്യന്തികമായി നമ്മള്‍ അഭിനയിക്കുകയാണല്ലോ. ആ തിരിച്ചറിവുള്ളതുകൊണ്ടുതന്നെ ഓരോന്നും നിരീക്ഷിച്ച് അഭിനയിച്ചുകാണിച്ചാല്‍ മതി. അതല്ലാതെ ശരിക്കും ചെയ്യാന്‍ പോയാല്‍ കൈയും കാലും മുറിയും. അതുകൊണ്ട് അഭിനയിച്ചുതീര്‍ക്കുകയാണ് ചെയ്തത്. വൈകുന്നേരങ്ങളിലൊക്കെ പോയി ശരീരം മയക്കുകയും മറ്റും ചെയ്തിട്ടുണ്ട്. കളരിയില്‍ പ്രധാനമായും ചുവടും താളവും നിയമങ്ങളുമൊക്കെയുണ്ട്. അതു നോക്കി മനസ്സിലാക്കി. പുലര്‍കാലത്ത് പൂജാവിധികള്‍തൊട്ടു തുടങ്ങുന്ന വലിയ കര്‍മമാണത്. നടനെന്ന രീതിയില്‍ അതു നിരീക്ഷിക്കുകയും നേരത്തേ പറഞ്ഞ അഭിനയത്തിലേക്ക് കൂട്ടിച്ചേര്‍ക്കുകയുമാണ് ചെയ്യുന്നത്. ഭീമന്‍ രഘു ഉള്‍പ്പെടെ ചിലരെല്ലാം സിനിമയ്ക്കുവേണ്ടി കളരി പഠിച്ചിരുന്നു. സി.വി.എന്‍. കളരിയിലെ ആശാന്മാരായിരുന്നു കളരിമുറകള്‍ പരിശീലിപ്പിച്ചത്. സിനിമയ്ക്ക് റിസള്‍ട്ടാണ് വേണ്ടത്. അതുകൊണ്ട് ഓരോ സീനും കുറച്ചുകുറച്ചായാണ് എടുത്തത്. കളരിഗുരുക്കന്മാര്‍ക്കു പുറമേ സ്റ്റണ്ട്മാസ്റ്ററും ഉണ്ടായിരുന്നു.
കാല്‍ നൂറ്റാണ്ടിനുശേഷം സിനിമ കാണുമ്പോള്‍ എന്തെങ്കിലും തരത്തിലുള്ള പോരായ്മ തോന്നിയിട്ടുണ്ടോ?
25 വര്‍ഷത്തിനുശേഷവും വീരഗാഥയില്‍ പൂര്‍ണതയുണ്ടെന്ന് അവകാശപ്പെടുന്നില്ല. പിന്നീട് കാണുമ്പോഴൊക്കെയും ചില ഭാഗങ്ങള്‍ കുറച്ചുകൂടി നന്നാക്കാമെന്നൊക്കെ തോന്നിയിട്ടുണ്ട്. കലാസൃഷ്ടിയായതുകൊണ്ട് തെറ്റുകള്‍ ഉണ്ടാവാം. പൂര്‍ണമാകാന്‍ പാടില്ല. പൂര്‍ണത വന്നാല്‍ ജീവനുണ്ടായിപ്പോകില്ലേ.

പഞ്ച് ഡയലോഗുകളാണ് ആ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. എന്റെ ഡയലോഗുകളിലെ വോയ്‌സ് മോഡ്യുലേഷന്‍ ഉള്‍പ്പെടെയുള്ളവ ബോധപൂര്‍വം കൊണ്ടുവന്നതല്ല. ഡയലോഗിലെ വാക്കുകള്‍ക്കും വരികള്‍ക്കും ഇടയിലെ അര്‍ഥം കണ്ടുപിടിച്ചാണ് ഡയലോഗ് ഡെലിവറി നടത്തിയത്. പിന്നീട് ആളുകള്‍ അതേക്കുറിച്ച് നല്ലതു പറഞ്ഞപ്പോള്‍ സന്തോഷം തോന്നി. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം അത് കഴിഞ്ഞു. ഇനി കൂടുതലായി അതിലൊന്നും ചെയ്യാന്‍ കഴിയില്ല. വരച്ചിട്ട ചിത്രം നോക്കുന്ന ചിത്രകാരന്റെ നിസ്സഹായതയോടെ മാത്രമേ ഇനി അത് നോക്കിക്കാണാനാവൂ. അതില്‍ അവിടവിടെ നന്നാക്കാമെന്നു തോന്നിയാലും ഇനി നടപ്പില്ല. നേരേമറിച്ച് നാടകമാണെങ്കില്‍ ഇത്തരമൊരു പ്രതീക്ഷ വെച്ചുകൊണ്ട് കൂടുതല്‍ തയ്യാറെടുപ്പുകളോടെ അടുത്ത വേദിയെ സമീപിക്കാം. സിനിമ അതുപോലല്ലല്ലോ.
വടക്കന്‍പാട്ടില്‍നിന്ന് വ്യതിചലിച്ചെന്നും മറ്റും ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടായിരുല്ലോ?
സിനിമ ഇറങ്ങിയതുമുതല്‍ അഭിപ്രായഭിന്നതകളും അനാവശ്യ വിമര്‍ശനങ്ങളും ധാരാളം ഉണ്ടായിരുന്നു. പിന്നീട് കാലമാണ് സിനിമയെ പ്രകീര്‍ത്തിച്ചത്. നല്ലതിനെ ചീത്തയായും ചീത്തയെ നല്ലതായും പറയുന്നവരാണ് ഒരുകൂട്ടം വിമര്‍ശകര്‍. ചിലരെയൊക്കെ വിമര്‍ശിച്ചാലേ ആളാകാന്‍ കഴിയൂ എന്നു ധരിക്കുന്നവര്‍, ദോഷൈകദൃക്കുകള്‍ എന്നൊക്കെ പറയാറില്ലേ. അവര്‍തന്നെ എഴുതുകയും അവര്‍തന്നെ വായിക്കുകയും ചെയ്യുന്നു. ഒരുതരം സെല്‍ഫ് പബ്ലിക്കേഷന്‍ നടത്തുന്നവര്‍. ഇത്തരക്കാര്‍ പലരും സിനിമയിലേക്കു വന്നപ്പോള്‍ വലിയ പരാജയമായിരുന്നു ഫലം. അതുകൊണ്ട് അവര്‍ക്കുള്ള മറുപടി എന്റെ പക്കലില്ല. കാലവും സൃഷ്ടിയുടെ മികവുമാണ് അവര്‍ക്കുള്ള മറുപടി. വീരഗാഥയെക്കുറിച്ച് കാലമിത്ര കഴിഞ്ഞിട്ടും സംസാരിക്കുന്നതും അത്തരക്കാര്‍ക്കുള്ള മറുപടിയാണ്. പാട്ടിലെ വ്യതിചലനം എങ്ങനെയാണ് സ്ഥാപിക്കാന്‍ കഴിയുക? പാട്ടുകാര്‍ പാടിപ്പാടി വാമൊഴിയായിട്ടാണല്ലോ അടുത്ത തലമുറയിലേക്ക് അതു പകരുന്നത്. രേഖകളില്ലാത്തതുകൊണ്ട് പാടുന്നവന്റെ സ്വാതന്ത്ര്യമാണ് അവിടെ. അവന്‍ പണക്കാരുടെ കൂടെ നിന്ന് അവരെ പ്രകീര്‍ത്തിച്ചതാകാനും വഴിയില്ലേ? എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ് ഒരു കഥ എങ്ങനെ പറയണമെന്നു തീരുമാനിക്കുന്നത്, പ്രത്യേകിച്ചും ചരിത്രമില്ലാത്തതുകൊണ്ട്. പതിനെട്ടു കളരിയൊക്കെ നടത്തിയ ചന്തുവിനെ ചെറുബാല്യം വിടാത്ത രണ്ടു കുട്ടികള്‍ ചേര്‍ന്ന് തോല്പിച്ചുവെന്നും തല വെട്ടിയെടുത്ത് ഉണ്ണിയാര്‍ച്ചയ്ക്കു കാഴ്ചവെച്ചു എന്നുമൊക്കെ വീരത്വത്തിനുവേണ്ടി പാടിയതായിക്കൂടേ.
സിനിമ സംവിധായകന്റെ കലയാണെന്ന് പൊതുവില്‍ പറയുന്നു. വീരഗാഥയുടെ കാര്യത്തില്‍ എങ്ങനെ കാണുന്നു?
ലൊക്കേഷനില്‍ സംവിധായകന്റെ ഒരുപാടു സ്വാതന്ത്ര്യങ്ങളുണ്ട്. നടന്‍ എന്ന നിലയില്‍ അത് പൂര്‍ണമായി അംഗീകരിക്കുകയായിരുന്നു. ലൈറ്റിന്റെയോ ക്യാമറയുടെയോ സഹായമില്ലാതെ ഓരോ ഷോട്ടിനു മുന്‍പും ഒന്നോ അതിലധികമോ റിഹേഴ്‌സല്‍ വീരഗാഥയ്ക്ക് ഉണ്ടായിരുന്നു. ഓരോ റിഹേഴ്‌സലില്‍നിന്നുമുണ്ടായ പുരോഗതിയാണ് ഒടുവില്‍ തിരശ്ശീലയിലൂടെ പ്രേക്ഷകരില്‍ എത്തിയത്. ഹരിഹരന്‍ എന്ന സംവിധായകന്റെ നിര്‍ബന്ധമായിരുന്നു അത്, ഇപ്പോള്‍ ഹോളിവുഡ്ഡിലൊക്കെ ഓരോ സിനിമയ്ക്കും മുന്‍പ് നടത്തുന്ന വര്‍ക്ക്‌ഷോപ്പ് പോലെ. പക്ഷേ, അക്കാലത്ത് ഇതില്‍നിന്നും വ്യത്യസ്തമായി സ്‌പോട്ട് വര്‍ക്ക്‌ഷോപ്പുകള്‍ ആയിരുന്നു വീരഗാഥയില്‍. അത്രയധികം എഫര്‍ട്ട് എടുത്തതിന്റെ ഫലമായാണ് ഇത്തരത്തില്‍ പൂര്‍ണതയുള്ള ഒരു സിനിമ ജനിച്ചത്. വര്‍ഷങ്ങള്‍ക്കുശേഷം പഴശ്ശിരാജയില്‍ എത്തിയപ്പോഴും ഹരിഹരന്‍ എന്ന സംവിധായകനില്‍ വീരഗാഥയില്‍ കണ്ട അതേ ആര്‍ജവവും ആഗ്രഹവും നിലനില്ക്കുന്നു. അത്രമേല്‍ പാഷനാണ് അദ്ദേഹത്തിനു സിനിമ. അത് ഇപ്പോഴും യാതൊരു മാറ്റവുമില്ലാതെ തുടരുന്നു. എഴുത്തിനെ ദൃശ്യവത്കരിക്കുന്നതില്‍ ഒരു പ്രത്യേക മിടുക്ക് അദ്ദേഹത്തില്‍ എക്കാലവും കണ്ടിട്ടുണ്ട്. എം.ടിയുടെ തിരക്കഥയും എടുത്തുപറയേണ്ടതാണ്. പിഴവുകളില്ലാത്ത തിരക്കഥയുടെ മികച്ച ദൃശ്യവത്കരണമാണ് വീരഗാഥയുടെ പ്രത്യേകതകളിലൊന്ന്. ഈയിടെയായി എം.ടിയുടെ എഴുത്ത് താരതമ്യേന കുറഞ്ഞിരിക്കുന്നു. ആത്യന്തികമായി നഷ്ടം നമുക്കുതന്നെയാണ്.
പ്രൊഡക്ഷന്റെ കാര്യവും എടുത്തുപറയണം. ഏതു നടനും സംവിധായകനും ആഗ്രഹിക്കുംവിധമുള്ള സഹകരണമാണ് പി.വി. ഗംഗാധരനില്‍നിന്നും ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സില്‍നിന്നും ഉണ്ടായത്. അന്നത്തെക്കാലത്ത് നിര്‍ലോഭമായി ചെലവാക്കുകയും ഓരോ ഷോട്ടും ആവശ്യപ്പെടുന്നത് ആളും അര്‍ഥവും നല്കി കൊഴുപ്പിക്കുകയും ചെയ്തതാണ് വിജയഘടകങ്ങളില്‍ മറ്റൊന്ന്.
സുരേഷ്‌ഗോപി മുതല്‍ ക്യാപ്റ്റന്‍ രാജു വരെയുള്ള സഹതാരങ്ങളെ എങ്ങനെ ഓര്‍ക്കുന്നു?
വീരഗാഥയുടെ മറ്റൊരു പ്രത്യേകതയായിരുന്നു ഓരോ വേഷത്തിലേക്കുമുള്ള അഭിനേതാക്കളുടെ തിരഞ്ഞെടുപ്പ്. അന്നുവരെ വില്ലനായി മാത്രം അഭിനയിച്ച ക്യാപ്റ്റന്‍ രാജുവിന് ആ വേഷം വളരെ ചലഞ്ചിങ് ആയിരുന്നു. അദ്ദേഹമത് നന്നായി ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി അത് മാറി. സുരേഷ്‌ഗോപിക്കും അത്തരത്തിലായിരുന്നു. അയാളായിരുന്നല്ലോ കഥയിലെ നായകന്‍. സുരേഷിനു കിട്ടിയ ഗിഫ്റ്റായിരുന്നു ആ റോള്‍. ആരോമലിന്റെ വാഴ്ത്തുന്ന സൗന്ദര്യത്തിന് അനുപൂരകമായ ആകാരഭംഗി സുരേഷിനുണ്ടല്ലോ. മാധവിയുടെ വേഷവും മികച്ചതായി. അവരുടെ സൗന്ദര്യവും ആകാരവുമെല്ലാം ഉണ്ണിയാര്‍ച്ചയെക്കുറിച്ച് കേട്ടറിഞ്ഞതിനോടു സാമ്യമുള്ളതായിരുന്നു. ഉണ്ണിയാര്‍ച്ചയുടെ ഛായയുണ്ടായിരുന്നു മാധവിക്കെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ബാലന്‍ കെ. നായര്‍, ഗീത, ചിത്ര, രാജലക്ഷ്മി തുടങ്ങി ഓരോരുത്തരും മികച്ച രീതിയില്‍ അഭിനയിച്ചിരുന്നു. എല്ലാവരും അവരുടെ പരമാവധി നല്കിയാണ് ആ സിനിമ കൊഴുപ്പിച്ചത്.
ക്യാമറയും പാട്ടുകളും വസ്ത്രാലങ്കാരവും ചമയവും കലാസംവിധാനവുമെല്ലാം തികവൊത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. ചന്തു ആഭരണപ്രിയനല്ലാത്തതുകൊണ്ട് എനിക്ക് വലിയ മെയ്ക്കപ്പ് ഒന്നും ഉണ്ടായിരുന്നില്ല. കൂടുതലായുള്ളത് ഒരു കുടുമ മാത്രം. മറ്റുള്ളവര്‍ക്ക് ധാരാളം ആഭരണങ്ങളും മെയ്ക്കപ്പും ഉണ്ടായിരുന്നു. ആ സമയമത്രയും അവരുടെ മെയ്ക്കപ്പ് നോക്കിയിരിക്കലും സംഭാഷണം കാണാതെ പഠിക്കലുമായിരുന്നു ജോലി.
അംഗീകാരങ്ങള്‍ ഒരുപാടു നേടിയല്ലോ സിനിമ, പ്രതീക്ഷിച്ചിരുന്നോ?
ഞാന്‍ പക്ഷേ, അവാര്‍ഡൊന്നും പ്രതീക്ഷിച്ചിരുന്നില്ല. കിട്ടിയപ്പോള്‍ വലിയ അദ്ഭുതവും സന്തോഷവുമായിരുന്നു. വടക്കന്‍ വീരഗാഥയിലെ ചന്തു ചലഞ്ചിങ് റോള്‍ ആയിരുന്നു. അതിനുശേഷം 25 വര്‍ഷം ചലഞ്ചില്ലാതെ ജീവിക്കാന്‍ പറ്റില്ലല്ലോ? പിന്നീടും പല പല റോളുകളും വെല്ലുവിളികളായി കരിയറില്‍ ഉണ്ടായിരുന്നു. എല്ലാംകൊണ്ടും ഒത്ത ഒരു കംപ്ലീറ്റ് സിനിമയായിരുന്നു അത്. മലയാളസിനിമയെ വടക്കന്‍ വീരഗാഥയ്ക്കു മുന്‍പും ശേഷവും എന്നു വേണമെങ്കില്‍ പറയാം. മനുഷ്യസഹജമായ എല്ലാ വികാരങ്ങളും പ്രണയം, സ്‌നേഹം, ഇഷ്ടം, ചതി, വഞ്ചന, ത്യാഗം, അസൂയ തുടങ്ങി എല്ലാംതന്നെ ഈ സിനിമയില്‍ വന്നുപോകുന്നു. കഥപറച്ചിലിന്റെ സൗന്ദര്യം അതിന്റെ പൂര്‍ണതയില്‍ എത്തുന്നത് വികാരങ്ങളുടെ ആകത്തുകകൊണ്ടാണല്ലോ.
ഹിറ്റുകളുടെ റീമേക്കുകളാണല്ലോ വരുന്നത്, ദുല്‍ക്കറിനെ വെച്ച് വീരഗാഥയുടെ റീമെയ്ക്കിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?
പുതിയ കാലത്ത് വീരഗാഥയുടെ റീമെയ്ക്കിനെക്കുറിച്ച്, പ്രത്യേകിച്ച് ദുല്‍ക്കറിനെ വെച്ച് ഞാന്‍ ആലോചിച്ചിട്ടില്ല. ആരെങ്കിലും ആലോചിച്ചാല്‍ അതവരുടെ സ്വാതന്ത്ര്യം. അതിനെ എതിര്‍ക്കാന്‍ ഞാന്‍ ഇല്ല. ദുല്‍ക്കര്‍ ഹരിശ്രീ കുറിച്ചതേ ഉള്ളൂ. ഇനിയുമെത്രയോ തെളിയാനുണ്ട്. നടന്‍ എന്ന രീതിയില്‍ എന്നിലുണ്ടായ വളര്‍ച്ച ചന്തുവിന് നല്കാന്‍ കഴിഞ്ഞില്ല എന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ട്. അങ്ങനെയാണ് അത് ഒന്നുകൂടി ഡിജിറ്റലൈസ് ചെയ്ത്, റീപ്രൊഡ്യൂസ് ചെയ്യണമെന്ന് ആഗ്രഹിച്ചത്. പിന്നീട് മറ്റു പലതിന്റെയും ഇടയില്‍ അതു നടന്നില്ല എന്നതാണ് വാസ്തവം. അത്രയധികം പ്രതിസന്ധിയിലൂടെയാണ് ആ കഥാപാത്രം കടന്നുപോകുന്നത്. ഓരോ സമയത്തും ഓരോ വികാരമാണ് ചന്തുവിന്. ബാല്യംമുതല്‍ മരണംവരെ അയാളില്‍ ഒട്ടുമിക്ക വികാരങ്ങളുടെയും പ്രകടനങ്ങള്‍ വന്നുപോകുന്നു. പെര്‍ഫോമന്‍സിന് ഇത്രയും സാധ്യതയുള്ള വേഷങ്ങള്‍ കുറവാണ്.
സിനിമയില്‍ ചന്തു സ്‌നേഹത്തിന്റെ ഭാഷയിലാണ് പറയുന്നത്, തല വെട്ടി അമ്മയുടെ കാല്‍ക്കല്‍ വെച്ച് വണങ്ങണമെന്നും ചതിയന്‍ചന്തുവിന്റെ കഥ ഇവിടെ തീരട്ടെയെന്നും വീരനായ നിന്റെ ചരിതം ഇവിടെ തുടങ്ങട്ടെയെന്നും 'എനിക്ക് പിറക്കാതെപോയ മകനാണല്ലോ ഉണ്ണീ' എന്നുമൊക്കെ....
അഭിനയജീവിതത്തില്‍ ചന്തുവിന്റെ സ്ഥാനം?
കരിയറിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നുതന്നെയാണ് ചന്തു എന്ന് ഒരു സംശയവുമില്ലാതെ പറയാം. പക്ഷേ, പ്രിയപ്പെട്ട സിനിമ ആദ്യസിനിമയായ വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ തന്നെയാണ്. കാലത്തെ അതിജീവിക്കുന്നതാണല്ലോ കല. അല്ലെങ്കില്‍ കലാസൃഷ്ടി. അത്തരത്തില്‍ ഒരു സമ്പൂര്‍ണ കലാസൃഷ്ടിയായി ഒരു വടക്കന്‍ വീരഗാഥയും ചന്തുവും കാലത്തെ അതിജീവിച്ചുകൊണ്ടിരിക്കുകയാണ്.
ഇത്രയധികം പ്രയത്‌നങ്ങള്‍ക്ക് ഫലം ലഭിക്കാതെപോകുമോ എന്ന് ഭയപ്പെട്ടിരുന്നോ?
അത്തരത്തില്‍ യാതൊരു ഭയവും എനിക്കുണ്ടായിരുന്നില്ല. സിനിമയുടെ അമരത്ത് പ്രവര്‍ത്തിച്ചവരാരും ചില്ലറക്കാരല്ല. മലയാളസാഹിത്യത്തിലെ കുലപതി എം.ടി. വാസുദേവന്‍ നായര്‍, സംവിധായകപ്രതിഭ ഹരിഹരന്‍, ക്യാമറകൊണ്ട് കവിത രചിക്കുന്ന രാമചന്ദ്രബാബു, നല്ല സിനിമകള്‍ മാത്രം മലയാളത്തിനു സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സും ഉടമ പി.വി. ഗംഗാധരനും. കൂട്ടത്തില്‍ അല്പം കുറവുള്ളത് എനിക്കു മാത്രം. അതുകൊണ്ട് മുന്‍വിധികളൊന്നും ഉണ്ടായിരുന്നില്ല. അത് ആ സമയത്ത് അതിന്റെ പരമാവധി നല്കിക്കൊണ്ട് മികച്ചതാക്കാന്‍ ശ്രമിക്കുകയായിരുന്നു.
സംസാരത്തിനിടയില്‍ ദൂരം പിന്നിട്ടതും സമയം പോയതുമറിഞ്ഞില്ല. ഒമ്പതു മണി കഴിഞ്ഞപ്പോള്‍ കാര്‍ കോഴിക്കോട് നഗരത്തിലെത്തിയിരുന്നു. നഗരം ആലസ്യത്തില്‍നിന്ന് പതിയെ എണീറ്റ് ദിവസത്തിരക്കിലേക്ക് ഓടുകയായിരുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്ക്, പുതിയ കഥാപാത്രമാവാന്‍ പ്രിയനടന്‍ ഇറങ്ങിനടന്നു. ചന്തുവിനും പുതിയ കഥാപാത്രത്തിനുമിടയിലെ മമ്മൂട്ടി എന്ന സാധാരണമനുഷ്യന്റെ യാത്ര.
'ഒരു വടക്കന്‍ വീരഗാഥ' - തിരക്കഥ വാങ്ങാം
'ഒരു വടക്കന്‍ വീരഗാഥ: 25 വര്‍ഷങ്ങള്‍' വാങ്ങാം
ഒരു വടക്കന്‍ വീരഗാഥയ്ക്ക് പിന്നിലെ അനുഭവം