ണ്‍പതാമത്തെ വയസ്സിലാണ് അച്ഛന്‍ എന്നോട് ഒരു സ്മാര്‍ട്ട് ഫോണ്‍ വേണമെന്ന് ആവശ്യപ്പെടുന്നത്. 'ഈ പ്രായത്തില്‍ അച്ഛനതൊക്കെ എങ്ങനെ പഠിച്ചെടുക്കാനാണ്?' എന്ന എന്റെ എതിര്‍പ്പിനെ അച്ഛന്‍ ചിരിച്ചുതള്ളി. 'അതൊന്നും നീ അറിയേണ്ട. ഏറ്റവും മുന്തിയ ഒരെണ്ണംതന്നെ വേണം എനിക്ക്. നിനക്ക് പറ്റുമോ ഇല്ലയോ?' -അച്ഛന് അതുപറയുമ്പോള്‍ ശാഠ്യംപിടിച്ച ഒരു കുട്ടിയുടെ മുഖമായിരുന്നു. 

അങ്ങനെ ഫോണും സിമ്മും നെറ്റ് കണക്ഷനും ഒക്കെയായി അച്ഛന്‍ ഒന്ന് സ്മാര്‍ട്ടായിത്തുടങ്ങവേയാണ് ടിയാന്റെ ശബ്ദം പൊടുന്നനെ നിലച്ചുപോയത്. എന്ത് പണിപ്പെട്ടിട്ടും ശബ്ദം പുറത്തേക്ക് വരുന്നില്ല! ബേജാറ്് മുഴുവന്‍ മറ്റുള്ളവര്‍ക്കായിരുന്നു. അച്ഛനാകട്ടെ ചിരിച്ചുകൊണ്ട് തൊട്ടടുത്തുനിന്ന എനിക്ക് ഇങ്ങനെയൊരു സന്ദേശമയച്ചു: 'ഇനിയിപ്പോ ഈ ഫോണുണ്ടല്ലോ. എനിക്ക് എന്തിനാ ശബ്ദം?' ആശിച്ച് ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിയതേയുള്ളൂ. അച്ഛന്‍ ഇനിയത് എങ്ങനെ ഉപയോഗിക്കും?

'പൊട്ടന്‍'- അച്ഛന്‍ വാട്സാപ്പില്‍ എനിക്കെഴുതി: 'ഇക്കാലത്ത് ഫോണ്‍ സംസാരിക്കാനുള്ളതോ മറ്റോ ആണോടാ?'
അങ്ങനെയാണ് ഞങ്ങളുടെ വീട് ഒരു വാട്സാപ്പ് ഗ്രൂപ്പ് ആയത്! അച്ഛന്‍, അമ്മ, ഞാന്‍, പെങ്ങള്‍, പെങ്ങളുടെ മകന്‍, വിദേശത്തുള്ള അളിയന്‍. ഗ്രൂപ്പിന് 
പേരുമിട്ടു-സകുടുംബം.

അച്ഛന്‍ എല്ലാവരോടും വാട്സാപ്പില്‍ സംസാരിച്ചുകൊണ്ടേയിരുന്നു: 'ആരോ ഗേറ്റ് തുറക്കുന്നുണ്ട്, ഒരു ഗ്ലാസ് സംഭാരം വേണമല്ലോ, തേങ്ങയിടാറായി, വൈകീട്ട് വരുമ്പോ പട്ടരുടെ പീടികേന്ന് അടയ്ക്ക, നിന്റെ തലമുടി എന്താടാ ഇങ്ങനെ?' എന്നിങ്ങനെ വീട്ടില്‍ എല്ലാരോടും അച്ഛന്‍ നിരന്തരം ശബ്ദമില്ലാതെ ബഹളം വെച്ചു. ഏകദേശം ആറുമാസത്തോളം. അച്ഛന്‍ മരിക്കുന്ന അന്നുവരേക്കും നിലച്ച ശബ്ദം തിരിച്ചുപിടിക്കാനായി ഒരു ഡോക്ടറെയും കാണാന്‍ ടിയാന്‍ സമ്മതിച്ചില്ല. 

'ശബ്ദം എന്തിനാണ്?',  അച്ഛന്‍ എഴുതി: 'ശബ്ദിക്കാതെയും ഈ ലോകത്ത് സുന്ദരമായി ജീവിക്കാമല്ലോ' മരിച്ചുകിടക്കുന്ന അച്ഛന്റെ മുറുകെപ്പിടിച്ച ഫോണ്‍ വിരലുകള്‍ വിടര്‍ത്തി വിടുവിച്ചെടുത്തത് മരുമകനാണ്. പ്ലസ് ടൂവില്‍ പഠിക്കുന്ന അവന് തുടക്കംമുതലേ അച്ഛന്റെ മുന്തിയ ഫോണില്‍ ഒരു കണ്ണുള്ളതായിരുന്നു. അത്രയും സൗകര്യങ്ങളുള്ള ഒരു ഫോണ്‍ മുത്തച്ഛന് എന്തിനാണെന്ന് ഇടയ്ക്ക് അവന്‍ ചിണുങ്ങിനോക്കാറുള്ളതുമാണ്. 'ഞാന്‍ മരിച്ചാ നീയിതെടുത്തോടാ' എന്നായിരുന്നു അച്ഛന്റെ പ്രതികരണം.

ഒരാഴ്ച കഴിഞ്ഞുകാണണം. മരണവീട് പതുക്കെ ശബ്ദം വെച്ചുതുടങ്ങിയിരിക്കുന്നു. അളിയന്‍ തിരിച്ചുപോയിരിക്കുന്നു. മരുമകന്‍ ആളൊഴിഞ്ഞ തക്കംനോക്കി എന്റെയടുക്കലെത്തി. 'മാമേ! മുത്തച്ഛന് നമുക്കറിയാത്ത ഒരു ലൈനുണ്ടായിരുന്നു!', അവന്‍ പറഞ്ഞു. ഞാനൊന്ന് ഞെട്ടി. പതിനാറുകാരന്റെ നിഷ്‌കളങ്ക ധൈര്യത്തില്‍ അവന്‍ തുടരുകയാണ്: 'ഫുള്‍ കോമഡി. മുത്തച്ഛന് ഇന്നലെ ഒരു കോള്‍ വന്നു. എടുത്തപാടെ അപ്പുറത്തൊരു സ്ത്രീശബ്ദം. മുഴുവന്‍ കരച്ചിലാ. ഞാനത് കട്ടുചെയ്തു. അപ്പോ തുരുതുരാ മെസേജുകള്‍. ഞാനത് മാമയ്ക്ക് ഫോര്‍വേഡ്‌ചെയ്യാം. വായിച്ചുകഴിഞ്ഞാ ഡിലീറ്റുചെയ്യണം മാമാ! അമ്മമ്മയോ അമ്മയോ അറിയേണ്ട' - ഇത് നമ്മള്‍ ആണുങ്ങള്‍മാത്രം അറിയേണ്ട കാര്യം എന്ന ഒരുതരം രഹസ്യ ഉടമ്പടിയും മുഖത്ത് ഫിറ്റുചെയ്ത് അവനങ്ങ് പോയി. 

മുത്തച്ഛനും അച്ഛനും ഭര്‍ത്താവുമൊക്കെ ആവുന്നതിനുമുമ്പ് ടിയാനും ഉണ്ടാവുമല്ലോ ഒരു ഭൂതകാലം. ഞാനങ്ങനെ വിശാലപ്പെടുത്തി മനസ്സിനെ. അതിനെ ഭൂതകാലമെന്ന് വരമ്പൊതുക്കി നിര്‍ത്തുന്നതും ശരിയല്ല. ഒരു സമാന്തരകാലം. എണ്‍പത് വയസ്സ് കാമുകപ്പെടാന്‍ പാടില്ലാത്ത ഒരു വയസ്സാണോ? എനിക്ക് തീര്‍ച്ചപോരാ. അതിലൊരു അശ്ലീലം കാണേണ്ടതുണ്ടോ? എനിക്ക് നിരൂപിക്കാനുമാവുന്നില്ല. മുറിക്കകത്ത് തനിച്ചായ എന്റെ വാട്സാപ്പിലേക്ക് അന്നേരം തുടരന്‍ സന്ദേശങ്ങളുടെ കുമിളകള്‍വന്ന് പൊട്ടാന്‍ തുടങ്ങി. മരുമകന്‍ ഫോര്‍വേഡ് ചെയ്യുകയാണ്:

എന്താ, കുറച്ചായിട്ട് ഒരു വിവരോം ഇല്ലാലോ. എന്നെ മടുത്തോ?
വല്ല ദേഷ്യവുമുണ്ടെങ്കില്‍ അത് പറഞ്ഞൂടെ? മനസ്സില്‍ വെച്ചാല്‍ ഞാനെങ്ങനെ അറിയും?
പണ്ടത്തെ സ്വഭാവം ഇനിയും മാറീട്ടില്ല. അതോ വനജ വല്ലതും അറിഞ്ഞുവോ? പറഞ്ഞുവോ?
എന്തിനാ കുഞ്ഞിയേട്ടാ ഈ മൗനം?
അച്ഛനെ 'കുഞ്ഞിയേട്ടാ' എന്ന് വിളിക്കാന്‍ മാത്രമുള്ള അടുപ്പം അച്ഛന്റെ തറവാട്ടിലുള്ള ചുരുക്കംചില കുടുംബാംഗങ്ങള്‍ക്കാണ്. അതിലാരോ ഒരാളാണ് കഥാപാത്രം. 

ഞാന്‍ മരുമകനെ രഹസ്യമായി വിളിച്ചു: ടാ! നീയെന്തിനാടാ മുത്തച്ഛന്റെ സിമ്മ് ഇപ്പോഴും ഉപയോഗിക്കണത്?' 
'അയ്യേ! ഇല്ല മാമാ. അതില്‍ കുറച്ച് ഓഫര്‍ ബാക്കിയുണ്ട്. അത് തീര്‍ന്നാ ഞാനത് കളയും.'
ഭാഗ്യം. ഞാന്‍ മനസ്സില്‍ പറഞ്ഞു. ആ ഓഫര്‍ തീരുന്നത് വരെയേ അച്ഛന്റെ നമ്പര്‍ പ്രവര്‍ത്തിക്കൂ. അത് വലിച്ചെറിയുന്നതോടെ ഇഹലോകവുമായുള്ള അച്ഛന്റെ ബന്ധം നിലയ്ക്കും. 
'കുഞ്ഞിയേട്ടാ' എന്ന അജ്ഞാതവിളികള്‍ക്ക് ശ്വാസംകിട്ടാതെ പോകും.
ഓഫര്‍ തീരുന്ന അന്ന് പരിചയക്കാരെ മുഴുവന്‍ വിളിച്ച് ഒരു അടിയന്തിരസദ്യ കൊടുത്താലോ എന്ന് ഞാന്‍ ഉള്ളാലെ ഒന്ന് സര്‍ക്കാസപ്പെട്ടു. അടിയന്തരമായി ഒരു പുലകുളി അടിയന്തിരം.