രു വലിയ മീന്‍. കുഴിഞ്ഞ് നേര്‍ത്ത രണ്ട് വയസ്സന്‍ കണ്ണുകള്‍ക്ക് പകരം മഞ്ഞിച്ച് ഉരുണ്ട അയലക്കണ്ണുകള്‍... ചത്തുമലച്ച നോട്ടമേയല്ല...!
തുറന്നുവെച്ചിരിക്കുന്ന അരികുമഞ്ഞിച്ച ആഴമുള്ള കണ്ണുകള്‍.
തുപ്പലിനുചുറ്റും ആര്‍ത്തിപിടിച്ച് ഓടിവരുന്ന, കുളത്തിലെ മുഴുത്ത മീനുകളെക്കുറിച്ചോര്‍ത്തു. അറച്ചു...
മത്തി ചെതുമ്പലുകളുടെ പിടിതരായ്മ ഞാനൊരു മനുഷ്യനില്‍ സങ്കല്പിച്ചു. മേലൊട്ടാകെ ചെതുമ്പലുകളുള്ള ഒരു കുറിയ മനുഷ്യന്‍.
വായ് തുറന്ന്, അടച്ച് അയാള്‍ വെള്ളത്തിലെന്ന പോലെ ശ്വാസം എടുക്കുന്നു... പുറത്തുവിടുന്നു.
വലുപ്പമില്ലാത്ത ചെമ്മീനിന്റെ കോടിവളഞ്ഞുള്ള കിടപ്പില്‍ ഞാനയാളെ കാണുന്നു.... വളഞ്ഞ് വളഞ്ഞ്...
ഗര്‍ഭസ്ഥശിശുവിനെ പോലെ ആ മനുഷ്യര്‍ കിടക്കുന്നു.
അയാള്‍ ഒരു വലിയ മീനാണെന്ന് എനിക്കപ്പോള്‍ തോന്നി. എല്ലുന്തിയ കൈകാലുകള്‍ ഇട്ട് അടിച്ച് ആഞ്ഞുതുഴയുന്ന വലിയ മീന്‍...!
പത്ത് പതിനാല് വര്‍ഷങ്ങള്‍ക്കപ്പുറം നിന്ന് മീന്‍കാരന്‍ വിളിച്ചുകൂവുന്നു.
 
പൂയ്...  പൂയ്... പൂ.... യ്....
പലയിടത്തുനിന്നായി മറു കൂവലുകള്‍ ഉണ്ടാവുന്നു...
'കൂയ്...'
'പൂ... യ്...'
അതിലൊന്ന് എന്റേതും കൂടിയാണ്. ഒരുതരം മറുപടിയാണത്. മീന്‍കാരന്‍ പറയുന്നു. 'ഞാന്‍ വന്നു.'
ഏറ്റുകൂവുന്നവര്‍ മറുപടി പറയുന്നു. 'ഞങ്ങളിപ്പോ വരാം...'
ഞാനയാളെ ഇന്നോര്‍ക്കാന്‍ കാരണമുണ്ട്. ഏതൊക്കെയോ ഭൂതകാലത്തില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന മനുഷ്യരിങ്ങനെ വലിഞ്ഞ് കേറി വരുമ്പോള്‍.
'ഫ! എറങ്ങി പോ പുറത്ത്' എന്നു പറയാനാണ് തോന്നാറ്.
ഏതൊക്കെയോ കാലങ്ങളില്‍ ഇരുന്ന് അവരും ഞാനും പിടിവലി കൂടുന്നു. പലനേരങ്ങളിലും ഞാന്‍ തോല്‍ക്കുന്നു...!
  
ഇത്തവണ കോളേജ് അവധിക്ക് നാട്ടിലേക്ക് വരുന്നവഴി, പിറകുസീറ്റില്‍ എട്ട് പേരെ തികയ്ക്കാതെയുള്ള ഓട്ടം നഷ്ടമാണെന്നും പറഞ്ഞ് ജീപ്പ്ഡ്രൈവര്‍ കുത്തികയറ്റിയവര്‍ക്കിടയില്‍ തിങ്ങിഞെരുങ്ങി ഇരുന്നു.
വിയര്‍പ്പുനാറ്റങ്ങള്‍ എന്നെ മടുപ്പിക്കാറില്ല. ജീപ്പിലിരുന്ന് വലിയവായില്‍ സംസാരിച്ചുകൊണ്ടിരുന്ന ആരോ പറഞ്ഞാണ് കുഞ്ഞൂട്ടി മരിച്ചെന്ന് കേട്ടത്. മീന്‍കാരന്‍ കുഞ്ഞൂട്ടി എന്നു പറഞ്ഞപ്പോള്‍ ഉറപ്പിച്ചു.

ഇനി അവിടെ ഉണ്ടാവാന്‍ സാധ്യതയുള്ള 'നന്മ' പറച്ചില്‍ കലാപരിപാടിയില്‍ ഒട്ടും താല്പര്യമില്ലാതെ ചെവിയില്‍ ഹെഡ്സെറ്റ് തിരുകികയറ്റി.
കുഞ്ഞൂട്ടിയുടെ വയസ്സുകൂട്ടിനോക്കി. മരിക്കാനൊക്കെ ആയി കാണണം. എനിക്കയാളെ പരിചയം പത്ത് പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. എല്‍.പി. സ്‌കൂളില്‍ പഠിക്കുന്നകാലം. അന്നേ കുഞ്ഞൂട്ടിയുടെ തല മുഴുവന്‍ വെള്ളയായിക്കഴിഞ്ഞിരുന്നു.
ജീപ്പിലെ ചര്‍ച്ച പൂര്‍വ്വാധികം ശക്തിപ്രാപിച്ചുവന്നു.
  
ട്രെയിന്‍ യാത്രയുടെ ക്ഷീണം കൊണ്ട് കണ്ണുകള്‍ അടഞ്ഞുപോവുന്നതിനാല്‍ 'ഈ പണ്ടാരങ്ങളൊന്ന് വായടച്ചിരുന്നെങ്കില്‍...' എന്നു തോന്നി.
കുഞ്ഞൂട്ടി മരിച്ചതില്‍ സങ്കടമൊന്നും തോന്നിയില്ല. അയാളുടെ നേര്‍ത്ത കൂക്കിവിളി മാത്രം ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു.
കുഞ്ഞൂട്ടിയുടെ നീലസൈക്കിളിന്റെ ഹോണടി കേട്ടാല്‍ ചുറ്റുപാടുള്ള പെണ്ണുങ്ങളും, എവിടെ നിന്നൊക്കെയോ വന്നുപെറ്റ പൂച്ചകളും അതിന്റെ മക്കളും ഒക്കെ കൂടി ബഹളം വെച്ചുപായും.
   
അഞ്ചാറ് മീന്‍ പൂച്ചകള്‍ക്ക് എറിഞ്ഞുകൊടുത്ത് കുഞ്ഞൂട്ടി മുറുക്കാന്‍ കറപിടിച്ച പല്ലുകാട്ടി ചിരിക്കും.
പെണ്ണുങ്ങള്‍ ഓട്ടത്തിനിടെ കെട്ടാതെ പോയ മുടിവാരിക്കെട്ടി, ചിലര് തട്ടം നേരെയാക്കി, നാട്ടിലെ വര്‍ത്തമാനം മുഴുവന്‍ അയാളോട് ചോദിക്കും.
ഇന്ന് കിട്ടിയ വര്‍ത്തമാനങ്ങളെല്ലാം മീനിനൊപ്പം ഉപ്പൂത്തി ഇലയില്‍ പൊതിഞ്ഞുകെട്ടിക്കൊടുത്തേ അയാള്‍ അവരെ മടക്കാറുള്ളൂ.
ഒരു ദിവസം, വടക്കേതിലെ മീനാക്ഷിത്തള്ളയോട് മീനിന്റെ പൈസ വാങ്ങാറില്ലെന്ന കാര്യം കണ്ടുപിടിച്ചത് ഞാനാണ്. മീനാക്ഷിത്തള്ള പോയപ്പോള്‍ കുഞ്ഞൂട്ടി എനിക്കുമാത്രം കേള്‍ക്കാവുന്ന ഒച്ചയില്‍ പറഞ്ഞു.
   
'മോളിതാരോടും പറേണ്ട. ഒരു ഗതീം ഇല്ലാത്തോരാ... കെട്ട്യോനും ചത്ത്, കുട്ട്യേളും നോക്കൂലാ... മീനൊക്കെ കൂട്ടാന്‍ ഓര്ക്കും ണ്ടാവൂലേ പൂതി...'
അവിടെ ഞങ്ങളെ കൂടാതെ ഇത് കേള്‍ക്കാന്‍ മറ്റാരും ഉണ്ടായിരുന്നില്ല. എന്നിട്ടും അയാള്‍ ഇതൊരു മഹാരഹസ്യം പോലെ ശബ്ദം താഴ്ത്തി പറഞ്ഞു.
ഞാന്‍ അതാരോടും പറഞ്ഞില്ല. വലിയ രഹസ്യം പോലെ കൊണ്ടുനടന്നു. ഞാനന്ന് മൂന്നാം ക്ലാസിലാണ്.
നീലസൈക്കിളിന്റെ മീന്‍കൊട്ടയില്‍ ഓരോ മൂലക്ക് ഓരോ മീന്‍ കൂട്ടിയിടും കുഞ്ഞൂട്ടി. അയല, മത്തി, മാന്തള്‍, ഞെഞ്ഞല ഇവയൊക്കെ ഓരോ സ്ഥാനത്ത് അനുസരണയോടെ കിടക്കും. ഏന്തിവലിഞ്ഞ് ഞാന്‍ എത്തിനോക്കും. ചിലപ്പോഴൊക്കെ മീന്‍കുട്ടയിലെ ഐസിന് കൈനീട്ടും.

'മീങ്കൊട്ടേലെ ഐസെന്തിനാ കുട്ട്യോ എണക്ക്. മീന്നാറും...കയ്യി തരൂലാ...'
പെരിയില പറിച്ച് ഞാന്‍ നീട്ടും.
'ഇതില് തന്നോ... കയ്യിമ്മലാക്കൂലാ...'
പിന്നീടെപ്പോഴോ വല്ലപ്പോഴും കാണുമ്പോഴുള്ള ചിരിയില്‍ ഒരറ്റത്ത് ഞാനും മറ്റേ അറ്റത്ത് അയാളും തൂങ്ങിയാടി.
പിന്നീട് റോട്ടില് കാണുമ്പോ കുഞ്ഞൂട്ടി ചോദിക്കും.
'ഹൈസ്‌കൂളായോ... ഇപ്പോ നടുവണ്ണൂരാ...?'
ഞാന്‍ തലയാട്ടും. അയാള്‍ സൈക്കിളോടിച്ച് പോവുമ്പോള്‍ മീന്‍കുട്ടയിലെ വെള്ളം റോഡില്‍ ചാല് വീഴ്ത്തും.
  
അയാളെപ്പോഴും മീനുകളോട് സംസാരിക്കും പോലെ കാണിക്കും.
'കണ്ടോ... നല്ല വലുപ്പള്ള കോരയാ...'
'നെയ്യ്ള്ള മത്ത്യാ... കെടക്ക്ന്ന്ത് നോക്ക്...'
സ്വന്തക്കാരെക്കുറിച്ച് പറയുംപോലെ അയാള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടും.
ജീപ്പിറങ്ങി വീട്ടിലേക്ക് കയറി. അമ്മ അറിഞ്ഞില്ലേ കുഞ്ഞൂട്ടി മരിച്ചൂന്ന്...
'മരിച്ചതല്ല, തൂങ്ങിച്ചത്തതാ... എന്തിനാന്നോ ഈ വയസ്സാംകാലത്ത്...'
   
വിശ്വാസം വരാതെ ഞാന്‍ അമ്മയെ നോക്കി. ഒരു കയറില്‍ തൂങ്ങിയാടുന്ന ഒരു മനുഷ്യന്റെ രൂപം മനസ്സില്‍ തെളിഞ്ഞു.
തുറിച്ച രണ്ടു കണ്ണുകള്‍. മഞ്ഞിച്ച ഉരുണ്ട അയലക്കണ്ണുകള്‍ ചെകിളയും ചെതുമ്പലുകളും ഉള്ളൊരു മനുഷ്യന്‍ തൂങ്ങിയാടുന്നു... തലയില്‍ പഴയ അതേ കെട്ട്...
വായ തുറന്ന് ശക്തിയില്‍ ശ്വാസം എടുക്കുന്നു. പുറത്ത് വിടുന്നു.
കണ്ണുകളില്‍ അതേ ആഴം. പേരറിയാത്ത കുറേയെറെ മീനുകള്‍ ആ ആഴങ്ങളില്‍ വന്നെത്തിനോക്കി പിന്‍വാങ്ങുന്നു.
സത്യമായും... ഇപ്പോള്‍ എനിക്ക് വേദനിക്കുന്നു...!

( ഷൊര്‍ണൂര്‍ വിഷ്ണു ആയുര്‍വേദ കോളേജില്‍ രണ്ടാം വര്‍ഷ ബിഎഎംഎസ് വിദ്യാര്‍ഥിനിയാണ് )

Content Highlights : short storym, Malayalam Short Story, Malayalam Literature