മലയാളത്തിലെ ആദ്യമനഃശാസ്ത്ര പംക്തീകാരന്‍... ഭാരതീയ മനഃശാസ്ത്രജ്ഞന്മാരുടെ സംഘടനയുടെ സ്ഥാപകമെമ്പറും മുന്‍ ദേശീയപ്രസിഡന്റും... ദേശീയ- സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ 'സ്വപ്നാടനം' സിനിമയുടെ കഥാകൃത്ത്... പിന്നെ മലയാളികള്‍ മറന്നേ പോയ സൈക്കോ മുഹമ്മദ്.
പെരുമ്പിലാവ് അന്‍സാര്‍ ഹോസ്​പിറ്റല്‍ ഡയറക്ടര്‍ സൈക്കോ മുഹമ്മദിനെ കാണാന്‍ പുറത്ത് കാത്തിരിക്കുമ്പോള്‍, ബുള്‍ഗാന്‍ താടിയും കഷണ്ടിത്തലയും ചുണ്ടില്‍ പുകയുന്ന പൈപ്പുമുള്ള ഒരു രൂപമായിരുന്നു മനസ്സില്‍. എന്നാല്‍, നേരില്‍ കണ്ടപ്പോള്‍ പ്രതീക്ഷ തെറ്റി. പ്രൊഫ. ഇ. മുഹമ്മദ് എന്ന ചെറിയ സംജ്ഞാഫലകത്തിന് പിന്നിലിരുന്ന് എന്തോ എഴുതിക്കൊണ്ടിരുന്ന കൃശഗാത്രനെ കണ്ടാല്‍ ഒരു വള്ളുവനാടന്‍ കര്‍ഷകനെപ്പോലെ. പൊന്നാനിയിലെ മാറഞ്ചേരിയില്‍നിന്ന് മാനത്തെ നക്ഷത്രങ്ങളെ തൊടാന്‍ മോഹിച്ച ജന്മമാണ് മുന്നിലിരിക്കുന്നത്. അദ്ദേഹവുമായുള്ള മുഖാമുഖത്തില്‍ നിന്ന്

എം.ബി.ബി.എസ്. ബിരുദമില്ലാത്ത അങ്ങ് എങ്ങനെ അമ്പതുകളില്‍ ഇവിടെ ഒട്ടും പോപ്പുലര്‍ അല്ലാത്ത മനഃശാസ്ത്ര മേഖലയിലെത്തി

പണ്ടുമുതലേ മനഃശാസ്ത്രത്തില്‍ വലിയ താത്പര്യമായിരുന്നു. ലോകപ്രശസ്ത മനഃശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡ് ആയിരുന്നു ആരാധ്യപുരുഷന്‍. ഫാറൂഖ് കോളേജില്‍ ഇന്റര്‍മീഡിയറ്റിന് പഠിക്കുമ്പോള്‍ ഗുരുനാഥനായ വി.ജി.കെ. നായര്‍ എന്നോട് മദ്രാസ് പ്രസിഡന്‍സി കോളേജില്‍ ആ കൊല്ലം പുതുതായി ആരംഭിക്കുന്ന സൈക്കോളജിക്ക് അപേക്ഷിക്കാന്‍ പറഞ്ഞു. 1955-ല്‍ ആണ്. അന്നൊക്കെ മദിരാശിക്ക് പോകുക എന്നുപറഞ്ഞാല്‍ ഇന്ന് ന്യൂയോര്‍ക്കില്‍ പോകുന്നതിനേക്കാള്‍ വലിയ സംഭവമാണ്. ഇന്റര്‍മീഡിയറ്റ് കഴിഞ്ഞ് സ്‌കൂള്‍മാഷ് ആകുക എന്നതായിരുന്നു മോഹം. എന്തായാലും എനിക്ക് അവിടെ പ്രവേശനം ലഭിച്ചു. എന്റെ സാമ്പത്തികവിഷമം മനസ്സിലാക്കി പ്രിന്‍സിപ്പല്‍ പി. ബാലകൃഷ്ണന്‍ നായര്‍ ഒരു സ്‌കോളര്‍ഷിപ്പ് തരപ്പെടുത്തിത്തന്നു. 1958-ല്‍ ഞാന്‍ സൈക്കോളജി ഓണേഴ്‌സ് ബിരുദം എടുത്തു.

ബിരുദാനന്തരം അങ്ങ് എവിടെയെങ്കിലും ജോലിക്ക് ചേര്‍ന്നോ ? അതോ ഉപരിപഠനത്തിന് പോയോ

തുടര്‍ന്ന് പഠിക്കാന്‍ മോഹമുണ്ടായിരുന്നു. പക്ഷേ, വീട്ടിലെ സാമ്പത്തികനില മോശമായിരുന്നു. മാറഞ്ചേരി അങ്ങാടിയില്‍വെച്ച് പഴയ സുഹൃത്ത് അബുള്ളക്കുട്ടിയെ കണ്ടു. അബുള്ളക്കുട്ടി ബി.ടി.ക്ക് (ഇന്നത്തെ ബി.എഡ്.) അപേക്ഷിക്കാനുള്ള അവസാനദിവസം തിരക്കിട്ട് കോഴിക്കോട്ടേക്ക് പോകുകയായിരുന്നു. അപേക്ഷാഫീസായ രണ്ടുരൂപ ഞാന്‍ അബുള്ളക്കുട്ടി വശം കൊടുത്തയച്ചു; ഒരപേക്ഷ തന്റെ പേരിലും നല്‍കാന്‍. ആ വര്‍ഷം എനിക്ക് പ്രവേശനം കിട്ടി, അബുള്ളക്കുട്ടിക്ക് കിട്ടിയില്ല. പക്ഷേ, ഏഴുമാസം കഴിഞ്ഞപ്പോഴേക്കും എനിക്ക് നിംഹാന്‍സില്‍ സീറ്റ് ലഭിച്ച വിവരത്തിന് കമ്പി വന്നു. അങ്ങനെ കോഴിക്കോട്ടെ പഠനം ഉപേക്ഷിച്ച് 1959-ല്‍ ഞാന്‍ നിംഹാന്‍സിലെത്തി. അവിടെ 250 രൂപ സ്റ്റൈപ്പന്‍ഡ് കിട്ടിയിരുന്നു. അതുകൊണ്ട് പഠനകാലത്ത് അല്പം പണം നല്‍കി എനിക്ക് അമ്മയെ സഹായിക്കാന്‍ പറ്റി. നിംഹാന്‍സില്‍ ഞങ്ങള്‍ 12 പേരായിരുന്നു. കേരളത്തില്‍നിന്ന് ഞാന്‍ മാത്രം. അവിടെ അക്കാലത്ത് സൈക്കോളജിക്കും സൈക്യാട്രിക്കും ഒന്നിച്ചാണ് ക്ലാസ്. സഹപാഠികളിലേറെ പേരും എം.ബി.ബി.എസ്. ബിരുദക്കാരാണ്. ഡി.എം. ആന്‍ഡ് എസ്.പി. എന്ന ഡിപ്ലോമ കോഴ്‌സ് പാസ്സായതോടെയാണ് ഞാന്‍ ശരിക്കും 'ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്' ആയത്. തുടര്‍ന്ന് ഞാന്‍ അവിടെത്തന്നെ അസി. റിസര്‍ച്ച് ഓഫീസറായി നിയമിതനായി. അപ്പോഴാണ് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (ആര്‍മി) ഓഫീസേഴ്‌സിനെ തിരഞ്ഞെടുക്കുന്ന അഭിമുഖത്തിന് എന്നെ വിളിച്ചത്. പക്ഷേ, അഭിമുഖത്തിന്റെ അന്നുതന്നെയായിരുന്നു നാട്ടില്‍ എന്റെ വിവാഹം നിശ്ചയിച്ചിരുന്നത് എങ്ങോട്ട് പോകണം? ഞാന്‍ ആകെ ആശയക്കുഴപ്പത്തിലായി. ഒടുവില്‍ വിവാഹം മാറ്റിവെക്കാന്‍ നാട്ടിലേക്ക് കമ്പിയടിച്ച് ഞാന്‍ ഇന്റര്‍വ്യൂവിന് പോയി. അന്ന് ഇന്ത്യാ-ചൈന യുദ്ധം നടക്കുന്ന കാലമാണ്. ഞാന്‍ പുണെ കമാന്‍ഡ് ഹോസ്​പിറ്റലില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആയിട്ടാണ് നിയമിതനായത്. മാറ്റിവെച്ച എന്റെ വിവാഹം 1963 ജൂലായ് 3-ന് നടത്തി.

എന്തിനാണ് പുണെയിലെ ജോലി രാജിവെച്ചത്

12 വര്‍ഷം ഞാന്‍ പുണെയില്‍ ജോലിചെയ്തു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് 'സിവിലിയന്‍ ഓഫീസര്‍' ആണെങ്കിലും പദവിയും ആനുകൂല്യങ്ങളും മേജര്‍ക്ക് തുല്യമായിരുന്നു. ആയിടയ്ക്ക് ഒരിക്കല്‍ നാട്ടില്‍വന്നപ്പോള്‍ കണ്ട കാഴ്ച എന്നെ മറ്റൊരുതരത്തില്‍ ചിന്തിപ്പിച്ചു. എന്നേക്കാള്‍ വിദ്യാഭ്യാസംകുറഞ്ഞ പലരും ഗള്‍ഫില്‍ പോയി പണമുണ്ടാക്കി നാട്ടില്‍ വിലസുന്നു. ഞാന്‍ തീരുമാനിച്ചു എനിക്കും പുറത്തുപോയി പണം ഉണ്ടാക്കണം. പിന്നെ അതിനുള്ള ശ്രമമായി. വിദേശത്ത് പോകാന്‍ എനിക്ക് ആര്‍മിയിലെ ജോലി രാജിവെക്കേണ്ടിവന്നു. ഇറാഖ് മുസൂല്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള മെഡിക്കല്‍ കോളേജില്‍ ലക്ചറര്‍ ആയിട്ടാണ് ആദ്യം പോയത്. ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സൈക്ക്യാട്രിയില്‍ നിന്ന് തപ്പിയെടുത്ത ഗള്‍ഫ് വിലാസങ്ങളിലേക്ക് എയ്‌റോഗ്രാമില്‍ അയച്ച അപേക്ഷയിലായിരുന്നു നിയമനം. അങ്ങനെ ഞാന്‍ സകുടുംബം ഇറാഖിലെത്തി.
1975 മുതല്‍ 1978 വരെ ഞങ്ങള്‍ ഇറാഖിലായിരുന്നു. രസകരമായിരുന്നു ജീവിതം. ഉച്ചയ്ക്ക് രണ്ടുമണിവരെ ജോലി. പിന്നെ കുറേക്കൂടി നല്ലജീവിതം മോഹിച്ച് ലിബിയയ്ക്ക് പറന്നു. ലിബിയയില്‍ അല്‍ അറബ് യൂണിവേഴ്‌സിറ്റിയിലായിരുന്നു ജോലി. 16 കൊല്ലം ഞാന്‍ ലിബിയയില്‍ ജോലിനോക്കി. അമേരിക്ക അവിടെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതോടെ ജീവിതം ദുസ്സഹമായി. 1993-ല്‍ എന്റെ 20 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ മടങ്ങിയെത്തി.

എഴുത്തിന്റെ ലോകത്തിലേക്ക് വരാം. അങ്ങാണോ മനഃശാസ്ത്രരംഗത്തെ ആദ്യ മലയാളം എഴുത്തുകാരന്‍

എഴുത്ത് എനിക്ക് പണ്ടേ ഇഷ്ടമായിരുന്നു. എഴുത്ത് വളരാന്‍ പറ്റിയ മണ്ണാണ് മനഃശാസ്ത്രരംഗം. വ്യത്യസ്ത ജീവിതാനുഭവങ്ങളാണല്ലോ ദിവസവും കൈകാര്യം ചെയ്യുന്നത്. മലയാളത്തിലെ ആദ്യ മനഃശാസ്ത്ര എഴുത്തുകാരന്‍ ഞാനല്ല. എനിക്കുമുമ്പേ ഡോ. വി.കെ. അലക്‌സാണ്ടര്‍ 'മനോരമ'യില്‍ എഴുതിയിരുന്നു. അക്കാലത്ത് ഞാന്‍ തുടര്‍ച്ചയായി 'ചന്ദ്രിക'യില്‍ എഴുതിയിരുന്നു. 'മാതൃഭൂമി'യില്‍ എഴുതാന്‍ മോഹമുണ്ടായിരുന്നു. ഒന്നു രണ്ടു ലേഖനങ്ങള്‍ ഞാന്‍ 'മാതൃഭൂമി'ക്ക് അയച്ചെങ്കിലും അവര്‍ അത് പ്രസിദ്ധീകരിച്ചില്ല. വി.എം. കൊറാത്തിന് ആണ് അന്ന് മാതൃഭൂമി വാരാന്തപ്പതിപ്പിന്റെ ചുമതല. ഞാന്‍ താമസം മിഠായിത്തെരുവിലെ 'അല്‍അമീന്‍' ലോഡ്ജില്‍. ഒരു ദിവസം കെ.പി. മുഹമ്മദിനോടൊപ്പം കൊറാത്തിനെ വീട്ടില്‍ചെന്ന് കണ്ടു. കൊറാത്ത് പറഞ്ഞു, ലേഖനം അയയ്ക്കൂ നോക്കാം എന്ന്. അങ്ങനെ ഞാന്‍ 'മനസ്സിന്റെ മറിമായങ്ങള്‍' എന്നൊരു ലേഖനം അയച്ചു. അത് മാതൃഭൂമി പ്രസിദ്ധീകരിച്ചു. പിന്നീട് കൊറാത്തിന്റെ നിര്‍ദേശപ്രകാരമാണ് 'അല്പം മനഃശാസ്ത്രം' എന്ന പേരില്‍ ഒരു ചെറുകോളം വാരാന്തപ്പതിപ്പില്‍ കൊടുത്തുതുടങ്ങിയത്. അങ്ങനെ മാതൃഭൂമി വാരാന്തപ്പതിപ്പിലൂടെ ഞാന്‍ ഒരു കോളം എഴുത്തുകാരനായി. ആദ്യലേഖനത്തിന് മാതൃഭൂമി 15 രൂപ പ്രതിഫലം തന്നു. ലേഖനത്തിന്റെ നീളം സെ്കയില്‍വെച്ച് അളന്നാണ് അന്ന് പ്രതിഫലം. ഈ കാലഘട്ടത്തിലാണ് ഞാന്‍ നിംഹാന്‍സില്‍ എത്തുന്നത്.
അവിടെ വിചിത്രമായ ജീവിതാനുഭവമുള്ള ധാരാളം രോഗികളെ കണ്ടപ്പോള്‍ തോന്നിയ ആശയമാണ് 'മനഃശാസ്ത്രജ്ഞനോട് ചോദിക്കുക' എന്ന ചോദ്യോത്തരപംക്തി.

ഫ്രോയ്ഡ് അങ്ങയുടെ ആരാധനാപാത്രമായിരുന്നല്ലോ ? ഫ്രോയ്ഡിന്റെ കസേരയില്‍ ഇരുന്നു ഫോട്ടോയെടുത്തു എന്നെല്ലാം കേട്ടിട്ടുണ്ട്.
ഫ്രോയ്ഡിനെക്കുറിച്ച് ഇപ്പോള്‍ ആരും അങ്ങനെ സംസാരിക്കാറില്ല. പണ്ട് മനഃശാസ്ത്രം എന്നുപറഞ്ഞാല്‍ ഫ്രോയിഡ് ആണ്. ഫ്രോയ്ഡ് എല്ലാം ലൈംഗികതയുമായി ബന്ധപ്പെടുത്താന്‍ ശ്രമിച്ചു. സെക്‌സ് എന്ന് കേള്‍ക്കുമ്പോള്‍ നാം ആണും പെണ്ണും തമ്മിലുള്ള ശാരീരികബന്ധത്തെക്കുറിച്ചാണ് ചിന്തിക്കാറ്. എന്നാല്‍, ഫ്രോയ്ഡ് അതിനെ ഒരുതരം എനര്‍ജി ആയിട്ടാണ് കണ്ടിരുന്നത്. 'ലിബിഡോ' എന്നറിയപ്പെടുന്ന സെക്ഷ്വല്‍ എനര്‍ജി. ഇത് ജീവിതത്തിന്റെ എല്ലാ കാര്യങ്ങളിലും വേണം. കലയിലും കച്ചവടത്തിലും വ്യവസായത്തിലും. മദ്രാസില്‍ പഠിക്കുന്ന കാലത്തേ മനസ്സിലുള്ള മോഹമായിരുന്നു ഫ്രോയ്ഡ് മ്യൂസിയം കാണുക എന്നത്. 1980-ല്‍ എന്റെ വിയന്ന സന്ദര്‍ശനവേളയിലാണ് അത് സാധിച്ചത്.
മ്യൂസിയത്തില്‍ ഫ്രോയ്ഡിന്റെ കസേര പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആരും അതില്‍ ഇരിക്കരുത് എന്ന കുറിപ്പോടെ. ഞാന്‍ മ്യൂസിയം ക്യുറേറ്ററുടെ പ്രത്യേക അനുമതിവാങ്ങി അതില്‍ ഇരുന്ന്‌ഫോട്ടോയെടുത്തു. ഒരു നിധിപോലെ ആ ഫോട്ടോ ഞാന്‍ ഇന്നും സൂക്ഷി
ക്കുന്നു.

'സൈക്കോ' എന്ന തൂലികാനാമത്തിലേക്ക് വന്നത് എങ്ങനെ? അത് സ്വയം ഇട്ടതാണോ

നിംഹാന്‍സില്‍ ഞാനൊരു സര്‍ക്കാര്‍ ജീവനക്കാരനാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്, പത്രത്തില്‍ എഴുതാന്‍ നിയമതടസ്സം ഉണ്ട്. അന്ന് ഇടത് ചിന്താഗതിക്കാരനായിരുന്ന ഞാന്‍ റഷ്യയോടുള്ള ഇഷ്ടംകൊണ്ട് കണ്ടെത്തിയ തൂലികാനാമമാണ് 'സൈക്കോവ്'. അന്നെനിക്ക് 28 വയസ്സേയുള്ളൂ. എന്നാല്‍, വളരെ പ്രായമുള്ള ഒരാളാണ് എന്ന് കരുതിയാണ് പല കത്തുകളും വന്നിരുന്നത്. അക്കാലത്ത് കോയമ്പത്തൂരില്‍ കോഫി ബോര്‍ഡില്‍ ജോലിയുള്ള ഒരാളിന്റെ ഭാര്യ എനിക്കൊരു കത്തയച്ചു. ഭര്‍ത്താവിന് സംശയരോഗം. പുറത്തുപോകുമ്പോള്‍ അയാള്‍ ഭാര്യയെ അകത്ത് പൂട്ടിയിടും. അന്ന് ആ സ്ത്രീക്ക് 48 വയസ്സുണ്ട്. ഭര്‍ത്താവിന് 50-ഉം. ആ സ്ത്രീയുടെ കത്ത് അവസാനിക്കുന്നത് ഇങ്ങനെയാണ്. എന്നെ മകളെപ്പോലെ കരുതി രക്ഷിക്കണം. പക്ഷേ, എന്റെ മറുപടി പ്രസിദ്ധീകരിച്ച് വരുംമുമ്പ് സംശയരോഗിയായ ഭര്‍ത്താവ് അവരെ വെട്ടിക്കൊന്ന് ആത്മഹത്യചെയ്തു.
അക്കാലത്ത് ഒരുലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് അയച്ചിരുന്നു. പത്രാധിപരായിരുന്ന എന്‍.വി. കൃഷ്ണവാരിയരുടെ കത്തുവന്നു. ലേഖനം ഉടന്‍ പ്രസിദ്ധീകരിക്കും. താങ്കളുടെ തൂലികാനാമം ഞാന്‍ 'സൈക്കോ' എന്ന് ചുരുക്കുന്നു. അങ്ങനെ കൃഷ്ണവാരിയര്‍ ആണ് 'സൈക്കോ' ആക്കിയത്.

എഴുപതുകളിലായിരുന്നല്ലോ കേരളത്തില്‍നിന്ന് ധാരാളംപേര്‍ തൊഴില്‍തേടി ഗള്‍ഫില്‍ പോയത്. ആ സമയത്ത് ഇവിടെ സ്ത്രീ മനോരോഗികളുടെ എണ്ണം കൂടിയിരുന്നോ

എണ്ണം കൂടിയിട്ടില്ല. പലര്‍ക്കും സ്‌ട്രെസ് കൂടി. എഴുപതുകള്‍ എക്കണോമിക്ക് മൈഗ്രേഷന്റെ മൂര്‍ധന്യകാലം ആയിരുന്നു. എല്ലാവരും കല്യാണം കഴിക്കുന്നു. ഉടന്‍ ഗള്‍ഫില്‍ പോകുന്നു; ഭാര്യമാരെ നാട്ടില്‍ ഒറ്റക്കാക്കിയിട്ട്. പിന്നെ കത്തുമാത്രം ശരണം. വിരഹം അവരുടെ കുടുംബത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. പ്രവാസികുടുംബങ്ങളിലെ മാനസികപ്രശ്‌നങ്ങള്‍ ഒരു വലിയ സംഭവമായപ്പോള്‍ കേരളസര്‍ക്കാര്‍ അതേക്കുറിച്ച് ഒരു പഠനം നടത്തി. സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിലെ ഡോ. ഇരുദരാജന്റെ നേതൃത്വത്തില്‍ ഞാന്‍ കൂടെയുള്‍പ്പെട്ട സംഘമാണ് പഠനം നടത്തിയത്. അതിന്റെ വിശദാംശങ്ങള്‍ 'കേരള ഡമോഗ്രാഫിക്ക് ഫീച്ചര്‍' എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കാലത്ത് ധാരാളം ഗള്‍ഫ് ഭാര്യമാര്‍ കൈവേദന, കാല്‍വേദന, എന്നെല്ലാം പറഞ്ഞ് ആസ്​പത്രിയില്‍ എത്തിയിരുന്നു. പരിശോധനയില്‍ എല്ലാം നോര്‍മല്‍. അവരുടെ സ്‌ട്രെസ്സിന് കാരണം ഭര്‍ത്താക്കന്മാര്‍ സ്ഥലത്തില്ലാത്തതായിരുന്നു. ഭര്‍ത്താക്കന്‍മാരോട് കാര്യങ്ങള്‍ കമ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയാത്തതുകൊണ്ടുള്ള മാനസിക പിരിമുറുക്കം; 'ഗള്‍ഫ് സിന്‍ഡ്രോം' എന്നാണിത് അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ ഇത്തരം രോഗം കുറവാണ്. കാരണം കമ്യൂണിക്കേഷനും യാത്രകളും എളുപ്പമായി. വിമണ്‍ എംപവര്‍മെന്റ് വന്നു. അധികംപേരും വിദ്യാസമ്പന്നരായി. ജോലിക്കാരായി. ഇപ്പോഴത്തെ പ്രശ്‌നം ഗള്‍ഫ് മക്കളാണ്.

1976-ല്‍ ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ 'സ്വപ്നാടനം' എന്ന കെ.ജി. ജോര്‍ജ് സിനിമയുടെ കഥാകൃത്ത് ആണല്ലോ അങ്ങ്. സിനിമാപ്രവേശം എങ്ങനെ

മാറഞ്ചേരിക്കാരന്‍ മുഹമ്മദ് ബാപ്പു (പാര്‍സി മുഹമ്മദ്) എന്റെ സുഹൃത്തായിരുന്നു. അയാള്‍ അക്കാലത്ത് ബോംബെയില്‍ വലിയ ബിസിനസ്സും അധോലോകവും ഒക്കെയായി നടക്കുന്ന കാലം. ആള്‍ വലിയ സിനിമാഭ്രാന്തനാണ്. ആയിടയ്ക്ക് എന്റെയൊരു കഥ മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ഞാന്‍ അന്ന് പുണെയിലാണ്. ആ കഥ സിനിമയാക്കണം എന്നുപറഞ്ഞ് ബാപ്പു എന്റടുക്കല്‍ വന്നു. അക്കാലത്ത് എനിക്ക് പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടുമായി നല്ല അടുപ്പം ആയിരുന്നു. ഞാന്‍ പാര്‍സി മുഹമ്മദിനെ കൊണ്ടുപോയി പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലുള്ള എന്റെ സുഹൃത്തുക്കളെയൊക്കെ പരിചയപ്പെടുത്തി. പുണെയില്‍ നിന്നുപോയ പാര്‍സി ഇടയ്‌ക്കൊക്കെ ഫോണ്‍വിളിച്ച് സിനിമാക്കഥ എന്തായി എന്നുതിരക്കും. അക്കാലത്ത് എനിക്ക് കൗതുകകരമായ ഒരു കേസ് നോക്കേണ്ടിവന്നു. മദ്രാസ് എഗ്മൂര്‍ സ്റ്റേഷന്‍ പരിസരത്തുനിന്ന് അബോധാവസ്ഥയില്‍ കണ്ടെത്തിയ ഒരാളെ ആരോ മിലിറ്ററി ആസ്​പത്രിയില്‍ എത്തിച്ചു. ബോധം വന്നപ്പോള്‍ സ്വന്തം പേരുപോലും അയാള്‍ക്ക് ഓര്‍മയില്ല. ഞങ്ങള്‍ അയാളെ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കി. അതോടെ അയാളുടെ പൂര്‍വകഥ പുറത്തുവന്നു. തിരുവനന്തപുരം ചാല മാര്‍ക്കറ്റിലേക്ക് തുണി വാങ്ങാന്‍ സ്‌കൂട്ടറില്‍ പോയ ആള്‍ മനസ്സിന്റെ സമനില തെറ്റി മദിരാശിയിലെത്തിയതാണ്. ആ സംഭവം ഞാന്‍ കുറേ മാറ്റംവരുത്തി ഒരു സിനിമാക്കഥയാക്കി. 'പലായനം' എന്ന് പേരിട്ടു. അത് തിരക്കഥയാക്കാന്‍ പമ്മനെ ഏല്‍പ്പിച്ചു. പമ്മന്‍ അക്കാലത്ത് മദ്രാസില്‍ റെയില്‍വേ ഉദ്യോഗസ്ഥനാണ്. ഗൗതമന്‍ എന്നൊരാളെയാണ് ആദ്യം സംവിധായകനായി നിശ്ചയിച്ചത്. അയാളുമായി മുന്നോട്ടുപോകാന്‍ പറ്റാതെ വന്നപ്പോഴാണ് നവാഗതനായ കെ.ജി. ജോര്‍ജിനെ സംവിധായകനാക്കിയത്. അക്കാലത്ത് 'കുങ്കുമം' പത്രാധിപര്‍ ആയിരുന്ന ഉറൂബ് ആണ് സിനിമയുടെ പേര് 'സ്വപ്നാടനം' എന്നാക്കിയത്.

സ്വപ്നാടനത്തിന്റെ പ്രിവ്യൂ സമയത്ത് മാധവിക്കുട്ടി എന്തോ പ്രശ്‌നം ഉണ്ടാക്കിയതായി കേട്ടിരുന്നു. എന്താണ് സംഭവം

മാധവിക്കുട്ടിയുമായി പ്രശ്‌നം ഉണ്ടായത് അവരുടെ 'എന്റെ കഥ' മലയാളനാട് വാരികയില്‍ പ്രസിദ്ധീകരിച്ച കാലത്താണ്. പിന്നീട് അവര്‍ അതേക്കുറിച്ച് 'ഫെമിന' മാസികയില്‍ ഒരു ലേഖനം എഴുതി. കേരളത്തിലെ നല്ലൊരു ശതമാനം സ്ത്രീകളും പരപുരുഷഗമനം ആഗ്രഹിക്കുന്നവരാണെന്നാണ് അവരുടെ നിഗമനം. അവരുടെ കാഴ്ചപ്പാടിനെ വിമര്‍ശിച്ച് ഫെമിനയില്‍ ഞാന്‍ ഒരു മറുപടി ലേഖനം എഴുതി. അവര്‍ നല്ലൊരു എഴുത്തുകാരിയാണ്. പക്ഷേ, ആ മനസ്സ് ചഞ്ചലമാണ്. ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നത് പലപ്പോഴും അവരുടെ മാനസികനില ശരിയായിരുന്നില്ല എന്നാണ്. അവര്‍ ഒരു 'മാനിക്ക് ഡിപ്രസീവ് സൈക്കോട്ടിക്ക്' രോഗിയായിരുന്നിരിക്കണം. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറും പലപ്പോഴും മനോരോഗിയായിരുന്നല്ലോ. ഒരുപക്ഷേ, അദ്ദേഹത്തിന്റെ ഏറ്റവുംനല്ല കഥകള്‍ പിറന്നിട്ടുള്ളത് അസുഖത്തിന്റെ തൊട്ടുമുമ്പുള്ള 'ഹൈപ്പോമാനിയാക്ക്' കാലത്താവണം. ആ സമയത്ത് അവര്‍ വളരെ ആക്റ്റീവ് ആയിരിക്കും. പിന്നീട് വരുന്ന മാനിക്ക് അവസ്ഥയില്‍ അവര്‍ വല്ലാതെ ഉള്‍വലിയും. അന്നേരം ക്രിയേറ്റീവ് ആക്റ്റിവിറ്റികള്‍ ഒന്നും ഉണ്ടാവില്ല. അപ്പോള്‍ അവര്‍ ശരിക്കും സൈക്കോട്ടിക്ക് ആയിരിക്കും. അതിന്റെ ഭാഗമായിരുന്നു മാധവിക്കുട്ടിയുടെ മതംമാറ്റം. അതല്ലാതെ അവര്‍ ഇസ്‌ലാം മതത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ചശേഷം മതം മാറിയതാവാന്‍ സാധ്യതയില്ല. സ്വപ്നാടനത്തിന്റെ പ്രിവ്യൂവിന് വന്ന അവര്‍ അതിന്റെ കഥ എന്റേതായതുകൊണ്ട് നിശിതമായി വിമര്‍ശിക്കുമെന്ന് നിര്‍മാതാവ് ഭയപ്പെട്ടിരുന്നു. എന്നാല്‍, സ്വപ്നാടനം കണ്ട മാധവിക്കുട്ടി, അതിന്റെ കഥ നന്നായിരിക്കുന്നു എന്നാണ് അഭിപ്രായപ്പെട്ടത്.

ബാല്യം, വാപ്പ, ഉമ്മ, ഭാര്യ, മക്കള്‍

വാപ്പ ഹാജി അഹമ്മദ് ഉണ്ണി മുസ്‌ല്യാര്‍ എനിക്ക് മൂന്നുമാസം പ്രായമുള്ളപ്പോള്‍ മരണപ്പെട്ടു. വാപ്പ മരിക്കുമ്പോള്‍ ഉമ്മ മറിയക്കുട്ടിക്ക് 15 വയസ്സ്. അവരുടെ രണ്ടാംവിവാഹത്തില്‍ എനിക്ക് അഞ്ച് കൂടപ്പിറപ്പുകള്‍. മൂന്നാംക്ലാസുവരെ മാറഞ്ചേരിയില്‍, അമ്മാവന്‍ മുഹമ്മദ് ഉണ്ണി മൗലവി പഠിപ്പിച്ചു. എട്ടാംക്ലാസുവരെ തിരൂരങ്ങാടി യത്തിംഖാനയിലായിരുന്നു. പൊന്നാനി എം.ഐ. ഹൈസ്‌കൂളിലും ഫാറൂഖ് കോളേജിലും പഠിച്ചു. ഭാര്യ കദീജ ചാവക്കാടിനടുത്ത പാടൂര്‍ക്കാരിയാണ്. ഞങ്ങള്‍ക്ക് മൂന്ന് മക്കള്‍. മൂത്ത മകന്‍ ഡോ. ഫിറോസ്, ലണ്ടനില്‍ ലാന്‍മാര്‍ക്ക് എജ്യുക്കേഷന്‍ സൊസൈറ്റിയുടെ പ്രസിഡന്റാണ്. രണ്ടാമന്‍ ഫൈസല്‍, ബാങ്ക് ഓഫ് ഒമാനിന്റെ ജനറല്‍ മാനേജര്‍. ഏകമകള്‍ ഫരീദ, അന്‍സാര്‍ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപിക.

പുതിയ മനഃശാസ്ത്ര എഴുത്തുകാരോട് എന്തെങ്കിലും

മറ്റു തിരക്കുകള്‍ കാരണം എനിക്കിപ്പോള്‍ എഴുതാന്‍ സമയം കിട്ടാറില്ല. പിന്നെ പലരുടെയും ധാരണ 'സൈക്കോ' എന്ന പഴയ മനഃശാസ്ത്രജ്ഞന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല എന്നാണ്. 'മനഃശാസ്ത്രജ്ഞനോട് ചോദിക്കുക' എന്ന പംക്തി ഞാന്‍ തുടങ്ങിവെച്ചതാണ്. ഇപ്പോള്‍ അത്തരം പംക്തികളുടെ നിലവാരം കുറഞ്ഞുവരുന്നതായി തോന്നാറുണ്ട്. പംക്തിയിലെ ലൈംഗികാതിപ്രസരം കാരണം പല പ്രസിദ്ധീകരണങ്ങളും മഞ്ഞപ്പത്രത്തിന്റെ നിലവാരത്തിലേക്ക് തരംതാഴുന്നുണ്ട്. മനോരോഗികള്‍ തലയില്‍ മുണ്ടിട്ട് മനഃശാസ്ത്രജ്ഞനെ കാണാന്‍ പോയിരുന്ന കാലം മാറി. മാറിയ ജീവിതശൈലി കൊണ്ടാവാം മനോരോഗികളുടെ എണ്ണം കൂടിവരുന്നു. ചെറിയകുട്ടികളില്‍ പോലും വിഷാദരോഗം കാണാം. അതിന് കുറെയൊക്കെ കാരണം നമ്മുടെ സമൂഹം തന്നെയാണ്. ആദ്യം സമൂഹം നന്നാവട്ടെ, അപ്പോള്‍ സ്വാഭാവികമായും നല്ല മെന്റല്‍ വെല്‍ബീയിങ് ഉണ്ടാകും.
ലോകാ സമസ്താ സുഖിനോ ഭവന്തു.