റാവുവിന് ഉടന്‍ ബാംഗ്ലൂര്‍ക്കു പോകണം. പക്ഷേ ബസ്സോ തീവണ്ടിയോ ഒന്നും കിട്ടുമെന്നുറപ്പില്ല. അവസാന ബസ്സ് വൈകുന്നേരം നാലര മണിയ്ക്കാണു പോകുക. തീവണ്ടിയാണെങ്കില്‍ ഉച്ചയ്ക്കു രണ്ടു മണിയ്ക്കു തന്നെ പോയിക്കഴിഞ്ഞിരിക്കും.
അദ്ദേഹത്തിന് കമ്പി കിട്ടിയപ്പോള്‍ മണി ആറായി.
''പരീക്ഷാ ഫീസ് അടയ്ക്കണം. നാളെയാണ് അവസാന തീയതി. ഉടന്‍ നൂറു രൂപ ടി.എം.ഒ. അയയ്ക്കുക''. മകന്‍ കമ്പി അടിച്ചതാണ്. ക്ലബിലിരുന്നു ചീട്ടുകളി കൊണ്ടുപിടിക്കുമ്പോഴാണ്, അദ്ദേഹത്തിന് അതു കിട്ടിയത്.
''ഇപ്പോഴാണ് വീട്ടില്‍ കിട്ടിയത്. ഉടന്‍ ഞാനിങ്ങു കൊണ്ടുപോന്നു.'' റാവുവിന്റെ ഇളയ മകന്‍, കമ്പി അച്ഛന്റെ കൈയില്‍ കൊടുത്തശേഷം അദ്ദേഹത്തിന്റെ കസേരയുടെ പുറകില്‍ നിന്നു കളി കാണാന്‍ തുടങ്ങി.

റാവു കമ്പി ഒന്നു വായിച്ചു: ''സാരമില്ല, ഇതു വെറും നിസ്സാരസംഗതിയാണ്.'' അദ്ദേഹം പറഞ്ഞു.
 ''വീട്ടില്‍ നിന്റെ അമ്മ ഇതു വായിച്ചോ മോനേ, അതോ ഇല്ലെയോ?'' അദ്ദേഹം മകനോടു ചോദിച്ചു.
  ''വായിച്ചു.''
 ''എന്താ, മിസ്റ്റര്‍ റാവു സംഗതി?''  റാവുവിന്റെ ഒരു സുഹൃത്തു അന്വേഷിച്ചു.
  ''അങ്ങനെ വിശേഷിച്ചു കാര്യമൊന്നുമില്ല. പണത്തിന്റെ കാര്യമേ ഉള്ളൂ.''
  ''പയ്യന്‍ കമ്പി അടിച്ചതാകും?''
  ''അതെ. അല്ലാതെ പിന്നെ ആര് അടിയ്ക്കാനാ?''
''അയച്ചു കൊടുക്കൂന്നേ, എത്ര്യാ ചോദിച്ചിരിക്കുന്നത് നൂറോ അതോ ഇരുനൂറോ?''
  ''എത്ര ചോദിച്ചാലെന്താ? വിഷമിക്കാനെന്തിരിക്കുന്നു? അത്രയും തുക ഇന്നു ഇവിടെ നിന്നു തന്നെ സമ്പാദിച്ചല്ലോ?'' മറ്റെരാള്‍ വ്യംഗ്യം പ്രയോഗിച്ചു.
 ''മോനെ, നീ പൊയ്ക്കോ.'' റാവു മകനോടു പറഞ്ഞു.
 ''ഞാന്‍ പോവില്ല.'' നിഷേധ ഭാവത്തില്‍ തല ആട്ടിക്കൊണ്ടു ചെറുക്കന്‍ അവിടെ തന്നെ നിന്നു.
  ''പോകാന്‍ പറഞ്ഞാല്‍ ഉടന്‍ പോകണം. കുട്ടികള്‍ക്കു ഇവിടെന്തു കാര്യം?'' റാവു അല്പം ദേഷ്യത്തില്‍ പറഞ്ഞു. പക്ഷേ മകന്‍ നിന്നിടത്തുനിന്ന് തെല്ല ്പോലും ഇളകിയില്ല. അച്ഛന്റെ മുമ്പില്‍ കിടക്കുന്ന നോട്ടുകളും ചില്ലറ നാണയങ്ങളും നോക്കിക്കൊണ്ട് അവന്‍ അവിടെത്തന്നെ നിന്നു.
  ''സബാഷ്. അച്ഛന്റെ കൂട്ടുതന്നെ മകനും. രൂപയും കൊണ്ടേ പോകാവൂ. ശരിയ്ക്കു ഒന്നു രസിക്കണം. ഇന്നു നിന്റെ അച്ഛന്‍ ഞങ്ങളുടെ പണം ഒക്കെ തട്ടി എടുത്തു''.
   
സുഹൃത്തിന്റെ ഈ പരാമര്‍ശം കേട്ട് റാവുവിന് മനസ്സില്‍ തന്നെപ്പറ്റി മതിപ്പുതോന്നി.
കളിക്കാരുടെ മുഖത്തേക്കു നോക്കി അദ്ദേഹം സാഭിമാനം ഒന്നു ചിരിച്ചു.
''അച്ഛാ....!'' ചെറുക്കന്‍ വീണ്ടും സംഗീതം ആരംഭിച്ചു. അവന്‍ കൊതിയൂറുന്ന കണ്ണുകളോടെ നോട്ടുകള്‍ ഒരിയ്ക്കല്‍ കൂടി നോക്കി.
''ശരി, ശരി. ഇതു കൊണ്ടുപോകൂ.'' അദ്ദേഹം രണ്ടു രൂപയുടെ ഒരു നോട്ടു അവന്റെ കൈയില്‍ വെച്ചുകൊടുത്തു.
ചെറുക്കന്‍ വീട്ടിലേക്കു ഓടിപ്പോയി. റാവു കുറേ നേരം കമ്പിയെപ്പറ്റി ആലോചിച്ചു കൊണ്ടിരുന്നു.
 
ഇവനെ എന്താ പറയുക? ഒന്നും തോന്നുന്നില്ല. മിനിഞ്ഞാന്നാണ് പരീക്ഷാഫീസ് നൂറു രൂപയും ഹോസ്റ്റല്‍ ഫീസ് നൂറുരൂപയും ചേര്‍ത്ത് ഇരുനൂറ് രൂപയ്ക്കു ചെക്കു അയച്ചത്. കള്ളന്‍ മുഴുവന്‍ തകര്‍ത്തു പൊടിച്ചു കാണും. കഴിഞ്ഞ വര്‍ഷവും ഇങ്ങനെ തന്നെ സംഭവിച്ചു. ഫീസു കൊടുക്കേണ്ട പണം സിനിമക്കാര്‍ക്കും ഹോട്ടലുകാര്‍ക്കുമായി തീര്‍ത്തു. പിന്നെ പന്ത്രണ്ടാം മണിക്കൂറില്‍ കമ്പി അടിച്ചു- ആത്മഹത്യ ചെയ്യുമെന്ന്. ഇത്രയും പ്രായമായിട്ടും അവന്റെ ബുദ്ധി നേരെയായിട്ടില്ല. ഈശ്വരനു മാത്രമറിയാം, ഇപ്പോള്‍ തന്നെ എവിടെയൊക്കെ എത്ര ബാക്കികൊടുക്കാനുണ്ടെന്ന്. പരീക്ഷാഫീസ് കൊടുക്കേണ്ട അവസാന തീയതി നാളെയാണെന്നും ഇതു അവസാന പരീക്ഷയാണെന്നും പറയുന്നു. ഏതായാലും ഇത്തവണ ഒന്നു നേരിട്ടു പോകുക തന്നെ. തെമ്മാടി എന്തൊക്കെ അനര്‍ത്ഥങ്ങളാണ് കാട്ടിയതെന്നറിയാം.

മകന്റെ കാര്യം ആലോചിച്ചാലോചിച്ച് ഓര്‍ക്കാതെ റാവു കളിയില്‍ ഒരു അബദ്ധം കാണിച്ചു. മറ്റു കളിക്കാരെല്ലാം ചേര്‍ന്നു പൊട്ടിച്ചിരിച്ചു- ഏതോ സിംഹത്തെ കൊന്ന മട്ടില്‍.
റാവു വടിയുമെടുത്തു പോകാനൊരുങ്ങി, ''മതി, ഇന്നു ഒരുപാടു നേരം കളിച്ചു.''
''കേട്ടോ കൂട്ടരെ, എന്നെ ഒന്നും പറയരുത്. ഇതുവരെ സമ്പാദിച്ചതൊക്കെ ഈ പ്രാവശ്യം കൊണ്ടു നഷ്ടപ്പെടുത്തി.'' അദ്ദേഹം ചിരിച്ചു കൊണ്ടു പറഞ്ഞു. പിന്നെ വീട്ടിലേക്കു യാത്രയായി.
   
വീട്ടില്‍ ചെന്നു ഭാര്യയുമായി കമ്പിയുടെ കാര്യം ചര്‍ച്ച ചെയ്തു.
''ഞാന്‍ ബാംഗ്ലൂര്‍ വരെ പോകുകയാണ്. ഏതെങ്കിലും ലോറി കിട്ടും, തീര്‍ച്ച.''
''രാത്രി സമയമാണ്. ലോറിയിലെന്തിനാ പോകുന്നത്? ട്രെയിനില്‍ പോകാമല്ലോ.'' ഭാര്യ ചോദിച്ചു.
''എനിക്ക് ഇതൊരു പുതിയ കാര്യമൊന്നുമല്ലല്ലോ. ട്രെയിന്‍ രാത്രിയില്‍ രണ്ടു മണിയ്ക്കാണു പുറപ്പെടുക. ഇപ്പോള്‍ കിടന്നാല്‍ പിന്നെ യഥാസമയം ഉണരാന്‍ പ്രയാസമാവും.''
  
ഭാര്യയ്ക്കു അദ്ദേഹത്തിന്റെ സ്വഭാവം നന്നായി അറിയാമായിരുന്നു. അവര്‍ പിന്നെ ഒന്നും പറഞ്ഞില്ല.
''മാലതി, എന്റെ സഞ്ചി ഒന്നു വേഗം തയ്യാറാക്കൂ.'' റാവു മകളെ വിളിച്ചു പറഞ്ഞു.
പിന്നെ അദ്ദേഹം ആഹാരം കഴിച്ച് ഒന്നു മുറുക്കി. എന്നിട്ട് സമയം നോക്കി.
''സമയമായി. ഞാന്‍ നാളെ വൈകുന്നേരമാവുമ്പോഴേക്കു തിരിച്ചെത്തും. വീടിനെപ്പറ്റി ശരിക്കു ഓര്‍മ്മിച്ചു കൊള്ളണം.'' ഭാര്യയേയും കുട്ടികളേയും പറഞ്ഞു മനസ്സിലാക്കിയിട്ടു സഞ്ചിയുമെടുത്തു അദ്ദേഹം പുറപ്പെട്ടു.

ടൗണിലെ താലൂക്കു കച്ചേരി കടന്നാല്‍ പിന്നെ ഒരു സര്‍ക്കാര്‍ സെക്കണ്ടറി സ്‌കൂളുണ്ട്. ബാംഗ്ലൂര്‍ക്ക് പോകുന്ന ലോറികള്‍ അവിടെ ചെന്നാല്‍ കിട്ടും. ബസ്സു തെറ്റുന്ന യാത്രക്കാര്‍ സ്‌കൂളിന്റെ വളപ്പില്‍ ലോറി പ്രതീക്ഷിച്ചു നില്‍ക്കും. റാവു അവിടെ ചെന്ന് ഒരു വിളക്കുകാലിന്റെ മുമ്പില്‍ നിന്നു. സഞ്ചി താഴെ വെച്ചിട്ട് പോക്കറ്റില്‍ നിന്നും ഒരു സിഗരറ്റ് എടുത്തു കത്തിച്ചു. ഒന്നുരണ്ടു പ്രാവശ്യം വലിച്ചു പുക വിട്ടു. തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു. ഇങ്ങനെയുള്ള സമയത്തു യാത്ര പോകുന്നതു തന്നെ ഒരു രസമായി അദ്ദേഹത്തിനു തോന്നി. അദ്ദേഹത്തിന്റെ മനസ്സില്‍ സന്തോഷം തിരയടിച്ചു. പെട്ടെന്ന് റാവുവിന്റെ മനസ്സ് അന്നത്തെ ചീട്ടുകളിയിലേയ്ക്കു പോയി.

ഇന്നു ശരിക്കും എന്റെ ദിവസമായിരുന്നു. ജയിക്കുന്നെങ്കില്‍ ഇങ്ങനെ തന്നെ ജയിക്കണം. മറ്റുള്ളവരൊക്കെ ക്ഷീണിച്ചുപോയി. ശരി, ഇന്നു എത്ര രൂപ കിട്ടി?
ചീട്ടു കളിച്ചു കിട്ടുന്ന പണം പോക്കറ്റില്‍ വേറെ സൂക്ഷിക്കുന്ന പതിവു റാവുവിനുണ്ടായിരുന്നു. പെട്ടെന്നു അദ്ദേഹം പകുതി കത്തിയെരിഞ്ഞ സിഗരറ്റ് വലിച്ചെറിഞ്ഞു. പിന്നെ പോക്കറ്റില്‍നിന്നും പണം എടുത്തു എണ്ണാന്‍ തുടങ്ങി. എണ്‍പത്തിമൂന്ന്, നാല്, അഞ്ച്, ആറ് - എണ്‍പത്തിആറ് രൂപ സമ്പാദിച്ചു. ഒരു മണിക്കൂറിനുള്ളില്‍ ഒരുമിച്ച് ഇത്രയധികം പണം മുമ്പൊരിക്കല്‍പോലും കിട്ടിയിട്ടില്ല. അവസാന കളിയില്‍ താന്‍ അബദ്ധം കാണിച്ചതുകൊണ്ട് വെറുതെ പത്തു രൂപ കളഞ്ഞു. അല്ലെങ്കില്‍ അതുകൂടി കയ്യിലിരുന്നേനെ. തന്നെയല്ല, വീണ്ടും കളി തുടര്‍ന്നു ഒരു എഴുപതു എണ്‍പതു രൂപ കൂടി നേടാമായിരുന്നു. ചെറുക്കന് രണ്ടു രൂപ വേറെ കൊടുക്കേണ്ടിവന്നു. എന്തായാലും ഇന്ന് ഒരു സുവര്‍ണ്ണാവസരം കൈവന്നതാണ്.

''സാര്‍, സാ...ര്‍ എന്തെങ്കിലും തരണേ''. ഏതോ ഭിക്ഷക്കാരന്‍ ചെറുക്കന്‍ കയ്യില്‍ ഒരു പൊട്ടപ്പാത്രവുമായി റാവുവിന്റെ മുമ്പില്‍ വന്നു നിന്നു.
''എടാ, പോ, പോ ഇവിടെനിന്ന്്.'' അവന്റെ നേരെ നോക്കാതെ തന്നെ അദ്ദേഹം അവനെ ശകാരിച്ചു.
''ഏമാനെ, മൂന്നു ദിവസമായി പട്ടിണിയാണ്. എന്തെങ്കിലും തന്നാല്‍ അങ്ങേയ്ക്കു പുണ്യം കിട്ടും'' എന്നു പറഞ്ഞു അവന്‍ റാവുവിന്റെ തൊട്ടടുത്തു വന്നുനിന്നു.
''ഇവിടെനിന്നും ഓടിയ്ക്കോ, ഒരിക്കല്‍ പറഞ്ഞാല്‍ പോകരുതോ? ഈ നാശങ്ങള്‍ ഒരിടത്തും സൈ്വരം തരില്ല.''
''സാര്‍...'' പതിഞ്ഞ സ്വരത്തോടെ അവന്‍ മറ്റൊരു യാത്രക്കാരന്റെ നേരെ നോക്കി. 'ആ ഒരു തെറ്റു കാണിച്ചത് വലിയ മണ്ടത്തരമായി. ഞങ്ങളുടെ സെറ്റില്‍ തെറ്റി കളിയ്ക്കാത്ത ഏക വ്യക്തി ഞാനാണ്'- റാവു വീണ്ടും ആലോചനയില്‍ മുഴുകി. മോഹന്‍ കമ്പി കൊണ്ടു തന്നു. അതോര്‍ത്തുകൊണ്ട് കളിച്ചപ്പോള്‍ തെറ്റു പറ്റി.
  
''ഏമാനേ, എനിക്കെന്തെങ്കിലും തരണേ.'' പാത്രം കുലുക്കിക്കൊണ്ട് ഭിക്ഷക്കാരന്‍ വീണ്ടും യാചനയാരംഭിച്ചു.
''പോടാ ഇവിടുന്ന്! എവിടെയോ കിടന്ന തെണ്ടി!'' ഇപ്രാവശ്യം റാവുവിന്റെ കോപം വര്‍ധിച്ചു.
''ഏമാന്‍...' അവന്‍ പോകുന്ന മട്ടില്ല.
റാവു അവനെ തുറിച്ചുനോക്കി. ഏകദേശം ഏഴെട്ടു വയസ്സു പ്രായം കാണും.
കീറിയ ഒരു നിക്കര്‍ ഒഴിച്ചാല്‍ അവന്റെ ദേഹത്തു യാതൊരു വസ്ത്രവുമില്ല. തലമുടി വളര്‍ന്നു വലുതായി ചെവികളും നെറ്റിയും മൂടിയിരുന്നു.
'ഞാന്‍ എല്ലാവരോടും പറയാറുണ്ട്. ജോക്കറിനെപ്പറ്റി ഓര്‍മ്മ വേണമെന്ന്. തെറ്റിക്കളിക്കരുത് എന്നൊക്കെ. എന്നിട്ടു ഇന്നു ഞാന്‍ തന്നെ തെറ്റിച്ചു...'
''ഏമാനെ, ഒരു അഞ്ച് പൈസ ഇതിലിട്ടു തരൂ, ഏമാന്‍.''
''ഇത് എവിടെ കിടന്ന ശല്യമാടാ വന്നു പെട്ടിരിക്കുന്നത്. എടാ, പോ ഇവിടെ നിന്ന്. എന്റെ കൈയില്‍ പൈസ ഇല്ല. പോകുന്നോ അതോ?'' പല്ല് കടിച്ചുകൊണ്ട് റാവു അലറി.
  
''ഒരു പൈസ തരൂ, ഏമാന്‍! അങ്ങയുടെ കാല്‍ക്കല്‍ വീഴാം.''
''പോയി ബസ്സ്റ്റാന്റില്‍ ചെന്നു തെണ്ട്. ഇപ്പഴേ ഈ ദുശ്ശീലം തുടങ്ങിയിരിക്കയാ.'' റാവുവിന്റെ മനസ്സ് വീണ്ടും കളിയിലേയ്ക്കു പോയി. 'ഞാന്‍ ധൃതി പിടിച്ചതു കാരണം പത്തുരൂപ പിഴ കൊടുക്കേണ്ടി വന്നു. അഥവാ ആ പത്തു രൂപാ എങ്കിലും രക്ഷപ്പെടുമായിരുന്നു. അപ്പോള്‍ 86 ഉം 10 ഉം ഉള്‍പ്പെടെ 96. പിന്നെ മോഹന് കൊടുത്ത രണ്ടു രൂപ കൂടി കൂട്ടിയാല്‍ ആകെ 98 രൂപ കാണുമായിരുന്നു. അങ്ങനെ പയ്യന്റെ പരീക്ഷാഫീസിനുള്ള പണം തികഞ്ഞേനെ!'
''ഏമാനേ...''
''എടാ നാശമേ, നീ ഇതുവരെ പോയില്ലേ? ഓട് ഇവിടെ നിന്ന്. ഓടുന്നോ അതോ?'' വല്ല കല്ലോ കമ്പോ ഉണ്ടോ എന്ന മട്ടില്‍ റാവു ചുറ്റുമൊന്നു നോക്കി. അദ്ദേഹത്തിന്റെ കണ്ണുകള്‍ കോപംകൊണ്ടു ജ്വലിച്ചിരുന്നു.
  ''വെറും അഞ്ച് പൈസ...''
  -'പരീക്ഷാ ഫീസിനയച്ച പണം മുഴുവന്‍ അവന്‍ പൊടിപൊടിച്ചെന്നാ തോന്നുന്നത്.
'അവന്റെ സ്വഭാവം നോക്കണേ, ഇപ്പഴേ ദുശ്ശീലങ്ങള്‍ തുടങ്ങിയിരിക്കുന്നു. സിഗരറ്റും വലിക്കുന്നുണ്ടാകും.'
  സിഗരറ്റിന്റെ കാര്യം ഓര്‍ത്തപ്പോള്‍ ഒന്നു വലിച്ചാല്‍ കൊള്ളാമെന്നു തോന്നി.
  പോക്കറ്റില്‍ നിന്നും സിഗരറ്റ് എടുത്തു തീ കൊളുത്തി.

ഇത്രയും സമയം കഴിഞ്ഞിട്ടും ഒരു ലോറി പോലും വന്നില്ല. ദേഷ്യഭാവത്തില്‍ റാവു വാച്ച് നോക്കി. ഊണും കഴിഞ്ഞു സുഖമായി ഒന്നുറങ്ങി രണ്ടുമണിക്കുള്ള ട്രെയിനില്‍ പോകാമായിരുന്നു. ഇതൊരു നാശം പിടിച്ച നില്പായിപ്പോയി. ചിലപ്പോഴൊക്കെ ഒന്നിനു പുറകെ ഒന്നായി ലോറിക്കൂട്ടം തന്നെ വരാറുണ്ട്. ചിലപ്പോള്‍ ഇങ്ങനെയും...
''ഏമാന്‍...''
''എന്തിന് എന്നെ നോക്കി തിന്നുന്നു? പോ പോ. എന്റെ കൈയില്‍ ചില്ലറ ഒന്നും ഇല്ല.'' റാവു ഉറക്കെ പറഞ്ഞു.
നിന്നു നിന്നു അദ്ദേഹത്തിന്റെ കാലുകഴച്ചു. സ്‌കൂളിന്റെ വളപ്പിനുള്ളില്‍ കയറി അല്പനേരം വിശ്രമിക്കാമെന്നു കരുതി അദ്ദേഹം തന്റെ സഞ്ചിയുമെടുത്ത് അങ്ങോട്ട് തിരിച്ചു. ''സാര്‍...'' അദ്ദേഹം പോകുന്നതു കണ്ട് നിരാശനായി ദീനസ്വരത്തില്‍ ഭിക്ഷക്കാരന്‍ വിളിച്ചു.
റാവു തിരിഞ്ഞു നോക്കിയില്ല. സിഗരറ്റിന്റെ സുഖവുമനുഭവിച്ചുകൊണ്ട് പോയി സ്്കൂള്‍ വളപ്പില്‍ ഒരിടത്തു ചെന്നിരുന്നു. 
നിരാശയോടെ ചെറുക്കന്‍ മുഖം വീര്‍പ്പിച്ചു കൊണ്ടു നിന്നു.

റാവു മുമ്പു നിന്ന സ്ഥാനത്ത് ഏതോ ഒരു കടലാസുകഷണം കിടക്കുന്നത് അവന്റെ ദൃഷ്ടിയില്‍പെട്ടു. നിമിഷമാത്രയില്‍ അവന്റെ കണ്ണുകള്‍ പ്രകാശിച്ചു. മുഖം പ്രസന്നമായി. ചാടിച്ചെന്നവന്‍ അതെടുത്തു.
പത്തു രൂപാ നോട്ട്!
വഴിവിളക്കിന്റെ വെളിച്ചത്തില്‍ അവന്‍ അതു തിരിച്ചും മറിച്ചും നോക്കി. ഇല്ല, സംശയിക്കേണ്ട കാര്യമില്ല. പത്തു രൂപാ നോട്ടു തന്നെ.
പെട്ടെന്ന് അവന്‍ റാവുവിന്റെ അടുത്തേക്കോടി.
''സര്‍, സാര്‍....'' അവന്‍ വിളിച്ചു കൂവി.
ഇപ്രാവശ്യം അവന്റെ ശബ്ദത്തില്‍ യാതൊരു ദൈന്യതയുമില്ലായിരുന്നു.
''എന്തിനാടാ വീണ്ടും വന്നത്? ചെകുത്താന്റെ മോന്‍!'' റാവു അവനെ ശകാരിച്ചു. ''സാര്‍, ഇതു നോക്കൂ. ഏമാന്റെ നോട്ടാണ്.'' കിതച്ചു കിതച്ച് അവന്‍ ഇത്രയും പറഞ്ഞു നോട്ട്് അദ്ദേഹത്തിന്റെ നേരേ നീട്ടി.
   
''നോട്ടോ? റാവു കൈയില്‍ നിന്നു സിഗരറ്റു കുറ്റി താഴെ എറിഞ്ഞിട്ട് ഞൊടിയ്ക്കുള്ളില്‍ ചെറുക്കന്റെ കൈയില്‍ നിന്നും നോട്ടു പിടിച്ചു വാങ്ങി.
''അതേ സാര്‍, നോട്ടു തന്നെ. ഏമാന്‍ മുമ്പു നോട്ടു എണ്ണിക്കൊണ്ടിരുന്നപ്പോള്‍ ഏമാന്റെ കൈയില്‍ നിന്നും താഴെ വീണതാകും.''
വിടര്‍ന്ന കണ്ണുകളോടെ ചെറുക്കന്‍ റാവുവിന്റെ മുഖത്തേക്കു നോക്കിക്കൊണ്ടു നിന്നു. റാവുവും ആ നോട്ട് ഒന്നു പരിശോധിച്ചു. അതെ, പത്തു രൂപാ നോട്ട് തന്നെ.
''നിനക്ക് ഇതെവിടെ നിന്നും കിട്ടി?''
''ഏമാന്‍ നിന്ന വിളക്കുകാലിന്റെ താഴെ നിന്നും.''
''ശരി, കൊള്ളാം.''
അത് പത്തു രൂപയുടെ പഴയ നോട്ടായിരുന്നു. ആ വലിപ്പത്തിലുള്ള നോട്ട് അന്ന് തന്റെ പക്കല്‍ വന്നതായി അദ്ദേഹത്തിന് ഓര്‍മ്മ വരുന്നില്ല. ക്ലബില്‍ കളിച്ചതെല്ലാം പുതിയ നോട്ടുകളായിരുന്നു.
റാവു ആശ്ചര്യത്തോടെ ആ നോട്ടു ഒന്നുകൂടി പരിശോധിച്ചു.
  
''ഏമാനേ...'' ചെറുക്കന്റെ പഴയ യാചനാസ്വരം ഒരിയ്ക്കല്‍ കൂടി കേട്ടു. അവന്റെ ശബ്ദത്തില്‍ ദൈന്യത വളരെ ഉണ്ടായിരുന്നു. കുറച്ചു മുമ്പു താനാണ് പത്തു രൂപയുടെ നോട്ട് ഈ മനുഷ്യന്റെ കൈയില്‍ കൊടുത്തതെന്ന കാര്യം അവന്‍ മറന്നു പോയിട്ടുണ്ട്്.
- ഈ നോട്ടു തീര്‍ച്ചയായും എന്റേതല്ല, ഏതെങ്കിലും പാവപ്പെട്ടവന്റെ കൈയില്‍ നിന്നും താഴെപ്പോയതായിരിക്കും. പോട്ടെ, സാരമില്ല. ക്ലബില്‍ തെറ്റിക്കളിച്ചതുകൊണ്ട് പത്തു രൂപ പോയതാണ്. അതു ഇപ്പോള്‍ കിട്ടി എന്നു മാത്രം. അപ്പോള്‍, ആകെ എത്ര രൂപയായി? എണ്‍പത്തി ആറും ഈ പത്തും ഉള്‍പ്പെടെ തൊണ്ണൂറ്റിആറ്. ആ ഒരു തെറ്റു കാട്ടിയില്ലായിരുന്നെങ്കില്‍ അതു കൂടി ലാഭമായേനെ. അപ്പോള്‍ ശരിയ്ക്ക് നൂറ്റിആറ് രൂപ കണ്ടേനേ. മോഹന് കൊടുത്ത രണ്ടു രൂപ കൂട്ടി നൂറ്റി എട്ട് ആയേനെ. ഇത്രയും രൂപ ഇന്നത്തെ കണക്കില്‍ കാണുമായിരുന്നു.'
   
''ഏമാനേ, ഒരു അഞ്ച് പൈസ എനിക്കു തരൂ''  ചെറുക്കന്‍ യാന്ത്രിക സ്വരത്തില്‍ അപേക്ഷിച്ചു. റാവു ഇപ്രാവശ്യം പോക്കറ്റു ഒന്നു തപ്പി നോക്കി.
''ചില്ലറ ഇല്ലല്ലോ കുട്ടീ, നീ ഇനിയും പൊയ്ക്കോള്ളൂ. ഏതു പോക്കറ്റില്‍ തപ്പിയിട്ടും നോട്ടു മാത്രമേ വരുന്നുള്ളൂ.''
അദ്ദേഹത്തിന്റെ വാത്സല്യം നിറഞ്ഞ ഈ വാക്കു കേട്ടപ്പോള്‍ ഇനിയും അവിടെ നില്‍ക്കുന്നതു ശരിയല്ലെന്ന് അവനു തോന്നി. വീണ്ടും വീണ്ടും തിരിഞ്ഞ് അദ്ദേഹത്തെ നോക്കിക്കൊണ്ട് അവന്‍ ഇരുട്ടില്‍ അപ്രത്യക്ഷനായി.

റാവു ഒരിയ്ക്കല്‍കൂടി കൈയിലിരുന്ന നോട്ട് ശ്രദ്ധിച്ചുനോക്കി. വിളക്കിന്റെ അടുത്തു കൊണ്ടു ചെന്നു മൂന്നാമതു ഒരിയ്ക്കല്‍ കൂടി പരിശോധിച്ചു. താഴെ തറയിലേക്കും ഒന്നും നോക്കി. വേറെ നോട്ടു ഒന്നും കിടപ്പില്ലല്ലോ! ഇല്ല, അവിടെ ഒന്നും കാണാനില്ല.
'സാരമില്ല, നോട്ടു ഏതായാലും നല്ലതു തന്നെ. അല്ല നോക്കണേ രസം, ഈ നോട്ടു ആ ചെറുക്കനു തന്നെ കിട്ടണമായിരുന്നോ?'
റാവു നിര്‍വ്വികാരനായി അങ്ങുമിങ്ങും ഒന്നു നോ്ക്കി. ചെറുക്കനെ അവിടെയെങ്ങും കാണാനില്ല.
പോട്ടെ, സാരമില്ല. രൂപയല്ലേ? എവിടെയെങ്കിലും പ്രയോജനപ്പെടാതിരിക്കില്ല. പിന്നെ അദ്ദേഹം പതുക്കെ ആ നോട്ടു പോക്കറ്റിലിട്ടു.