ഫ്ളാറ്റില്‍ റാണി പത്മിനി ഒറ്റയ്ക്കായിരുന്നു. അവിവാഹിത. സുന്ദരി. പ്രസിദ്ധമായ ഒരു ഐ.ടി. കമ്പനിയിലായിരുന്നു ജോലി. ഫ്ളാറ്റിലോ ഓഫീസിലോ മുഖപരിചയത്തിനപ്പുറം ആര്‍ക്കും പിടികൊടുത്തില്ല, അവള്‍. കുലീനഭാവത്തിലുള്ള ഒരു പുഞ്ചിരി. ഒരു ഹലോ. അതിനപ്പുറം അവളുടെ ജീവിതത്തിലേക്ക് ആര്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല.

ഫ്ളാറ്റ് വിട്ടാല്‍ ഓഫീസ്, ഓഫീസ് വിട്ടാല്‍ ഫ്ളാറ്റ് എന്നമട്ടിലൊരു പരിമിതജീവിതം. എന്നാല്‍, അത്ര പരിമിതമായിരുന്നില്ല അവളുടെ സൈബര്‍ ജീവിതം. അവിടെ അവള്‍ തന്റെ ആണ്‍-പെണ്‍ കൂട്ടുകളുടെ കോലായകള്‍ കയറിയിറങ്ങി. അടുക്കളയിലും കിടപ്പുമുറിയിലും സ്വാതന്ത്ര്യത്തോടെ കടന്നുചെന്നു. 

അവിടെയൊക്കെ സുരക്ഷിതമായി അന്തിയുറങ്ങാന്‍പോലും അവള്‍ക്ക് സാധ്യമായിരുന്നുതാനും. ചില സൈബര്‍ ഗുഹകളില്‍ കയറി ചില്ലറ കുറുക്കന്മാരെയും ചില സിംഹങ്ങളെത്തന്നെയും അവള്‍ മയക്കുവെടിവെച്ചുപിടിച്ചു. ചിലതിനെ കാലില്‍ തൂക്കിയെടുത്ത് ലേലത്തിനുവെച്ചു.

സൗഹൃദത്തിന്റെ അപരിമേയമായ സ്വാതന്ത്ര്യം ആഘോഷിക്കുകയായിരുന്നു റാണി പത്മിനി. അങ്ങനെ അടുക്കളകളിലും കോലായകളിലും കയറി, കൊണ്ടും കൊടുത്തും ഉറങ്ങിപ്പോയ ഒരു പാതിരാത്രിയിലായിരുന്നു അവളുടെ ഫ്ളാറ്റില്‍ കള്ളന്‍ കയറിയത്. 

ഒച്ചകേട്ട് ഉണര്‍ന്നുപോയ റാണി പത്മിനി കണ്ടത് നേര്‍ത്തൊരു ടോര്‍ച്ചുവെട്ടം തന്റെ അലമാര പരതുന്നതാണ്. ഭയന്നുപോയെങ്കിലും ചില ഏകാന്തജീവിതങ്ങള്‍ക്ക് സ്വാഭാവികമായുണ്ടാകുന്ന വിപദിധൈര്യംകൊണ്ട് ഒരു ഹൈസ്പീഡ് ഓവര്‍ലാപ്പിങ്ങിലൂടെ അവള്‍ പുറത്തേക്കുകുതിച്ചു. ഞൊടിയിടയില്‍ വാതില്‍ വലിച്ചടച്ച് അലറിവിളിച്ചു.
കള്ളന്‍! കള്ളന്‍! ഓടിവരണേ! 
താഴെ സെക്യൂരിറ്റിയുടെ നീണ്ട വിസിലടി.
ബഹളം.
വെളിച്ചം.

അടുത്ത ഫ്ളാറ്റുകളില്‍നിന്ന് കൈയില്‍ക്കിട്ടിയ ആയുധങ്ങളുമായി ആളുകള്‍ പാഞ്ഞെത്തി. സെക്യൂരിറ്റിയാണ് പതുക്കെ വാതില്‍തുറന്നത്. പിന്നില്‍ കറിക്കത്തിവരെ ആയുധമാക്കിയ ജനക്കൂട്ടം. കട്ടിലില്‍ മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന കള്ളനെയാണ് അവര്‍ കണ്ടത്. ബഹളം കേട്ടുണര്‍ന്നമട്ടില്‍ കള്ളന്‍ പുതപ്പുനീക്കി എഴുന്നേറ്റിരുന്നു. ഭയങ്കരമായൊരു നിഷ്‌കളങ്കതയോടെ അയാള്‍ അവരെ മിഴിച്ചുനോക്കി.
കട്ടസന്തോഷത്തിലായിരുന്നു ജനം.

അമ്പരന്നഭാവത്തില്‍ കള്ളന്‍ ചോദിച്ചു. എന്താ?... എന്താ?
പിന്നെ, തോറ്റുപോയ ഒരു ഭര്‍ത്താവിനെപ്പോലെ അയാള്‍ റാണി പത്മിനിയോടു ചോദിച്ചു. എന്താ സുഷമേ ഇത്? ഹസ്‌ബെന്‍ഡും വൈഫുമാകുമ്പോള്‍ ചില പ്രശ്നങ്ങളൊക്കെ ഉണ്ടാകും. അതിന് ഇങ്ങനെയൊക്കെ ചെയ്താലോ?
പൊടുന്നനെ ജനക്കൂട്ടം നിശ്ശബ്ദമായി.
ആളുകള്‍ അവിശ്വാസത്തോടെ പരസ്പരം നോക്കി.
ചിലര്‍ പിറുപിറുത്തുകൊണ്ട് തിരിച്ചുനടക്കുകയും ചെയ്തു.
ഒരു തീര്‍പ്പുകിട്ടാനെന്നോണം സെക്യൂരിറ്റി റാണി പത്മിനിയെ നോക്കി.
അവള്‍ സെക്യൂരിറ്റിയെയും.

Content Highlights : Malayalam Short Story, Malayalam Literature, short story