ശൂശന്റെ തെരുവുകളിലൂടെ പൊടി പറപ്പിച്ചുകൊണ്ട് മൊര്‍ദെഖായിയുടെ കുതിര അതിവേഗത്തില്‍ പാഞ്ഞു. വീതിയേറിയ നിരത്തുകള്‍, ഇടുങ്ങിയ വഴികള്‍, നിമ്നോന്നതങ്ങള്‍, നദീതടങ്ങള്‍, വയലുകള്‍... എസ്തേറിന്റെ കറുത്ത മൂടുപടവും തോല്‍വാര്‍ച്ചെരിപ്പുകളും പൊടിമൂടി ചാരനിറമായി. കുതിരയുടെ വേഗം അവളുടെ ശരീരത്തെയാകെ ഉലയ്ക്കുകയും വേദനിപ്പിക്കുകയും ചെയ്തു.

'മൊര്‍ദെഖായീ, എന്നെ തിരിച്ചയയ്ക്കൂ. ഞാന്‍ നമ്മുടെ വീട്ടില്‍ സ്വസ്ഥമായി ജീവിച്ചുകൊള്ളാം. മറ്റൊന്നും എന്നെ സന്തോഷിപ്പിക്കില്ല,' അവള്‍ പറഞ്ഞു. കാറ്റടിച്ച് അവളുടെ വാക്കു ചിതറിപ്പോയി.
മൊര്‍ദെഖായിയുടെ മുഖം വലിഞ്ഞുമുറുകി. അയാള്‍ കുതിരയെ പിടിച്ചുനിര്‍ത്തി. ശൂശന്‍ രാജധാനിക്കു ചുറ്റുമുള്ള വലിയ ഒലിവുതോട്ടത്തില്‍ അവര്‍ പ്രവേശിച്ചുകഴിഞ്ഞിരുന്നു.
'നിന്റെ വസ്ത്രങ്ങളിലെയും ചെരിപ്പിലെയും പൊടി തട്ടിക്കളയൂ ഹദെസ്സാ. നിന്റെ തലമുടി അഴിച്ചിടൂ. അത് നിന്റെ കാല്‍മുട്ടും കവിഞ്ഞു കിടക്കുന്നത് എത്ര മനോഹരമായ കാഴ്ചയാണ്. യോര്‍ദാന്‍ നദിയിലെ ഓളങ്ങള്‍പോലെ നിന്റെ തലമുടിയിലും ഓളങ്ങള്‍ ഇളകിക്കൊണ്ടിരിക്കട്ടെ! സ്ത്രീകളുടെ ചുമതലക്കാരനായ ഹേഗായി എന്നു പേരുള്ള തിരുനങ്കയുടെ അടുത്തേക്കാണ് നമ്മള്‍ ആദ്യം പോകുന്നത്. അയാള്‍ സൗമ്യനും സഹൃദയനുമാണ്. അയാള്‍ക്കു നീതിബോധമുണ്ട്. എന്റെ പ്രതീക്ഷകള്‍ വളരെ വലുതാണ്. അത് സ്വാര്‍ഥഭരിതമല്ലെന്ന് നിനക്കറിയാം. നീ വാടിയ മുഖത്തോടെ നില്ക്കരുത്. വരാനുള്ളതെന്തെന്ന് യഹോവ നിശ്ചയിക്കും. ഭയപ്പെടുന്നതെന്തിന്? ഹേഗായിയുടെ സംരക്ഷണത്തില്‍ നീ ഏറ്റവും സുരക്ഷിതയായിരിക്കും.'

'മൊര്‍ദെഖായീ, നിങ്ങളെനിക്ക് പിതാവിന്റെ കരങ്ങളും മാതാവിന്റെ മടിത്തട്ടുമാണ്. നിങ്ങള്‍ക്കപ്പുറം എന്തു സുരക്ഷയാണ് എനിക്കു കിട്ടാനുള്ളത്.'മൊര്‍ദെഖായി അതിനല്ല മറുപടി പറഞ്ഞത്. 'എസ്തേര്‍, നിന്റെ മുഖം ദീപ്തമാണ്. നിന്റെ കണ്ണുകള്‍ക്കു നീലനിറവും നിന്റെ ദേഹത്തിനു വിളഞ്ഞ ഗോതമ്പിന്റെ നിറവുമാണ്. നിന്റെ തലമുടി കറുത്തുമിന്നുന്നു. നീയാകട്ടെ, മഞ്ഞുവീണ വയലിലെ പുല്‍ത്തണ്ടില്‍ വിരിഞ്ഞ ഒറ്റപ്പൂപോലെ ലാളിത്യമാര്‍ന്നവള്‍. ഹേഗായിക്ക് നിന്നെയെങ്ങനെ തള്ളിക്കളയാന്‍ പറ്റും? രാജാവിന്റെ മുന്നില്‍ നിന്നെ എത്തിക്കാന്‍ തീര്‍ച്ചയായും അയാള്‍ക്ക് ഉത്സാഹം കാണും.'

എസ്തേറിന്റെ മുഖം മങ്ങി. നിരുത്സാഹയായി അവള്‍ പറഞ്ഞു: 'എനിക്കു വേണ്ടതെന്തെന്ന് നിങ്ങള്‍ക്കു തീരുമാനിക്കാം മൊര്‍ദെഖായീ. വേദനയോടെയെങ്കിലും ഞാനതനുസരിക്കാം. അപ്പനും അമ്മയുമില്ലാത്ത എന്നെ നിങ്ങള്‍ എടുത്തുവളര്‍ത്തി. അനാഥത്വമെന്തെന്ന് ഞാനറിഞ്ഞില്ല. നിങ്ങളെന്നെ സ്നേഹിച്ചു. എന്റെ ദുഃഖം ഞാന്‍ മൂടുപടത്തിനുള്ളില്‍ മറച്ചുപിടിക്കാം.' എസ്തേറിന്റെ കണ്ണുകള്‍ നിറഞ്ഞു. മൂടുപടത്തിനുള്ളില്‍ അവളതു മറച്ചുവെച്ചു.
'എപ്പോഴും ഞാന്‍ നിന്നെ സ്നേഹിക്കും കുഞ്ഞേ,' മൊര്‍ദെഖായി അയാളുടെ കുതിരയെ തുടച്ചുമിനുക്കി, 'നിന്റെ വസ്ത്രങ്ങളിലെ പൊടി തട്ടിക്കളയൂ.'

ഉടുപ്പിനുള്ളില്‍ ഒളുപ്പിച്ചു കൊണ്ടുവന്ന തുകല്‍ച്ചട്ടയുള്ള പുസ്തകം മൊര്‍ദെഖായി കാണാതിരിക്കാന്‍ അവള്‍ ശ്രദ്ധിച്ചു. ഒലിവുതോട്ടത്തിന്റെ അതിര്‍ത്തി കടന്ന് വിശാലമായ രാജപാതയിലേക്കു പ്രവേശിച്ചപ്പോള്‍ എസ്തേറിന് അദ്ഭുതം തോന്നി. വൃത്തിയുള്ളതും വലിയ തണല്‍മരങ്ങള്‍കൊണ്ട് അതിരിട്ടതുമായ രാജപാതയുടെ ഓരങ്ങളില്‍ ധാരാളം പൂത്തടങ്ങളും പുല്‍ത്തട്ടുകളുമുണ്ടായിരുന്നു. എല്ലായിടത്തും പല നിറങ്ങളിലുള്ള പനിനീര്‍പ്പൂക്കള്‍ വിരിഞ്ഞുനിന്നു. കാറ്റ് ഹൃദ്യമായിരുന്നു. അങ്ങിങ്ങു ഗംഭീരങ്ങളായ പ്രതിമകളും വള്ളിക്കുടിലുകള്‍ക്കു താഴേ ശിലാപീഠങ്ങളുമുണ്ടായിരുന്നു. അന്തസ്സായി വേഷം ധരിച്ച പുരുഷന്മാരും സ്ത്രീകളും ആരെയും ശ്രദ്ധിക്കാതെ അങ്ങോട്ടുമിങ്ങോട്ടും പൊയ്ക്കൊണ്ടിരുന്നു. രാജധാനിയോടടുക്കുംതോറും തെരുവില്‍ ഗായകസംഘങ്ങളെ കാണാന്‍ തുടങ്ങി. അവരുടെ കൈയില്‍ തപ്പും കിന്നരവും വീണയും ഇലത്താളവുമുണ്ടായിരുന്നു. മൊര്‍ദെഖായി നെഞ്ചുവിരിച്ച് തലയുയര്‍ത്തിപ്പിടിച്ചാണ് കുതിരപ്പുറത്തിരുന്നത്. എസ്തേറിന്റെ ഹൃദയമിടിപ്പുകള്‍ പെരുകി. കണ്ണുനീര്‍ വീണ് മൂടുപടം നനയുകയും ചെയ്തു.

പ്രധാനകവാടത്തില്‍നിന്ന് അനേകം പടികള്‍ കയറിവേണം രാജധാനിയിലേക്കെത്താന്‍. പ്രധാന കവാടത്തിലെ കൂറ്റന്‍ സ്തംഭങ്ങള്‍ എസ്തേറിനെ അദ്ഭുതപ്പെടുത്തി. അതിന് ആകാശം മുട്ടുന്ന ഉയരവും നാലാള്‍ പിടിച്ചാല്‍ പിടിയെത്താത്തത്ര വണ്ണവും ഉണ്ടായിരുന്നു. അതിന്മേല്‍ ഒട്ടനേകം കൊത്തുപണികള്‍ ചെയ്തിരുന്നു. സ്തംഭങ്ങളുടെ തലപ്പത്ത് കാളകളുടെയും കുതിരകളുടെയും മുഖങ്ങള്‍ കൊത്തിവെച്ചിരുന്നു. പടികളുടെ വശങ്ങളിലെ ചുവരുകളില്‍ അങ്ങേയറ്റത്തോളം പാര്‍സ്യന്‍ ശില്പകലയുടെ അതുല്യഭംഗിയുള്ള കലാരൂപങ്ങള്‍ കൊത്തിവെച്ചിരുന്നു. പടി കയറിച്ചെന്നത് അതിവിശാലമായ ഒരു നടപ്പാതയിലേക്കാണ്. അതിനിരുവശവും വിസ്തൃതമായി പരന്നുകിടക്കുന്ന രാജകീയോദ്യാനമാണ്. മരങ്ങള്‍ ഉദാരമായി പൂക്കാലമാഘോഷിക്കുന്നു. താഴേയും പല നിറങ്ങളിലുള്ള പൂക്കളുടെ മഹോത്സവം. അത്തരമൊരു കാഴ്ച എസ്തേറിനെ സന്തോഷിപ്പിക്കേണ്ടതിനു പകരം ദുഃഖിപ്പിക്കുകയാണ് ചെയ്തത്. ഓരോ പൂവും എന്നെ ദുഃഖിപ്പിക്കുന്നു, അവള്‍ വിചാരിച്ചു.

ഹേഗായിയുടെ ഭവനത്തിനു മുന്‍പില്‍ അതിസുന്ദരികളായ അനേകം യുവതികള്‍ ഊഴം കാത്തു നിന്നിരുന്നു. അവരിലൊരുത്തിയായി സ്വന്തം അവസരം വരുന്നതുവരെ കാത്തുനില്ക്കാന്‍ മൊര്‍ദെഖായി ഉപദേശിച്ചപ്പോള്‍ എസ്തേര്‍ നടുങ്ങിപ്പോയി. എന്തിനുള്ള ഊഴം? അന്നോളമുണ്ടായിരുന്ന ജീവിതം ഇവിടെ അവസാനിക്കുകയാണെന്ന് അവള്‍ക്കു തോന്നി. 'ഹദെസ്സാ, മറക്കരുത്. നിന്റെ കുലമോ വംശമോ ഒരാളോടും വെളിപ്പെടുത്തരുത്. സ്വജനങ്ങളും മിത്രങ്ങളും ചാര്‍ച്ചക്കാരും ആരെന്ന് പറയരുത്. ഞാന്‍ ഇവിടെയൊക്കെത്തന്നെ ഉണ്ടാകും. നിന്റെ നന്മയ്ക്കുവേണ്ടി മാത്രമേ ഞാന്‍ പ്രവര്‍ത്തിക്കൂ,' മൊര്‍ദെഖായി ഓര്‍മിപ്പിച്ചു. എസ്തേറിന്റെ കരച്ചില്‍ അയാള്‍ കാണാനിടയായില്ല.

'ഇതിനു മുന്‍പ് ഞാന്‍ അറുപതു പേരെ എത്തിച്ചിരിക്കുന്നു. ഇവള്‍ അറുപത്തൊന്നാമത്തേത്,' മൊര്‍ദെഖായി ഹേഗായിയോടു പറഞ്ഞു. വരവുപുസ്തകത്തില്‍ അയാളുടെ കണക്കെഴുതിച്ചേര്‍ക്കുകയും പ്രതിഫലത്തിനു ചീട്ടു കൊടുക്കുകയും ചെയ്തശേഷം ഹേഗായി എസ്തേറിന്റെ അടുത്തു വന്നു. 'പെണ്‍കുട്ടീ, നിന്റെ മൂടുപടം മാറ്റൂ,' അയാള്‍ കല്പിച്ചു. വിറയ്ക്കുന്ന കൈകള്‍കൊണ്ട് എസ്തേര്‍ മൂടുപടമുയര്‍ത്തി. ഗോതമ്പുചെടികള്‍ക്കിടയില്‍ ലില്ലിപ്പൂവെന്നോണം ഹേഗായി അവളെ കണ്ടു. അവളുടെ നനഞ്ഞ കണ്ണുകളും ചകിതഭാവവും അയാള്‍ക്കവളോട് ദയ തോന്നാന്‍ കാരണമായി. അല്പംപോലും ആ പെണ്‍കുട്ടിയെ കാത്തുനിര്‍ത്തരുതെന്ന് അയാള്‍ വിചാരിച്ചു.

esther
വര: ദ്വിജിത്ത്

എസ്തേറിന്റെ പരിചരണത്തിനായി ഏറ്റവും സമര്‍ഥകളായ ഏഴു ദാസിമാരെ ഹേഗായി അനുവദിച്ചു. അവര്‍വശം അവളുടെ ശുദ്ധീകരണത്തിനാവശ്യമായ വസ്തുക്കളും അതിവേഗം കൊടുത്തയച്ചു. അവള്‍ക്കുവേണ്ടി അന്തഃപുരത്തിലെ ഏറ്റവും നല്ല ഒരിടം-വിശാലമായ മുറികളും വീതിയുള്ള വരാന്തകളും പൂന്തോട്ടവും നീന്തല്‍ക്കുളവുമുള്ളത്-അനുവദിച്ചുകൊടുത്തു. പൂന്തോട്ടത്തില്‍ വള്ളിക്കുടിലുകളും അവകളില്‍ തൂക്കുമഞ്ചങ്ങളുമുണ്ടായിരുന്നു. തണല്‍മരങ്ങളും പൂത്തടങ്ങളുമുള്ള ഉദ്യാനത്തിലെ കാറ്റ് നേര്‍ത്തതും സുഗന്ധപൂര്‍ണവുമായിരുന്നു. ഈ വിവരങ്ങള്‍ മൊര്‍ദെഖായിക്കു കൈമാറിയത് തിരുനങ്കകളുടെ തലവിയും വൃദ്ധയുമായ താമാര്‍ ആയിരുന്നു. അവള്‍ അയാളുടെ ഉത്കണ്ഠയും വേവലാതിയും തിരിച്ചറിഞ്ഞു. അവളോട് ആര്‍ക്കും വാത്സല്യം തോന്നുമെന്ന് താമാര്‍ സമാധാനിപ്പിച്ചു. സൗന്ദര്യംകൊണ്ടു മാത്രമല്ല, അവള്‍ ഒരു കുഞ്ഞിനെപ്പോലെ ചിരിക്കുന്നതുകൊണ്ടും കൂടിയാണത്. കുഞ്ഞുങ്ങള്‍ ചിരിക്കുമ്പോള്‍ ലോകം കൂടെ ചിരിക്കുമല്ലോ.

എന്നിട്ടും അവള്‍ക്കെന്താണ് സംഭവിക്കുന്നതെന്നറിയാനുള്ള ഉത്കണ്ഠയോടെ മൊര്‍ദെഖായി അന്തഃപുരത്തിനു പുറത്ത് അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരുന്നു.
'നീ പോയി രാജാവിന്റെ വാതില്ക്കല്‍ ഇരിക്ക്. അതാണല്ലോ നിന്റെ പണി. നീ കൊണ്ടുവന്ന പെണ്‍കുട്ടിയുടെ ഭാഗ്യം തെളിഞ്ഞിട്ടുണ്ട് എന്നുറപ്പിച്ചോ. എന്താണവളുടെ പേരിന്റെ അര്‍ഥം? 'ഉദയതാര'മെന്നോ?' താമാര്‍ ചോദിച്ചു.

'അല്ല, എസ്തേര്‍ എന്നാല്‍ കിഴക്കിന്റെ നക്ഷത്രമെന്നാണര്‍ഥം,' മൊര്‍ദെഖായി വിനീതമായി പറഞ്ഞു. ഹീബ്രൂഭാഷയില്‍ 'പരിമളസസ്യം' എന്നര്‍ഥമുള്ള ഹദെസ്സാ എന്ന യഥാര്‍ഥപേര് അയാള്‍ പറഞ്ഞില്ല.
 'പന്ത്രണ്ടു മാസം അവള്‍ക്കു ശുചീകരണകാലമായിരിക്കും. അവള്‍ക്കു മാത്രമല്ല, തിരഞ്ഞെടുക്കപ്പെട്ട പെണ്‍കുട്ടികള്‍ക്കു മുഴുവന്‍. ആറു മാസം മൂര്‍ത്തൈലം തേച്ച് പനിനീര്‍വെള്ളത്തില്‍ അവളെ കുളിപ്പിക്കും. അതോടെ അവളുടെ ദേഹം പൂവുപോലെ മൃദുലമാകും. ചര്‍മം മിനുസമേറിയതാവും. നിറം മിന്നിത്തിളങ്ങും. അടുത്ത ആറുമാസം സുഗന്ധവര്‍ഗങ്ങളുടെയും പരിമളലേപനങ്ങളുടെയും കാലമാണ്. ഒരു കൊല്ലം തികയുമ്പോള്‍ കൂടുപൊട്ടിച്ച് പുറത്തുവരുന്ന വര്‍ണശലഭംപോലെ നീ അവളെ തിരിച്ചറിയില്ല. നീ കൊണ്ടുവന്നത് ഒരു പുഴുവിനെയായിരുന്നോ എന്ന് നീ സംശയിക്കും. അതുകൊണ്ട് പോ, പോയി സ്വന്തം ജോലി ചെയ്യ്.'

തത്കാലം സ്ഥലം വിട്ടെങ്കിലും പിറ്റേന്ന് അതിരാവിലെത്തന്നെ മൊര്‍ദെഖായി അന്തഃപുരത്തിനു പുറത്തെത്തി.
ആദ്യത്തെ ദിവസം ദാസിമാര്‍ എസ്തേറിനെ വിശ്രമിക്കാന്‍ അനുവദിച്ചു. യാത്രാക്ഷീണംമൂലം അവള്‍ പെട്ടെന്ന് ഉറങ്ങിപ്പോകുമെന്ന് അവര്‍ കരുതി. രാജകീയമായ പട്ടുമെത്തയ്ക്കിരുവശത്തും ഇരുന്ന് അവര്‍ അവളെ വീശിയുറക്കാന്‍ ശ്രമിച്ചു. അതിവിശാലമായ കിടപ്പുമുറിയോ മൃദുവായ കിടക്കയോ മുറിക്കകത്തെ ആഡംബരവസ്തുക്കളോ സുഗന്ധമുള്ള വിശറിക്കാറ്റോ ഉറക്കം കൊണ്ടുവരില്ലെന്ന് എസ്തേര്‍ മനസ്സിലാക്കി. 'എന്നെ തനിയേ വിടൂ,' അവള്‍ അപേക്ഷിച്ചു. ദാസിമാര്‍ അതു ചെവിക്കൊണ്ടില്ല. 'നിങ്ങള്‍ക്കുറക്കം വരുന്നില്ലേ? രണ്ടു പേര്‍ ഇരുവശത്തുമിരുന്ന് എന്നെ ഇങ്ങനെ തുറിച്ചുനോക്കിയാല്‍ എനിക്കുറക്കം വരില്ല. ദയവായി പോയിക്കിടന്നുറങ്ങൂ.'

'പ്രിയപ്പെട്ട എസ്തേര്‍, ഞങ്ങള്‍ അങ്ങനെ ചെയ്യില്ല. ഇതു ഞങ്ങളുടെ ജോലിയാണ്. ഒരുപക്ഷേ, വശ്ത്തീരാജ്ഞിക്കു പകരം നീ തിരഞ്ഞെടുക്കപ്പെട്ടേക്കാം. ഇന്നു ഞങ്ങള്‍ കാണിക്കുന്ന ശ്രദ്ധക്കുറവിന് അന്ന് പലിശസഹിതം ഞങ്ങള്‍ കടംവീട്ടേണ്ടിവരില്ലേ?'
എസ്തേറിനു കരച്ചില്‍ വന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞു. പ്രഭാതത്തിലെ ആദ്യകിരണം വന്നുവീഴുന്ന തന്റെ കിടക്കയും പുക മണക്കുന്ന ഇടുങ്ങിയ മുറിയും അവളോര്‍ത്തു. നിറം കെട്ടതെങ്കിലും എല്ലാം എത്ര പ്രിയപ്പെട്ടതായിരുന്നു! വസ്ത്രങ്ങള്‍ വെക്കാന്‍ അവള്‍ക്കൊരു മരപ്പെട്ടിയുണ്ടായിരുന്നു. മോതിരങ്ങള്‍ ഇട്ടുവെക്കാന്‍ ഒരു കൊച്ചു വെള്ളിയളുക്കും. മഞ്ഞുകാലത്ത് വിറകുകത്തിക്കാന്‍ മുറിയുടെ നടുവില്‍ ഒരടുപ്പുണ്ടായിരുന്നു. അതിനു മീതേ കടിച്ചുകീറാന്‍ നില്ക്കുന്ന ഒരു ചെന്നായയുടെയും അതിന്റെ ശിരസ്സില്‍ കൈവെച്ചു നില്ക്കുന്ന ശൗല്‍ രാജാവിന്റെയും ശില്പം വെച്ചിട്ടുണ്ട്. ചെമ്പുകൊണ്ടുണ്ടാക്കിയ ശില്പമായിരുന്നു അത്. കുട്ടിയായ എസ്തേര്‍ ചെന്നായയെ കണ്ടു പേടിക്കുകയും ശൗലിന്റെ അഭൗമമായ സൗന്ദര്യത്തില്‍ മതിമറക്കുകയും ചെയ്തിട്ടുണ്ട്. ബെന്യമീന്‍ ഗോത്രത്തില്‍പ്പെട്ടവനാണ് മൊര്‍ദെഖായി. ശൗലും അതേ ഗോത്രക്കാരന്‍തന്നെ. യാക്കോബിന്റെ പന്ത്രണ്ടു മക്കളില്‍ ഇളയവനായ ബെന്യമീനെ 'അവന്‍ കടിച്ചുകീറുന്ന ചെന്നായ' എന്ന് യാക്കോബ് വിശേഷിപ്പിച്ചിട്ടുണ്ടെന്ന് മൊര്‍ദെഖായി അവള്‍ക്കു പറഞ്ഞുകൊടുത്തു. എന്നാല്‍, അപ്പനിട്ട പേരിനെക്കാള്‍ അമ്മ വിളിച്ച 'ബെനോനി' എന്ന പേരാണ് എസ്തേറിന്റെ ഹൃദയത്തെ സ്പര്‍ശിച്ചത്. അവന്റെ അമ്മ റാഹേല്‍ അവനെ പ്രസവിച്ചതോടെ മരിച്ചുപോയി. മരിക്കുമെന്നുറപ്പായതിനാല്‍ റാഹേല്‍ ഗര്‍ഭത്തിലേ കുഞ്ഞിനെ ബെനോനി എന്നു വിളിച്ചു. 'ദുഃഖപുത്രന്‍' എന്നാണ് ആ പേരിന്റെ അര്‍ഥമെന്ന് മൊര്‍ദെഖായി പറഞ്ഞു. ബെന്യമീന്‍ എന്ന പേരിന് 'വലങ്കൈയുടെ പുത്രന്‍' എന്നാണ് അര്‍ഥം. 'അവര്‍ ദുഃഖപുത്രന്മാരല്ല. ശരിക്കും കടിച്ചുകീറുന്ന ചെന്നായ്ക്കള്‍തന്നെ.' ബെന്യമീന്‍ ഗോത്രക്കാരുടെ ശക്തിയെയും വീറിനെയും യുദ്ധതന്ത്രജ്ഞതയെയും പറ്റി മൊര്‍ദെഖായി അഭിമാനത്തോടെ പറയാറുണ്ട്. യഹൂദരുടെ ആദ്യത്തെ രാജാവാണ് ചെന്നായയുടെ ശിരസ്സില്‍ കൈവെച്ചു നില്ക്കുന്ന ശൗല്‍ രാജാവ്. ശീതകാലത്ത് അടുപ്പു കത്തുമ്പോഴൊക്കെ ചെമ്പുകൊണ്ടുണ്ടാക്കിയ ആ പ്രതിമ ചുവന്നുതിളങ്ങുമായിരുന്നു. പ്രത്യേകിച്ചും ചെന്നായുടെ പല്ലുകളും ശൗലിന്റെ നീണ്ടുയര്‍ന്ന നാസികയും. പാര്‍സ്യന്‍ ശില്പവേലയുടെ അനുപമസൗന്ദര്യമുള്ള മുറിക്കകത്തെ എല്ലാ ശില്പങ്ങള്‍ക്കും പകരം ആ ചെമ്പുശില്പം കിട്ടിയിരുന്നെങ്കിലെന്ന് എസ്തേര്‍ ആഗ്രഹിച്ചു. അതിനുവേണ്ടി അവള്‍ കരഞ്ഞു. അവള്‍ കരയുന്നതു കണ്ട് ദാസിമാര്‍ക്കു പരിഭ്രമമായി. വിശറി താഴേ വെച്ച് നിശ്ശബ്ദരായി അവര്‍ മുറിയില്‍നിന്നും പുറത്തേക്കു പോയി. അന്തഃപുരത്തിന്റെ കൂറ്റന്‍വാതില്‍ നിരവധി കൊത്തുപണികളോടുകൂടിയതായിരുന്നു. അതിന്റെ സാക്ഷ വളരെ ഉയരത്തിലായിരുന്നു. ബലമേറിയ ഒരു ഉരുക്കുദണ്ഡുകൊണ്ട് അതിനെ ഉറപ്പിച്ചിരുന്നു. അടിയില്‍നിന്ന് ഉയര്‍ത്തിയാല്‍ മാത്രം നീക്കാന്‍ കഴിയുന്ന ചെറിയ സാക്ഷയോടുകൂടിയ സ്വന്തം വീടിന്റെ പടിപ്പുരവാതിലിനു മുന്നില്‍ പല തവണ പകച്ചുനിന്നിട്ടുള്ളത് എസ്തേര്‍ ഓര്‍ത്തു. തിരിച്ചുപോകാന്‍ കഴിഞ്ഞാല്‍ ഒരിക്കലും സാക്ഷയുടെ രഹസ്യം അവള്‍ മറക്കില്ല. വാതില്‍ തുറക്കുമ്പോള്‍ കടുത്ത ചൂടിനോടൊപ്പം മുഖത്തു വന്നടിക്കുന്ന കുതിരച്ചാണകത്തിന്റെ പൊടി കലര്‍ന്ന വേനല്‍ക്കാറ്റിനെ അവള്‍ വെറുക്കില്ല. വിയര്‍ത്ത നെറ്റിയും കഴുത്തും പുറവുമായി തെരുവില്‍ കളിച്ചുതിമിര്‍ക്കുന്ന കുട്ടികളെ അവഗണിച്ചുകൊണ്ട് കടന്നുപോകില്ല... പക്ഷേ, തിരിച്ചുപോക്ക് അസാധ്യമാണെന്ന് അവള്‍ക്കു സൂചനകള്‍ കിട്ടുന്നുണ്ടായിരുന്നു.

(ശേഷം നാളെ)

എസ്തേർ മുൻലക്കങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlights: Esther Novel Sarah Joseph Fiction Mathrubhumi Books