ട്രെയിനിലെ പതിവില്ലാത്ത തിരക്കിന്റെ മുഷിപ്പിലാണ് ഡോംബിവിലി സ്റ്റേഷനില്‍ ഞാന്‍ ഇറങ്ങിയത്. പുറത്തേക്ക് ഇറങ്ങാനുള്ള തള്ളലില്‍ മുതുകിനു ഇടികിട്ടിയെന്ന പരിഭവം ബാക്കിയാക്കി റെയില്‍വേ സ്റ്റേഷനില്‍നിന്നും പുറത്തിറങ്ങി. ചുട്ടുപൊള്ളുന്ന വെയിലിന്റെ തീക്ഷ്ണതയ്ക്കുമുന്നിലും  പ്രതീക്ഷയുടെ കാര്‍മേഘങ്ങള്‍ എന്നെ നോക്കി പുഞ്ചിരിച്ചു.

വല്ലാതെ വിയര്‍ക്കുന്നു. ഷര്‍ട്ടില്‍നിന്ന് മുഷിഞ്ഞ മണം. ബാഗു തുറന്ന് പുതിയ പെര്‍ഫ്യൂം എടുത്തു മേലാകെ പ്രയോഗിച്ചു. സുഗന്ധകുമിളകള്‍ ദേഹമാകെ പരതിനടന്നു. ആള്‍ക്കൂട്ടം ആന ഇടഞ്ഞതു കണ്ടപോലെ വിളറിപിടിച്ചുനടക്കുന്നു. ഓടുന്നു എന്നതാവും കൂടുതല്‍ ശരി. സാധാരണ റിക്ഷ പിടിക്കാറുണ്ട്. ഇന്നതുണ്ടായില്ല.

കാണുന്നെതെല്ലാം സത്യമല്ലെന്ന് കരുതുന്ന, ഇരുട്ടില്‍ ആത്മാവിനെ തേടുന്ന ഞാന്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ ഇടയിലൂടെ മുന്നോട്ടുനടന്നു. ആള്‍ക്കൂട്ടത്തിനിടയില്‍, ദൈവം ചായംകൊണ്ട് തീര്‍ത്ത വിസ്മയംപോലെ, പകരംവെക്കാന്‍ കഴിയാത്ത മഴവില്ലിന്റെ വര്‍ണങ്ങള്‍ ചാര്‍ത്തിവെച്ചപോലെ, ഒരു പക്ഷി താളംപിടിച്ചു ആടുന്നത് കണ്ടു. കാഴ്ചയെ പിറകിലേക്ക് അയച്ച് ഞാന്‍ നടപ്പ് തുടര്‍ന്നു. പക്ഷേ, കുട്ടികാലത്തെ ഓര്‍മകള്‍ ഓടക്കുഴല്‍ വിളിച്ചെന്ന് തോന്നുന്നു. ഞാന്‍ തിരിഞ്ഞുനോക്കി. ഉറുമ്പ് അരിക്കുന്നതുപോലെ കാലടികള്‍ എന്റെ കാഴ്ചയെ  മറച്ചെങ്കിലും ദൈവത്തിന്റെ അദ്ഭുതം മലര്‍ന്നുകിടക്കുന്നതു കണ്ടു. അപ്പോള്‍ മുന്‍പ് താളം പിടിച്ചത് ഇങ്ങനെ വീഴാനായിരുന്നോ. ചത്തോ ആവോ?

സമയം നോക്കി. ഓഫീസിലേക്ക് വൈകിയിരിക്കുന്നു. അഞ്ചു മിനിറ്റ് നഷ്ടപ്പെട്ടാല്‍ ഒന്നും സംഭവിക്കില്ല. ഞാന്‍ തിരികെ നടന്നു. ഹൃദയത്തില്‍ മുറിവേല്‍പ്പിച്ചുകൊണ്ട് പക്ഷി ശ്വാസത്തിനുവേണ്ടി ആരോടോ കേഴുന്നതുപോലെ തോന്നി. ചുണ്ടുകള്‍ വല്ലാതെ വിറക്കുന്നുണ്ട്. നഖങ്ങള്‍ വളഞ്ഞുതൂങ്ങി. ചാവാറായിരിക്കുന്നു എന്ന് തോന്നി. മരണം എപ്പോഴും ഒരു വേദനയാണ്. തിരിച്ചു പോയാലോ? പോകും മുന്‍പേ, ആള്‍ക്കൂട്ടത്തിനിടയില്‍നിന്നും അതിനെ മാറ്റിവെക്കണമെന്നു തോന്നി. അല്പായുസ്സെങ്കിലും ആരും ചവിട്ടരുതെന്നു ആഗ്രഹിച്ചു. ഞാന്‍ ഉള്ളം കൈയില്‍ അതിനെ എടുത്തു. ചുറ്റുമുള്ളവര്‍ എന്നെ നോക്കി. ഒരാള്‍ എന്നെ നോക്കി ചിരിച്ചു. ചിരിയുടെ അര്‍ഥം മനസ്സിലാക്കാന്‍ ഞാന്‍ കാത്തു നിന്നില്ല. തിരികെ നടന്നു...

എന്റെ കൈയില്‍ നിശ്ചലമായി ലോകത്തെ ഒരു അദ്ഭുതം ഇരിക്കുന്നു. ലോകത്തെ ഏറ്റവും സുരക്ഷിതമായ കരങ്ങളിലാണ് അത് അവസാനസമയത്ത് എത്തിയതെന്നു തോന്നിപ്പോയി. ഉറങ്ങിക്കിടന്ന അഹങ്കാരം തലപൊക്കി. ഒരു മരണത്തിന്റെ വിളിയുടെ ഇടയില്‍ ഞാന്‍ വല്ലാതെ ചെറുതായി പോയി.

ഓഫീസില്‍ എത്തിയപ്പോഴേക്കും പക്ഷിയുടെ കണ്ണുകള്‍ പാതി അടഞ്ഞിരുന്നു. ചൂട് കൊടുക്കണം. ഒരു തുണിയില്‍ കുറച്ചുനേരം വെച്ചു. കാല്‍ ഉറക്കാതെ അത് താഴേക്ക് വീണുപോയി. സമയമായിരിക്കുന്നു. നല്ല പ്രഭാതം, നല്ല കാഴ്ച. എന്നൊന്നില്ല... അത് വെറും മങ്ങിപ്പോയ ചിന്തകള്‍ മാത്രമായിരിക്കുന്നു ഇന്നിപ്പോള്‍. അതിന്റെ അടഞ്ഞുതുടങ്ങിയ കണ്ണുകളില്‍ ഞാന്‍ മരണത്തെ നേരിട്ട് കണ്ടു. ചുണ്ടുകളിലെ വിറയല്‍ നിന്നിരിക്കുന്നു. മരിക്കുന്നതിനുമുന്‍പ് ഒരുതുള്ളി വെള്ളം കൊടുക്കണമെന്ന് തോന്നി. വിശ്വാസം. ആസന്നമായ ചിന്തയില്‍ ഉരുത്തിരിഞ്ഞ സങ്കല്പം മാത്രമല്ലത്...

വിരല്‍കൊണ്ട് വെള്ളം ചുണ്ടുകളില്‍ ഇറ്റിച്ചു കൊടുത്തു. ചെറുതായി ചുണ്ടുകള്‍ അനങ്ങുന്നുണ്ട്. വീണ്ടും വീണ്ടും കൊടുത്തു. ചുണ്ടുകള്‍ മേലേക്കും താഴേക്കും തുറന്ന് ആര്‍ത്തിയോടെ അത് വെള്ളം കുടിക്കുന്നത് ഞാന്‍ കണ്ടു. അടഞ്ഞ കണ്ണുകള്‍ തുറന്നിരിക്കുന്നു. കൈയില്‍ ഇരുന്നവള്‍ കുതറി. നഖങ്ങള്‍ കൈയില്‍ ശക്തമായി ഇറുക്കി. ഓരോ ജലത്തുള്ളിയും ഈ ഭൂമിയില്‍ അവശേഷിക്കുന്നത് ലോകത്തിന്റെ  വിശാലതയിലേക്കു ഊളിയിട്ടു ജീവന്റെ കണികയെ പുല്‍കാനാണോ എന്ന് ഞാന്‍ സംശയിച്ചു. എന്റെ നെഞ്ചിലെ വേദന, കണ്ണുകളില്‍ സന്തോഷത്തിന്റെ വിസ്മയലോകം തുറന്നിട്ടു. പ്രതീക്ഷയുടെ തേരിലേറി കാലം തിരികെ വന്നപോലെ.

അതിനെ ഞാന്‍ താഴത്തുവെച്ചു. കാലുകള്‍ക്കു ഉറപ്പുവന്നിട്ടുണ്ട്. നിശ്ശബ്ദനായ വേട്ടക്കാരനെപ്പോലെ അവള്‍ ചുറ്റും നോക്കി. കാലുകള്‍ മടക്കി, സര്‍വശക്തിയും എടുത്തു മേലേക്കു കുതിച്ചു. പക്ഷേ, സ്വാതന്ത്ര്യത്തിന് ആരോ കൂച്ചുവിലങ്ങിട്ടപോലെ ചുവരില്‍ ചിറകുതട്ടി താഴേക്കുവീണു. ഞാന്‍ അതിനെ വീണ്ടും മെല്ലെ പിടിച്ചു. ഓഫീസിന് വെളിയിലേക്കു നടന്നു.

ഇനി ഒരു ജലത്തുള്ളിപോലും പാഴാക്കിക്കളയരുതെന്ന തീവ്രമായ ആഗ്രഹത്തോടെ അതിനെ അതിന്റെ വിശാലമായ ലോകത്തേക്കു പറത്തിവിട്ടു. ജീവന്റെ പുതുരുചി നുകര്‍ന്ന്, വെള്ളപ്പട്ടുവിരിച്ച പ്രകൃതിയുടെ അനന്തവിഹായസ്സിലേക്കു എന്റെ സ്വപ്നങ്ങള്‍ക്കു സൗന്ദര്യം വിതറി അത് പറന്നുമറഞ്ഞു. അതിന്റെ ചിറകടിയുടെ താളം എന്റെ കാതുകളില്‍ മന്ത്രിച്ചു...നന്ദി...