ന്നത്തെ കണക്ക് അവതരിപ്പിക്കുന്നതിന് മൊര്‍ദെഖായി എസ്തേറിന്റെ അടുത്തു വന്നു. 'നാം രണ്ടാളും കൈമുദ്ര പതിപ്പിച്ച് അംഗീകരിച്ചതും രാജാവിന്റെ പേരില്‍ എഴുതപ്പെട്ടതും രാജകീയമുദ്ര വെച്ചതുമായ കല്പനപ്രകാരം ഇന്നു നടന്ന കാര്യങ്ങള്‍ ഇതൊക്കെയാണ്.' മൊര്‍ദെഖായി കൊലചെയ്യപ്പെട്ടവരുടെ പേരുവിവരങ്ങളടങ്ങിയ വൃത്താന്തപുസ്തകം അവളുടെ മുന്നില്‍ വെച്ചു. എസ്തേര്‍ അതിലേക്കു നോക്കുകയോ മൊര്‍ദെഖായിയെ-അയാള്‍ പ്രതീക്ഷിക്കുന്നതുപോലെ-അഭിനന്ദിക്കുകയോ ചെയ്തില്ല.

'മൊര്‍ദെഖായീ, ഒരിക്കല്‍ പൂര്‍ണചന്ദ്രോദയം കാണാന്‍ ശൂശന്‍ കുന്നുകളിലേക്ക് നിങ്ങളെന്നെ തോളിലിരുത്തി കൊണ്ടുപോയി. അത്രയും വലിയൊരു ചന്ദ്രനെ പിന്നീട് ഞാനെന്റെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല. അവിടെവെച്ച് നിങ്ങളെനിക്ക് യഹൂദരുടെ ചരിത്രം പറഞ്ഞുതന്നു. കുന്നിറങ്ങിപ്പോരുമ്പോള്‍ കല്ലില്‍ത്തട്ടി എന്റെ കാല്‍വിരല്‍ മുറിഞ്ഞു. രക്തം ധാരയായി ഒഴുകി. നിങ്ങള്‍ വല്ലാതെ പേടിച്ചു. എന്നെയുമെടുത്തുകൊണ്ട് യഹൂദപുരോഹിതന്റെ വീടുവരെ നിങ്ങള്‍ ഓടി. രക്തം കണ്ട് നിങ്ങള്‍ക്കു തലകറങ്ങുന്നുണ്ടായിരുന്നു... നിങ്ങള്‍ വ്യസനത്തോടെ ചുവരും ചാരിയിരുന്നത് ഞാന്‍ ഓര്‍ക്കുന്നു.'

മൊര്‍ദെഖായി തെല്ലൊരദ്ഭുതത്തോടെ എസ്തേറിനെ നോക്കി. എന്നിട്ട് തലകുടഞ്ഞുകൊണ്ട് പറഞ്ഞു: 'എസ്തേര്‍, ഈ കണക്ക് രാജാവിനെ ബോധിപ്പിക്കാന്‍ നീയും എന്നോടൊപ്പമുണ്ടാവണം. രണ്ടുദിവസംകൂടി നീ രാജാവിനോടു ചോദിച്ചുവാങ്ങണം. ശത്രുക്കളെ തുടച്ചുനീക്കാന്‍ അത്രയും സമയം എനിക്കാവശ്യമുണ്ട്.'
ശൂശന്‍ നഗരത്തില്‍ നടന്ന ഭയാനകമായ കൂട്ടക്കൊലകളുടെ ഒരേകദേശരൂപം മേദ്യയിലെ പ്രഭു അഹശ്വേറോസിനു നല്കിയിരുന്നു. മൊര്‍ദെഖായിയെ വിലക്കണമെന്ന ഒരു നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. രാജാവ് നേരിട്ടുചെന്ന് ശൂശനിലെ ദുരന്തങ്ങള്‍ കാണണമെന്നും യഹൂദരെ നിയന്ത്രിക്കണമെന്നും മറ്റു പ്രഭുക്കന്മാരും ആവശ്യപ്പെട്ടു. എസ്തേറും മൊര്‍ദെഖായിയും കടന്നുചെല്ലുമ്പോള്‍ അസ്വസ്ഥനും ഏകനുമായി രാജാവ് തന്റെ സിംഹാസനത്തിലിരിക്കുകയായിരുന്നു. രാജസദസ്സിലെ ഒഴിഞ്ഞ ഇരിപ്പിടങ്ങളുടെ നീണ്ട നിരകള്‍ക്കിടയിലൂടെ അവര്‍ കടന്നുവരുന്നത് അദ്ദേഹം കണ്ടു. മൊര്‍ദെഖായി രാജാവിനെ വണങ്ങുകയും ദിനവൃത്താന്തപുസ്തകം അദ്ദേഹത്തിന്റെ മുന്നില്‍ സമര്‍പ്പിക്കുകയും ചെയ്തു. 'ഇനി എന്താണ് വേണ്ടതെന്ന് എസ്തേര്‍ പറയും,' എസ്തേറിനെ അമ്പരപ്പിച്ചുകൊണ്ട് മൊര്‍ദെഖായി പറഞ്ഞു.

വൃത്താന്തപുസ്തകത്തിന്റെ താളുകള്‍ മറിച്ചുകൊണ്ട് അഹശ്വേറോസ് ഏറെ നേരം മൗനമായി ഇരുന്നു. മൂന്നുപേര്‍ക്കുമിടയിലെ നിശ്ശബ്ദത വീര്‍പ്പുമുട്ടിക്കുന്നതായി എസ്തേറിനു തോന്നി. ഒടുവില്‍ വൃത്താന്തപുസ്തകം അടച്ചുവെച്ച് അഹശ്വേറോസ് ചോദിച്ചു: 'ശൂശനില്‍ മാത്രം യഹൂദന്മാര്‍ അഞ്ഞൂറുപേരെ കൊന്നുകളഞ്ഞിരിക്കുന്നു. ഇവിടെ ഇങ്ങനെയാണെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ എത്രയായിരിക്കും? ഹാമാന്റെ പത്തു പുത്രന്മാരെയും അവര്‍ കൊന്നുകഴിഞ്ഞു. ഇനിയെന്താണ് എസ്തേറിനു വേണ്ടത്?'

മറ്റു സംസ്ഥാനങ്ങളില്‍ അന്നേദിവസം യഹൂദന്മാര്‍ കൊന്നുകളഞ്ഞവരുടെ എണ്ണം എഴുപത്തിഅയ്യായിരമായിരുന്നു.
'ഇന്നത്തേതുപോലെ നാളെയും മറ്റന്നാളും പ്രവര്‍ത്തിക്കാന്‍ യഹൂദന്മാരെ അനുവദിക്കണം. പകുതി നോവിച്ചുവിട്ട ശത്രുക്കള്‍ മുന്‍പത്തെക്കാള്‍ പകയോടെ തിരിച്ചുവരുമെന്നതുകൊണ്ട് അവരുടെ ഉന്മൂലനാശംകൊണ്ടല്ലാതെ യഹൂദര്‍ക്കു രക്ഷയുണ്ടാവില്ല. ഹാമാന്റെ പുത്രന്മാര്‍ ഒരു പാഠമായിരിക്കേണ്ടതിലേക്ക് അവരുടെ ജഡങ്ങള്‍ നഗരമധ്യത്തില്‍ കഴുമരങ്ങളിന്മേല്‍ തൂക്കിയിട്ട് മൂന്നുദിവസം പ്രദര്‍ശിപ്പിക്കണം,' എസ്തേര്‍ പറഞ്ഞു. അവള്‍ മുഖം കുനിച്ചാണ് നിന്നിരുന്നത്. വാക്കുകള്‍ക്കു വിറയലുണ്ടായിരുന്നു. എന്താണാവശ്യപ്പെടുന്നതെന്ന് ഉത്തമബോധ്യമുള്ളപ്പോഴും അതവളുടെ ആവശ്യമല്ലാതിരുന്നിട്ടും രാജാവിനോട് അതാവശ്യപ്പെടുന്നതിലും ഭേദം മരണമാണെന്നവള്‍ക്കു തോന്നിയിട്ടും എസ്തേര്‍ തന്റെ ആവശ്യം മുന്നോട്ടു വെച്ചു. തൊട്ടടുത്ത് നീണ്ടുനിവര്‍ന്ന് ശിലാരൂപിയായി അതിശക്തനായ മൊര്‍ദെഖായിയുമുണ്ട്. അവനു തുണയായി യഹോവയുമുണ്ട്. യഹോവയുടെ വാക്കുകളാണ് അവളുടെ നാവില്‍നിന്ന് വീണത്. മൊര്‍ദെഖായി അവളെ അതു പറഞ്ഞു പഠിപ്പിച്ചിരുന്നു.
അവിശ്വസനീയമായത് കേട്ടവനെപ്പോലെ രാജാവ് എസ്തേറിനെ തുറിച്ചുനോക്കി. 'അനുവദിച്ചിരിക്കുന്നു' എന്ന ഒരു വാക്കു മാത്രം പറഞ്ഞ് അയാള്‍ സിംഹാസനത്തില്‍നിന്ന് എഴുന്നേറ്റു പോയി.

'ഇനി നിങ്ങള്‍ക്കുവേണ്ടി ഞാനെന്താണ് ചെയ്തുതരേണ്ടത് മൊര്‍ദെഖായീ?' എസ്തേര്‍ ചോദിച്ചു.
'എനിക്കുവേണ്ടി നീ യാതൊന്നും ചെയ്തുതരേണ്ടതില്ല. യഹോവയ്ക്കും അവന്റെ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങള്‍ക്കുംവേണ്ടി ചെയ്യുക. തൊദാ റബാലഹ് ആ' മൊര്‍ദെഖായി പറഞ്ഞു. യഹോവയ്ക്കുവേണ്ടി മരിക്കാന്‍ തയ്യാറുള്ള യുദ്ധത്തിലാണ് താന്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് അയാള്‍ കൂട്ടിച്ചേര്‍ത്തു.
ഇത്രയും പകയുള്ള, രക്തദാഹിയായ, യുദ്ധാസക്തനായ യഹോവയെ എങ്ങനെയാണ് അനുസരിക്കേണ്ടതെന്നറിയാതെ എസ്തേര്‍ മുന്‍പും കുഴങ്ങിപ്പോയിട്ടുണ്ട്. അപ്പോഴൊക്കെ അത് പറയാന്‍ അവള്‍ ഭയന്നിരുന്നു. കാരണം, യഹോവ നീതിമാനായ ദൈവമാണെന്നും വിഗ്രഹാരാധകരായ അഴിഞ്ഞാട്ടക്കാരുടെ അനീതികള്‍ക്കു പകരം നീതിയുടെ സാമ്രാജ്യം സ്ഥാപിക്കാനാണ് അവന്‍ യഹൂദരോട് ആവശ്യപ്പെടുന്നതെന്നും മൊര്‍ദെഖായി പഠിപ്പിച്ചിട്ടുള്ളത് അവളോര്‍ക്കും. ഈജിപ്തുകാരുടെ അടിമത്തത്തില്‍നിന്നും യഹോവ അവരെ രക്ഷപ്പെടുത്തി. ഫറവോയുടെ അധികാരത്തില്‍നിന്നും അവരെ പുറപ്പെടുവിച്ചു. കാനാന്‍ദേശം വാഗ്ദാനം ചെയ്ത് അവരെ നടത്തിച്ചു. അന്നമായും വെള്ളമായും ന്യായമായും പ്രമാണമായും അവരുടെ മുന്നില്‍ അവതരിച്ചു. അവര്‍ക്കു തെറ്റുപറ്റിയപ്പോഴൊക്കെ നിര്‍ദയം അവരെ ശത്രുക്കള്‍ക്കിട്ടുകൊടുത്തു. അമാലേക്യരും ഫെലിസ്ത്യരും അമോരിയരും ഹിത്യരുമൊക്കെ അവരെ ആക്രമിച്ചു. ചോരപ്പുഴ നീന്തിയാണ് അവര്‍ വാഗ്ദത്തഭൂമിയിലെത്തിയത്. എത്തിയപ്പോഴാകട്ടെ, തദ്ദേശീയരെ കൊന്നൊടുക്കാനും കൊള്ളയടിക്കാനും അങ്ങനെ അവരുടെ ദേശം പിടിച്ചെടുക്കാനുമാണ് യഹോവ ഉപദേശിച്ചത്. അവരെ കൊന്ന് അവരുടെ രക്തത്തില്‍ കാല്‍ മുക്കി അവരുടെ നദികളില്‍ അതു കഴുകിക്കളഞ്ഞ് അവരുടെ ഭൂമിയില്‍ പരന്നുനിറഞ്ഞ കഥ അഭിമാനത്തോടെ മൊര്‍ദെഖായി അവളെ പഠിപ്പിച്ചിട്ടുണ്ട്. 

ഒന്നല്ല, ഒരു നൂറു സംശയങ്ങള്‍ അവള്‍ക്കുണ്ടായിരുന്നു. ഉത്തരം പക്ഷേ, ഒന്നേയുണ്ടായിരുന്നുള്ളൂ. 'ഹദേസ്സാ, യഹോവയുടെ നിയമങ്ങള്‍ കഠിനം, അവന്റെ പ്രമാണങ്ങള്‍ ക്ലേശകരം, ശിക്ഷകള്‍ അതിഭയങ്കരം. എങ്കിലും ഒരടിപോലും മാറിനടക്കരുത്. ചോദ്യങ്ങളും സംശയങ്ങളും അവിശ്വാസവും അരുത്.' എന്തുകൊണ്ട് ചോദ്യങ്ങള്‍ പാടില്ലാ? മൊര്‍ദെഖായിക്ക് അതിനുത്തരമറിയില്ല. നമ്മള്‍ നിര്‍മിക്കാത്ത നഗരത്തില്‍ നമ്മള്‍ നട്ടുവളര്‍ത്താത്ത വൃക്ഷങ്ങളിലെ ഫലങ്ങള്‍ തിന്നുജീവിക്കാന്‍ കാനാന്‍ദേശം നമുക്കു തന്ന യഹോവയെ സംശയിക്കരുത്, ചോദ്യംചെയ്യരുത്. അവനാണ് അന്നം, വെള്ളം, തീ.

എന്നാല്‍, മൊര്‍ദെഖായിയുടെ ഉറച്ച വിശ്വാസം എല്ലാ യഹൂദര്‍ക്കുമുണ്ടായിരുന്നില്ല. യഹൂദരുടെ ചരിത്രം അനുസരണക്കേടിന്റെയും അവിശ്വാസത്തിന്റെയും കൂടിയാണ്. പലവട്ടം യഹോവയെ നിഷേധിച്ച് അവരില്‍ പലരും ബാല്‍ദേവന്റെയും അശേറയുടെയും വിഗ്രഹങ്ങള്‍ തിരിച്ചുകൊണ്ടുവന്നു. അഴിഞ്ഞാട്ടജീവിതത്തിന് ഏറ്റവും നല്ലത് പ്രമാണങ്ങളുടെ ഭാരമില്ലാത്ത അവ്യവസ്ഥയാണെന്ന് പലവട്ടം അവര്‍ തെളിയിച്ചു. അതുകൊണ്ട് യഹൂദരെ യഹോവയുടെ ശാസനത്തിനു കീഴില്‍ ഒന്നിപ്പിച്ചു നിര്‍ത്തേണ്ടത് ലോകനന്മയ്ക്കാവശ്യമാണെന്ന് മൊര്‍ദെഖായി ഉറച്ചുവിശ്വസിക്കുന്നു.

'അമ്മീ, ഏറെ നേരമായി മഹാരാജാവ് അന്തഃപുരത്തിന്റെ ഉദ്യാനത്തില്‍ ഒറ്റയ്ക്കിരിക്കുന്നു,' തിരുനങ്കകളിലൊരാള്‍ വന്ന് എസ്തേറിനോടു പറഞ്ഞു.
'എവിടെ?' ഭയത്തോടെ അവള്‍ ചോദിച്ചു. രാജാവിന്റെ കോപം തന്റെ മേല്‍ പതിഞ്ഞിരിക്കുന്നുവെന്ന് അവള്‍ തീര്‍ച്ചപ്പെടുത്തി. ഒരു യഹൂദസ്ത്രീമൂലം തന്റെ രാജ്യത്തിന്റെ ആഭ്യന്തരസമാധാനം തകര്‍ന്നത് അദ്ദേഹത്തിനു പൊറുക്കാനാവില്ല. സ്വന്തം വംശവും ജാതിയും മറച്ചുപിടിച്ച് എല്ലായ്പോഴും ഒരു ഒളിമറയ്ക്കു പിന്നിലാണവള്‍ നിന്നത്. അവളുടെ വംശമോ ജാതിയോ ഒന്നുമന്വേഷിക്കാതെയാണ് അഹശ്വേറോസ് അവളെ പത്നിയും റാണിയുമാക്കിയത്. ആ ഉദാരതയോട് അവള്‍ നീതിപുലര്‍ത്തിയില്ല. അവളെപ്പോഴും മൊര്‍ദെഖായിയെ പേടിച്ചു. അയാളിലൂടെ സംസാരിക്കുന്നത് യഹോവയാണെന്നതുകൊണ്ട് ആ വാക്കുകള്‍ ധിക്കരിക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. സത്യസന്ധമല്ലാത്ത ദിവസങ്ങളോരോന്ന് അതതിന്റെ രാത്രികളിലേക്ക് തലചായ്ക്കുമ്പോള്‍ എസ്തേര്‍ എഴുന്നേറ്റിരുന്ന് വിലപിച്ചു. ഇപ്പോഴിതാ ഒരൊറ്റ ദിവസംകൊണ്ട് എഴുപത്തയ്യായിരം പേരെ കൊന്നൊടുക്കിയിട്ടും നാളെയുമതാവര്‍ത്തിക്കാന്‍ അനുവാദം ചോദിച്ചുകൊണ്ട് രക്തദാഹിയായി അവള്‍ രാജാവിന്റെ മുന്നില്‍ നില്ക്കുന്നു. എല്ലായ്പോഴും അവളദ്ദേഹത്തെ തോല്പിച്ചു. കനിവുള്ളൊരു വാക്കിനു താനര്‍ഹയല്ലെന്ന് എസ്തേറിനു തോന്നി. എന്നാല്‍, ഇപ്പോള്‍ അവളനുഭവിക്കുന്ന അന്തഃസംഘര്‍ഷത്തിന് അഹശ്വേറോസിന്റെ സാമീപ്യമല്ലാത്ത മറ്റൊരു മരുന്നില്ലെന്നും എസ്തേര്‍ നിസ്സഹായയാകുന്നു.

'അദ്ദേഹം അന്തഃപുരത്തിലേക്ക് വരാത്തതെന്തുകൊണ്ടാണ്?' അവള്‍ ദാസിയോടു ചോദിച്ചു.
'ഇല്ലാ, അമ്മീ. അദ്ദേഹം ഏകാന്തത ഇഷ്ടപ്പെടുന്നതായി തോന്നി. എല്ലാറ്റില്‍നിന്നും ഒഴിഞ്ഞുമാറി ഇവിടെ വന്നിരിക്കുന്നതായി തോന്നി.'
വരുന്നതു വരട്ടെ. ക്രുദ്ധനാണ് രാജാവെങ്കില്‍ നിശ്ശബ്ദം അവളാ കോപത്തിനിരയാകും. മാപ്പപേക്ഷിക്കുകയോ 'കൃപ'യ്ക്കായി യാചിക്കുകയോ ഇല്ല. യഹൂദരുടെ ബലിപീഠത്തില്‍ ഇന്നോളം ഒരു സ്ത്രീയുടെ രക്തം വീണിട്ടുണ്ടാവില്ല. ആദ്യമായി എസ്തേര്‍ യഹോവയ്ക്കുള്ള ബലിമൃഗമാവട്ടെ.
'വഴി കാണിക്കൂ,' അവള്‍ തിരുനങ്കയോടു പറഞ്ഞു.

അന്തഃപുരോദ്യാനം നിലാവില്‍ മയങ്ങിക്കിടക്കുകയാണ്. കിഴക്കുവശത്തുള്ള ജലാശയത്തിന്റെ കരയില്‍ വെണ്ണക്കല്ലുകൊണ്ടുണ്ടാക്കിയ ഇരിപ്പിടത്തില്‍ അഹശ്വേറോസ് ഇരുന്നിരുന്നു. വലതുകൈ തലയ്ക്കു പിന്നില്‍ ഊന്നിയാണ് അദ്ദേഹം ഇരുന്നത്. ജലാശയത്തിനു നടുവില്‍ ഒരു വീഞ്ഞുവീഴ്ത്തുകാരിയുടെ മനോഹരശില്പമുണ്ടായിരുന്നു. അതിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധയെന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. അവളുടെ വീഞ്ഞുപാത്രത്തില്‍നിന്ന് ഊതനിറമുള്ള വീഞ്ഞ് ഇടമുറിയാതെ ജലാശയത്തിലേക്ക് വീണുകൊണ്ടിരിക്കുന്ന ശബ്ദമല്ലാതെ മറ്റൊന്നും രാജാവിന്റെ ഏകാന്തധ്യാനത്തെ തടസ്സപ്പെടുത്തുന്നില്ല. എസ്തേര്‍ തെല്ലുനേരം സംശയിച്ചുനിന്നു. പിന്നെ സ്വന്തം ദുര്‍വിധിയെ എതിരേറ്റു ചെല്ലുന്നവളെപ്പോലെ അഹശ്വേറോസിനെ സമീപിച്ചു. 

'എസ്തേര്‍രാജ്ഞി!' രാജാവ് അദ്ഭുതപ്പെട്ടു.
'ഞാന്‍ തടസ്സമാകുമോ?'
'എന്താണങ്ങനെ തോന്നാന്‍?'
എസ്തേര്‍ നെടുവീര്‍പ്പിട്ടു. അഹശ്വേറോസ് അവളുടെ നേര്‍ക്കു കൈ  നീട്ടി. 'ഒരുപക്ഷേ, നീയെനിക്കിപ്പോള്‍ സാന്ത്വനമായെങ്കില്‍ എന്ന് ഞാനാശിക്കുന്നു.'
എസ്തേര്‍ അദ്ദേഹത്തിന്റെ കാല്ക്കല്‍ മുട്ടുകുത്തി നിന്നു. മുഖമുയര്‍ത്തി അവള്‍ അദ്ദേഹത്തിന്റെ കണ്ണുകളിലേക്കു നോക്കി. വിവശമായ ആ മുഖം അവളെ ആത്മനിന്ദാഭരിതയാക്കി.
'എനിക്കുറങ്ങാന്‍ കഴിയുന്നില്ല എസ്തേര്‍. ശൂശന്റെ നിലവിളിയില്‍നിന്ന് ഞാന്‍ ഓടി രക്ഷപ്പെട്ടു. എന്നിട്ടിതാ ഒരു ഭീരുവിനെപ്പോലെ ഇവിടെ ഒളിച്ചിരിക്കുന്നു.'

എസ്തേര്‍ നടുങ്ങി. ഒരാശ്വാസവാക്കും പറയാനുള്ള ശക്തി അവള്‍ക്കുണ്ടായിരുന്നില്ല. അഥവാ എന്തെങ്കിലും പറയുകയാണെങ്കില്‍ത്തന്നെ സ്വയം വഞ്ചിച്ചുകൊണ്ടല്ലാതെ അവള്‍ക്ക് എന്തു പറയാനാകും.
'യുദ്ധത്തില്‍ ഒരുപാടു പേര്‍ മരിക്കും. ഞാന്‍ ധൈര്യം കൈവിടാറില്ല. മരിക്കുമെന്നറിഞ്ഞുകൊണ്ടാണ് പടയാളികള്‍ യുദ്ധം ചെയ്യുന്നത്. ലാഭം കിട്ടിയ ജീവനുമായി അവര്‍ തിരിച്ചുവരുന്നു. പാര്‍സ്യയില്‍ ഇന്ന് കൊന്നുകൂട്ടിയത് പടയാളികളെയല്ല, വൃദ്ധരെന്നോ രോഗികളെന്നോ സ്ത്രീകളെന്നോ മുലകുടിക്കുന്ന കുഞ്ഞുങ്ങളെന്നോ ഭേദമില്ലാതെ സാധാരണജനങ്ങളെയാണ്. വിവേകമില്ലാതെ പാളുന്ന കൊലക്കത്തിയുടെ തിളക്കമാണത്.' അഹശ്വേറോസ് ഇരുകൈകൊണ്ടും തലയമര്‍ത്തിപ്പിടിച്ച് കുനിഞ്ഞിരുന്നു. ആശ്വസിപ്പിക്കാന്‍ കൈ നീട്ടിയെങ്കിലും എസ്തേര്‍ പെട്ടെന്ന് കൈ പിന്‍വലിച്ചു. മനസ്സുകൊണ്ടാവട്ടെ, അവള്‍ അദ്ദേഹത്തെ ഗാഢമായി ആലിംഗനം ചെയ്തു. വീഞ്ഞുവീഴ്ത്തുകാരിയുടെ ശില്പംപോലെ അദ്ദേഹത്തിന്റെ കാല്ക്കല്‍ മുട്ടുകുത്തി അനക്കമറ്റ് അവള്‍ നിന്നു.
'നാളെ എത്ര പേര്‍ എസ്തേര്‍?'

അവള്‍ക്കതിന് ഉത്തരമുണ്ടായിരുന്നില്ല. നാളത്തെ തീരുമാനം മൊര്‍ദെഖായിയുടെതായിരിക്കും. അത് എങ്ങനെയെന്നോ എത്രത്തോളം ഭീകരമെന്നോ എസ്തേറിനു സങ്കല്പിക്കാനാവില്ല. അവള്‍ തീരേ നേര്‍ത്ത ശബ്ദത്തില്‍ പറഞ്ഞു: 'ഇവിടെ ഇരിക്കുന്നതെന്തിന്? എഴുന്നേല്ക്കൂ, എന്റെ കൂടെ വരൂ.' അഹശ്വേറോസ് മുഖമുയര്‍ത്തിയില്ല.
രാത്രിയുടെ മൂന്നാംയാമത്തില്‍ എസ്തേറിനെ തേടിവന്ന തിരുനങ്കകളും ദാസിമാരും ഉദ്യാനത്തിലെ വെണ്ണക്കല്‍ ഇരിപ്പിടത്തില്‍ ചാഞ്ഞുകിടന്നുറങ്ങുന്ന അഹശ്വേറോസിനെയും അദ്ദേഹത്തിന്റെ കാല്‍മുട്ടുകളില്‍ മുഖം ചായ്ച്ചുറങ്ങുന്ന എസ്തേറിനെയും കണ്ടു.

ആദാര്‍മാസം പതിനാലാം തീയതി യഹൂദന്മാര്‍ ശൂശന്‍ നഗരത്തില്‍ മാത്രം മുന്നൂറുപേരെ കൊന്നു. പാര്‍സ്യയിലുടനീളം അത് ഒരു ലക്ഷത്തിലേറെയായിരുന്നു.
ശൂശന്‍ നഗരം മൊര്‍ദെഖായിയെ പേടിച്ച് അമര്‍ന്നടിഞ്ഞു. നഗരമധ്യത്തില്‍ ഹാമാന്റെ പത്തു പുത്രന്മാരുടെ ജഡങ്ങള്‍ കഴുമരങ്ങളില്‍ തൂങ്ങിയാടി. തലേന്നു കൊല്ലപ്പെട്ടവരുടെ ജഡങ്ങള്‍ വീടുകളില്‍നിന്നോ തെരുവുകളില്‍നിന്നോ നീക്കംചെയ്യാത്തതുകൊണ്ട് അവ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. ഉണങ്ങി കട്ടപിടിച്ച രക്തക്കറകള്‍ക്കു മീതേ പുതുരക്തം വീണ് പഴയതിനെ കുതിര്‍ത്തു. തെരുവുകള്‍ ഭയാനകമാംവിധം വിജനവും നിശ്ശബ്ദവുമായി. ശുഭ്രവും നീലവുമായ വേഷം ധരിച്ച് മൊര്‍ദെഖായി മാത്രം തന്റെ കുതിരപ്പുറത്ത് നഗരപ്രദക്ഷിണം നടത്തി. രാജധാനിയില്‍ മന്ത്രിമാരും പ്രഭുക്കന്മാരും ഒത്തുകൂടിയെങ്കിലും മൊര്‍ദെഖായിയെപ്പറ്റി സംസാരിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. കൂട്ടത്തിലാരോ ഒരാള്‍ മൊര്‍ദെഖായിയുടെ ചാരനാണെന്ന് എല്ലാവരും സംശയിച്ചു.

സൂര്യനസ്തമിച്ചപ്പോള്‍ അന്നത്തെ കണക്കു ബോധിപ്പിക്കുന്നതിന് മൊര്‍ദെഖായി വീണ്ടും എസ്തേറിന്റെ അന്തഃപുരത്തിലെത്തി. അയാള്‍ സംതൃപ്തനും ആഹ്ലാദവാനുമായിരുന്നു. 'യഹൂദന്മാര്‍ വലിയ സന്തോഷത്തിലാണ്. മരണവും സര്‍വനാശവും സംഭവിക്കേണ്ടിയിരുന്ന അതേ ദിവസത്തില്‍ അവര്‍ ശത്രുക്കളെ ഉന്മൂലനാശം ചെയ്തിരിക്കുന്നു. ഇപ്പോഴും ബാക്കിയുള്ളവരെ വകവരുത്തിക്കൊണ്ടിരിക്കുന്നു. എസ്തേര്‍രാജ്ഞിക്കു സ്തുതിപാടിക്കൊണ്ടാണ് അവര്‍ ആ മഹത്കര്‍മം ചെയ്തുകൊണ്ടിരിക്കുന്നത്. ഹദേസ്സാ, നീ യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ടവള്‍.'

മൊര്‍ദെഖായി മുട്ടുമടക്കി ആചാരം ചെയ്യുകയും അവളുടെ കൈ ചുംബിക്കുകയും ചെയ്തു. എസ്തേര്‍ അസ്വസ്ഥയായിരുന്നു. വിഷാദത്തോടെ അവള്‍ പറഞ്ഞു: 'എന്റെ അപ്പനും അമ്മയുമായ മൊര്‍ദെഖായീ, ഈ വാര്‍ത്ത എന്നെ വ്യസനിപ്പിക്കുകയാണ് ചെയ്യുന്നത്. ഹാമാന്‍ ചെയ്തതിനുള്ള ശിക്ഷ അയാള്‍ക്കും അയാളുടെ മക്കള്‍ക്കും കിട്ടിക്കഴിഞ്ഞു. അയാളുടെ പൗത്രന്മാരില്‍ ഒരു കുരുന്നിനെപ്പോലും നിങ്ങള്‍ ബാക്കിവെച്ചില്ല. ഇനി യഹൂദന്മാര്‍ ആയുധങ്ങള്‍ പിന്‍വലിച്ച് തെരുവുകളില്‍നിന്നും വീടുകളിലേക്ക് മടങ്ങിപ്പോകട്ടെ. അഹശ്വേറോസ് യഹൂദരുടെ രക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇനിയും ശത്രുക്കള്‍ എന്തിനെങ്കിലും ധൈര്യപ്പെടുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല.'

മൊര്‍ദെഖായി തന്റെ വളര്‍ത്തുമകളെ സൂക്ഷിച്ചുനോക്കി. അവിടെ അയാള്‍ കൊച്ചു ഹദേസ്സയെ കണ്ടില്ല. പകരം പാര്‍സ്യയുടെ രാജ്ഞിയെ കണ്ടു. ഉറച്ച ശബ്ദത്തില്‍ അയാള്‍ പറഞ്ഞു: 'അവസാനത്തെ അമാലേക്യനെവരെ അരിഞ്ഞുവീഴ്ത്താതെ എനിക്ക് പിന്മടക്കമില്ല. ദൈവവുമായുള്ള എന്റെ ഉടമ്പടിയാണത്. ഈ രാത്രി കുപിതനായ ദൈവത്തിന്റെ രാത്രിയാണ്. അന്യജാതികളുടെ മേല്‍ കഠിനമായ നീതിനടത്തിപ്പിന് യഹോവ ഇറങ്ങിവന്നിരിക്കുന്നു. ഭീരുക്കളായ സ്ത്രീകളുടെ വാക്കുകള്‍ക്ക് ദൂരെ നില്ക്കാനേ കഴിയൂ.' അയാള്‍ നീരസപ്പെട്ട് തിടുക്കത്തില്‍ ഇറങ്ങിപ്പോയി. ശമിക്കേണ്ടതിനു പകരം ആളിക്കത്തുന്ന വിഹ്വലതകളോടെ എസ്തേര്‍ കിടപ്പറയിലേക്കു മടങ്ങി.
അലിവോടെ പെയ്ത മഞ്ഞുതുള്ളികളില്‍ കുതിര്‍ന്നുപോയിരുന്നുവെങ്കിലും അവര്‍ ശാന്തമായി ഉറങ്ങിയിരുന്നു. ആദ്യമുണര്‍ന്നത് അഹശ്വേറോസാണ്. തന്റെ കാല്‍മുട്ടുകളില്‍ മുഖം ചായ്ച്ചുറങ്ങുന്ന എസ്തേര്‍ അവിശ്വസനീയമായ ഒരു കാഴ്ചയായി അദ്ദേഹത്തിനു തോന്നി. അവളുടെ കറുത്തുനീണ്ട തലമുടി അഴിഞ്ഞ് മണ്ണില്‍ ചിതറിക്കിടന്നിരുന്നു. മുഖവും കൈകളും തണുത്തുമരവിച്ചിരുന്നു. 'എസ്തേര്‍...' കാതില്‍ മുഖം ചേര്‍ത്ത് അദ്ദേഹമവളെ വിളിച്ചുണര്‍ത്തി.

പ്രഭാതമായതെന്തിന്? കിളികളും പൂക്കളും ഉണര്‍ന്നതെന്തിന്? സൂര്യനുദിച്ചതെന്തിന്? കഴിഞ്ഞുപോയ രാത്രിയും നിലാവും മഞ്ഞും അനന്തമായി തുടരാതിരുന്നതെന്തുകൊണ്ട്? എസ്തേര്‍ ദുഃഖിച്ചു. രാജാവറിയാതെ അദ്ദേഹത്തിന്റെ വസ്ത്രത്തിന്റെ വിളുമ്പില്‍ അവള്‍ പിടിമുറുക്കി. ഇനിയൊരിക്കലും വിട്ടുകളയില്ലെന്ന് ഉറക്കെ, മുറുക്കെ. എന്നാല്‍ അദ്ദേഹം പോകാനെഴുന്നേറ്റപ്പോള്‍ അവള്‍ക്കത് ഖേദത്തോടെ വിട്ടുകൊടുക്കേണ്ടിവന്നു. അയാള്‍ വിശാലമായ പാര്‍സ്യന്‍ സാമ്രാജ്യത്തിന്റെ അധിപനും അവള്‍ അയാളുടെ കൃപയാല്‍ മാത്രം പത്നിയായിത്തീര്‍ന്നവളുമാണ്. നനഞ്ഞ തലമുടിയും കുതിര്‍ന്ന വസ്ത്രങ്ങളുമായി ഉദ്യാനത്തില്‍ അവള്‍ ഒറ്റയ്ക്കു നില്ക്കുന്നതു കണ്ട് ദാസിമാര്‍ പരിഭ്രമിച്ചു. അവരവളെ സ്നാനഗൃഹത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. രാജാവിന്റെ മനസ്സിലെന്തെന്ന് അവള്‍ക്കറിഞ്ഞുകൂടാ. കോപമോ താപമോ? അതറിയാനവള്‍ക്ക് മറ്റു വഴികളുമില്ല. അവളുടെ ചെവിയോടടുപ്പിച്ച മുഖം ചൂടുകൊണ്ട് ത്രസിക്കുന്നുണ്ടായിരുന്നു. രൂക്ഷമായൊരു സുഗന്ധം അയാളില്‍നിന്നും പുറപ്പെടുന്നുണ്ടായിരുന്നു. എസ്തേര്‍, എസ്തേര്‍ എന്നു വിളിച്ചുകൊണ്ടിരുന്ന വായ് പൊള്ളുന്നുണ്ടായിരുന്നു. പ്രണയമോ പ്രതികാരമോ? അങ്ങനെ ചിന്തിക്കുന്ന മാത്രയില്‍ത്തന്നെ 'നാളെ എത്രപേര്‍ എസ്തേര്‍?' എന്ന ചോദ്യവും അവളുടെ തലയ്ക്കുള്ളില്‍ കഠിനവേദനയോടെ മുഴങ്ങുന്നു. ശിക്ഷാവിധിക്കായിട്ടാണെങ്കില്‍പ്പോലും അഹശ്വേറോസ് അടുത്തുണ്ടാകണമെന്ന ശക്തമായ ആഗ്രഹത്തെ എങ്ങനെ വ്യാഖ്യാനിക്കണമെന്ന് അവള്‍ക്കു പരിഭ്രമം തോന്നുന്നു. അവളുടെ ഉള്ളില്‍ ഒരു തീക്കടല്‍ തിളച്ചുപൊങ്ങുന്നു. നാളെ ശൂശനിലെ നിലവിളികള്‍ നിലച്ചേക്കാം. അവള്‍ക്കോ, എന്നന്നേക്കുമായി മുറിവേറ്റിരിക്കുന്നു. 

വേദനയോടെ എസ്തേര്‍ എഴുതി:
പ്രണയവിഷം തീണ്ടി ഞാന്‍
മരണം  കാത്തു കിടക്കുന്നു.
ദാസിമാരും തിരുനങ്കകളും കടന്നുവരുമ്പോഴും കാറ്റ് ജാലകവിരികളെ ഇളക്കുമ്പോഴും പ്രഭാതത്തിലെ വെയില്‍ പൊടുന്നനേ തറയില്‍ വീണിളകുമ്പോഴും എസ്തേര്‍ തട്ടിപ്പിടഞ്ഞെണീറ്റു, നിരാശയോടെ പിന്തിരിഞ്ഞു.
രാത്രി മുഴുവന്‍ എസ്തേര്‍ കഠിനചിന്തയില്‍ മുഴുകി. ശൂശനിലെ തെരുവില്‍ ഇനിയൊരു തുള്ളി രക്തം വീണുകൂടാ. അവളുടെ പേരില്‍ ഇനിയൊരു വീടും പ്രാണവേദനയോടെ പിടഞ്ഞുകൂടാ. ഒരു കുഞ്ഞും അനാഥനായിക്കൂടാ.
ആദാര്‍മാസം പതിനഞ്ചാം തീയതി നേരം പുലര്‍ന്നപ്പോള്‍ എസ്തേറിന്റെ തോഴിമാര്‍ കൈ നിറയെ പൂക്കളും സമ്മാനപ്പൊതികളും സുഗന്ധവസ്തുക്കളുമായി അന്തഃപുരത്തില്‍ നിന്നും പുറപ്പെട്ടു. അവര്‍ അനേകം പേരുണ്ടായിരുന്നു. ഏഴു പേര്‍ മൊര്‍ദെഖായിയുടെ വസതിയിലേക്കാണ് പോയത്. അവിടെ അയാളും മറ്റു യഹൂദന്മാരും ഗൗരവതരമായ ആലോചനായോഗത്തിലായിരുന്നു. എസ്തേറിന്റെ അറിയിപ്പ് എന്നു കേട്ടപ്പോള്‍ മൊര്‍ദെഖായി തോഴിമാരെ അകത്തു പ്രവേശിപ്പിച്ചു. ഏഴാളും അവര്‍ ചുമന്നുകൊണ്ടുവന്നിരുന്ന പൂക്കളും സമ്മാനപ്പെട്ടികളും സുഗന്ധദ്രവ്യങ്ങളും അയാളുടെ മുന്നില്‍ വെച്ചു. 'ആദാര്‍ മാസം പതിനഞ്ചാം തീയതിയായ ഇന്ന് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ദിവസമായിരിക്കണമെന്ന് എസ്തേര്‍രാജ്ഞി ആഗ്രഹിക്കുന്നു. പതിമൂന്നും പതിനാലും ഭീതിയുടെയും കൊലയുടെയും നാശങ്ങളുടെയും ദിവസങ്ങളായിരുന്നു. പതിനഞ്ച് ഉല്ലാസത്തിനും വിരുന്നിനും വിശ്രമത്തിനുമായിരിക്കട്ടെ! യഹൂദര്‍ പരസ്പരം സ്നേഹാശംസകള്‍ അറിയിക്കുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യണം. അവര്‍ ശക്തിക്കൊത്തവിധം വിരുന്നൊരുക്കി. വിരുന്നിലേക്ക് എല്ലാവരെയും ക്ഷണിക്കണം. ദരിദ്രര്‍ക്കു സഹായങ്ങള്‍ നല്കുവാനും കഷ്ടപ്പെടുന്നവരെ ആശ്വസിപ്പിക്കുവാനും ഈ ദിവസത്തെ ഉപയോഗിക്കണം. കാരണം, ഹാമാന്റെ നിശ്ചയപ്രകാരമായിരുന്നുവെങ്കില്‍ വിലപിക്കാന്‍ പോലും ഒരു യഹൂദന്‍ അവശേഷിക്കുകയില്ലായിരുന്നു. ജീവന്‍ തിരിച്ചുകിട്ടിയതിന്റെ ആഘോഷം അവരെ നന്മയുള്ളവരാക്കട്ടെ,' എസ്തേറിന്റെ ലിഖിതം വായിച്ചതും മൊര്‍ദെഖായിയുടെ മുഖം ചുവന്നു. 'എന്റെ പ്രയത്നങ്ങള്‍ പാഴാക്കിക്കളയാനോ?' അയാള്‍ ചോദിച്ചു.

കുപിതനായി ആയുധമേന്തിയ യഹൂദന്മാരോടൊപ്പം അയാള്‍ നഗരത്തിലേക്കിറങ്ങിയെങ്കിലും എസ്തേറിന്റെ ദാസിമാര്‍ പൂക്കളും സുഗന്ധദ്രവ്യങ്ങളും സമ്മാനപ്പൊതികളുമായി വീടുതോറും കയറിയിറങ്ങുന്നതും ആളുകള്‍ സ്നേഹത്തോടെ അവരെ വരവേല്ക്കുന്നതും കണ്ടു. കുട്ടികള്‍ വീടിനു പുറത്തേക്കു വരികയും ഒച്ചവെച്ചു കളിക്കാന്‍ ധൈര്യപ്പെടുകയും ചെയ്തു. പ്രഭാതസൂര്യന്‍ ശൂശനു മീതേ തെളിമയോടെ ഉദിച്ചുനിന്നു. ചില യുവാക്കള്‍ അവരുടെ വാദ്യോപകരണങ്ങള്‍ വായിച്ചുകൊണ്ട് വാതില്‍പ്പടിയില്‍ വന്നിരുന്നു. ചിലര്‍ തെരുവിലേക്കിറങ്ങി. വീടുകളില്‍ ഭക്ഷണം പാകംചെയ്യുന്ന സുഗന്ധം വായുവില്‍ പരന്നു. മരണകാഹളം മാത്രം കേട്ടുകൊണ്ടിരുന്ന അന്തരീക്ഷത്തില്‍ ജീവിതത്തിന്റെ മധുരനാദം മൃദുവായി ഉയര്‍ന്നു. പതുക്കെ സൗമ്യമായ ഒരു നദിപോലെ ശൂശന്‍ നഗരം ഒഴുകാന്‍ തുടങ്ങി.

അന്നു വൈകുന്നേരം രാജാവിനും മൊര്‍ദെഖായിക്കും മാത്രമായി എസ്തേര്‍ ഒരു പ്രത്യേക വിരുന്നൊരുക്കി. ഒരുപക്ഷേ, ആ കൂടിക്കാഴ്ച നല്ലതിനായിരിക്കുമെന്ന് അവള്‍ പ്രതീക്ഷിച്ചു. ഉച്ചതിരിഞ്ഞപ്പോള്‍ മൊര്‍ദെഖായി ഒരു ദൂതന്‍വഴി അവള്‍ക്കൊരു സന്ദേശം കൊടുത്തയച്ചു. ശൂശന്റെ പ്രാന്തപ്രദേശത്ത് ശത്രുക്കള്‍ തകര്‍ത്തുകളഞ്ഞ യഹൂദദേവാലയം പുതുക്കിപ്പണിയുന്നതിലേക്ക് ആവശ്യമായ സാമ്പത്തികസഹായം നല്കണമെന്ന് അഭ്യര്‍ഥിക്കുന്നതായിരുന്നു ആ സന്ദേശം. പാര്‍സ്യയുടെ മഹാരാജ്ഞി എന്ന നിലയില്‍ അവള്‍ക്കതിനു കഴിയുമെന്നും വൈകുന്നേരത്തെ പ്രത്യേക വിരുന്നിലേക്ക് ക്ഷണിച്ചതിന് നന്ദിയും സന്തോഷവുമുണ്ടെന്നും അയാള്‍ എഴുതിയിരുന്നു. എന്നാല്‍, അയാള്‍ക്കും അവള്‍ക്കുമിടയില്‍ സംഭവിച്ചിട്ടുള്ള അകലം വാക്കിലും വരിയിലും വരികള്‍ക്കിടയിലും അയാള്‍ ഒളിച്ചുവെച്ചിരുന്നു. കൃത്രിമമായ മര്യാദാവാക്കുകളും ആത്മാവില്ലാത്ത ഉപചാരപദങ്ങളും കൊണ്ട് അയാളാ കത്തിനെ അലങ്കരിച്ചിരുന്നു. ഹദെസ്സാ എന്ന പെണ്‍കുട്ടിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍പാകത്തില്‍ വാത്സല്യം ചോര്‍ത്തിക്കളഞ്ഞ ഭാഷയിലാണയാള്‍ അവള്‍ക്കെഴുതിയിരിക്കുന്നത്. കഠിനവേദനയുടെയും ഭയാശങ്കകളുടെയും ഒളിച്ചുകളികളുടെയും ഒരു കാലം അവര്‍ക്കുമുണ്ടായിരുന്നു. അന്നുപക്ഷേ, അവര്‍ കൈമാറിയിരുന്ന സന്ദേശങ്ങള്‍ ഹൃദയത്താല്‍ എഴുതപ്പെട്ടവയായിരുന്നു.

'പള്ളി പണിയുക എന്നത് യഹോവയോടുള്ള എന്റെ ഉടമ്പടിയും ജീവനെക്കാള്‍ പ്രധാനപ്പെട്ട കര്‍മവുമാണ്. അതുകൊണ്ട് ഇന്നു വൈകുന്നേരം വിരുന്നുശാലയിലേക്കല്ല; തകര്‍ക്കപ്പെട്ട ദേവാലയത്തിലേക്കാണ് എന്റെ കാലുകള്‍ ചലിക്കുക...' മൊര്‍ദെഖായി അങ്ങനെയാണ് തന്റെ ലിഖിതം അവസാനിപ്പിച്ചത്. എസ്തേറിന്റെ മനസ്സ് ഇടിഞ്ഞുതകര്‍ന്നു. ദൂരെയേതോ അജ്ഞാതദേശത്തുനിന്ന് അവള്‍ക്കറിഞ്ഞുകൂടാത്ത ഭാഷയില്‍ മൊര്‍ദെഖായി സംസാരിച്ചുകൊണ്ടിരിക്കുന്നുവെന്ന് അവള്‍ക്കു തോന്നി. അയാളുടെ കണ്ണുകള്‍ അമ്പരപ്പാര്‍ന്നതും വാക്കുകള്‍ പുറത്തേക്കു വരാത്തതും ശരീരചലനങ്ങള്‍ വികൃതവുമാണ്. അയാള്‍ വലതുകണ്ണു പൊത്തിപ്പിടിച്ചിരിക്കുന്നു...
പുറത്ത് വിരുന്നിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതോ ദാസിമാര്‍ പലവട്ടം വന്ന് മുഖം കാണിച്ചതോ സംശയങ്ങള്‍ ചോദിച്ചതോ ഒന്നും എസ്തേര്‍ അറിഞ്ഞില്ല. താങ്ങാനാവാത്ത വ്യഥയോടെ അവള്‍ കിടപ്പറയില്‍ത്തന്നെയിരുന്നു. വിരുന്നുശാലയിലേക്കു പോകുന്നതിന് അണിയിച്ചൊരുക്കാന്‍ വന്ന ദാസിമാരെ അവള്‍ മടക്കിയയച്ചു. അഹശ്വേറോസ് വരാനുള്ള സമയമായെന്ന് തിരുനങ്കകള്‍ വന്നറിയിക്കുംവരെ അവള്‍ കിടക്കവിട്ടെണീറ്റില്ല. കരഞ്ഞുവീര്‍ത്ത കണ്ണുകളും വിളറിയ മുഖവും പാറിപ്പറന്ന തലമുടിയും ഉലഞ്ഞ വസ്ത്രങ്ങളുമായി സ്വപ്നാടകയെപ്പോലെ വിരുന്നുശാലയിലേക്കു പോകുന്ന രാജ്ഞിയെ കണ്ട് അന്തഃപുരമാകെ പരിഭ്രമിച്ചു. ഇതിന്റെ പേരില്‍ ലഭിക്കാന്‍ പോകുന്ന ശിക്ഷകളോര്‍ത്ത് ഓരോരുത്തരും ഭയന്നു. അസന്തുഷ്ടനായ രാജാവിന്റെ കോപത്തെക്കുറിച്ച് ഓര്‍ക്കാന്‍പോലും അവര്‍ക്കു പേടിയായി.

എന്നാല്‍, രാത്രി ഏറെ ചെല്ലുന്നതുവരെ അവര്‍ കാത്തിരുന്നിട്ടും രാജാവ് വിരുന്നിനെത്തിയില്ല. വിളക്കുകളണയാന്‍ തുടങ്ങി. വിഭവങ്ങള്‍ തണുത്തുമരവിച്ചു. ദാസിമാരും തിരുനങ്കകളും ഗായികമാരും അങ്ങിങ്ങു ചാഞ്ഞുകിടന്ന് മയങ്ങി. എസ്തേര്‍ മാത്രം അവളുടെ ഇരിപ്പിടത്തില്‍നിന്നും ഇളകിയില്ല. വിരുന്നുശാല ഒരു നിശ്ചലദൃശ്യംപോലെ കാണപ്പെട്ടു. ഒരു ചെറിയ കാറ്റുപോലും കടന്നുവരികയോ ജാലകമറകളെ ഇളക്കുകയോ ചെയ്തില്ല. ക്രമേണ അവസാനത്തെ വിളക്കും എണ്ണവറ്റിയണയുകയും വിരുന്നുശാല അന്ധകാരപൂര്‍ണമാവുകയും ചെയ്തു. എല്ലാ ശബ്ദങ്ങളും നിലച്ചു.

എന്നില്‍ ആളിക്കത്തുന്ന ജീവിതത്തെ ഞാനെന്തു ചെയ്യും? എസ്തേര്‍ ഇരുട്ടിലേക്കു സൂക്ഷിച്ചുനോക്കി. വലിയ രണ്ടു മരത്തൊട്ടികളില്‍ വെള്ളം നിറച്ച് കാവിന്മേല്‍ ചുമന്നുകൊണ്ട് ഒരു സ്ത്രീ ഇരുട്ടിലൂടെ നടന്നുവരുന്നുണ്ട്. അവര്‍ ചുവന്ന മേലങ്കി ധരിച്ചിരുന്നു. അവരുടെ ശിരോവസ്ത്രം നീലയായിരുന്നു. നടക്കുന്ന താളത്തിനൊപ്പം മരത്തൊട്ടികളിലെ വെള്ളം തുളുമ്പിവീണുകൊണ്ടിരുന്നു. വെള്ളം ചുമന്ന തോള്‍ ഇടിഞ്ഞുതാണതുകൊണ്ട് വല്ലാതെ ചെരിഞ്ഞാണ് അവര്‍ നടന്നിരുന്നത്... അവ്യക്തവും വേദനാനിര്‍ഭരവുമായ ബാല്യകാല ഓര്‍മകളില്‍ ബാക്കിനില്ക്കുന്ന ഒരേയൊരു ചിത്രം അതാണ്. ആ സ്ത്രീയുടെ മുഖമോ ശബ്ദമോ സ്പര്‍ശമോ ഓര്‍മയിലില്ലെങ്കിലും അതാണവളുടെ അമ്മ. മൊര്‍ദെഖായിയുടെ പിന്നാലെ അയാളുടെ വീട്ടിലേക്കു കയറിച്ചെന്നത് അപ്പനും അമ്മയും നഷ്ടപ്പെട്ട അഞ്ചു വയസ്സുള്ള കുട്ടിയായിരുന്നു. അവളുടെ അപ്പന്റെ ആടുകളുടെ കണ്ണിലെ കരുണ അതേപടി അവളുടെ കണ്ണിലും കാണാമായിരുന്നു. മുതിര്‍ന്നിട്ടും അവളതു സൂക്ഷിച്ചു. ഹദെസ്സ. ഹദെസ്സ മാത്രമാണ് സത്യം. എസ്തേര്‍ ഹദെസ്സയ്ക്ക് അറിഞ്ഞുകൂടാത്ത ആരോ ആണ്. അവള്‍ ഇരുകൈകളും ഇരുട്ടിലേക്കു നീട്ടി. അഹശ്വേറോസ്, നിങ്ങളുടെ ഹൃദയം എനിക്ക് അജ്ഞാതമായിരിക്കുന്നത് എന്തുകൊണ്ട്? ഒരനാഥയ്ക്കും രാജാവിനുമിടയില്‍ സാധ്യമാകുന്ന വിനിമയത്തിന്റെ ഭാഷ ഏതായിരിക്കും?

(അവസാനിച്ചു)

നോവലിന്റെ മുന്‍ ലക്കങ്ങള്‍ വായിക്കാം

സാറാ ജോസഫിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Esther Novel Sarah Joseph Bible Mathrubhumi Books Chapter 9 part 2 last Chapter