ഴുന്നേല്‍ക്കുമ്പോള്‍ അറിയാതെ കൈ തട്ടിയാണോ മൊബൈല്‍ താഴെ വീണത് ? അതോ ജിഷ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വഴുതിപ്പോയതോ? രാഹുല്‍ പുതപ്പ് തട്ടിമാറ്റി ഒറ്റച്ചാട്ടത്തിനെഴുന്നേറ്റ് മൊബൈല്‍ ഫോണ്‍ കൈയിലെടുത്തു. നോക്കുമ്പോള്‍ ജിഷ ഉറക്കത്തില്‍ത്തന്നെ. വിവാഹജീവിതത്തിലാദ്യമായി ഒരു തെറ്റ് ചെയ്യാന്‍ പോകുന്ന ദിവസമായിരുന്നു അത്. മഞ്ജുവിനേയും കൂട്ടി ഒരു മോണിങ് ഷോ ! പ്ലാനിങ് തുടങ്ങി മാസങ്ങളായെങ്കിലും കടശീ നിമിഷം മീന്‍ ചൂണ്ടയില്‍ കുരുങ്ങാതെ തെന്നിപ്പോവുകയായിരുന്നു.

''രവിയേട്ടന്റെ ഫ്രണ്ട്സ് ആരെങ്കിലും കണ്ടാല്‍ ?'' 
മഞ്ജുവിന്റെ മേല്‍ച്ചുണ്ട് വിറയ്ക്കുന്നതു കാണാന്‍ എന്തു രസമാണ്. തിയേറ്റര്‍ ഇരുട്ടില്‍ ആദ്യം കവരേണ്ടത് ഈ പേടിച്ചുണ്ടുകളെത്തന്നെ. ദമ്പതികളാവാന്‍ കഴിയില്ലെന്നറിയാമെങ്കിലും ഒന്നായിത്തീരലിനുള്ള വെമ്പല്‍ ഇരുവരേയും ബാധിച്ചുതുടങ്ങിയിട്ട് കുറച്ചായി. അതിന്റെ ആദ്യപടിയാണ് ഈ സിനിമ.

നഗരത്തിലെ തിരക്കുള്ള പ്രദേശത്താണ് എല്ലാ സിനിമാ തിയേറ്ററുകളും. ഭര്‍ത്താവ് രവികുമാറിന്റെ സുഹൃത്തുക്കളാരെങ്കിലും കണ്ടാലോ എന്നതാണ് മഞ്ജുവിനെ അലട്ടുന്ന പ്രധാന ഭയം. ഇതേ ഭയം മറ്റൊരുതരത്തില്‍ രാഹുലിനും ഇല്ലാതില്ല. മഞ്ജുവിനോടുള്ള ആസക്തി പക്ഷേ, അതിനുമപ്പുറത്തായതിനാല്‍ എല്ലാ ഭയങ്ങളും പിന്നാക്കം പായുകയായിരുന്നു.

ഇപ്പോള്‍ തിരക്കില്‍ നിന്നെല്ലാമകന്ന് ഒരനുഗ്രഹം പോലെ ഒരു ഷോപ്പിങ് മാള്‍ പിറവിയെടുത്തിരിക്കുന്നു. അതിന്റെ മൂന്നു നിലകളില്‍ മൂന്ന് മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകള്‍ - പ്രിയ, പ്രിയതമ, പ്രിയദര്‍ശിനി. ഇതിലേത് വേണം എന്നു തീരുമാനിച്ചുകഴിഞ്ഞാല്‍ ഷോപ്പിങ് എന്ന വ്യാജേന കടകളില്‍ ചുറ്റിക്കറങ്ങി ആരും കാണുന്നില്ലെന്നുറപ്പുള്ളൊരു നിമിഷം പെട്ടെന്ന് അകത്തു കയറുകയേ വേണ്ടൂ. ഓണ്‍ലൈന്‍ ബുക്കിങ്ങായതിനാല്‍ നമ്പര്‍ തേടിപ്പിടിച്ച് ആ സീറ്റില്‍ ചെന്നിരുന്നാല്‍ മതി.
 
'ഞാന്‍ സാരിയുടുക്കണോ ചുരിദാറിടണോ ?'' മഞ്ജു വാട്സാപ്പില്‍ ചോദിച്ചിരുന്നു.
''സാരി മതി...'', രാഹുല്‍ പറഞ്ഞു.
ഏതു തിയേറ്ററെന്ന് ഏകദേശം എട്ടരയ്ക്ക് അറിയിക്കാമെന്നായിരുന്നു ധാരണ. ടിക്കറ്റ് ലഭ്യത കാലത്ത് ഓണ്‍ലൈനില്‍ തപ്പിയാലേ അറിയൂ. അറിഞ്ഞാലുടന്‍ വാട്സാപ്പില്‍ ടെക്സ്റ്റ് ചെയ്യാം. ഓക്കേ?
''ഓക്കേ...''
രാഹുലിനുള്ളതുപോലെ വാട്സാപ്പ് ആരെങ്കിലുമെടുത്തു നോക്കുമോ എന്ന ഭയം ഇന്ന് മഞ്ജുവിനില്ല. രവിയേട്ടന്‍ ഔദ്യോഗികമായി ചെന്നൈയില്‍. ആദിത്യന്‍ സ്‌കൂളിലെ വിനോദയാത്രാ സംഘത്തിലും. എല്ലാ സാഹചര്യങ്ങളും ഒത്തുവന്നതുകൊണ്ടാണ് ഈ ദിനം തിരഞ്ഞെടുത്തത്. 

ചായകുടിയും പത്രം നോക്കലും ഷേവിങ്ങും കഴിഞ്ഞു. കുളിക്കാന്‍ കയറുന്നേരം രാഹുല്‍ മൊബൈല്‍ കൈയില്‍ കരുതിയത് ജിഷ ശ്രദ്ധിച്ചു. ഇതു പതിവില്ലല്ലോ എന്ന് ഓര്‍ക്കുകയും ചെയ്തു. രാഹുല്‍ കുളിമുറി വാതില്‍ കുറ്റിയിട്ട ആ നിമിഷം ജിഷ തന്റെ ആപ്പിള്‍ സെവന്‍ എടുത്ത് വാട്സാപ്പ് തുറന്നു.

രാഹുലിനുള്ളതുപോലെ ഒരു ധാരണ ജിഷയ്ക്ക് ഹരീഷുമായിട്ടുണ്ടായിരുന്നു. ചിത്രകാരന്റെ നീളന്‍ വിരലുകളെ കോര്‍ത്തുപിടിക്കാനുള്ള ഒരു തക്കത്തിനും ഇരുട്ടിനും വേണ്ടി ജിഷയും കാത്തിരിക്കുകയായിരുന്നു. പെട്ടെന്നാണ് കോണ്‍ഫറന്‍സിന് കൊച്ചിവരെ പോകുന്നു എന്ന് രാഹുല്‍ പറഞ്ഞത്. ആ തഞ്ചം കൃത്യമായി പ്രയോജനപ്പെടുത്തുകയായിരുന്നു ജിഷ. സാഹചര്യമറിയിച്ചപ്പോള്‍ ടിക്കറ്റ് ലഭ്യതയ്ക്കനുസരിച്ച് തിയേറ്റര്‍ അറിയിക്കാമെന്ന് ഹരീഷും പറഞ്ഞു. ഏതാണ്ട് എട്ടരയോടടുത്ത് വാട്സാപ്പില്‍ ടെക്സ്റ്റ് ചെയ്യാം. ഓക്കേ ?
''ഓക്കെ ഡിയര്‍...''

രാഹുല്‍ കുളി കഴിഞ്ഞിറങ്ങുമ്പോഴേക്കും ജിഷ അടുക്കളപ്പണി കഴിച്ചു. കുളിമുറിയിലേക്ക് കയറുമ്പോള്‍ പതിവില്ലാതെ ജിഷ കൈയില്‍ മൊബൈല്‍ കരുതിയിരിക്കുന്നത് രാഹുല്‍ ശ്രദ്ധിച്ചു. പക്ഷേ, അതിന്റെപേരില്‍ മനസ്സിനെ മാന്തിപ്പൊളിക്കാന്‍ നേരമില്ലായിരുന്നു. ഏതു തിയേറ്ററില്‍ ടിക്കറ്റ് കിട്ടുമെന്ന് അയാള്‍ക്ക് ഓണ്‍ലൈനില്‍ തപ്പണമായിരുന്നു. പ്രിയ, പ്രിയതമ, പ്രിയദര്‍ശിനി... നെഞ്ചിടിപ്പ് കൂടുന്നു, കൈ വിറയ്ക്കുന്നു, ചുണ്ടു വിയര്‍ക്കുന്നു.
കിട്ടി, കിട്ടിപ്പോയി. പ്രിയതമയില്‍ എഫ് 26, 27. വേഗം പാന്റും ഷര്‍ട്ടുമെടുത്തിട്ടു. വാട്സാപ്പില്‍ മഞ്ജുവിന്റെ നമ്പറിലേക്ക് വിരലമര്‍ത്തി. പ്രിയതമ @ ഷാര്‍പ്പ് 9.30.... എഫ് 26, 27

ഈ നേരം ജിഷ കുളികഴിഞ്ഞ് പുറത്തിറങ്ങി. ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിനുമുമ്പ് രാഹുല്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നതുകണ്ട് അതിശയമായി. പതിവില്ലല്ലോ ഇങ്ങനെ. പതിവില്ലാത്തതെല്ലാം സംഭവിക്കുന്നു. അടുക്കളയിലേക്ക് തിരിയുന്നിടത്ത് പ്രധാന മുറിയുടെ ചുവരില്‍ തൂക്കിയിരുന്ന ഫോട്ടോയില്‍നിന്ന് ഒരു കുഞ്ഞു പല്ലി ചിലച്ചു താഴെവീണ് പെട്ടെന്ന് ജീവന്‍ വെടിഞ്ഞു. ഒരു ദുര്‍നിമിത്തം പോലെ അവസാന പിടച്ചിലും പിടഞ്ഞ് അത് തറയില്‍ മലര്‍ന്നു. അതു വീഴാനുണ്ടായ സാഹചര്യത്തെപ്പറ്റിയല്ല രാഹുലും ജിഷയും അപ്പോള്‍ ആലോചിച്ചത്. അത് പറ്റിനിന്ന ഫോട്ടോയുടെ മൃദുലമായ കണ്ണാടിത്തലം അവര്‍ ശ്രദ്ധിച്ചു. ഒറ്റപ്പാലത്തെ രജിസ്റ്റര്‍ ഓഫീസില്‍വെച്ച് ഒപ്പിട്ടിറങ്ങുമ്പോള്‍ എടുത്ത കല്യാണഫോട്ടോ. സാക്ഷികളായി സുഹൃത്തുക്കള്‍ മാത്രം.

''ശരി ഞാനിറങ്ങുന്നു,'' രാഹുല്‍ പറഞ്ഞു. ''വരാന്‍ വൈകും...''
''അല്ല കൊച്ചിയില്‍ കോണ്‍ഫറന്‍സ് എന്നല്ലേ പറഞ്ഞത് ?,'' ജിഷ പുരികം വെട്ടിച്ചു. ''എന്നിട്ട് ബാഗൊന്നുമെടുക്കാതെ...''
അബദ്ധം തിരിച്ചറിഞ്ഞ രാഹുല്‍ ബാഗെടുത്ത് പടിയിറങ്ങാന്‍ തുടങ്ങുമ്പോള്‍ ജിഷയുടെ വാട്സാപ്പില്‍ ഹരീഷിന്റെ മെസ്സേജ്: പ്രിയതമ @ ഷാര്‍പ്പ് 9.30.... എഫ് 28, 29.

Content Highlight: f nirayile seattukal is a malayalam short story written by t k sankaranarayanan