''കുറച്ചു നാളായല്ലോടാ കുട്ടപ്പാ നിന്റെ വീട്ടില് രാത്രി ലൊരു പോക്കുവരവ്''
വഴീല് കിടന്ന ഫ്ളക്സും വലിച്ചുകൊണ്ട് വീട്ടിലേക്ക് നടന്ന കുട്ടപ്പനെ നോക്കി കടത്തിണ്ണയില്‍ തന്റെ അടിവസ്ത്രം കാണിച്ച് കുന്തിച്ചിരിക്കുന്ന തീപ്പാതി എന്ന് ഇരട്ടപേരുള്ള ബേബി നാലാള്‍കേള്‍ക്കെ വിശേഷം ചോദിച്ചു. കുറച്ച് നേരത്തേക്ക് തീപ്പാതിയെ നോക്കി മിഴിച്ചുനിന്ന കുട്ടപ്പന്‍ പിന്നെ ഏതോ ഒരു ചിന്തയുടെ വാലറ്റം പിടിക്കാന്‍ ശ്രമിച്ചുകൊണ്ട് നടന്നുനീങ്ങി. വളരെ സൗമ്യതയോടെ തലയും വാലും കുലുക്കി നടന്നുപോവുന്ന അലക്സ്ചേട്ടന്റെ പശുക്കന്നുകളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ആ നടത്തം.

'പൊട്ടപ്പന്‍' എന്നാണ് ചിലര്‍ കുട്ടപ്പനെ വിളിക്കാറ്. തനിക്കു മുന്നില്‍ ഒരു തുമ്പിയുണ്ടെന്നും അതിനെ പിടിക്കാനാണ് താന്‍ നടക്കുന്നുതെന്ന രീതിക്ക് തലയും കണ്ണും ഒരല്പം മേലോട്ടുയര്‍ത്തിയാണ് കുട്ടപ്പന്‍ നടക്കാറ്.
''തലക്കിച്ചിരി പുറകോട്ടാ'' കുട്ടപ്പനെ പരിചയപ്പെടുത്തുന്നവര്‍ കൊടുക്കുന്ന ഒരാമുഖമാണിത്.
സന്ധ്യക്ക്, ലീല വിളക്കുവയ്ക്കുമ്പോഴായിരുന്നു, കുട്ടപ്പന്‍ വീട്ടുപടിക്കലെത്തിയത്.
 
''എവിടെ കാലും പറിച്ച് നടക്കുവാരുന്നെടാ നീ?''
കൈയിലുണ്ടായിരുന്ന ഫ്ളക്സ് വടക്കേ മുറ്റത്തേക്ക് വലിച്ചിടുന്ന കുട്ടപ്പനെ അവര്‍ അരിശത്തോടെ നോക്കി. സ്വതവേയുള്ള മിഴിച്ചുനോട്ടം നോക്കി അവന്‍ തിണ്ണയിലേക്ക് കയറി.
''നാറിയേച്ചും വയ്യ. പോയ് കുളിച്ചേച്ച് വാടാ''
   
ചെത്തിച്ചെടികള്‍ക്കപ്പുറത്തുള്ള വഴിയിലേക്കും നോക്കി നടയില്‍ ലീല ഇരിക്കുമ്പോള്‍ കിണറ്റുകരയില്‍ നിന്നും വികൃതമായ ശബ്ദങ്ങള്‍ ഉണ്ടാക്കി പൊട്ടപ്പന്‍ കുളിക്കുകയായിരുന്നു.
''നേരം വൈകിയ നേരത്ത്, നിന്ന് കോപ്രായം കാട്ടാതെ കേറി പോ പൊട്ടാ''

ലീലയും കുട്ടപ്പനെ പൊട്ടപ്പന്‍ എന്നാണ് വിളിക്കാറ്. അവന്റെ അച്ഛനെപ്പറ്റി നാട്ടുകാരുടെ എണ്ണമറ്റ സംശയങ്ങള്‍ക്ക് മറുപടി കൊടുക്കാതെ, ലീല പൊട്ടപ്പനെ 'കഴിവേറീടെ മോനെ' എന്ന് ഇടയ്ക്കിടെ വിളിക്കാറുണ്ട്. അങ്ങനെ വിളിക്കുന്ന സമയങ്ങളില്‍ ഒന്നുകില്‍ പൊട്ടപ്പന്‍ ചാമ്പമരത്തിന്റെ ഉച്ചിയില്‍ കയറി പിള്ളേര്‍ക്ക് മുഴുത്ത ചാമ്പങ്ങ എറിഞ്ഞുകൊടുക്കുകയോ, അല്ലെങ്കില്‍ മീന്‍ പിടിക്കാന്‍ മണ്ണിരയെ തോണ്ടുകയോ അതുമല്ലെങ്കില്‍ ഏതൊക്കെയോ ചിന്തകളുടെ വാലറ്റം പിടിക്കാന്‍ ലക്കില്ലാതെ തോന്നിയ വഴികളിലൂടെ നടക്കുകയോ ആയിരിക്കും. ഇടയ്ക്കിടെ അയല്‍വക്കത്തെ ത്രേസ്യാ ചേച്ചിയോട്,
 
''ഈ പോതോം പൊക്കണോമില്ലാത്തോനേം കൊണ്ട് ഞാനെന്നാ ചെയ്യാനാ ചേച്ചിയേ'' എന്നവര്‍ പരിഭവിക്കാറുണ്ട്.
പൊള്ളച്ച ചുമരുകളുള്ള വീട്ടില്‍ വരണ്ട മണ്ണിന്റെ നിര്‍വികാരതയും പേറി പൊട്ടപ്പനെ പഴിച്ച് ലീലയും, സ്‌കൂളില്‍ നിന്നുവന്നാല്‍, ഏതെങ്കിലും മൂലക്ക് വലിച്ചെറിയപ്പെട്ട ബാഗിനുള്ളിലെ ബുക്കില്‍ നിന്നും കോഴി ചിക്കിയിട്ടതുപോലെ ചിതറിക്കിടക്കുന്ന അക്ഷരങ്ങളെ മിഴിച്ചുനോക്കിയിരിക്കുന്ന കുട്ടപ്പനും അങ്ങനെ രാത്രികാലങ്ങളെ തള്ളിനീക്കി.
   
കഴിഞ്ഞ ദിവസമായിരുന്നു ലീല രണ്ടു പുതിയ സി.എഫ്.എല്‍. ലൈറ്റുകള്‍ വാങ്ങിയത്. ഒന്ന് ഹാളിലും മറ്റൊന്ന് ആകെയുള്ള ഒരു മുറിയിലും ഇട്ടു. കാലങ്ങളായുള്ള മഞ്ഞ വെളിച്ചം വീട്ടിലാകെയും ഒരു ഇരുട്ട് പടര്‍ത്തിയിരുന്നു. സി.എഫ്.എല്‍. ലൈറ്റിട്ടിട്ടും ആ ഇരുട്ട് അവിടെ അങ്ങനെ തന്നെ നില്‍ക്കുന്നുണ്ടെന്ന് ലീലക്ക് തോന്നി.

അങ്ങനെയിരിക്കെയായിരുന്നു പ്രകാശന്റെ വരവ്. ഒറ്റക്കുള്ള ജീവിതം ലീലയും മടുത്തിരുന്നു. രാത്രികാലങ്ങളിലെ പോക്കുവരവിനെപ്പറ്റി നാട്ടിലെ പ്രധാന മൈക്കായ തീപ്പാതി പല പല കവലകളില്‍ വെച്ച് കുട്ടപ്പനെ കാണുമ്പോള്‍ കാണുമ്പോള്‍ നാലാള്‍കേള്‍ക്കേ വിശേഷം ചോദിക്കാന്‍ തുടങ്ങി. അപ്പോഴൊക്കെയും കുറച്ച് നേരത്തേക്ക് തീപ്പാതിയെ പകച്ചൊന്നു നോക്കി കുട്ടപ്പന്‍ പശുക്കന്നുകളെ ഓര്‍മ്മിപ്പിക്കുന്ന തന്റെ നടത്തം തുടര്‍ന്നു.

കൊന്തപ്പുല്ലുകള്‍ അള്ളിപ്പിടിച്ച സ്‌കൂള്‍ യൂണിഫോമിന്റെ നീലനിക്കറും കറുത്തബാഗുമായി ആ നടത്തം നാട്ടിലുള്ള റബ്ബര്‍ തോട്ടങ്ങളിലൂടെയും, തോട്ടുവരമ്പത്തൂടെയുമൊക്കെ തുടര്‍ന്ന് വിളക്ക് തെളിയിക്കുന്ന സമയമാവുമ്പോഴേക്കും വീട്ടുമുറ്റത്തെത്തി നില്‍ക്കും. മീനവെയിലിനെ ചുമന്ന പുറവും, കൈ നഖത്തിലെ കറുത്ത ചെളിയും വിയര്‍പ്പില്‍ കുളിച്ച വേനലവധിയുടെ ഒരു പകലിനെയും കൊണ്ട് കുട്ടപ്പന്‍ വീട്ടുമുറ്റത്തെത്തിയപ്പോഴായിരുന്നു അവസാനത്തെ കവിള്‍ കട്ടന്‍കാപ്പിയും കുടിച്ചിറക്കി മട്ട് മുറ്റത്തേക്ക് നീട്ടിക്കളഞ്ഞു പ്രകാശന്‍ പുറത്തേക്കിറങ്ങിവന്നത്.

''ഇതാണോ നിന്റെ ചെക്കന്‍''
''ആ... തലക്കിച്ചിരി പുറകോട്ടാ...''
''ആണോടാ?'' അയാള്‍ കുട്ടപ്പന്റെ കവിളത്തു ചെറുതായൊന്നു തല്ലി. വൈകുന്നേരങ്ങളിലുള്ള പോക്കുവരവ് പിന്നെ രാത്രികാലങ്ങളിലെ തങ്ങലുകളായി മാറി. ലീല രാത്രിയില്‍ പ്രകാശനുവേണ്ടി ആഹാരം പാകംചെയ്തു. മുറിയുടെ കതകടച്ചു, ശബ്ദം താഴ്ത്തി സംസാരിച്ചു... അപ്പോഴൊക്കെയും എല്ലാ രാത്രികളിലെയും പോലെ പൊട്ടപ്പന്‍ ചുമരുകളിലെ ഇലയനക്കങ്ങളെ ഉറ്റുനോക്കി, പിന്നെ പതിയെ ഉറക്കത്തിലേക്ക് വീണു.
  
അടക്കം പറച്ചിലുകള്‍ ലീലയുടെ വീടിന്റെ അതിരുകള്‍ക്കപ്പുറത്തെ വഴികളിലൂടെയുള്ള എത്തിനോട്ടങ്ങളായും, മീന്‍കാരന്റെ വണ്ടി ടയറില്‍ മുട്ടിയുരുമ്മുന്ന പൂച്ചയുടെ കരച്ചിലുകള്‍ക്കുള്ളിലും ഉച്ചവര്‍ത്തമാനങ്ങളായും പരന്നൊഴുകിയപ്പോഴായിരുന്നു തോമാസാറും, സുരേഷും തീപ്പാതിയും കൂടി ഒരു സന്ധ്യാനേരത്ത് ലീലയെ കാണാനെത്തിയത്. പുറകില്‍ മുണ്ട് ഒരല്പം ഉയര്‍ത്തി കൈകള്‍ പുറകിലേക്ക് പിണച്ചുവെച്ച്, നിലത്തേക്ക് തുരുതുരാ തുപ്പി തീപ്പാതി ലീലയെ വിളിച്ചു. വാതിലുകൊണ്ട് ശരീരമാകെ മറച്ച് ഒരു പൊത്തില്‍ നിന്നും തലനീട്ടിയതുപോലെ പൊട്ടപ്പന്‍ അവരെ അമ്പരന്ന് നോക്കി. 

''എന്തിയേടാ നിന്റെയമ്മ?'' ഉത്തരം കിട്ടാതെ വന്നപ്പോള്‍ ഒന്നുകൂടെ അയാള്‍ ചോദിച്ചു,
''എന്തിയേടാ?''
''ആ....'' കുറച്ചു നേരത്തെ മൗനത്തിനുശേഷം അവന്‍ മറുപടി നല്‍കി.
''ആ.... പിന്നല്ല, പഷ്ട്''
അടുക്കള വശത്തുനിന്നും കിഴക്കേ മുറ്റത്തൂടെ ലീലയെത്തിയപ്പോഴേക്കും തീപ്പാതി തിണ്ണമേലിരുന്നുകൊണ്ട് തോമാ സാറിനോട് പൊട്ടപ്പനെപ്പറ്റിയുള്ള സംസാരത്തിലായിരുന്നു.

''എന്നതാ തീപ്പാതി?''
തങ്ങളുടെ വരവിനു പിന്നിലെന്താണെന്ന് തോമാസാറു ലീലയോട് വെളിപ്പെടുത്തിയതിനുശേഷം തെളിഞ്ഞ ഒരു ചിരിയോടെ ലീല പൊട്ടപ്പനെ ഒന്നു നോക്കി.
''എന്റെ സാറേ, സാറു തന്നെ പറ, ഈ ചെക്കനേം കൊണ്ട് ഞാനെങ്ങനാ ഇനീം ഒറ്റക്ക് നിക്കണേ...? അങ്ങേര് എന്നെ കെട്ടാന്നാ പറേണേ, അതാവുമ്പോ, ഈ ചെക്കനുമൊരാളാവില്ലേ?''

''എന്നാ... അതങ്ങ് വേഗമാകട്ടെ ലീലേ... ഇതിപ്പോ നാട്ടാരൊക്കെ പറഞ്ഞു തുടങ്ങിയിരിക്കുന്നു...''
''വരുന്ന മാസം കാണും സാറെ, എനിക്കൊരുടത്തൂന്നിച്ചിരി പൈസാ കിട്ടാനുണ്ട്.... കിട്ടിക്കഴിഞ്ഞാ അതങ്ങ് നടത്താന്നാ കരുതിയേക്കണേ...''
ലീലയുടെ മുഖത്ത് മിന്നലുപാളിയ പോലെ ഒരു നാണം വന്നു.
അന്നു രാത്രി ഏറെ വൈകിയതിനുശേഷമാണ് പ്രകാശന്‍ വന്നത്. തോമാസാറിന്റെ വരവിനെപ്പറ്റി ലീല അധികമൊന്നും പറഞ്ഞില്ലേലും കെട്ട് നടത്തുന്നതിനെപ്പറ്റി പ്രകാശനെ ഓര്‍മ്മിപ്പിച്ചു.
   
''കെട്ട് കഴിഞ്ഞാ നിന്നേം കൊണ്ട് ഞാന്‍ പോവാ, ആ ചെക്കനെയൊന്നും ചൊമക്കാന്‍ എന്നെ കൊണ്ട് പറ്റത്തില്ല''
''അതെന്നാ ചേട്ടായീ ഈ പറയുന്നേ? ഈ പൊട്ടനെന്നാ ചെയ്യുന്നേ?''
അന്നു രാത്രിയില്‍ നിഴലുകളുടെ ലോകത്തിലൂടെയുള്ള തന്റെ പതിവു യാത്രകളിലെവിടെയാ വച്ചു, ഉറക്കത്തിലേക്ക് വീഴുന്നതിനും മുമ്പേ ചെറിയൊരു കരച്ചില്‍ കുട്ടപ്പന്‍ കേട്ടിരുന്നു.

നാലു മാസത്തിനുശേഷമുള്ള ഒരു പകലില്‍ പൊട്ടപ്പന്‍ തന്റെ പതിവു യാത്രകള്‍ക്കിറങ്ങി, വീടിനടൂത്തുകൂടെ വരുന്ന സാരിക്കാരന്‍ പാണ്ടിയുടെ കൈയില്‍ നിന്നും മൂന്നുനാലു ദിവസത്തിനു മുന്നെ വാങ്ങിയ ഒരു മെറൂണ്‍ സാരിയായിരുന്നു ലീല ഉടുത്തത്. കഴുത്തേലും കാതേലും വെള്ളിയില്‍ സ്വര്‍ണം പൂശിയ മാലയും കമ്മലുമിട്ട് അവര്‍ പ്രകാശന്‍ കൊണ്ടുവന്ന ടാക്സിയിലേക്ക് കയറി.

താനിതുവരെ പോയിട്ടില്ലാത്ത, പാടത്തിനു കുറുകെ കിടക്കുന്ന ടൗണിലേക്കുള്ള വഴിയെ അവരുടെ വെള്ളക്കാറു പോവുന്നത് ചാമ്പമരത്തിന്റെ ഉച്ചിയിലിരുന്നു കുട്ടപ്പന്‍ കണ്ടു. കണ്ണോളം മായുന്നതുവരെ ആ കാറിനെ വാലറ്റം കിട്ടാത്ത ചിന്തകളിലെവിടെയോ നഷ്ടപ്പെട്ട അവന്‍ പകച്ചു നോക്കി... പിന്നെ, 
''വെള്ളക്കാറേ.... തെങ്ങിന്റെ മണ്ട...'' എന്നുച്ചത്തില്‍ പാടിക്കൊണ്ട്, ഉറക്കെ ചിരിച്ച്... ചിരി നിര്‍ത്താനാവാതെ കൈകള്‍ രണ്ടും ആകാശത്തേക്കുയര്‍ത്തി... മെല്ലെ... മെല്ലെ... താഴേക്ക്....

( കോളേജ് വിദ്യാര്‍ഥികള്‍ക്കായി മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിച്ച സാഹിത്യക്യാമ്പില്‍ തിരഞ്ഞെടുത്ത കഥ. കോട്ടയം, ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ് മീര കൃഷ്ണന്‍ )

Content Highlights : pottappante nottangal, malayalam short story, short story