പാലക്കാട് ജൈനമേട്ടിലുള്ള 'ഹരിശ്രീ'യില്‍വെച്ച് ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടുമായി ഡോ. എന്‍.പി. വിജയകൃഷ്ണന്‍ സംസാരിച്ചതില്‍നിന്നുള്ള ഭാഗങ്ങള്‍.


കവിതയെഴുത്ത് സുഖമാണോ?
മനസ്സിന് ഏറ്റവുമധികം വിഷമം വരുന്ന സമയത്താണ് ഞാന്‍ കവിത എഴുതാറുള്ളത്. എഴുതിക്കഴിഞ്ഞാല്‍ മനസ്സിനു കനക്കുറവ് കിട്ടുന്നു. ജീവിതത്തിലെ വ്യതിയാനചികിത്സ ആയി കവിതയെഴുത്ത് അനുഭവപ്പെടാറുണ്ട്. എന്തിനെക്കുറിച്ചെഴുതിയോ, അത് മനസ്സില്‍ സ്ഥിരമാകുന്നു. നഷ്ടപ്പെട്ട മകനെക്കുറിച്ച് എഴുതുമ്പോള്‍ മകന്‍ മനസ്സില്‍ ശാശ്വതമാകുന്നു. ദുഃഖം സ്വാംശീകരിക്കുമ്പോള്‍ അത് ഉദാത്തവികാരമായി മാറുന്നു. ദുഃഖത്തെക്കുറിച്ച് പറയുമ്പോള്‍ അതിന്റെ വസ്തുത പോയി ഭാവം വന്ന് മനസ്സ് ആര്‍ദ്രമാകുന്നു. കവിതയെഴുത്ത് സുഖമല്ല. എഴുതിക്കഴിഞ്ഞാല്‍ സുഖവുമാണ്. അപ്പോഴാണ് കൃതാര്‍ഥത തോന്നുന്നത്.

'നിത്യകല്യാണി - ഒളപ്പമണ്ണയുടെ സമ്പൂര്‍ണ്ണ കവിതകള്‍' വാങ്ങാം

വേദപാരമ്പര്യവും സാംസ്‌കാരികപശ്ചാത്തലവുമുള്ള ഒളപ്പമണ്ണ മനയിലെ ബാല്യം താങ്കളെ സ്വാധീനിച്ചതെങ്ങനെയെല്ലാമാണ്?

എന്റെ അച്ഛന്‍ വേദജ്ഞനും സംസ്‌കൃതപണ്ഡിതനുമായിരുന്നു. കൂടല്ലൂര്‍ ഗുരുകുലത്തിലെ അന്തേവാസിയായിരുന്നു അച്ഛന്‍. വേദം പൈതൃകമായി കിട്ടിയതാണ്. അന്ന് കടവല്ലൂര്‍ കടന്നിരിക്കലും സംസ്‌കൃതവ്യാകരണത്തില്‍ കൗമുദിയും കഴിഞ്ഞ വളരെ ചുരുക്കം പേരില്‍ ഒരാളായിരുന്നു അദ്ദേഹം. എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. അവസാനകാലത്തും അദ്ദേഹം സംസ്‌കൃതം പഠിച്ചിരുന്നു. അച്ഛന്റെ ബിംബം കുട്ടിക്കാലത്തുതന്നെ മനസ്സില്‍ പതിഞ്ഞു. അമ്മ ഭക്തയായിരുന്നു. അവര്‍ നിത്യേന നമസ്‌കരിക്കുന്നതും തേവാരിക്കുന്നതും ഞാന്‍ കണ്ടു. സ്‌തോത്രം ചൊല്ലി കീര്‍ത്തിക്കുന്നതും നാമം ജപിക്കുന്നതുമായ അമ്മയുടെ രൂപവും എന്നെ സ്വാധീനിച്ചു. ഈ മന്ത്രോച്ചാരണമാണ് എന്നെ ഉടനീളം പിന്തുടര്‍ന്നത്. ജന്മവാസന ഇതള്‍വിരിഞ്ഞത് ഈ പൈതൃകത്തില്‍നിന്നായിരുന്നു. അച്ഛന്‍ എന്നെ ഓത്തു ചൊല്ലിച്ചു. അഞ്ച് അഷ്ടകം മനഃപാഠമാക്കി. സ്വരത്തോടെ ചൊല്ലിപ്പഠിച്ചു. വേദാധ്യയനത്തില്‍ ഉച്ചാരണം പ്രധാനപ്പെട്ടതാണ്. പരിശുദ്ധമായ ഉച്ചാരണത്തിലുള്ള പരിശീലനംകൂടിയാണ് അത്. എന്റെ മനസ്സിലുണ്ടായിരുന്ന കിളി സ്വരം കേട്ട് ഉണര്‍ന്നു. ഈ കിളിയാണ് എന്റെ ജാലകപ്പക്ഷി.
ആ കാലത്ത് പഞ്ചേന്ദ്രിയങ്ങളില്‍ വന്നുവീണത് ഞങ്ങളുടെ തറവാട്ടിലും ഗ്രാമത്തിലും നിറഞ്ഞുനിന്നിരുന്ന തൗര്യത്രികബിന്ദുക്കളാണ്. വേദത്തിനു പുറമേ കര്‍ണാടകസംഗീതത്തിന്റെ അന്തരീക്ഷവും അവിടെ ഉണ്ടായിരുന്നു. എനിക്കോര്‍മയുള്ള സമയത്ത് അതിന്റെ ഗുരു ചെമ്പൈ വൈദ്യനാഥഭാഗവതരാണ്. അദ്ദേഹത്തിന്റെ പിതാവും ഇല്ലത്തു വന്നു താമസിച്ചിട്ടുണ്ട്. ഏറ്റവും ശാസ്ത്രീയമായ അഞ്ചു കാലത്തില്‍ വകകള്‍ കൊട്ടിക്കൊണ്ടുള്ള പഞ്ചാരിമേളം ഇവിടെ ഉത്സവങ്ങള്‍ക്കു സ്ഥിരമായിരുന്നു. ഒറ്റക്കോലുകൊണ്ടുള്ള മേളത്തിനു വെള്ളിനേഴിയില്‍ ഒരു ഗുരുകുലമുണ്ടായിരുന്നു. ആ ഗുരുകുലത്തിന്റെ ഒടുക്കത്തെ കണ്ണികളാണ് കൃഷ്ണന്‍കുട്ടി പൊതുവാളും അച്ചുണ്ണി പൊതുവാളും. കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ എന്റെ കളിക്കൂട്ടുകാരനായിരുന്നു. അദ്ദേഹത്തിന്റെ അമ്മാമന്‍ കുഞ്ഞികൃഷ്ണപൊതുവാള്‍ മേളത്തിനും കഥകളിക്കും പ്രാമാണികനായ കൊട്ടുകാരനായിരുന്നു. ഈ മേളവും എന്റെ മനസ്സില്‍ പെയ്തിറങ്ങി. ഞങ്ങളുടെ തറവാട്ടിലും ക്ഷേത്രത്തിലും സ്ഥിരമായി കഥകളിക്കു കളരിയുണ്ടായിരുന്നു. കഥകളിയുടെ കുലപതി പട്ടിക്കാംതൊടി രാവുണ്ണിമേനോനായിരുന്നു ആശാന്‍. അദ്ദേഹം കാണിച്ചുകൊടുക്കുന്ന മുദ്ര, ആംഗികചലനങ്ങള്‍, മുഖഭാവരാഗങ്ങള്‍ ഇതെല്ലാം എന്റെ മനസ്സില്‍ പല ബിംബങ്ങളും പകര്‍ന്നുതന്നു. കേരളത്തിലെ ദേവവാഹനമായ ആന തറവാട്ടിലെ വളര്‍ത്തുമൃഗമായിരുന്നു. പൗരാണികസംസ്‌കാരം കേട്ടുണരുകയും വിടരുകയും ചെയ്തതാണ് എന്റെ ശൈശവപ്രതിഭ. ദിവസവും അനവധി അതിഥികള്‍. കുടുംബാംഗങ്ങള്‍, ഭിക്ഷക്കാര്‍ ഇങ്ങനെ ബഹളമായ ഒരന്തരീക്ഷം. അതുകൊണ്ട് ഒട്ടും ഏകാന്തത കിട്ടിയിരുന്നില്ല.

ഈ ഗൃഹാതുരത താങ്കളുടെ കവിതയുടെ സാഫല്യമാണെന്നു പറഞ്ഞുകൂടേ?

ഉദാരസുന്ദരമായ ആ ചുറ്റുപാട് എന്നും എന്റെ മനസ്സിലുണ്ട്. അവിടെനിന്ന് എന്റെ പക്ഷി പറക്കുകയും വീണ്ടും തറവാടിന്റെ കിളിവാതിലില്‍ വന്നിരിക്കുകയും ചെയ്യുന്നു. എത്ര അകലേക്കു പറന്നാലും ജാലകപ്പക്ഷിയുടെ കാലില്‍ പറക്കുന്തോറും നീളം വെക്കുന്ന, മടങ്ങുമ്പോള്‍ ചെറുതാവുന്ന ഗൃഹാതുരത്വത്തിന്റെതായ ഈ കാണാച്ചരട് ഉണ്ടായിരിക്കും. അതുകൊണ്ടാവാം വിമര്‍ശകര്‍ എനിക്കു സ്വന്തമായ തട്ടകം, നിലപാടുതറ ഇവയൊക്കെ ഉണ്ടെന്നു പറയുന്നത്. എന്റെ കിളി പറക്കുമ്പോള്‍ ഈ തൗര്യത്രികസംസ്‌കാരം കൂടെ കൊണ്ടുപോകുന്നു. അമ്പു കൊള്ളാതെ പറക്കുന്ന ആ പക്ഷി കൂട്ടില്‍ത്തന്നെ മടങ്ങിയെത്തുന്നു.

ഒന്നാമത്തെ കവിതയെക്കുറിച്ച് എന്തെല്ലാം ഓര്‍മിക്കുന്നു?

ആദ്യം പ്രകൃതിയോടാണ് എനിക്കു സംവദിക്കാനുള്ള ശൈശവസിദ്ധി ഉണ്ടായത്. പ്രകൃതി എന്നെ അദ്ഭുതപ്പെടുത്തി. ആനന്ദിപ്പിച്ചു. വളരെക്കാലത്തിനുശേഷമാണ് പ്രകൃതിയാണ് എന്റെ അമ്മ എന്നു മനസ്സിലായത്. കുന്ന്, മല, ചോല, പുഴ, പാടം ഇതെല്ലാംകൊണ്ട് തളിര്‍ത്തുനില്ക്കുന്ന വെള്ളിനേഴി ഗ്രാമത്തിന്റെ സൗന്ദര്യം. ആ പ്രകൃതിയെപ്പറ്റി ഞാന്‍ ഓരോ കുന്നത്തു പോയിരുന്ന് എന്തൊക്കെയോ പാടിക്കൊണ്ടിരുന്നു. കടലാസില്‍ എഴുതിയില്ല. പ്രകൃതി കണ്ട വെറും ആത്മനിര്‍വൃതി മാത്രമായിരുന്നു ആ വാചാകവിതകള്‍.

വിദ്യാഭ്യാസകാലത്ത് എഴുതിയിരുന്ന കവിതകളിലും വിഷയം പ്രകൃതിതന്നെ ആയിരുന്നുവോ?

അച്ഛന്‍ മരിച്ചപ്പോള്‍ വെള്ളിനേഴി വിട്ടു. ഒറ്റപ്പാലത്തും പാലക്കാട്ടുമായി ആധുനികവിദ്യാഭ്യാസം നേടി. ബാല്യം വിട്ടുകഴിഞ്ഞപ്പോള്‍ പ്രകൃത്യുപാസനയോടൊപ്പം ജീവിതോപാസനയും ആരംഭിച്ചു. അത് കാലഘട്ടത്തിന്റെ പ്രത്യേകതകൂടിയാണ്. സമുദായത്തിലെ ഉച്ചനീചത്വങ്ങള്‍, മാതൃഭൂമിയുടെ പാരമ്പര്യം, സ്വാതന്ത്ര്യസമരം ഇവയൊക്കെ കവിതയ്ക്കു വിഷയമായി.

ദേശീയപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ?

വി.ടി.ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സാമൂഹികപ്രസ്ഥാനം, ഇ.എം. എസ്. ഉള്‍പ്പെട്ട ദേശീയപ്രസ്ഥാനം എന്നിവയുമായി ബന്ധപ്പെട്ടപ്പോള്‍ എന്റെ ജീവിതചക്രവാളം വികസിച്ചു. ഇതിന്റെ ഫലമായി ധര്‍മബോധം ഉണ്ടായി. ഇതിനു പിന്നിലും പഴയൊരു പശ്ചാത്തലമുണ്ട്. ഗാന്ധിജി ചെര്‍പ്പുളശ്ശേരിയില്‍ വന്ന സമയത്ത് അച്ഛന്റെ കൂടെ ഞാന്‍ ഗാന്ധിജിയെ കാണാന്‍ പോയിട്ടുണ്ട്. അന്നെനിക്ക് പത്തു വയസ്സാണ്. ഗാന്ധിസന്ദേശപ്രചരണാര്‍ഥം വിനോബ ഭാവെ, ജയപ്രകാശ് നാരായണ്‍ എന്നിവര്‍ ഒളപ്പമണ്ണ മനയില്‍ വന്നിട്ടുണ്ട്. ഞാനൊരു വെറും നാട്ടിന്‍പുറത്തുകാരനാണെങ്കിലും ലോകമാനവികതയിലേക്കു വളരേണ്ടവനാണെന്ന ബോധവുമുണ്ടായി. ഇതിനിടയില്‍ പുരാണേതിഹാസങ്ങളും സമകാല സാഹിത്യലേഖനങ്ങളും വായിച്ചു. ആന്തരമായിട്ടുള്ള വളര്‍ച്ച എന്റേതായ ദര്‍ശനത്തിനും ലക്ഷ്യബോധത്തിനും കാരണമായി. ഇതു കാരണം സ്വന്തം സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരേ കവിതയെഴുതുവാനുള്ള ധൈര്യം കിട്ടി.

പദബോധം എങ്ങനെ നേടിയെടുത്തു?

വള്ളത്തോള്‍, ജി.ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ എന്നിവരുടെ കവിതകളോടായിരുന്നു ആദ്യകാലത്ത് പ്രിയം. അന്നത്തെ രചനകളില്‍ ഈ കവികളെ അനുകരിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. ഈ സ്വാധീനവലയത്തില്‍നിന്നു വിടാന്‍വേണ്ടിയാണ് ഞാന്‍ ഗായത്രീവൃത്തം ഉപയോഗിച്ചത്. കവി മിതവാക്കാകണം. കുറച്ചു പറഞ്ഞ് കൂടുതല്‍ ധ്വനിപ്പിക്കണം. വരികള്‍ക്കിടയിലെ മൗനത്തിനുപോലും അര്‍ഥമുണ്ടാക്കുക എന്നതായിരുന്നു എന്റെ സ്വാധ്യായത്തിന്റെ ലക്ഷ്യം.

നാട്ടുഭാഷയെ കൂടുതല്‍ സുന്ദരമാക്കുന്ന ഒരു രചനാപ്രകൃതി താങ്കളുടെ കവിതകളില്‍ കാണുന്നു. ബോധപൂര്‍വമായ ശ്രമമാണോ ഇത്?

ഞാന്‍ ജനിച്ചുവളര്‍ന്ന പ്രദേശത്തെ ഭാഷയാണ് എന്റെ ഭാഷ. അന്നാട്ടിലെ വാമൊഴി എനിക്കു സ്വാധീനമാണ്. ഇതില്‍നിന്നുള്ള വരമൊഴി എന്റെ കവിതയില്‍ ധാരാളം കാണാം. ഇത് ബോധപൂര്‍വം ചെയ്യുന്നതല്ല. ഇങ്ങനെയൊരു കാവ്യഭാഷ എനിക്കു സ്വാഭാവികമായി രൂപപ്പെട്ടതാണ്. വള്ളുവനാട്ടുഭാഷയാണ് എന്റെ വാമൊഴി.

പാരമ്പര്യത്തിന്റെ അംശം ഉണ്ടായിരുന്നിട്ടുകൂടി അക്കിത്തം, പാലൂര്, വിഷ്ണുനാരായണന്‍ നമ്പൂതിരി, കക്കാട് എന്നിവരുടെ കവിതകളില്‍ ഇങ്ങനെയൊരു വാക്‌സംസ്‌കാരം കാണുന്നില്ല. ഭാഷയുടെ മറ്റു സാധ്യതകളെക്കുറിച്ച് താങ്കള്‍ ചിന്തിച്ചില്ലെന്നു വരുന്നുണ്ടോ?

ഓരോരുത്തരുടെയും ജീവിതപശ്ചാത്തലം വിഭിന്നമാകും. പാരമ്പര്യം മാത്രം പോരാ. ജനനവും വളര്‍ച്ചയും ഒരു ഘടകമാണ്. ഓരോ കവിക്കും അവനവന്റെ ഭാഷ വേണം. ഞാന്‍ പറഞ്ഞുവല്ലോ. എന്റേത് വള്ളുവനാട് ഭാഷയാണ്. എന്റെ സംസാരഭാഷയും അതുതന്നെ. 95-ാം വയസ്സിലാണ് എന്റെ അമ്മ മരിച്ചത്. അതുവരെ അമ്മയോടു സംസാരിച്ചിരുന്ന ഭാഷ. അതുതന്നെ എന്റെ എഴുത്തുഭാഷയും.

ഗദ്യവായന താങ്കളുടെ കവിതയ്ക്ക് എത്രത്തോളം ബലം നല്കിയിട്ടുണ്ട്?

എന്നെ ഏറ്റവും ആകര്‍ഷിച്ച ഗദ്യകാരന്‍ കുട്ടികൃഷ്ണമാരാരാണ്. അദ്ദേഹത്തിന്റെ മലയാളശൈലി എന്റെ ഭാഷ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വാചാലത, വൃഥാസ്ഥൂലത, അനാവശ്യ പദപ്രയോഗം ഇതെല്ലാം ഒഴിവാക്കി ഭാഷയെ കടഞ്ഞെടുക്കുവാനുള്ള ഉദ്യമം മാരാരുമായുള്ള ബന്ധംകൊണ്ടാണ് എനിക്കു കിട്ടിയത്. ഇതിന്റെ ഫലമായി അലങ്കാരം, ബിംബം, ഉപരിപ്ലവമായ ശബ്ദസൗന്ദര്യം ഇതെല്ലാം കഴിയുന്നത്ര ഒഴിവാക്കിക്കൊണ്ട് കവിതയെഴുതാന്‍ ശീലം വന്നു. ഗദ്യത്തില്‍ എങ്ങനെയെഴുതണം എന്ന ഉദ്‌ബോധനമുണ്ടാക്കിയതും മാരാരാണ്.

ഖണ്ഡകാവ്യങ്ങളില്‍നിന്ന് കഥാകവിതകള്‍ പരീക്ഷിക്കാന്‍ കാരണമെന്താണ്?

ജീവിതത്തില്‍ പല തരത്തിലുള്ള ആളുകളെ കാണാം. അവരെ പല വഴിക്കും കവിതയില്‍ കൊണ്ടുവരാം. ജീവിതത്തിന്റെ നാനാമുഖമായിട്ടുള്ള ഭാവം ആവിഷ്‌കരിക്കാന്‍ കഥാപാത്രങ്ങളെ മാധ്യമമാക്കുന്നത് സൗകര്യമായി തോന്നിയതുകൊണ്ടാണ് ഞാന്‍ കഥാകവിതകള്‍ എഴുതിയത്. ഇത് എന്റെ കവിജീവിതത്തിലെ വഴിത്തിരിവായിരുന്നു. കുറെ ജീവിതസത്യങ്ങളെ തുറന്നുപറയാന്‍ ഇ കഥാപാത്രങ്ങള്‍ സൗകര്യം ഒരുക്കി. കഥാകഥനരീതി ഉപേക്ഷിച്ച് ലിറിക്കിന്റെ സ്വഭാവം സ്വീകരിച്ച് ജീവിതം ആവിഷ്‌കരിക്കുക എന്നതായിരുന്നു എന്റെ പരമലക്ഷ്യം. അതില്‍ കഥ തിരഞ്ഞുപോകരുത്.

താങ്കളുടെ പ്രഖ്യാത രചനയായ 'നങ്ങേമക്കുട്ടി' മലയാളകവിതയിലെ വ്യത്യസ്തതയാണ്. ഗായത്രീവൃത്തം സ്വീകരിച്ചതിനും ഇത്തരമൊരു കഥാകഥനത്തിനും പിന്നിലെ മാനസികനില അറിയാന്‍ താത്പര്യമുണ്ട്?

കുട്ടിക്കാലത്തെ വേദപഠനത്തെക്കുറിച്ച് പറഞ്ഞു. വളരെക്കാലം കവിതകളെഴുതിയശേഷം നങ്ങേമക്കുട്ടിയില്‍ ഞാന്‍ ഈ ആത്മഛന്ദസ്സ് (ഗായത്രി) സ്വാഭാവികമായി ഉപയോഗിച്ചു. മനോശുകത്തിന്റെ സ്വരസിദ്ധി വേദഛന്ദസ്സ് സ്വീകരിച്ചപ്പോഴേ കിട്ടിയുള്ളൂ എന്ന് എനിക്കു തോന്നി. സ്വരത്തോടും ഛന്ദസ്സിനോടും എനിക്ക് പ്രതിജ്ഞാബദ്ധത ഉണ്ടാവാന്‍ വേദാധ്യയനം കാരണമായിട്ടുണ്ടാകും. ഛന്ദസ്സ് ലയവും സ്വരം ശ്രുതിയുമാകുന്ന രചനാപ്രക്രിയയില്‍ ഇങ്ങനെയാവാം ഞാന്‍ ഏര്‍പ്പെട്ടത്. നങ്ങേമക്കുട്ടി ഖണ്ഡകാവ്യമാണെങ്കിലും കഥാകവിതയാകുന്നില്ല. കഥയ്ക്കല്ല അതില്‍ പ്രാധാന്യം. ഓരോ കഥാപാത്രത്തിന്റെയും മനോവ്യാപാരമാണ് ശ്രദ്ധിക്കേണ്ടത്. ആത്മനിഷ്ഠമായ മാര്‍ഗമാണ് നങ്ങേമക്കുട്ടി സ്വീകരിച്ചിട്ടുള്ളത്. കഥാപാത്രത്തെ അവരുടെ ഭാഗത്തു നിന്നുകൊണ്ടാണ് കാണുക.

ഈ രചനയ്ക്കു പിന്നിലെ പ്രചോദനമെന്താണ്?

എന്റെ സമുദായത്തില്‍ നടന്ന ഹൃദയോന്മാദിയായ ഒരു സംഭവമാണ് ഈ കവിതയ്ക്കു ബീജം എന്നു മാത്രമേ പറയാന്‍ നിവൃത്തിയുള്ളൂ. ആ കഥാബീജം വളര്‍ന്നതും അവസാനിച്ചതും സാങ്കല്പികമാണ്. നങ്ങേമക്കുട്ടി എഴുതിത്തീര്‍ക്കാന്‍ ഏഴു വര്‍ഷമെടുത്തു. കഥാകവിതകളെഴുതിയ ഒരടിത്തറ ഈ കാവ്യരചനയ്ക്കു സഹായകവുമായി.

നങ്ങേമക്കുട്ടി കവിതയെഴുതുന്നതിനുള്ള വഴക്കത്തെക്കുറിച്ച് ബോധമുണ്ടാക്കിയോ?

വാചാലത ഒഴിവാക്കാനാണ് ഗായത്രി സ്വീകരിച്ചത്. ഈ ലുബ്ധ് നങ്ങേമക്കുട്ടിക്കു ശേഷമുള്ള കവിതകളില്‍ കാണാം. പിന്നീട് പതിംവര എഴുതിയപ്പോഴും പൊലിപ്പിച്ചു പറയാന്‍ എനിക്കു കഴിഞ്ഞില്ല.

സ്ത്രീയോടുള്ള സഹതാപം താങ്കളുടെ പല കവിതകളിലും ആവര്‍ത്തിക്കുന്നുണ്ട്. ഇതിനെന്താണ് കാരണം?

എനിക്ക് പ്രകൃതിയോടാണ് സ്‌നേഹം. പ്രകൃതി സ്ത്രീയാണ്, അമ്മയാണ്. ഈ മാതൃസ്‌നേഹം എന്റെ കവിതകളില്‍ ഉടനീളമുണ്ട്. അതോടൊപ്പം സ്ത്രീയോടുള്ള സഹതാപവും കാണാം. അങ്ങനെയൊരു കവിമനസ്സാണ് അത്തരത്തിലെഴുതിക്കുന്നത്. പതിംവര വായിച്ച വി.ടിയുടെ പത്‌നി നങ്ങേമക്കുട്ടിയുടെ അനുജത്തിയാണ് പതിംവര എന്നു പറയുകയുണ്ടായി. അന്തര്‍ജനങ്ങളെക്കുറിച്ചുള്ള കവിതകള്‍തൊട്ട് ആനമുത്തിലെ പിടിയാനയില്‍വരെ ഈ സഹതാപം ചിത്രീകരിച്ചിട്ടുണ്ട്.

'ദുഃഖമാവുക സുഖം' എന്ന ജീവിതസങ്കല്പം താങ്കളുടെ കവിതയിലുടനീളം കാണുന്നു. ജീവിതത്തില്‍ ദുഃഖഹേതുക്കള്‍ ഉണ്ടായിരിക്കെ കവിതയിലും അത് വളര്‍ത്തുന്നുത് ശരിയാണോ?

കഥാപാത്രങ്ങളോടു സഹതാപമുള്ള ഹൃദയമാണ് എന്റേത്. പല കഥാപാത്രങ്ങളുടെയും സ്ഥായി ദുഃഖമാണ്. പ്രകൃതി അമ്മയാണെന്ന് പറഞ്ഞു. ഈ പ്രകൃതി ഇന്നത്തെ ചുറ്റുപാടില്‍ കാണുമ്പോഴും എനിക്കു ദുഃഖം തോന്നുന്നു. 'നിഴലാന' എന്ന കവിത ആ ദുഃഖമാണ്. ജീവിതംതന്നെയാണല്ലോ കവിതയില്‍ പ്രതിഫലിക്കുന്നത്.

'നങ്ങേമക്കുട്ടി'യില്‍ മകളെ പടിയടച്ച് ഭ്രഷ്ടാക്കുന്ന പിതാവ് ക്രൂരനല്ല. മകളുടെ ദുരന്തത്തിലുള്ള ദുഃഖമാണ് അങ്ങനെ ചെയ്യിക്കുന്നത് എന്നത് ന്യായീകരണമാവുന്നില്ലേ?

കഥയെയും കഥാപാത്രത്തെയും മാത്രം നോക്കിക്കാണരുത്. അവരുടെ മനോനില നോക്കുമ്പോള്‍ ന്യായീകരണമല്ല, സത്യമാണെന്ന് കാണാം.

മലയാളകവിതയിലെ ആധുനികതയോട് താങ്കള്‍ക്കുള്ള മനോഭാവം എന്തായിരുന്നു?

ജീവിതത്തിനുതന്നെ മാറ്റം സംഭവിച്ചു. അത് കലയിലും കടന്നുവന്നു. കവിതയിലും വേറൊന്നല്ല സ്ഥിതി. നഗരവാസികള്‍ക്കു പൗരാണികപശ്ചാത്തലം ഉണ്ടാവുക ബുദ്ധിമുട്ടാണ്. ഉണ്ടായിക്കൂടെന്നുമില്ല. വ്യവസായയുഗത്തില്‍ ജീവിക്കുന്നവര്‍ക്ക് അവരുടെതായ മാര്‍ഗങ്ങള്‍ ഉണ്ടാകും. ആഗോളവത്കൃതജീവിതത്തില്‍നിന്ന് വൈയക്തികഭാവം ഉണ്ടാക്കാന്‍ സാധിക്കണം. എന്നാല്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടും. 'ഞാന്‍ ഇല്ലെങ്കില്‍ കഥയില്ല, കവിതയില്ല' 'എന്നെ തെളിയിക്കുവാന്‍' ഓരോ കവിക്കും കഴിയണം. ചെറിയ വൃത്തത്തില്‍നിന്ന് വലുതായവരാണ് ഞങ്ങള്‍. എവിടെപ്പോയാലും പഴമ ബാക്കി നില്ക്കും. ജീവിതം സനാതനമാണ്. ഇതിനു മൂല്യം പൈതൃകമാണ്. ഈ പൈതൃകത്തിന്റെ പ്രകാശമാണ് ജീവിതം. മൂല്യച്യുതി സാഹിത്യത്തിനു ദോഷം ചെയ്യും.

ആധുനിക കവിതാദര്‍ശനങ്ങളില്‍ ഈ ച്യുതി ഉണ്ടെന്നാണോ?

എന്നല്ല പറയുന്നത്. ഇവിടെ കവിതയില്‍ ആധുനികത വന്നപ്പോള്‍ കവികളുടെ ശൈലിക്കു മാറ്റം വന്നു എന്നേ പറയാനാവൂ. പഴമയിലേക്ക് ആണ്ടിറങ്ങുന്ന കവിതകള്‍ കക്കാട് എഴുതിയിട്ടുണ്ടല്ലോ. അദ്ദേഹത്തെ ആധുനികനായിട്ടല്ലേ പലരും കാണുന്നത്. അങ്ങനെയൊരു അടിസ്ഥാനദര്‍ശനമുള്ളതുകൊണ്ട് ആ കവിതകള്‍ ഇന്നും നിലനില്ക്കുന്നു. ആധുനികകവിതയും ഞങ്ങളുടെ തലമുറയില്‍പ്പെട്ടവരുടെ കവിതയും രണ്ടായി നില്ക്കുന്നു.

നമ്പൂതിരിയുടെ മുന്നില്‍ ദൈവം വിനയം നടിക്കുന്ന 'ബ്രഹ്മസൂത്രം' എന്ന കവിത എഴുതിയതിനു പിന്നിലെ കവിമനസ്സ് എന്തായിരുന്നു?

ഈശ്വരന്‍ സൗന്ദര്യമാണെന്നാണ് എന്റെ സങ്കല്പം. ലോകമാകെയുള്ള ഈശ്വരചൈതന്യം ഞാന്‍ ആസ്വദിക്കുന്നു. ബ്രാഹ്മണ്യത്തിന്റെ അഹങ്കാരത്തെ പരിഹസിക്കാനായി എഴുതിയ ആ കവിതയുടെ വ്യാഖ്യാനം വേറൊന്നായി. തന്റെ മുന്നില്‍ ഇരിക്കാന്‍ പറഞ്ഞിട്ടും നിന്നോളാമെന്ന ഭാവത്തില്‍ നില്ക്കുന്ന ശ്രീകൃഷ്ണന്‍. അതുകൊണ്ട് കേമത്തം നടിക്കുന്ന പാമരനായ ബ്രാഹ്മണന്റെ ദൈന്യമാണ് ആ കവിത. ആക്ഷേപഹാസ്യമായ ആത്മനിന്ദയാണ് അത്. ബ്രാഹ്മണ്യത്തിന്റെ പാമരത്വവും ജാതിവ്യവസ്ഥയുമാണ്, അല്ലാതെ ശ്രീകൃഷ്ണനല്ല പരിഹസിക്കപ്പെടുന്നത്.

ആനയുടെ ജീവിതകഥാകാവ്യം എഴുതാനുള്ള പ്രചോദനമെന്തായിരുന്നു?

തറവാട്ടിലെ വളര്‍ത്തുമൃഗമായതിനാല്‍ ആനയോട് മുന്‍പുതന്നെ എന്തെന്നില്ലാത്ത ഇഷ്ടമുണ്ടായിരുന്നു. കുട്ടിക്കാലംമുതല്‍ ആനയുടെ ജീവിതം കണ്ടുശീലിച്ചു. ഗജക്രീഡകള്‍ കണ്ടു. ആന മരിക്കുന്നതും കണ്ടിട്ടുണ്ട്. ആനകളുടെ ജീവിതത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിച്ചു. അത് അറിയാന്‍ 'ഖെദ്ദ' എന്ന ആനപിടിത്തം നിരീക്ഷിച്ചു. മൈസൂരിലും മറ്റു മലവാരങ്ങളിലും താമസിച്ച് ആനനിരീക്ഷണം നടത്തി. വായിച്ച, കാണപ്പെട്ട അനുഭവംവെച്ച് മനസ്സില്‍ തട്ടിയ കാര്യങ്ങള്‍ എഴുതി ആന മനുഷ്യരുടെ കൈയില്‍പ്പെട്ട് വിഷമിക്കുന്നതു കാണുമ്പോള്‍ ദയ തോന്നും. ആ കാരുണ്യമാണ് ആനമുത്തിന്റെ പ്രേരണ.

വിവിധരംഗങ്ങളില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവസമൃദ്ധി താങ്കളുടെ കവിതകളില്‍ കാണാം. ഈ ഏകീകരണം സാധിക്കുന്നതെങ്ങനെയാണ്?

പൂവില്‍നിന്നേ കവിതയുണ്ടാവൂ എന്നില്ല. നാം, ഇടപഴകുന്ന ജീവലോകവുമായി സംവദിക്കുന്നു. കച്ചവടം, കൃഷി, സാംസ്‌കാരികപ്രവര്‍ത്തനം ഇവ അതിന്റെ ഭാഗമാണ്. അതില്‍നിന്ന് ഒരു ജീവിതതത്ത്വജ്ഞാനം ഉണ്ടാകുന്നത് കവിയായതുകൊണ്ടാണ്. സംസാരസാഗരത്തിന്റെ നടുക്കുള്ള പാറയാണ് ഞാന്‍. കച്ചവടം, കൃഷി, കലാമണ്ഡലം ഇവ എന്നിലേക്ക് അടിച്ചുവരുന്ന തിരമാലകളായി തോന്നുന്നു. അവിടെവെച്ച് ഞാന്‍ എഴുതുന്നു. എഴുത്തില്‍ എനിക്ക് ആരെയും വെറുക്കാന്‍ കഴിയില്ല. കാവ്യനീതി (ജീലശേര ഷൗേെശരല) ഞാന്‍ അങ്ങേയറ്റം പുലര്‍ത്താന്‍ ശ്രമിക്കുന്നു.

താങ്കളുടെ പദപ്രയോഗം പലര്‍ക്കും അപരിചിതമാകുന്നു. അടിക്കുറിപ്പ് നിര്‍ബന്ധമാകുന്ന ചല ഘട്ടങ്ങളില്‍ കവിതയുടെയും സംവേദനത്തിന് അത് തടസ്സം വരുത്തില്ലേ?

വാമൊഴിയില്‍നിന്ന് ഉറന്നുവരുന്ന ഭാഷയാണ് എന്റെ ശക്തി. അതിന് അടിക്കുറിപ്പുകൂടിയാകുമ്പോള്‍ ഭാഷ സമ്പന്നമാകുന്നു. 'ഒലി' എന്നു ഞാന്‍ പ്രയോഗിച്ചിട്ടുണ്ട്. ഇതിന്റെ വിവിധ അര്‍ഥതലങ്ങളെപ്പറ്റി ഒരു കാവ്യചര്‍ച്ചയില്‍ ചിലര്‍ ചിന്തിക്കുകയുണ്ടായി.

പി. കുഞ്ഞിരാമന്‍ നായര്‍ കഴിഞ്ഞാല്‍, മലയാളകവിതയില്‍ കഥകളിബിംബങ്ങള്‍ ധാരാളം വരുന്നത് താങ്കളുടെ കവിതകളിലാണ്. കുഞ്ഞിരാമന്‍ നായരുടെതുപോലെ സൗന്ദര്യദര്‍ശനത്തിലല്ല താങ്കളുടെ കണ്ണ്. ഈ വ്യത്യാസത്തെക്കുറിച്ച് വിശദീകരിക്കാമോ?

കഥകളിയില്‍നിന്ന് ഭാവബിംബങ്ങള്‍ മാത്രമേ ഞാന്‍ സ്വീകരിച്ചിട്ടുള്ളൂ. അതിനു കാരണം എന്റെ ജീവിതവുമായി ബന്ധപ്പെട്ട പുരാണേതിഹാസങ്ങളും കഥകളിയിലൂടെ സാധിക്കുന്ന അവയുടെ പ്രത്യക്ഷവത്കരണവുമാവാം. കഥകളി കാണുമ്പോള്‍ എന്റെ അമ്മ, ശ്രീകൃഷ്ണന്‍ അരങ്ങത്തു വരുമ്പോള്‍ എണീറ്റു നിന്ന് തൊഴാറുണ്ടായിരുന്നു. വായിച്ചതിനപ്പുറം പ്രത്യക്ഷത്തില്‍ കാണുമ്പോള്‍ അനുഭവം കൂടുന്നു. 'രാവണന്‍ പത്താമത്തെ ശിരസ്സും സ്വയം വെട്ടാന്‍ രാവുണ്ണിമേനോനില്‍ വന്നുദ്ഭവിപ്പതു നോക്കി' എന്ന ഭാഗത്ത് ഭാവത്തിനാണ് പ്രാധാന്യം. കഥകളിബിംബങ്ങളെ മാധ്യമമാക്കുകയേ ഞാന്‍ ചെയ്തിട്ടുള്ളൂ. ഭാവത്തിനു പുഷ്ടിവരുത്തുക എന്നതാണ് ലക്ഷ്യവും.

അംബയ്ക്കപ്പുറം ആട്ടക്കഥ പരീക്ഷിക്കാത്തത് എന്തുകൊണ്ടാണ്?

ആട്ടക്കഥയില്‍ പദങ്ങള്‍ക്കാണ് പ്രാധാന്യം. അത് വാച്യമാവുകയും വേണം. കഥകളി നാടകമല്ല, പദാഭിനയമാണ്. മുഴുവന്‍ അഭിനയിക്കുകയും വേണം. കവികര്‍മം ഇവിടെ കുറവാണ്. അതുകൊണ്ടായിരിക്കാം വലിയ കവികളുടെ ആട്ടക്കഥകള്‍ പ്രചരിക്കാതെപോയതും; മറിച്ച് സംഭവിച്ചതും.

എല്ലാ കവികള്‍ക്കും നിളയോടാണ് വാത്സല്യം. താങ്കളുടെ കവിതകളില്‍ കുന്തിപ്പുഴയാണ് നിത്യസാന്നിധ്യമായി വരുന്നത്. ഈ ഇഷ്ടത്തിനു കാരണമെന്താണ്?

എനിക്ക് ഭാരതപ്പുഴയെക്കാള്‍ ബന്ധം കുന്തിപ്പുഴയോടാണ്. വെള്ളിനേഴി, മണ്ണാര്‍ക്കാട് എന്നീ പ്രദേശങ്ങളുടെ പാര്‍ശ്വങ്ങളിലൂടെ ഈ പുഴയൊഴുകുന്നു. ഏതു മഴക്കാലത്തും കുന്തിപ്പുഴ കലങ്ങില്ല. ഞാന്‍ കണ്ടുപരിചയിച്ച പുഴ എന്റെ കവിതകളില്‍ നിത്യസാന്നിധ്യമായി. കുന്തിപ്പുഴ നിളയുടെ ഉപനദിയുമാണ്.

താങ്കളുടെ കവിതകള്‍ പ്രത്യക്ഷത്തില്‍ അര്‍ഥം തരുന്നവയാണ്. കവിതയ്ക്കുള്ളിലെ പൊരുള്‍ ആലോചിക്കേണ്ടിവരുന്നില്ല. ഇത് ഗുണമായും ദോഷമായും പറയാം. ഇതില്‍ താങ്കളുടെ നിലപാട് എന്താണ്?

നേരിട്ടുള്ള സംവാദം സത്യസന്ധതയായി ഞാന്‍ കാണുന്നു. ഋജുത്വമാണ് എന്റെ മാര്‍ഗം. എനിക്ക് കവിതയില്‍ ഒന്നും ഒളിച്ചുവെക്കാനാവില്ല. വക്രോക്തിക്കു വിരുദ്ധനാണ് ഞാന്‍.

സ്വന്തം കവിതയുടെ നിരൂപണങ്ങളെ താങ്കള്‍ എങ്ങനെ വായിക്കുന്നു?

പല നിരൂപകരും എന്റെ കവിതയെക്കുറിച്ച് മണ്ഡന ഖണ്ഡനങ്ങള്‍ നടത്തിയിട്ടുണ്ട്. രണ്ടും ഒരേ നിലയ്‌ക്കേ എടുക്കാറുള്ളൂ. പുതിയ നിരൂപകര്‍ കവിതയുടെ ആഴങ്ങളിലേക്കിറങ്ങുന്നു. ശൈലി, കവിദര്‍ശനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളാണ് കാണുന്നത്. ആസ്വാദനത്തിനല്ല അവര്‍ പ്രാധാന്യം കൊടുക്കുന്നത്.

കവികര്‍മത്തിനിടയില്‍ ആരെല്ലാം കവിതയെഴുത്തിനു തുണയായി?

ജി. ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി, എന്‍.വി. കൃഷ്ണവാരിയര്‍, എം.ആര്‍.ബി. എന്നിവരുമായുള്ള ഇടപഴക്കം എന്റെ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്. കവിത തിരുത്തിയും നിര്‍ദേശങ്ങള്‍ നല്കിയും കവിതാപരിശീലനം തന്നത് പ്രേംജിയാണ്. ഛന്ദോബദ്ധമായ കവിത എഴുതാന്‍ എന്നെ സഹായിച്ചതും അദ്ദേഹം തന്നെ. കവിത ഗൗരവമായി എടുക്കണമെന്ന് എന്നോട് എപ്പോഴും പറഞ്ഞിട്ടുള്ള ഇ.എം.എസ്സിന്റെ ഉപദേശം എനിക്ക് ഗുരൂപദേശമാണ്.

കവിയരങ്ങുകളെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?

മുന്‍കാലങ്ങളില്‍ കവിയരങ്ങുകള്‍ക്ക് കുറച്ചുകൂടി ഗൗരവമുണ്ടായിരുന്നു. കാവ്യാസ്വാദകരുടെ സദസ്സിലായിരുന്നു അന്ന് കവികള്‍ കവിത വായിച്ചിരുന്നത്. ഇപ്പോള്‍ അത് ആഘോഷത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. വടക്കേ ഇന്ത്യയില്‍ വിവാഹങ്ങള്‍ക്കുകൂടി കവിയരങ്ങ് പതിവാണത്രേ. കവിസമ്മേളനങ്ങള്‍ പ്രകടനപരമാകുന്ന പ്രവണത കണ്ടുവരുന്നു. വിദ്വല്‍സദസ്സില്‍ കവിത വായിച്ചാല്‍ ആ കവിതയ്ക്കു പ്രത്യേക പൊലിമ കിട്ടിയിരുന്ന കാലമുണ്ടായിരുന്നു. ഒറ്റപ്പാലം സാഹിത്യപരിഷത്തിലാണ് പി. കുഞ്ഞിരാമന്‍ നായര്‍ 'കളിയച്ഛന്‍' വായിച്ചത്.

കവിതയുടെ ചൊല്ലലിന് എത്രത്തോളം പ്രാധാന്യമുണ്ട്?

കവിത മന്ത്രമാണെങ്കില്‍ പതുക്കെച്ചൊല്ലി മനനം ചെയ്ത് സ്വാംശീകരിക്കേണ്ട രൂപമാണ്. അങ്ങനെയാണ് നമുക്കൊരു വായനസംസ്‌കാരമുണ്ടായത്. വായനയിലൂടെ കിട്ടുന്ന മനഃസംസ്‌കാരമാണ്, നിത്യസാന്നിധ്യമാണ് കവിതയുടെ സാഫല്യം. കാളിദാസകൃതികള്‍ ഉദാഹരണം. കവിതയില്‍ അതീന്ദ്രിയമായ അംശമുണ്ട്. ഉത്തമകവിതകള്‍ തലമുറകളായി ആത്മസംവാദം നടത്തും. ഈ സിദ്ധി തൗര്യത്രികത്തിനില്ല. പുസ്തകം നമുക്ക് നിത്യസാന്നിധ്യമാകുന്നു. ആത്മസംവാദം നടത്താന്‍ സാധിക്കാത്ത കവിത കവിതയാകുന്നില്ല.

പൂക്കളും പക്ഷികളും താങ്കളുടെ കവിതയില്‍ ധാരാളം കാണുന്നു. അവയോട് എന്താണ് ഇത്ര ഇഷ്ടം?

എന്റെ കുട്ടിക്കാലത്ത് ഇല്ലത്ത് ധാരാളം അമ്പലപ്രാവുകളുണ്ടായിരുന്നു. ഉപദ്രവകാരികളല്ലാത്ത ഈ പ്രാവുകളെ എനിക്ക് ഇഷ്ടമായിരുന്നു. മനയുടെ നേരെ മുന്നില്‍ ഭഗവതിയുടെ നടയില്‍ അരയാലുണ്ട്. ആ അരയാലില്‍ നിറച്ച് പക്ഷികളുണ്ടായിരുന്നു. കാക്ക, തത്ത, പ്രാവ് ഇവയുടെ കൂടുകള്‍ ആ അരയാലില്‍ ഞാന്‍ കണ്ടിട്ടുണ്ട്. ആലിലകളുടെ ഇളക്കത്തോടൊപ്പം പക്ഷികളുടെ കുറുകലും ഞാന്‍ ശ്രദ്ധിച്ചു. ശ്രാദ്ധം കൊത്താന്‍ വരുന്ന കാക്കകളെയും ഇല്ലക്കുളത്തിലെ കൂപ്പിലിരുന്ന് മത്സ്യം പിടിക്കുന്ന പൊന്മയെയും ഞാന്‍ വീക്ഷിച്ചു. പിന്നീട് ഞാന്‍ കൃഷിസംബന്ധമായി കുറെക്കാലം കാട്ടുപ്രദേശത്ത് താമസിച്ചപ്പോഴും ധാരാളം പക്ഷികളെ കണ്ടു. ഈ കിളികള്‍തന്നെയാണ് എന്റെ കവിതകളിലേക്കും പറന്നെത്തുന്നത്. വളപ്പിലും പരിസരത്തിലുമുള്ള പൂക്കള്‍ എന്റെ ശ്രദ്ധയാകര്‍ഷിച്ചു. പ്രകൃതിയുമായി എനിക്കുള്ള ബന്ധം ഭൂമിയോടുള്ള ബന്ധംതന്നെയാണ്. നിത്യപ്രസുവാണ് ഭൂമി. പഞ്ചഭൂതങ്ങളോടുള്ള താത്പര്യംതന്നെ പ്രകൃതിയോടുള്ള താത്പര്യവും.

വള്ളുവനാട്ടിലെയും പാലക്കാട്ടെയും ആഘോഷങ്ങള്‍ താങ്കളുടെ കവിതകളില്‍ ധാരാളം കാണുന്നുണ്ട്. ഇവ രണ്ടും അവയുടെ അനുഷ്ഠാനങ്ങളില്‍ വ്യത്യസ്തങ്ങളുമാണ്. താങ്കളുടെ കവിതയില്‍ ധാരാളം ഉത്സവബിംബങ്ങളുണ്ട്. ഉത്സവത്തെ എങ്ങനെ കാണുന്നു?

ഞാന്‍ വളര്‍ന്ന അന്തരീക്ഷത്തിന് എന്നും ഉത്സവച്ഛായയായിരുന്നു. കഥകളി, ചെണ്ട, ആന ഇവയൊക്കെ കുട്ടിക്കാലത്തേ എന്നെ സ്വാധീനിച്ചു. പഞ്ചവാദ്യവും പഞ്ചാരിമേളവും ഒക്കെയായുള്ള ആനപ്പൂരവും ഇതൊന്നുമില്ലാത്ത കാള-കുതിര വേലകളും ഞാന്‍ കണ്ടു. നാടന്‍കലാരൂപങ്ങളെക്കാളേറെ ശാസ്ത്രീയകലകളാണ് എന്നെ ആകര്‍ഷിച്ചത്. കലാകാരന്മാരുമായുള്ള നിത്യസമ്പര്‍ക്കം, അവരുടെ കലാവിദ്യകളുമായുള്ള അടുത്ത പരിചയം ഇവയൊക്കെ എന്റെ കവിതകളിലെ സാംസ്‌കാരികതലത്തിന്റെ അടിത്തറകളാണ്. എന്നാല്‍ ആഘോഷങ്ങളെ ദൈവികമായിട്ടല്ല ഞാന്‍ കാണുന്നത്. ഇടയ്ക്കുണ്ടാകുന്ന പൂരങ്ങളും ഉത്സവങ്ങളും എന്റെ മനസ്സിനെ ഉണര്‍ത്തി പ്രോത്സാഹിപ്പിച്ചിരുന്നു. അവ ജീവിതകേളിയായി ഞാന്‍ കാണുന്നു. ജീവിതത്തിന്റെ ഉത്സവമേളം കവിയായ ഞാന്‍ സ്വയം ആഘോഷിക്കുന്നു. ധ്യാനം, പൂജ എന്നിവ സ്വകാര്യമാണ്. ആഘോഷം അങ്ങനെയല്ലല്ലോ.

ഭക്ഷണവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും ഭക്ഷണപദാര്‍ഥങ്ങളുടെ വിവരണങ്ങളും താങ്കളുടെ കവിതയില്‍ ധാരാളം കാണാറുണ്ട്. ആഹാരകല്പനകളോടുള്ള ആഭിമുഖ്യത്തിന്റെ പൊരുളെന്താണ്?

ആഹാരം, വിഹാരം, നീഹാരം ഈ തലത്തില്‍ ഭക്ഷണത്തെ കാണാം. ജന്മിത്തത്തിന്റെ പ്രതാപകാലത്തായിരുന്നു എന്റെ ബാല്യം. കൃഷിക്കാരനു വേണ്ടത്ര കൊടുക്കാതെ ചെറിയ പങ്കെടുത്ത് മുതലിറക്കിയ ആള്‍ക്ക് ഭൂരിഭാഗവും കൊടുക്കുന്ന കൃഷിസമ്പ്രദായം ഞാന്‍ നേരില്‍ക്കണ്ടു. എനിക്ക് കൃഷിത്തൊഴിലാളികളോട് അനുകമ്പയും സ്‌നേഹവും തോന്നി. ഈ തൊഴിലാളികള്‍ അന്നദാതാക്കളാണ് എന്ന ബോധം മനസ്സിലായതുകൊണ്ട് അവരെ ഞാന്‍ സ്‌നേഹിക്കുന്നു. ചോറ്, തൈര്, ചുട്ട പപ്പടം, നെയ്യ്, കണ്ണിമാങ്ങ ഇതൊക്കെക്കൂട്ടിയുള്ള പ്രാതലൂണ്. വിശേഷദിവസം ഇടനേരത്ത് പലഹാരം. ഇതായിരുന്നു എന്റെ ബാല്യത്തില്‍ ഇല്ലത്തെ ഭക്ഷണരീതി. പിന്നെ നിത്യേന നൂറുകണക്കിനാളുകള്‍ ഊണുകഴിച്ച് പോകുന്നതു കാണാം. മോരു വീഴ്ത്തിയ കൂട്ടാന്‍, പുരട്ടിയുപ്പേരി, കടുമാങ്ങ, നെയ്യ്, ഒന്നാന്തരം മോര് ഇതായിരുന്നു കുടുംബഭക്ഷണം. ഇത് തികച്ചും കേരളീയവിഭവവുമാണ്. എല്ലാവര്‍ക്കും ഒരേ ഭക്ഷണവുമായിരുന്നു. ഞാന്‍ ജീവിച്ച കൂട്ടുകുടുംബത്തില്‍നിന്നാണ് എന്റെ കവിതയില്‍ അന്നബിംബം വന്നത്.

ഒളപ്പമണ്ണക്കവിതയിലെ സ്ത്രീ പഠനവിഷയമാണ്. പെണ്ണെഴുത്തുചര്‍ച്ചകള്‍ വരുന്നതിന് എത്രയോ മുന്‍പുതന്നെ അങ്ങ് സ്ത്രീയുടെ ലോകം കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്. എന്താണ് താങ്കളുടെ സ്ത്രീസങ്കല്പം?

എനിക്ക് പെണ്ണെഴുത്തിനെക്കുറിച്ചൊന്നും നല്ല നിശ്ചയമില്ല. എനിക്ക് സ്ത്രീയോട് എന്നും അനുകമ്പയാണ്. അന്തഃപുരത്തിലെ അടിമകളായിരുന്നു സ്ത്രീകള്‍ ഒരുകാലത്ത്. പുരുഷന് സ്വാതന്ത്ര്യമുണ്ടായിരുന്നു. സ്ത്രീ അബലയായിരുന്നു. മര്‍ദിക്കപ്പെടേണ്ടവളല്ല, ഭര്‍ത്സിക്കപ്പെടേണ്ടവളല്ല, ശരിക്ക് ആദരിക്കപ്പെടേണ്ടവളാണ് സ്ത്രീ എന്നുള്ള ബോധം കുട്ടിക്കാലംമുതല്‍ എനിക്കുണ്ട്. സ്ത്രീ നടന്നുപോകുന്നു. പുരുഷന്‍ കാറില്‍ പോകുന്നു. ഈ കാഴ്ച ഇന്നും കാണാം. സ്ത്രീകളോടുള്ള സഹതാപം ജീവിതത്തില്‍നിന്നും പുരാണേതിഹാസങ്ങളുടെ വായനയില്‍നിന്നും രൂപപ്പെട്ടുവന്നതാണ്. നമ്മുടെ ഏതു നായികമാരാണ് സുഖമായിട്ടിരുന്നിട്ടുള്ളത്? അമ്മയും ഭാര്യയും മകളും സ്ത്രീയാണല്ലോ. എനിക്ക് ജന്മവും ജീവിതവും തന്ന അമ്മയോടാണ് എനിക്കു കടപ്പാട്. രണ്ടു ചുണ്ടു തുറന്നാല്‍ 'അമ്മ' എന്ന ശബ്ദം വരുന്നു. അമ്മയില്‍ക്കൂടി സംസ്‌കാരം വരുന്നു. 'ഏഹി സൂനരി'യിലെ സഹധര്‍മിണി പിന്നീട് അമ്മ എന്ന പരിശുദ്ധ സ്‌നേഹപാത്രമായി, എന്റെ കുടുംബമായി മാറുന്നു. ഇത് ഭൗതികമായ മാറ്റമല്ല, ആത്മീയമായ അനുഭവംകൂടിയാണ്.

താങ്കളുടെ പത്‌നി ശ്രീദേവി, മകള്‍ രമ തുടങ്ങി ബന്ധുക്കളും കുടുംബക്കാരും അതേ പേരില്‍ കവിതയില്‍ വരുന്നുണ്ട്. 'വീടാണ് ലോകം വലിയ ലോകം എന്ന സങ്കല്പം ഒരു പരിമിതിയായി തോന്നിയിട്ടുണ്ടോ?

എനിക്ക് എന്റെ പരിസരം മറന്ന് ചിന്തിക്കാന്‍ സാധിക്കുന്നില്ല. ഇത് പരിമിതിയായി എനിക്കു തോന്നുന്നില്ല. ഈ നാലുകെട്ടിലേക്ക് നമീബിയയെയും ശ്രീലങ്കയെയും ഞാന്‍ കൊണ്ടുവരുന്നുണ്ട്. ഈ നാലുകെട്ട് ലോകജീവിതത്തിന്റെ തറവാടാകുന്നുണ്ട്. കുന്തിപ്പുഴയുടെ ഒഴുക്ക് എന്റെ കവിതയ്ക്കു തംബുരുവും താളവും ആണ്. ആ കുന്തിപ്പുഴ മരിച്ചതാണ് 'ഉടകുടം' എന്ന കവിത. കുടം ഭൂഗോളംതന്നെയാണ്. എന്റെ സാംസ്‌കാരികമായ അടിത്തറ എന്റെ പുരത്തറയാണ്. എന്റെ വൃത്തം എത്ര ചുരുക്കുന്നുവോ, അത്രത്തോളം എനിക്ക് വിഷയവുമായി സ്​പര്‍ശസുഖം കിട്ടും. അതുകൊണ്ടാണ് നായികയെ ശ്രീദേവി എന്നു വിളിക്കുന്നത്. കുട്ടികളെയും സഹോദരന്മാരെയും പേരുചേര്‍ത്ത് വിളിക്കുന്നത്. രമേ, എന്നു വിളിച്ചാലേ മകളോടുള്ള വാത്സല്യം പൂര്‍ണമാകൂ. എങ്കിലേ കവിത വികാരപ്രധാനമാവൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. സഹധര്‍മിണിയെപ്പറ്റി പറയുമ്പോള്‍ സത്യസന്ധത ഉണ്ടാവണമെങ്കില്‍ ശ്രീദേവി എന്നുതന്നെ വിളിക്കണം. പേര് മറിച്ചെഴുതുമ്പോള്‍ സ്വാഭാവികമായ ഉച്ചാരണം അല്ലാതെയാവും. കല്പിതകഥകളില്‍ പേരു മാറാം. കല്പിതകഥ ജീവിതകഥയാവില്ലല്ലോ. കവിതയിലെ ആനയ്ക്കുപോലും സ്വന്തം ആനയുടെ പേരാണ് ഞാന്‍ കൊടുക്കാറ്. ഭഗവതി എന്നാല്‍ എനിക്ക് ഇല്ലത്തെ പരദേവതയായ തിരുമാന്ധാംകുന്നിലമ്മയാണ്. കവിയോട് സത്യസന്ധനാകുക എന്നത് ഞാനെപ്പോഴും പാലിക്കുന്ന കവികര്‍മമാണ്. സര്‍ഗസാഹിത്യകാരനില്‍ ഗൃഹാതുരത്വം ഒരു കുറ്റമായി ആരോപിക്കുന്നത് ശരിയല്ല. എസ്.കെ. പൊറ്റെക്കാട്ട്, തകഴി, എം.ടി. എല്ലാം ചുറ്റുപാടില്‍നിന്നാണ് ജീവിതം എടുത്തിരിക്കുന്നത്. ഈ നിലയ്ക്ക് ഗൃഹാതുരത്വം ദോഷമല്ല. അന്യത്വം വരുമ്പോഴാണ് ഇത് പരിമിതിയാകുന്നത്. ഇതിവൃത്തം എന്നില്‍നിന്ന് വിടരുകയും എന്നില്‍ വന്ന് കൂമ്പുകയും വേണം. ഞാനില്ലാതെ ലോകമില്ല. അപ്പോള്‍ ഞാന്‍ ലോകത്തിന്റെ ഭാഗമാകുന്നു.

സ്വന്തം കവിതയിലെ പാരമ്പര്യഘടകങ്ങളെ എങ്ങനെ കാണുന്നു?

ഞാന്‍ പൈതൃകത്തെ തികച്ചും സ്വീകരിക്കുന്നു. പൈതൃകത്തുടര്‍ച്ചയാണ് ഞാന്‍ എന്ന ബോധം എനിക്കുണ്ട്. പാരമ്പര്യത്തില്‍ പലതും മോശപ്പെട്ടതാണ്. ജന്മിത്തം, ആലസ്യം, ഫ്യൂഡലിസം, നിഷ്‌ക്രിയത്വം, ദുഷ്പ്രഭുത്വം ഇവ മോശപ്പെട്ടതാണ്. 'അനുശോചനം' എന്ന എന്റെ കവിതയില്‍ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ജന്മിത്തം ചളിയാണ്, ആ ചളിയിലും നല്ല അംശമുണ്ട്. അത് താമരപ്പൂവിനു വളമാകുന്നു. ചളിയില്‍നിന്ന് ചണ്ടിപ്പൂവല്ല, താമരപ്പൂവാണ് ഉണ