നിയന്‍ അപകടത്തില്‍ മരിച്ച വളവിലെത്തുമ്പോള്‍ എപ്പോഴും എന്റെ കണ്ണുകള്‍ അവനെ പരതും. വേനലിലും വര്‍ഷത്തിലും മഞ്ഞുകാലത്തിലും; ഞാനാ വഴിയേ കടന്നുപോകുമ്പോഴൊക്കെയും!

സൈഡ്‌സീറ്റില്‍ ഇരുന്ന്, എങ്ങാനും അവനെ കണ്ടാലോ എന്ന് പ്രതീക്ഷിച്ച് വെറുതേ പുറത്തേക്ക് നോക്കും. വെയിലില്‍ വഴിയോരകച്ചവടക്കാരനില്‍നിന്ന് നാരങ്ങാ സോഡാ കുടിക്കുന്നവന്‍ അവനാണോ? മഴയില്‍ പീടികവരാന്തയിലേക്ക് ഓടിക്കയറുന്നവന്‍ അവനാകുമോ? മഞ്ഞില്‍ തട്ടുകടയിലെ കാലിളകുന്ന ബഞ്ചിലിരുന്ന് ബുള്‍സൈ കഴിക്കുന്നവന്‍?

ഞാന്‍ നോക്കും: പൊന്തയ്ക്കപ്പുറം പുറംതിരിഞ്ഞിരുന്ന്  മൂത്രമൊഴിക്കുന്നത് അവനാണോ?  ഇടവഴിയില്‍നിന്ന് ഓടിവന്ന് ബസിന് കൈകാണിക്കുന്നവന്‍ അവനാണോ?

ഒരിക്കല്‍മാത്രം അതുവഴിയേ പോകുമ്പോള്‍ ഞാനൊന്നുറങ്ങിപ്പോയി. ആ സമയം സ്വപ്നത്തില്‍ അവനെന്റെ സീറ്റില്‍ വന്നിരുന്ന് പറഞ്ഞു, ഓടുന്ന വാഹനത്തിലിരുന്ന് ഓര്‍മകളെ പുറത്തിടരുതെന്ന്!

ഉണര്‍ന്ന് ചുറ്റും നോക്കിയപ്പോള്‍ സീറ്റില്‍ അരികിലിരിക്കുന്നു; യാത്രതീരുംമുന്‍പേ ഇറങ്ങിപ്പോയ ഒരുവന്റെ കീറിപ്പോയ ടിക്കറ്റ്!

Content Highlights : Malayalam Short Story, malayalam Literature