വില്ലുപോലെ വളഞ്ഞ കോണ്‍ക്രീറ്റ് പാലം കഴിഞ്ഞാണ് വീട്. രണ്ടുനിലക്കെട്ടിടം. നല്ല ഉയരവും സാമാന്യം വലിപ്പവുമുണ്ട്. ഇവിടങ്ങളില്‍ ഫുട്പാത്തില്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു കെട്ടിടത്തിന്റെ മുമ്പില്‍ അല്പം പോലും സ്ഥലമില്ല. തെരുവില്‍നിന്ന് കുത്തനെ ഉയര്‍ന്ന വീട്. പക്ഷേ, അത് പുറത്തുനിന്ന് നോക്കുമ്പോളുള്ള കാഴ്ചയാണ്. വീട്ടിന്റെ പിന്നില്‍ സ്ഥലം ധാരാളമുണ്ട്. ആദ്യം വിശാലമായ മുറ്റം. പിന്നീട് കക്കൂസും മറ്റും. അതിന്റെ പിന്നില്‍ കാടും പടലും നിറഞ്ഞ വലിയ പറമ്പ്.

ഇത്രയേറെ സ്ഥലമുള്ള സ്ഥിതിക്ക് വീട്ടിന്റെ മുമ്പില്‍ ഒരു പൂന്തോട്ടമാവാമായിരുന്നില്ലേ. ആ വീട്ടിലുള്ളവരെല്ലാം പറയുന്നത് ഇതു തന്നെയാണ്. വിശേഷിച്ച് മൊതീന്‍. പൂന്തോട്ടമെന്ന് പറഞ്ഞാല്‍ ജീവനാണ് അയാള്‍ക്ക്. ഇന്നുവരെ അത് ഭാവനയിലേ പുഷ്പിച്ചിട്ടുള്ളൂവെങ്കിലും. അല്പം ഭൂമിയുണ്ടായിരുന്നുവെങ്കില്‍ അയാളൊരു ഉദ്യാനം വെച്ചുപിടിപ്പിക്കുമായിരുന്നു. മുല്ലയും പാരിജാതവും ചെമ്പരത്തിയും റോസും നട്ടുനനയ്ക്കുമായിരുന്നു. ആപ്പീസില്‍ നിന്നു വന്നാല്‍ തോട്ടത്തില്‍ ഉലാത്തും. ഒന്നു സുഖമായി വിശ്രമിക്കാന്‍ ക്യാന്‍വാസ് കസേരയോ, ഡക്ചറോ, ചാരുകസേലയോ വാങ്ങിയിടും. അംജത് ഹുക്കയുടെ ആളാണ്. ഉദ്യാനത്തിന്റെ മാന്യത നിലനിര്‍ത്താന്‍ നേര്‍ത്ത കുഴലോടുകൂടിയ ഭംഗിയുള്ള ഹുക്കയും വാങ്ങും. കാദര്‍ സംഭാഷണപ്രിയനാണ്. ഇളംകാറ്റില്‍ അവന്റെ സ്വരം കൂടിച്ചേര്‍ന്നാലോ. അല്ലെങ്കില്‍ കുസുമസൗരഭ്യം തങ്ങിനില്‍ക്കുന്ന പൂനിലാരാവുകളില്‍ വെടിവട്ടമില്ലെങ്കില്‍ തന്നെയെന്താ വെറുതെ കണ്ണുംപൂട്ടി നിശ്ശബ്ദമായി സന്ധ്യാകാലസ്നിഗ്ദ്ധത അനുഭവിച്ചാലും പോരെ.

ആപ്പീസില്‍ നിന്ന് തളര്‍ന്നുവന്ന് ഏതാണ്ട് നിരത്തില്‍നിന്നു തന്നെ ആരംഭിക്കുന്ന കോണിപ്പടികള്‍ ചവിട്ടി വീട്ടിന്റെ രണ്ടാംനിലയിലേക്ക് കയറുമ്പോള്‍ മൊതീന്റെ മനസ്സില്‍ ഇത്തരം ചിന്തകളുടലെടുക്കും. കൈയേറ്റം ചെയ്ത് സ്വന്തമാക്കിയതാണ് വീട്. വഴക്കുകൂടാതെ തന്നെ. കൈയേറ്റക്കാരുടെ സംഘബലം കണ്ട് പിന്‍തിരിഞ്ഞോടിയതൊന്നുമല്ല വീട്ടുടമ. രാജ്യവിഭജനത്തെത്തുടര്‍ന്ന് ഈ പട്ടണത്തിലെത്തിയ ദിവസം മുതല്‍ തുടങ്ങിയതാണവര്‍, ഈ തെരച്ചില്‍. ഉദയാസ്തമയ വീടന്വേഷണം. ഒരു നാള്‍ ഈ വീടു കണ്ടെത്തി. ഉമ്മറവാതിലില്‍ കൂറ്റനൊരു പൂട്ടുണ്ടായിരുന്നു. വീട്ടിന്നുള്ളില്‍ ആള്‍പ്പെരുമാറ്റമില്ലാതായിട്ട് നാളേറെയായി എന്നു കണ്ടുപിടിക്കാന്‍ അധികം സമയം വേണ്ടിവന്നില്ല. പരിത്യക്താഗ്രഹങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാമല്ലോ.

ഇത്തരമൊരു വീട് ലഭിക്കുക മഹാഭാഗ്യം തന്നെ. സൗഭാഗ്യത്തിന്റെ ആകസ്മികമായ ആവിര്‍ഭാവം ആദ്യം അവരുടെ മനസ്സില്‍ ഭയമാണ് സൃഷ്ടിച്ചത്. അല്പനേരത്തേയ്ക്ക് മാത്രം. അന്നു സന്ധ്യയ്ക്ക് എല്ലാവരും ചേര്‍ന്ന് പൂട്ടുപൊളിച്ചു വീട്ടില്‍ കടന്നു. വൈശാഖ മാസത്തില്‍ മാങ്ങ എറിഞ്ഞുവീഴ്ത്തുമ്പോ ഉണ്ടാവാറുള്ള ആവേശമായിരുന്നു അവര്‍ക്കപ്പോള്‍. പകല്‍ കൊള്ളയാണ് നടത്തുന്നതെന്ന് അവര്‍ അപ്പോള്‍ മനസ്സിലാക്കിയില്ല, ഓര്‍ത്തതുമില്ല. തെല്ലൊരപരാധബോധം മനസ്സിലുടലെടുത്തിട്ടുണ്ടെങ്കില്‍ത്തന്നെ, പാര്‍ക്കാന്‍ ഇടം കിട്ടിയപ്പോളുണ്ടായ ആഹ്ലാദത്തില്‍ അതു കാറ്റില്‍ പറന്നു. ഒരു നിമിഷംകൊണ്ട്.

പിറ്റേന്ന് വാര്‍ത്ത നഗരത്തില്‍ പരന്നു. തലയ്ക്കു മീതെ ഒരു മോന്തായം ലഭിച്ചേയ്ക്കുമെന്ന ആശയോടെ ശരണാര്‍ത്ഥികള്‍ വന്നുതുടങ്ങി.
  'എന്താ നോക്കുന്നത്'- വീട്ടിലുള്ളവര്‍ ചോദിച്ചു. 'ഇവിടെ സ്ഥലമൊഴിവില്ല. എല്ലാ മുറികളിലും ആളുണ്ട്. ഈ ചെറിയ അകത്തു കാണുന്നില്ലേ, നാല് കിടക്ക. ഇപ്പം കിടക്കയേയുള്ളൂ. ആറു ഫൂട്ട് നീളവും രണ്ടരയടി വീതിയുമുള്ള മരക്കട്ടിലുകള്‍ വരാനിരിക്കുന്നേയുള്ളൂ. പിന്നെ കാലുകുത്താന്‍ എടംണ്ടാവില്ല.'
   'നിങ്ങളുടെ മുഷ്‌കില്‍ ഞങ്ങള്‍ക്കറിയില്ലേ. ഞങ്ങളും നിങ്ങളെപ്പോലെ അലയുകയായിരുന്നു'. മറ്റൊരാള്‍.
  നിരാശയും വേദനയും നിറഞ്ഞ സ്വരത്തില്‍ പുതുതായി വന്നവരില്‍ ഒരാള്‍ തിരക്കി: 'ഈ മുറിയോ', തെരുവിനു സമീപമുള്ള താഴത്തെ മുറി ശൂന്യമാണെന്നുതോന്നും.

മുറി കാലിയാണെന്നുതോന്നും ഒറ്റനോട്ടത്തില്‍ എന്നാല്‍ കാലിയല്ല. നല്ലപോലെ ഒന്നു നോക്കിന്‍. ചുമരിന്റെ അരികില്‍ സത്രഞ്ജിയില്‍ പൊതിഞ്ഞ കിടക്കക്കെട്ടു കാണുന്നില്ലേ. അക്കൗണ്ട്സ് ആപ്പീസര്‍ തടിയന്‍ ബദരുദ്ദീന്‍ കൊണ്ടുവെച്ചതാ. ഇപ്പം അയാള്‍ അളിയന്റെ കൂടെയാ. അളിയന്‍തന്നെ വേറൊരു ദോസ്തിന്റെ കോലായില്‍ കൂടിയിരിക്കാ.

നിങ്ങള്‍ മുമ്പെ വന്നിരുന്നുവെങ്കില്‍ ബദരുദ്ദീനെ പറഞ്ഞുവിടുമായിരുന്നു. മുറി കണ്ടില്ലേ. വെളിച്ചമൊന്നുമില്ല. പിന്നെ ജനാലയുടെ അടുത്ത് തെരുവുവിളക്കുണ്ട്. കറന്റ് ഫെയിലിയര്‍ ഉണ്ടായാലും പേടിക്കാനൊന്നുമില്ല.
പാര്‍ക്കാന്‍ ഇടമന്വേഷിച്ചു വന്നവരുടെ കാതുകളില്‍ പതിച്ച വാക്കുകള്‍ക്ക് അര്‍ത്ഥമൊന്നുമുണ്ടായിരുന്നില്ല.

*******

അന്യായമായി വീടുകയ്യേറിയ സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ യഥാസമയം പോലീസ് വന്നു. രാജ്യമാസകലം വന്‍ പരിവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മുറപോലെ നടക്കേണ്ട കാര്യങ്ങള്‍ വിഘ്നമില്ലാതെ നടക്കുന്നു. സ്വത്തു വിട്ടേച്ചുപോയവര്‍ അവ വീണ്ടെടുക്കുന്നതിനുവേണ്ടി സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ടോ? അവിശ്വസനീയമാണത്. ഞൊടിയിടയ്ക്കുള്ളില്‍ കൂറ്റന്‍ കെട്ടിടങ്ങളും മറ്റും ഉപേക്ഷിച്ച് രാജ്യംവിട്ടോടിപ്പോയവര്‍ക്ക് ധാരാളം മറ്റു പ്രശ്നങ്ങളെ നേരിടേണ്ടതുണ്ട്. തക്ക സമയത്ത് വന്നു വീടു കൈയേറാന്‍ സാധിക്കാതെ വന്നപ്പോള്‍, നഗരത്തിന്റെ മറ്റു പ്രാന്തങ്ങളില്‍ തങ്ങേണ്ടിവന്ന ഹതഭാഗ്യരാണ് പോലീസിനു വിവരം കൊടുത്തതെന്ന കാര്യത്തില്‍ സന്ദേഹമില്ല. ന്യായീകരിക്കാവുന്ന അസൂയതന്നെ. കെട്ടിടത്തിലുള്ളവര്‍ പോലീസിനെ നേരിടാന്‍ നിശ്ചയിച്ചു.

ഞങ്ങള്‍ ദരിദ്രരാണെന്നു സമ്മതിച്ചു. എന്നാല്‍ നല്ല കുടുംബങ്ങളില്‍ നിന്നു വരുന്നവരാണ്. വീടു കൈയേറിയതു ശരിയാ പക്ഷേ, ഒരൊറ്റ വാതിലോ ജനലോ പൊളിച്ചിട്ടില്ല. ഓടും ഇഷ്ടികയും പറിച്ചു ചോര്‍ബജാറില്‍ വില്‍ക്കാനും പോയിട്ടില്ല.
നയമൊക്കെ ഞങ്ങക്കു അറിയാം. ആരാ പരാതി തന്നത്. വീട്ടുടമസ്ഥനാണോ? പലരും പലതും പറഞ്ഞുതുടങ്ങി.
എങ്ങോട്ടു പോവാനാ സാറേ, സുഖിക്കാന്‍ വന്നുകേറിയതാണോ ഇവിടെ? കാതര സ്വരത്തില്‍ കാദര്‍ ചോദിച്ചു.
സബ് ഇന്‍സ്പെക്ടറും കോണ്‍സ്റ്റബിളും തിരിച്ചുപോയി. ശരിയും തെറ്റും സത്യവും അസത്യവും കൂട്ടിച്ചേര്‍ത്ത് അയാള്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിക്കാണും. റിപ്പോര്‍ട്ട് വായിച്ച മേലുദ്യോഗസ്ഥന്‍ ഫയല്‍ പൂഴ്ത്തിയിട്ടുണ്ടാവാം. അല്ലെങ്കില്‍ സ്വത്തു കൈയ്യേറ്റക്കാര്യത്തിലുള്ള സര്‍ക്കാര്‍ നയവും നിയമവും അവര്‍ക്കു ശരിക്കു മനസ്സിലായിട്ടുണ്ടാവില്ല.

അതെന്തായാലും, പോലീസു സ്ഥലംവിട്ടപ്പോള്‍ കാദര്‍ പറഞ്ഞു: സത്യം പറയുന്നതില്‍ എന്താ ദോഷം. ഇന്‍സ്പെക്ടറുടെ രണ്ടാം ഭാര്യ എന്റെ ബന്ധത്തിലുള്ളതാ. ആരോടും ഇക്കാര്യം പറയേണ്ട!കാദരുടെ വാക്കുകള്‍ ആരും വിശ്വസിച്ചില്ല. നിര്‍ദോഷമായ ആനന്ദത്തിനുവേണ്ടി ചെറിയൊരു പൊളി പറഞ്ഞോട്ടെ എന്നു മറ്റുള്ളവര്‍ കരുതി. 
ചായയും മിഠായിയും വന്നോട്ടെ! ആഹ്ലാദഭരിതസ്വരത്തില്‍ ഒരാള്‍ ആവശ്യപ്പെട്ടു. കെട്ടിടം വിജയോത്സവത്തില്‍ മുഴുകി.

സ്ഥലമൊന്നുകിട്ടി. അതാര്‍ക്കും തട്ടിപ്പറക്കുവാന്‍ സാധിക്കുകയില്ല. ഈ വിശ്വാസം മാത്രമായിരുന്നില്ല സന്തോഷത്തിന്റെ കാരണം. കെട്ടിടം കാരണം അവരുടെ ജീവിതത്തിലൊരു പുതിയ പാത തുറന്നുകിട്ടിയിരിക്കുന്നു. അവരില്‍ പലരും കല്‍ക്കത്തയിലെ ദുര്‍ഗന്ധം വമിക്കുന്ന ഇടുങ്ങിയ തെരുവുകളില്‍ ജീവിച്ചവരാണ്. വിശാലമായ മുറികള്‍, വലിയ ജനാലകള്‍, പരന്നമുറ്റം, മാവും പ്ലാവും ഇടതൂര്‍ന്നുനില്‍ക്കുന്ന പറമ്പ്, ഇതെല്ലാമുള്ള ഈ കെട്ടിടം ഒരു നൂതന ലോകം തന്നെയാണവര്‍ക്ക്. ഇത്ര സുലഭമായി വായുവും വെളിച്ചവും അവര്‍ ഒരിക്കലും അനുഭവിച്ചിട്ടില്ല. അവരുടെ ജീവിതം പച്ചപിടിച്ചുവരികയാണ്. അവരുടെ ധമനികളില്‍ ഉശിരുള്ള രക്തം ഒഴുകും. ആയിരം രണ്ടായിരം ശമ്പളം വാങ്ങിക്കുന്നവരുടെ മുഖത്തുള്ള ആരോഗ്യവും പ്രസരിപ്പും അവരുടെ മുഖങ്ങളിലും നിഴലിക്കും. മലേറിയ, ക്ഷയം തുടങ്ങിയ മഹാമാരികളില്‍ നിന്നു അവര്‍ക്കു മുക്തി ലഭിക്കും.

നീണ്ടുമെലിഞ്ഞ യൂനുസ്സിന്റെ ആരോഗ്യം ഇതിനകം മെച്ചപ്പെട്ടിട്ടുണ്ട്. മെക്ലിയോഡ് സ്ട്രീറ്റിലായിരുന്നു അയാളുടെ താമസം. നിറഞ്ഞുതുളുമ്പുന്ന ഡസ്റ്റ്ബിന്‍ പോലെയായിരുന്നു ആ തെരു. അവിടെ ഒരു ഇരുനിലക്കെട്ടിടത്തില്‍ അടുക്കളയുടെ അരികിലൊരു ഇടുങ്ങിയ മുറിയില്‍ കുച്ഛ് ദേശീയരായ തോല്‍വ്യവസായികളുടെ കൂടെ അയാള്‍ നാലുവര്‍ഷം പാര്‍ത്തു. ചീഞ്ഞളിഞ്ഞ തോലിന്റെ ദുര്‍ഗന്ധം കാരണം, ഓടയില്‍ നിന്നുള്ള നാറ്റം മൂക്കിലെത്തില്ല. മുറിയില്‍ എലി ചത്തു വീണാല്‍പ്പോലും തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ജ്വരവും പനിയും യൂനൂസ്സിനെ വിട്ടുമാറിയിരുന്നില്ല. എന്നിട്ടും ആ സ്ഥലം അയാള്‍ ഉപേക്ഷിച്ചില്ല. തോലിന്റെ ഗന്ധം ക്ഷയരോഗാണുക്കളെ നശിപ്പിക്കുമെന്നു ആരോ അയാളെ ധരിപ്പിച്ചിരുന്നു. ദുര്‍ഗന്ധം സഹിച്ചുവെന്നു മാത്രമല്ല, ചിലപ്പോള്‍ ആപ്പിസ്സില്‍നിന്നു തിരിച്ചെത്തിയാല്‍ ജനാലയുടെ അടുത്തുചെന്നു നിശ്വസിക്കുകയും ചെയ്യും; നെഞ്ചുനിറയെ. അയാളുടെ ആരോഗ്യസ്ഥിതിയില്‍ പരിവര്‍ത്തനമൊന്നുണ്ടായില്ലെങ്കിലും.

സദ്യവട്ടങ്ങളില്ലെങ്കില്‍ വീട്ടിലൊരുണര്‍വുണ്ടാവുകയില്ല. മൊഗളായിഖാനെ തയ്യാറാക്കി ഒരു ആഴ്ച. പാചകവിദ്യയിലുള്ള കുശലത പ്രകടിപ്പിക്കാന്‍ ചിലര്‍ക്ക് അവസരം കിട്ടി. ചില സായാഹ്നങ്ങളില്‍ ഗാനമേളകളുണ്ടാവും. അപശ്രുതി പകരുന്ന ഒരു ഹാര്‍മോണിയം കൊണ്ടുവന്നു, തന്റെ കണ്ഠശക്തിയുടെ സഹായത്തോടെ അര്‍ദ്ധരാത്രിവരെ സംഗീതസദസ്സ് നടത്തും ഹബീബുള്ള.

അങ്ങനെ കഴിയുമ്പോളാണ് മുറ്റത്തിന്റെ ഒരറ്റത്ത് അടുക്കളയുടെ പിറകിലുള്ള തുളസിത്തറയും ചെടിയും ഒരുനാള്‍ അവരുടെ ദൃഷ്ടിയില്‍ പെട്ടത്. ഒരു ഞായറാഴ്ച രാവിലെ, വേപ്പിന്‍തുണ്ടു കൊണ്ട് ദന്തശുദ്ധി വരുത്തി വിശാലമായ മുറ്റത്ത് അച്ചാലും മുച്ചാലും വെയ്ക്കുകയായിരുന്നു മൊദെബ്. പെട്ടെന്ന് ക്ഷോഭിക്കുന്ന പ്രകൃതക്കാരന്‍. സാധാരണ സംഭാഷണങ്ങള്‍ക്കൂടി അത്യുച്ചത്തില്‍ ചെയ്തു ശീലിച്ചവന്‍. മൊദെബ് അട്ടഹസിച്ചു കൊണ്ടൊരു ചാട്ടം.
 ശബ്ദംകേട്ട് ചിലര്‍ മുറ്റത്തെത്തി.
 എന്തുപറ്റി?
കണ്ണുതുറന്ന് നോക്ക്!
എന്തു നോക്കാനാ?
 വല്ല പാമ്പിനേയോ മറ്റോ കാട്ടിത്തരുകയാണെന്നു പ്രതീക്ഷിച്ച് പുറത്തുവന്നവരുടെ കണ്ണില്‍ തുളസിച്ചെടി പെട്ടില്ല.
 കാണുന്നില്ലേ? ആ വികൃതമായ ആസനത്തിലിരിക്കുന്ന തുളസിച്ചെടി നിങ്ങടെ കണ്ണില്‍പ്പെടുന്നില്ലേ! പൊളിച്ചുനീക്കണം അത്. ഹിന്ദുക്കളുടെ ഒരു ചിഹ്നവും ഇവിടെപ്പാടില്ല. എനിക്കതു സഹിക്കില്ല.

മറ്റുള്ളവര്‍ അല്പം ഹതാശരായി തുളസിച്ചെടിയുടെ നേര്‍ക്കു നോക്കി. വാടിത്തളര്‍ന്ന ഒരു ചെടി. ഇലകളുടെ പച്ചനിറം മങ്ങിയിരിക്കുന്നു. തണ്ടും ഏതാണ്ട് ഉണങ്ങിയിരിക്കുന്നു. വളരെ നാളായി വെള്ളമൊഴിച്ചിട്ടെന്നു തോന്നി.
'എന്താ കണ്ടു രസിക്കുന്നത്' മൊദെബ് അലറി. 'പൊളിച്ചു നീക്കെടാ ആ തറ.'
ആകസ്മികമായ ഈ കണ്ടുപിടുത്തം അവരെ നിശ്ചലരാക്കിയപോലെ തോന്നി. സമ്പൂര്‍ണ്ണമായും ശൂന്യമെന്നു കരുതിയ കെട്ടിടത്തിന്റെ ആകൃതിതന്നെ മാറിപ്പോയി. ഉണങ്ങി വേരറ്റു പോകാനായ ഒരു നിസ്സാര സസ്യം ആ വീട്ടിന്റെ ഉള്ളുകള്ളികള്‍ മുഴുവന്‍ വിളിച്ചോതുന്നതായി അവര്‍ക്ക് അനുഭവപ്പെട്ടു.
കാരണമില്ലാതെ സ്തബ്ധരായി നില്‍ക്കുന്ന ശ്രോതാക്കളില്‍ നിന്ന് പ്രതികരണമൊന്നും ലഭിക്കുന്നില്ലെന്നു കണ്ട മൊദെബ് വീണ്ടും ആവശ്യപ്പെട്ടു:
'എന്തേ ഇത്ര ചിന്തിക്കാന്‍? തറ മറച്ചിടാനല്ലെ പറഞ്ഞത്?'
ആരും അനങ്ങിയില്ല. ഹിന്ദുക്കളുടെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് സവിശേഷ വിജ്ഞാനമൊന്നുമവര്‍ക്കില്ല. എന്നാല്‍ ഹിന്ദു ഗൃഹങ്ങളിലെ സ്ത്രീകള്‍ തുളസിച്ചെടിയുടെ ചുവട്ടില്‍ അന്തിത്തിരി കത്തിച്ചുവെച്ച്, സാരിത്തലപ്പുകൊണ്ട് ശിരസ്സു മൂടി നമസ്‌കരിക്കുമെന്ന് എവിടെയോ കേട്ടിട്ടുണ്ട്. ഇന്ന് ഏതു തുളസിത്തറയില്‍ കാടുംപടലും നിറഞ്ഞിരിക്കുന്നുവോ അതിലും ഒരു കാലത്ത് സന്ധ്യാദീപം ജ്വലിച്ചിട്ടുണ്ടാകും.

ആകാശത്ത് സാന്ധ്യ താരകള്‍ ഉദിച്ചുയരുമ്പോള്‍ നമ്രശീര്‍ഷത്തില്‍ നിന്ന് ഉതിരുന്ന സിന്ദൂരസ്പര്‍ശമേറ്റ് ഒരു ശാന്തശീതള ദീപം അന്ധകാരത്തെ ഭേദിച്ച് നിത്യേന എരിഞ്ഞിട്ടുണ്ടാവണം. ദുര്‍ദ്ദിനങ്ങളുടെ കൊടുങ്കാറ്റടിക്കുമ്പോഴും സുദിനങ്ങളിലെ ആനന്ദത്തിമിര്‍പ്പിലും ജീവിതമാകുന്ന പ്രദീപങ്ങള്‍ പൊലിഞ്ഞുപോകുമ്പോഴും സന്ധ്യാദീപം കൊളുത്തുന്ന പതിവ് ഒരു ദിവസംപോലും മുടങ്ങിക്കാണില്ല.

ഈ തുളസിച്ചെടിയുടെ ചുവട്ടില്‍ വര്‍ഷാവര്‍ഷം തിരി കത്തിച്ചുവെച്ച വീട്ടമ്മ ഇന്ന് എവിടെയായിരിക്കും? മൊതീന്‍ ഒരു കാലത്ത് റെയില്‍വേയില്‍ ജോലിനോക്കിയിരുന്നു. പല സ്റ്റേഷനുകളുടെ ചിത്രങ്ങളുടെ അയാളുടെ കണ്‍മുമ്പിലൂടെ ഓടി മറഞ്ഞു. അസന്‍സോളിലോ, ലിലുവായിലോ ഹൗറയിലോ ഉള്ള ക്വാര്‍ട്ടേഴ്സുകളിലൊന്നില്‍ ഏതെങ്കിലും ബന്ധുവിന്റെ വീട്ടില്‍ ആ മഹിള ആശ്രയം തേടിയിരിക്കാം. വിശാലമായ യാര്‍ഡില്‍ ഉണങ്ങാനിട്ടിരിക്കുന്ന ചുവപ്പുകരയുള്ള കറുത്ത മസൃണ സാരി അയാള്‍ക്ക് കാണാന്‍ കഴിയുന്നതുപോലെ തോന്നി. ഭാവനയിലെ വായുവില്‍ അത് പാറിക്കളിച്ചു. അല്ലെങ്കില്‍ അവര്‍ ഓടിക്കൊണ്ടിരിക്കുന്ന വണ്ടികളൊന്നില്‍ ജനാലയ്ക്കടുത്തു സ്ഥലംപിടിച്ചിട്ടുണ്ടാവാം. പുറത്തേയ്ക്ക് കണ്ണും നട്ട്. ദിഗന്തത്തിനപ്പുറം എന്തോ തിരഞ്ഞുകൊണ്ട് അവരെവിടെയായിരുന്നാലും അവരുടെ യാത്ര അവസാനിച്ചാലും ഇല്ലെങ്കിലും ദിനാന്ത്യത്തിന്റെ നിഴല്‍ ഘനീഭവിക്കുമ്പോള്‍ ഈ തുളസിത്തറയുടെ കഥ ഓര്‍ത്തുകൊണ്ട് അവരുടെ നയനങ്ങള്‍ നനയുന്നുണ്ടാവും.

ഇന്നലെ മുതല്‍ യൂനൂസ്സിന് ജ്വരവും ജലദോഷവുമാണ്. അയാള്‍ പറഞ്ഞു: 'അതവിടെ കിടന്നോട്ടെ. നമ്മള്‍ അതിനെ പൂജിക്കാനൊന്നും പോകുന്നില്ലല്ലോ. വീട്ടില്‍ തുളസിയുണ്ടെങ്കില്‍ നല്ലതാ. ജലദോഷത്തിനും മറ്റും ഉപകരിക്കും.'
മൊദെബ് മറ്റുള്ളവരെ ശ്രദ്ധിച്ചു. തറ പൊളിച്ചുകളയാന്‍ ആരുടെ കൈയും മുന്നോട്ടു നീങ്ങിയിട്ടില്ല. ഇനായത്തുള്ളയ്ക്കു മൗലവിയുടെ ഭാവമാണ്. വട്ടത്താടി. അഞ്ചുനേരം നിസ്‌കാരം. രാവിലെ ഖുര്‍-ആന്‍ വായിക്കും. അയാളുംകൂടി മൗനം പാലിച്ചു. ഗൃഹസ്ഥയുടെ സജല നയനങ്ങള്‍ അയാളുടെ മനസ്സിലും പതിഞ്ഞുവോ.

 ദേഹാപായമില്ലാതെ തുളസിച്ചെടി വാണു. എന്നാല്‍ അവര്‍ അതിന്റെ അസ്തിത്വം പാടേ വിസ്മരിച്ചുവോ. ഇല്ല. കര്‍ത്തവ്യത്തിന്റെ മുന്നില്‍ നിന്ന് ഒളിച്ചോടിപ്പോയാലുണ്ടാവുന്ന തരത്തിലൊരു ദൗര്‍ബല്യഭാവത്തിന്നവര്‍ ഇരയായി. അസുഖകരമായ ഒരു അസ്വസ്ഥത അവരുടെ മനസ്സില്‍ തങ്ങിനിന്നു. അതിന്റെ ഫലമായി അന്നുസന്ധ്യയ്ക്കു സാധാരണ പതിവുള്ള രാഷ്ട്രീയത്തിനുപകരം സാമുദായികത സംഭാഷണ വിഷയമായി. മനോവിഷമങ്ങള്‍ വാക്കുകളുടെ സ്രോതസ്സില്‍ കഴുകിക്കളയാന്‍ ആഗ്രഹിക്കുന്നതുപോലെ.

'അവരാണ് എല്ലാറ്റിനും കാരണക്കാര്‍' മൊദെബ് പറഞ്ഞു. ശ്രദ്ധയോടെ തേച്ചുമിനുക്കിയ അയാളുടെ പല്ലുകള്‍ നഗ്‌നമായ ബള്‍ബിനടിയില്‍ തിളങ്ങി.
'അവരുടെ നീചഹീനകൃത്യങ്ങളും ഗുണ്ടായിസവും കാരണമല്ലേ രാജ്യം വിഭജിക്കപ്പെട്ടത്.'
അഭിപ്രായം പുതിയതല്ല. എന്നാലും ഇന്ന് ആ വാദത്തിന് ഒരു പുതുമ ലഭിച്ചതുപോലെ തോന്നി. അതു സമര്‍ഥിക്കുവാന്‍ വേണ്ടി ഹിന്ദുക്കളുടെ അക്രമങ്ങളുടെ ഒടുങ്ങാത്ത ഉദാഹരണങ്ങള്‍ നിരത്തിവെയ്ക്കപ്പെട്ടിട്ടും അതിവേഗത്തില്‍ അവരുടെ രക്തം തിളച്ചു.
ഇടതുപക്ഷക്കാരനെന്നു അംഗീകരിക്കപ്പെട്ട മക്സൂദ് പ്രത്യുത്തരം നല്‍കി: 'സംഭവങ്ങള്‍ പെരുപ്പിച്ചു കാട്ടുകയല്ലേ നിങ്ങള്‍ ചെയ്യുന്നത്?'
'ആരാ ഊതിവീര്‍പ്പിക്കുന്നത്?' മൊദെബിന്റെ തിളങ്ങുന്ന പല്ലുകള്‍ കൂട്ടിമുട്ടി.
വാമപക്ഷക്കാരന്‍ ഒറ്റപ്പെട്ടു. അതുകൊണ്ടാണെന്നു തോന്നുന്നു അയാളുടെ വിശ്വാസങ്ങളുടെ സൂചി ഇളകി, സംശയങ്ങളുടെ ഊക്കില്‍, വലത്തു ഭാഗത്തു ചെന്നുനിലയുറപ്പിച്ചു.

കുറെ ദിവസങ്ങള്‍ക്കുശേഷം അടുക്കളയുടെ പിന്നിലൂടെ നടക്കുമ്പോള്‍ തുളസിച്ചെടി വീണ്ടും മൊദെബിന്റെ ദൃഷ്ടിയില്‍പ്പെട്ടു. ചെടിയുടെ അടിയിലുണ്ടായിരുന്ന പുല്ലും പടലും അപ്രത്യക്ഷമായിരിക്കുന്നു. മാത്രമല്ല, വെള്ളത്തിന്റെ അഭാവത്തില്‍ ഉണങ്ങി തവിട്ടുനിറമായിത്തീര്‍ന്നിരിക്കുന്ന തണ്ടും ഇലകളും പച്ചപിടിച്ചു പ്രശോഭിക്കുന്നു. ആരോ തുളസിപരിപാലനത്തില്‍ ശ്രദ്ധിക്കുന്നുണ്ടെന്നുള്ളതില്‍ സന്ദേഹമില്ല. പരസ്യമായല്ലെങ്കിലും ഒളിച്ചും തളിച്ചും ആരോ തടത്തില്‍ വെള്ളമൊഴിക്കുന്നുണ്ട്.

മൊദെബിന്റെ കൈവശമുണ്ടായിരുന്ന കത്രിക ചലിച്ചു മുകളിലൂടെ. ചെടിയുടെ മുകളിലൂടെ മാത്രം. തുളസിക്ക് ദേഹാപായമൊന്നും പറ്റിയില്ല. അല്ലെങ്കിലും തുളസിയെക്കുറിച്ചാരും സംസാരിക്കാറില്ല. യൂനൂസ്സിന്റെ ജലദോഷം രണ്ടു നാളുകള്‍ക്കുള്ളില്‍ മാറി. തുളസിയിലയുടെ ആവശ്യം അയാള്‍ക്കൊട്ടുണ്ടായതുമില്ല.

******

മെക്ലോയിഡ് സ്ട്രീറ്റിലെയും ഖന്‍സമാന്‍ തെരുവിലെയും ഇരുണ്ട ജീവിതം പിന്നോക്കം തള്ളി, പ്രകാശത്തിന്റെയും ശുദ്ധവായുവിന്റേയും മധ്യത്തിലൊരു പുത്തന്‍ ജീവിതം ആരംഭിച്ചിരിക്കുന്നു എന്നവര്‍ വിശ്വസിച്ചു. പക്ഷേ, ആ ധാരണ തെറ്റാണെന്ന് ബോധ്യമാവാന്‍ അധിക കാലം വേണ്ടിവന്നില്ല. മാത്രമല്ല, അവരുടെ ധാരണ മാറ്റാന്‍ എത്രകാലം പിടിച്ചുവോ, ആ കാലത്തിനുള്ളില്‍ പുതിയ ജീവിതത്തെക്കുറിച്ചുള്ള അവരുടെ ശുഭാപ്തിവിശ്വാസം ദൃഢമായിപ്പോയിരുന്നു. തത്ഫലമായി ആഘാതമേറ്റപ്പോള്‍ അത് അതിദാരുണമായി അനുഭവപ്പെട്ടു.
  ഒരു വൈകുന്നേരം ആഫീസ്സില്‍ നിന്ന് തിരിച്ചെത്തി രാത്രിയിലെ 'ഖാന'യ്ക്കുവേണ്ടി കിച്ചടി തയ്യാറാക്കുന്ന പരിപാടി ആസൂത്രണം ചെയ്യുന്ന സമയത്ത് പുറത്തു ബൂട്ടിന്റെ ശബ്ദം കേട്ടു. കോണിപ്പടികളില്‍ 'മച്മച്' ശബ്ദം. മൊദെബ് ഞൊടിയിടയില്‍ പുറത്തുവന്നു നോക്കി.
  'വീണ്ടും പോലീസ് വന്നിരിക്കുന്നു'
'പോലീസോ'

ഒരുപക്ഷേ, തെരുവില്‍ നിന്ന് ഓടി ഒളിച്ച വല്ല കള്ളപ്പിള്ളേരെ തിരഞ്ഞുവന്നതായിരിക്കും പോലീസ് എന്ന് യൂനൂസ് കരുതി. മുയലിന്റെ കഥയാണ് അയാള്‍ക്ക് ഉടനെ ഓര്‍മ്മ വന്നത്. ശിക്കാരിയുടെ മുമ്പില്‍ അകപ്പെട്ട മുയല്‍ കണ്ണുമുറുക്കെ ചിമ്മി, ഇനി തന്നെ ആര്‍ക്കും ദ്രോഹിക്കാന്‍ കഴിയുകയില്ല എന്നു കരുതും. യഥാര്‍ത്ഥത്തില്‍ അവര്‍ കള്ളന്മാര്‍ തന്നെയല്ലേ? എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാതെ, അവിശ്വസനീയമായ ഒരു മനോഹര ലോകം സൃഷ്ടിക്കുകയല്ലേ തങ്ങള്‍ ചെയ്തത്.

പോലീസുസംഘത്തിന്റെ നേതാവ് പഴഞ്ചനാണ്. തൊപ്പി കക്ഷിത്തിലിറുക്കി അയാള്‍ നെറ്റിയിലെ വിയര്‍പ്പു തുടച്ചു. സൗമ്യശീലന്‍. കൊമ്പന്‍മീശക്കാരാണെങ്കിലും കോണ്‍സ്റ്റബിള്‍മാരും സൗമ്യരാണെന്നു തോന്നി. മൂന്നാളുടെയും ദൃഷ്ടികള്‍ മേല്പോട്ടായിരുന്നു. തുലാം കഴുക്കോല്‍ എണ്ണി തിട്ടപ്പെടുത്താന്‍ വന്നതുപോലെ. വെന്റിലേറ്ററിനിടയില്‍ ഇണപ്രാവുകള്‍ കൂടുകെട്ടിയിട്ടുണ്ട്. ഒരുപക്ഷേ, പ്രാവുകളെ നോക്കുകയായിരിക്കാം. കൈയില്‍ തോക്കുണ്ടെങ്കില്‍ സൗമ്യശീലരായ മനുഷ്യരുടെ ദൃഷ്ടികള്‍ കൂടിചെന്നു പതിക്കുന്നത് പക്ഷിമൃഗാദികളിലാണല്ലോ.
 'ആരെ തിരക്കിയാണ്...' മൊതീന്‍ സവിനയം അന്വേഷിച്ചു.
'എല്ലാവരെയും' ഘനഗംഭീരസ്വരത്തിലുള്ള ഉത്തരം ഉടനെ ലഭിച്ചു. 'അന്യായമായി കൈയടക്കിവെച്ചിരിക്കയല്ലേ നീങ്ങളീ വീട്'.
  പോലീസുദ്യോഗസ്ഥന്റെ അഭിപ്രായത്തോടു യോജിക്കാതിരിക്കാന്‍ വയ്യ. പ്രത്യുത്തരം നല്കാതെ, അല്പം കൗതുകത്തോടെ അവരെല്ലാം ഇന്‍സ്പെക്ടറുടെ മുഖത്തുനോക്കി.
  'ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ കെട്ടിടം കാലിയാക്കണം. സര്‍ക്കാര്‍ കല്പനയാ'
  ആരും ഒന്നും ഉരിയാടിയില്ല. അങ്ങോട്ടുമിങ്ങോട്ടും നോക്കിയിരുന്നു. അവസാനം മൊദെബ് കണ്ഠശുദ്ധി വരുത്തി ചോദിച്ചു:
 'എന്തിനാ കാലിയാക്കുന്നത്? ഉടമസ്ഥന്‍ പരാതി തന്നിട്ടുണ്ടോ?

അക്കൗണ്ട് ഓഫീസര്‍ തടിയന്‍ ബദരുദ്ദീന്‍ കഴുത്തുനീട്ടി പോലീസുകാരുടെ പിന്നിലേക്കുനോക്കി. വീട്ടുടമസ്ഥനുണ്ടോ പോലീസിന്റെ കൂടെ എന്നന്വേഷിക്കാന്‍. പിന്നിലാരുമില്ല. പക്ഷേ, തെരുവില്‍ കുറേപ്പേര്‍ കൂടിയിട്ടുണ്ട്. അന്യരുടെ അപമാനം നോക്കിക്കാണുന്നതിലാണ് ചിലര്‍ക്കു രസം.
വീട്ടുടമസ്ഥനുണ്ടോ പിന്നില്‍? സ്വരത്തില്‍ പുഞ്ചിരി കലര്‍ത്തി, എന്നാലൊന്നു പുഞ്ചിരിക്ക കൂടി ചെയ്യാതെ ഇന്‍സ്പെക്ടര്‍ തിരക്കി. അവരിലൊരാളും ചിരിച്ചു. പ്രത്യാശയ്ക്കു വഴിയുണ്ടെന്ന പോലെ.
സര്‍ക്കാര്‍ കെട്ടിടം റിക്യുസിഷ്യന്‍ ചെയ്തിരിക്കയാണ്? ഇത്തവണ ആരും ചിരിച്ചില്ല. ആരുടെ മുഖത്തില്‍നിന്നും വാക്കുകള്‍ പുറപ്പെട്ടില്ല. അല്പസമയത്തിനുശേഷം മക്സൂദ് സംശയം പ്രകടിപ്പിച്ചു.
ഞങ്ങളെന്താ സര്‍ക്കാരിന്റെ ആള്‍ക്കാരല്ലേ?
ഇത്തവണ കോണ്‍സ്റ്റബിള്‍മാരുടെ കണ്ണുകള്‍ പ്രാവുകളെ വെടിഞ്ഞ്, കീഴോട്ടിറങ്ങി മക്സൂദിന്റെ മേല്‍പതിച്ചു. അല്പം വിസ്മയഭാവത്തോടെ. മനുഷ്യരുടെ ബുദ്ധിശൂന്യതയില്‍ അന്ധാളിച്ചതുപോലെ.

  ധാരാളം വെളിച്ചവും വായുവും കടന്നുചെല്ലുന്ന ആ കെട്ടിടത്തില്‍ പതുക്കെ ഇരുട്ടു പരന്നു. അമര്‍ഷം അവരെ ഉന്മാദചിത്തരാക്കി. പലതരത്തിലുള്ള ചെറുത്തുനില്പുകളെക്കുറിച്ചും വിപ്ലവപ്രവര്‍ത്തനങ്ങളെക്കുറിച്ചും അവര്‍ കേട്ടിട്ടുണ്ട്. കെട്ടിടം വിട്ടുകൊടുക്കേണ്ടതില്ല. അവരൊരിടത്തും പോവില്ല. ഇവിടത്തന്നെ കുത്തിയിരിക്കും: മരണം വരെ. ഇനി ഒഴിഞ്ഞുപോകേണ്ടിവന്നാല്‍ത്തന്നെ ശവങ്ങളെ വീട്ടിലുണ്ടാവുകയുള്ളൂ. എങ്ങോട്ടു പോകാനാണ്.
 എങ്കിലും സമചിത്തത വീണ്ടെടുക്കാന്‍ അധികം സമയം വേണ്ടിവന്നില്ല. അപ്പോഴേയ്ക്കും സര്‍വ്വത്ര കൂരിരുട്ടു വ്യാപിച്ചിരുന്നു.

പിറ്റേന്ന് ഇരുപത്തിനാലു മണിക്കൂറിനു പകരം ഏഴുദിവസം ഇട ലഭിച്ചിട്ടുണ്ടെന്നു മൊദെബ് വന്നുപറഞ്ഞപ്പോള്‍ അവര്‍ക്കല്പം ആശ്വാസമായി. ഇത്തവണ, ഇന്‍സ്പെക്ടറുടെ രണ്ടാംകെട്ടുമായി തനിക്കു ബന്ധമുണ്ടെന്നു മൊദെബ് പറഞ്ഞില്ല. എന്നാലും പറയാത്ത കാര്യം അവരെല്ലാം അംഗീകരിച്ചു. പത്തുദിവസം കഴിഞ്ഞപ്പോള്‍ അവരെല്ലാം വീടുവിട്ടു പുറത്തുപോയി. കൊടുങ്കാറ്റുപോലെ വന്നവര്‍ അതുപോലെ സ്ഥലംവിട്ടു. ഇടക്കാല വാസത്തിന്റെ തെളിവുകളായ പത്രക്കീറുകളും. ചൂടിക്കഷ്ണങ്ങളും ബീഡി സിഗരറ്റ് കുറ്റികളും, കീറിപ്പൊളിഞ്ഞ ഷൂവിന്റെ ഹീലുകളും മറ്റും കെട്ടിടത്തില്‍ ചിന്നിച്ചിതറി കിടന്നു.

 തുളസിച്ചെടി വീണ്ടും വാടിത്തുടങ്ങി. ഇലകള്‍ ഉണങ്ങിവരണ്ടു. പോലീസിന്റെ രണ്ടാമത്തെ വരവിനുശേഷം അതിന്റെ ചുവട്ടില്‍ ആരും വെള്ളമൊഴിച്ചിട്ടില്ല. വീട്ടമ്മയുടെ സജനനേത്രങ്ങളുടെ കഥയും അവര്‍ മറന്നിരുന്നു. എന്തുകൊണ്ടു വിസ്മരിച്ചുവെന്നുള്ളതു തുളസിച്ചെടി അറിയേണ്ട കാര്യമല്ല, മനുഷ്യരറിയേണ്ടതാണ്.

( മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത് )