ഥാരചനയിൽ വേറിട്ടൊരു പരീക്ഷണം നടത്തുകയാണ് വള്ളുവനാടൻ ഡയറി സാഹിത്യ ചർച്ചാകൂട്ടായ്മ. ഒരു ചിത്രത്തെ ആസ്പദമാക്കി, പരമാവധി അഞ്ച് പേർ അടങ്ങുന്ന സംഘം അന്യോന്യം ചർച്ചയോ സംവാദമോ ഇല്ലാതെ ഒരു പൂർണകഥ മെനയുക എന്നതായിരുന്നു മത്സര രീതി. ഓരോ തുടർച്ചയും തന്റെ തൊട്ടു മുൻപിൽ എഴുതിയ വ്യക്തികളുടെ കഥാതന്തുവിനോടൊന്നിച്ചു ചിത്രത്തിനോട് ചേർന്ന് നിൽക്കുന്ന പ്രതിപാദനവും ആവണം . കഥയുടെ ഒഴുക്ക് തീർത്തും അനിശ്ചിതമായിരിക്കും എന്നതിനാൽ കഥയുടെ പൂർത്തീകരണത്തോടെ മാത്രമേ കഥാശീർഷകവും നിർണയിക്കുവാനാകുമായിരുന്നുള്ളു. വളരെ ശ്രമകരമായ ഈ പരീക്ഷണത്തിൽ ഒന്നാം സമ്മാനം നേടിയെടുത്ത നാലംഗ സംഘത്തിൽ ഉൾപ്പെട്ടിരുന്നത്, തീർത്തും വ്യത്യസ്ത ജീവിത തുറകളിൽ സ്വദേശത്തും വിദേശത്തുമായി കഴിയുന്ന നാല് വനിതകളാണെന്നുള്ള കാര്യവും ശ്രദ്ധേയമാണ്. ഷാഹീൻ എം (ചെന്നൈ) ശ്രീഷ്മ (അബുദാബി) സിന്ധു ജോഷി (കൊടുങ്ങല്ലൂർ ) ജോളി (തിരുവനന്തപുരം) എന്നിവർ ചേർന്നൊരുക്കിയ 'പതിമൂന്നാം രാവിലെ മോക്ഷബലി എന്ന കഥയ്ക്കാണ് ഒന്നാം സ്ഥാനം. പ്രസ്തുത കഥയുടെ ആദ്യഭാഗം ഷാഹീൻ എം എഴുതിയ 'ഞാൻ താഹിറ' വായിക്കാം.

ങ്ങൾ, അഞ്ച് തലമുറകളിലെ പ്രേതാത്മാക്കൾ ഇന്നിവിടെ കൂടിച്ചേരുകയാണ്.

മുന്നൂറു വർഷങ്ങളുടെ നീണ്ട കാലയളവിനു ശേഷമാണ് താഹിരി മൻസിലിന്റെ ശിശിരത്തിലേക്കു ഞാൻ വീണ്ടും കടന്നെത്തുന്നത്. മുന്നൂറു വർഷങ്ങൾക്ക് മുൻപേയുള്ള ഒരു ശിശിര മാസത്തിൽ തന്നെ ആയിരുന്നെന്ന് തോന്നുന്നു, എന്നെയും മൻസിലിനെയും സുൽത്താൻ വിലയ്ക്കെടുത്തു സ്വന്തമാക്കിയത്. സുൽത്താൻ വിലയ്ക്കെടുക്കുന്നതിനു മുന്നേ മൻസിലിനൊ എനിക്കോ പേരുണ്ടായിരുന്നില്ല. മുർഷിദാബാദിലെ ഹൂഗ്ലി നദിക്കരയിൽ ലേലത്തിന് വെച്ച രണ്ടു വസ്തുക്കൾ മാത്രമായിരുന്നു ഞങ്ങൾ. വില പറഞ്ഞുറപ്പിക്കാൻ ഉടമകളെയും കാത്ത്, ഒരുങ്ങിക്കെട്ടിയിരുന്ന രണ്ടു വസ്തുക്കൾ! മൻസിലിന് തഹീർ എന്നും എനിക്ക് താഹിറ എന്നും സുൽത്താൻ പേരിട്ടു വിളിച്ചു.
തഹീർ/താഹിറ = കളങ്കമേശാത്തത്.

എന്നെ വരവേറ്റതോടെ തഹീർ മൻസിൽ കന്യകാത്വം വെടിഞ്ഞ് താഹിരി മൻസിൽ എന്നറിയപ്പെടുവാൻ തുടങ്ങി. 72 വയസ്സുകാരനായ സുൽത്താൻ, മൻസിലിന്റെ ബീഗം സാഹിബയായി അവരോധിച്ച താഹിറ എന്ന ഞാനും പതിമൂന്നിന്റെ ബാലിശ്യം ഹൂഗ്ലി നദിയിലേക്കു ഒഴുക്കിക്കളഞ്ഞു.

ആഡംബര നായ്ക്കളെ ശ്രദ്ധിച്ചിട്ടില്ലേ... സുഖഭോഗതയിലും സമൃദ്ധിയിലും മുഴുകി സുഖലോലുപത ശീലമാക്കിയ ജീവികൾ! തന്റെ ഉടമയുടെ വാർദ്ധക്യമോ വൈരൂപ്യമോ അവരെ അലോസരപ്പെടുത്താറുണ്ടോ? തന്നെ പരിപാലിക്കുന്ന യജമാനനോടുള്ള ഭക്തിയും വിധേയത്വവും മാത്രമാണ് അവരനുഭവിക്കുന്ന ഒരേയൊരു ഭാവം. തന്റെ യജമാനനെ എങ്ങിനെ പ്രീതിപ്പെടുത്തണമെന്നുള്ളതാണ് ഒരേയൊരു നിഷ്ഠ.
ഞാൻ മുന്നേ പറഞ്ഞല്ലോ, എന്റെ സുൽത്താൻ എന്നെ താഹിറയെന്നു പേരിട്ടു വിളിക്കുന്നതിന് മുന്നെ എനിക്ക് പേരില്ലായിരുന്നു. കോസുംജാൻ ബീഗത്തിന്റെ അന്ത:പ്പുരം പോറ്റിയിരുന്ന ആറു ബേഠികളിൽ ഒരു ബേഠിയായിരുന്നു ഞാൻ...എല്ലാവർക്കും കൂടി ഒരു വിളിപ്പേര് മാത്രം...ബേഠി!

കഠിന നിഷ്ഠയോടെയാണ് അവർ ഞങ്ങളെ വളർത്തിയിരുന്നത്. *സുബ്ഹിയോടെ തുടങ്ങുന്ന പരിശീലനങ്ങൾ *ഇഷ കഴിഞ്ഞും നീണ്ട യാമങ്ങളിലേക്കു നീണ്ടുനിന്നിരുന്നു പലപ്പോഴും. കവിതാ പാരായണം, രചന, ഭാഷ പ്രയോഗങ്ങളിൽ വേണ്ടുന്ന ആഢ്യത്വം, നൃത്ത സംഗീത കലകൾ, പെരുമാറ്റ രീതികൾ, വസ്ത്രാഭരണ അലങ്കാര പാടവം, തെറ്റുകുറ്റങ്ങളില്ലാത്ത രീതിയിൽ ഈ വിഷയങ്ങളിലൊക്കെയും ഞങ്ങളെ നൈപുണ്യമേറിയവരാക്കിത്തീർക്കുക ഒന്ന് മാത്രമായിരുന്നു അവരുടെ ഏക ലക്ഷ്യം. പലപ്പോഴും നവാബി കുടുംബങ്ങളിൽ നിന്നുമുള്ള പ്രഭുകുമാരികളെ പെരുമാറ്റചട്ടങ്ങളിലും മറ്റും പരിശീലനം നേടുവാനായി രക്ഷിതാക്കൾ കോസും ബീഗത്തിന്റെ പക്കൽ എത്തിച്ചിരുന്നു. പക്ഷെ ഞങ്ങൾ *ബേഠിലോക്കിന്റെ കഠിന നിഷ്ഠകൾ ഒരിക്കലും ബീഗംജാൻ അവരിൽ അടിച്ചേൽപ്പിച്ചില്ല. അവരുടെ ലോകത്തിലേക്ക് ഒരിക്കലും ഞങ്ങളെ ഇടകലർത്തിയതുമില്ല.

സുൽത്താൻ എന്നെ വാങ്ങിയതിനുശേഷമാണ് കോസുംബീയുടെ പരിശീലനങ്ങളെ ഞാൻ മതിച്ചു തുടങ്ങിയത്. സുൽത്താൻ! ഭരണപദവിയിലൂന്നിയാണ് അദ്ദേഹത്തെ സുൽത്താനെന്ന് സംബോധന ചെയ്യുന്നതെന്ന് കരുതിയെങ്കിൽ തെറ്റി! താഹിറയുടെ ഖൽബിന്റെയും ദുനിയയുടെയും ഉടമയെ, ഞാൻ താഹിറ സുൽത്താൻ എന്നല്ലാതെ വേറെങ്ങിനെ കാണാൻ.

കവിതകളിൽ കാത്തിരിപ്പിന്റെയും വിരഹത്തിന്റെയും ഈണങ്ങൾ കൊരുത്ത്, ഒരായിരം *അദായിലൂടെ, *ഗുംഗുരൂവിൽ ചലനങ്ങൾ ചേർത്ത് സുൽത്താനെ ഭ്രമിപ്പിക്കുക എന്റെ പ്രിയപ്പെട്ട വിനോദമായി തീർന്നു. അദ്ദേഹം പ്രണയ പാരവശ്യത്താൽ ഉരുകുമ്പോഴൊക്കെയും; അളവറ്റ *തോഫാ, ഭൂസ്വത്തുക്കളായും രത്നാഭരണങ്ങളായും കുമിഞ്ഞു കൂടിയപ്പോഴൊക്കെയും കോസുംജാൻനെ ഞാൻ നന്ദിയോടെ സ്മരിച്ചു.

മുന്നൂറു വർഷങ്ങൾ...കണ്ണെത്താത്ത ദൂരത്തോളം നിറഞ്ഞു നിന്നിരുന്ന ഞാവൽ കാടുകളും, മഹാരാഝ്നാ പാടങ്ങളും, അനന്തതയോളം മഞ്ഞമുത്തുകൾ വിതറിത്തെറിച്ചത് പോലെ പടർന്നിരുന്ന *മഞ്ചീസ്തകളും, ഭൂമിയിൽ നീലവാനം വിരിച്ചതു പോലെ, പരന്ന് വിരിഞ്ഞിരുന്ന 'നീൽചിത്രകങ്ങളും ഇന്നെവിടെ?

ഊതനിറവും *ഗെഹ്രാ ഗുലാബിയും. സുൽത്താന്റെ പ്രിയവർണങ്ങൾ മേഘശകലം പോലെ, തെളിനീരൊഴുക്കു പോലെ; മൃദുലവും, നേർമ്മയാർന്നതുമായ മൽമലുകളിൽ; *ഓധിനിയുടെ അരികുകളിലൂടെ ഇളം നീലയും ചെഞ്ചുവപ്പുമായി പകർന്ന് നിറഞ്ഞ ഞാവൽ പഴങ്ങൾ, നീൽ ചിത്രക്...

*ലെഹംഗയുടെ ചുറ്റുകളിൽ വർണ്ണം വാരി വിതറിയ മഹാരാഝ്നാ, മഞ്ചീസ്താ... സായംസന്ധ്യകളിൽ സുൽത്താന്റെ വീഞ്ഞിനൊപ്പം ഗസലുകൾ ചേർത്ത ഞാവൽ നിറങ്ങൾ...ശിശിരങ്ങളിൽ *അംഗഠിയുടെ ചൂടിനൊപ്പം കനൽ നിറങ്ങൾ ചേർന്നുരുമ്മിയ *അംഗർക്കകൾ...എത്ര വസ്ത്രങ്ങൾക്ക് ചായം പിഴിഞ്ഞിരുന്നു ഞാവൽ കാടുകളും രാഝ്നാകളും...ഇന്നതൊന്നുമില്ല...ഓർമ്മത്തെറ്റു പോലെ അവിടവിടായി രണ്ടോ മൂന്നോ ഞാവൽ വൃക്ഷങ്ങൾ. കൃത്രിമ ചായങ്ങളിൽ വേരറ്റു പോയ ഞാവൽ നിറങ്ങൾ.

പെട്ടെന്നായിരുന്നു സുൽത്താന്റെ മരണം. സുൽത്താന്റെ മരണം പോലെ പെട്ടെന്നായിരുന്നു സുൽത്താന്റെ മകന്റെ കടന്നുകയറ്റവും. നേരത്തെ പറഞ്ഞില്ലേ, ആഡംബര നായ്ക്കൾ കൈമാറ്റം ചെയ്യപ്പെടുന്ന ആശ്രയ ജീവികളാണ്...സംരക്ഷണമേറ്റെടുക്കുന്നവരോട് കൂറ് പുലർത്താൻ പരിശീലനം സിദ്ധിച്ചവർ.

മുന്നൂറു വർഷങ്ങൾക്കിപ്പുറം, ജീവിത യാത്രകളിൽ പുനർനിർവ്വചനവും, തിരുത്തലുകളും വന്നു പെട്ട ഈ പുതുയുഗത്തിൽ, പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുക്കത്തിൽ നിന്നും വന്നെത്തിയ താഹിറ വിചിത്ര ജീവിയെന്നു തോന്നാം. അറപ്പോ വെറുപ്പോ തോന്നാം. പക്ഷെ അന്നേ കാലത്ത് ഇത് പലപ്പോഴും സ്വാഭാവികമായിരുന്നു.. പേരില്ലാതിരുന്ന താഹിറ വെറും വസ്തു മാത്രമായിരുന്നുവെന്ന കാര്യം നിങ്ങൾ മറക്കരുത്. പലപ്പോഴും പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടേണ്ടിയിരുന്ന ഒരു വസ്തു.

പുതിയ അധികാരിയെ ഞാൻ ഛോട്ടാ സുൽത്താൻ എന്ന് സംബോധന ചെയ്തു. കവിളത്ത് ആഞ്ഞടിച്ച് അദ്ദേഹം ആ സംബോധനയോടുള്ള വിയോജിപ്പ് പ്രകടമാക്കി. 'ബുദ്ധിമോശം,  മാപ്പാക്കണം ഹുസൂർ' എന്ന് ഞാനദ്ദേഹത്തോട് അഭ്യർത്ഥിച്ചു. 'ഹുസൂർ' എന്ന സംബോധന അദ്ദേഹത്തെ പ്രീതിപ്പെടുത്തിയതായി തോന്നി. 'പ്രീതിപ്പെടുത്തുവാനുള്ള വഴികൾ കണ്ടെത്തുക'.അങ്ങിനെയൊന്നിലേക്കായിരുന്നല്ലോ കോസും ജാൻ ഞങ്ങളെ പരിശീലിപ്പിച്ചിരുന്നത്.

പത്ത് നാൽപ്പത് വർഷങ്ങൾ കാര്യമായ അല്ലലൊന്നുമില്ലാതെ അങ്ങിനെ കടന്നുപോയി. അങ്ങിനെയിരിക്കെ ഒരു ശിശിരത്തിലാണ്, അവൾ സുഹ്റ എന്റെ ജീവിതത്തിലേക്ക് കടന്നെത്തുന്നത്. സുഹ്റ = ക്ഷമയും കാര്യപ്രാപ്തിയും തികഞ്ഞവൾ.
ഹാ...! രാത് കി റാണിയുടെ സൗരഭ്യം. അവൾ എത്തുന്നുണ്ട്. അതവളുടെ സുഗന്ധമാണ്. മദിപ്പിച്ചിരുന്ന ഗന്ധം. തഹ്രീ മൻസിലിനു നിശാഗന്ധിയുടെ സൗരഭ്യം തീർത്തത് അവളാണ്. എന്റെ പ്രിയപ്പെട്ട സുഹ്റ! ഉദൃാനങ്ങളിൽ നീൽ ചിത്രകങ്ങളോടൊപ്പം, തൂവെള്ളയിൽ ഇളം പച്ചയുടെ തരിമ്പ് ചേർന്ന രാത് കി റാണി വിരിഞ്ഞു നിന്നപ്പോൾ, ജീവന്റെ സുഗന്ധം പകർന്നത് പോലെ പൂത്തുലഞ്ഞിരുന്നു താഹരീ മൻസിൽ!
മദ്ധ്യവയസ്സിന്റെ മുൻകോപവും അക്ഷമയും ഹുസൂർ ജാനിൽ അക്രമവാസന ഉണർത്തിയപ്പോൾ, ക്ഷമയോടെ, കാര്യക്ഷമതയോടെ, പരിഹാരം കണ്ടെത്തിയിരുന്നത് അവളാണ്. ഭൂമിയോളം ക്ഷമിക്കുവാൻ പരിശീലിച്ചവൾ, സുഹ്റ!

എന്നിട്ടും അവൾ എന്നെ കൊന്നു. എന്തിനാണവൾ എന്നെ കൊന്നുകളഞ്ഞതെന്നു എനിക്കറിയില്ല. അറിയണമെന്നുണ്ടായിരുന്നു. പക്ഷെ എന്തോ. അവളുടെ ആത്മാവിനെ തേടി ഇവിടെ വരുവാൻ എനിക്കൊരിക്കലും തോന്നിയില്ല. രാത് കി റാണിയുടെ സ്മരണകളിൽ മരണത്തിന്റെ മണം തേടുവാൻ തോന്നിയില്ല. പക്ഷെ നൂറ്റാണ്ടുകൾക്കു ശേഷം അവളുടെ വിളികേട്ട്, ഞാനിവിടെ അവൾക്കായി കാത്തിരിക്കുന്നു...പൊട്ടിത്തകർന്ന് പേക്കോലമായ താഹ്രീ മൻസിലിന്റെ അവശേഷിപ്പുകളിൽ.. അവൾ വരുന്നുണ്ട്.. സുഗന്ധം അടുത്തടുത്തു വരുന്നുണ്ട്... അവൾ പറയട്ടെ അവളുടെ കഥ...

(തുടരും)

(സുബഹി=പ്രഭാത പ്രാർത്ഥന .ഇഷ=സന്ധ്യാവന്ദനം
ബേഠിലോക്=വളർത്തുപുത്രികൾ *അദാ=വശീകരണ ചേഷ്ടകൾ. *തോഫാ=സമ്മാനം *മഹാരാഝന, മഞ്ചീസ്ത,നീൽ ചിത്രക് = പ്രകൃതിദത്ത നിറങ്ങൾ.ഓധിനി=അംഗവസ്ത്രം.അംഗഠി=കനലടുപ്പ് അംഗർക=മേൽവസ്ത്രം.
*ലെഹംഗാ =പാവാട)

Content Highlights : Pathimoonnam Ravile Mokshabali Story Series by Shaheen M Sreedhma SindhuJoshi Joly