അകത്തെ പ്രാകാരത്തിലേക്കുള്ള പടികള്‍ തണുത്ത വെളിച്ചം വീഴുന്നതും കുളിര്മയുള്ള കല്ലുകളാല്‍ കെട്ടിപ്പടുത്തതുമായിരുന്നു. ഓരോ പടി കയറുന്തോറും വെളിച്ചം മങ്ങുകയും തണുപ്പേറുകയും ചെയ്തു. പടികളില്‍ അവള് ഏകയായിരുന്നു. അങ്ങോട്ട് ആര്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല. പടികള്‍ കയറിച്ചെല്ലുന്നത് അതിവിശാലമായ ഒരു നടുത്തളത്തിലേക്കാണ്. നീലനിറമുള്ള കല്ലുകള്‍ പാകിയ നടപ്പാത രാജസഭയുടെ കവാടംവരെ നീണ്ടുകിടക്കുന്നു. വെളിച്ചം വീണ് നീലക്കല്ലുകള്‍ തിളങ്ങുന്നുണ്ട്. ഉദരത്തിലെ പുസ്തകശിശുവിന്റെ മേല്‍ കൈവെച്ചുകൊണ്ട് എസ്തേര്‍ നടപ്പാതയിലേക്കു പ്രവേശിച്ചു. ഇപ്പോള്‍ അവള്‍ക്കു ശൂശന്‍ പട്ടണത്തിനഭിമുഖമായി തന്റെ സിംഹാസനത്തിലിരിക്കുന്ന പാര്‍സ്യന്‍ രാജാവിനെ അവ്യക്തമായി കാണാം. ഓരോ അടി മുന്നോട്ടു വെക്കുമ്പോഴും ആ ചിത്രം കൂടുതല്‍ തെളിഞ്ഞുകൊണ്ടിരുന്നു. പെട്ടെന്ന് രാജസഭയുടെ വാതില്‍ കാവല്ക്കാര് അവരുടെ വാള് ഉറയില്‍നിന്ന് ഊരി. എട്ടുവീതം ഇരുവശത്തും നിന്നിരുന്ന പതിനാറു കുന്തക്കാര്‍ അവരുടെ കുന്തങ്ങള്‍ വിലങ്ങനെ കോര്‍ത്ത് തടസ്സം സൃഷ്ടിച്ചു. എസ്തേര്‍! അഗാധത്തില്നിന്നാണ് അവള് കയറിവന്നത്. ശൂശന്‍ പട്ടണത്തിലെ ഏതൊരു സാധാരണക്കാരിയും കയറിവരാന്‍ ഇടയുള്ള അതേ വഴിയിലൂടെ.
താഴ്വരയില് കാലം മന്ദഗതിയില്‍ നീങ്ങുന്നുണ്ട്. മുന്തിരിക്കൊയ്ത്തുകാര് സാവകാശം വയലിലേക്കു നടക്കുന്നു. ആടുകള്‍ തണലില്‍ കിടന്ന് അയവിറക്കുന്നു. നെയ്ത്തുകാരുടെ തറികളില്‍ അയഞ്ഞ താളം. അമ്മമാരുടെ താരാട്ടുകള്‍ കാറ്റിന്റെ കനം കുറയ്ക്കുന്നു. ഏതോ ഒരു വീട്ടില്‍ ഒരു വധു സമയമെടുത്ത് അണിഞ്ഞൊരുങ്ങുന്നു... അതിവിശാലവും മരണംപോലെ തണുത്തതും ഭയപ്പെടുത്തുന്നതുമായ വിജനതയില്‍ എസ്തേര്‍ രാജസഭയുടെ വാതില്ക്കല് നിന്നു. അവള്‍ക്കിപ്പോള്‍ രാജാവിനെ വ്യക്തമായി കാണാം.
ഉയരെ തന്റെ സിംഹാസനത്തില്‍ അദ്ദേഹം ഇരിക്കുന്നു. പടികള്‍ക്കു താഴേ അവരവരുടെ പദവിക്കനുസരിച്ച് മന്ത്രിമാരും പ്രഭുക്കന്മാരും ഉദ്യോഗസ്ഥരും സൈനികരും സേവകരുമടങ്ങിയ അനേകം പേരുടെ നീണ്ട നിരകള്‍ ഇരുവശത്തും. സഭാകവാടത്തില്‍ എസ്തേര്‍ നില്ക്കുന്നതു കണ്ട് അവര്‍ ഒന്നടങ്കം ആശ്ചര്യത്തോടെ എഴുന്നേറ്റു നിന്നു. നിയമം ലംഘിച്ച് സഭാമന്ദിരത്തിനു നേര്‍ക്ക് വന്നുനില്ക്കുക മാത്രമല്ല, മുന്നോട്ടു വരികകൂടിയാണവള്. കാവല്ക്കാര് എസ്തേറിനു നേരേ വാളോങ്ങി. രാജസഭയില്‍ വലിയൊരു സീല്ക്കാരശബ്ദമുയര്ന്നു. എസ്തേര്‍ തന്റെ സിംഹാസനത്തിനു നേര്‍ക്കു നില്‍ക്കുന്നത് അഹശ്വേറോസ് അദ്ഭുതത്തോടെ കണ്ടു. നിയമപ്രകാരം അവളെ കൊല്ലേണ്ടതിന് കാവല്ക്കാരന് വാളോങ്ങിയതും രാജാവ് തന്റെ ചെങ്കോല്‍ അവള്‍ക്കു നേരേ നീട്ടി. വാളുകള്‍ അവയുടെ ഉറയിലേക്കു പിന്മടങ്ങി. കുന്തങ്ങള്‍ യഥാസ്ഥാനത്തേക്കു തിരിച്ചുപോയി. എസ്തേര്‍ രാജസഭയില്‍ പ്രവേശിച്ചു. അവള് മുന്നോട്ടു ചെന്ന് ചെങ്കോലിന്റെ അഗ്രം തൊട്ടു. എന്നിട്ട് മുട്ടുകുത്തി രാജാവിനെ വണങ്ങി.
'എസ്തേര്‍രാജ്ഞീ, എന്തിനായിട്ടാണ് ഇത്തരത്തില്‍ നീയെന്റെ മുന്പില് വന്നത്? എന്താണ് നിന്റെ അപേക്ഷ? ഈ നിമിഷത്തില്‍ നീയെന്റെ രാജ്യത്തിന്റെ പകുതി ചോദിച്ചാല്‍ അതും ഞാന്‍ നിനക്കു തരും. പറയൂ, എന്താണ് നിനക്കു വേണ്ടത്?'
അനുപമമായ അവളുടെ സൗന്ദര്യത്തില്‍ രാജാവിന്റെ മാത്രമല്ല, രാജസഭയിലുണ്ടായിരുന്ന എല്ലാവരുടെയും കണ്ണുകള്‍ വികസിച്ചു. ഏറെ നേരം നോക്കിക്കൊണ്ടിരിക്കാന്‍ പറ്റാത്ത തരത്തിലുള്ള ധാരാളിത്തം ആ സൗന്ദര്യത്തിനുണ്ടായിരുന്നു. കാണിക്കു താങ്ങാന്‍ പറ്റുന്നതിലേറെ അഴക്. ഓരോ ചലനവും കമനീയം. വിഷാദമധുരമായ ഒരു രൂപം. ആ നിമിഷം അവളുടെ കൈ പിടിച്ച് തന്നോടൊപ്പം ഇരുത്തണമെന്ന് രാജാവ് ആഗ്രഹിച്ചു. കഴിഞ്ഞ മുപ്പതുദിവസമായി അയാള്‍ അവളെ കണ്ടിട്ടില്ല. ഓര്‍ത്തതും അപൂര്‍വമായി മാത്രം. അതെങ്ങനെ കഴിഞ്ഞുവെന്ന് അയാള്‍ ആശ്ചര്യപ്പെട്ടു.
'എന്റെ അപേക്ഷ നിസ്സാരമെന്ന് തള്ളിക്കളയരുതേ. ഇന്ന് വൈകീട്ട് ഞാനൊരു വിരുന്നൊരുക്കിയിട്ടുണ്ട്. ആ വിരുന്നില്‍ പങ്കെടുക്കാന്‍ മനസ്സുണ്ടാവണം. അങ്ങയോടൊപ്പം ആ വിരുന്നിലേക്ക് ഞാന്‍ ഹാമാനെയും ക്ഷണിക്കുന്നു.' എസ്തേര്‍രാജ്ഞി ഒരിക്കല്‍ക്കൂടി രാജാവിനെ കുനിഞ്ഞുവണങ്ങി. അദ്ഭുതപ്പെട്ടുപോയ ഹാമാന് കേട്ട വാക്കുകള്‍ വിശ്വസിക്കാനാവാതെ മിഴിച്ചുനിന്നു.
എസ്തേറിന്റെത് വലിയ വീഞ്ഞുവിരുന്നായിരുന്നു. മുന്നൂറും നാനൂറും അതിലേറെയും കൊല്ലം പഴക്കമുള്ള വലിയ വീഞ്ഞുകളാണ് വിളമ്പിക്കൊണ്ടിരുന്നത്. എസ്തേറിന് അതു സംഘടിപ്പിച്ചുകൊടുത്തത് ഹഥാക്കായിരുന്നു. വീഞ്ഞറയുടെ താക്കോല്‍ അയാളുടെ കൈവശത്തിലാണ്. വശ്ത്തീരാജ്ഞിയുടെ സൂക്ഷിപ്പുകളായിരുന്നു അതെല്ലാം. എണ്ണൂറു കൊല്ലം പഴക്കമുള്ളതും മെസപ്പൊട്ടേമിയന് കര്‍ഷകര്‍ വിളയിച്ച മുന്തിരിയില്നിന്നുണ്ടാക്കിയതുമായ വലിയ വീഞ്ഞ് വശ്ത്തീരാജ്ഞിയുടെ വിശിഷ്ടസമ്പാദ്യമായിരുന്നു. എസ്തേര്‍ അത് കലവറയില്‍നിന്നും എടുപ്പിക്കുകയും രാജാവിനും ഹാമാനും വിളമ്പുകയും ചെയ്തു. അഹശ്വേറോസ് അദ്ഭുതപ്പെട്ടു. പ്രഭാതത്തില്‍നിന്ന് അധികരിച്ച സൗന്ദര്യത്തോടെയാണ് എസ്തേര്‍ വിരുന്നുശാലയിലെത്തിയത്. അവള് ഇളംനീലനിറമുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. നീലക്കല്ലുകള്‍ പതിപ്പിച്ച ഒരു ചെറിയ രത്നഹാരം കഴുത്തിലണിഞ്ഞിരുന്നു. സമൃദ്ധമായ തലമുടിയില്‍നിന്ന് രാജാവ് അതുവരെ അനുഭവിച്ചിട്ടില്ലാത്ത പരിമളം ഒഴുകിവന്നുകൊണ്ടിരുന്നു. അവളുടെ കൈകള്‍ നീണ്ടതും മനോഹരമായ ആകൃതിയോടുകൂടിയതുമായിരുന്നു. ഒരു നിമിഷത്തില്‍ നിയന്ത്രണം വിട്ട് അഹശ്വേറോസ് അവളുടെ വലതുകൈ ഉയര്‍ത്തി അതില്‍ ചുംബിച്ചു. 'എസ്തേര്‍രാജ്ഞീ, എന്താണ് നിനക്കെന്നോടു ചോദിക്കാനുള്ളത്? നീ എന്തു ചോദിച്ചാലും അത് നിനക്കു കിട്ടിയിരിക്കും. നീ എന്റെ രാജ്യത്തിന്റെ പകുതി ചോദിച്ചാല്‍ അതും ഞാന്‍ നിനക്കു തരും.' എസ്തേര്‍ കൈ പിന്‍വലിച്ചില്ല. അവളുടെ പ്രായത്തിനടുത്തതും കളങ്കപ്പെട്ടിട്ടില്ലാത്തതുമായ മന്ദഹാസത്തോടെ അവള് പറഞ്ഞു, 'എന്റെ അപേക്ഷ തള്ളിക്കളയരുത്. എന്റെ ആഗ്രഹം അധികമാണെന്ന് വിചാരിക്കരുത്. നാളെയും ഞാനൊരു വിരുന്നൊരുക്കുന്നുണ്ട്. ആ വിരുന്നിലും രാജാവും ഹാമാനും പങ്കെടുക്കണം. നാളെ ഞാനെന്റെ അപേക്ഷ അങ്ങയുടെ മുന്നില്‍ വെക്കും. അങ്ങു കല്പിക്കുന്നതെന്തോ അതുപോലെ ചെയ്യുകയും ചെയ്യും.'
എസ്തേര്‍രാജ്ഞി ഒരുക്കിയ രണ്ടാമത്തെ വിരുന്നിലേക്കും താന്‍ ക്ഷണിക്കപ്പെട്ടിരിക്കുന്നുവെന്നത് ഹാമാനെ അദ്ഭുതപ്പെടുത്തി. രാജാവിന്റെ മുന്നില്‍ മാത്രമല്ല, രാജ്ഞിയുടെ മുന്നിലും തന്റെ പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണ്. താനൊഴികെ മറ്റൊരു മന്ത്രിയോ പ്രഭുവോ ക്ഷണിക്കപ്പെട്ടിട്ടില്ല. അയാള്‍ക്ക് അടക്കാനാവാത്ത സന്തോഷം തോന്നി. അത് നാലാളെ അറിയിക്കണമെന്ന് അയാള്‍ ആഗ്രഹിച്ചു. സത്കാരം കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ നടശാലയില്വെച്ച് മേദ്യയിലെ പ്രഭുവും ഒരു സൈനികോദ്യോഗസ്ഥനും അവിടെ സംസാരിച്ചുകൊണ്ടു നില്‍ക്കുന്നത് അയാള്‍ കണ്ടു.
'നാളത്തെ വിരുന്നിന് ക്ഷണമുണ്ടല്ലേ?' ഒന്നുമറിയാത്തപോലെ ഹാമാന് മേദ്യയിലെ പ്രഭുവിനോടു ചോദിച്ചു. ഹാമാനു മുന്‍പ് രാജാവിന് ഏറ്റവും വിശ്വസ്തന് അയാളായിരുന്നു. അതില്‍ ഹാമാന് ഇപ്പോഴും നീരസമുണ്ട്.
'ഏതു വിരുന്നാണ് പ്രഭോ?'
'മഹാരാജ്ഞി എസ്തേറിന്റെ സ്വകാര്യവിരുന്ന്. പ്രധാനപ്പെട്ട പ്രഭുക്കന്മാരെയൊക്കെ ക്ഷണിച്ചിട്ടുണ്ടെന്ന് കേട്ടു.'
'ഇല്ല പ്രഭോ, എനിക്കങ്ങനെയൊരു ക്ഷണം കിട്ടിയിട്ടില്ല.'
'ഒരുപക്ഷേ, പദവിക്കൊത്ത് ക്ഷണിച്ചുതുടങ്ങിയിട്ടേയുണ്ടാവൂ. നാളെ വിരുന്നില്‍വെച്ച് നമ്മള് കാണും.' ഹാമാന് അത്യുത്സാഹത്തോടെ സ്ഥലം വിട്ടു. മേദ്യയിലെ പ്രഭുവും അയാളും തമ്മില്‍ ആശയസംഘട്ടനങ്ങളും വാക്കുതര്‍ക്കങ്ങളും പതിവായിരുന്നു. സ്ഥാനക്കയറ്റം കിട്ടിയതിനുശേഷം അയാള്‍ തന്നെ പേരെടുത്തു വിളിക്കാന്‍ ഹാമാന് അനുവദിച്ചിട്ടില്ല. അയാള്‍ കടന്നുവരുമ്പോള്‍ എല്ലാ പ്രഭുക്കന്മാരും എഴുന്നേറ്റുനില്‍ക്കുന്നതും തല കുമ്പിട്ടു വണങ്ങുന്നതും ഹാമാനെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചിരുന്നത്. മേദ്യയിലെ പ്രഭുവിനു മാത്രമല്ല, മറ്റൊരു പ്രഭുക്കന്മാര്ക്കും മന്ത്രിമാര്‍ക്കും രാജ്ഞിയുടെ ക്ഷണം കിട്ടിയില്ലെന്നറിയിക്കാനുള്ള കുറുക്കുവഴി വിജയിച്ചതിന്റെ ആഹ്ലാദത്തോടെയാണയാള് രാജധാനിയുടെ കവാടത്തിലെത്തിയത്. അവിടെ യഹൂദനായ മൊര്‍ദെഖായി ഇരിക്കുന്നതും എഴുന്നേല്‍ക്കാത്തതും കൂസലില്ലാതെ തലയുയര്ത്തിപ്പിടിക്കുന്നതും കണ്ട് ഹാമാന് കോപംകൊണ്ട് തിളച്ചുപൊങ്ങിയെങ്കിലും അവനോടു ചെയ്യാനിരിക്കുന്ന ക്രൂരപ്രതികാരമോര്ത്ത് അവനെ അവഗണിച്ചു കടന്നുപോകാന്‍ തീരുമാനിച്ചു. എന്നാല്‍, വഴിനീളേ അയാളുടെ പക ആളിക്കത്തിക്കൊണ്ടിരുന്നു. വീട്ടിലെത്തിയതും നിലതെറ്റി അയാള്‍ പൊട്ടിത്തെറിച്ചു. 'എനിക്കെന്തുണ്ടായിട്ടെന്ത്!' അയാള്‍ അലറി. അയാളുടെ ഭാര്യയും മക്കളും സേവകരും അങ്കലാപ്പിലായി.
'ശൂശനില്‍ ഏറ്റവും സമ്പന്നന് ആരാണെന്നു ചോദിച്ചാല്‍ അത് ഞാനാണ്. എന്റെ പത്തു പുത്രന്മാരും എന്നെക്കാള്‍ കേമന്മാരാണ്. രാജധാനിയില്‍ ഏറ്റവും ഉന്നതസ്ഥാനത്ത് രാജാവെന്നെ വെച്ചിരിക്കുന്നു. മഹാരാജ്ഞിയുടെ സ്വകാര്യവിരുന്നിലേക്ക് രാജാവിനോടൊപ്പം ഇതാ രണ്ടാംവട്ടവും ഞാന്‍ ക്ഷണിക്കപ്പെട്ടിരിക്കുന്നു. എന്തുണ്ടായിട്ടെന്ത്? മൊര്‍ദെഖായി എന്ന യഹൂദന് രാജാവിന്റെ വാതില്ക്കല് എന്നെ കൂസാതെ ഇരിക്കുന്നിടത്തോളം യാതൊന്നുകൊണ്ടും എനിക്ക് സമാധാനമുണ്ടാവില്ല, സന്തോഷമുണ്ടാവില്ല.'
ഹാമാന്റെ ഭാര്യയായ സേരെശും അവന്റെ സ്നേഹിതന്മാരും അവനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. 'നാളെത്തന്നെ ആ യഹൂദനെ കഴുമരത്തിലേറ്റാന്‍ നീ രാജാവിനോട് അനുവാദം വാങ്ങുക. വെറുതേ വെച്ചുതാമസിപ്പിക്കുന്നതെന്തിന്? അവനുവേണ്ടി അന്‍പതുമുഴം ഉയരത്തില്‍ ഒരു കഴുമരം തയ്യാറായിക്കഴിഞ്ഞല്ലോ. നേരം വെളുക്കുംമുന്പ് അതു നടക്കട്ടെ. നിനക്കു സമാധാനമായി രാജാവിന്റെ കൂടെ എസ്തേറിന്റെ വിരുന്നിനു പോകാം.'
ഹാമാന് ഒരുവിധം സമാധാനപ്പെട്ടു. നേരം വെളുക്കുംമുന്പ് മൊര്‍ദെഖായിയെ കഴുവേറ്റണമെങ്കില് ഇപ്പോള്‍ത്തന്നെ രാജാവില്‍നിന്ന് അനുവാദം വാങ്ങണം. അയാള്‍ രാജധാനിയിലേക്കു പുറപ്പെട്ടു.
ഉറക്കം വരാത്തവരുടെ രാത്രിയായിരുന്നു അത്. അന്തഃപുരത്തില്‍ എസ്തേര്‍ തന്റെ കിടപ്പുമുറിയില്‍ അങ്ങുമിങ്ങും നടന്നുകൊണ്ടിരുന്നു. മൊര്ദെഖായിയാകട്ടെ, അയാളുടെ കൂടാരത്തില്‍ ഉറക്കമിളച്ച് പ്രാര്‍ഥനകളില്‍ മുഴുകി. ഹാമാന്റെ കുതന്ത്രത്തിനിരകളാവാതെ യഹൂദര്‍ക്ക് എങ്ങനെ രക്ഷ നേടാമെന്ന് കൂടിയാലോചിക്കാന്‍ യഹൂദപ്രമാണിമാര്‍ മൊര്‍ദെഖായിയുടെ കൂടാരത്തില്‍ എത്തിയിരുന്നു. എസ്തേറില്‍ അവര്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നു. കാരണം, യാതൊന്നുമില്ലാതിരുന്നിട്ടും എസ്തേറിന്റെ വിരുന്ന് വേണ്ടതിലധികം സന്തോഷിപ്പിച്ചിട്ടും അവളെക്കുറിച്ചുള്ള ഓര്‍മകള്‍ സുഖദായകമായിരുന്നിട്ടും അഹശ്വേറോസ് രാജാവിനും ആ രാത്രി ഉറക്കം വന്നില്ല. ചില യാദൃച്ഛികതകള്‍ മുന്‍നിശ്ചയങ്ങളെ മാറ്റിമറിക്കും. പെരുവഴിയേ പോയിരുന്നതിനെയെല്ലാം പലവഴിക്കു ചിതറിച്ചുവിടും. അതുപോലെ ഒന്നിനുവേണ്ടി കാലം കരുതിവെച്ച രാത്രിയായിരുന്നു അത്.
'ദിനവൃത്താന്തപുസ്തകം കൊണ്ടുവരൂ,' അഹശ്വേറോസ് കല്പിച്ചു. അതു വായിച്ചു കേള്‍പ്പിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ദിനങ്ങള്‍ ഓരോന്നു കടന്നുപോയി, രാജാവിനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്ന ദിവസത്തിലെത്തിയപ്പോള്‍ അഹശ്വേറോസ് ചോദിച്ചു: 'ഇതിന്റെ പേരില്‍ പടിവാതില്‍ കാവല്‍ക്കാരനായ മൊര്‍ദെഖായിക്ക് എന്തു പാരിതോഷികമാണ് നല്‍കിയത്?'
'ഒന്നും കൊടുത്തതായി കാണുന്നില്ല.'
'അതെന്തുകൊണ്ട്? നടശാലയിലോ അകത്തളത്തിലോ പ്രഭുക്കന്മാര് ആരെങ്കിലുമുണ്ടെങ്കില്‍ കൂട്ടിക്കൊണ്ടുവരൂ.'
ഹാമാന് അയാളുടെ ദുര്വിധിയെത്തേടി രാജധാനിയിലെത്തിയ കൃത്യം സമയമായിരുന്നു അത്. അയാള്‍ പ്രാകാരത്തില്‍ വന്ന് രാജാവിന്റെ വാതിലിനു നേരേ നില്‍ക്കുന്നത് ഭൃത്യന്മാര് കണ്ടു. അയാളെ കൂട്ടിക്കൊണ്ടു ചെന്നു. രാജാവു സന്തോഷത്തോടെ അയാളെ സ്വീകരിച്ചു. 'ഹാമാന്, താങ്കളില്‍നിന്ന് എനിക്കൊരുപദേശം വേണം. രാജാവ് ബഹുമാനിക്കാനാഗ്രഹിക്കുന്ന ഒരു പുരുഷനെ എങ്ങനെയാണ് വിധിയാംവണ്ണം ആദരിക്കേണ്ടത്?'
ഹാമാന്റെ ഉള്ളില്‍ മുല്ലപ്പൂവു വിരിയുമ്പോലൊരു സന്തോഷം വിടര്‍ന്നു. ശൂശന്‍ രാജധാനിയില്‍ രാജാവു മാത്രമല്ല, രാജ്ഞിയും ബഹുമാനിക്കാനാഗ്രഹിക്കുന്ന ഒരേയൊരാള്‍ ഹാമാന് മാത്രമാണെന്നയാള്ക്കറിയാം. പൊങ്ങിവന്ന മുല്ലപ്പൂമണം ഉള്ളിലേക്കമര്‍ത്തി വിനീതനായി ഹാമാന് പറഞ്ഞു: 'അങ്ങനെയൊരാളെ ആദരിക്കാന്‍ രാജവസ്ത്രവും രാജാവിന്റെ കുതിരയും രാജകിരീടവും കൊണ്ടുവരണം. രാജാവിന്റെ അതിശ്രേഷ്ഠപ്രഭുക്കന്മാരിലൊരാള് ഇതെല്ലാം ആ പുരുഷനെ അണിയിക്കണം. അയാളെ കുതിരപ്പുറത്തു കയറ്റി പട്ടണവീഥികളിലൂടെ ആനയിക്കുകയും ശ്രേഷ്ഠപ്രഭുതന്നെ മുന്നില്‍ നടന്ന് ഇങ്ങനെ വിളിച്ചുപറയുകയും വേണം: ഇതാ, രാജാവ് ബഹുമാനിക്കാന്‍ ആഗ്രഹിക്കുന്ന പുരുഷന്. ഇവനെ വണങ്ങുവിന്‍!'
'വളരെ നല്ലത് ഹാമാന്, ഉചിതമായത്. എന്റെ അതിശ്രേഷ്ഠപ്രഭുവായ നീതന്നെ എനിക്കു വേണ്ടി ഇതു ചെയ്യണം. വാതില്‍ കാവല്‍ക്കാരനായ മൊര്‍ദെഖായി എന്ന ഒരുവനെയാണ് ഞാന്‍ ബഹുമാനിക്കാനാഗ്രഹിക്കുന്നത്. അവന് എന്റെ ജീവന് രക്ഷിച്ചു. ഇന്നുതന്നെ പറഞ്ഞതിലൊട്ടും കുറയാതെ അയാളെ ആദരിക്കുക,' രാജാവ് ദിനവൃത്താന്തപുസ്തകത്തിലേക്കു മടങ്ങി.
മരണം മികച്ച തിരഞ്ഞെടുപ്പാകുന്ന ചില ദുര്യോഗങ്ങള് ജീവിതത്തില്‍ സംഭവിച്ചേക്കാം. ഹാമാന്റെ കാര്യത്തിലും ഇതിനെക്കാള്‍ ഭേദം മരണമെന്ന് ഉള്ളുരുകിക്കൊണ്ട് അയാള്‍ മൊര്‍ദെഖായിയെ രാജവസ്ത്രം ധരിപ്പിച്ചു. കൂസലില്ലാത്ത ആ യഹൂദന്റെ ഉരുക്കുമുഖത്തു നോക്കി അയാളെ കൊന്നുകളയാനുള്ള ക്രോധത്തോടെ രാജകിരീടം അവന്റെ ശിരസ്സിലണിയിച്ചു. ഒരു ചെറുചിരിയുടെ വെളിച്ചംപോലും പുറത്തു കാണിക്കാത്ത ആ ശിലാമനുഷ്യനെ രാജാവിന്റെ പ്രിയപ്പെട്ട കുതിരയുടെ പുറത്തു കയറ്റി ഹാമാന് മുന്നില്‍ നടന്നു. ഉള്ളില്‍ അയാളെ ചാട്ട വീശിയടിച്ചുകൊണ്ട് നഗരവീഥികളില്‍ ഹാമാന് ഉറക്കെ വിളിച്ചുപറഞ്ഞു... 'ഇതാ രാജാവ് ബഹുമാനിക്കാന്‍ ആഗ്രഹിക്കുന്ന പുരുഷന്...'
സന്ധ്യയായി, ഇരുട്ടായി. വീട്ടിലേക്കു മടങ്ങുമ്പോള്‍ അപമാനംകൊണ്ടെരിയുന്നവനും പകകൊണ്ടു പുകയുന്നവനും ക്രോധംകൊണ്ടു ജ്വലിക്കുന്നവനുമായിരുന്നു ഹാമാന്. തല മൂടിക്കൊണ്ടാണയാള് വീട്ടിലേക്കു കയറിയത്. അയാളുടെ ഭാര്യ സേരെശ് മയമില്ലാതെ അയാളെ നോക്കി. അവള് പറഞ്ഞു: 'മൊര്‍ദെഖായി യഹൂദവംശജനെങ്കില് അമാലേക്യനായ ഹാമാനേ, നീയവനെ ജയിക്കില്ല. നീ തോറ്റുപോവുകയേയുള്ളൂ.' ക്രൂരമായിരുന്നു അവളുടെ വാക്കുകള്‍. മുന്നില്‍ക്കണ്ടതൊക്കെ തല്ലിത്തകര്‍ത്ത് ഹാമാന് അലറിക്കൊണ്ടിരുന്നു. ഏറ്റവും മോശപ്പെട്ട വികാരപ്രകടനമായിരുന്നു അയാളുടെത്. എസ്തേറിന്റെ രണ്ടാം വിരുന്നിലേക്ക് അയാളെ കൂട്ടിക്കൊണ്ടു ചെല്ലാന്‍ വന്ന തിരുനങ്കകള്‍ അതിനു സാക്ഷികളായി.
അന്തഃപുരോദ്യാനത്തിനു നടുവിലെ വിരുന്നുശാലയിലായിരുന്നു എസ്തേറിന്റെ വിരുന്ന്. നിലാവുണ്ടായിരുന്നതിനാല്‍ പൂന്തോട്ടത്തിലെ വെണ്ണക്കല്ശില്പങ്ങളും ഇരിപ്പിടങ്ങളും വള്ളിക്കുടിലുകളും പൂക്കളും പുല്പരപ്പുമൊക്കെ മായികമായൊരു കാന്തിയില്‍ തിളങ്ങിക്കൊണ്ടിരുന്നു. നിശാപുഷ്പങ്ങള്‍ വിടരുകയും വായുവില്‍ പരിമളം കലരുകയും ചെയ്തു. പുല്ത്തലപ്പുകളിലും പൂവിതളുകളിലും നീര്മണികള് തങ്ങിനിന്നു. സുഖദായിയായ തണുത്ത കാറ്റു വീശിക്കൊണ്ടിരുന്നു. വിരുന്നുമേശയില്‍ വെള്ളിമെഴുകുതിരിക്കാലുകളും പൊന്നുകൊണ്ടും വെള്ളികൊണ്ടുമുള്ള പാത്രങ്ങളും നിരന്നിരുന്നു. വിരുന്നുശാല അനേകം പൂക്കള്കൊണ്ടലങ്കരിക്കപ്പെട്ടിരുന്നു.
ഉദ്യാനപാതയില്‍ രാജാവിനെ വരവേല്‍ക്കാന്‍ എസ്തേര്‍ കാത്തുനിന്നു. പുതുതായി വിരിഞ്ഞ പനിനീര്‍പ്പൂക്കള്‍ അവള് നെഞ്ചോടു ചേര്‍ത്തുപിടിച്ചിരുന്നു. കറുത്ത വസ്ത്രങ്ങളാണ് അവള് ധരിച്ചിരുന്നത്. നീണ്ട തലമുടി അഴിഞ്ഞുലര്ന്നു കിടന്നു. അവളെന്തുകൊണ്ടാണ് കറുപ്പുവസ്ത്രങ്ങളണിഞ്ഞും നിരാഭരണയായും വിരുന്നില്‍ പ്രത്യക്ഷപ്പെട്ടതെന്ന് അഹശ്വേറോസ് അദ്ഭുതപ്പെട്ടു. എങ്കിലും അതവളുടെ അഴകിനെ പതിന്മടങ്ങു വര്ധിപ്പിച്ചിരിക്കുന്നുവെന്നയാള് ശ്രദ്ധിച്ചു. രാജാവും ഹാമാനും വിരുന്നിനിരുന്നപ്പോള് സംഗീതപ്രമാണി അയാളുടെ വീണ മുറുക്കി. കിന്നരവും തപ്പും ഇലത്താളവും അതിനോടു ചേര്‍ന്നു.
മധുരമായ ശബ്ദത്തില്‍ സംഗീതപ്രമാണി പാടി:
എനിക്ക് അറുപതു രാജ്ഞികളും
എണ്പതു വെപ്പാട്ടികളുമുണ്ട്.
കന്യകമാരും അസംഖ്യമുണ്ട്.
എന്നാല്‍ എന്റെ മാടപ്രാവും
നിഷ്കളങ്കയുമായവള് ഒരുത്തി മാത്രം.
അവള് അമ്മയ്ക്കൊറ്റമകള്, ഓമനക്കുഞ്ഞ്
കന്യകമാരവളെ ഭാഗ്യവതി എന്നും വിളിക്കും.
രാജ്ഞിമാരവളെ വാഴ്ത്തിപ്പാടും.
അരുണോദയംപോലെ ശോഭയും
നിലാച്ചന്ദ്രനെപ്പോലെ സൗമ്യതയും
സൂര്യനെപ്പോലെ നിര്‍മലതയും
കൊടികളേന്തിയ സൈന്യംപോലെ
ഭയങ്കരത്വവുമുള്ളോരിവള് ആര്?
വിശിഷ്ടമായ വലിയ വീഞ്ഞ് അതിവിശിഷ്ടങ്ങളായ പൊന്കാസകളില് പകര്‍ന്നുകൊണ്ട് വീഞ്ഞുവീഴ്ത്തുകാരികള് അതിഥികള്‍ക്കു പിന്നില്‍ നിന്നു. ഹാമാന് വിയര്‍ത്തൊഴുകുന്ന മുഖത്തോടെ ഒന്നിനു പിന്നാലെ മറ്റൊന്നായി പാനപാത്രങ്ങള്‍ കാലിയാക്കിക്കൊണ്ടിരുന്നു. അയാള്‍ മുഖം കുനിച്ചിരുന്നു. കുനിച്ച മുഖം ഇരുണ്ടതും വെറുപ്പിനാല്‍ കനത്തതുമായിരുന്നു. അയാള്‍ അല്പംപോലും ചിരിക്കുകയോ സംഭാഷണങ്ങളില്‍ പങ്കുചേരുകയോ ചെയ്തില്ല. എസ്തേറിന്റെ മുഗ്ധസൗന്ദര്യത്തില്നിന്നും കണ്ണെടുക്കാന്‍ അശക്തനാവുകകൊണ്ട് രാജാവ് സ്വന്തം മന്ത്രിയെ ശ്രദ്ധിച്ചുമില്ല. എസ്തേര്‍ ഓരോ നിമിഷത്തിലും അദ്ദേഹത്തെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. മൂന്നാംവട്ടവും അദ്ദേഹം പറഞ്ഞു, 'എസ്തേര്‍ രാജ്ഞീ, നിനക്കെന്താണ് ഞാന്‍ ചെയ്തുതരേണ്ടത്? നീ ചോദിക്കുന്നതെന്തും ഞാന്‍ തരും. നീ എന്റെ സാമ്രാജ്യത്തിന്റെ പകുതിയാണ് ചോദിക്കുന്നതെങ്കില്‍ ഈ നിമിഷംമുതല്‍ നീയതിന്റെ അധിപതിയാണ്.'
എസ്തേര്‍ യാചനാപൂര്‍വം ഇരുകൈകളും രാജാവിന്റെ നേര്‍ക്കു നീട്ടി: 'ഞാന്‍ എന്റെ ജീവനുവേണ്ടി അങ്ങയോടപേക്ഷിക്കുന്നു.'
അഹശ്വേറോസ് അമ്പരന്നു: 'ജീവനു വേണ്ടിയോ? എന്താണിത്?' എസ്തേര്‍ അദ്ദേഹത്തിന്റെ മുന്നില്‍ മുട്ടുകുത്തി കൈക്കുമ്പിള്‍ നീട്ടി നിന്നു. 'എന്റെ ജീവന് വിലയ്ക്കു വാങ്ങിയവരില്‍നിന്ന് അങ്ങെന്നെ രക്ഷിക്കണം. എന്നോടൊപ്പം എന്റെ ജനതയെയും വിലയ്ക്കെടുത്തിരിക്കുന്നു. ഞങ്ങളെ ദാസീദാസന്മാരായിട്ടാണ് വിറ്റിരുന്നതെങ്കില്‍ ഞാനിങ്ങനെ യാചിക്കില്ലായിരുന്നു. കാരണം, അതുകൊണ്ട് രാജാവിനുണ്ടാകുന്ന നഷ്ടത്തെക്കാള്‍ വലുതാവില്ല ഞങ്ങളനുഭവിക്കേണ്ടിവരുന്ന ദുരിതമെന്ന് എനിക്കറിയാം. പക്ഷേ, കൊന്നുകളയാന്വേണ്ടിയിട്ടാണ് ഞങ്ങളെ വിറ്റിരിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കി. അങ്ങേക്കെന്നോട് 'കൃപ'യുണ്ടെങ്കില്‍ എന്റെ ജീവന് തിരിച്ചുതരൂ. എന്റെ ജനതയൊന്നാകെ കൊല്ലപ്പെട്ടിട്ട് എനിക്കു മാത്രമായിട്ട് ജീവന് തിരിച്ചുകിട്ടണമെന്നില്ല. എന്നോടുകൂടെ എന്റെ ജനതയെയും രക്ഷിക്കൂ.'
എസ്തേറിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അവള് മുട്ടിന്മേല്നിന്നെഴുന്നേറ്റില്ല. രാജാവിന്റെ മുഖം വിളറി. കുപിതനായി അദ്ദേഹം ചോദിച്ചു: 'ആരാണയാള്‍? എവിടെയാണയാള്‍?' രാജാവിന്റെ കോപം അത്യുഗ്രവും ശബ്ദം ഭയങ്കരവുമായിരുന്നു.
'വിലയ്ക്കു വാങ്ങിയവനും ശത്രുത പുലര്‍ത്തുന്നവനും ഈയിരിക്കുന്ന ഹാമാന് തന്നെ,' എസ്തേര്‍ ഹാമാനു നേര്‍ക്കു വിരല്‍ ചൂണ്ടി. അഹശ്വേറോസ് വീഞ്ഞുവിരുന്നു വിട്ടെഴുന്നേറ്റ് പുറത്തേക്കു പോയി. അദ്ദേഹം ഉദ്യാനത്തില്‍ ചെന്നിരുന്നു.
ഇതുപോലൊരു നാടകം ഹാമാന് ഇതുവരെ കണ്ടിട്ടില്ല. ഇതുപോലൊരു അഭിനേത്രിയെയും. അവന് പകപ്പോടെ എസ്തേറിനെ നോക്കി. അയാളെ തിരിഞ്ഞുനോക്കാതെ എസ്തേര്‍രാജ്ഞി വിരുന്നുശാലയുടെ നടുവിലുള്ള അലങ്കരിച്ച മെത്തമേല്‍ ചെന്നിരുന്നു. രാജാവിന്റെ കോപം തന്റെ മേല്‍ തറച്ചുകയറിയിരിക്കുന്നുവെന്ന് ഹാമാനു മനസ്സിലായി. ജീവരക്ഷയ്ക്കുവേണ്ടി എസ്തേറിനോട് അപേക്ഷിക്കുക മാത്രമേ വഴിയുള്ളൂ. ഒരു യഹൂദസ്ത്രീയുടെ കാല്ക്കല് വീഴേണ്ട ഗതികേടിലേക്ക് തന്നെ കൊണ്ടെത്തിച്ചത് മൊര്ദെഖായിയാണ്. ഇവിടുന്ന് രക്ഷപ്പെട്ടാല്‍ ഹാമാന് ആദ്യം ചെയ്യുക അയാളുടെ കഴുത്തു വീശിക്കളയലായിരിക്കും. അയാള്‍ എസ്തേറിന്റെ മെത്തയ്ക്കരികില്‍ അവളുടെ ദയയ്ക്കു യാചിച്ചുകൊണ്ട് മുട്ടുകുത്തി നിന്നു. എസ്തേര്‍ മൂടുപടംകൊണ്ട് മുഖം മറയ്ക്കുകയും അവിടന്ന് എണീറ്റ് മാറിയിരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഹാമാന് ദയനീയമായി കൈനീട്ടി. നിലതെറ്റി അയാള്‍ എസ്തേറിന്റെ മെത്തയില്‍ വീണുപോയി. അവന് വീണത് മരണത്തിന്റെ വായിലേക്ക്. മരണം നറുക്കെടുത്ത നിമിഷത്തില്‍ ഉദ്യാനത്തില്‍നിന്നും മടങ്ങിവന്ന അഹശ്വേറോസ് എസ്തേറിന്റെ മെത്തമേല്‍ വീണുകിടന്ന് കൈനീട്ടുന്ന ഹാമാനെ കണ്ടു.
'ഇവന് എന്റെ കൊട്ടാരത്തില്‍ എന്റെ സാന്നിധ്യത്തില്‍ രാജ്ഞിയെ കൈയേറ്റം ചെയ്യാന്‍ മുതിരുന്നോ?' രാജാവിന്റെ വായില്‍നിന്ന് ഈ വാക്കുകള്‍ വീണതും തിരുനങ്കകള്‍ ഹാമാന്റെ മുഖം മൂടി. രാജാവിന്റെ പരിചാരകനായ തിരുനങ്ക ഹര്‍ബോന ബോധിപ്പിച്ചു: 'അങ്ങേക്കെതിരേ നടന്ന ഗൂഢാലോചന കൃത്യസമയത്ത് അറിയിച്ച് അങ്ങയുടെ ജീവന് രക്ഷിച്ച മൊര്‍ദെഖായിയെ കൊന്നുതൂക്കാന്വേണ്ടി ഹാമാന് അന്‍പതു മുഴം ഉയരമുള്ള ഒരു കഴുമരം ഉണ്ടാക്കിച്ചതായി എനിക്കറിയാം.'
വിരുന്നുശാലയുടെ കാവലിന് എസ്തേര്‍ പ്രത്യേകം വിളിച്ചുവരുത്തിയിരുന്ന ഹേലായെന്ന ഭൃത്യന് പറഞ്ഞു: 'അതു സത്യം തന്നെ. കഴുമരം ചുമക്കാന്‍ എന്നെയും എന്റെ അമ്മായിയപ്പന് അക്കൂബിനെയും ഹാമാന്റെ ആള്ക്കാര് വിളിച്ചിരുന്നു.'
'അതിന്മേല് ഇവനെ തൂക്കിക്കൊല്ലുക,' രാജാവു കല്പിച്ചു.
(തുടരും)
നോവലിന്റെ മുന്‍ ലക്കങ്ങള്‍ വായിക്കാം
സാറാ ജോസഫിന്റെ പുസ്തകങ്ങള്‍ വാങ്ങാം
Content Highlights: Esther Novel Sarah Joseph Bible Mathrubhumi Books Chapter 8 part 2