ലായത്തില്‍നിന്ന് ഏറ്റവും മികച്ച കുതിരകള്‍, അഞ്ചലോട്ടക്കാരില്‍നിന്ന് ഏറ്റവും ശക്തരായ ചെറുപ്പക്കാര്‍. ഇന്ത്യമുതല്‍ എത്യോപ്യവരെ വ്യാപിച്ചുകിടക്കുന്ന അഹശ്വേറോസിന്റെ നൂറ്റിയിരുപത്തേഴു സംസ്ഥാനങ്ങളിലെയും വ്യത്യസ്തരായ ഓരോ ജനതയ്ക്കും അവരവരുടെ ഭാഷയിലും ലിപിയിലും എഴുതി രാജമുദ്ര വെച്ച പ്രതിലേഖനങ്ങളും കൊണ്ട് അഞ്ചലോട്ടക്കാര്‍ പറന്നു. ഹാമാന്റെ ഉപായലേഖനങ്ങളെ അസാധുവാക്കുന്ന പുതിയ ലേഖനങ്ങളായിരുന്നു അവ. ഹാമാന്റെ വാക്കുകളെ തകര്‍ക്കുകയും ഭയത്തിനു പകരം യഹൂദരുടെ ഉള്ളിലെ പകയ്ക്കു തീ കൊടുക്കുകയും ചെയ്യുന്ന ആ ലേഖനങ്ങള്‍ എഴുതിയത് മൊര്‍ദെഖായി ആയിരുന്നു.

'എസ്തേര്‍രാജ്ഞീ, മൊര്‍ദെഖായി എന്ന യഹൂദനെ നീ നേരത്തേ അറിയുമായിരുന്നോ?' അഹശ്വേറോസ് ചോദിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തനും ഉന്നതപ്രഭുവുമായ ഹാമാനെ മുഖം മൂടിക്കെട്ടി കഴുമരത്തിലേക്കു കൊണ്ടുപോയതിന്റെ തൊട്ടുപിന്നാലെയായിരുന്നു അത്. രാജാവ് അവളോടൊത്ത് വിരുന്നുശാലയില്‍നിന്ന് പുറത്തു കടന്നു. കൈകോര്‍ത്തുപിടിച്ച് അവര്‍ ഉദ്യാനപാതയിലൂടെ നടന്നു. ചോദ്യത്തോടൊപ്പം അദ്ദേഹത്തിന്റെ വിരലുകള്‍ ശക്തമായി മുറുകുന്നത് എസ്തേര്‍ ശ്രദ്ധിച്ചു. രാജാവിന്റെ ക്ഷോഭമടങ്ങിയിട്ടില്ലെന്ന് അവളറിഞ്ഞു.

'മൊര്‍ദെഖായി എന്നെ എടുത്തുവളര്‍ത്തിയെന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ, ഭയംമൂലം എന്റെ കുലവും ജാതിയും ഭാഷയും ഞാന്‍ മറച്ചുവെച്ചു.'
'ഭയംമൂലമോ?'
'അങ്ങയുടെ രാജ്യത്ത് യഹൂദര്‍ വേട്ടയാടപ്പെടുന്നു. അവര്‍ ഒരു ദുര്‍ബലപക്ഷം. ഞാന്‍ യഹൂദവംശത്തില്‍ ബെന്യമീന്റെ ഗോത്രത്തില്‍ ജനിച്ചവളാണ്. അതു വെളിപ്പെടുത്തരുതെന്ന് മൊര്‍ദെഖായി ആവശ്യപ്പെട്ടത് എന്റെ ജീവന്റെ രക്ഷയെക്കരുതിയാണ്. പക്ഷേ, ഇപ്പോള്‍ ഞാന്‍ അങ്ങയോട് ജീവനുവേണ്ടി യാചിക്കില്ല. എനിക്കും അങ്ങേക്കുമിടയില്‍ ഞാനൊരു മറ സൂക്ഷിച്ചു. ആ തെറ്റിനുള്ള ശിക്ഷയ്ക്കു ഞാന്‍ അര്‍ഹയാണ്.'

അഹശ്വേറോസിനു താന്‍ അപമാനിതനായെന്നു തോന്നി. പാര്‍സ്യന്‍ സാമ്രാജ്യത്തിലെ ജനങ്ങളോടൊപ്പം നാനാദേശങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്കും മറ്റു ഗോത്രവര്‍ഗങ്ങള്‍ക്കും അവരുടെ വംശവും ജാതിയും ഭാഷയും നോക്കാതെ തന്റെ രാജ്യത്ത് ഇടം നല്കിയിട്ടുണ്ടെന്ന നിറഞ്ഞ അഭിമാനം അദ്ദേഹത്തിനുണ്ടായിരുന്നു. നീതിയുടെയോ പരിപാലനത്തിന്റെയോ കാര്യത്തില്‍ രാജാവ് പക്ഷപാതം കാട്ടിയിട്ടില്ല. എന്നിട്ടിതാ ഏറ്റവും പ്രിയപ്പെട്ട ഒരുവള്‍ അവളുടെ ജാതിയുടെ പേരില്‍ ഭയപ്പെട്ടു മുന്നില്‍ നില്ക്കുന്നു! എസ്തേറിന്റെ പ്രതീക്ഷയ്ക്കു വിരുദ്ധമായി അഹശ്വേറോസ് അവളെ ചേര്‍ത്തുപിടിച്ചു. 'എസ്തേര്‍, നീ വിലമതിക്കാനാവാത്തവള്‍,' വാക്കുകളുടെ പൊരുള്‍ താങ്ങാനാവാതെ ആ യഹൂദപ്പെണ്‍കുട്ടി നിശ്ചലം നിന്നു. കനത്തതും ഊഷ്മളവുമായ ശ്വാസത്തിന്റെ വന്യത അവളെ വരിഞ്ഞുമുറുക്കി. അനേകം നേരം അനന്തകാലം അങ്ങനെ നില്ക്കാനവള്‍ ആഗ്രഹിച്ചു. രാജാവു പറഞ്ഞു: 'മൊര്‍ദെഖായിയെ വിളിച്ചുവരുത്തുക. അയാളിപ്പോള്‍ എന്റെ ബന്ധുവായിരിക്കുന്നു.' എന്നിട്ട് അദ്ദേഹം രാജധാനിയിലേക്കു മടങ്ങിപ്പോയി.

എസ്തേര്‍ വ്യസനിച്ചു. തന്റെ കഴുത്തില്‍, കാതില്‍, കവിളില്‍ ഇപ്പോഴും ആ ചൂടുണ്ട്. പരുക്കനായ സ്പര്‍ശമുണ്ട്. ശ്വാസത്തിന്റെ സുഗന്ധമുണ്ട്. കേട്ട വാക്കുകളുടെ പൊരുള്‍ ഇപ്പോഴും തിരിഞ്ഞുകിട്ടിയിട്ടില്ല. വ്യസനിക്കുന്നുണ്ടെങ്കിലും അവളുടെ ഹൃദയം ആനന്ദപൂര്‍ണമായിരിക്കുന്നു. അവള്‍ ചിരിക്കുകയും കരയുകയുമാണ്. എങ്കിലും ഹൃദയഭാരം താങ്ങാനാകുന്നില്ല. കാറ്റിനു തണുപ്പുണ്ട്. എങ്കിലും 'എന്റെ അകം ചുട്ടുപൊള്ളുന്നു'വെന്ന് അവള്‍ പറയുന്നു.

പിറ്റേന്ന് രാജസദസ്സില്‍വെച്ച് മൊര്‍ദെഖായിക്ക് ഉന്നതമായ സ്ഥാനമാനങ്ങള്‍ നല്കപ്പെട്ടു. ഹാമാന്റെ കൈയില്‍നിന്ന് ഊരിവാങ്ങിയ മുദ്രമോതിരം രാജാവ് മൊര്‍ദെഖായിയെ ഏല്പിച്ചു. 'യഹൂദരുടെ രക്ഷയ്ക്ക് ആവശ്യമായത് ചെയ്തുകൊള്ളുക,' അദ്ദേഹം പറഞ്ഞു.
താനെഴുതിയ പ്രതിലേഖനം രഹസ്യമായി എസ്തേറിനെ വായിച്ചുകേള്‍പ്പിക്കാന്‍ അവളുടെ അറയില്‍ ചെല്ലുമ്പോള്‍ മൊര്‍ദെഖായി അയാളുടെ ഔദ്യോഗികവേഷത്തിലായിരുന്നു. അയാള്‍ വിശേഷപ്പെട്ട ഒരു വെള്ള അങ്കിയും നീലനിറമുള്ള മേല്‍വസ്ത്രവും ധരിച്ചിരുന്നു. അര കെട്ടിയത് തൊങ്ങലുള്ള ചുവന്ന ചരടുകൊണ്ടാണ്. അയാളുടെ മുഖം അതിപ്രസന്നവും ആഹ്ലാദമടക്കാനാവാത്തതുമായിരുന്നു. എസ്തേറിനു പരിചയമുള്ള മൊര്‍ദെഖായി ആഡംബരവസ്ത്രങ്ങളോ ആഭരണങ്ങളോ ധരിച്ചുകണ്ടിട്ടില്ല. ഇപ്പോള്‍ അയാളുടെ കൈവിരലുകളില്‍ കല്ലുപതിപ്പിച്ച മോതിരങ്ങള്‍ അവള്‍ കണ്ടു. അവര്‍ ഒരു മേശയ്ക്കിരുപുറവുമിരുന്നു. തലയ്ക്കു മീതേ തൂങ്ങിക്കിടന്നിരുന്ന അലങ്കാരവിളക്കിലെ ശാന്തമായ വെളിച്ചത്തില്‍ മൊര്‍ദെഖായി അവളെ ലേഖനം വായിച്ചുകേള്‍പ്പിച്ചു. 

പന്ത്രണ്ടാംമാസമായ ആദാര്‍മാസം പതിമൂന്നാം തീയതി, അതായത് ഹാമാന്‍ യഹൂദരെ ഉന്മൂലനാശം ചെയ്യാന്‍ തിരഞ്ഞെടുത്ത ദിവസമേതോ, അന്നുതന്നെ പാര്‍സ്യന്‍ സാമ്രാജ്യത്തിലെ സകല യഹൂദര്‍ക്കും അവരുടെ ശത്രുക്കളെ കൊന്നൊടുക്കാനും കൊള്ളചെയ്യാനും അധികാരം നല്കിക്കൊണ്ട് അഹശ്വേറോസ് എഴുതി മുദ്രമോതിരംകൊണ്ട് അടയാളപ്പെടുത്തിയ ഒരു ലേഖനമായിരുന്നു അത്. ഹാമാന്റെ കല്പനയെ ഈ ലേഖനം സ്വയം റദ്ദാക്കിക്കൊള്ളുമെന്ന് മൊര്‍ദെഖായി പറഞ്ഞു. ഓരോ നഗരത്തിലും ഗ്രാമപ്രദേശങ്ങളിലുമുള്ള യഹൂദന്മാര്‍ അതാതിടങ്ങളില്‍ ഒന്നിച്ചുകൂടി ലേഖനം ഉറക്കെ വായിക്കണമെന്നും ജീവരക്ഷയ്ക്കായി അവര്‍ ആയുധം കൈയിലെടുത്തിരിക്കണമെന്നും അതില്‍ ആഹ്വാനം ചെയ്തിരുന്നു. ശത്രുജാതികളെ കൊല്ലാനും കൊള്ളയടിക്കാനും ഓരോ യഹൂദനും പരമാധികാരമാണ് രാജാവ് ഇതുമൂലം നല്കിയിട്ടുള്ളത്.

'ഇതുതന്നെയല്ലേ ഹാമാന്‍ നമ്മളോട് ചെയ്യാന്‍ വിചാരിച്ചത്?' എസ്തേര്‍ ചോദിച്ചു.
'യഹൂദര്‍ ആരെയും അങ്ങോട്ടാക്രമിച്ചിട്ടില്ല. ഇങ്ങോട്ടു വന്നാല്‍ അടങ്ങിനില്ക്കുകയുമില്ല.'
'മൊര്‍ദെഖായീ, നിങ്ങളീ നിയമം ജനങ്ങളുടെ കൈയിലേല്പിച്ചാല്‍ സംഭവിക്കുന്നതെന്തായിരിക്കും? യഹൂദര്‍ കൂട്ടക്കൊല നടത്തുന്നത് മറ്റുള്ളവര്‍ വെറുതേ നോക്കിനില്ക്കുമോ? അതിന്റെ ഫലം ഭീകരമായിരിക്കും. നിരപരാധികളുടെ രക്തംകൊണ്ട് പാര്‍സ്യയുടെ മണ്ണു ചുവന്നുകുതിരും.'
'സൈന്യങ്ങളുടെ യഹോവ അതാണ് നിശ്ചയിച്ചിട്ടുള്ളതെങ്കില്‍ അതുതന്നെ സംഭവിക്കും. നീയെന്തിനു വേവലാതിപ്പെടുന്നു?'
'യഹോവയ്ക്ക് ഇതില്‍ കാര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.'
'ഹദേസ്സാ! ആദ്യമായും അവസാനമായും നീയൊരു യഹൂദസ്ത്രീയാണ്. യഹോവയുടെ പ്രമാണത്തെക്കാള്‍ വലുതായിട്ടൊന്നുംതന്നെ യഹൂദര്‍ക്കില്ല.'
'പക്ഷേ...'

'തര്‍ക്കിക്കാന്‍ എനിക്കു നേരമില്ല. എന്റെയും നിന്റെയും യഹൂദവംശത്തിന്റെ മുഴുവനും രക്ഷയ്ക്കായി ഈ ലേഖനത്തില്‍ കൈമുദ്ര പതിപ്പിച്ച് അംഗീകരിക്കുക. ഇതു രാജകല്പനയാണ്.'
ഹാമാന്റെ കൊട്ടാരം കേന്ദ്രമാക്കിയാണ് ശൂശനിലെ യഹൂദരെ സംഘടിപ്പിക്കുന്നതെന്ന് അയാള്‍ പറഞ്ഞു. 'യഹൂദര്‍ക്ക് ധൈര്യം പകരുന്നതിനുവേണ്ടി എസ്തേര്‍രാജ്ഞി അവരെ സന്ദര്‍ശിക്കണം. യഹോവയുടെ നാമത്തില്‍ ഒന്നിച്ചുനില്ക്കാന്‍ അവരോടാഹ്വാനം ചെയ്യണം.'
തികച്ചും ഔദ്യോഗികമായി മൊര്‍ദെഖായി യാത്ര പറഞ്ഞു. അയാള്‍ അവളുടെ മുഖത്തു നോക്കിയതുമില്ല.

അല്പം മുന്‍പു സംഭവിച്ചതെന്ത്? നിരപരാധികളുടെ രക്തത്തിന്മേല്‍ കൈമുദ്ര പതിപ്പിച്ചതോര്‍ത്ത് അവള്‍ നടുങ്ങി. അമാലേക്യരുടെ മാത്രമല്ല, ഫെലിസ്ത്യരുടെയും ഹിത്യരുടെയും യഹൂദരുടെയും രക്തം ശൂശന്റെ തെരുവുകളില്‍ ചിതറിവീഴാന്‍ അവള്‍ കാരണക്കാരിയായിരിക്കുന്നു. ഓരോ കൊലയും അവളുടെയുംകൂടി പങ്കാളിത്തത്തോടെയാണ് നടക്കാന്‍ പോകുന്നത്. എസ്തേര്‍ പരിഭ്രമിച്ചു. മൊര്‍ദെഖായിയെ തിരിച്ചുവിളിക്കാന്‍ അവള്‍ ആഗ്രഹിച്ചു. നമുക്ക് ഇതല്ലാത്ത മറ്റൊരു പരിഹാരം കണ്ടെത്താം. അവളാരെയും കൊല്ലാന്‍ ഉദ്ദേശിക്കുന്നില്ല. അവള്‍ നെയ്ത്തുതറിയുടെ മുന്നിലിരിക്കുകയും വസന്തകാലത്തിന്റെ വരവിനെപ്പറ്റി പാടുകയും ചെയ്യും. അവള്‍ ഹാമാന്റെ ഭവനത്തില്‍ കാലുകുത്തുകയോ മൊര്‍ദെഖായി പറയുംപോലെ കൊല്ല്, കൊന്നടക്ക് എന്ന് യഹൂദന്മാര്‍ക്ക് ആത്മവീര്യം പകര്‍ന്നുകൊടുക്കുകയോ ചെയ്യില്ല.

ഹാമാന്റെ ഭവനം അഹശ്വേറോസ് എസ്തേറിനു ദാനം ചെയ്തിരുന്നു. ശൂശന്‍ പട്ടണത്തിലെ ഉന്നതമായ ഒരു കൊട്ടാരമായിരുന്നു അത്. നഗരത്തിലെ മറ്റെല്ലാ വീടുകളില്‍ നിന്നും തലയെടുപ്പോടെ അത് രാജധാനിക്കഭിമുഖം നിന്നു. പൊന്നും വെള്ളിയും കൊണ്ടലങ്കരിക്കപ്പെട്ട ചുവരുകളും അമൂല്യമായ കൊത്തുപണികളും പരവതാനികളും വിശേഷപ്പെട്ട മരസ്സാമാനങ്ങളുംകൊണ്ട് ആ ആഡംബരഭവനം പുകള്‍പെറ്റിരുന്നു. എസ്തേറിനെ സംബന്ധിച്ചിടത്തോളം അത് ശാപഗ്രസ്തമായ വീടാണ്. അതിന്റെ ചുവരുകളില്‍ രക്തം മണക്കുന്നു. ഇടനാഴികളില്‍ പ്രേതസഞ്ചാരമുണ്ട്. കുറ്റം ചെയ്യാത്ത ദാസീദാസന്മാരുടെ രക്തം അതിന്റെ പുറവഴിയേ ഒഴുകി കട്ടപിടിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ അവിടെനിന്ന് അടിമകളുടെ കൂട്ടനിലവിളിയുയരുന്നു. ശപിക്കപ്പെട്ടവന്റെ ഭവനമാണത്. 

മൊര്‍ദെഖായിയുടെ ഉരുക്കുമനസ്സിന് അതു താങ്ങാന്‍ പറ്റുമായിരിക്കും. എസ്തേര്‍ അതു താങ്ങുകയില്ല. അതുകൊണ്ടാണ് രാജാവ് ഇഷ്ടദാനം നല്കിയ ഹാമാന്റെ ഭവനം അവള്‍ മൊര്‍ദെഖായിയെ ഏല്പിച്ചത്. അയാളതിനെ ആയുധപ്പുരയും ഗൂഢാലോചനാകേന്ദ്രവുമാക്കി.
ആദാര്‍മാസം പതിമൂന്നാം തീയതി മൊര്‍ദെഖായി, രാജാവ് അയാള്‍ക്കു നല്കിയ പദവിക്കൊത്ത നീലയും വെള്ളയുമായ രാജവസ്ത്രം ധരിച്ച് ചണനൂലുകൊണ്ട് നെയ്തെടുത്ത ചുവന്ന അരപ്പട്ട കെട്ടി സ്വര്‍ണകിരീടം തലയിലണിഞ്ഞ് ഏറ്റവും മികച്ച കുതിരപ്പുറത്തു കയറി ശൂശന്‍ നഗരത്തിന്റെ നടുവിലേക്കു ചെന്നു. നഗരത്തിന്റെ ഓരോ മുക്കിലും മൂലയിലും ആയുധമേന്തിയ യഹൂദന്മാര്‍ തിങ്ങിനിറഞ്ഞിരുന്നു. പ്രതികാരവാഞ്ഛയില്‍ അവരുടെ മുഖങ്ങള്‍ ചുവന്നുകത്തി. നഗരത്തിലെ പ്രധാനയിടങ്ങളിലെല്ലാം മൊര്‍ദെഖായിയുടെ ലേഖനം വിവിധ ഭാഷകളിലും ലിപികളിലും എഴുതിവെച്ചിരുന്നു. ജീവരക്ഷയ്ക്കുവേണ്ടി അന്യജാതികള്‍ പലരും മൊര്‍ദെഖായിയുടെ കുതിരയുടെ മുന്നില്‍ വന്നുവീഴുകയും തങ്ങളെക്കൂടി യഹൂദമതത്തില്‍ ചേര്‍ക്കണമെന്നപേക്ഷിക്കുകയും ചെയ്തു.

 മൊര്‍ദെഖായി അതിശക്തനായി വളര്‍ന്നുകഴിഞ്ഞുവെന്ന് ബോധ്യപ്പെട്ടിട്ടുള്ള മറ്റു മന്ത്രിമാരും പ്രഭുക്കന്മാരും ഉദ്യോഗസ്ഥരും തങ്ങള്‍ യഹൂദപക്ഷക്കാരാണെന്നു വരുത്തിത്തീര്‍ക്കാന്‍ പരിശ്രമിച്ചുതുടങ്ങിയിരുന്നു. ശൂശനില്‍ മാത്രമല്ല, പാര്‍സ്യന്‍ സാമ്രാജ്യത്തിലെ നൂറ്റിയിരുപത്തേഴു സംസ്ഥാനങ്ങളിലുമുള്ള രാജപ്രതിനിധികളും ദേശാധിപതികളും മൊര്‍ദെഖായിയോടുള്ള ഭയംനിമിത്തം യഹൂദര്‍ക്കു സഹായം ചെയ്തുകൊടുത്തു. സ്വന്തം വിശ്വാസത്തെ വഞ്ചിച്ചുകൊണ്ട് ജീവനുവേണ്ടി അവര്‍ ചെയ്യുന്ന നീക്കങ്ങളായിരുന്നു അത്.

സൂര്യനുദിക്കും മുന്‍പ് ശൂശന്‍ നഗരത്തില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടു. ഹാമാന്റെ ബന്ധുവായ മല്ലന്‍ ഓമാറിന്റെ കുടുംബത്തെ ഒന്നടങ്കം വകവരുത്തിക്കൊണ്ട് മൊര്‍ദെഖായി അതിനു തുടക്കംകുറിച്ചു. ഓമാറും അവന്റെ മൂന്നു ഭാര്യമാരും പതിനൊന്നു കുട്ടികളും ആറു ദാസീദാസന്മാരും ഇരുപതോളം അടിമകളുമാണ് കൊലചെയ്യപ്പെട്ടത്. പുലര്‍ച്ചെ അവരെല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. പുറത്ത് അട്ടഹാസങ്ങളും കൊലവിളികളും കേട്ട് ഓമാറിന്റെ ഒന്നാംഭാര്യ ഉറക്കം ഞെട്ടിയുണര്‍ന്നു. ഇളയ കുട്ടി അപ്പോള്‍ മുലകുടിച്ചുകൊണ്ടിരിക്കുകയായിരുന്നു. മുലയില്‍നിന്നും വേര്‍പെടുത്തിയതും അത് ഉറക്കെ കരയാന്‍ തുടങ്ങി. ആയുധമേന്തിയ യഹൂദന്മാര്‍ അറയ്ക്കകത്തേക്ക് ഇരച്ചുകയറി. അവള്‍ ഭയന്നു ഭര്‍ത്താവിനെ വിളിക്കാനോടി. യഹൂദര്‍ അവളെ പിന്തുടര്‍ന്നു. ആദ്യത്തെ കൊല അവളുടെതും കുഞ്ഞിന്റെതുമായിരുന്നു. ഓമാര്‍ അയാളുടെ രണ്ടാംഭാര്യയുടെ അറയിലായിരുന്നു. ഉറങ്ങിക്കിടന്നിരുന്ന കുട്ടികളെ വിളിച്ചുണര്‍ത്താന്‍ അവര്‍ക്കു നേരം കിട്ടിയില്ല. ഓമാറിന്റെ കണ്മുന്നില്‍വെച്ച് കുട്ടികളെയും ഭാര്യമാരെയും യഹൂദര്‍ അരിഞ്ഞുവീഴ്ത്തി. ദാസീദാസന്മാരോടൊപ്പം അയാളെ പുറത്തേക്ക് കെട്ടിവലിക്കുകയും തെരുവിലിട്ട് കൊലചെയ്യുകയും ചെയ്തു. 

വിജയഭേരി മുഴക്കിക്കൊണ്ട് അവര്‍ പുറത്തു കടക്കുമ്പോള്‍ കിഴക്ക് സൂര്യനുദിച്ചുയരുകയായിരുന്നു. ഉദയസൂര്യനു നേരേ തന്റെ വാളുയര്‍ത്തിപ്പിടിച്ചുകൊണ്ട് മൊര്‍ദെഖായി പറഞ്ഞു: 'യഹൂദവംശത്തിന്റെ ഉദയമായിരിക്കുന്നു. നിങ്ങള്‍ക്ക് പക തോന്നുന്നവരോട് ബോധിച്ചപോലെ ചെയ്തുകൊള്ളുക!' അയാള്‍ അവരെ ഇളക്കിവിട്ടു. യഹൂദന്മാര്‍ അമാലേക്യരുടെയും ഫെലിസ്ത്യരുടെയും ഹിത്യരുടെയും വീടുകളിലേക്ക് ഇരച്ചുകയറി. തദ്ദേശവാസികളായ പാര്‍സ്യരെ അവര്‍ ഒഴിവാക്കി.

ഉച്ചയായപ്പോള്‍ അവര്‍ ഹാമാന്റെ പത്തു പുത്രന്മാരെയും അവരുടെ ഭാര്യമാരെയും മക്കളെയും കൊന്നുകളയുകയും വീടുകള്‍ക്കും വ്യാപാരശാലകള്‍ക്കും തീവെക്കുകയും ചെയ്തു. കഴുതകളും കുതിരകളും ആടുകളും വെന്തുചത്തു. കൊള്ളയടിക്കാന്‍ അനവധിയുണ്ടായിരുന്നുവെങ്കിലും യഹൂദന്മാര്‍ കൊള്ളമുതലില്‍ കൈവെച്ചില്ല. ശൂശന്‍ പട്ടണം തീയും പുകയും ചാരവും കൊണ്ടു മൂടി. പട്ടണത്തിന്റെ നിയന്ത്രണം മൊര്‍ദെഖായിയുടെ കൈയിലായി. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട യഹൂദരെ ആദരപൂര്‍വം അടക്കംചെയ്യാനായി എടുത്തുകൊണ്ടുപോയി. അമാലേക്യരുടെയും ഫെലിസ്ത്യരുടെയും ശവങ്ങള്‍ വീടുകള്‍ക്കുള്ളിലോ തെരുവിലോ അഴുക്കുചാലിലോ അനാഥമായി കിടന്നു. കഴുകുകളും കുറുനരികളും നായ്ക്കളും അവയ്ക്കുചുറ്റും കടിപിടികൂടിക്കൊണ്ടിരുന്നു. സന്ധ്യയാവോളം യഹൂദര്‍ കൊന്നത് അഞ്ഞൂറു പേരെ.

നോവലിന്റെ മുന്‍ ലക്കങ്ങള്‍ വായിക്കാം

സാറാ ജോസഫിന്റെ പുസ്തകങ്ങള്‍ വാങ്ങാം

(തുടരും)

Content Highlights: Esther Novel Sarah Joseph Bible Mathrubhumi Books Chapter 9 part1