ന്റെ വളര്‍ത്തുനായ ഒരാളെ കടിച്ചുകൊന്നു. ഏറെനേരം അയാളെ ഓടിച്ചിട്ട്, ഒടുവില്‍ ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു. ഓട്ടത്തിന്റെയും ശൗര്യത്തിന്റെയും കാര്യത്തില്‍ അവനോളം വരില്ല മറ്റൊരു നായയും! ഇതിനുമുമ്പും അവന്‍ പലരെയും ആക്രമിച്ചിട്ടുണ്ട്. ഞാന്‍ അരുമയോടെ വളര്‍ത്തുന്ന നായയാണെങ്കിലും അവന്റെ ഇത്തരം പ്രവൃത്തികളെ ഞാന്‍ പരസ്യമായിത്തന്നെ അപലപിച്ചിട്ടുണ്ട്. 

ഇത്തവണ ഞാനവനോട് ഔപചാരികമായിത്തന്നെ ചോദിച്ചു: ''എന്തിനാ നീ അയാളെ കൊന്നത്?''
വളരെ ഭവ്യതയോടെ നായ മൊഴിഞ്ഞു: ''രാഷ്ട്രീയ വൈരാഗ്യമല്ലേ!''
പ്രതീക്ഷിച്ചപോലെ അപ്പോള്‍ പോലീസ് എന്നോട് ചോദിച്ചു : ''ആക്രമണകാരിയായ നായയെ എന്തിനാണ് അഴിച്ചുവിട്ടത്?''
നായയുടെ ഉടമ എന്നനിലയ്ക്ക് എന്നെ അറസ്റ്റുചെയ്യാന്‍ വന്നതായിരുന്നു അവര്‍. 

തികച്ചും ന്യായമായ എന്റെ വിശദീകരണം ഞാനവരെ ബോധിപ്പിച്ചു: ''മികച്ച പരിശീലനം നല്‍കിയാണ് ഞാന്‍ ഇവനെ വളര്‍ത്തിയിട്ടുള്ളത്...''
വസ്തുതകള്‍ ഗ്രഹിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ ഉടന്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞു: ''ഉടമസ്ഥന്‍ ബോധിപ്പിച്ചത് കേട്ടില്ലേ. രാഷ്ട്രീയവൈരാഗ്യം എന്ന് കുറ്റവാളിതന്നെ സമ്മതിച്ച സ്ഥിതിക്ക് നായയെ അല്ലാതെ അതിന്റെ ഉടമയെ അറസ്റ്റുചെയ്യുന്നത് നിയമവിരുദ്ധമാകും!''

പോലീസുകാര്‍ക്കൊപ്പം പോകുമ്പോള്‍ എന്റെ അരുമയെ ഞാന്‍ സമാധാനിപ്പിച്ചു: ''കേസ് നടത്തി ഞാന്‍ നിന്നെ രക്ഷിക്കും. നീയൊരു ചുക്കും പേടിക്കണ്ടടാ !''
ജീപ്പില്‍ കയറുന്നതിനുമുമ്പ് അവന്‍ എന്നെ ഒന്ന് തിരിഞ്ഞുനോക്കി. അവന്റെ കണ്ണുകളില്‍ ആദ്യമായി കുറ്റബോധം നിഴലിക്കുന്നുവോ? ഏയ് വഴിയില്ല, എത്രയായാലും അവനൊരു വളര്‍ത്തുനായയല്ലേ!

Content Highlight : valarthu naya, malayalam short story, malayalam Literature