അപ്രതീക്ഷിതമായാണ് ഓഫീസിലേക്ക് ഫോണ്‍വന്നത്. ''ജാനകി ആസ്പത്രിയിലാണ്, വേഗംവരൂ''. ദിവസങ്ങളായി അവള്‍ക്ക് പനിയായിരുന്നെന്ന് ഞെട്ടലോടെ ഓര്‍ത്തു. ധൃതിയില്‍ മാനേജരുടെ കാബിനില്‍ മുഖം കാണിച്ച്  അയാള്‍ ആസ്പത്രിയിലേക്ക് പറന്നു. 204-ാം നമ്പര്‍ റൂം. ജാനകിക്കരികില്‍ നഴ്സും അടുത്ത ഫ്‌ളാറ്റിലെ ഗീതുവും.

''ചേച്ചി തലകറങ്ങി വീണു. നല്ല പനിയുണ്ടായിരുന്നു. തുണിവിരിച്ചുകൊണ്ടിരുന്നപ്പോഴാണ് ഞാന്‍ കണ്ടത്. സ്റ്റെപ്പ് കയറുമ്പോ വീഴാഞ്ഞത് കുട്ടികളുടെ ഭാഗ്യം!'' അടുത്തിരുന്ന് അയാള്‍ പതുക്കെ വിളിച്ചു. നഴ്സ് പറഞ്ഞു: ''വിളിക്കേണ്ട. മയങ്ങട്ടെ, നല്ല ക്ഷീണമുണ്ട്'' 

ഇരുവശങ്ങളിലും കൈതുടച്ച് കറുത്ത പാടുകള്‍ വീണിരിക്കുന്നു നെറ്റിയില്‍. നെറ്റിയിലേക്ക് പാറിവീണ കറുത്ത ചുരുള്‍മുടിയിഴകള്‍ക്കിടയില്‍ വെള്ളിവരകള്‍. അനുരാഗത്തിന്റെ ദിനങ്ങളില്‍ താന്‍ ചുംബിച്ച് മാടിയൊതുക്കിയ മുടിച്ചുരുളുകള്‍...

ആ ജാനകിതന്നെയോ ഇത്? മുഖത്തൊക്കെ ചുളിവുകള്‍. കണ്ണിനുതാഴെ കറുത്തവളയങ്ങള്‍. നെറ്റിയില്‍ മാഞ്ഞുതുടങ്ങിയ ചുവന്ന പൊട്ട്.
''ഒരു ചെറിയ ബ്ലാക്സ്‌പോട്ടാണ് നിനക്ക് ഭംഗി'' എന്ന്  മിലിയോട് കഴിഞ്ഞ രാത്രി വൈകിയ വാട്സാപ്പ് സന്ദേശത്തിന്റെ ആവേശത്തില്‍ പറഞ്ഞതോര്‍ത്തു.

കാനുല കയറ്റിയ കൈത്തണ്ട വാടിയ താമരത്തണ്ടുപോലെ ആസ്പത്രിക്കിടക്കയുടെ പച്ചവിരിപ്പില്‍ കുഴഞ്ഞുകിടക്കുന്നു. അയാള്‍ അവളുടെ വിരലുകള്‍ നിവര്‍ത്തിനോക്കി. ഇടതുകൈയിലെ ചൂണ്ടുവിരലില്‍ തലങ്ങും വിലങ്ങും കറിക്കത്തി പാഞ്ഞ മുറിവുകള്‍. ഇവള്‍ക്കെത്ര വയസ്സായി. 36...?  37...? 

പണ്ടൊക്കെ തന്റെ ജന്മദിനങ്ങള്‍ ഓര്‍ത്തുവെയ്ക്കാത്തതിന് മുഖം വീര്‍പ്പിച്ച് അവള്‍ വഴക്കിടുമായിരുന്നു. ഇപ്പോള്‍ ആ മറവികള്‍ക്കായി അവള്‍ സ്വയം പരുവപ്പെട്ടതുപോലെ. ഡോക്ടര്‍ വന്നപ്പോള്‍ അയാള്‍ എഴുന്നേറ്റുനിന്നു. ''ബോഡി വീക്കാണ്, നോക്കട്ടെ, ടെസ്റ്റുകളുടെ റിസള്‍ട്ട് വരാനുണ്ട്'' -പരിശോധന കഴിഞ്ഞ് ഡോക്ടര്‍ പറഞ്ഞു.

ജെസ എന്നു പേരുള്ള നഴ്സ് അയാളെ നോക്കി പതിയെ ചിരിച്ചു. ''സാര്‍ പോയിട്ടുവരൂ. വീട്ടില്‍ സ്‌കൂള്‍വിട്ട് കുട്ടികള്‍ വരുമെന്ന് മാഡം പറയുന്നുണ്ടായിരുന്നു. മയങ്ങുന്നതുവരെ.'' 
കുട്ടികള്‍ എത്തുംമുമ്പ് അയാള്‍ വീട്ടിലെത്തി. പതിവില്ലാത്ത നിശ്ശബ്ദത ഒരു നനഞ്ഞ പുതപ്പുപോലെ വീടിനു മുകളില്‍... മക്കള്‍ക്ക് വൈകുന്നേരം എന്താണ് കൊടുക്കുക?

''അച്ഛാ... ഇത് എന്റെ ഉടുപ്പല്ല, ചേട്ടന്റേതാണ്. അച്ഛന് ഒന്നും അറിയില്ല.'' ഇളയകുട്ടി ഉറക്കെ വിളിച്ചുപറഞ്ഞു.
അയാള്‍ അടുക്കളയിലേക്ക് കയറി. പാത്രങ്ങളും ടിന്നുകളും അയാളെ നിസ്സംഗതയോടെ നോക്കി.

പഞ്ചസാര? തേയില? ലൈറ്റര്‍? ഓട്സ്? സിങ്കില്‍ കുമിഞ്ഞുകൂടിയ പാത്രങ്ങള്‍ക്കു മുകളിലൂടെ പാറ്റകളുടെ ദ്രുതസഞ്ചാരം. മുഷിഞ്ഞ തുണികള്‍ ജാനകി എവിടെയാണിടാറ്? എവിടെയാണ് ശബ്ദങ്ങള്‍? എന്താണ് ഈ നിശ്ശബ്ദത പറയുന്നത്?

സ്റ്റൗവിന് നേരേ മുകളിലുള്ള ഇത്തിരിപ്പോന്ന ജനാലയിലൂടെ ഒരു കീറ്് ആകാശം കാണാം. കറുത്തു ചിതറിയ മേഘങ്ങളും കാറ്റുലയ്ക്കുള്ള ഒരു തെങ്ങിന്‍തലപ്പും. ഇതാണോ ജാനകിയുെട ആകാശം?

പെട്ടെന്ന് ഫോണ്‍ ചിലച്ചു.  വാട്സാപ്പ് സന്ദേശം മിന്നി. തുറന്നപ്പോള്‍ മിലിയുടെ ശബ്ദസന്ദേശം. ''താങ്ക്സ് ഫോര്‍ യുവര്‍ ബെര്‍ത്ത്ഡെ വിഷസ്... ഇന്നുഞാന്‍ നിന്റെ പ്രിയപ്പെട്ട മഞ്ഞച്ചുരിദാര്‍ അണിയും. സെന്‍ഡിങ് പിക്സ്... ലവ്.. യു...''

അപരിചിതമായ എന്തോ ഒന്ന് അസ്വസ്ഥമാക്കിയ മനസ്സോടെ അയാള്‍ ആ തിളങ്ങുന്ന പച്ചവെളിച്ചം താഴേക്ക് എറിഞ്ഞു.