'നിങ്ങള്‍ക്കു പോകാം. രാജകല്പന വശ്ത്തീരാജ്ഞി തള്ളിക്കളഞ്ഞുവെന്ന് പോയി പറയൂ,' കോപംകൊണ്ട് ജ്വലിച്ച് മുടിയിലും ദേഹത്തുമുള്ള അലങ്കാരങ്ങള്‍ പറിച്ചെറിഞ്ഞ് വശ്ത്തി കിടപ്പറയിലേക്കു പോയി. വിരുന്ന് അലങ്കോലമായി. മെഹൂമാന്‍ അല്പനേരംകൂടി കാത്തുനിന്നു. പ്രഭ്വിമാര്‍ ഓരോരുത്തരായി വിരുന്നുശാല വിട്ടു പോയി. ഒടുവില്‍ വീഞ്ഞുവീഴ്ത്തുകാരികളും മറ്റു ദാസിമാരും ബാക്കിയായി.
'രാജാവ് മഹാനാണെങ്കില്‍ രാജ്ഞി മഹതിയാണ്,' മേദ്യയിലെ റാണിയുടെ ഒന്നാം ദാസിയായ അങ്കാറ പറഞ്ഞു.

'അഹശ്വേറോസ് രാജാവ് സ്വന്തം അന്തസ്സു നശിപ്പിച്ചു,' വീഞ്ഞുവീഴ്ത്തുകാരികളിലൊരാള്‍ സ്വകാര്യമായി പറയുകയും ബാക്കി ഇരുപത്തിയൊന്‍പതു പേരും ചെവിയില്‍നിന്ന് ചെവിയിലേക്ക് അതു പകരുകയും ചെയ്തു.
'പതുക്കെ,' ഒരു ദാസി താക്കീതു ചെയ്തു.
'രാജാവും റാണിയും വേറെ വേറെ കാര്യങ്ങളാണ്, അത് അധികാരത്തിന്റെ പ്രശ്നമാണ്.'
'കീഴടക്കലിന്റെയും.'
അവര്‍ അതിവേഗത്തില്‍ വിരുന്നുശാല വൃത്തിയാക്കി. തട്ടിമറിഞ്ഞുകിടക്കുന്ന പാനപാത്രങ്ങള്‍, വീഞ്ഞുകൊണ്ട് വരയ്ക്കപ്പെട്ട ഭൂപടങ്ങള്‍, അലങ്കോലമായ പട്ടുവിരിപ്പുകള്‍, ഭക്ഷണാവശിഷ്ടങ്ങളുടെ ചെറുകൂനകള്‍... അതിവേഗം, അതിവേഗം... സ്വര്‍ണചഷകങ്ങള്‍ തുടച്ചുണക്കി കലവറസൂക്ഷിപ്പുകാരി അവയുടെ കണക്കെടുത്തു. ഊക്കോടെയുള്ള ഏറില്‍ തെറിച്ചുപോയ അമൂല്യരത്നം പാനപാത്രത്തോടൊപ്പം വീഞ്ഞുവീഴ്ത്തുകാരികളിലൊരുവള്‍ ഇടതുകാല്‍മുട്ട് നിലത്തു കുത്തി കുനിഞ്ഞ് ആദരപൂര്‍വം എടുത്തുയര്‍ത്തി. ഊതനിറമുള്ള പട്ടുതുണിയില്‍ പൊതിഞ്ഞ് സ്വര്‍ണംകൊണ്ടുള്ള അലങ്കാരപ്പെട്ടിയില്‍ അതിനെ ഉറക്കിക്കിടത്തുമ്പോള്‍ വീഞ്ഞുവീഴ്ത്തുകാരുടെ തലവി മൂറിയ പറഞ്ഞു: 'ഒരു ധിക്കാരത്തിന്റെ ഓര്‍മയ്ക്ക്.' ബാക്കി ഇരുപത്തിയൊന്‍പതു പേരും വലതുകൈ നെഞ്ചത്തു ചേര്‍ത്ത് ആദരപൂര്‍വം പറഞ്ഞു: 'എന്നന്നേക്കും ആചരിക്കപ്പെടേണ്ടതിന്.'

വശ്ത്തീരാജ്ഞിയുടെ അന്തഃപുരം ഒരിക്കലും മൗനത്തിന്റെ വിങ്ങലറിഞ്ഞിട്ടില്ല. അതിന്റെ വിശാലമായ മുറികളിലും ഇടനാഴികളിലും നാടകശാലയിലും മധുരസംഗീതം അനുസ്യൂതം ഒഴുകിക്കൊണ്ടിരുന്നു. നര്‍ത്തകികളുടെ അരമണികള്‍ കിലുങ്ങിക്കൊണ്ടിരുന്നു. നൃത്തശാല എന്നും സജീവമായിരുന്നു. വശ്ത്തി മികച്ച വീണവായനക്കാരിയായിരുന്നു. അവര്‍ക്കു മികച്ച ഗായികമാരും വാദ്യക്കാരികളുമുണ്ടായിരുന്നു. സംഗീതപ്രമാണിയുടെ മകള്‍ വശ്ത്തിക്കു വേണ്ടി ഉത്തമങ്ങളായ പാട്ടുകളെഴുതിയിരുന്നു. അതിനു സംഗീതം കൊടുക്കാന്‍ അവള്‍ പിതാവിന്റെ സഹായം തേടി. എന്നാല്‍, ഇപ്പോള്‍ വശ്ത്തിയുടെ സാമ്രാജ്യം വിങ്ങുകയും വിറയ്ക്കുകയും ചെയ്യുന്നു. തന്റെ വിധിയെന്തെന്ന് കൃത്യമായി അറിയുന്ന വശ്ത്തി സ്വന്തം വിരല്‍ മുറിച്ച് രാജാവിനുള്ള ലേഖനമെഴുതി, 'അപമാനത്തെക്കാള്‍ അഭികാമ്യമാണ് മരണം.' അതോടെ അന്തഃപുരത്തിലെ മൗനം പൂര്‍ണമാവുകയും അത്യുഷ്ണത്താല്‍ എല്ലാവരും വിയര്‍ത്തൊഴുകാന്‍ തുടങ്ങുകയും ചെയ്തു. നിലാവ് മേഘങ്ങള്‍ക്കിടയില്‍ വഴിതെറ്റി പോയ്മറഞ്ഞു. രാത്രിമുല്ലകള്‍ വിരിയാന്‍ മറന്നു. ഇരുട്ട് അന്തഃപുരത്തെ ആഹ്ലാദത്തോടെ വിഴുങ്ങി.

അതേസമയം മെഹൂമാന്റെ അറിയിപ്പു കേട്ട് ഇരിപ്പിടത്തില്‍നിന്നും ചാടിയെണീറ്റ രാജാവിന്റെയും പ്രഭുക്കന്മാരുടെയും കോപാവേഗങ്ങളാല്‍ രാജധാനി വിറകൊള്ളാന്‍ തുടങ്ങി.

'കാലജ്ഞരേ, വിവേകമതികളേ, നീതിപാലകരേ എന്തു ചെയ്യണം? ഞാനെന്തു ചെയ്യണം?' രാജാവു ചോദിച്ചു.
പാര്‍സ്യയിലെയും മേദ്യയിലെയും ഏഴു പ്രഭുക്കന്മാര്‍ രാജാവിന് ഏറ്റവും അടുത്തവരും വിശ്വസ്തരും എപ്പോഴും രാജാവുമായി സമ്പര്‍ക്കമുള്ളവരും പ്രഥമപരിഗണനയിലുള്ളവരുമായിരുന്നു. അവരില്‍ മുഖ്യനും ഏറ്റവും പ്രായമുള്ളവനുമായ മെമൂകാന്‍ എഴുന്നേറ്റുനിന്നു: 'അഹശ്വേറോസ് രാജാവിനോടു മാത്രമല്ല, എല്ലാ പ്രവിശ്യകളിലുമുള്ള എല്ലാ പ്രഭുക്കന്മാരോടും ജനങ്ങളോടുമാണ് വശ്ത്തീരാജ്ഞി തെറ്റു ചെയ്തിരിക്കുന്നത്. രാജ്ഞിയുടെ ഈ പ്രവൃത്തി രാജ്യത്തിലെ എല്ലാ സ്ത്രീകളും ഇനിമുതല്‍ ഓരോ അവസരത്തിലും സ്വന്തം ഭര്‍ത്താക്കന്മാരോട് അവജ്ഞയോടെ പെരുമാറാനിടയാക്കും. അഹശ്വേറോസ് രാജാവ് വശ്ത്തീരാജ്ഞിയെ തന്റെ മുന്‍പാകെ കൂട്ടിക്കൊണ്ടുവരാന്‍ ആജ്ഞാപിച്ചു. എന്നാല്‍ അവള്‍ വന്നില്ല എന്നവര്‍ പറയും. പ്രഭുപത്നിമാരും രാജ്ഞിയെ അനുകരിക്കും. രാജാവിന്റെ പ്രഭുക്കന്മാര്‍ രാജാവിനെപ്പോലെതന്നെ അപമാനിതരാകും. പുച്ഛവും അമര്‍ഷവും സാര്‍വത്രികമായിത്തീരും. രാജാവിനു വിരോധമില്ലെങ്കില്‍ ഇന്നുതന്നെ ഒരു രാജകീയശാസനം പുറപ്പെടുവിക്കട്ടെ. അത് ഭേദഗതി ചെയ്തുകൂടാത്തവിധം പാര്‍സ്യന്‍ രാജ്യത്തിന്റെ നിയമാവലിയില്‍ എഴുതിച്ചേര്‍ക്കട്ടെ. അതനുസരിച്ച് വശ്ത്തീരാജ്ഞി ഇനി രാജാവിന്റെ മുന്‍പാകെ വന്നുകൂടാ. അവളെക്കാള്‍ ഉത്തമയായ ഒരുവള്‍ക്ക് അവളുടെ രാജകീയപദവി രാജാവു നല്കട്ടെ. ഈ രാജകല്പന വിളംബരം ചെയ്യുന്നതിലൂടെ എല്ലാ സ്ത്രീകളും വലിപ്പച്ചെറുപ്പമെന്യേ തങ്ങളുടെ ഭര്‍ത്താക്കന്മാരെ മാനിക്കും.' മെമൂകാന്റെ ദീര്‍ഘമായ ഉപദേശം പ്രഭുക്കന്മാര്‍ പിന്താങ്ങി. അഹശ്വേറോസിന് അതു ബോധിക്കുകയും ചെയ്തു.

കൊട്ടാരത്തിലെ എഴുത്തുകാരന്‍ ആഹ്ലാദത്തോടെ, അതിശയത്തോടെ സ്വന്തം ഭാഷയിലും ലിപിയിലുമെഴുതി: 'ഓരോ പുരുഷനും തന്റെ ഭവനത്തിന്റെ അധിപനായിരിക്കണം. അയാള്‍ പുരുഷന്റെ ഭാഷയില്‍ മാത്രം സംസാരിക്കണം.'
കൊട്ടാരം എഴുത്തുകാരന്‍ അയാളുടെ മൂന്നു ഭാര്യമാരാലും കഠിനമായി ആക്ഷേപിക്കപ്പെടുന്നവനും അപകര്‍ഷമുള്ളവനുമായിരുന്നു. അയാള്‍ തീരേ മെലിഞ്ഞും മുന്നോട്ടു വളഞ്ഞും ദുര്‍ബലനായി കാണപ്പെട്ടിരുന്നു. മൂന്നു സ്ത്രീകളിലും അയാള്‍ക്കു മക്കള്‍ ജനിച്ചിരുന്നില്ല. കിടക്കയില്‍ അയാള്‍ ഒട്ടും മികച്ചതല്ലെന്നു പറഞ്ഞ് ഭാര്യമാര്‍ കളിയാക്കിയിരുന്നു. പ്രസവിക്കാത്തതിന് അയാള്‍ സ്ത്രീകളെ കുറ്റപ്പെടുത്തുകയും വെള്ളമില്ലാത്ത കിണറുകള്‍ എന്ന് അവരെ വിളിക്കുകയും അങ്ങനെ വിളിച്ചാക്ഷേപിക്കാന്‍ തനിക്ക് അടുപ്പമുള്ളവരെ ചട്ടംകെട്ടുകയും ചെയ്തിരുന്നു. ഭാര്യമാര്‍ക്കാവട്ടെ, ഒട്ടും കൂസലുണ്ടായിരുന്നില്ല. 'നിങ്ങള്‍ക്കു പകരം മറ്റൊരാളെ ഞങ്ങളുടെ കിടക്കയിലേക്ക് പറഞ്ഞയച്ചുനോക്കൂ. പത്താംമാസം ഞങ്ങള്‍ പ്രസവിച്ചുകാണിക്കാം.'

ഇതായിരുന്നു കൊട്ടാരം എഴുത്തുകാരന്റെ ഏറ്റവും വലിയ പ്രശ്നം. തനിക്കു കിട്ടുന്ന ബഹുമതിമുദ്രകളും പണക്കിഴികളും പട്ടുശീലകളും ഭാര്യമാര്‍ക്കു സമ്മാനിച്ച് അവരെ പ്രീതിപ്പെടുത്താന്‍ അയാള്‍ ശ്രമിച്ചിരുന്നു.
'രാജാവിന്റെ കുതിരയുടെ വാല് ബഹുകേമമെന്നെഴുതിയതിനു കിട്ടിയ പൊന്‍നാണയമാണല്ലേ? കൊള്ളാം, കൊള്ളാം. ഇതുരുക്കി ആഭരണമുണ്ടാക്കാന്‍ യുവസുന്ദരനായ തട്ടാനെ ഞങ്ങള്‍ വിളിച്ചുവരുത്തും,' ഭാര്യമാര്‍ പറയും.

കവിതയെഴുതുന്നതിനെക്കാള്‍ വിഷമം ഭാര്യമാരുടെ പരിഹാസത്തിനു മറുപടി പറയലാണെന്ന് കൊട്ടാരം എഴുത്തുകാരനു ബോധ്യപ്പെട്ടിട്ടുണ്ട്. അഹശ്വേറോസിന്റെ സാമ്രാജ്യത്തിലെ നാനാതരം ഭാഷയിലും ലിപിയിലും പ്രാവീണ്യമുള്ളവനായിട്ടുപോലും അത്തരം സന്ദര്‍ഭങ്ങളില്‍ വാക്കു വറ്റിയ കവിയാകും അയാള്‍. പുതിയ രാജകല്പന എഴുതുമ്പോള്‍ വലിയ ഒരാന്തരസുഖം അയാള്‍ അനുഭവിച്ചത് അതുകൊണ്ടാണ്. വിവിധ ഭാഷകള്‍ കൂട്ടിക്കലര്‍ത്തി ഒരു പുരുഷഭാഷ ഉണ്ടാക്കാമെന്നും സകല പ്രവിശ്യകളിലെയും പുരുഷന്മാര്‍ക്ക് അത് ഉപയോഗപ്രദമാകുമെന്നും അയാള്‍ കണക്കുകൂട്ടി. അതിനുവേണ്ടി ആജ്ഞാപിക്കാനും നിന്ദിക്കാനും ആക്ഷേപിക്കാനും ഭയപ്പെടുത്താനുമുതകുന്ന വാക്കുകള്‍ അയാള്‍ ശേഖരിച്ചു. രാവും പകലും അത്തരം വാക്കുകളിന്മേല്‍ കുത്തിയിരുന്ന് അയാള്‍ പണിയെടുത്തു. സമര്‍ഥകളായ അയാളുടെ ഭാര്യമാര്‍ അതു കണ്ടുപിടിച്ചു. 'കിടക്കയില്‍ നിങ്ങളുടെ ഏറ്റവും ദാരുണമായ നിമിഷങ്ങളില്‍, പ്രണയലേശമില്ലാതെ ഞങ്ങള്‍ നിങ്ങളെ നിന്ദിക്കും. ഭയപ്പെടുത്തും. പരിഹസിക്കും. നിങ്ങള്‍ ഞങ്ങളെ അനുസരിക്കും. രാജകല്പനയ്ക്കു കിടക്കയില്‍ ഒരു കാര്യവുമുണ്ടാകില്ല.

(തുടരും)

നോവൽ മുൻ ലക്കങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlights: Esther Sarah Joseph Novel Mathrubhumi Books