Yakshiര്‍ക്കാറുണ്ടോ ആ അമ്മയെ,  ആ പഴയ യക്ഷിയമ്മ ഇന്ന് എവിടെയാണ്.കുന്നിന്‍പുറങ്ങള്‍ കുടികിടപ്പുകളായപ്പോള്‍. തൂവെള്ള സാരി കാറ്റിലുലച്ച് മുടി നിവര്‍ത്തിയാടിയ യക്ഷി അകന്നുപോയിരിക്കുന്നു. അവശേഷിച്ച കുന്നുകളെക്കൂടി യന്ത്രകൈ കവര്‍ന്നിരിക്കുന്നു. പാലമരങ്ങള്‍ അപ്രത്യക്ഷമായി പിറകെ കരിമ്പനകളും. ഗ്രാമചത്വരങ്ങളില്‍ യക്ഷിയെക്കുറിച്ച് ഇപ്പോള്‍ കുട്ടികള്‍ സംസാരിക്കാതായിരിക്കുന്നു. പണ്ടേയ്ക്ക് പണ്ടേ, യക്ഷിയുടെ  സൈ്വര്യ വിഹാരകേന്ദ്രമായിരുന്നു എന്റെ കുന്നിന്‍പുറങ്ങള്‍. 

വാമൊഴിയായി ഞങ്ങളറിഞ്ഞു യക്ഷിയെക്കുറിച്ച്. തലമുറകളില്‍നിന്ന് പുതിയ പൊടിപ്പുകളിലേയ്ക്ക്, പൊടിപ്പും തൊങ്ങലുംവെച്ച് കഥകള്‍ വീണ്ടും കൈമാറി. പക്ഷേ, ഞങ്ങള്‍കേട്ടറിഞ്ഞ യക്ഷികളൊന്നും ഉപദ്രവകാരികള്‍ ആയിരുന്നില്ല. അവര്‍ പ്രലോഭിപ്പിച്ചുകൊണ്ടെയിരുന്നു. ഗ്രാമത്തിലെ യുവത്വങ്ങളെ, ഗൃഹനാഥന്മാരെ അതിലുപരി വഴിപിഴച്ച് പോകാതിരിക്കാനുള്ള വഴിയമ്പലങ്ങളായിരുന്നു പാലകളും കരിമ്പനകളും. 

ഗ്രാമത്തിലെ വയല്‍ മുറിച്ചുകടന്നാല്‍ തുരുത്തിക്കാരുടെ പറമ്പ്. അവിടെയായിരുന്നു യക്ഷിയുടെ വാസം. അതൊരു കാവായിരുന്നു. അവിടെ തുടങ്ങുന്നു കുന്ന്. ആദ്യം ഭീമാകരാമായ കരിമ്പന, പിന്നെ ആകാശം മുട്ടിനില്‍ക്കുന്ന മാവുകളും ആഞ്ഞിലികളും. പന്തലിച്ച വൃക്ഷങ്ങളുടെ ശിഖരത്തില്‍ വാസമുറപ്പിച്ച കൂമന്റെ മൂളല്‍ സന്ധ്യാവേളകളില്‍ കുട്ടികളെ പേടിപ്പിച്ചു. അപ്പോള്‍ തൊണ്ടപൊട്ടുമാറ് അമ്മ കാര്‍ക്കിച്ച് തുപ്പി.
'പോ ചേട്ടെ അവിടുന്നു, നിന്റെ നാവരിഞ്ഞ് ഞാന്‍ ഉപ്പിലിടും' കുട്ടികള്‍ അതേറ്റുപറഞ്ഞു.

ഞങ്ങളുടെ രാവുറക്കങ്ങളില്‍ പേക്കിനാവായും ചിലപ്പോള്‍ നനുത്ത പാലപ്പൂമണമായും ചിലപ്പോള്‍ താരാട്ടായും യക്ഷിയമ്മ വന്നു. പുലര്‍ച്ചെ കുയിലിന്റെയും വണ്ണാത്തിക്കുരുവികളുടെയും കൂകല്‍ ഞങ്ങള്‍ക്ക് ആശ്വാസമേകി. മാവുകളും ആഞ്ഞിലികളും ഇരുപൂളുകളും കശുമാവുകളും നിറഞ്ഞ കുന്നിന്‍പുറം, അതിന്റെ നടുവില്‍ തലയുയര്‍ത്തി പാലമരം. ഏഴിലംപാലയോട്‌ ചേര്‍ന്ന് കുന്നിന്റെ ഇടതുവശത്തായി ചെങ്കുത്തായ തോട്. വര്‍ഷകാലത്ത്‌ തോടുനിറഞ്ഞ് വെള്ളമൊഴുകി. താഴെ നെല്‍പ്പാടം, മുണ്ടകന്‍ കൊയ്ത്തുകഴിഞ്ഞപ്പോള്‍ കുന്നിന്‍ചോട്ടിലെ പാടത്ത് കുട്ടികള്‍ പന്തുകളിച്ചു.

പാലമരത്തില്‍ യക്ഷി താമസിക്കുന്നുണ്ടെന്ന് അമ്മയാണ് പറഞ്ഞത്, യക്ഷി കുട്ടികളെ ഉപദ്രവിക്കില്ലെന്നും. മുതിര്‍ന്നകുട്ടികള്‍ കാണിച്ചുതന്നു. കുന്നിന്‍പുറത്തെ ഏഴിലംപാലയില്‍ വലിയൊരു ആണി, യക്ഷിയമ്മയെ തറച്ച ആണി,   ആരെയും ഉപദ്രവിക്കാത്ത യക്ഷിയമ്മയെ എന്തിനാണ് ആണിയടിച്ച് തറച്ചത്

തുരുത്തിക്കാരുടെ പറമ്പ് പിന്നിട്ടാല്‍ പിന്നെ ചെറിയ ചരുവാണ് അതിനുമപ്പുറത്താണ് ഞങ്ങളുടെ വീടുകള്‍. കുന്നിന്‍പുറത്തൂടെ വീട്ടിലെത്താം,
അല്ലാതെയും കുന്നിനെ തൊടാത്തതാണ് ശരിക്കുള്ള റോഡ്. ഗ്രാമത്തില്‍ എല്ലായിടത്തും ഇടവഴികളും കുറുക്ക് വഴികളുമുണ്ട്. ആ കുറുക്കുവഴികളിലൊന്നാണ് തുരുത്തിക്കാരുടെ ഈ കുന്നുകള്‍. ഇരുട്ടുവീണാല്‍ കുട്ടികള്‍ കുന്നുകയറില്ല, നേര്‍വഴിയിലൂടെ മാത്രമേ വീട്ടിലേയ്ക്ക് പോകൂ.

പിന്നെ മുതിര്‍ന്നവര്‍ മാത്രമേ കുന്നുകയറൂ. ഒരിക്കല്‍ പന്തയം വെപ്പ് നടന്നു. സന്ധ്യകഴിഞ്ഞ് കുന്നുകയറി വീട്ടില്‍പോകാന്‍ ധൈര്യമുണ്ടോ?
ധൈര്യമുണ്ടായിരുന്നില്ല, പക്ഷേ, തോറ്റുകൊടുക്കാനും മനസ്സ് തോന്നിയില്ല. കുന്നുകയറി. പക്ഷേ, കയറുംതോറും ധൈര്യം ചോര്‍ന്നുപൊയ്‌ക്കൊണ്ടേയിരുന്നു. കൂട്ടുകാരുടെ പരിഹാസമോര്‍ത്തപ്പോള്‍ തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു. പെരുമാളെ മനസ്സില്‍ ധ്യാനിച്ചു. പാലമരത്തിലെ യക്ഷിയെ മറക്കാന്‍ ശ്രമിച്ചു. കുന്നിന്റെ പകുതിയെത്തുമ്പോഴേക്കും മനസ്സ് പതറി. ഭീമാകാരമായ വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ കാറ്റത്ത് ആടിക്കളിച്ചു.

ഏതൊക്കൊയോ ശിഖരങ്ങളില്‍നിന്ന് കൂമന്‍ മൂളി, കൊടപ്പനയോട് ചേര്‍ന്ന് ഇണചേര്‍ന്നുനിന്ന ഇല്ലികള്‍ കൂട്ടിമുട്ടി ശബ്ദംമുണ്ടാക്കി. ഇപ്പോള്‍ നില്‍ക്കുന്നത് ഏഴിലം പാലയുടെ ചുവട്ടിലാണ്. പാലപ്പൂമണം മത്തുപിടിപ്പിച്ചു. എന്റ കണ്ണുനിറഞ്ഞു ഞാന്‍ വിതുമ്പി. പന്തയം വെച്ച നിമിഷത്തെ മനസ്സാ ശപിച്ചു. പെരുമാള്‍ വന്നതേയില്ല മുന്നില്‍ നോക്കിനില്‍ക്കേ പാലമരത്തിന് ഉയരം കൂടിവന്നു. അപ്പോള്‍ അമ്മയുടെ വാക്കുകള്‍ ഓര്‍മ്മവന്നു. യക്ഷികള്‍ കുട്ടികളെ ഉപദ്രവിക്കില്ല.

പാലമരത്തിന് നേരെ തിരിഞ്ഞുനിന്നു കൈകൂപ്പി യാചിച്ചു. യക്ഷിയമ്മേ പൊറുക്കുക. ഇനി പന്തയം വെക്കില്ല. അറിയാതെ മനസ്സിന് ധൈര്യം വന്നുതുടങ്ങിയോ? പിന്നെ തിരിഞ്ഞുനോക്കിയില്ല, പേടിച്ചില്ല, യക്ഷിയമ്മ കനിഞ്ഞിരിക്കുന്നു. വീട്ടില്‍ വന്നുകയറിയ എന്നെ നോക്കി അമ്മ അന്തംവിട്ടു. 'നീ ഈ സന്ധ്യയ്ക്ക് കുന്നുകയറിയാണോ വന്നത്'.. ഞാന്‍ ഒന്നും പറഞ്ഞില്ല...

കുട്ടികളെ ഉപദ്രവിച്ചില്ലെങ്കിലും യക്ഷിയുടെ സാന്നിധ്യം പലരെയും ഭയപ്പെടുത്തി. കുന്നിന്‍പുറത്തുവെച്ച് അക്കാലത്ത് ചിലര്‍ യക്ഷിയെ കണ്ടത്രെ, വെള്ളസാരിയുടുത്ത് മുടിയഴിച്ചിട്ട് പാലമരത്തില്‍നിന്ന് യക്ഷി കുടപ്പനയുടെ ചുവട്ടിലേക്ക് നടക്കുന്നതായാണ് കണ്ടത്. സെക്കന്‌റ് ഷോ കണ്ട് മടങ്ങുമ്പോഴാണ് ഇഷ്ടന്‍ യക്ഷിയുടെ മുന്നില്‍പെട്ടത്. അക്കാലത്ത് അതെല്ലാവരും വിശ്വസിച്ചു.

മെഴുകുതിരി വെട്ടത്തില്‍ കൂരാകൂരിരിട്ടില്‍ യക്ഷി മുട്ടോളം നീട്ടത്തില്‍ മുടിയഴിച്ചിട്ടത് താന്‍ കണ്ടെന്ന ഇഷ്ടന്റെ വാദം തൊണ്ടതൊടാതെ ഞങ്ങള്‍ കുട്ടികളും മുതിര്‍ന്നവരും അക്കാലത്ത് ഒരുപോലെ വിഴുങ്ങി. കഥകള്‍ അവസാനിക്കുന്നില്ല, യക്ഷിയെ പിന്നെയും പലരും കണ്ടത്രെ, പക്ഷേ, ആരെയും ഉപദ്രവിച്ചില്ല, കൊടപ്പനകളുടെ മുകളിലേയ്ക്ക് നമ്പൂതിരിയെ കൂട്ടിക്കൊണ്ടുപോയി കഥകഴിച്ച് പല്ലും നഖവും മാത്രം ബാക്കിവെച്ചെന്ന യക്ഷിക്കഥകള്‍ കഥകള്‍ മാത്രമായി തുടര്‍ന്നു.

ഓരോ ഋതുഭേദങ്ങളിലും യക്ഷിയുടെ വാസസ്ഥലം കുട്ടികള്‍ക്കുള്ളതായിരുന്നു. വേനലവധികളില്‍ ഞങ്ങള്‍ കുന്നിന്‍ചെരുവിന്‌റെ മറുവശത്ത് തൂവല്‍ശേഖരണത്തിന് എത്തും, നിറയെ കശുമാവുകള്‍ വളര്‍ന്നുനില്‍ക്കുന്ന ചരുവുകളില്‍ മഞ്ഞക്കിളിയുടെയും ഉപ്പന്‌റെയും പ്രാപ്പിടിയന്‌റെയുമൊക്കെ തൂവലുകള്‍ കിടപ്പുണ്ടാകും. ഓണക്കാലമായാല്‍ കുട്ടികളുടെ ഐക്യം നഷ്ടപ്പെടും. ഒരുമിച്ചുപോയാല്‍ പൂക്കള്‍ ഒരുമിച്ച് വീതം വെക്കേണ്ടി വന്നാലോ, അതിനാല്‍ ഒറ്റയ്ക്കിറങ്ങും. ചീന്തിയെടുത്ത വാഴയിലയുമായി വെട്ടം വീഴുന്നതിന് മുമ്പേ ഞാന്‍ ഓടും.

കൂടുതല്‍ കാട്ടുപൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്നത് യക്ഷിയമ്മയുടെ വിഹാര കേന്ദ്രത്തിലായിരുന്നു. ഞങ്ങളുടെ വീട്ടില്‍നിന്ന് പല്‍പ്പിനിച്ചേച്ചിയുടെ കശുമാവിന്‍ തോട്ടം പിന്നിട്ടാല്‍ മറ്റൊരു റബര്‍തോട്ടമായി അതിനപ്പുറം കുന്നിന്‍ചെരുവായി, 'വീണ്ടും മറ്റൊരു ഇടവഴി.' അവിടെ കോളാമ്പിപ്പൂവും കൃഷ്ണമുടിപ്പൂക്കളും ചെത്തിപ്പൂവും സുലഭമായിരുന്നു. യക്ഷിയമ്മ താമസിച്ചിരുന്ന പാലമരത്തിനോട് ചേര്‍ന്നൊഴുകുന്ന തോട്ടിന്‍കരയില്‍ പേരറിയാത്ത എത്രയെത്ര കാട്ടുപൂക്കള്‍ അത്തപ്പൂക്കളത്തെ സമൃദ്ധമാക്കി. തേഞ്ഞുതീരാറായ വള്ളിച്ചെരുപ്പിനിടയിലൂടെ തൊട്ടാവാടിമുള്ളുകള്‍ ഓരോ ഓണക്കാലത്തും കാല്‍പാദങ്ങളെ ക്ഷതമേല്‍പ്പിച്ചുപോന്നു.

ഒരു വേനലവധിയില്‍ ഞങ്ങള്‍ ചിലത് തീരുമാനിച്ചു. യക്ഷിയമ്മ വസിക്കുന്ന പാലമരത്തിലെ ആണി പറയ്ക്കണം, ചിലര്‍ വേണ്ടെന്ന് പറഞ്ഞു, ചിലര്‍ ആണി പറിയ്ക്കാന്‍ ശാഠ്യംകൂട്ടി. പക്ഷേ, അതത്ര എളുപ്പമായിരുന്നില്ല, പാലമരത്തില്‍ തറച്ചിരുന്ന ആണി, സാധാരണ ആണിയേക്കാള്‍ വലുപ്പം ചെന്നതായിരുന്നു. കല്ലുകള്‍കൊണ്ടടിച്ച് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു ആണി ഊരിയെടുക്കാന്‍. ആരാണ് പാലയില്‍ ആണി തറച്ചത് എന്ന് ചോദ്യത്തിന് അന്നാട്ടിലെ പ്രായമായി മുത്തശ്ശിമാര്‍ പോലും കൈമലര്‍ത്തി. പണ്ടേയ്ക്കു പണ്ടേ ആണി ആരോ തറച്ചതാകാം. കള്ളിയങ്കാട്ടുനീലിയും കടമറ്റത്ത് കത്തനാരും ടെലിവിഷനില്‍ വന്നപ്പോഴും യക്ഷി ഞങ്ങള്‍ക്ക് അമ്മസങ്കല്‍പമായി തുടര്‍ന്നു.

വര്‍ഷങ്ങള്‍ പിന്നിട്ടു. നാലുചക്രവാഹനം പെരുകിയപ്പോള്‍ ഗ്രാമത്തിലെ കുറുക്കുവഴികള്‍ ഇല്ലാതായി, ഇടവഴികള്‍ക്ക് വലിപ്പം വെച്ചു. അപ്പോള്‍ കുന്നിന്‍പുറങ്ങള്‍ അപ്രത്യക്ഷമായി, പിന്നെ കുടപ്പനയ്ക്കുമേല്‍ അറക്കവാള്‍ വീണു. പിറകെ മാവിനും ആഞ്ഞിലികള്‍ക്കും. മഞ്ഞക്കിളിയുടെയും
ഉപ്പന്‌റെയും തൂവലുകള്‍ കുട്ടികള്‍ക്ക് വേണ്ടാതായിരിക്കുന്നു. ഓണക്കാലത്ത് കര്‍ണാടകത്തില്‍നിന്ന് കാട്ടുപൂക്കള്‍ക്ക് പകരം ജമന്തിപ്പൂക്കള്‍ വന്നു.

എന്നാല്‍, യക്ഷിയമ്മയുടെ പാലമരം മാത്രം മുറിച്ചില്ല, പക്ഷേ, കൊടപ്പനയിലേക്കുള്ള രാത്രി സഞ്ചാരം നിലച്ചിരിക്കണം. മുത്തിശ്ശിമാര്‍ വംശമറ്റപ്പോള്‍ യക്ഷിയെന്ന അമ്മ സങ്കല്‍പം അകന്നു. ഇന്ന് നാട്ടിലെ കുട്ടികളുടെ യക്ഷി അമ്മദൈവ സങ്കല്‍പമല്ല, മറിച്ച്
പാശ്ചാത്യമാതൃകയിലായിരിക്കുന്നു. ഈ വേനല്‍ക്കാലത്ത് ഗ്രാമത്തില്‍ കനത്ത വരള്‍ച്ചയുണ്ടായി. 

പാലമരത്തിനോട് ചേര്‍ന്ന തോട്ടില്‍ ഒരിറ്റ് വെള്ളംപോലും അവശേഷിച്ചില്ല. കുന്നിന്‍ചെരുവ് വീണ്ടും വീണ്ടും അപ്രത്യക്ഷമായി വന്നു. ഗ്രാമത്തില്‍ യക്ഷിയമ്മയെ ഇന്ന് ആരും ഓര്‍ക്കാറില്ല. ഭയന്നമനസ്സുകള്‍ക്ക് ധൈര്യം പകരാന്‍ ഇനി ഗ്രാമത്തില്‍ പുതിയ മന്ത്രവാദികളുടെ ഉദയം വേണ്ടാതായിരിക്കുന്നു. , മണ്ണും മരവുമില്ലാത്ത എന്റെ ഗ്രാമത്തില്‍ യക്ഷിയമ്മയ്ക്ക് എന്ത് കാര്യം. അവശേഷിച്ച പാലമരത്തില്‍ അറക്കവാള്‍ വീഴുമെന്ന് യക്ഷിയമ്മയ്ക്ക് അറിയാമായിരിക്കണം. ഭൂമിയിലെ അവശേഷിച്ച കാവുകളിലേയ്ക്ക് യക്ഷി കൂടുമാറ്റിയിരിക്കണം