ബാല്യത്തില്‍ അവളെ ഗാഢമായി പുണര്‍ന്ന്, 
സ്വകാര്യതകളില്‍ അവളുടെയുടലാഴങ്ങള്‍ തിരഞ്ഞ്,
ഒടുവിലൊരു മിഠായിമധുരത്തില്‍ കുഞ്ഞുകരച്ചിലമര്‍ത്തിക്കളഞ്ഞയാള്‍,

വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു പീടികത്തിണ്ണയിലിരുന്ന്,
ചായയൂതിക്കുടിക്കുന്നത് കാണുമ്പോള്‍

അവളുടെ ഹൃദയമിടിപ്പ് ക്രമാതീതമായി,
കണ്ണുകളില്‍ ഭയത്തിന്റെ ഉറവപൊട്ടി,
തൊണ്ട വരണ്ടുണങ്ങിയ മരുഭൂമിയാകും.

അയാളവളെ കണ്ടുവെങ്കില്‍,
അടിമുടിയവളെ കണ്ണുകൊണ്ടളന്നുരുക്കിക്കളയും.

അവളുടെ വസ്ത്രങ്ങളില്‍ പുച്ഛമൊഴിച്ച്, 
തനിക്കറിയാത്തതൊന്നുമവിടില്ലെന്ന് പറയാതെ പറയും

ചുവന്നിരുണ്ട കുഴിഞ്ഞ കണ്ണുകള്‍ ഉടലാഴങ്ങളിലെ
മുറിവുകളില്‍ അദൃശ്യമായ കത്തിക്കൊണ്ട് പിന്നെയും
കോറിവരഞ്ഞിടും.

വ്രണങ്ങള്‍ പഴുത്ത് ചലമൊഴുകി ദുര്‍ഗന്ധം വമിക്കും.
പുഴുത്ത ചലത്തോടൊപ്പം മുറിവുകളിലെ അണുക്കള്‍ ഒഴുകിപ്പോകും.
ഭയം വെറുപ്പായി, വെറുപ്പറപ്പായി, ഉടലാഴങ്ങളില്‍ കോറിവരഞ്ഞവ
മായാന്‍ തുടങ്ങും.
പതിയെ... വളരെ പതിയെ!

( കോളേജ് വിദ്യാര്‍ഥികള്‍ക്കായി മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിച്ച സാഹിത്യകാമ്പില്‍ തിരഞ്ഞെടുത്ത കവിത. പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജില്‍ ബി.എസ്.സി സൈക്കോളജി വിദ്യാര്‍ഥിനിയാണ് ഗായത്രി സുരേഷ് ബാബു. )