വിശ്വകവി രബീന്ദ്രനാഥ് ടാഗോറിന്റെ പത്ത് കവിതകൾ സജയ് കെ.വിയുടെ വിവർത്തനത്തിൽ വായിക്കാം.
സമ്പാദനം 'സ്േ്രട ബേഡ്സ് എന്ന സമാഹാരം.

സ്ത്രീയേ, നിന്റെ നറുംതൊടലാൽ എന്റെ വസ്തുക്കൾ ക്രമപ്പെട്ടു-
അവയിലെ സംഗീതം വെളിപ്പെട്ട പോലെ.
************************************
അവളുടെ മോഹാകുലമായ മുഖം
എന്റെ സ്വപ്നങ്ങളെ പിൻതുടരുന്നു,
രാത്രിയിൽ ചെയ്യുന്ന മഴ പോലെ
*********************************
എന്റെഹൃദയത്തിന്റെ ഏകാന്തതയിൽ
മഴയാലും മൂടൽമഞ്ഞിനാലും
മൂടുപടമിട്ട വിധവയായ
ഈ സായാഹ്നത്തിന്റെ
നെടുവീർപ്പുകൾ.
**********************************
എന്റെ ഹൃദയത്തിൽ
ശാന്തവും നിശ്ശബ്ദവുമായ ദു:ഖം,
മരങ്ങൾക്കിടയിലെ സന്ധ്യ പോലെ.
****************************************
ഏതോ കാണാവിരലുകൾ, അലസനായ ഇളംകാറ്റു പോലെ,
എന്റെ ഹൃദയത്തിൽ ഓളങ്ങളുടെ സംഗീതം രചിക്കുന്നു.
***********************************************
വീട്ടുജോലികളിൽ മുഴുകിയ സ്ത്രീയേ,
നിന്റെ ഉടലിന്റെ സംഗീതം,
വെള്ളാരം കല്ലുകൾക്കിടയിൽ
മലഞ്ചോലയുടെ പാട്ടു പോലെ.
************************************
പച്ചിലച്ചാർത്തിനിടയിൽ
നഗ്നശിശുവിനെപ്പോലെ കളിയാടുന്ന
വെളിച്ചത്തിനറിയില്ല,
മനുഷ്യൻ പൊളി പറയുമെന്ന്.
*******************************************
'പഴമേ, എന്നിൽ നിന്നും എത്ര അകലെയാണു നീ?'
'പൂവേ, നിന്റെ ഹൃദയത്തിൽ തന്നെ
ഒളിഞ്ഞിരിപ്പുണ്ട് ഞാൻ'.
****************************************
അന്തിമങ്ങൂഴത്തിൽ
ഏതോ പ്രഭാതത്തിലെ പക്ഷി
എന്റെ മൗനനീഡത്തിൽ
ചേക്കേറുന്നു.
****************************************
വേനലിലെ പൂക്കൾ പോലെ മനോഹരമാവട്ടെ ജീവിതം,
മരണം ശരൽക്കാലത്തെ ഇലകൾ പോലെയും .

Content Highlights :Stray Birds Ten Tagore poems in Translation