'ഒരു ദിവസം ഹേഗായി നിന്നെ രാജാവിന്റെ കിടപ്പറയിലേക്കു കൂട്ടിക്കൊണ്ടു പോകും. സന്ധ്യാസമയത്തു ചെല്ലുകയും പ്രഭാതത്തില്‍ മടങ്ങുകയും വേണം. പിന്നെ നീ പാര്‍ക്കുക ഇവിടെയല്ല, രാജാവിന്റെ വെപ്പാട്ടികളുടെ അന്തഃപുരത്തിലായിരിക്കും. ശയസ്ഗസ് എന്നു പേരുള്ള തിരുനങ്കയാണ് രണ്ടാം അന്തഃപുരത്തിന്റെ മേല്‍നോട്ടക്കാരന്‍. അയാള്‍ ഇത്തിരി കടുകട്ടിയാണ്,' ദാസിമാര്‍ അവളോടു പറഞ്ഞു. 'ജീവിതകാലം മുഴുവന്‍ സുഭിക്ഷമായി തിന്നും കുടിച്ചും അവിടെ കഴിയാം. രാജാവിനു മോഹം തോന്നി പേരെടുത്തു വിളിപ്പിച്ചാലല്ലാതെ പിന്നീടൊരിക്കലും രാജാവിന്റെ അടുത്തു ചെല്ലാന്‍ കഴിയില്ല. ജീവിതകാലം മുഴുവന്‍ തിരുനങ്കകളുടെ പാലനത്തിന്‍കീഴില്‍ മറ്റൊരു ലോകമോ ബന്ധമോ ഇല്ലാതെ ജീവിതം ഇഴഞ്ഞുനീങ്ങും. ഒന്നുകില്‍ മഹാറാണി അല്ലെങ്കില്‍ വെപ്പാട്ടി,' അവളുടെ ഭാവി ദാസിമാര്‍ അങ്ങനെ പ്രവചിച്ചു.

മൊര്‍ദെഖായി ഇതൊന്നും മനസ്സിലാക്കിയിട്ടില്ലെന്നോ? ഒരുവള്‍ക്കേ റാണിയാകാന്‍ കഴിയൂ. ആ ഒരുവള്‍ എസ്തേര്‍ അല്ലെങ്കില്‍ പിന്നെ എസ്തേറിന്റെ ജീവിതം എന്തെന്ന് മൊര്‍ദെഖായി ചിന്തിച്ചില്ലേ? കൈകാലുകള്‍ കൂട്ടിക്കെട്ടി വലതുകണ്ണു ചൂഴ്ന്നെടുത്ത് ചെന്നായ്ക്കള്‍ക്കിടയിലേക്കു വലിച്ചെറിയപ്പെട്ട ബാലികയെപ്പോലെ എസ്തേര്‍ തന്നെ വിലയിരുത്തി. ഉടുപ്പിനുള്ളില്‍ ഒളിപ്പിച്ചുവെച്ചിരുന്ന തുകല്‍ച്ചട്ടയുള്ള പുസ്തകമെടുത്ത് എന്തെങ്കിലുമെഴുതാന്‍ അവള്‍ ആഗ്രഹിച്ചു. മഷിയും തൂവലുമില്ലാത്തതിനാല്‍ അവള്‍ പിന്നെയും കരയാന്‍ തുടങ്ങി. വിശാലമായ കിടപ്പറയുടെ ഒരു ചുവരറ്റത്തുനിന്ന് മറ്റേ ചുവരറ്റംവരെ നടന്ന് അവള്‍ സമയം കഴിച്ചുകൂട്ടി. രാവിലെ ദാസിമാരോട് ആദ്യം ആവശ്യപ്പെടുക തൂവലും മഷിയുമാണെന്ന് അവള്‍ തീരുമാനിച്ചു. എന്നാല്‍, തന്റെ പുസ്തകം അവള്‍ അവരില്‍ നിന്നും മറച്ചുപിടിക്കും. അത് അവളുടെ രഹസ്യങ്ങളുടെ തുറുങ്കാണ്. ഇരുട്ടാണ് അതിന് അഭികാമ്യം. ചോര മണക്കുന്ന താളുകളാണ് അതിന്റെത്. അവള്‍ ഹീബ്രൂഭാഷയില്‍ എഴുതിക്കൊണ്ടിരിക്കുന്നുവെന്നു കണ്ടാല്‍ അവളുടെ വംശവും കുലവും വെളിപ്പെടുത്തപ്പെടും. അത് അപകടകരമായിരിക്കുമെന്ന് മൊര്‍ദെഖായി പറഞ്ഞിട്ടുണ്ട്. മൊര്‍ദെഖായിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍വേണ്ടി മൂടുപടത്തിനുള്ളില്‍ അവളുടെ പുസ്തകം മറഞ്ഞുകിടക്കണം.
പ്രഭാതത്തില്‍ ഏഴു ദാസിമാര്‍ കൈകളില്‍ തൈലഭരണികളും സുഗന്ധവസ്തുക്കളും ലേപനങ്ങളുമടങ്ങിയ വെള്ളിത്തട്ടുകളുമായി കടന്നുവരുമ്പോള്‍ എസ്തേര്‍ ഒരു പീഠത്തിന്മേല്‍ തല ചായ്ച്ചുവെച്ച് മയങ്ങുകയായിരുന്നു. ജാലകമറകള്‍ക്കിടയിലൂടെ കടന്നുവരുന്ന വെളിച്ചത്തില്‍ മനോഹരമായ ഒരു ചിത്രംപോലെ ആ ദൃശ്യം അവര്‍ക്കനുഭവപ്പെട്ടു.

'എത്ര ഓമനയായ കുട്ടി! പതിനാറോ പതിനേഴോ ഇവളുടെ പ്രായം?'
'നീലയോ കറുപ്പോ ഈ തലമുടി!'
'സൂക്ഷിച്ചുനോക്കൂ, അവളുടെ ഇടതൂര്‍ന്ന ഇമകളില്‍ കണ്ണീര്‍ത്തുള്ളികളുണ്ട്.'
'അവള്‍ കിടന്നിട്ടില്ല. കിടക്കയിലെ വിരിപ്പുകള്‍ നമ്മള്‍ വിരിച്ചിട്ടതുപോലെതന്നെ കിടക്കുന്നു. തൂവല്‍ത്തലയിണകള്‍ക്ക് ഒരു സ്ഥാനചലനവുമില്ല.'
'ഒരുപക്ഷേ, മൊര്‍ദെഖായി അവളെ സ്വന്തം വീട്ടില്‍നിന്ന് ബലമായി പിടിച്ചുകൊണ്ടുവന്നതായിരിക്കും.'
'അയാള്‍ക്കതിനു നല്ല പ്രതിഫലം കിട്ടിക്കാണും.'
അവര്‍ എസ്തേറിനെ ഉണര്‍ത്തി. 'ഇന്നുമുതല്‍ ബാലികേ, നിന്റെ ദിനചര്യകള്‍ മാറുകയാണ്. ഇതുവരെ ഉണര്‍ന്നതുപോലെയല്ല ഇനി നീ ഉണരുക. ഇതുവരെ ജീവിച്ച ജീവിതം മറന്നുകളയൂ.'
അവര്‍ അവളെ സ്നാനമുറിയിലേക്കു കൊണ്ടുപോയി. വലിയ കുളിത്തൊട്ടികളോടുകൂടി വിശാലമായിരുന്നു സ്നാനമുറി. ഹൃദ്യമായ സുഗന്ധമുള്ളതും നാലു വശത്തുനിന്നും വെളിച്ചം വീഴുന്നതുമായിരുന്നു അത്. ദാസിമാര്‍ അവളുടെ വസ്ത്രങ്ങളില്‍ തൊട്ടു. എസ്തേര്‍ പിടഞ്ഞു പിന്മാറി.
'പേടിക്കുന്നതെന്തിനാണ് എസ്തേര്‍? ഇനിയുള്ള പന്ത്രണ്ടു മാസം നിനക്കു ശുചീകരണത്തിനുള്ളതാണ്. ആദ്യത്തെ ആറുമാസം മൂര്‍ത്തൈലം തേപ്പിച്ച് ഞങ്ങള്‍ നിന്റെ ശിരസ്സും ദേഹവും തിരുമ്മും. കുളിത്തൊട്ടിയിലെ പനിനീര്‍വാസനയുള്ള വെള്ളത്തില്‍ കിടത്തി നിന്നെ കുളിപ്പിക്കും. നിന്റെ ശരീരത്തിന്റെ ഓരോ അംശവും രാജാവിനു ഹിതകരമാകുംവിധം ഒരുക്കിയെടുക്കുകയെന്നതാണ് ഞങ്ങളുടെ ജോലി. അതിനു വേണ്ട പരിശീലനം നേടിയവരാണ് ഞങ്ങള്‍. നിന്റെ ആഹാരം, വസ്ത്രം, വിശ്രമം, വിനോദം, ഉറക്കം എല്ലാം ഇനി ഞങ്ങള്‍ പറയുംപോലെ ആയിരിക്കും...'

esther
വര: ദ്വിജിത്ത്‌

അവര്‍ എസ്തേറിന്റെ മേലങ്കിയും ഉടുപ്പും അഴിച്ചു. പക്ഷിയുടെ അടിവയറ്റിലെ കുഞ്ഞുതൂവലുകള്‍പോലെ മൃദുലമായ അടിയുടുപ്പില്‍ കൈവെച്ചപ്പോള്‍ എസ്തേര്‍ എതിര്‍ത്തു. ദാസിമാര്‍ ഏഴുപേരും അവള്‍ക്കു ചുറ്റും നിന്ന് കളിയാക്കി ചിരിച്ചു. ലാളിച്ചും ബലം പ്രയോഗിച്ചും അവര്‍ അവളുടെ അടിവസ്ത്രങ്ങള്‍ അഴിച്ചുമാറ്റി. സ്നാനഗൃഹത്തിന്റെ നടുവില്‍ നാലുപാടുനിന്ന് സൂര്യരശ്മികള്‍ വന്നുവീഴുന്ന വൃത്താകൃതിയിലുള്ള ശിലാപീഠത്തിന്മേല്‍ പൂര്‍ണനഗ്‌നയായി എസ്തേര്‍ നിന്നു. അവളുടെ ആകാരവടിവ് ദാസിമാരെ അദ്ഭുതപ്പെടുത്തി. പാര്‍സ്യന്‍ രാജധാനിയില്‍ ഒരിടത്തും ഇതുപോലെ തികവുറ്റൊരു ശില്പം അവര്‍ കണ്ടിട്ടില്ല.

'ഇവള്‍ക്കുവേണ്ടി യാതൊന്നും ചെയ്യേണ്ടതില്ലല്ലോ?' മുതിര്‍ന്ന ദാസി പിറുപിറുത്തു.
'അത്രയ്ക്കു പൂര്‍ണതയോടെ അവളെ സൃഷ്ടിച്ചിരിക്കുന്നു. ഒന്നും അധികമല്ല. ഒന്നും കുറവുമല്ല,' മറ്റൊരുവള്‍ പറഞ്ഞു.
സ്നാനഗൃഹത്തില്‍നിന്ന് പുറത്തു കടക്കുമ്പോള്‍ എസ്തേര്‍ ക്ഷീണിച്ചുപോയിരുന്നു. തന്നില്‍നിന്നുതിരുന്ന മൂര്‍ത്തൈലത്തിന്റെയും പനിനീരിന്റെയും സുഗന്ധം പ്രിയപ്പെട്ടതായി തോന്നിയെങ്കിലും അവള്‍ കരയുകയായിരുന്നു. അപ്പോഴും നനഞ്ഞ തലമുടിയില്‍ തങ്ങിനില്ക്കുന്ന സുഗന്ധവര്‍ഗങ്ങളുടെ പുകമണം അവള്‍ ആസ്വദിച്ചു. ജീവിതത്തിലിതുവരെ അവള്‍ ധരിച്ചിട്ടില്ലാത്തതരം മൃദുവായ വസ്ത്രങ്ങളാണ് അവരവളെ ധരിപ്പിച്ചത്. അവളുടെ പഴയ വസ്ത്രങ്ങള്‍ ഒരു ദാസി എടുത്തുകൊണ്ടുപോയി.
'അതു നശിപ്പിക്കരുത്,' അവള്‍ പറഞ്ഞു.
'ഇനി നിനക്കിത് വേണ്ടിവരില്ല എസ്തേര്‍,' ദാസി പറഞ്ഞു.
'വേണ്ടിവരും. അതെന്റെ ഭൂതകാലമാണ്.'
'ഭൂതകാലത്തിലേക്ക് നിനക്കിനി തിരിച്ചുനടക്കാനാവില്ല.'
കൈവിട്ടുപോകുന്നത് ഏറ്റവും പ്രിയങ്കരമായതെന്ന് എസ്തേര്‍ അസ്വസ്ഥയായി. ഉടുത്തിരിക്കുന്ന മിനുസമേറിയ വസ്ത്രത്തിന്മേല്‍ തലോടിക്കൊണ്ട് അവള്‍ നെടുവീര്‍പ്പിട്ടു. ദാസിമാര്‍ മുറി വിട്ടു പോകുമ്പോള്‍ അവള്‍ ചോദിച്ചു: 'എനിക്കൊരു പാത്രം മഷിയും തൂവലും തരുമോ?'
'എന്തിന്?'
എസ്തേര്‍ അതിനു മറുപടി പറഞ്ഞില്ല.
'അന്തഃപുരത്തിലെ ഒരു വിവരവും പുറംലോകത്തെ അറിയിക്കാന്‍ നിനക്കനുവാദമില്ല.'
വീര്‍പ്പുമുട്ടലോടെ എസ്തേര്‍ ജനാലയ്ക്കരികിലേക്കു നടന്നു. ഉദ്യാനത്തില്‍ പുതിയ പൂക്കള്‍ വിരിഞ്ഞിട്ടുണ്ട്. തേനീച്ചകളും ശലഭങ്ങളും പാറിനടക്കുന്നുണ്ട്. നനുത്ത പുല്ലില്‍ വര്‍ണപ്പക്ഷികള്‍ കൊത്തിപ്പെറുക്കുന്നുണ്ട്. കുളിരാര്‍ന്നതാണ് പ്രഭാതം. നനക്കാരി നനച്ചിട്ടുപോയതേയുള്ളൂ. എസ്തേറിനു പക്ഷേ, ഉത്സാഹം തോന്നിയില്ല. അവള്‍ക്കു മൊര്‍ദെഖായിയെ കാണണമെന്നു തോന്നി. എന്തുകൊണ്ടാണയാള്‍ അവളെ ഈ തടവറയില്‍ കൊണ്ടുവിട്ടത്. അനിശ്ചിതത്വത്തിന്റെ മുനമ്പില്‍ അവളെ കൊണ്ടുനിര്‍ത്തിയിരിക്കുന്നത്. പെട്ടെന്ന് സ്വതന്ത്രമായി ജീവിക്കണമെന്ന കടുത്ത ദാഹം എസ്തേറിനെ പിടിച്ചുകുലുക്കി.
'മനോഹരിയായ എസ്തേര്‍, നിന്നെ ഹേഗായി വിളിക്കുന്നു. എന്റെ കൂടെ വരൂ,' ദാസിമാരിലൊരുവള്‍ വാതില്‍ക്കല്‍ വന്നു വിളിച്ചു.

ഒരൊറ്റ തൈലാഭിഷേകംകൊണ്ട് ആ നാടന്‍ പെണ്‍കുട്ടിക്കു വന്ന മാറ്റം ഹേഗായി ശ്രദ്ധിച്ചു. അതിനയാള്‍ അവളുടെ ദാസിമാരെ രഹസ്യമായി അഭിനന്ദിച്ചു.
'പറയൂ പെണ്‍കുട്ടീ, ഏതുതരം ആഭരണങ്ങളാണ് നിനക്കു വേണ്ടത്. ഏതുതരം വസ്ത്രങ്ങള്‍? ഏതു സുഗന്ധദ്രവ്യങ്ങള്‍? എന്റെ കൂടെ വരൂ, തിരഞ്ഞെടുക്കൂ,' ഹേഗായി പറഞ്ഞു.
എസ്തേര്‍ യാതൊന്നും തിരഞ്ഞെടുത്തില്ല. അവള്‍ വെറുതേ നിന്നു. വെറുംകൈയോടെ മടങ്ങിപ്പോകാന്‍ നേരത്ത് അയാള്‍ ചോദിച്ചു: 'നിനക്കെന്തിനാണ് മഷിയും തൂവലും?'
എസ്തേര്‍ ചെറിയൊരു നടുക്കത്തോടെ അയാളെ തിരിഞ്ഞുനോക്കി. ഹേഗായിയുടെ മുഖത്ത് വാത്സ്യല്യവും കണ്ണുകളില്‍ തിളക്കവും ഉണ്ടായിരുന്നു. 'നീ കീര്‍ത്തനങ്ങള്‍ എഴുതുമോ?'
എസ്തേര്‍ മറുപടി പറഞ്ഞില്ല. അവള്‍ മുറിയിലെത്തിയപ്പോള്‍ മേശപ്പുറത്ത് മനോഹരമായ ഒരു മഷിപ്പാത്രവും വിശിഷ്ടമായ ഒരു തൂവലും അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു.
'തൊദാ,' അവള്‍ പറഞ്ഞു. ഹീബ്രൂഭാഷയില്‍ അതിനു നന്ദിയെന്നായിരുന്നു അര്‍ഥം.

(തുടരും)

നോവലിന്റെ മുന്‍ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സാറാ ജോസഫിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Esther Novel Sarah Joseph BibleMmathrubhumi Books