കൊഴിഞ്ഞുപോയ ദിവസങ്ങളെക്കുറിച്ച് കേള്‍ക്കുവാനാഗ്രഹമുണ്ടെങ്കില്‍, ഇതാ, എന്റെ ഈ പടവുകളിലിരുന്ന്, ഓളംതല്ലുന്ന ജലത്തിന്റെ മര്‍മരം കേള്‍ക്കുവാനായി നിങ്ങളുടെ കാതുകള്‍ തുറന്നുവെക്കുക. ആശ്വിനത്തിന്റെ ആരംഭമാകുന്നതേ ഉണ്ടായിരുന്നുള്ളൂ. പുഴ നിറഞ്ഞുകവിഞ്ഞിരുന്നു. എന്റെ നാലു പടവുകള്‍ മാത്രമാണ് വെള്ളത്തിനു മുകളില്‍ പുറത്തേക്കെത്തി നോക്കിയിരുന്നത്. കരയുടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം പ്രളയജലം കടന്നുകയറിയിരുന്നു. മാവുകളുടെ ശാഖകള്‍ക്കു താഴെ കച്ചുചെടി തഴച്ചുവളര്‍ന്നിരുന്നു. നദിയുടെ ആ വളവില്‍ മൂന്ന് ഇഷ്ടികക്കൂനകള്‍ വെള്ളത്തിനു മുകളില്‍ കാണാമായിരുന്നു. ബാബുല്‍ മരത്തിന്റെ കൊമ്പുകളില്‍ നങ്കൂരമിട്ട മീന്‍പിടിത്തക്കാരുടെ തോണികള്‍ പ്രഭാതത്തിലെ അലകളില്‍ ഇളകിയാടിക്കൊണ്ടിരുന്നു. മണല്‍ത്തിട്ടയിലെ ഉയരമുള്ള പുല്ലുകള്‍ ഇപ്പോള്‍ ഉദിച്ച സൂര്യനെ കണ്ടുപിടിച്ചു കഴിഞ്ഞു; അവ പൂവിടാന്‍ തുടങ്ങിയിട്ടേയുള്ളൂ, പൂക്കള്‍ പൂര്‍ണമായി വിടര്‍ന്നിട്ടില്ല.

വെയിലേറ്റുതിളങ്ങുന്ന പുഴയില്‍ ചെറിയ തോണികള്‍ അവയുടെ കാറ്റുപായ്കള്‍ വിടര്‍ത്തിപ്പിടിച്ചു, പൂജാരി പൂജാപാത്രങ്ങളുമായി കുളിക്കാനെത്തി. സ്ത്രീകള്‍ രണ്ടും മൂന്നുമായി വെള്ളമെടുക്കാനെത്തി. ഈ സമയത്താണ് 
കുസും കുൡടവിലെത്താറുള്ളതെന്ന് എനിക്കറിയാം.

ഞാനിവിടെ സൂചിപ്പിക്കുന്ന പെണ്‍കുട്ടിയെ കുളിക്കടവില്‍ പതിവായി വരാറുള്ള സ്ത്രീകള്‍ വിളിച്ചിരുന്നത് കുസും എന്നായിരുന്നു. അതായിരുന്നിരിക്കണം അവളുടെ പേരെന്ന് ഞാന്‍ കരുതുന്നു. വെള്ളത്തില്‍ അവളുടെ നിഴല്‍ പതിക്കുമ്പോഴേ നിതാന്തമായി അതിനെ പുല്കി കൈക്കലാക്കി വെക്കുവാന്‍ ഞാനാശിച്ചു. എന്റെ പടവുകളില്‍ അതിനെ ബന്ധിച്ചിടുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍! അത്രയ്ക്കുണ്ടായിരുന്നു അവളുടെ മാധുര്യം. പടവുകളിലൂടെ നടക്കുമ്പോള്‍ നാലു മടക്കുകളുള്ള അവളുടെ പാദസരങ്ങള്‍ കിലുങ്ങി. എന്റെ മുകളില്‍ പരന്നുകിടന്നിരുന്ന ചണ്ടിയുടെയും പായലിന്റെയും ചെറുകൂട്ടങ്ങള്‍ ആഹ്ലാദപൂര്‍വം ഇളകി. കുസും സാമാന്യത്തിലധികം കളിച്ചുചിരിച്ചുവെന്നോ തമാശപറഞ്ഞുല്ലസിച്ചുവെന്നോ അല്ല ഞാനുദ്ദേശിച്ചത്. എന്നിട്ടും മറ്റാരെക്കാളുമധികം കൂട്ടുകാര്‍ അവള്‍ക്കുണ്ടായിരുന്നുവെന്നതാണ് ഏറെ വിചിത്രം. ഏറ്റവും കുസൃതികളായ പെണ്‍കുട്ടികള്‍ക്കുപോലും അവളുടെ കൂട്ടില്ലാതെ ഒന്നും സാധിക്കില്ലായിരുന്നു. അവരില്‍ ചിലര്‍ അവളെ കുസി എന്ന് വിളിച്ചപ്പോള്‍ 

മറ്റു ചിലര്‍ കുശി എന്നും രാക്ഷസി എന്നുമൊക്കെ വിളിച്ചു. അവളുടെ അമ്മ അവളെ കുസ്മി എന്ന് വിളിച്ചു. കുസും മിക്കപ്പോഴും കുളിക്കടവിന്റെ വക്കത്തിരിക്കുന്നതാണ് ഞാന്‍ കണ്ടിട്ടുള്ളത്. ജലവും അവളുടെ ഹൃദയവും തമ്മില്‍ അസാധാരണമായ ഒരു ബന്ധമുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ അവളെ കുളിക്കടവില്‍ കണ്ടില്ല. അവളുടെ കൂട്ടുകാരികളായ ഭൂബെനും സ്വര്‍ണയും അവളെക്കുറിച്ചോര്‍ത്ത് കരഞ്ഞു. കൂട്ടുകാര്‍ കുസി-കുശി-രാക്ഷസി എന്നൊക്കെ വിളിച്ചിരുന്ന അവളെ ആരോ അവളുടെ ഭര്‍തൃഗൃഹത്തിലേക്ക്  കൂട്ടിക്കൊണ്ടുപോയതായി കേട്ടു. അവിടെ ഗംഗാനദിയില്ലായിരുന്നുവെന്ന് എനിക്ക് തോന്നുന്നു. അവിടെയുണ്ടായിരുന്നതെല്ലാം അവള്‍ക്ക് പുതിയതായിരുന്നു: ആ വീട് പുതിയതായിരുന്നു, അതിന്റെ ചുറ്റുപാടുകളും. വെള്ളത്തില്‍നിന്നും പറിച്ചെടുത്ത താമരപ്പൂ കരയില്‍ നട്ടതുപോലെയായിരുന്നു അവളുടെ അവസ്ഥ.

കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അവള്‍ ഓര്‍മയില്‍ നിന്നും മാഞ്ഞു. കടവിലെത്തുന്ന സ്ത്രീകള്‍ കുസുമിനെക്കുറിച്ച് അപൂര്‍വമായി മാത്രം സംസാരിച്ചു. പക്ഷേ, ഒരു വൈകുന്നേരം പരിചിതമായ കാല്‍പ്പെരുമാറ്റം കേട്ട് ഞാനമ്പരന്നു. അതേ, ശരിതന്നെ. പക്ഷേ, ആ കാലുകളില്‍ പാദസരമില്ല. അതിന് അതിന്റെ പഴയ സംഗീതം നഷ്ടപ്പെട്ടിരുന്നു. കുസും ഒരു വിധവയായിക്കഴിഞ്ഞിരുന്നു. വളരെ അകലെയെവിടെയോ ആണ് അവളുടെ ഭര്‍ത്താവ് ജോലി ചെയ്തിരുന്നതെന്നും, വെറും രണ്ടു തവണ മാത്രമേ അവള്‍ അയാളെ കണ്ടിട്ടുള്ളൂവെന്നും അവരിലാരോ പറഞ്ഞു. ഒരു കത്ത് അയാളുടെ മരണവൃത്താന്തം അവളുടെ അടുത്തെത്തിച്ചു. എട്ടു വയസ്സില്‍ വിധവയായപ്പോള്‍, മൂര്‍ധാവില്‍ സുമംഗലിമാരണിയുന്ന ചുവന്ന അടയാളം മായ്ച്ചു കളഞ്ഞ്, വളകള്‍ ഊരി മാറ്റി, ഗംഗയുടെ കരയിലുള്ള തന്റെ പഴയ വീട്ടിലേക്ക് അവള്‍ മടങ്ങിപ്പോന്നു. പക്ഷേ, തന്റെ പഴയ കളിക്കൂട്ടുകാരെ ആരേയും അവള്‍ക്കു കാണാന്‍ കഴിഞ്ഞില്ല. അവരില്‍ ഭൂബെനും സ്വര്‍ണയും അമലയും വിവാഹിതരായി, അകലെ തങ്ങളുടെ ഭര്‍ത്തൃഗൃഹങ്ങളിലായിരുന്നു. ശേഷിച്ചത് ശാരദ മാത്രമായിരുന്നു. അടുത്ത ഡിസംബറില്‍ അവളുടെ വിവാഹവും നടക്കും.

മഴ വരുന്നതോടെ ഗംഗാനദി നിറഞ്ഞുവളരുന്നതുപോലെ കുസും സുന്ദരിയായ യുവതിയായി മാറിക്കൊണ്ടിരുന്നു. പക്ഷേ, മങ്ങിയ നിറമുള്ള വസ്ത്രങ്ങളും വ്യാകുലചിന്തയിലാണ്ട മുഖവും ഒതുങ്ങിയ പെരുമാറ്റ രീതിയും അവളുടെ താരുണ്യത്തിനുമേലെ ഒരു മൂടുപടമിട്ടു. മൂടല്‍മഞ്ഞിലെന്നപോലെ അതവളെ പുരുഷന്മാരുടെ കണ്ണുകളില്‍നിന്നും മറച്ചുപിടിച്ചു. പത്തു വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോയി, പക്ഷേ, കുസും വളര്‍ന്നുവലുതായത് ആരുടേയും കണ്ണില്‍ പെട്ടിട്ടില്ലായിരുന്നു. 

ഇതുപോലെ സപ്തംബര്‍ അവസാനത്തിലെ ഒരു പ്രഭാതത്തില്‍, വെളുത്ത് ഉയരമുള്ള ചെറുപ്പക്കാരനായ ഒരു സന്ന്യാസി, അയാള്‍ വരുന്നതെവിടെ നിന്നാണെന്ന് എനിക്കറിയില്ല, എന്റെ മുന്നിലുള്ള ശിവക്ഷേത്രത്തില്‍ അഭയം തേടി. അദ്ദേഹത്തിന്റെ ആഗമനവൃത്താന്തം ഗ്രാമത്തില്‍ പരന്നു. സ്ത്രീകള്‍ തങ്ങളുടെ കൈയിലിരുന്ന പാത്രങ്ങള്‍ താഴെയിട്ട് ഈ പുണ്യപുരുഷനെ ദര്‍ശിക്കുവാനും നമിക്കുവാനും ആ ക്ഷേത്രത്തിനകത്തേക്ക് ഓടിക്കയറി.
ജനക്കൂട്ടം ദിനംപ്രതി വര്‍ധിച്ചു. സന്ന്യാസിയുടെ പ്രസിദ്ധി സ്ത്രീകള്‍ക്കിടയില്‍ ഏറിവന്നു. ഒരു ദിവസം ഭാഗവതമാണ് വായിക്കുന്നതെങ്കില്‍ അടുത്ത ദിവസം ഭഗവദ്ഗീതയായിരിക്കും അദ്ദേഹം പാരായണം ചെയ്യുക; അതല്ലെങ്കില്‍ ക്ഷേത്രത്തിനകത്തുള്ള ഏതെങ്കിലും ഭക്തിരസപ്രധാനമായ ഗ്രന്ഥങ്ങള്‍ വായിക്കും. ചിലര്‍ ഉപദേശങ്ങള്‍ക്കായി അദ്ദേഹത്തെ സമീപിച്ചു. ചിലര്‍ വശീകരണമന്ത്രങ്ങള്‍ ചോദിച്ചു. ചിലര്‍ മരുന്നുകള്‍ക്കായി അദ്ദേഹത്തെ സമീപിച്ചു.
മാസങ്ങള്‍ കടന്നുപോയി. ഏപ്രില്‍ മാസത്തില്‍ ഒരു സൂര്യഗ്രഹണ സമയത്ത് നിരവധിയാളുകള്‍ ഗംഗാസ്‌നാനത്തിനെത്തി. ബബ്ലാ വൃക്ഷത്തിനടിയില്‍ ഒരു ചന്ത സംഘടിപ്പിച്ചിരുന്നു. ധാരാളം തീര്‍ഥാടകര്‍ സന്ന്യാസിയെക്കാണാനെത്തി. തീര്‍ഥാടകരില്‍ കുസുമിന്റെ ഭര്‍ത്താവിന്റെ ഗ്രാമത്തില്‍നിന്നുള്ളവരും ഉണ്ടായിരുന്നു.

അന്ന് രാവിലെ സന്ന്യാസി എന്റെ പടികളിലിരുന്ന് തന്റെ ജപമാലയില്‍ പിടിച്ച് നാമം ജപിക്കുകയായിരുന്നു. പെട്ടെന്ന് തീര്‍ഥാടകസംഘത്തില്‍പ്പെട്ട ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് ഇങ്ങനെ സ്വകാര്യം പറഞ്ഞു, 'നോക്ക്! 
ഇയാള്‍ നമ്മുടെ കുസുമിന്റെ ഭര്‍ത്താവല്ലേ?' മറ്റൊരുവള്‍ തന്റെ മൂടുപടം നീക്കി അയാളെ നോക്കിയശേഷം ഉറക്കെ നിലവിളിച്ചു, 'ഓ ദൈവമേ! അതു തന്നെ! ഞങ്ങളുടെ നാട്ടിലെ ചാറ്റര്‍ജി കുടുംബത്തിലെ ഇളയ പുത്രനാണിവന്‍.' മൂന്നാമതൊരാള്‍ പറഞ്ഞതിങ്ങനെ, 'ഹാ അവന് അതേ മൂക്കും പുരികവും കണ്ണുകളും കിട്ടിയിരിക്കുന്നു!' പക്ഷേ, മറ്റൊരു സ്ത്രീ ആ സന്ന്യാസിയുടെ നേരെ നോക്കാതെ തന്റെ കൈയിലിരുന്ന പാത്രം വെള്ളത്തില്‍ മുക്കിക്കൊണ്ട് ഇങ്ങനെ നെടുവീര്‍പ്പിട്ടു, 'കഷ്ടം ആ ചെറുപ്പക്കാരന്‍ മരിച്ചുപോയി; അയാള്‍ മടങ്ങി വരില്ല, കുസുമിന്റെ നിര്‍ഭാഗ്യം.'

പക്ഷേ, അവരിലൊരുവള്‍ അതിനെയെല്ലാം എതിര്‍ത്തു. 'അവന് ഇത്രവലിയ താടിയൊന്നുമുണ്ടായിരുന്നില്ല,' അല്ലെങ്കില്‍, 'അവന് ഇത്രയ്ക്ക് ഉയരമുണ്ടാവാന്‍ സാധ്യതയില്ല.' തല്‍ക്കാലത്തേക്ക് കാര്യങ്ങള്‍ അവിടെയവസാനിച്ചു.
ഒരു വൈകുന്നേരം പൂര്‍ണചന്ദ്രനുദിച്ചപ്പോള്‍, വെള്ളത്തിനു മുകളിലെ എന്റെ ഏറ്റവും അവസാനത്തെ പടിയുടെ മുകളില്‍ വന്നിരുന്ന് കുസും അവളുടെ നിഴല്‍ എന്റെ മേല്‍ വിരിച്ചു. കുളിക്കടവില്‍ അപ്പോള്‍ മറ്റാരുമുണ്ടായിരുന്നില്ല. ചീവീടുകള്‍ എന്നെ നോക്കി ചിലയ്ക്കുന്നുണ്ടായിരുന്നു. ക്ഷേത്രത്തില്‍ ചേങ്ങിലയുടേയും മണിയുടേയും നാദം നിലച്ചു. ശബ്ദത്തിന്റെ അവസാനത്തെ അല മങ്ങി മങ്ങി, മറുകരയിലെ മരക്കൂട്ടത്തിലെ ശബ്ദത്തിന്റെ നിഴല്‍പോലെ അതലിഞ്ഞുചേര്‍ന്നു. ഗംഗയുടെ ഇരുട്ടുകലര്‍ന്ന ജലത്തില്‍ നിലാവിന്റെ ഒരു വര തിളങ്ങി. മുകളിലെ കരയില്‍, കുറ്റിക്കാട്ടില്‍, ക്ഷേത്രത്തിന്റെ വരാന്തയില്‍, ജീര്‍ണിച്ച വീടുകള്‍ക്കു താഴെ, കുളത്തിനടുത്തുള്ള തെങ്ങിന്‍ തോപ്പില്‍, എല്ലാം അസാധാരണ
രൂപത്തിലുള്ള നിഴലുകളായിരുന്നു. ആല്‍മരക്കൊമ്പുകളില്‍ കടവാതിലുകള്‍ തൂങ്ങിയാടി. വീടുകള്‍ക്കടുത്തുനിന്നും കുറുക്കന്മാരുടെ ഓരിയുയര്‍ന്ന് ആ നിശ്ശബ്ദതയിലേക്ക് മുങ്ങിപ്പോയി.

സന്ന്യാസി മെല്ലെ ക്ഷേത്രത്തിനകത്തുനിന്നും പുറത്തുവന്ന് കടവിലെ ഒന്നുരണ്ട് പടികള്‍ ഇറങ്ങി അവിടെ ഒറ്റയ്ക്കിരിക്കുന്ന ഒരു സ്ത്രീയെക്കണ്ടപ്പോള്‍ അയാള്‍ തിരിച്ചുപോവാനൊരുങ്ങി, അപ്പോള്‍ കുസും തലതിരിച്ച് പുറകിലേക്കു നോക്കി, അവളുടെ തലയില്‍നിന്നും മൂടുപടം താഴെവീണു, നിലാവെട്ടം അവളുടെ മുഖത്ത് വീണു. അവള്‍ മുഖമുയര്‍ത്തി നോക്കി. അവരുടെ തലയ്ക്കുമീതെ ഒരു മൂങ്ങ കൂകി വിളിച്ചു പറന്നു. ആ ശബ്ദം കേട്ട് ഞെട്ടിയ കുസും തന്റെ മൂടുപടം തലവഴി ഇട്ടു. പിന്നെ അവള്‍ സന്ന്യാസിയുടെ കാല്‍ക്കല്‍ ശിരസ്സ് നമിച്ചു.
'നീ ആരാണ്?' അനുഗ്രഹം നല്‍കിയശേഷം സന്ന്യാസി ചോദിച്ചു.
'കുസും,' അവള്‍ പ്രതിവചിച്ചു.

മറ്റൊരു വാക്കുപോലും ആ രാത്രിയില്‍ അവള്‍ ഉരിയാടിയില്ല. അവള്‍ തന്റെ വീട്ടിലേക്ക് യാത്രയായി, പക്ഷേ, ആ രാത്രി ഏറെ വൈകിയിട്ടും സന്ന്യാസി എന്റെ പടിമേല്‍ ഇരുന്നു. അവസാനം നിലാവ് കിഴക്കുനിന്നും പടിഞ്ഞാട്ട് നീങ്ങിയപ്പോള്‍, തന്റെ നിഴല്‍ പിന്നില്‍നിന്നും മുന്നിലെത്തിയപ്പോള്‍ സന്ന്യാസി എഴുന്നേറ്റ് ക്ഷേത്രത്തിനകത്തേക്കു പോയി.

അന്നുമുതല്‍ ദിവസേന കുസും സന്ന്യാസിയുടെ കാല്‍ക്കല്‍ കുമ്പിടുന്നത് ഞാന്‍ കണ്ടിരുന്നു. അദ്ദേഹം ആത്മീയഗ്രന്ഥങ്ങളെക്കുറിച്ചും ആത്മീയതയെക്കുറിച്ചും പ്രസംഗിച്ചപ്പോള്‍ അവളൊരു മൂലയില്‍ എല്ലാം ശ്രദ്ധിച്ചുകൊണ്ടു നിന്നു. തന്റെ പ്രഭാതസേവ കഴിയുമ്പോള്‍ അദ്ദേഹം അവളെ തന്റെ സമീപം വിളിച്ച് മതത്തെക്കുറിച്ച് സംസാരിച്ചു. അവള്‍ക്കതൊന്നും മനസ്സിലായിട്ടുണ്ടാവില്ല; പക്ഷേ, നിശ്ശബ്ദതയില്‍ എല്ലാം നിരീക്ഷിച്ചിരിക്കുമ്പോള്‍ അവള്‍ അതെല്ലാം മനസ്സിലാക്കാന്‍ ശ്രമിച്ചു. അയാള്‍ നിര്‍ദേശിച്ചതുപോലെ അവള്‍ പെരുമാറി. അവള്‍ ക്ഷേത്രത്തെ ശരിയായവിധം സേവിച്ചു. ഈശ്വരാര്‍ച്ചനയില്‍ അവളെല്ലായ്‌പ്പോഴും ജാഗരൂകയായി. പൂജയ്ക്കുള്ള പുഷ്പങ്ങള്‍ ശേഖരിച്ചു. ഗംഗാനദിയിലെ ജലം കൊണ്ടുവന്ന് ക്ഷേത്രത്തിലെ തറ കഴുകിയും അവളത് നിര്‍വഹിച്ചു.

മഴക്കാലം അതിന്റെ അവസാന ഘട്ടത്തിലായിരുന്നു, തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ ഊഷ്മളമായ വസന്തകാലവായു തെക്കുനിന്നും വീശി. ആകാശത്തിന് കുളിരിന്റെ വശ്യത നഷ്ടപ്പെട്ടു. കാഹളം മുഴങ്ങി. നീണ്ട നിശ്ശബ്ദതയ്ക്കുശേഷം ഗ്രാമത്തില്‍ സംഗീതത്തിന്റെ അലകളുയരും. തോണിക്കാര്‍ പുഴയുടെ ഒഴുക്കിലേക്ക് തോണി കയറ്റിയിടുമ്പോള്‍ അതു തന്നത്താന്‍ ഒഴുകി നീങ്ങിത്തുടങ്ങും. അപ്പോള്‍ തോണിക്കാര്‍ തുഴച്ചില്‍ നിര്‍ത്തി കൃഷ്ണഗീതികള്‍ ആലപിക്കും. അങ്ങനെയായിരുന്നു ആ ഋതുവിന്റെ തുടക്കം. അപ്പോള്‍ മുതല്‍ കുസുമത്തെ കാണാതായി. കുറച്ചുകാലത്തേക്ക് ക്ഷേത്രത്തിലോ കടവിലോ സന്ന്യാസിയുടെ അടുത്തോ അവളെത്തിയില്ല.
അടുത്തതായി എന്താണ് സംഭവിച്ചതെന്ന് എനിക്കറിഞ്ഞുകൂടാ. കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു വൈകുന്നേരം എന്റെ പടവില്‍വെച്ച് അവര്‍ രണ്ടുപേരും കണ്ടുമുട്ടി. 'സ്വാമീ, അങ്ങെന്നെ  വിളിച്ചോ?'
'ഉവ്വ്, എനിക്കെന്തുകൊണ്ട് നിന്നെ കാണാന്‍ പാടില്ല? വന്നുവന്ന് നീയെന്താണ് ഈശ്വരസേവ മറക്കുന്നത്?'
അവള്‍ നിശ്ശബ്ദയായി.
'നീ ആലോചിക്കുന്നതെന്തായാലും യാതൊരു മറയുമില്ലാതെ എന്നോടു പറയാം,' സന്ന്യാസി പറഞ്ഞു.
തന്റെ മുഖം പാതിതിരിച്ച് അവള്‍ പറഞ്ഞു: 'സ്വാമീ, ഞാനൊരു പാപിയാണ്. അതുകൊണ്ട് ഈശ്വരാരാധനയില്‍ ഞാന്‍ പരാജയപ്പെട്ടു.'
'കുസും, നിന്റെയുള്ളില്‍ അശാന്തിയുണ്ടെന്ന് എനിക്കറിയാം,' സന്ന്യാസി പറഞ്ഞു.
അവള്‍ അല്പം പരിഭ്രമിച്ചു. സാരിയുടെ തലപ്പ് തന്റെ മുഖത്തേക്ക് വലിച്ചിട്ട്, സന്ന്യാസിയുടെ കാല്‍ക്കലിരുന്ന് അവള്‍ കരഞ്ഞു.
'നിന്റെ ഹൃദയത്തിലുള്ളത് എന്തായാലും എന്നോട് തുറന്നു പറയുക. ശാന്തിമാര്‍ഗം ഞാന്‍ കാണിച്ചുതരാം,' കുറച്ചപ്പുറത്തേക്കു മാറിനിന്നുകൊണ്ട് സന്ന്യാസി പറഞ്ഞു.

ദൃഢവിശ്വാസത്തിന്റെ സ്വരത്തില്‍ ഇടയ്ക്കിടെ വാക്കുകള്‍ക്കുവേണ്ടി പരതിക്കൊണ്ട് അവള്‍ പറഞ്ഞു, 'അങ്ങനുവദിക്കുമെങ്കില്‍ ഞാന്‍ തുറന്നു പറയാം, പക്ഷേ, എനിക്കത് വ്യക്തമായി വിശദീകരിക്കുവാന്‍ കഴിയില്ല. സ്വാമി എല്ലാം ഊഹിച്ചിട്ടുണ്ടായിരിക്കണം. ഞാനൊരാളെ ദൈവത്തെപ്പോലെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്തു. ആ ആരാധനയില്‍നിന്നുള്ള പരമാനന്ദം എന്റെ ഹൃദയം നിറച്ചു. എന്റെ ഹൃദയത്തിന്റെ തമ്പുരാന്‍ ഉദ്യാനത്തിലെവിടെയോ ഇരിപ്പുണ്ടെന്ന് ഞാന്‍ സ്വപ്‌നം കണ്ടു. അദ്ദേഹം എന്റെ ഇടതുകൈ തന്റെ വലതുകൈയില്‍ പിടിച്ചു. കാതില്‍ പ്രണയത്തെക്കുറിച്ച് മന്ത്രിച്ചു. ആ രംഗം എനിക്കൊട്ടും അപരിചിതമായി തോന്നിയില്ല. സ്വപ്‌നം അപ്രത്യക്ഷമായെങ്കിലും അതിന്റെ സ്വാധീനം എന്നില്‍ ശേഷിച്ചു. അടുത്തദിവസം ഞാനദ്ദേഹത്തെ കണ്ടപ്പോള്‍ അദ്ദേഹം മുമ്പത്തേതില്‍ നിന്നും വ്യത്യസ്തമായ മറ്റേതോ ലോകത്തായിരുന്നു. ആ സ്വപ്‌നചിത്രം എന്നെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. ഭയംകൊണ്ട് ഞാന്‍ അദ്ദേഹത്തില്‍നിന്നും അകന്നുമാറി ഓടി. ആ ചിത്രം എന്നെ പുണര്‍ന്നു. അന്നുമുതല്‍ എന്റെ ഹൃദയം അശാന്തമാണ്. എന്റെയുള്ളിലുള്ളതെല്ലാം ഇരുണ്ടു കഴിഞ്ഞു.'

കണ്ണീര്‍ തുടച്ച് അവള്‍ ഈ കഥ പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ സന്ന്യാസി തന്റെ വലതുകാല്‍കൊണ്ട് എന്റെ കടുത്ത കല്‍പ്രതലത്തില്‍ ഉറക്കെ അമര്‍ത്തുന്നതുപോലെ എനിക്കു തോന്നി.
അവള്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍ സന്ന്യാസി പറഞ്ഞു, 'സ്വപ്‌നത്തില്‍ ആരെയാണ് കണ്ടതെന്ന് നീ എന്നോടു പറയണം.'
കൂപ്പിയകരങ്ങളോടെ അവള്‍ യാചിച്ചു.
'നിര്‍ബന്ധിക്കരുത്, എനിക്കതിനു കഴിയില്ല.'
അദ്ദേഹം നിര്‍ബന്ധിച്ചു: 'അതാരായിരുന്നുവെന്ന് നീ പറയണം.'
സ്വന്തം കൈകള്‍ പരസ്പരം ഞെരിച്ചുകൊണ്ട് അവള്‍ ചോദിച്ചു, 'ഞാനതു പറയണോ?'
'വേണം.'
'അത് അങ്ങാണ് സ്വാമീ' എന്ന് നിലവിളിച്ചുകൊണ്ട്, എന്റെ കല്ലുപോലുള്ള മാറില്‍ തന്റെ മുഖമമര്‍ത്തി അവള്‍ ഏങ്ങിയേങ്ങിക്കരഞ്ഞു.
സ്വയം നിയന്ത്രിക്കാനായപ്പോള്‍ സന്ന്യാസി വളരെ സാവധാനം ഇങ്ങനെ പറഞ്ഞു: 'ഇനിയൊരിക്കലും നീ എന്നെ കാണാതിരിക്കാനായി ഇന്നു രാത്രിതന്നെ ഞാന്‍ ഇവിടെനിന്ന് പോവുകയാണ്. ലൗകികബന്ധങ്ങളില്ലാത്ത ഒരു സന്ന്യാസിയാണ് ഞാന്‍ എന്ന കാര്യം നീ മനസ്സിലാക്കുക. നീ എന്നെ മറക്കണം.'
താഴ്ന്ന സ്വരത്തില്‍ കുസും മറുപടി പറഞ്ഞു, 'അത് അങ്ങനെത്തന്നെ ആയിരിക്കും സ്വാമീ.'
'ഞാന്‍ പോകുന്നു,' സന്ന്യാസി പറഞ്ഞു.
പിന്നെ യാതൊന്നും സംസാരിക്കാതെ അവള്‍ സന്ന്യാസിയെ നമിച്ചു, അദ്ദേഹത്തിന്റെ പാദസ്പര്‍ശമേറ്റ മണ്‍തരികളെടുത്ത് തലയില്‍ ചൂടി. അദ്ദേഹം യാത്രയായി.
'തന്നെ മറന്നുകളയാനാണ് അദ്ദേഹം എന്നോട് ആജ്ഞാപിച്ചത്' എന്നു പറഞ്ഞുകൊണ്ട് അവള്‍ പതുക്കെ ഗംഗാനദിയിലേക്കിറങ്ങി.

യൗവനത്തിന്റെ തുടക്കംമുതലേ ആ നദീതീരത്തായിരുന്നു അവള്‍ താമസിച്ചിരുന്നത്; അവളിപ്പോള്‍ തളര്‍ന്നുകഴിഞ്ഞിരുന്നു, ഗംഗാനദി അവളെ തന്റെ മടിയിലേറ്റുവാങ്ങിയില്ലെങ്കില്‍പ്പിന്നെ ആരത് ചെയ്യും? നിലാവസ്തമിച്ചു, രാത്രി കൂടുതല്‍ കറുത്തു. വെള്ളത്തിലേക്ക് എന്തോ വീഴുന്ന ശബ്ദം ഞാന്‍ കേട്ടു. ആകാശത്തിലെ നക്ഷത്രങ്ങളെ ഊതിക്കെടുത്താനെന്നപോലെ വീശിയ കാറ്റ് ഇരുട്ടില്‍ എന്തോ പുലമ്പി.
ദിവസേന എന്റെ മടിത്തട്ടില്‍ കിടന്നുകളിച്ചിരുന്ന അവള്‍ അന്നത്തെ കളി മതിയാക്കി എങ്ങോ പോയി. അതെവിടേക്കാണെന്ന് എനിക്കറിഞ്ഞുകൂട.